അതിക്രമങ്ങളുടെ മനശ്ശാസ്ത്രം
August 7, 2024
ഡോ. സ്മിത സി എ
ഈ ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിവിടെയാണ്….ഇവിടെയാണ്… ഇവിടെയാണ്. മഞ്ഞുതൊപ്പിയണിഞ്ഞ നീലമലകള്‍ക്കും, ദാല്‍ തടാകത്തിലെ ഷിക്കാരകള്‍ക്കും, ചിനാര്‍ ഇലകളുടെ മര്‍മ്മരങ്ങള്‍ക്കും, പരവതാനികള്‍ക്കും ചിത്രത്തുന്നലുകള്‍ക്കും, മഞ്ഞുപൊഴിയുന്ന സ്വപ്‌നസമാനമായ താഴ്‌വരകള്‍ക്കും പേരുകേട്ട കാശ്മീരിനെപ്പറ്റി മുഗള്‍ചക്രവര്‍ത്തിയായ ജഹാംഗീര്‍ വാഴ്ത്തിപ്പാടിയ വരികളാണിവ. എന്നാലിന്ന് കാശ്മീരെന്നുകേട്ടാല്‍ നമ്മുടെയെല്ലാം മനസ്സിലേക്കോടിയെത്തുന്നത് പര്‍പ്പിളില്‍ മഞ്ഞപ്പൂക്കളുള്ള ഒരു കുഞ്ഞുസല്‍വാര്‍ സ്യൂട്ടായിരിക്കും. അതിന്റെയുടമയായിരുന്ന നക്ഷത്രക്കണ്ണുകളുള്ള ഒരെട്ടുവയസ്സുകാരിക്ക് ഭൂമിയിലെ സ്വര്‍ഗ്ഗത്തില്‍ വച്ചനുഭവിക്കേണ്ടിവന്ന നരകയാതനകള്‍ നമ്മുടെ കരളില്‍ കനല്‍ കോരിയിട്ടിട്ടും കണ്‍കോണുകളെ നനയിച്ചിട്ടും ഏറെ നാളൊന്നുമായില്ല. സ്വാതന്ത്ര്യസമാരാനന്തരം ഇന്ത്യാവിഭജന കാലത്തു മാത്രം ഒരുലക്ഷത്തിലേറെ സ്ത്രീകള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇടയായിട്ടുണ്ട് എന്നു ചരിത്രം പറയുന്നു. ഇത്തരം വാര്‍ത്തകള്‍ക്ക് ഒട്ടും ക്ഷാമമില്ലാത്തൊരു കാലഘട്ടത്തിലാണ് നാമിന്നു ജീവിക്കുന്നത്. കഴിഞ്ഞ അമ്പതുവര്‍ഷത്തെ കണക്കുകള്‍ നോക്കുകയാണെങ്കില്‍ ഏകദേശം എഴുനൂറു ശതമാനത്തോളമാണ് സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള മാനസികമോ ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങള്‍ അധികരിച്ചിരിക്കുന്ന ഇക്കാലത്ത് എന്തുകൊണ്ട് അതിക്രമങ്ങളുണ്ടാകുന്നു എന്നത് ഏറെ പ്രസക്തമായ ഒരു ചോദ്യമാണ്. അക്രമികളുടെ മനശ്ശാസ്ത്രത്തെക്കുറിച്ച് നടന്ന പഠനങ്ങളെല്ലാം ജീവശാസ്ത്രപരവും മാനസികവും സാമൂഹികവുമായ ഒരുപാടു ഘടകങ്ങളിലേക്കാണ് വെളിച്ചം വീശിയിട്ടുള്ളത്.
ചൊട്ടയിലെ ശീലം
ഒരാള്‍ ചെറുപ്പം മുതലേ എന്തുകണ്ടു വളരുന്നു, എന്തനുഭവിച്ചു വളരുന്നു എന്നതെല്ലാം സ്വഭാവരൂപീകരണത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഗാര്‍ഹിക പീഡനം കണ്ടുവളരുകയോ ബാല്യത്തില്‍ ലൈംഗിക പീഡനത്തിനു വിധേയരാവുകയോ ചെയ്യപ്പെട്ടവരില്‍ ലൈംഗികാതിക്രമത്വര കൂടുതലായി കാണപ്പെടാറുണ്ട്. ഇവരില്‍ ലൈംഗികതയെക്കുറിച്ചുള്ള വികലധാരണകളും അക്രമസ്വഭാവങ്ങളെ ന്യായീകരിക്കാനുള്ള പ്രവണതയും കൂടുതലായിരിക്കും എന്നാല്‍ സ്വന്തം പ്രവര്‍ത്തികള്‍ക്ക് അതിരുകള്‍ നിര്‍ണ്ണയിക്കാനുള്ള കഴിവ് കുറവായിരിക്കും. പോര്‍ണോഗ്രഫിയുടെ അമിതസ്വാധീനം ആണ്‍കുട്ടികളില്‍, സ്ത്രീ ലൈംഗീകോപകരണമാണെന്നും അതിക്രമമര്‍ഹിക്കുന്നുവെന്നുമുള്ള ചിന്ത വളര്‍ത്തും. ചെറുപ്രായം മുതലേ നാം കുട്ടികളില്‍ വളര്‍ത്തുന്ന, ‘സ്ത്രീകള്‍ ചെയ്യുന്ന ജോലികള്‍ പുരുഷന്മാര്‍ ചെയ്യുന്ന ജോലികള്‍’ എന്നിങ്ങനെയുള്ള വേര്‍തിരിവുകളും ഇതിനെ സ്വാധീനിക്കും. പാഠപുസ്തകങ്ങളില്‍വരെ ചായയുണ്ടാക്കുന്ന അമ്മയെയും പത്രം വായിക്കുന്ന അച്ഛനെയും വരച്ചു ചേര്‍ക്കുമ്പോള്‍ വികലലൈംഗികതാപാഠമാണ് സിലബസില്‍ ഉള്‍പ്പെടുത്തുന്നത് എന്നു നാം മറന്നുപോകുന്നു. പുരുഷകേന്ദ്രീകൃതമായ പാട്രിയാര്‍ക്കിക് കുടുംബങ്ങളില്‍ വളര്‍ന്നവരെക്കാളും സമത്വാധിഷ്ടിത കുടുംബങ്ങളില്‍ വളര്‍ന്നവരില്‍ അതിക്രമവാസന കുറവായാണ് കാണപ്പെടുന്നത്. വിദ്യാഭാസക്കുറവും, സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥയും അക്രമവാസനയ്ക്ക് അകമ്പടിയാവാറുണ്ട്.
ലഹരിയില്‍ മറക്കുന്നത്
ലൈംഗികവും അല്ലാത്തതുമായ എല്ലാ അതിക്രമങ്ങള്‍ക്കു പുറകിലും പൊതുവെ ലഹരിയുടെ സാന്നിധ്യം കാണാറുണ്ട്. മദ്യവും അക്രമാസക്തിയും തമ്മില്‍ സങ്കീര്‍ണ്ണമായ ബന്ധമാണുള്ളത്. മദ്യം തലച്ചോറിലുണ്ടാക്കുന്ന വ്യത്യാസങ്ങള്‍ പലപ്പോഴും വ്യക്തികളില്‍ ഇന്‍ഹിബിഷന്‍ അഥവാ ഉള്‍വിലക്കുകളെ ഇല്ലാതാക്കുകയും നല്ല ബോധത്തില്‍ അവര്‍ ചെയ്യാത്ത കാര്യങ്ങളിലേര്‍പ്പെടാന്‍ വഴിയൊരുക്കുകയും ചെയ്യുന്നു. മദ്യപിച്ച ഒരാള്‍ മറ്റുള്ളവരുടെ സ്വാഭാവിക പെരുമാറ്റങ്ങളെ ലൈംഗികസൂചനകളായി തെറ്റിദ്ധരിക്കാനിടവരുന്നുവെന്നും പഠനങ്ങള്‍ കാണിക്കുന്നു. തലച്ചോറിന്റെ ഇന്‍ഫോര്‍മേഷന്‍ പ്രോസസ്സിംഗ് പ്രക്രിയയെ മദ്യം തകിടം മറിക്കുന്നതു മൂലമാണിത്. രസകരമായ മറ്റൊരു വസ്തുതയെന്തെന്നാല്‍, മദ്യമാണ് എന്നു വിശ്വസിപ്പിച്ച് മറ്റു പാനീയങ്ങള്‍ നല്‍കി നടത്തിയ ഒരു പഠനം കാണിച്ചത് താന്‍ കഴിച്ചിരിക്കുന്നത് മദ്യമാണെന്നു വിശ്വസിക്കുന്നവരും മദ്യപന്റേതായ സ്വഭാവരീതികള്‍ പ്രകടിപ്പിച്ചു എന്നതാണ്. അതുകൊണ്ടുതന്നെ മദ്യം എന്ന ലഹരിയുടെ സ്വാധീനമാണോ അതല്ല മദ്യം ഒരു ഒഴിവുകഴിവായെടുക്കാമെന്ന സാമൂഹ്യബോധമാണോ ഇത്തരം സ്വഭാവങ്ങള്‍ക്കു വളം വയ്ക്കുന്നത് എന്നും തര്‍ക്കമുണ്ട്.
മനസ്സും മസ്തിഷ്‌കവും
വ്യക്തിത്വവൈകല്യങ്ങളുടെയും മാനസികപ്രശ്‌നങ്ങളുടെയും സാന്നിധ്യവും ഇത്തരക്കാരിലുണ്ടെന്ന് പലപഠനങ്ങളും തെളിയിക്കുന്നു. വ്യക്തിത്വവൈകല്യങ്ങളുള്ളവര്‍, പ്രത്യേകിച്ചും മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തിലും അവകാശങ്ങളിലും കൈകടത്താന്‍ മടികാണിക്കാത്തവരും നിയമങ്ങള്‍ അനുസരിക്കാതിരിക്കാനോ ചൂഷണം ചെയ്യാനോ ചതിക്കാനോ മടികാണിക്കാത്തവരുമായ ആന്റിസോഷ്യല്‍വ്യക്തിത്വ വൈകല്യമുള്ളവരും എടുത്തുചാട്ടവും അനുചിതമായ വികാരവിക്ഷോഭങ്ങളും പ്രകടമാക്കുന്ന ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വവൈകല്യവിഭാഗത്തില്‍ പെടുന്നവരുമെല്ലാം കൂടുതലായി ഇത്തരം അതിക്രമങ്ങളിലേര്‍പ്പെടുന്നതായി കാണപ്പെടുന്നു. എരിതീയില്‍ എണ്ണയൊഴിക്കാനെന്ന പോലെ ഈ വ്യക്തിത്വ വൈകല്യങ്ങള്‍ ജനിതകമായി മദ്യാസക്തിയുമായി കൈകോര്‍ത്തുകിടക്കുന്നുമുണ്ട്.പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റെറൊണിന്റെ കൂടിയ അളവ്, നാഡീരസങ്ങളായ സീറോടോണിന്‍ ഡോപമിന്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ ശരീരശാസ്ത്രപരമായ പലകാരണങ്ങളും അക്രമവാസനയ്ക്ക് പുറകിലുള്ളതായി പഠനങ്ങള്‍ കാണിക്കുന്നുണ്ടെങ്കിലും സ്ത്രീകളോടുള്ള അതിക്രമത്തിന്റെ നിയതമായ കാരണങ്ങളായി ഇവയെ ചൂണ്ടിക്കാട്ടാനായിട്ടില്ല. നാഡീ വ്യവസ്ഥയിലുണ്ടാകുന്ന ചില തകരാറുകള്‍ അവ ഗര്‍ഭാവസ്ഥയില്‍ സംഭവിച്ചതായാലും പിന്നീടുണ്ടായതായാലും അക്രമവാസന കൂട്ടുന്നതായി കാണപ്പെടുന്നു. ശ്രദ്ധ, ഓര്‍മ്മ, ഭാഷ എന്നിവയുടെ ഇരിപ്പിടമായ മസ്തിഷ്‌ക ഭാഗങ്ങളിലുണ്ടാകുന്ന തകരാറുകള്‍ പലപ്പോഴും വൈകൃത ലൈംഗിക സ്വഭാവങ്ങളുണ്ടാക്കാറുണ്ട്. അപകടങ്ങളും മറ്റും മൂലം തലച്ചോറിനു ക്ഷതം സംഭവിക്കുന്നവരിലും ഇത്തരം അക്രമസ്വഭാവം വര്‍ദ്ധിക്കുന്നതായി കണ്ടുവരുന്നു.
അധമമായ ആദിമത്വം
പരിണാമപ്രക്രിയയുടെ നെടുംതൂണാണ് വംശവര്‍ദ്ധന. ഒരു ജീവിവര്‍ഗ്ഗം എന്ന നിലയില്‍ അതിജീവനം അത്യന്താപേക്ഷിതമായിരുന്ന ആദിമകാലത്ത് ആണിന്റെ ചോദനകള്‍ കഴിയുന്നത്ര സന്താനങ്ങളെ ഉത്പാദിപ്പിക്കാനും പെണ്ണിന്റേത് ഏതു വിധേനെയും തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനുമായിരുന്നു. അതുകൊണ്ടുതന്നെ പുരുഷന് കൂടുതല്‍ ഇണകളുമായി ഇടപഴകാനുള്ള താല്‍പര്യം കൂടുതലും പ്രതിബദ്ധതയോടെയുള്ള ബന്ധങ്ങളിലേര്‍പ്പെടാനുമുള്ള ജന്മവാസന കുറവുമായിരിക്കുമെന്നുമാണ് നരവംശശാസ്ത്രം പറയുന്നത്. ഇത്തരം
സാഹചര്യങ്ങളില്‍ ഇണയില്‍ മതിപ്പുളവാക്കാനുള്ള കഴിവുകുറഞ്ഞ പുരുഷന്മാര്‍ ലൈംഗിക അതിക്രമങ്ങളിലേര്‍പ്പെടാന്‍ സാധ്യത കൂടുതലാണെന്നും ഒരുസിദ്ധാന്തമുണ്ട്. എന്നാല്‍ ഒരു പരിഷ്‌കൃത മനുഷ്യസമൂഹത്തില്‍ ഇത്തരം ആദിമ മൃഗീയ ചോദനകള്‍ക്ക് യാതൊരുസ്ഥാനവുമില്ല.
ഭാവശുദ്ധിയുടെ ഭാരം
പ്രതാപിയായ പുരുഷന്‍ സ്ത്രീയെ ചൊല്‍പ്പടിക്കു നിര്‍ത്തുമെന്ന പൊതുബോധവും, സ്ത്രീകള്‍ക്കു മീതെ അധീശത്വം പുലര്‍ത്താനായുള്ള ത്വരയും അവര്‍ക്കെതിരെ അക്രമാസക്തരാകുന്നതിനു പ്രേരകമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യ പോലൊരു രാജ്യത്ത് ഒരു സ്ത്രീയുടെ ശരീരവും ലൈംഗികതയും അവരുടെ വ്യക്തിത്വസമഗ്രതയുടെയും, വ്യക്തിസ്വാതന്ത്ര്യത്തിന്റെയും വിഷയം എന്നതിലുപരി കുടുംബത്തിന്റെയും നാടിന്റെയും സമൂഹത്തിന്റെയുമെല്ലാം അഭിമാനം എന്ന ബോധത്തിലാണ് അധിഷ്ടിതമായിരിക്കുന്നത്. ലൈംഗിക അതിക്രമം എന്നതിനേക്കാള്‍ മാനഭംഗം എന്ന വാക്കാണ് പലപ്പോഴും നമുക്കു ചുറ്റും കേള്‍ക്കാറുള്ളത്. സ്ത്രീയോടുള്ള അതിക്രമം മനുഷ്യാവകാശ
വിരുദ്ധമായ ഒന്ന് എന്നതിനേക്കാള്‍ സമൂഹത്തിന്റെ അഭിമാനപ്രശ്‌നം കൂടിയാകുന്നത് ഇത്തരം അതിക്രമങ്ങളുടെ രൂക്ഷത വര്‍ദ്ധിപ്പിക്കുകയേയുള്ളൂ. ഗ്രാമീണപഞ്ചായത്തുകള്‍ വിധിക്കാറുള്ള ശിക്ഷയായും, ഒരു യുദ്ധകാല അനുഷ്ഠാനമായും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ മാറുന്നതിന്റെ സാമൂഹ്യമനശ്ശാസ്ത്രവും ഈ മാനാഭിമാനക്കണക്കാണ്. സ്ത്രീകളുടെ വസ്ത്രധാരണത്തെയും സ്ത്രീകള്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളെയും പറ്റി നമ്മുടെ സംസ്‌കാരവുമായി കൂട്ടിയിണക്കി തീരുമാനമെടുക്കുന്നതിനു പുറകിലും ഈ അഭിമാനപ്രശ്‌നവും സ്ത്രീലൈംഗികത വ്യക്തിയുടെ എന്നതിനേക്കാള്‍ സമൂഹത്തിന്റെ നിയന്ത്രണത്തിലായിരിക്കണം എന്ന വിശ്വാസവുമാണ്. ഇതേ സങ്കല്പമാണ് തന്റെ സാമൂഹ്യബോധത്തിനിണങ്ങാത്ത, ഉദാഹരണമായി രാത്രിയില്‍ തനിയെ യാത്രചെയ്യുന്ന അല്ലെങ്കില്‍ സാമ്പ്രദായിക വസ്ത്രങ്ങള്‍ ഉപയോഗിക്കാത്ത സ്ത്രീകളോട്, അതിക്രമം കാണിക്കുന്നതിനെ ന്യായീകരിക്കുന്നതിന്റെയും പുറകില്‍.ലൈംഗീക താല്പര്യത്തെക്കാള്‍ അക്രമപരതയും അധീശത്വപ്രകടനവുമാണ് പല കുറ്റവാളികളിലും മുന്നിട്ടുനില്‍ക്കുന്നതായി കാണുന്നത്. പലപ്പോഴും ലൈംഗികത്വരയുണര്‍ത്തുന്ന പ്രേരകങ്ങളൊന്നുമില്ലെങ്കില്‍ പോലും ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നതും ഇതുകൊണ്ടുതന്നെയാണ്.
എന്തു പ്രതിവിധിയാണ് ഈ അവസ്ഥയ്ക്കുള്ളത്?
പ്രായോചിതമായ ലൈംഗീകതാവിദ്യാഭ്യാസം, ലിംഗസമത്വാധിഷ്ടിതമായ അടിസ്ഥാന വിദ്യാഭ്യാസം, പെരുമാറ്റവൈകല്യങ്ങള്‍ ചെറുപ്രായത്തിലെ തിരിച്ചറിഞ്ഞു ചികിത്സ നല്‍കാനുള്ള സൗകര്യം,ശക്തമായ ലഹരിവിരുദ്ധനയം, സ്ത്രീസുരക്ഷാനിയമങ്ങള്‍, സ്ത്രീശാക്തീകരണം ഇവയെല്ലാം അഭികാമ്യമായ പ്രതിവിധികളാണ്. ലൈംഗികാതിക്രമങ്ങള്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ എന്ന നിലയില്‍ നിന്നും സാമൂഹ്യസുരക്ഷാപ്രശ്‌നങ്ങളായും മാനാഭിമാനപ്രശ്‌നങ്ങള്‍ എന്ന നിലയില്‍നിന്നും മനുഷ്യാവകാശപ്രശ്‌നങ്ങളായും തിരിച്ചറിയാനുള്ള ഉള്‍ക്കാഴ്ച ഓരോവ്യക്തിക്കും കൈവരിക്കാനായാലേ ഈ അവസ്ഥ മെച്ചപ്പെടുത്താനാകൂ.
Posted by vincent