Mar 17 2025, 3:26 PM +91 94476 83169 arogyappachamasika@gmail.com

Arogyappacha

അരിയാഹാരം ഔഷധവുമാവുമ്പോള്‍

അരിയാഹാരം ഔഷധവുമാവുമ്പോള്‍

അരിയാഹാരം ഔഷധവുമാവുമ്പോള്‍

August 9, 2024

ഡോ. ഇ ഉണ്ണികൃഷ്ണന്‍
നുഷ്യകുലത്തില്‍ പകുതിപ്പേരെയും തീറ്റി േപ്പാറ്റുന്ന അരി ഇന്ത്യയില്‍ ആഹാരമായതിന് ബി.സി. ഒമ്പതിനായിരം വരെ വാര്‍ഷികപ്പഴക്കമുണ്ട്. ഇന്ത്യയിലോ ഇന്‍ഡോചൈനയിലോ ആണ് നെല്ല് ഉരുവപ്പെട്ടുവന്നതെന്നാണ് കരുതുന്നത്. നെല്ലിന്റെ ജനുസായ ‘ഒറൈസ’യുടെ നിരവധി വന്യസ്പീഷിസുകളും ആയിരക്കണക്കിനുവര്‍ഷങ്ങള്‍ കൊണ്ട് കര്‍ഷകര്‍ ഉരുത്തിരിച്ചെടുത്ത ലക്ഷ ക്കണക്കിനു നാട്ടിനങ്ങളും ഭാരതത്തിന്റെ ‘അരിശ്രീ’ വ്യക്തമാക്കുന്നു. അറുപതു ദിവസം മുതല്‍ മുന്നൂറു ദിവസം വരെ വിളവുകാല മുള്ള നെല്ലിനങ്ങള്‍ ഉണ്ട്. ഇളംപച്ച മുതല്‍ കടുംപര്‍പ്പിള്‍ വരെ നിറവ്യത്യാസമുള്ളവയുണ്ട് ഇക്കൂട്ടത്തില്‍. നാലു മില്ലിമീറ്റര്‍ വരുന്ന നമ്മുടെ ‘ചോമന്‍’ മണികള്‍ തൊട്ട് ഒന്നര സെന്റീമീറ്റര്‍ ധാന്യവലിപ്പമുള്ള ചത്തീസ്ഗഢിലെ ഡോക്രാ-ഡോഗ്രി വരെയുള്ള വ്യത്യസ്ത ധാന്യമുഴുപ്പുള്ളവയുണ്ട്. വ്യത്യസ്ത കാലങ്ങ ളിലും മലമുടി മുതല്‍ കായല്‍പ്പാടങ്ങള്‍ വരെ നീളുന്ന വൈവിധ്യമുള്ള ആവാസസ്ഥാനങ്ങളിലും വളരുന്നവയുണ്ട്. രാമിഗാലിയും എറുകനും പോലുള്ള  ചിറകുള്ള വിത്തുകളുണ്ട്. ഹരിതവിപ്ലവത്തിന്റെ കുത്തൊഴുക്കിലും മണ്ണിലും നാട്ടുവിത്തിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടുപോകാത്ത അപൂര്‍വം ഇന്ത്യന്‍ കര്‍ഷകരുടെ ആത്മധൈര്യം കൊണ്ടു മാത്രം ഇവയില്‍ ചിലതെങ്കിലും വിത്തുകുത്തിപ്പോവാതെ നിലനില്ക്കുന്നു; മനുഷ്യരാശിയുടെ തന്നെ നിലനില്പിന്റെ അവസാനപിടിവിത്തായി. ഹരിതവിപ്ലവത്തിനും മുമ്പ് ഒരു ലക്ഷ ത്തിലേറെയുണ്ടായിരുന്ന ഇന്ത്യന്‍ നെല്‍വി ത്തിനങ്ങളില്‍ നിന്നും അരിയാഹാരംതന്നെ ഔഷധമാക്കിയ ഗ്രാമീണകര്‍ഷകര്‍ ചരതിച്ചു വെച്ച ഇന്നവശേഷിക്കുന്ന ഏഴായിരത്തോളം വരുന്ന വിത്തുകളില്‍ പലതും ഔഷധശേഷികൊണ്ട് പ്രസിദ്ധമാണ്. പ്ലീഹാവൃദ്ധി, വയറിളക്കം, പക്ഷാഘാതം, ത്വഗ് രോഗങ്ങള്‍ തുടങ്ങി നിരവധി രോഗാവസ്ഥകളില്‍ അരി ആഹാര ത്തിലുപരി ഔഷധമായി പ്രവര്‍ത്തിക്കുന്നുണ്ട്. വൈറ്റമിന്‍ ബി സമ്പുഷ്ടമായ തവിടാകട്ടെ ‘ബെറിബെറി”ക്ക് ഔഷധമാണ്. ഫിറ്റേറ്റ്‌സും ഫിറ്റിക് ആസിഡും അടങ്ങിയതിനാല്‍ തവിട് വൃക്കയിലെ കല്ല് കളയുന്നു. നാരടങ്ങിയ ഭക്ഷണമായതിനാല്‍ ക്യാന്‍സര്‍ പ്രതിരോധശേഷിയുണ്ട്. സോഡിയം കുറഞ്ഞ ഭക്ഷണമായതിനാല്‍ രക്തസമ്മര്‍ദ്ദരോഗികള്‍ക്കും പഥ്യമാണ്. എട്ട് അമിനോ അമ്ലങ്ങളും അടങ്ങിയ സമ്പൂര്‍ണ പ്രോട്ടീനാണ് അരിയിലേത്. അന്നകുല്യയിലെ ഉപകാരപ്രദമായ ബാക്ടീരിയകളെ പോഷിപ്പിക്കുന്ന സ്ഥിരാന്നജമടങ്ങിയതാണ് അരിയാഹാരം. കൊഴുപ്പും കൊളസ്‌ട്രോളും ഉപ്പും ഇല്ലാത്തതാണ് അരിഭക്ഷണം. ചുവന്നരിയുടെ പഴങ്കഞ്ഞിക്ക് പ്രമേഹത്തെ നിയന്ത്രിക്കാനുള്ള അപാര ശേഷിയുണ്ടെന്നാണ് അനുഭവസാക്ഷ്യം. പശ്ചിമബംഗാളിലെ ഗരീബ്‌സാല്‍ എന്ന നെല്‍വിത്തിന് മണ്ണില്‍ നിന്ന് നേരിട്ട് വെള്ളി ആഗിരണം ചെയ്യുന്നതിന് ശേഷിയുണ്ടെന്നാണ് നാടന്‍വിത്തുസംരക്ഷകനായ ശാസ്ത്രജ്ഞന്‍ രബല്‍ദേബിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ അടുത്തിടെ കണ്ടെത്തിയത്. കുടലിലെ രോഗകാരികളായ സൂക്ഷ്മാണുക്കളെ കൊല്ലാനുള്ള അപകടരഹിതമായ വഴിയാണ് ഈ അരി ഭക്ഷണം.

ഒരു ശൂകധാന്യമാണ് – കതിരില്‍ വിളയുന്നതാണ് നെല്ല്. ശാലിയെന്നും വ്രീഹിയെന്നും രണ്ടുതരത്തിലാണ് നെല്ലിനെ ആയുര്‍വേദം തരംതിരിച്ചിരിക്കുന്നത്. കുത്താതിരിക്കുമ്പോള്‍ വെള്ള നിറമുള്ളതും ഹേമന്തത്തില്‍ (വൃശ്ചികം-ധനു) വിളയുന്നതുമാണ് ശാലികള്‍ എന്ന് ശാലി ഗ്രാമനിഘണ്ടു പറയുന്നു. നെല്ലായിരിക്കുമ്പോള്‍ സാമാന്യേന ചുവപ്പുനിറവും ഉമിനീക്കിയാല്‍ വെളുപ്പു നിറമുള്ളതുമാണ് ശാലികള്‍ എന്നാണ് മറ്റൊരു മതം.  കൊല്ലത്തില്‍ ഒരു വിളവെടുക്കുന്നതും കുത്തിയാല്‍ വെളുത്ത നിറമുള്ളതുമാണ് വ്രീഹികള്‍ എന്നാണ് ശാലിഗ്രാമനിഘണ്ടുവിലെ വ്രീഹീ ലക്ഷണം. ചുവന്ന തവിടുള്ളതും കുത്തിയാല്‍ പച്ചരിയോളം വെളുപ്പില്ലാത്തതുമായ നാനാ വര്‍ണങ്ങളിലുള്ള നെല്ലാണ് വ്രീഹികള്‍ എന്നാണ് മറ്റൊരു വ്രീഹിനിര്‍വചനം. മലയാളത്തിലെ നെല്ലിന്‍ തരങ്ങളെ സംബന്ധിച്ച് രണ്ടാമത്തെ ലക്ഷണങ്ങള്‍ക്കാണ് കൂടുതല്‍ സാംഗത്യം. അതു പ്രകാരം മട്ടയരിയെ വ്രീഹിയെന്നും വെള്ളയരിയെ ശാലിയെന്നും പൊതുവെ വ്യവഹരിക്കാം. രക്ത, മഹാന്‍, കളമം, ശകുനാഹൃതം, പതംഗം, തപനീയം തുടങ്ങി നിരവധി ശാലീവര്‍ഗനെല്ലിനങ്ങളെപ്പറ്റി അഷ്ടാംഗഹൃദയകാരന്‍ പറയുന്നുണ്ട്. രസപാ കങ്ങളില്‍ മധുരവും, സ്‌നിഗ്ദവും വൃഷ്യവും ചവര്‍പ്പ് അനുരസമായിട്ടുള്ളതും മലം കുറയ്ക്കുന്നതും ശീതളവും മൂത്രവര്‍ധകവുമാണ് ശാലീ നെല്ലുകള്‍.

വ്രീഹികളേക്കാള്‍ ശാലികള്‍ക്കാണ് ആയുര്‍വേദം ശ്രേഷ്ഠത കല്പിച്ചിരിക്കുന്നതെങ്കിലും വ്രീഹി കളാണ് കേരളത്തില്‍ കൂടുതല്‍ കൃഷിചെയ്തു വരുന്നത്. ശാലി എന്ന സംസ്‌കൃത പദത്തിന്  ‘ചെന്നെല്ല്” എന്ന ഭാഷയാണ് മലയാളത്തിലെ ഔഷധനിഘണ്ടുക്കാരന്മാര്‍ നല്കിയിരിക്കുന്നത്. ചെന്നെല്ല് എന്ന് വ്യവഹരിക്കപ്പെടുന്ന കേരളത്തിലെ പത്തോളം ഇനങ്ങളില്‍ ഒന്നൊഴികെ മറ്റെല്ലാറ്റിനും മട്ട യരിയാണുതാനും. പെരിഞ്ചെന്നെല്ല്, രക്തശാലി, പൊന്‍ വര്‍ണ്ണച്ചെന്നെല്ല് കളമപ്പാരിച്ചെന്നെല്ല്, കിളികോരി ച്ചെന്നെല്ല് തുടങ്ങി വിവിധ ശാലിയിനങ്ങളെ ക്കുറിച്ച് തയ്യില്‍ കുമാരന്‍ കൃഷ്ണനും കാണി പ്പയ്യൂരുമൊക്കെ രചിച്ച നിഘണ്ടുക്കളില്‍ പറയുന്നുണ്ട്. ഇവയൊക്കെ അടിസ്ഥാന ആ യുര്‍വേദഗ്രന്ഥങ്ങളിലെ സംസ്‌കൃതനാമങ്ങളെ പരിഭാഷപ്പെടുത്തിയുണ്ടാക്കിയ ദ്രവ്യനാമങ്ങള്‍ മാത്രമാണ്. മഹാന്‍, രക്ത, തപനീയ, കളമം, ശകുനാഹൃതം തുടങ്ങിയ സംസ്‌കൃതനാമങ്ങളെ സരസാ ഗ്രണികളായ വ്യാഖ്യാതാക്കളും നിഘണ്ടുകാരന്മാരും ഭാഷാന്തരീകരിച്ചുണ്ടാക്കിയ ഈ പേരുകളൊന്നും കേരളത്തിലെ കൃഷിചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടില്ലെന്ന് വി.എം. കുട്ടികൃഷ്ണമേനോന്‍ തന്റെ പ്രസിദ്ധമായ അഷ്ഠാംഗഹൃദയ വ്യാഖ്യാനത്തില്‍ നിരീക്ഷിക്കുന്നുണ്ട്. ചുവന്ന ചെന്നെല്ല്, വെളുത്തചെന്നെല്ല്, മാലച്ചെന്നെല്ല് (കണ്ണൂര്‍) വലിയചെന്നെല്ല് (വയനാട്) മോടന്‍ ചെന്നെല്ല് (പാലക്കാട്) പൊനംചെന്നെല്ല് (വടക്കന്‍ മലയോരം) തുടങ്ങിയ ചെന്നെല്ലിനങ്ങള്‍ ചെന്നെല്ലെന്ന പേരില്‍ കേരളത്തില്‍ ഉപയോഗിക്കുന്നുണ്ട്. ‘രക്തശാലി’  എന്ന പേരില്‍ തന്നെ ഒരു നെല്‍വിത്ത് ഇന്ന് കേരളത്തില്‍ വിപുലമായി കൃഷിചെയ്തു തുടങ്ങിയിട്ടുണ്ട്. വിത്തിന്റെ നിറമല്ല ഞാറിന്റെ മുട്ടിന്റെ നിറമാണ് ചെന്നെല്ലിനെ വെളുപ്പ്, ചുവപ്പ് എന്ന് വേര്‍തിരിച്ചതിനടിസ്ഥാനം. പുരാതനകാലത്ത് വിവരിക്കപ്പെട്ട ശാലിയും രക്തശാലിയും തന്നെയാണ് ഇന്നു കൃഷി ചെയ്തുവരുന്ന ചെന്നെല്ലിനങ്ങള്‍ എന്ന് തിട്ടപ്പെടുത്താനാകില്ല. രക്തശാലിയെന്ന പേരില്‍ ഇന്ന് കൃഷിചെയ്യുന്ന ചെറുവിത്തിന് ശാലിയേക്കാള്‍ അടുപ്പം വ്രീഹിയോടാണുതാനും. ഏതായാലും കേരളീയചികിത്സാ പാരമ്പര്യം ചെന്നെല്ലിന് വലിയ ഔഷധമൂല്യം കല്പി ച്ചുകൊടുത്തിട്ടുണ്ട്.
മലരുണ്ടാക്കാന്‍ വടക്കന്‍ കേരളത്തില്‍ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന നെല്‍വിത്തുകളാണ് ചോമനും ഇല്ലിച്ചെന്നെല്ലും. രക്തശാലിയും ചോമനും സ്വഭാവംകൊണ്ട് ഒന്നുതന്നെ. ഇല്ലിച്ചെന്നെല്ല് ഏതാണ്ട് നാടു നീങ്ങിക്കഴിഞ്ഞു. കുഞ്ഞിവിത്ത്, ഓക്കക്കു ഞ്ഞിവിത്ത്, വേങ്കി തുടങ്ങിയനെല്‍വിത്തുകളും മലരുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്ന നാടന്‍ വിത്തുകളാണ്. ചെന്നെല്ലിന്റെ അവിലിനും മലരിനും പ്രത്യേക ഗുണമുണ്ട്. ലഘുവായ ചെന്നെല്ലിന്റെ മലര്‍ അതിലും ലഘുവാണ്. ചെന്നെല്ലിന്റെ അവിലാകട്ടെ ഗുരുവും. ഛര്‍ദ്ദി, അതിസാരം, ശ്വാസം, മേഹം, മേദസ് തുടങ്ങിയവയ്‌ക്കെല്ലാം മലര്‍ ഔഷധമാണ്. അവില്‍ ബലവര്‍ധനകവും. സത്തു എന്നറിയപ്പെടുന്ന മലര്‍പ്പൊടി ബലം വര്‍ദ്ധിപ്പിക്കുന്ന ലഘുദ്രവ്യമാണ്. ചുവപ്പ്, വെളുപ്പ് ചെന്നെല്ലുകളുടെ കഞ്ഞി ആര്‍ത്തവരോഗങ്ങള്‍ക്ക് മരുന്നായി ഗ്രാമീണസ്ത്രീകള്‍ ഉപയോഗിച്ചിരുന്നു. മണ്‍കലത്തില്‍ വെന്ത ചെന്നെല്ലരിച്ചോറില്‍ മാത്രയനുസരിച്ച് വെണ്ണ ചേര്‍ത്ത് വെള്ളം വറ്റിച്ചുണ്ടാക്കുന്ന ശാലീനവനീതം കുട്ടികളുടെ അഗ്നിമാന്ദ്യത്തിനു മരുന്നത്രെ.

വ്രീഹികളില്‍ ശ്രേഷ്ഠം നവരയെന്നാണ് (ഷഷ്ഠികോ വ്രീഹിഷു ശ്രേഷ്ഠാ) അഷ്ടാംഗഹൃദയം പറയുന്നത്. അറുപതു ദിനം കൊണ്ട് വിളവെടുക്കാനാകുന്നവയാണ് ഷഷ്ഠികങ്ങള്‍. മഹാഷഷ്ഠിക, കേദാര, പുഷ്പാങ്കുര, ബക എന്നിങ്ങനെ നാലിനം ഷഷ്ഠികങ്ങളെപ്പറ്റി ആയുര്‍വേദ ഗ്രന്ഥങ്ങള്‍ പറയുന്നു. ഇന്ന് കൃഷി ചെയ്തുവരുന്ന കറുത്തനവര, നാരോന്‍നവര, വെളുത്തനവര, നവരപ്പുഞ്ച തുടങ്ങിയ നവരയിനങ്ങളൊന്നും രണ്ടുമാസം കൊണ്ട് കൊയ്‌തെടുക്കാനാകുന്നവയല്ല. തൊണ്ണൂറു മുതല്‍ നൂറ്റിരുപതു ദിവസം വരെയാണ് ഇവയുടെ മൂപ്പുകാലം. ‘നവര’ എന്ന പദം ‘നവതി’യില്‍ നിന്നുണ്ടായതാണെന്ന ഗുണ്ടര്‍ട്ടിന്റെ അഭിപ്രായത്തെ ഇത് സാധൂകരിക്കുന്നുണ്ട്. ഏതായാലും ഫലസി ദ്ധിയുടെ അനുഭവസാക്ഷ്യം നവരയെ ഷഷ്ഠികമായിത്തന്നെ അംഗീകരിക്കുന്നു. നാഡീ-പേശീ ദൗര്‍ബല്യങ്ങള്‍ക്കും പക്ഷാഘാ തത്തിനും രാസായ ചികിത്സയ്ക്കും ആമവാതത്തിനും കഞ്ഞിയായും പായസമായും അകത്തും പുറത്തും നവര പ്രയോഗിക്കപ്പെടുന്നു. കര്‍ക്കടകത്തെ ‘പ്രതിരോധ മാസ’മായി ആചരിക്കുന്നതിനായുള്ള മരുന്നു കഞ്ഞിക്കിറ്റിനായി മരുന്നുകടയില്‍ ഇപ്പോഴും വരിയൊഴിഞ്ഞിട്ടില്ല. കഞ്ഞിക്ക് നവരതന്നെ വേണം. ഉമികളഞ്ഞ അരി നവരയോ കൂട്ടാടനോ അതോ ജ്യോതിയോ എന്ന് തിരിച്ചറിയാനുള്ള രുചിബലമൊന്നും വരി നിന്നുമാത്രം ശീലിച്ച മലയാളിക്കില്ല. ഒരങ്ങാടിമരുന്നുകട മുഴുവന്‍ പൊടിച്ചു കലക്കിയ കഷായക്കഞ്ഞിയാണ് ഇന്നത്തെ ‘കര്‍ക്കിടകക്കിറ്റ് കഞ്ഞി’. ഇതിനേക്കാള്‍ ഭേദം കഷായം തന്നെ കുടിക്കുന്നതാണ്. എന്നാല്‍ കര്‍ക്കടകത്തിലെ മുമ്മൂന്നു ദിവസങ്ങളില്‍ മാറി മാറി കുടിക്കാനുണ്ടാക്കിയിരുന്ന ഞരമ്പോടല്‍, മുക്കുറ്റി, നിലപ്പന, ചെറൂള തുടങ്ങിയ പരിസരദ്രവ്യങ്ങള്‍ മാത്രം ചേര്‍ന്ന മരുന്നുകഞ്ഞിയുടെ സൗമ്യരുചി മറക്കാത്ത നാട്ടുമുത്തശ്ശിമാരുടെ കൈപ്പുണ്യമൊന്നറിയണം; കര്‍ക്കിടകക്കഞ്ഞി എന്തെന്ന് പിടികിട്ടാന്‍.

വെളുപ്പും കറുപ്പുകലര്‍ന്നതുമായ രണ്ടിനം നവരകള്‍ ഉണ്ടെന്നാണ് ആയുര്‍വേദം പറയുന്നത്. സിതാസിതങ്ങളായ നവരകള്‍ ഔഷധാവശ്യത്തിനായി കൃഷി ചെയ്തു വരുന്നുമുണ്ട്. ‘പുടയന്‍’ എന്നു കൂടിപ്പേരുള്ള കറുത്ത നവരയ്ക്കാണ് കൂടുതല്‍ ഔഷധശേഷിയെന്നാണ് മധ്യ-തെക്കന്‍ കേരള ചികിത്സകര്‍ പറയുക. വടക്കന്‍ പാരമ്പര്യ ചികിത്സകര്‍ വെള്ളനവരയുടെ ആരാധകരാണ്. രോഗാണു പ്രതിരോധത്തിനു സഹായിക്കുന്ന ട്രൈസിന്‍ അത്യുല്പാദന ശേഷിയുള്ളവയെന്നറിയപ്പെടുന്ന വിത്തുകളേക്കാള്‍ പതിന്മടങ്ങ് നവരയില്‍-പ്രത്യേകിച്ച് കറുത്തനവരയില്‍ ഉണ്ട്. നവരയുടെ അഭാവത്തില്‍ കാസര്‍ഗോഡു ജില്ലയില്‍ പണ്ട് ‘പിണ്ഡസ്വേദ’ത്തിന് ഉപയോഗിച്ചിരുന്നത് ‘കോണാരന്‍’നെല്ലായിരുന്നു. കോഴിക്കോട്ടു ജില്ലയില്‍ കൃഷിചെയ്തുവരുന്ന പൂണാരനും കൊണാരനും ഒന്നുതന്നെയെന്നു കരുതാം. ‘പൂണാരമേ ചില പഴുപ്പതിരാംകതിര്‍ക്കള്‍ കാണായതൊക്കെ മകളെ മണിയാകയില്ല’ എന്നു പ്രാചീന മണിപ്രവാളകൃതിയായ വൈശികതന്ത്രത്തില്‍ ഒരു ലോകോക്തി അവതരിപ്പിക്കുന്നുണ്ട്. ഇവിടെ സൂചിപ്പിക്കുന്നത് ഈ പൂണാരന്‍ വിത്തുതന്നെയാകണം.
കേരളീയായുര്‍വേദ ഗ്രന്ഥമായ ‘സഹസ്രയോഗം’ നെല്ലിനങ്ങളെ വിളഭൂമിയുടെയും പക്വകാ ലത്തിന്റെയും അടിസ്ഥാനത്തില്‍ തരംതിരി ച്ചിരിക്കുന്നു. മലയാളിയെ സംബന്ധിച്ച് ശാലീ-വ്രീഹി തരംതിരിവിനെക്കാള്‍ ഈ വേര്‍തിരിവാണ് അനുയോജ്യം. തൊണ്ണൂറുദിവസം കൊണ്ടു വളരുന്നവ, അതില്‍ കൂടുതല്‍ മൂപ്പുള്ളവ, വിളഭൂമിയിലുണ്ടാകുന്നവ, വെട്ടിച്ചുട്ടു വിതച്ചിട്ടു വിളയുന്നവ, വെട്ടിച്ചവിട്ടീട്ടു മുളച്ചുണ്ടാവുന്നവ എന്നിവയാണവ. തൊണ്ണൂറാന്‍, തൗവന്‍, നവര തുടങ്ങി മൂപ്പുകുറഞ്ഞ വിത്തുകളാണ് ആദ്യഗണം. സ്‌നിഗ്ദ്ധമധുരങ്ങളായ ഇവ ഗ്രാഹിയും ത്രിദോഷഹരങ്ങളുമാണ്. മുത്തശ്ശിവൈദ്യം കുട്ടിയാഹാരമായി വിധിക്കുന്നത് മൂപ്പുകുറഞ്ഞ നെല്ലിന്റെ അരിയാണ്. മൂപ്പുകൂടിയവ വൃദ്ധികരവും മലമൂത്രങ്ങള്‍ വര്‍ധിപ്പിക്കുന്നവയുമാണ്. വടക്കന്‍ കേരള ത്തിലെ ചെത്തുതൊഴിലാളികള്‍ പണ്ട് തളരാതെ തെങ്ങുകയറാനുള്ള ശക്തിയാര്‍ജിച്ചിരുന്നത് ‘കറുത്തല്ലിക്കണ്ണന്‍’ എന്ന മൂപ്പു കൂടിയ വിത്തിന്റെ പഴങ്കഞ്ഞിയില്‍ നായ്ക്കുരുണവള്ളി ചതച്ചിട്ടു കുടിച്ചിട്ടായിരുന്നു. വെട്ടിച്ചുട്ടുവിതയ്ക്കുന്ന പുനം വിത്തുകള്‍ക്കുദാഹരണമാണ് കാസര്‍ ഗോട്ടെ കരിന്തടിച്ചിലും കുറിച്യരുടെ പാല്‍കഴമയും പുനത്തില്‍ വിതക്കുന്ന ചെന്നെല്ലുമൊക്കെ. കഷായരസമുള്ള ഇവ കഫഹരങ്ങളാണ്. വെട്ടിച്ചവിട്ടുമുളക്കുന്നവ മൂപ്പുകൂടിയ മുണ്ടകന്‍ വിത്തുകളാണ്. പയ്യനാടന്‍, ചേറ്റാടി, കുട്ടാടന്‍ തുടങ്ങി ആറുമുതല്‍ പത്തുമാസം വരെ മൂപ്പുള്ള ഇത്തരം നെല്ലുകള്‍  ഒന്നോ രണ്ടോ പ്രാവശ്യം ഓലയരിഞ്ഞ ശേഷം കന്നിക്കൊയ്ത്തു സമയത്ത് കടതൊട്ടെ അരിഞ്ഞ് പലയിട്ടുചതച്ചാല്‍ തിണര്‍ത്തു വളരുന്നവയുമാണ്. കഫ പിത്തഹരങ്ങളാണിവയുടെ വിത്തുകള്‍. ‘ഹായന’ എന്നും ആണ്ടുവിളച്ചെന്നെല്ല് എന്നും ആയുര്‍വേദഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്ന വിത്തിന്റെ സ്ഥാനത്ത് ലക്ഷണസാമ്യമുള്ള ചേറ്റാടിപോലുള്ള വിത്ത് ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്നു കരുതാം. ഇത്തരം മുണ്ടകന്‍ വിത്തുകള്‍ വൃശ്ചിക പൗര്‍ണമിയ്ക്കുശേഷം മാത്രം കതിരുചാടുന്ന പ്രകാശസംവേദനക്ഷമതയുള്ള ആണ്ടുവിത്തുകളാണ്. ആണ്ടില്‍ ഒറ്റവിളമാത്രം എടുക്കുന്നതിനാല്‍ വ്രീഹിയോടാണു ഇവയ്ക്ക് ചാര്‍ച്ച. എന്നാല്‍ കൊയ്ത്ത് ഹേമന്തകാലത്തായതിനാല്‍ ശാലിയുടെ ലക്ഷണവുമുണ്ട്. മുണ്ടകന്‍ വിത്തുകളില്‍ പാലക്കാടന്‍ വെള്ളരിപോലെ അപൂര്‍വം ഇനങ്ങളിലേ അരി വെളുത്തുകാണുന്നുള്ളൂ.
നിറയുത്സവത്തോടനുബന്ധിച്ച് നിറയോലം കെട്ടാന്‍ മൂപ്പുകുറഞ്ഞ തൗവന്‍പോലുള്ള വിത്തുകതിരായിരുന്നു പണ്ട് ഉപയോഗിച്ചിരുന്നത്. നിറ, പുത്തരി, ഓണം എന്നാണ് ക്രമം. ഇന്നിപ്പോള്‍ നേരവും കാലവും തെറ്റിയ കൃഷിയില്‍ ഓണം കഴിഞ്ഞും കതിരുക ണികാണാനാവില്ല. ‘ഓണം കഴിഞ്ഞ് നിറയും പുത്തരിയും’ എന്ന ചൊല്ല് സത്യമായിക്കഴിഞ്ഞു. കൊയ്തുകഴിഞ്ഞാല്‍ ആയക്കറ്റ കെട്ടിവെക്കു കയെന്നത് വൈദഗ്ധ്യം വേണ്ട ഒരു കൈ വേലയാണ്. ജീരകശാല, രാജാകയമ, ഓക്കക്കുഞ്ഞിവിത്ത്, വേങ്കി, കുറുവ തുടങ്ങിയ നാടന്‍ ഇനങ്ങളാണ് ആയക്കറ്റയ്ക്ക് യോജ്യം. ഛര്‍ദ്ദ്യതിസാരം ബാധിച്ചാല്‍ ഓക്കക്കുഞ്ഞിവിത്തിന്റെ ആയക്കറ്റയില്‍ നിന്നും ഒരു പിടി മണികള്‍ ഉതിര്‍ത്തെടുത്ത് മലരുവറുത്ത് കഞ്ഞി വെച്ചുകുടിക്കും. വേങ്കി ബസുമതി പോലെ നീണ്ട വിത്താണ്. എന്നാല്‍ ഈ ‘കേരളബസുമതി’ പൂര്‍ണമായും അന്യം നിന്നു കഴിഞ്ഞു. ചൂടുപനിക്ക് വേങ്കിവിത്ത് പുഴുങ്ങി നിരത്തി മുകളില്‍ പായ വിരിച്ച് കിടന്നാല്‍ മതിയത്രേ. ശാലികളില്‍ സുഗന്ധക, വ്രീഹിയില്‍ ഗണ്ഡ തണ്ഡൂല തുടങ്ങിയ സുഗന്ധനെല്ലിനങ്ങളെക്കുറിച്ച് ‘ബൃഹത്രയി’യില്‍ സൂചനയുണ്ട്. ഇവയെ വ്യവഛേദിച്ചറിയാന്‍ നിര്‍വാഹമില്ലെങ്കിലും ഗന്ധകശാല, ജീരകശാല, മുള്ളന്‍ ചണ്ണ, ഓക്കക്കുഞ്ഞുവിത്ത് തുടങ്ങിയ സുഗന്ധവാഹികളായ നാട്ടിനങ്ങള്‍ കേരളത്തിലുണ്ട്.
കിളികളാല്‍ കൊണ്ടുവരപ്പെട്ട ‘ശകുനാഹൃത’ത്തെപ്പറ്റി സുശ്രുതനും വാഗ്ഭടനും പറയുന്നുണ്ട്. ‘അന്നം ചെറുകിളി’ ആരിയര്‍ നാട്ടില്‍ നിന്നും കൊണ്ടുവന്നതാണ് മലയാളത്തിലെ വിത്തു കളെല്ലാം എന്നാണ് നെല്ലിന്റെയും പുലത്തിന്റെയും നേരവകാശികളായ പുലയരുടെ ഒരു പാട്ടില്‍ പറയുന്നത്. ഇവയില്‍ മുമ്പനായിട്ടുള്ളത് വരിനെല്ലത്രേ. വിരിപ്പുകണ്ടത്തിലെ കളയാ ണിതെങ്കിലും നെല്ലുകളിലെ വരിഷ്ഠജന്മമാണ് വരിനെല്ല്. ധനുമാസത്തിലെ തിരുവാതിരക്കാ ലത്ത് അന്തര്‍ജനങ്ങള്‍ക്ക് വരിനെല്ലായിരു ന്നു പഥ്യാഹാരം. ഒറൈസാ റൂഫിപോഗണ്‍ എന്ന ഈ വന്യനെല്ലിനത്തിന് ചുവപ്പ്, വെള്ള മീശരോമങ്ങളുണ്ടാകാറുണ്ട്. ആയുര്‍വേദത്തിന്റെ വടക്കന്‍ സമ്പ്രദായം വരിനെല്ലിനെ മൂത്രാശയരോഗത്തിനുള്ള ‘തൃണപഞ്ചമൂല’ത്തില്‍പ്പെടുത്തി ഉപയോഗിക്കുന്നു. കേരളത്തിലെ മറ്റൊരു വന്യനെല്ലിനമാണ് ‘ഒറൈസാ മെയ്‌റിയാന’എന്ന ആന്നൂരിനെല്ല്, ഓരോ ദിവസവും ഒരു ധാന്യം മാത്രം പാകമാവുന്നവയാണേ്രത കാണിക്കാരുടെ ഈ കാട്ടുനെല്ല്. മൂന്നുനൂറ്റാണ്ടോളം പഴക്കമുള്ള ‘കൃഷിഗീത’യെന്ന കൃതിയും പുള്ളുവന്റെയും പുലയന്റെയും കോപ്പാളന്റെയും വിത്തു പാട്ടുകളും പൂരക്കളിയിലെ പള്ളുപാട്ടും കേരളത്തിലെ നാട്ടുവിത്തുകളുടെ ഊരും പേരും കൃഷിരീതികളും രേഖപ്പെടുത്തിയ യഥാര്‍ത്ഥജനകീയ ജൈവവൈവിധ്യ പ്രമാണ പത്രികകളാണ്. ഇവയില്‍ സൂചിതങ്ങളായ വിത്തുകളില്‍ മുക്കാലേമുണ്ടാണിയും മണ്‍മറഞ്ഞു കഴിഞ്ഞു.
‘പണ്ടുപണ്ടുള്ള വിത്തുകളെല്ലാമേ
കണ്ടാലുമറിയാതെ മറഞ്ഞുപോയ്
നിഷ്ഠുരങ്ങളാമിന്നുള്ള വിത്തുകള്‍
കുഷ്ഠരോഗാദി വര്‍ധിപ്പിക്കും ദൃഢം’
എന്നു കൃഷിഗീത നൂറ്റാണ്ടുകള്‍ മുമ്പെ പറഞ്ഞതാണെങ്കിലും ജി.എം. വിളകള്‍ക്ക് ഞാറ്റടിയൊരുക്കി നില്ക്കുന്ന ഇന്നത്തെ വയലേലകളെക്കൂടി ദീര്‍ഘദര്‍ശനം ചെയ്ത് എഴുതിയതായിരിക്കണം അത്. ബില്‍ഗേറ്റ്‌സിന്റെ ഫൗണ്ടേഷന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഇനി വരാനിരിക്കുന്ന ജി എം ഹരിതവിപ്ലവത്തെ പ്രതിരോധിക്കാന്‍ അവശേഷിക്കുന്ന വിത്തു കളെങ്കിലും വയല്‍ കൃഷിയില്‍ നിലനിര്‍ത്തിയേതീരു. നമ്മുടെ നാടന്‍ വിത്തുകളിലെ പോഷകമൂല്യങ്ങള്‍ കുത്തകക്കാരുടെ വിത്തുകളെയും ഹരിത വിപ്ലവത്തിന്റെ സന്താനങ്ങളെയും നാണിപ്പിക്കും വിധം ഉയര്‍ന്നതാണെന്ന് ബോധ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ബാദ്ഷാസാല്‍ എന്ന ഇന്ത്യന്‍ നെല്ലിനത്തില്‍ കി.ഗ്രാമിന് 138 മി.ഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ടെന്നാണ് രബില്‍ദേബും സംഘവും നടത്തിയ പഠനം പറയുന്നത്. മോണ്‍സാന്റോവിന്റെ എം.എസ്. 13 എന്ന പുതുവിത്തില്‍ 7 മി.ഗ്രാം ഇരുമ്പേ ഉള്ളു. ഇന്ത്യന്‍ കര്‍ഷകന്റെ ധാന്യപ്പുരയിലെ ഈ ചെറുതരികള്‍ മതി ഭക്ഷ്യ സുരക്ഷയുടെ ഉരുക്കുകോട്ടകള്‍ പണിയാന്‍ എന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.

Posted by vincent