സംസ്ഥാന ദുരന്തനിവാരണ കേന്ദ്രത്തിന്റെ മുന്‍ മേധാവിയും 1993 ലെ യുവശാസ്ത്രജ്ഞയ്ക്കുള്ള അവാര്‍ഡ് ജേതാവുമാണ് ഡോ. കെ ജി താര. പരിസ്ഥിതി മലിനീകരണത്തിനെതിരെയും ദുരന്തങ്ങളുണ്ടാകാതിരിക്കുന്നതിനുള്ള മുന്‍കരുതലുകളെപ്പറ്റിയും ശാസ്ത്രീയമായ പഠനത്തിലൂടെയുള്ള നിരീക്ഷണങ്ങളും നിലപാടുകളും എഴുത്തിലൂടെയും ദൃശ്യശ്രാവ്യമാധ്യമങ്ങളിലൂടെയും പങ്കുവച്ചുകൊണ്ടിരിക്കുന്ന ഡോ. കെ ജി താര ലോക ഭൗമദിനത്തോടനുബന്ധിച്ച് അന്തരീക്ഷ മലിനീകരണം വരുത്തുന്ന ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റിയും അതിന്റെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളെപ്പറ്റിയും ആരോഗ്യപ്പച്ചയുമായി സംസാരിക്കുന്നു. വയലിനും, പരിസ്ഥിതിക്കും വേണ്ടിയുള്ള സമരങ്ങളെ തീവ്രവാദമാരോപിച്ച് വിലകുറച്ച് കാണുന്നത് കുറ്റകരമാണ് എന്ന നിലപാട് പങ്കുവയ്ക്കുന്നു.
ഒരു ഭൗമദിനം കൂടി കടന്നുവരുമ്പോള്‍ പാരിസ്ഥിതികമായ വ്യതിയാനങ്ങള്‍ ആരോഗ്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതെപ്രകാരമെന്ന ചര്‍ച്ച അനിവാര്യമല്ലേ?
തീര്‍ച്ചയായും അനിവാര്യമാണ്. ഏറ്റവും കൂടുതല്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ വരാന്‍ പോകുന്നത് വായുമലിനീകരണം കൊണ്ടാണ്. ലോകത്തിലെതന്നെ ഏറ്റവും വലിയ അഞ്ചാമത്തെ കൊലയാളിയായാണ് വായുമലിനീകരണത്തെ കണക്കാക്കുന്നത്. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങളില്‍ വായു മലിനീകരണം അപകടകരമാം വിധം വര്‍ദ്ധിച്ചിട്ടുണ്ട്. ചൈനയിലെ വായുമലിനീകരണതോത് നൂറ് വര്‍ഷം കൊണ്ട് മൂന്ന് ശതമാനം കുറച്ചു. ഇന്ത്യയിലിത് ഇരുപത്തഞ്ച് വര്‍ഷം കൊണ്ട് അന്‍പത്തിമൂന്ന് ശതമാനം വര്‍ദ്ധിച്ചു. വായുമലിനീകരണമുണ്ടാക്കുന്ന കൊച്ച് കൊച്ച് കണികകളായ എയ്‌റോബോള്‍ കണികകള്‍ അന്തരീക്ഷത്തില്‍ വര്‍ദ്ധിക്കുന്നതാണ് അസുഖങ്ങള്‍ക്ക് കാരണമാകുന്നത്. നാസ എടുത്ത ചിത്രങ്ങളില്‍ എയ്‌റോബോള്‍ കണികകളുടെ വര്‍ദ്ധനവ് വ്യക്തമാകുന്നുണ്ട് 2.5 മൈക്രോ മീറ്റര്‍ വ്യാസമുള്ള കണികകളാണ് ഏറ്റവും കൂടുതല്‍ അപകടകാരിയായിട്ടുള്ളത്. ഖനിജ ഇന്ധനങ്ങളുടെ ഉപയോഗം മൂലമാണ് ഇതുണ്ടാകുന്നത്.
ചൈന ഒരു പഞ്ചവത്സര പദ്ധതിയിലൂടെയാണ് അന്തരീക്ഷ മലിനീകരണം കുറച്ചത്. കാറ്റില്‍ നിന്നും സൂര്യപ്രകാശത്തില്‍ നിന്നും ഊര്‍ജ്ജമുല്‍പ്പാദിപ്പിക്കുന്നതിലേക്ക് അവര്‍ മാറി. മരണ നിരക്ക് കുറയ്ക്കാനാണ് അവര്‍ അത് ചെയ്തത്. ശുദ്ധമായ വായു ഉണ്ടാക്കാനുള്ള ക്ലീന്‍ എയര്‍ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കുന്നതില്‍ അവര്‍ വിജയിച്ചു. നഗരങ്ങളില്‍ പച്ചത്തുരുത്തുകള്‍ ഉണ്ടാക്കുന്ന പദ്ധതിയായ ഗ്രീന്‍ ബെല്‍റ്റ്‌സ് പദ്ധതിയൊക്കെ ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നതില്‍ അവര്‍ വിജയിച്ചു. നമുക്കും അത് അനുകരിക്കാവുന്നതേ ഉള്ളൂ.
വായുമലിനീകരണം പലതരത്തിലുള്ള മാരകമായ രോഗങ്ങള്‍ക്കും കാരണമാകുന്നില്ലേ?
അന്തരീക്ഷത്തിലെ പൊടിപടലങ്ങളില്‍ നിന്നും നിരവധിയായ രോഗങ്ങളുണ്ടാകുന്നുണ്ട്. ശ്വാസകോശ രോഗങ്ങള്‍, ചര്‍മ്മരോഗങ്ങള്‍ തുടങ്ങിയവ ഇതില്‍ പ്രധാനമാണ്. പാറ ക്വാറികളില്‍ നിന്നും അന്തരീക്ഷത്തില്‍ പടരുന്ന പൊടി ശ്വസിക്കുന്നതു മൂലം സിലിക്കോസിസ് എന്ന രോഗമുണ്ടാകുന്നു. ശ്വാസകോശാര്‍ബുദത്തിലേക്ക് മാറാന്‍ സാധ്യതയുള്ള രോഗമാണിത്. പാറക്വാറികളില്‍ നിന്നുമുള്ള പാറപ്പൊടികലര്‍ന്ന വെള്ളം മനുഷ്യരിലും മൃഗങ്ങളിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്.
അന്തരീക്ഷ മലിനീകരണവും ചൂടും പരസ്പരബന്ധിതമായ കാര്യങ്ങളല്ലേ?
ശരിയാണ്. ചൂട്‌കൊണ്ട് വായുമലിനീകരണമുണ്ടാകുന്നുണ്ട്. കാലാവസ്ഥയില്‍ നൂറ് കൊല്ലം കൊണ്ട് 0.72 ഡിഗ്രിസെല്‍ഷ്യസ് ചൂട് വര്‍ദ്ധിച്ചിട്ടുണ്ട്. അടുത്ത നൂറ് കൊല്ലത്തിനുള്ളില്‍ ഇത് 6.4 സെന്റി ഗ്രേഡ് കൂടി വര്‍ദ്ധിക്കാം. അന്തരീക്ഷത്തിലെ ചൂട് കൂടുന്നതനുസരിച്ച് സൂര്യാഘാതം കൂടുന്നു. 2015 ല്‍ ഇന്ത്യയില്‍ സൂര്യാഘാതമേറ്റ് രണ്ടായിരം പേര്‍ മരിച്ചിരുന്നു. വയലില്‍ പണിയെടുക്കുന്നവര്‍, റിക്ഷാത്തൊഴിലാളികള്‍, കെട്ടിടനിര്‍മാണ തൊഴിലാളികള്‍ തുടങ്ങിയവരാണ് ദുരന്തങ്ങള്‍ക്കിരയാകുന്നത്. ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ പണമുള്ളവര്‍ എയര്‍ കണ്ടീഷണര്‍ വയ്ക്കുമ്പോള്‍ അകത്ത് തണുക്കുമെങ്കിലും പുറത്ത് ചൂട് കൂടുകയാണ് ചെയ്യുന്നത്. ഇത്തരം പ്രകൃതിദുരന്തങ്ങള്‍ക്കിരയാവുന്നതിലധികവും പാര്‍ശ്വവത്കരിക്കപ്പെട്ടവരാണ്. സ്ത്രീകള്‍ക്കും ഇത് കൂടുതലായി ബാധിക്കുന്നു. നാലും അഞ്ചും അടുക്ക് വസ്ത്രം ധരിക്കാന്‍ വിധിക്കപ്പെട്ടവരായതിനാല്‍ സ്ത്രീകള്‍ കൂടുതല്‍ ഇരകളാകുന്നുണ്ട്. വായുമലിനീകരണംമൂലം തെക്ക് കിഴക്കന്‍ ഏഷ്യയില്‍ 3.8 മില്യന്‍ മരണങ്ങളുണ്ടാകുന്നു. അതില്‍ 2.2 ശതമാനവും ഇന്ത്യയിലാണ്.
ജലമലിനീകരണമുയര്‍ത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പരിശോധിക്കപ്പടേണ്ടതല്ലേ?
തീര്‍ച്ചയായും. ശുദ്ധമായ ജലവും ശുദ്ധമായ വായുവും ആരോഗ്യജീവിതത്തിനത്യന്താപേക്ഷിതമാണ്. ശുദ്ധമായ ജലത്തിന്റെ ലഭ്യത ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല. ഓരോ പൗരനും ജലം മലിനമാക്കാതെയും പാഴാക്കാതെയും സംഭരിച്ച് വയ്ക്കാനുള്ള ഉത്തരവാദിത്തമുണ്ട്. 803 കോടി ലിറ്റര്‍ വെള്ളമാണ് കേരളത്തില്‍ പ്രതിദിനം പാഴാക്കിക്കളയുന്നത്. ഉള്ള വെള്ളം സംഭരിച്ചാല്‍ മാത്രമേ നല്ല വെള്ളം ലഭിക്കുകയുള്ളു. മഴക്കുഴികള്‍ തീര്‍ത്ത് മഴവെള്ളം സംഭരിക്കണം. പെയ്ത വെള്ളത്തെ മണ്ണിലേക്ക് താഴ്ത്തി ഭൂഗര്‍ഭജലത്തെ പരിപോഷിപ്പിക്കണം. മേല്‍ക്കൂരകളില്‍ നിന്നും വീഴുന്നവെള്ളം
നിര്‍ബന്ധമായും മണ്ണിലേക്കാഴ്ത്തണം. അത് നിയമം മൂലം നിര്‍ബന്ധമാക്കണം. മുറ്റവും വഴിയും സിമന്റ് കട്ടകള്‍ പാകി വെള്ളം ഒഴിക്കിക്കളയുന്നത് അവസാനിപ്പിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനപരമായി രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കും. കേരളത്തില്‍ വൃക്കരോഗങ്ങള്‍ വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. കുടിക്കുന്ന വെള്ളത്തിന്റെ അവളവ് കുറയുന്നതാണ് ഇതിന് പ്രധാന കാരണം. ചൂട് കൂടുമ്പോള്‍ ഉണ്ടാകുന്ന രോഗങ്ങളിലധികവും ജലജന്യ രോഗങ്ങളായ കോളറ, വയറിളക്കം, മലേറിയ തുടങ്ങിയവയാണ്. വെള്ളം മലിനമാകുമ്പോഴാണ് ചിക്കുന്‍ ഗുനിയ, ഡങ്കു പോലുള്ള പനികളുണ്ടാകുന്നത്. 2016 നെ അപേക്ഷിച്ച് 2017 ല്‍ 11,500 കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളവും തമിഴ്‌നാടുമാണ് ഇത്തരം പകര്‍ച്ചപ്പനികളില്‍ മുന്‍പില്‍. പ്രതിദിനം 100 ഡങ്കുപനികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന കേരളത്തില്‍ 2017 ല്‍ 4735 എന്ന തോതിലേക്കുയര്‍ന്നു. തമിഴ്‌നാട്ടില്‍ 3259 ഉം ഇന്ത്യയിലാകെ 18670 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതിന് പ്രധാനകാരണം ജലമലിനീകരണമാണ്.
വരള്‍ച്ചയും പ്രളയവും അന്തരീക്ഷമലിനീകരണവും ഒക്കെ ഭക്ഷ്യോല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കുമല്ലോ? അതുവഴിയുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ടേ?
രോഗങ്ങള്‍ വരാന്‍ ഏറ്റവും പ്രധാനകാരണം മതിയായ പോഷകാഹാരങ്ങളുടെ അപര്യാപ്തതയാണ്. വരള്‍ച്ചയും പ്രളയവും അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന താപവര്‍ദ്ധനവും ഭക്ഷ്യോല്‍പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. ഗോതമ്പിന്റെ ഉല്‍പാദനത്തില്‍ അന്‍പത് ശതമാനം കുറവുണ്ടായിരിക്കുന്നു. അരിയുടെ ഉല്‍പാദനത്തിലും ഭീമമായ കുറവുണ്ടായിട്ടുണ്ട്. പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന അനീമിയ അടക്കമുള്ള എല്ലാ രോഗങ്ങള്‍ക്കും ഭക്ഷ്യോല്പാദനത്തിലുണ്ടാകുന്ന കുറവ് കാരണമാകുന്നുണ്ട്. ഇതാവട്ടെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് നേരത്തേ സൂചിപ്പിച്ചതുപോലെ ആദിവാസികളെയും കര്‍ഷകരെയും അവരിലെത്തന്നെ സ്ത്രീകളെയും കുട്ടികളെയുമാണ്. അഞ്ച് വയസിനു താഴെയുള്ള കുട്ടികളും 50നും 75നും ഇടയിലുള്ള സ്ത്രീകളുമാണ് ഇതിന് കൂടുതല്‍ ഇരയാവുന്നത്. നയരൂപീകരണ രംഗത്ത് മാറ്റം കൊണ്ടുവന്നുകൊണ്ട് ഇത്തരം പ്രശ്‌നങ്ങളെ നേരിടാനുള്ള കര്‍മ്മപദ്ധതി തയ്യാറാക്കി നടപ്പില്‍ വരുത്തിയാല്‍ 1.7 മില്യന്‍ ജനങ്ങളുടെ മരണങ്ങള്‍ ഒഴിവാക്കാനാവും. അന്‍പതിനും എഴുപത്തഞ്ചിനുമിടയില്‍ പ്രായമുള്ളവരുടെ 4.9 മില്യന്‍ മരണം ഒഴിവാക്കാനാവും.ചൂട് കൂടുന്നതിന് കാരണങ്ങള്‍ പലതാണ്. ഖനിജ ഇന്ധനങ്ങളുടെ ഉപയോഗം, വാഹനപ്പെരുപ്പം, വനനശീകരണം തുടങ്ങിയവ പ്രധാന കാരണങ്ങളാണ്. സൂര്യതാപത്തില്‍നിന്നും കാറ്റില്‍ നിന്നും ഊര്‍ജം ഉല്പാദിപ്പിക്കുന്നതിലേക്ക് നമ്മള്‍ പൂര്‍ണമായും മാറേണ്ടതാണ്. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനുമായുണ്ടാക്കിയ ഗാട്ട് കരാറില്‍ സോളാര്‍ എനര്‍ജി സംബന്ധിച്ചകാര്യങ്ങളില്‍ സബ്‌സിഡി കൊടുക്കാന്‍ പാടില്ല എന്ന നിബന്ധനയുണ്ടായിട്ടും നമ്മള്‍ അന്ന് കരാറില്‍ ഒപ്പിട്ടു. പാരമ്പര്യേതര ഊര്‍ജ സ്രോതസുകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ നാം വളരെയേറെ മുന്നേറേണ്ടതുണ്ട്.
പ്ലാസ്റ്റിക്കിന്റെ അമിതമായ നിര്‍മ്മാണവും ഉപയോഗവും പരിസ്ഥിതിയെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നതെപ്രകാരമാണ്?
പ്ലാസ്റ്റിക് നിര്‍മാര്‍ജനമാണ് ഈ ഭൗമദിനത്തിന്റെ സന്ദേശം. മരുന്ന്, ഭക്ഷണ പഥാര്‍ത്ഥങ്ങള്‍, സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ തുടങ്ങിയവയെല്ലാം ഇന്ന് ലഭിക്കുന്നത് പ്ലാസ്റ്റിക് ബോട്ടിലുകളിലാണ്. പ്ലാസ്റ്റിക് ഉല്പാദിപ്പിക്കുമ്പോള്‍ത്തന്നെ ബന്‍സീന്‍, മീഥൈന്‍, കാര്‍ബണ്‍ മോണോക്‌സൈഡ് തുടങ്ങിയവാതകങ്ങള്‍ പുറത്ത് വരുന്നു. അത് ആഗോളതാപനത്തെ വര്‍ദ്ധിപ്പിക്കുന്നു. മരം നട്ടാല്‍ മാത്രം ആഗോളതാപനത്തിന് പരിഹാരമാകില്ല. പ്ലാസ്റ്റിക് നമ്മുടെ ഉപയോഗത്തില്‍ നിന്ന് പാടേ ഇല്ലായ്മ ചെയ്യണം. ഭൂട്ടാന്‍ പോലുള്ള ഒരു കുഞ്ഞുരാജ്യം അത് നടപ്പിലാക്കി. ഇത്തരം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പരിഗണിക്കാതെ രോഗങ്ങള്‍ക്ക് പരിഹാരം വാക്‌സിനേഷനാണ് എന്ന പരികല്‍പനയിലേക്ക് നമ്മള്‍ മാറിയിട്ടുണ്ട്. ഗര്‍ഭാവസ്ഥയില്‍ത്തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിന് പരിരക്ഷകൊടുക്കുന്ന നയം രൂപീകരിച്ചുകൊണ്ട് അതിനുള്ള ബഡ്ജറ്റ് വിഹിതം മാറ്റിവയ്ക്കണം. പോഷകാഹാരം ഉറപ്പ് വരുത്തുക, നല്ല അന്തരീക്ഷം ഉറപ്പാക്കുക, ചേരിപ്രദേശങ്ങളുടെ നവീകരണവും പുനരുദ്ധാരണവും പരിസരശുചീകരണവും ഉറപ്പ് വരുത്തുക എന്നതൊക്കെ ഇതില്‍ പ്രധാനമാണ്. അവനവന്റെ വേസ്റ്റ് ഉറവിടത്തില്‍ സംസ്‌കരിക്കുക എന്നത് കൂട്ടിയിട്ട് കത്തിക്കുക എന്ന നിലയിലേക്ക് മാറി. അത് വലിയ ആപത്താണുണ്ടാക്കുന്നത്. പ്ലാസ്റ്റിക്കും മറ്റും കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം ചെറുതല്ല. 8.3 ബില്ല്യന്‍ മെട്രിക് ടണ്‍ റീസൈക്കിള്‍ ചെയ്യാന്‍ പറ്റാത്ത പ്ലാസ്റ്റിക്കാണ് ലോകത്തെമ്പാടും ഉല്പദിപ്പിക്കുന്നത്. ഒരൗണ്‍സ് പെറ്റ് ബോട്ടില്‍ നിര്‍മ്മിക്കുമ്പോള്‍ അഞ്ച് ഔണ്‍സ് കാര്‍ബണ്‍ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തില്‍ കലരും. ചൂടിന്റെ കാര്യത്തിലെ മുഖ്യവില്ലന്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് തന്നെയാണ്. തുണിസഞ്ചികളുടെ ഉപയോഗം വ്യാപകമാക്കുക, സാധനങ്ങള്‍ കടലാസില്‍ പൊതിഞ്ഞുവാങ്ങുക, തുടങ്ങിയ കാര്യങ്ങള്‍ എളുപ്പത്തില്‍ നടപ്പിലാക്കാവുന്നതാണ്. ഉപയോഗ ശൂന്യമായ ഉപകരണങ്ങള്‍ കമ്പനികള്‍തന്നെ തിരിച്ചെടുക്കുന്ന ബൈബാക് പോളിസി നടപ്പില്‍ വരുത്തണം. സാധനങ്ങള്‍ ഉല്പാദിപ്പിക്കുമ്പോള്‍ പരിസ്ഥിതി സൗഹാര്‍ദ്ധപരമായി അത് നിര്‍മ്മാര്‍ജനം ചെയ്യാനുള്ള ഉത്തരവാദിത്തം കമ്പനികളില്‍ തന്നെ നിക്ഷിപ്തമാക്കിയാല്‍ നിര്‍മ്മാണം ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും. പ്ലാസ്റ്റിക്കും ചൂടും തമ്മിലുള്ള ബന്ധം കണക്കിലെടുത്താണ് പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള സന്ദേശം ഭൗമദിനത്തോടനുബന്ധിച്ച് പ്രചരിപ്പിക്കുന്നത്. ആയിരം വര്‍ഷം കഴിഞ്ഞാലും ഒരു പ്ലാസ്റ്റിക് പേന നശിക്കുന്നില്ല. തൂവാലക്ക് പകരം പേപ്പര്‍ നാപ്കിന്‍ ഉപയോഗിക്കുമ്പോള്‍ നമ്മള്‍ ആഗോളതാപനത്തിന് കൂട്ട് നില്ക്കുകയാണ്. അതില്‍ പങ്കാളിയാവുകയാണ്. അഞ്ഞൂറ് റോള്‍ പേപ്പര്‍ നാപ്കിന്‍ ഉണ്ടാക്കാന്‍ 48 വന്‍മരങ്ങള്‍ മുറിച്ച് മാറ്റേണ്ടിവരും. ആഗോള താപനം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ രോഗം വരുന്നതും അനാരോഗ്യവും ഒക്കെ നമ്മള്‍ ചര്‍ച്ച ചെയ്യണം.
കൂടുതല്‍ മെച്ചപ്പെട്ട മാലിന്യ നിര്‍മാര്‍ജന മാര്‍ഗങ്ങള്‍ അവലംബിക്കണം. ഓടകളുടെ അടിഭാഗം സിമന്റിട്ട് ഉറപ്പിക്കാതെ മണ്ണിലേക്ക് വെള്ളം താഴാനുള്ള ടെക്‌നോളജി ഉപയോഗിക്കുന്ന രാജ്യങ്ങളുണ്ട്. അതുവഴി ഒഴികിപ്പോകുന്ന വെള്ളം വലിയൊരളവോളം മണ്ണില്‍ താഴും. സിംഗപ്പൂരില്‍ 18 ശതമാനം വെള്ളവും കണ്ടെത്തുന്നത് ഓടകളിലെ വെള്ളത്തിന്റെ പുനഃചംക്രമണത്തിലൂടെയാണ്.
സമുദ്രങ്ങളും മലിനമായിക്കൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക് വേസ്റ്റുകള്‍ അടിഞ്ഞുകൂടി കടലിന്റെ ആവാസവ്യവസ്ഥയില്‍ കാര്യമായ വ്യതിയാനങ്ങളുണ്ടാകുന്നു എന്ന പഠനങ്ങളുണ്ട്
സമുദ്രങ്ങളാണ് നമ്മള്‍ പുറംതള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ മൂന്നിലൊന്നും വലിച്ചെടുക്കുന്നത്. പ്ലാസ്റ്റിക്കിന്റെ അതിപ്രസരം കാരണം സമുദ്രം മരിച്ച് കൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക് നാരുകള്‍ (മൈക്രോഫൈബര്‍) ഓടകളില്‍കൂടി നേരേ കടലിലെത്തുന്നു. 2050 ആകുമ്പോള്‍ ഇപ്പോള്‍ ഉള്ള മത്സ്യങ്ങളെക്കാള്‍ മൈക്രോ ഫൈബറുകളാവും കടലിലുണ്ടാവുക. കടലിലെ ചെറുപായലുകളായ ആല്‍ഗകള്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡ് വലിച്ചെടുക്കുന്നു. കാര്‍ബണ്‍ഡെ ഓക്‌സൈഡും ജലതന്മാത്രകളും ചേര്‍ന്ന് കാര്‍ബോണിക്കാസിഡുണ്ടാകുമ്പോള്‍ അതിന് ദ്രവീകരണ ശേഷിയുള്ളതുകൊണ്ട് ജീവനുള്ള എന്തിനെയും നശിപ്പിക്കും. 160 മില്യന്‍ സ്പീഷ്യസ് ജീവികള്‍ കടലിലുണ്ട്. ഭക്ഷ്യ ശൃംഖലയില്‍ കടലിന് പ്രധാനസ്ഥാനമുണ്ട്. മനുഷ്യനാവശ്യമായ മൂന്നിലൊന്ന് പ്രോട്ടീനും ലഭിക്കുന്നത് കടല്‍വിഭവങ്ങളില്‍ നിന്നാണ്. കടലിനുണ്ടാകുന്ന നാശം പ്രകൃതിയുടെ മൊത്തം അസന്തുലിതാവസ്ഥയ്ക്കും നാശത്തിനു തന്നെയും കാരണമാകും. ഇതൊക്കെ പരിഗണിച്ചുകൊണ്ടുള്ള നയരൂപീകരണമൊന്നും നിര്‍ഭാഗ്യവശാല്‍ നമ്മള്‍നടത്തിയിട്ടില്ല. ഏറ്റവും ഗൗരവത്തോടെ കാണേണ്ടകാര്യമാണിത്. ഓഖി ചുഴലിക്കാറ്റ് വന്നപ്പോള്‍ 80 ടണ്‍ പ്ലാസ്റ്റിക്കാണ് മുംബൈ കടല്‍ തീരത്തടിഞ്ഞത്. 8 ട്രില്യണ്‍ (8 ലക്ഷം കോടി) അടിസ്ഥാന പ്ലാസ്റ്റിക് തന്‍മാത്ര (മൈക്രോബീറ്റ്‌സ്) പ്രതിദിനം കടലിലടിയുന്നു. സോപ്പ്, സോപ്പ്‌പൊടി, സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ തുടങ്ങിയവയാണ് ഇതിന് പ്രധാനകാരണം.
നമ്മുടെ വികസനകാഴ്ചപ്പാട് പരിസ്ഥിതി സൗഹൃദപരമാണോ. നെല്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും തോടുകളും നികത്തിയും കുന്നിടിച്ചും വലിയതോതില്‍ പാറപൊട്ടിച്ചും ഉണ്ടാക്കുന്ന വികസനങ്ങള്‍ ഭാവിതലമുറകളെ പ്രതികൂലമായി ബാധിക്കില്ലേ?
പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ ഒരുതര്‍ക്കവും വേണ്ട. ശുദ്ധമായ ജലവും മലിനമാകാത്ത പ്രാണവായുവും വിഷരഹിതമായ ഭക്ഷണവും ഉറപ്പ് വരുത്തലാകണം യഥാര്‍ത്ഥവികസനം. അതില്ലാത്തിടത്തോളം കാലം എത്രവേഗത്തില്‍ സഞ്ചരിക്കാനായാലും നമ്മള്‍ എവിടെയും എത്തില്ല. പാടം നികത്തി നമ്മളുണ്ടാക്കുന്ന വീതികൂടിയ നിരത്തിലൂടെ ചീറിപ്പായുന്നതാണ് വികസനമെന്ന്
കരുതുന്നത് പരിസ്ഥിതി സൗഹാര്‍ദ്ദപരവും ശാസ്ത്രീയവുമായ വികസന കാഴ്ചപ്പാടിനെതിരാണ്. പാടം എന്നത് കൃഷിചെയ്യാനോ, തരിശ്ശിടാനോ, നികത്തി റോഡുണ്ടാക്കാനോ മാത്രമുള്ള ഇടമായി കരുതുന്നത് മൗഢ്യമാണ്. ഈ ഇക്കോസിസ്റ്റം നിലനിര്‍ത്തുന്നതില്‍, ഭൂഗര്‍ഭജലനിരപ്പ് നിലനിര്‍ത്തുന്നതില്‍ ഒക്കെ പാടങ്ങളും ചതുപ്പുകളും നല്കുന്ന പങ്ക് വളരെ വലുതാണ്. അത് തിരിച്ചറിയാന്‍ പ്രത്യയശാസ്ത്രപരമായി പ്രതിബദ്ധരായ ഇടതുപക്ഷങ്ങള്‍ വേണ്ടത്ര ശ്രമിക്കുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. വയലിനും, പരിസ്ഥിതിക്കും വേണ്ടിയുള്ള സമരങ്ങളെ തീവ്രവാദമാരോപിച്ച് വിലകുറച്ച് കാണുന്നത് കുറ്റകരമാണ്. 2018 ല്‍ പോര്‍ട്ടുകള്‍ക്കുമാത്രമായി 850 കോടിയാണ് മാറ്റിവച്ചിരിക്കുന്നത്. കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കുമായി നീക്കിവച്ചിട്ടുള്ളതാവട്ടെ കേവലം 85 കോടിയും. ഇതില്‍ത്തന്നെ വലിയ വൈരുദ്ധ്യമുണ്ട്.
നല്ല ജൈവബോധത്തിലേക്ക് – പാരിസ്ഥിതികബോധ്യങ്ങളിലേക്ക് ഉയര്‍ന്നാല്‍ മാത്രമേ മനുഷ്യര്‍ നിലനില്ക്കൂ. അപ്പോള്‍ മാത്രമേ പോര്‍ട്ടുകളും വീതികൂടിയ റോഡുകളും ഉപയോഗിക്കാന്‍ ആളുകള്‍ ഉണ്ടാവുകയുള്ളൂ.ഇത്തരം കാര്യങ്ങളില്‍ അടിസ്ഥാനപരമായ മാറ്റം സമൂഹത്തിലുണ്ടാകണമെങ്കില്‍ സ്ത്രീകള്‍ ശാക്തീകരിക്കപ്പെടണം. പാരിസ്ഥിതികവിഷയങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന ബോധ്യങ്ങള്‍ സമൂഹത്തിലും കുട്ടികളിലുമൊക്കെ പ്രതിഫലിക്കും. പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥാവ്യതിയാനവും പരിഹരിക്കാന്‍ സ്ത്രീ ശാക്തീകരണം നല്ല മാര്‍ഗമായി പരിഗണിച്ച്‌കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കണം.