ആയുര്‍വേദത്തിലൂടെ അര്‍ബുദ പരിചരണം
August 7, 2024
ഡോ. രാജഗോപാല്‍ കെ
ഞണ്ട് എന്ന് കേള്‍ക്കുമ്പോള്‍ കേരളത്തിന്റെ ഗ്രാമീണ സൗന്ദര്യവും കടല്‍ തീരത്തെ കൊതിയൂറുന്ന ഓര്‍മ്മകളും ആണ് ഓര്‍ക്കുന്നത്. വള്ളത്തില്‍ തുഴഞ്ഞ് അക്കര എത്താനുള്ള തത്രപ്പാടില്‍ അടിയില്‍ നിന്നും വരുന്ന കൂറ്റന്‍ നീരാളിയെ നാം കാണുന്നില്ല. അര്‍ബുദത്തെ കാര്‍ന്നു തിന്നുന്ന ഞണ്ടിനോട് ഉപമിച്ചാല്‍ അവയെ തിന്നു തോല്‍പിക്കും എന്നാണ് നമ്മുടെ മട്ട്. ഈ അടുത്ത കാലം വരെ ഹൃദ്രോഗം ആയിരുന്നു ഏറ്റവും കൂടുതല്‍ മരണം വിതയ്ക്കുന്ന രോഗം, എന്നാല്‍ ഇന്ന് സ്ഥിതി മാറി, അര്‍ബുദം എന്നത് മലയാളിയെ മാത്രമല്ല ലോകത്തെ മുഴുവന്‍ കാര്‍ന്നു തിന്നുന്ന നീരാളിയായി മാറിക്കഴിഞ്ഞു. അര്‍ബുദം എങ്ങനെ ഇത്രവേഗം ലോകത്തെ കീഴടക്കി? എല്ലാ അറിവുകളും തികഞ്ഞ മനുഷ്യന് ഇന്നും കിട്ടാക്കനിയായി നില്‍ക്കുന്ന ശാഖയാണ് അര്‍ബുദ ചികിത്സ. അവയെ ഉന്മൂലനം ചെയ്യാന്‍ എന്തൊക്കെ ചെയ്യാം എന്നതിന് ഉത്തരം ഒന്നേയുള്ളു. ആയുര്‍വേദത്തില്‍ മനുഷ്യന്റെ സര്‍വ്വ ദുഃഖങ്ങള്‍ക്കും കാരണമായി പറയുന്നത് അജ്ഞാനമാണ്. ഈ അജ്ഞാനമാണ് അര്‍ബുദം എന്ന ദുഃഖത്തെ ഉണ്ടാക്കുന്നതും. അഭ്യസ്ഥവിദ്യരായ മലയാളിക്ക് സാമാന്യ ബോധം കുറയുകയും മുറിയറിവ് വര്‍ദ്ധിച്ചുവരുന്നതും നമ്മുടെ സാമൂഹിക-വിദ്യാഭ്യാസ രംഗത്തിന്റെ മൂല്യച്യുതിയെ സൂചിപ്പിക്കുന്നു. അര്‍ബുദത്തെ കുറിച്ചും മറ്റു രോഗങ്ങളെ കുറിച്ചും സോഷ്യല്‍ മീഡിയയിലും മറ്റും വരുന്ന മുറിജ്ഞാനം ഹൃദ്ധിസ്ഥമാക്കുക മാത്രമല്ല മറ്റുള്ളവരെക്കൂടി തന്റെ വിവരക്കേട് പഠിപ്പിക്കുന്നതിനും മലയാളി ഒന്നാം സ്ഥാനത്തു തന്നെ.
‘അര്‍ബുദം’?
അര്‍ബുദം എന്ന പദത്തിന് ഹിംസസ്വഭാവം ഉള്ളത്, പരുഷമായ മാംസകീലങ്ങളോടു കൂടിയത്, പത്തുകോടിയെന്ന സംഖ്യയുടെ നാമം എന്നിങ്ങനെ പല തരത്തില്‍ അര്‍ത്ഥം കല്‍പ്പിച്ചിരിക്കുന്നു. ‘അര്‍വ്വഹിംസായാം ബഹുലകാല്‍ ഉദച്പ്രത്യയം’, ‘അര്‍ബുദോ മാംസപരുഷി ദശ കോടിഷു…’ എന്ന് മേദിനിയും പറഞ്ഞിരിക്കുന്നു. അര്‍ബുദം എന്നത് ഒരു ജനിതക രോഗമാണ്. ഡി എന്‍ എ എന്ന ജനിതക ഘടകത്തിന് ഉണ്ടാവുന്ന മാറ്റം മൂലം കോശങ്ങള്‍ക്ക് മ്യൂട്ടേഷന്‍ സംഭവിക്കുകയും, അവ രോഗകാരികളായ കാന്‍സര്‍ കോശങ്ങളായി പരിണമിക്കുകയും ചെയ്യുന്നു. സൂക്ഷ്മദര്‍ശനി വരുന്നതിന് മുമ്പ് വരെ അര്‍ബുദം എന്നത് ശരീരത്തില്‍ ഉല്‍പാദിപ്പിക്കുന്ന മ്യൂക്കസ് (കഫം) മറ്റു മലപദാര്‍ത്ഥങ്ങളുടെയും പിണ്ഡരൂപമായാണ് ആധുനിക ശാസ്ത്രം കണ്ടിരുന്നത്. എന്നാല്‍ 19-ാം നൂറ്റാണ്ടിന്റെ പകുതിയോടെ അര്‍ബുദമെന്നത് മനുഷ്യകോശങ്ങളുടെ പിണ്ഡമാണെന്നും ഇവ സ്വാഭാവിക കോശങ്ങളുടെ പരിണാമം മൂലം ഉണ്ടാകുന്നതാണെന്നും മനസിലായി.
കാന്‍സര്‍ ജെനറ്റിക്‌സ്
കാന്‍സര്‍ ജനറ്റിക് എന്നത് പലതരം മ്യൂട്ടേഷനുകളും അവ കാന്‍സര്‍ കോശങ്ങളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ്. ഈ ശാഖയിലാണ് കാന്‍സര്‍ ജീനുകളെക്കുറിച്ച് പ്രതിപാദിക്കുന്നത്.
കാന്‍സര്‍ ജീനുകളെ രണ്ടായി തരം തിരിച്ചിരിക്കുന്നു.
- ക്ലാസ് 1 – ഓന്‍കോജീന്‍, ട്യൂമര്‍ സപ്രസര്‍ ജീന്‍
- ക്ലാസ് 2 – കേര്‍ടേക്കര്‍ ജീന്‍
ക്ലാസ് 1
ഓന്‍കോജീന്‍ – ഇവ കോശങ്ങളുടെ വളര്‍ച്ചയ്ക്കും അവ വിഭജിക്കാനും സഹായിക്കുന്നു. ട്യൂമര്‍ സപ്രസര്‍ ജീന്‍ – ഇവ മേല്‍ പറഞ്ഞ വളര്‍ച്ച മുരടിപ്പിക്കുക കോശ വിഭജനത്തിന് തടയിടുക എന്ന കര്‍മ്മം ചെയ്യുന്നു. ഇവ രണ്ടും കോശങ്ങളുടെ ജനനം, വളര്‍ച്ച, മരണം എന്നീ ഘടകങ്ങളെ നിയന്ത്രിക്കുന്നു.
ക്ലാസ് 2
കേര്‍ടേക്കര്‍ ജീന്‍ – ഇവ കോശങ്ങളുടെ ജനിതക ഘടന എപ്പോഴും നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഈ മൂന്ന് പ്രധാന ജീനുകളാണ് സ്വാഭാവികമായ കോശ വളര്‍ച്ചയും വിഭജനവും നിലനിര്‍ത്തുന്നത്. ഇവയ്ക്ക് ഉണ്ടാകുന്ന ജനിതക തകരാര്‍ മൂലം ആണ് കാന്‍സര്‍ കോശങ്ങള്‍ ഉത്ഭവിക്കുന്നത്. മ്യൂട്ടേഷന്‍ വഴി ഓന്‍കോജീനിന്റെ പ്രവര്‍ത്തനം ക്രമാതീതമായി കൂടുകയും, ട്യൂമര്‍ സപ്രസര്‍ ജീനിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്യുന്നു. ഇങ്ങനെ വരുമ്പോള്‍ കോശങ്ങള്‍ വളരെവേഗം വളരുകയും വിഭജിക്കുകയും ചെയ്യുന്നു. ഉണ്ടാകുന്ന പുതിയ കോശങ്ങള്‍ക്ക് ജനിതക തകരാര്‍ കൈമാറുകയും ചെയ്യുന്നു. സാധാരണ ഗതിയില്‍ ഒരു കോശത്തിന് ജനിതക തകരാര്‍ ഉണ്ടെങ്കില്‍ അവയ്ക്ക് സ്വാഭാവിക മരണം ഉണ്ടാകേണ്ടതാണ്. ഇതിനെ ‘സെല്ലുലാര്‍ അപോടോസിസ്’ എന്നാണ് പറയുന്നത്. എന്നാല്‍ കാന്‍സര്‍ ജീനുകളുടെ തകരാറ് മൂലം ഈ കോശങ്ങള്‍ക്ക് മരണം സംഭവിക്കുന്നില്ല. അവ അനിയന്ത്രിതമായി വളരുകയും അതിവേഗം വിഭജിച്ച് പുതിയ തലമുറയായി മാറുകയും പിണ്ഡങ്ങളായി രൂപപെടുകയോ ചെയ്യുന്നു. ഇവ വളരെ അപകടകാരികളായി നിലകൊണ്ട് ശരീരത്തില്‍ അര്‍ബുദമായി വളരുകയും ഹനിക്കുകയും ചെയ്യുന്നു.
കോശ സിദ്ധാന്തവും പരമാണുവും
1839 മതൈയസ് ശ്ലീഡന്‍, തിയൊഡര്‍ ഷ്വാന്‍, റുഡോള്‍ഫ് വിര്‍ച്ചൗ എന്നിവര്‍ ചേര്‍ന്ന് രൂപപെടുത്തിയതാണ് കോശ സിദ്ധാന്തം അഥവാ ‘സെല്‍ തിയറി’ ല്യൂവന്‍ ഹോക്ക് സൂക്ഷ്മ ദര്‍ശിനി കണ്ടുപിടിച്ചതിന് ശേഷമാണ് ജീവജാലങ്ങള്‍ കോശങ്ങള്‍കൊണ്ട് നിര്‍മ്മിതമാണ് എന്ന് മനസിലാക്കുന്നത്. ഈ സിദ്ധാന്തം അനുസരിച്ച് എല്ലാ ജീവജാലങ്ങളുടെയും പ്രവര്‍ത്തനവും ഘടനാപരവുമായ അടിസ്ഥാന ഘടകം ആണ് കോശങ്ങള്‍, എല്ലാ കോശങ്ങളും മുന്നെ ഉണ്ടായ കോശങ്ങളില്‍ നിന്നും മാത്രം ഉണ്ടാവുകയും ചെയ്യുന്നു.
പുതിയ കണ്ടുപിടിത്തം അനുസരിച്ച് നമ്മള്‍ കഴിക്കുന്ന ഭക്ഷണം, മാനസിക ആരോഗ്യം എന്തിന് നമ്മള്‍ കേള്‍ക്കുന്ന പാട്ടുകള്‍ വരെ ശരീരത്തിലെ ഓരോ കോശത്തിന്റെയും പ്രതിപ്രവര്‍ത്തനത്തെ ബാധിക്കുന്നു.
കോശവിഭജനത്തിനെ സഹായിക്കുന്ന ഓന്‍കോജീനിന്റെ പ്രവര്‍ത്തി അധികമായി വരുകയും അവ തടയുന്ന ട്യൂമര്‍ സപ്രസര്‍ ജീന്‍ പ്രവര്‍ത്തന രഹിതം ആകുമ്പോളാണ് വളര്‍ച്ചയും വിഭജനവും ക്രമാതീതം ആകുന്നത്. അടിസ്ഥാന പരമായി ഒരു കോശത്തില്‍ രണ്ടുതരം പ്രേരക ശക്തികള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. കോശ വിഭജനത്തെ സഹായിക്കുന്നവയും, കോശ സംയോഗത്തെ സഹായിക്കുന്നവയും. ഇവയുടെ സന്തുലിതാവസ്ഥയാണ് സ്വാഭാവികമായ കോശ പരിണാമത്തില്‍ സംഭവിക്കുന്നത്. എന്നാല്‍ വിഭജന ശക്തി ക്രമാതീതമായി വര്‍ദ്ധിക്കുമ്പോള്‍ അത് ശരീരത്തിന് ഹാനികരമാകുന്നു.
കോശ സിദ്ധാന്തം രൂപപ്പെടുന്നതിനും 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഭാരതത്തില്‍ നിലനിന്നിരുന്നതാണ് പരമാണു സിദ്ധാന്തം. ആയുര്‍വേദത്തില്‍ ചരക സംഹിത ചക്രപാണി വ്യാഖ്യാനത്തില്‍ പരമാണു സിദ്ധാന്തം വിവരിച്ചു കാണുന്നു. ‘ശരീര അവയവസ്തു പരമാണു ഭേദേന അപരി സംഖ്യേകേയ ഭവന്തി’, ശരീരം അപരി സംഖ്യങ്ങളായ പരമാണുക്കളെകൊണ്ട് ഉണ്ടാക്കിയിരിക്കുന്നു. അനേകം പരമാണുക്കളുടെ സംയോഗം കൊണ്ട് ശരീരം ഉണ്ടായിരിക്കുന്നു. ഈ പരമാണുക്കള്‍ ആകട്ടെ. ‘അതിബഹുത്യാദ്, അതിസൗക്ഷ്മ്യ, അതിഇന്ദ്രിയത്യാച്ച്’ എണ്ണത്തില്‍ വളരെ അധികവും അവയുടെ സൗക്ഷ്മ്യതകൊണ്ട് ഇന്ദ്രിയങ്ങള്‍ കൊണ്ട് അറിയാവുന്നതും അല്ല.
ചരക മതപ്രകാരം പരമാണുവിന് രണ്ടുതരം മാറ്റങ്ങള്‍ ആണ് ഉണ്ടാകുന്നത്. സംയോഗവും, വിഭാഗവും. അതില്‍ പരമാണുസംയോഗം കൊണ്ടു ശരീരം ആരംഭിക്കുന്നു. അഥവാ കെട്ടിപ്പടുന്നു. എന്നാല്‍ പരമാണു വിഭാഗം ആകട്ടെ ശരീരത്തിന് വിനാശ രൂപത്തെ ഉണ്ടാക്കുന്നു. ആധുനിക കോശ സിദ്ധാന്തത്തില്‍ 2 പ്രേരക ശക്തികള്‍ പ്രവര്‍ത്തിക്കുന്നത് പോലെ, പരമാണുക്കളിലും 2 ശക്തികള്‍ പ്രവര്‍ത്തിക്കുന്നു. ഇവയുടെ സന്തുലിതാവസ്ഥ ശരീരം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
വിഭജന കാരണം
ആധുനിക ശാസ്ത്രത്തില്‍ അര്‍ബുദം ഉണ്ടാകുന്നതിന് കാരണമായ കോശ വിഭജന പ്രക്രിയക്ക് അനേകം ഹേതുക്കള്‍ പറയുന്നു. ഇവയെ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു.
- പരിസ്ഥിതി സംബന്ധമായവ (എന്‍വയോണ്‍മെന്റല്‍) (95%)
- ജനിതക സംബന്ധമായവ (ജെനറ്റിക്ക് ഫാക്ടേര്‍സ്) (5 മുതല്‍ 10 ശതമാനം വരെ)
പരിസ്ഥിതി സംബന്ധമായവ – ഇതില്‍ അന്തരീക്ഷ മലിനീകരണം മാത്രമല്ല ആഹാരം, വിഹാരം, റേഡിയേഷന്‍ തുടങ്ങിയവ എല്ലാം ഉള്‍പ്പെടുന്നു.
ജനിതകമായും പാരമ്പര്യമായും ചില അര്‍ബുദങ്ങള്‍ കാണപ്പെടുന്നു. സ്തനാര്‍ബുദം (ബിആര്‍സിഎ1, ബിആര്‍സിഎ2) തുടങ്ങിയവയും വന്‍കുടലിലും മലാശയത്തിലും വരുന്ന പോളിപ്പുകള്‍ കൊണ്ടുണ്ടാവുന്ന അര്‍ബുദങ്ങളും ഇവയില്‍ പെടുന്നു.
ആയുര്‍വേദ മതാനുസരണം പരമാണു സംയോഗത്തിനും വിഭാഗത്തിനും 3 കാരണങ്ങള്‍ പറയുന്നു.
വായു
ഇവിടെ വായു എന്നത് അന്തരീക്ഷവായുവോ നമ്മള്‍ ശ്വസിക്കുന്നതോ അല്ല. ചലനാത്മകമായത് വായു പ്രേരിതമായിരിക്കും എന്നതാണ്.
ഏതൊരു സ്ഥായിയായ വസ്തുവും ചലനാത്മമാവാനുള്ള പ്രേരക ശക്തിയെ വായു എന്ന് ഉദ്ദേശിക്കുന്നു. അതുകൊണ്ട് തന്നെ പരമാണുക്കളുടെ ചലനം വായു പ്രേരിതമായിരിക്കും. ഒരു കല്ല് ഉരുളുമ്പോള്‍ ആധുനിക ശാസ്ത്രത്തില്‍ പറയുന്ന കൈനറ്റിക്ക് എനര്‍ജി എന്നതുപോലെ ആയുര്‍വേദ ശാസ്ത്ര പ്രകാരം വായു പ്രേരക ശക്തിയായി നിലകൊള്ളുന്നു.
കര്‍മ്മം
കര്‍മ്മത്തെ രണ്ടായി തിരിക്കാം, പൂര്‍വ്വജന്മ കൃതം എന്നും ഇഹലോകജം എന്നും. പൂര്‍വ്വ ജന്മത്തെ കുറിച്ചു ഇവിടെ പ്രതിപാദിക്കുന്നില്ല. ഇഹലോകജമായ കര്‍മ്മം വീണ്ടും രണ്ടായി തിരിക്കാം.
ശാരീരികം, മാനസികം
ശാരീരികവും മാനസികവുമായി നമ്മള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും അവ നല്ലതോ ചീത്തയോ ആയിക്കോട്ടെ അവ പരമാണു സ്വഭാവത്തെ സ്വാധീനിക്കുന്നു.
സ്വഭാവം എന്നതിന് ‘പ്രകൃതി’യെന്ന് അര്‍ത്ഥം പറയുന്നു, ‘സ്വഭാവോ നിഷ്പ്രതിക്രിയ’ ഒരു മനുഷ്യന് ജന്മനാകിട്ടുന്ന പ്രകൃതിയെ സ്വഭാവം എന്ന് പറയാം. ജനിതകമായി ലഭിക്കുന്നതും മാറ്റം വരാത്തതിനെയും സ്വഭാവം എന്ന് വിശേഷിപ്പിക്കാം. നമ്മുടെ പാരമ്പര്യഘടന ശരീര സ്വഭാവത്തില്‍ വലിയ സ്ഥാനം വഹിക്കുന്നു. അതുപോലെ അവ പരമാണു ഘടനയെയും സ്വാധീനിക്കുന്നു.
അര്‍ബുദ വര്‍ഗ്ഗീകരണം
അര്‍ബുദം യഥാര്‍ത്ഥത്തില്‍ അവഗാഢമായ വ്യാപ്തിയുള്ള ഒരു ഗ്രന്ഥിയാണ്. ഗ്രന്ഥിക്കും അര്‍ബുദത്തിനും തമ്മില്‍ പല ബന്ധങ്ങളുമുണ്ട്. ഗ്രന്ഥിയെ ‘ബിനൈന്‍ ട്രൂമര്‍’ എന്നും അര്‍ബുദത്തെ ‘മാലിഗ്നന്റ ടൂമര്‍’ എന്നും വ്യവഹരിക്കാറുണ്ട്. ഗ്രന്ഥിയും അര്‍ബുദവുമായുള്ള പ്രധാന വ്യത്യാസം ഗ്രന്ഥി പ്രാദേശികമായിത്തന്നെ നിലകൊള്ളുകയും ഇതരാവയവങ്ങളിലോട്ടു വ്യാപിക്കാതിരിക്കുകയും ചെയ്യും. ചിലപ്പോള്‍ ഗ്രന്ഥിയില്‍ അര്‍ബുദ തുല്യമായ പരിണാമം വന്നുവെന്നുംവരാം.
അര്‍ബുദം വര്‍ഗ്ഗീകരിച്ചിരിക്കുന്നത് അവ ഉണ്ടാക്കുന്ന കോശ വര്‍ഗ്ഗത്തെ അടിസ്ഥാനപ്പെടുത്തിയാണ്.
കാര്‍സിനോമ- എപിതീലിയല്‍ കോശങ്ങളില്‍ നിന്നും ഉണ്ടാകുന്നവ
ഉദാ – സ്തനം, ശ്വാസകോശം, വന്‍കുടല്‍
സാര്‍കോമ – മീസന്‍ കൈമല്‍ കോശങ്ങളില്‍ നിന്നും ഉണ്ടാകുന്നവ (കണക്ടീവ് ടിഷ്യൂ)
ഉദാ: അസ്ഥി, തരുണാസ്ഥി, നാഡി
ലിംഫോമ & ലുകീമിയ – രക്തകോശങ്ങളില്‍ ഉണ്ടാകുന്നവ
ജെം സെല്‍ ട്യൂമര്‍ – അണ്ഡാശയം, വൃഷണങ്ങള്‍ എന്നിവടങ്ങളില്‍ ഉണ്ടാകുന്നവ
ബ്ലാസ്‌റ്റോമ – ഭ്രൂണകോശങ്ങളില്‍ വരുന്നവ
ഇങ്ങനെ പലസ്ഥാനങ്ങളില്‍ മ്യൂട്ടേഷന്‍ നിമിത്തം കോശ വിഭജനം സംഭവിച്ച് മുഴകള്‍ ഉണ്ടാകുന്നു. അങ്ങനെ ഉണ്ടാകുന്ന മുഴകളെ അര്‍ബുദമായി കണക്കാക്കണമെങ്കില്‍ അവയ്ക്ക് ഇനി പറയുന്ന സ്വഭാവം ഉണ്ടായിരിക്കണം.
- കോശങ്ങള്‍ക്ക് അനിയന്ത്രിത വളര്‍ച്ചയും വിഭജനവും
- സ്വഭാവിക കോശ മരണം (സെക്യുലര്‍ അപോടോസസ്) നിലക്കുന്നു
- കോശ വിഭജനം അനന്തമാകുന്നു..
- പുതിയ രക്തക്കുഴലുകള്‍ ഉണ്ടാവുക (ആന്‍ജിയോ ജനസിസ്).
- മറ്റു സ്ഥലങ്ങളില്‍ വ്യാപിക്കുക (മെറ്റാസ്റ്റാസിസ്)
ഭേദഗതി വരുത്താവുന്ന അപായ ഹേതുക്കള്‍
ലോകത്തു ഏറ്റവും കൂടുതല്‍ മരണകാരണമാകുന്ന നാലു അര്‍ബുദങ്ങളാണ് ശ്വാസകോശം, ആമാശയം, കരള്‍, വന്‍കുടല്‍ എന്നിവയില്‍ ഉണ്ടാകുന്നവ. ഇതില്‍ ഏറ്റവും അപകടകാരിയായി നില്‍ക്കുന്നത് ശ്വാസകോശ അര്‍ബുദം ആണ്. എന്നാല്‍ ഈ പറഞ്ഞ എല്ലാ അര്‍ബുദങ്ങളും ഉണ്ടാകുന്നത് പ്രധാനമായും 9 കാരണങ്ങള്‍ പറഞ്ഞിരിക്കുന്നു. ഇവ ജീവിത ശൈലിയില്‍ ഭേദഗതി വരുത്തിയാല്‍ ഒരുപരിധിവരെ അകാലജമായ അര്‍ബുദ ബാധയ്ക്ക് തടയിടാന്‍ സാധിക്കും.
- പുകവലി
- മദ്യപാനം
- അമിതവണ്ണം
- വ്യായാമംകുറവ്
- ആഹാരത്തിലെ പഴങ്ങളുടെയും പച്ചക്കറികളുടെയും കുറവ്
- ഭദ്രമല്ലാത്ത ലൈംഗികത
- അന്തരീക്ഷ മലിനീകരണം
- വീടിനുള്ളിലെ മലിനീകരണം
- അണുബാധിതമായ കുത്തിവെപ്പുകള്‍
ഈ കാര്യങ്ങളില്‍ മാറ്റം വരുത്തിയാല്‍ ഒരു പരിധി വരെ അകാലജമായി വരുന്ന അര്‍ബുദങ്ങള്‍ക്ക് തടയിടാന്‍ സാധിക്കും, എന്നിരുന്നാലും പ്രശസ്തമായ മാസ്സച്യുസെറ്റസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ കാന്‍സര്‍ റിസര്‍ച്ചര്‍ ആയ റോബര്‍ട്ട് എ വയന്‍ബെര്‍ഗിന്റെ വാക്കുകള്‍ ഓര്‍ക്കുന്നു. ‘നമുക്ക് ആയുസ്സ് ഉണ്ടെങ്കില്‍ ഉടനയോ ഭാവിയില്‍ എന്നെങ്കിലുമോ നമ്മള്‍ക്കെല്ലാവര്‍ക്കും കാന്‍സര്‍ വരും.’
ആഹാരം എന്ന ഔഷധം
മലയാളികളില്‍ അര്‍ബുദം മാത്രമല്ല, പ്രമേഹം, ഹൃദ്രോഗം തുടങ്ങി ഇന്നു സമൂഹത്തില്‍ പ്രധാനമായും വര്‍ധിച്ചു വരുന്ന എല്ലാ രോഗങ്ങളുടെയും മൂല കാരണം നമ്മുടെ കുത്തഴിഞ്ഞ ആഹാര-ജീവിത ശൈലികളാണ്. ‘പ്രിവന്‍ഷന്‍ ഈസ് ബെറ്റര്‍ ദാന്‍ ക്യുര്‍’ എന്ന ആങ്കലേയ പഴമൊഴി വളരെ അര്‍ത്ഥവത്താണ്, ആയുര്‍വേദത്തില്‍ ചികിത്സയുടെ നിര്‍വചനം പറയുമ്പോള്‍ ‘നിദാന പരിവര്‍ജ്ജനം ചികിത്സ’ ഏതൊന്ന് രോഗ കാരണം ആയി നിലകൊള്ളുന്നുവോ അതിനെ വര്‍ജിക്കുക എന്നതാണ് ആദ്യത്തെ ചികിത്സ. കശ്യപ സംഹിതയില്‍ ആഹാരത്തെ ‘മഹാഭൈഷജ്യം’ എന്നു പറഞ്ഞിരിക്കുന്നു. ശരീരത്തിന്റെ സ്വാഭാവിക സ്ഥിതിക്ക് കാരണം ആഹാരം എന്ന് പറഞ്ഞിരിക്കുന്നു-അവയില്‍ പ്രശ്‌നം ഉണ്ടാക്കുന്നവ:
ഗോതമ്പ്, മൈദ
പണ്ട് കാലത്ത് ചോറ്, കപ്പ, കിഴങ്ങു വര്‍ഗ്ഗങ്ങള്‍ എന്നിവയായിരുന്നു കേരളീയന്റെ പ്രധാന കാര്‍ബോഹൈഡ്രേറ്റ് കലവറ. എന്നാല്‍ ഡയബെറ്റിക്ക് ഡയറ്റ് എന്ന പേരിലും വണ്ണം കുറയ്ക്കാനുമായി മലയാളിയെ കൊണ്ട് ഗോതമ്പു തീറ്റിച്ചു തുടങ്ങിയതിന്റെ പ്രധാന ഉത്തരവാദിത്വം ഡോക്ടര്‍മാര്‍ക്ക് തന്നെയാണ്. എന്നാല്‍ പ്രമേഹം, ഹൈപോ തൈയ്‌റോയ്ഡ്‌സ് തുടങ്ങിയ പല രോഗങ്ങളെ വരുത്താനും അവയുടെ രോഗഗതി കൂട്ടാനും ഗോതമ്പിനും മൈദയ്ക്കും വലിയ പങ്ക് ഉണ്ട്.
ഗോതമ്പ്, മൈദ, റവ തുടങ്ങിയ സംസ്‌കരിച്ച ധാന്യങ്ങളില്‍ കാണുന്ന ഒരു ഘടകം ആണ് ‘ഗ്ലൂട്ടന്‍’ ഇവ ആകട്ടെ മദ്യത്തില്‍ ലയിക്കുന്നതും എന്നാല്‍ ചെറുകുടലില്‍ വലിച്ചെടുക്കാത്തവയും ആണ്. ഇവ ശരീരത്തില്‍ വിഷാംശം പോലെ നിലകൊള്ളുകയും ഇതിനു എതിരായി ശരീരം പ്രതികരിക്കുകയും ഇവയ്ക്ക് എതിരെ ഉള്ള ആന്റി ബോഡീസ് പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഇവ മലബന്ധം, വയര്‍ എരിച്ചില്‍, ഗ്രാസ്രൈറ്റിസ്, അധികം തവണ മലം പോകുക, മലത്തിന് നിറവ്യത്യാസം വരുത്തുക തുടങ്ങിയ ലക്ഷണങ്ങള്‍ പല ആള്‍ക്കാരിലും കാണിക്കുന്നു. ഗ്യാസ് ആണെന്ന് പറഞ്ഞ് പല പ്രമേഹരോഗികളും വര്‍ഷങ്ങളോളം രാത്രി ഗോതമ്പ് കഴിച്ച് സ്വയം കലവറ ഒരുക്കുന്നു.
ഭക്ഷണം എന്നത് ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ്. മലയാളികളില്‍ പലര്‍ക്കും മൈദ, ഗോതമ്പ് കഴിച്ചാല്‍ ഈ പ്രശ്‌നം കാണുന്നു അവര്‍ ഒരു ‘റാന്റാക്’ കഴിച്ച് ആശ്വാസം നേടുന്നു. ചിലപ്പോള്‍ യാതൊരു ലക്ഷണങ്ങളും കൂടാതെ ഈ പ്രശ്‌നം നിലകൊള്ളാം. വളരെ വൈകി ചിലപ്പോള്‍ ‘സീലിയക് ഡിസീസ്’ എന്നോ ‘ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം’ എന്ന ഓമന പേരില്‍ വിളിച്ച് പലരും കേട്ടുകാണും. കാലക്രമേണ അവ ആമാശയം, വന്‍കുടല്‍, ചെറുകുടല്‍ തുടങ്ങിയവയില്‍ മാത്രം അല്ല. ശരീരത്തില്‍ എവിടെയും അര്‍ബുദം രൂപപ്പെടാന്‍ ഉള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഡയബെറ്റിക് ഡയറ്റ് തുടങ്ങിയവ വ്യക്തി അധിഷ്ഠിതമായി ചെയ്യേണ്ടതാണ്. ഓരോരുത്തര്‍ക്കും അവരുടെ ശരീര പ്രകൃതി സാത്മ്യത്തിനു ഉത കുന്ന ഭക്ഷണക്രമം വേണം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കേണ്ടത്. എല്ലാവരും രാത്രി ‘ചപ്പാത്തി’ കഴിക്കു എന്ന മണ്ടന്‍ നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കേണ്ടതും ഗ്യാസ് ആണെന്നു പറഞ്ഞ് ഗുളിക വിഴുങ്ങിക്കുന്നതും മലയാളി ഡോക്ടര്‍മാര്‍ നിര്‍ത്തേണ്ട കാലം അതിക്രമിച്ചു.
മാംസം
മാംസഭക്ഷണം പ്രത്യേകിച്ചു റെഡ്മീറ്റ് വിഭാഗത്തില്‍ പെടുന്ന ബീഫ്, മട്ടന്‍, പോര്‍ക്ക് തുടങ്ങിയവ നേരത്തെ പറഞ്ഞ മൈദ തുടങ്ങിയവയ്ക്ക് തുല്യമായതോ അതിലേറയൊ പ്രശ്‌നം ഉണ്ടാക്കുന്നു. ഇതിന് പ്രധാന കാരണം ഇവ ദഹിക്കാന്‍ വളരെ അധികം സമയം വേണം എന്നതാണ്. മാംസ ഭുക്കുകളായ മൃഗങ്ങളില്‍ അവയുടെ ദഹനപ്രക്രിയക്ക് അവശ്യമായ ഹൈഡ്രോക്ലോറിക് ആസിഡ് വയറില്‍ ഉല്‍പ്പാദിപ്പിക്കുന്നു. അവ ദഹിക്കുകയും ചെയ്യുന്നു.
എന്നാല്‍ ഇതുമാത്രമല്ല പ്രശ്‌നം, റെഡ്മീറ്റിനെ തികച്ചും അപകടകാരി ആക്കുന്നത് അവയില്‍ കണ്ടുവരുന്ന ‘ന്യൂ5ജിസി’ എന്ന ഘടകമാണ്. മൃഗങ്ങളില്‍ ഈ ഘടകം അവരുടെ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നു അതിനാല്‍ തന്നെ അവ ഹാനികാരകം അല്ലാതെ നിലകൊള്ളുന്നു. മനുഷ്യനില്‍ ‘ന്യൂ5 ജിസി’ ശരീരം ഉല്‍പ്പാദിപ്പിക്കുന്നതല്ല. ഇവയെ ശരീരം വിഷാംശം ആയി കാണുകയും ആന്റി ബോഡികള്‍ അവയ്ക്ക് എതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ശരീരത്തില്‍ ക്രോണിക് ഇംഫ്‌ലമേഷന്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇങ്ങനെ അവ ശരീരത്തില്‍ അര്‍ബുദം, പ്രമേഹം, വാതരോഗങ്ങള്‍ തുടങ്ങിയവയ്ക്ക് കാരണമാകുന്നു. രക്താര്‍ശസ്സ്, മലബന്ധം തുടങ്ങിയ രോഗവ്യാപ്തി കൂട്ടുകയും ചെയ്യുന്നു. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍, മോളിക്യുലര്‍ മെഡിസിന്‍ വിഭാഗത്തില്‍ നടത്തിയ ഗേവഷണ പഠനത്തില്‍ ‘ന്യൂ5ജിസി’ എലികളില്‍ അര്‍ബുദ വളര്‍ച്ച സ്ഥിരീകരിച്ചിരിക്കുന്നു.
മദ്യം
മദ്യത്തിന്റെ ഉപയോഗവും അത് ശരീരത്തില്‍ വരുത്തുന്ന ദോഷങ്ങളും നിത്യ സന്ദേശമായി കേള്‍ക്കുന്നതുകൊണ്ട് കൂടുതല്‍ വിവരിക്കുന്നില്ല. അമിതമായി ഉള്ള മദ്യ ഉപയോഗം മാത്രം അല്ല പ്രശ്‌നം ഉണ്ടാക്കുന്നത്. മദ്യത്തിന്റെ കൂടെ കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. മദ്യത്തിന്റെ കൂടെയുള്ള റെഡ്മീറ്റ് ഉപയോഗവും മൈദ ഉപയോഗവും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. ഇവ മൂന്നും പ്രധാനമായും പറയാന്‍ കാരണം നമ്മള്‍ സമൂഹത്തില്‍ നോക്കിയാല്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ ഒരുമിച്ച് കഴിക്കുന്നത് പറോട്ട, ബീഫ്, മദ്യം എന്ന അതീവ രുചിയുള്ളതും എന്നാല്‍ പരമാര്‍ത്ഥത്തില്‍ വിഷ തുല്യം ആയ കൂട്ടുകെട്ടാണ്. ഇവ മൂന്നിനും മറ്റൊരു സ്വഭാവം കൂടിയുണ്ട്. അതാണ് ഇവയെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. മനുഷ്യരില്‍ മദ്യം പോലെ തന്നെ, ആസക്തിക്ക് അടിമത്വം ഉണ്ടാക്കുന്നവയാണ് റെഡ്മീറ്റും, മൈദയും.
ആനന്ദം ജനിപ്പിക്കുന്ന ഹോര്‍മോണായ ഡോപമീന്‍ ഇവയുടെ ഉപയോഗത്തില്‍ നിന്നും ലഭിക്കുന്നു. അതിനാല്‍ ഉപയോഗിക്കുന്നവര്‍ക്ക് ആനന്ദജനകവും വീണ്ടും കിട്ടണമെന്ന ആസക്തിയും ഉണ്ടാകുന്നു സെക്‌സില്‍ നിന്നും ഇതേ അനുഭൂതിയാണ് ജനിക്കുന്നത്. ആണുങ്ങള്‍ക്ക് ആസക്തി മദ്യത്തോടാണെങ്കില്‍ പെണ്ണുങ്ങള്‍ക്ക് ആസക്തിയും അടിമത്തവും മൈദ, ചോക്ലേറ്റ്, ബര്‍ഗര്‍, പീസ്സ തുടങ്ങിയ ലഹരി വസ്തുക്കളോടാണ്. പല ചോക്ലേറ്റുകളിലും ഗ്ലൂട്ടന്‍ ഒരു ഘടകമായി നിലകൊള്ളുന്നു അങ്ങനെ ഉള്ളവ കൂടുതല്‍ അപകടകാരികള്‍ ആകുന്നു. വേഫേഴ്‌സ് തുടങ്ങിയവ ഇതിന് ഉദാഹരണമായി പറയാം സാധാരണ ബ്ലാക്ക് ചോക്ലേറ്റിലും സ്വാദിനുവേണ്ടി ഗ്ലൂട്ടന്‍ ചേര്‍ത്തിരിക്കുന്നു. ഇവയുടെ ഉപയോഗം മൂലമാണ് പെണ്‍കുട്ടികളില്‍ അണ്ഡാശയ അര്‍ബുദം, സ്തനാര്‍ബുദം തുടങ്ങിയവ കേരളത്തില്‍ ക്രമാതീതമായി വര്‍ധിക്കുന്നത്.
മൈദ (ഗ്ലൂട്ടന്‍ അടങ്ങിയ ധാന്യങ്ങള്‍), റെഡ്മീറ്റ്, മദ്യം ഇവ കേരളീയന്റെ അര്‍ബുദ സാധ്യതയുടെ ‘ത്രിസ്തൂണ’ങ്ങള്‍ ആയിതന്നെ കാണാം. വിരാട് കോഹ്ലി, എം എസ് ധോണി തുടങ്ങിയ കളിക്കാരും ലോകോത്തര കായിക താരങ്ങള്‍ എല്ലാം ഇന്ന് ‘ഗ്ലൂട്ടന്‍ ഫ്രീ’ ഡയറ്റ് ആണ് ഉപയോഗിക്കുന്നത്. ‘ഗ്ലൂട്ടന്‍’ അടങ്ങിയ ഭക്ഷണം കായിക ക്ഷമത കുറയ്ക്കും എന്നതാണ് കാരണം. ലോക പ്രശസ്തമായ ‘വിംബിള്‍ഡണ്‍ ടെന്നീസ്സ് ച്യാമ്പ്യന്‍ഷിപ്പില്‍ ഇപ്പോള്‍ ‘ഗ്ലൂട്ടന്‍ ഫ്രീ’ ഭക്ഷണം മാത്രമേ എല്ലാവര്‍ക്കും വിളമ്പാറുള്ളു എന്നത് ശ്രദ്ധേയമാണ്. അഭ്യസ്ഥവിദ്യനായ മലയാളി ഏതോ കേട്ടറിവിന്റെ പേരില്‍ ഇന്നും രാത്രി ‘ചപ്പാത്തി’ കഴിച്ചു കാലം തീര്‍ക്കുന്നു.
കാന്‍സറിന്റെ സാധ്യസാധ്യത്വം
മറ്റു രോഗങ്ങളെ അപേക്ഷിച്ച് അര്‍ബുദത്തില്‍ സാധ്യസാധ്യത അറിയുന്നത്, ചികിത്സ നിശ്ചയിക്കുന്നതിനും, രോഗ ഗതി അറിയുന്നതിനും വളരെ പ്രധാനമാണ്. കാന്‍സര്‍ പ്രോഗ്നോസിസ് തന്നെയാണ് ഈ രോഗത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനമായ ഘട്ടം, ശസ്ത്രക്രിയ ചെയ്യണോ വേണ്ടയോ, ചികിത്സാരീതി ക്യൂറേറ്റീവ് വേണോ അതോ സാന്ത്വത ചികിത്സയിലേക്ക് മാറണോ എന്നൊക്കെ നിശ്ചയിക്കുന്ന പ്രധാന ഘട്ടം. സാമാന്യമായി ഉപയോഗിച്ചുവരുന്ന ചില ഘടകങ്ങള്‍ കുറിക്കുന്നു.
പ്രായം
ഏറ്റവും പ്രാധാന്യമുള്ള ഘടകം രോഗിയുടെ പ്രായം തന്നെയാണ്, പ്രായാധിക്യം അനുസരിച്ച് രോഗശമന സാധ്യത കുറയുകയും സാന്ത്വന ചികിത്സ ആവശ്യമായി വരുകയും ചെയ്യും.
ആരോഗ്യം
രോഗിയുടെ ആരോഗ്യം അര്‍ബുദ ചികിത്സയില്‍ ഏറെ പ്രാധാന്യമുള്ള ഘടകമാണ്. പ്രമേഹം, വാതരക്തം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ അനുബന്ധമായി കാണുന്ന അര്‍ബുദ രോഗികള്‍ക്ക് ചികിത്സ ഫലിക്കാനും രോഗശമന കാലയളവ് കുറയാനും ഉള്ള സാധ്യത വര്‍ധിക്കുന്നു. സുശ്രൂതാചാര്യന്‍ ഗ്രന്ഥി-അര്‍ബുദ ചികിത്സ തുടങ്ങുന്നതു തന്നെ ‘രക്ഷേദ്ബലം ചാപി നരസ്യ നിത്യം’ നീ അര്‍ബുദ രോഗിയുടെ ബലത്തെ രക്ഷിച്ചു കൊള്ളണം എന്നാണ് പറയുന്നത്.
സ്റ്റേജിംഗ്
അര്‍ബുദം ശരീരത്തില്‍ ഉണ്ടായതിന്റെയും അത് എത്രത്തോളം വ്യാപിച്ചു എന്ന് അറിയുന്ന
തിനും ഉപയോഗിക്കുന്ന നടപടിക്രമമാണ് സ്റ്റേജിംഗ്. സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍ തുടങ്ങിയവ ഉപയോഗിച്ച് നടത്തുന്നതിനെ ക്ലിനിക്കല്‍ സ്റ്റേജിംഗ് എന്നും ശസ്ത്രക്രിയ മുഖേന നേരിട്ട് കണ്ടറിഞ്ഞു ചെയ്യുന്നവയെ ‘പതോളജിക്കല്‍ സ്‌റ്റേജിംഗ്’ എന്നും വിശേഷിപ്പിക്കാം. ഇവയില്‍ ശസ്ത്രക്രിയക്ക് ശേഷം ഉള്ള ബയോപ്‌സി, ഹിസ്റ്റോളജി എല്ലാം ഉള്‍പ്പെടുന്നു.
ഇന്ന് ഏറ്റവും അധികം ഉപയോഗിച്ചു വരുന്നത് ടിഎന്‍എം സ്‌റ്റേജിംഗ് ആണ്. ഇതു കൂടാതെ ഡ്യൂക്ക്‌സ് സ്‌റ്റേജിംഗ് (വന്‍കുടല്‍ അര്‍ബുദം) എഫ്‌ഐജിഒ സ്റ്റേജിംഗ് (ഗൈനക്കോളജി) ആന്‍ ആര്‍ബര്‍ സ്‌റ്റേജിംഗ് (ഹോഡ്ജ്ജിന്‍ ലിംഫോമ) തുടങ്ങിയവ ഉപയോഗിച്ച് വരുന്നു.
- സ്‌റ്റേജിംഗില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്
- അര്‍ബുദം ഉണ്ടായ സ്ഥലം
- അര്‍ബുദത്തിന്റെ പ്രമാണം
- രസഗ്രന്ഥി വീക്കം ഉണ്ടെങ്കില്‍ എത്രയെണ്ണം (ലിംഫ് നോട്)
- പുറമെയുള്ള ഭാഗത്തേക്കോ മറ്റു അവയവങ്ങളിലേക്കോ പടര്‍ന്നിട്ടുണ്ടോ (മെറ്റാസ്റ്റാറ്റിസ്)
ഇവയൊക്കെയാണ് പ്രധാനമായി ഉപയോഗിച്ചിരുന്നവ. ഇന്ന് അര്‍ബുദ ചികിത്സ കൂടുതല്‍ വ്യക്തി അധിഷ്ഠിധമാണ്. ക്രോമോസോമല്‍ വ്യതിയാനങ്ങള്‍ കണ്ടെത്തുക പ്രശസ്തമായ ‘ഫിലസെല്‍ഫിയ ക്രോമോസോമല്‍’ വ്യതിയാനം മൂലം ഉണ്ടായിട്ടുള്ള ക്രോണിക്ക് മയലോഡ് ലൂക്കിമിയ ഇതിന് ഒരുദാഹരണം മാത്രം. ഇന്ന് കാന്‍സര്‍ സ്‌റ്റേജിംഗ് & പ്രോഗ്നോസിസ് ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് ജനിതക വൈകല്യങ്ങള്‍ കണ്ടെത്താനും അതുപോലെ തന്നെ കോശങ്ങളുടെ സ്വഭാവം, പ്രമാണം എന്നിവ അറിയുക എന്നതിലുമാണ്. ശ്വാസകോശ അര്‍ബുദത്തെ സ്മാള്‍ സെല്‍ കാന്‍സിനോമ എന്ന കോശ അര്‍ബുദവും നോണ്‍ സ്മാള്‍ സെല്‍ കാര്‍സിനോമ എന്നും തിരിച്ചിരിക്കുന്ന ഇവയെ വീണ്ടും വിഭജിച്ചിട്ടുണ്ടെങ്കിലും ചികിത്സയുടെ സൗകര്യത്തിന് ഇങ്ങനെ എടുക്കുന്നു. ആദ്യത്തേത് വളരെ അപകടകാരിയും പെട്ടെന്ന് മരണത്തെ ഉണ്ടാക്കുന്നതാണ്. ഈ തിരിച്ചറിവ് നേരത്തെ ലഭിക്കുന്നതിന് ഹിസ്റ്റോളജിക് സ്‌റ്റേജിംഗ് നിര്‍ബന്ധമാണ്.
സുശ്രുത ആചാര്യന്‍ 4000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിപുലമായിത്തന്നെ അര്‍ബുദ സാധ്യസാധ്യത വര്‍ണ്ണിച്ചിരിക്കുന്നു. ഇന്നത്തെ ആധുനിക ശാസ്ത്രം അനുശാസിക്കുന്നതും ഉപയോഗിച്ചുവരുന്ന സ്‌റ്റേജിംഗ് സിസ്റ്റം അന്നുകാലത്ത് ഫലപ്രദമായി എങ്ങനെ ഉപയോഗിച്ചിരുന്നു എന്നതിന് ഉത്തമ തെളിവാണ് ഈ വിവരണം. ഒരിടത്ത് വരുന്ന അര്‍ബുദം പരിണമിച്ച് മറ്റൊരിടത്ത് സെക്കണ്ടറി ഉണ്ടാക്കുന്നു എന്ന് ആധുനിക ശാസ്ത്രം കണ്ടുപിടിച്ചിട്ട് അര നൂറ്റാണ്ടാകുന്നതെയുള്ളു എന്നാല്‍ സുശ്രുതന്‍ ഈ പ്രക്രിയയെ കുറിച്ചും അന്നു വിവരിച്ചിരിക്കുന്നത് അതിശയകരമാണ്. അസാധ്യമായ അര്‍ബുദത്തെ വിവരിക്കുമ്പോള്‍ പറയുന്നത്.
- വ്രണാദികളെക്കൊണ്ട് സ്രാവത്തോടു കൂടിയതും
- മര്‍മ്മ സ്ഥാനങ്ങളില്‍ ഉണ്ടായത്, ഗുദം, വസ്തി തുടങ്ങിയവ ആയുര്‍വേദത്തില്‍ മര്‍മ്മ സ്ഥാനങ്ങളാണ്.
- സ്രോതസുകളില്‍ വ്യാപിച്ചതും
- ‘അചാല്യം’ ആയി ഇരിക്കുന്നത്, അര്‍ബുദത്തില്‍ കാലക്രമംകൊണ്ട് അശ്മ സദൃശമായി മൂലഭാഗത്തുവന്നു ചേരുന്ന ഉറപ്പിനെ വ്യക്തമാക്കുന്നു. ആധുനികര്‍ ഫിക്‌സിറ്റി എന്നാണ് പറയുന്നത്.
- മുന്‍പുണ്ടായിരുന്ന അര്‍ബുദ സ്ഥാനത്ത് വീണ്ടും ഉണ്ടാകുന്നത്. ‘അത്യര്‍ബുദം’ എന്ന് പറയുന്നു.
- രണ്ടു സ്ഥാനങ്ങളില്‍ ഒരേ സമയത്ത് ഉണ്ടാകുന്നത് ‘ദ്വന്ദ്വ’ അര്‍ബുദം
- ഒന്നിനു പുറകേ ഒന്നായി കാണപ്പെടുന്നത് ‘ദ്വിരര്‍ബുദം’
ഇതില്‍ ‘അചാല്യത’, അത്യര്‍ബുദം, ദ്വന്ദ്വര്‍ബുദം, ദ്വിരര്‍ബുദം എന്ന് പറഞ്ഞിരിക്കുന്നത് വളരെ അതിശയം ജനിപ്പിക്കുന്നതാണ്. ഒരര്‍ബുദം ഉണ്ടായിട്ട് അതിന് പുറമെ പിന്നീട് ഉണ്ടാകുന്നതിനെ ആണ് ആധുനിക ശാസ്ത്രം ‘സെക്കണ്ടറീസ്’ എന്ന് പറയുന്നത്. സ്തനങ്ങളില്‍ അര്‍ബുദം ഉണ്ടായതിന് ശേഷം കരളില്‍ സെക്കണ്ടറീസ് ഉണ്ടാകുന്നു ഈ പ്രക്രിയയെ ആണ് ദ്വിരര്‍ബുദം ആയി പറഞ്ഞിരിക്കുന്നത്. ഈ ലക്ഷണങ്ങള്‍ കാണിക്കുന്നവ അസാദ്ധ്യം ആയി പറഞ്ഞിരിക്കുന്നു. ഇത്ര വിശദമായ വിവരണം 4000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്തു എന്നത് തന്നെ ഇന്ന് പ്രവചനാതീതമാണ്.
ആധുനിക അര്‍ബുദ ചരിത്രത്തില്‍ കാന്‍സറിനെക്കുറിച്ചുള്ള ആദ്യ റെക്കോര്‍ഡ് 1600 ബിസിയില്‍ എസ്പിന്‍ സ്മിത് പപൈറസ് എന്ന ഇജിപ്ഷ്യന്‍ ഗ്രന്ഥത്തില്‍ സ്തനാര്‍ബുദം പറയുന്നു എന്നതാണ്. പിന്നീട് ഹിപ്പൊക്രാറ്റസ് 460 ബിസി ‘കാര്‍കിനോസ്’ എന്ന് വിശേഷിച്ചുകാണുന്നു എന്നാല്‍ ‘കര്‍കിനോസ്’ എന്ന ഗ്രീക്ക് വാക്കില്‍ നിന്നും തര്‍ജ്ജമ ചെയ്ത് ‘കാന്‍സര്‍’ എന്ന ലാറ്റിന്‍ ഓമനപ്പേര് നല്കിയത് ‘സെല്‍സസ്’ ആണ്. ഇതിനൊക്കെ 1000 വര്‍ഷം മുമ്പ് ഭാരതീയ വൈദ്യശാസ്ത്രജ്ഞന്‍മാര്‍ വിശദവിവരണം നടത്തുകയും അവ രേഖപ്പെടുത്തുകയും ചെയ്തു എന്നതാണ് സത്യം. ‘കാന്‍സര്‍’ ലോകം അറിയുന്നത് ‘സെല്‍സസ്’ പറഞ്ഞിട്ടെങ്കില്‍ അതിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അര്‍ബുദത്തെ ഭാരതീയര്‍ അറിഞ്ഞിരുന്നു.
രിഷ്ട വിജ്ഞാനം
രിഷ്ടം എന്നത് മൃത്യുലക്ഷണത്തെ സൂചിപ്പിക്കുന്നു. ഒരാള്‍ക്ക് മരണം സംഭവിക്കുന്നതിന് മുമ്പ് കാണിക്കുന്ന ലക്ഷണങ്ങളെയാണ് ഇവയില്‍ സൂചിപ്പിക്കുന്നത്. ആയുര്‍വേദ ചികിത്സയില്‍ വളരെ പ്രധാനമായ ഒന്നാണ് ഇത്. എല്ലായ്‌പ്പോഴും രിഷ്ഠഭേദങ്ങളെ തെറ്റാതെ അറിയുകയും ആയുസ് ഉണ്ടോ ഇല്ലയോ എന്ന് നോക്കിക്കണ്ടറിഞ്ഞിട്ടു വേണം ചികിത്സ തുടങ്ങേണ്ടത് എന്ന് താല്പര്യം. ഉണ്ടാകാന്‍ പോകുന്ന ഫലത്തിന് പുഷ്പം എപ്രകാരമോ അപ്രകാരം വരാന്‍ പോകുന്ന മരണത്തിനു രിഷ്ടം നിശ്ചിതമായ ലക്ഷണമെന്ന് വര്‍ണ്ണിക്കുന്നു. രിഷ്ടപൂര്‍വമായിട്ടല്ലാതെ മരണം സംഭവിക്കുന്നില്ല അല്ലാത്തപക്ഷം വിവേചന സാമര്‍ത്ഥ്യമില്ലായ്മ നിമിത്തം സംഭവിക്കുന്നതാണ്.
പുരാതന വൈദ്യകുടുംബങ്ങളില്‍ എല്ലാംതന്നെ കുടുംബത്തില്‍ മരണം സംഭവിച്ച് ‘പെല’ ഉള്ളപോഴാണ് രിഷ്ടം പഠിപ്പിക്കുന്നത്. എന്റെ ഗുരുനാഥനും അച്ഛച്ഛനുമായ ഡോ. കെ രാജഗോപാലന്റെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കുന്നു. ‘പെലയുള്ളപ്പോള്‍ ആടേ രിഷ്ടം പഠിപ്പിക്കുക’ അദ്ദേഹം ആ വാക്കുകള്‍ പറഞ്ഞു രണ്ടുമാസത്തിനകം കുടുംബത്തില്‍ വളരെ അടുത്ത ബന്ധുമരണപ്പെടുകയും ചെയ്തു. ഈ മരണവാര്‍ത്ത കേട്ട സമയത്ത് അദ്ദേഹം പറഞ്ഞത് ഇങ്ങനെ ‘പുസ്തകം എടുത്ത് പോരെ ഇനി രിഷ്ടം പഠിക്കാം.’ വിയോഗ ദുഃഖം മറക്കാനാണോ അതോ മരണമെന്ന സത്യത്തെ പഠിക്കാനാണോ അന്ന് അദ്ദേഹം അത് പറഞ്ഞത്, എനിക്ക് ഇന്നും അറിയില്ല.
അര്‍ബുദ ചികിത്സയിലാണ് രിഷ്ടവിജ്ഞാനം അഭിഭാജ്യ ഘടകമാകുന്നത്. ഇതിനെ ഒരു ഉദാഹരണ സഹിതം വിവരിക്കാം. എന്റെ സുഹൃത്തായ വിന്‍സന്റ് തന്റെ അടുത്ത ബന്ധുവുമായി കാണാന്‍ വന്നു. 55 വയസ്സ് പ്രായം ഉള്ള കണ്ണൂരില്‍ നിന്നും ഉള്ള മലയാള അധ്യാപകന്‍. അതീവ ഗുരുതരാവസ്തയില്‍ ആയിരുന്നു അദ്ദേഹം, കരളിലെ അര്‍ബുദം (എച്ച്‌സിസി) ശ്വാസകോശങ്ങളില്‍ വ്യാപിച്ചു കഴിഞ്ഞിരുന്നു. പിത്താശയത്തിനും അനുബന്ധ സ്രോതസ്സുകള്‍ക്കും ഭാഗിക രോധം ഉണ്ടായതുകാരണം കാമല (മഞ്ഞപിത്തം) രോഗം അധികമായി നില്‍ക്കുന്നു.
ബിലിറൂബിന്‍ അതിയായി വര്‍ദ്ധിച്ചുനില്‍ക്കുന്നു. അദ്ദേഹത്തിന്റെ പ്രധാന പ്രശ്‌നം എന്നത് രണ്ടാഴ്ചയായി അദ്ദേഹം തീരെ ഉറങ്ങുന്നില്ല എന്നതായിരുന്നു. അതുകൂടാതെ അരുചി, വയറു വീക്കം, ചര്‍ദ്ദി തുടങ്ങിയവയും നിലനില്‍ക്കുന്നു. ആധുനിക ശാസ്ത്രത്തില്‍ പിത്താശയത്തില്‍ ‘സ്റ്റെന്റ്’ ഇടുക എന്നുള്ളതാണ് ഏക ഉപായം. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യ സാമ്പത്തിക സ്ഥിതി അതിനു സമ്മതിക്കില്ല എന്നതാണ് സത്യം. ആയുര്‍വേദ പ്രകാരം പാണ്ഡുരോഗിക്കു വരുന്ന പീത-അക്ഷി, നഖം, അരുചി, ആധ്മാനം തുടങ്ങിയ എല്ലാ ലക്ഷണങ്ങളും കാണാം, പക്ഷേ ഇതെല്ലാം ബിലിറ്യൂബിന്‍ കൂടുമ്പോള്‍ സാധാരണയായി കാണുന്നതും ആകുന്നു. ഇവയെ എങ്ങനെ രിഷ്ടമായി മനസിലാക്കാം എന്നതില്‍ പ്രധാനം, അദ്ദേഹത്തിന്റെ ഛായ, പ്രഭ തുടങ്ങിയ ലക്ഷണങ്ങള്‍ ആണ്.
ആയുര്‍വേദത്തില്‍ ഛായ എന്നത് ശരീരഗതമായി വര്‍ണ്ണത്തിനും പ്രഭയ്ക്കും ആശ്രിതമായി നില്‍ക്കുന്നതാണ്. അവ 5 തരം എന്നു പറയുന്നു. ഈ അഞ്ച് തരം ഛായയില്‍ ഒന്നുമാത്രം മരണകാരിയായി പറയുന്നു. ‘വാതികഛായ’യില്‍ അരുണ ശ്യാമ വര്‍ണ്ണം, ഭസ്മത്തെ പോലെ രൂക്ഷത ഉണ്ടാകുന്നതും പ്രഭയെ ഹനിക്കുന്നതും ആയവ, മരണ ക്ലേശങ്ങളെ ഉണ്ടാക്കുന്നു. വര്‍ണ്ണത്തെ അതിക്രമിച്ചു പ്രകാശിക്കുന്നതാണ് ഛായ. എന്നാല്‍ ‘പ്രഭ’യാകട്ടെ വര്‍ണ്ണത്തെ പ്രകാശിപ്പിക്കുന്നതും. അടുത്തു നിന്നു നോക്കിയാല്‍ മാത്രം കാണുന്നത് ‘ഛായ’യും ദൂരത്തു തന്നെ കാണാവുന്നത് പ്രഭയും ആയി തിരിച്ചറിയും. അദ്ദേഹത്തിനാകട്ടെ വാതിക ‘ഛായ’യും രൂക്ഷ മലിനമായ പ്രഭയും പ്രസാധിച്ചിരുന്നു. ഇത് രണ്ടും മരണത്തെ സൂചിപ്പിക്കുന്നതാണ്. ഇതുകൂടാതെ ‘യസ്യ നിദ്രാ ഭവേനിത്യ നൈ വാ ന സ ജീവന്തി’ ഇങ്ങനെയുള്ള രോഗി എപ്പോഴും ഉറങ്ങുക അല്ലെങ്കില്‍ തീരെ ഉറക്കം ഇല്ലാതിരിക്കുക ഇതു രണ്ടും മരണ സൂചകമാണ്.
വികാരം വര്‍ധിക്കുകയും സ്വാഭാവിക പ്രകൃതി പരിഹീയമാവുകയും ചെയ്യുന്നതുകൊണ്ട് ഒരുമാസം കൊണ്ട് രോഗി മരിക്കും എന്നത് ആയുര്‍വേദ മതം. ഒരു മാസത്തേക്ക് മരുന്നു കൊടുക്കുകയും, ആദ്യത്തെ രണ്ടാഴ്ച കൊണ്ട് കാമല രോഗം വളരെ കുറയുകയും ചെയ്തു. അദ്ദേഹം വിളിച്ച് സന്തോഷമായി ഉറങ്ങി എന്നു പറഞ്ഞു. ഒരുമാസം കഴിഞ്ഞതോടെ സുദീര്‍ഘമായ സുഷുപ്തിയിലേക്ക് മടങ്ങി.
ആയുര്‍വേദ ശാസ്ത്രത്തിലെ സുപ്രധാന ഭാഗമായ രിഷ്ടം ഇന്ന് വിദ്യാര്‍ത്ഥികള്‍ കാണുകയൊ, അവരെ പഠിപ്പിക്കുകയൊ ചെയ്യുന്നില്ല എന്നതാണ് വാസ്തവം. അതിസങ്കീര്‍ണ്ണമായതും, നിരന്തരമായി കണ്ടും കേട്ടും പഠിക്കേണ്ടതുമാണ് രിഷ്ടം. ഇന്ന് കോളേജുകളില്‍ രോഗികള്‍ ഇല്ലാതെതന്നെ മെഡിസിന്‍ പഠിച്ച് ഇറങ്ങുന്ന അവസ്ഥയാണ്. മാത്രമല്ല കോളേജുകളില്‍ മരണം കാണുവാനോ മരണത്തിനുമുമ്പുള്ള ലക്ഷണങ്ങള്‍ കണ്ടു പഠിക്കുവാനോ സാധിക്കുന്നില്ല. കേരളത്തില്‍ തന്നെ, രിഷ്ടം കുട്ടികള്‍ക്ക് പഠിപ്പിച്ചു നല്‍കാന്‍ അറിവുള്ള ഭിഷഗ്വരന്മാര്‍ കൈയില്‍ എണ്ണാവുന്നതില്‍ ഒതുങ്ങിയിരിക്കുന്നു.
കാന്‍സര്‍ ചികിത്സ
കാന്‍സര്‍ ചികിത്സ എന്നത് വ്യക്തി അധിഷ്ഠിതമായി നിര്‍ണയിക്കപ്പെടുന്നതാണ്. രോഗ വ്യാപ്തി, രോഗി ബലം തുടങ്ങിയവ നോക്കി ഓരോ രോഗിക്കും രോഗാവസ്ഥയ്ക്കും അനുസരിച്ച് ചികിത്സ മാറുന്നു. അതുകൊണ്ട് തന്നെ അവ വിവരിക്കുക ഇവിടെ പ്രായോഗികമല്ല. പ്രധാനമായും ചികിത്സയെ രണ്ടായി തിരിച്ചിരിക്കുന്നു. ‘ക്യൂറേറ്റീവ് ചികിത്സ’ എന്നത് പൂര്‍ണ്ണരോഗ ശമനത്തിനായി ചെയ്യുന്നവയാണ്. ഇവ ആദ്യ ഘട്ടത്തില്‍ കണ്ടെത്തുന്ന അര്‍ബുദങ്ങളിലും, പ്രായം കുറഞ്ഞ ബലം കൂടിയ ആള്‍ക്കാരിലും ആണ് ഫലവത്തായി നില്‍ക്കുന്നത്. ഇവയ്ക്കായി ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി, ടാര്‍ഗെറ്റഡ് തെറാപ്പി തുടങ്ങിയവ ഉപയോഗിച്ചു വരുന്നു. ശസ്ത്രക്രിയയിലൂടെ ആണ് നാല്പത് ശതമാനം അര്‍ബുദങ്ങളും മാറുന്നത്. ബാക്കിയുള്ള 60 ശതമാനം അര്‍ബുദങ്ങളും മഹാമൂലത്തോടുകൂടിയവയും പടര്‍ന്നു പിടിക്കുന്നവയും ആകുന്നു. അവയില്‍ ശസ്ത്രക്രിയ കഴിഞ്ഞാലും വീണ്ടും അര്‍ബുദം പുനര്‍ഭവിച്ച് മരണകാരിയാകുന്നു. ക്യൂറേറ്റീവ് ചികിത്സയില്‍ വീര്യം കൂടിയ മരുന്നുകള്‍ വലിയ അളവില്‍ ഉപയോഗിച്ച് അര്‍ബുദ കോശങ്ങളെ നശിപ്പിക്കു എന്ന ലക്ഷ്യത്തോടെ ചെയ്യുന്നതാണ്. അതിനാല്‍ തന്നെ പാര്‍ശ്വഫലങ്ങളും അധികമായി നില്‍ക്കുന്നു. ഏക സ്ഥാനത്ത് മാത്രം വരുന്നതും വേഗം പടരാത്തതുമായവയില്‍ മാത്രമാണ് ഇത് സാധ്യം ആകുന്നത്. പടര്‍ന്നു കഴിഞ്ഞവയില്‍ കീമോതെറാപ്പി തുടങ്ങിയവ കൊണ്ട് മരണം നീട്ടുക എന്നതാണ് ലക്ഷ്യം.
പാലീയേറ്റീവ് ചികിത്സ എന്നത് രോഗം മൂര്‍ഛിച്ചു കഴിഞ്ഞാല്‍ രോഗിയുടെ ശിഷ്ടകാലം, രോഗം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറയ്ക്കാനും ജീവിത നിലവാരം കൂട്ടാനും ആയി ചെയ്യുന്നവയാണ്. ഇവിടെയും ശസ്ത്രക്രിയാ കീമോതെറാപ്പി തുടങ്ങിയവ ഉപോയഗിക്കുന്നു. എന്നാല്‍ അവ രോഗാവസ്ഥ മൂര്‍ഛിക്കാതിരിക്കാനായി ചെയ്യുന്നവയാണ്.
ഇന്ന് പക്ഷെ പാലിയേറ്റീവ് ചികിത്സ എന്ന് പറഞ്ഞ് പല ആശുപത്രികളിലും രോഗികളെ മരുന്നുകള്‍ കൊടുത്ത് ബുദ്ധിമുട്ട് കൂട്ടുന്ന അവസ്ഥയാണ് കാണുന്നത്. ‘പാലിയേഷന്‍’ എന്നാല്‍ സാന്ത്വനം ആണ്. മരുന്നു കഴിക്കുന്നതുകൊണ്ട് രോഗിക്ക് ബുദ്ധിമുട്ട് കൂടുന്നു എങ്കില്‍ അത് നിര്‍ത്തേണ്ടതാണ്. പണലാഭം നോക്കി സ്വാന്ത്വന ചികിത്സയുടെ പേരില്‍ മരുന്നു കൊടുക്കുകയും രോഗിക്ക് ഛര്‍ദ്ദി, വയറുവേദന, ചുടിച്ചില്‍, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് ‘ഡ്രഗ് റിയാക്ഷന്‍’ ആണ് എന്ന് പറഞ്ഞ് അവന്റെ ബുദ്ധിമുട്ടുകൂട്ടുന്നതില്‍ എവിടെയാണ് സാന്ത്വനം ഉള്ളത്.
ആയുര്‍വേദത്തില്‍ അര്‍ബുദ ചികിത്സയ്ക്ക് പ്രധാനമായും മൂന്നു രീതികള്‍ പറയുന്നു. ശസ്ത്രക്രിയ, ബലവര്‍ധന ചികിത്സ, ശമന ചികിത്സ.
ആയുര്‍വേദ മതപ്രകാരം അര്‍ബുദം ശസ്ത്ര അര്‍ഹ രോഗമാണ്, ശസ്ത്ര സാധ്യനായ രോഗിയില്‍ ശസ്ത്രക്രിയ ചെയ്തു അര്‍ബുദം നീക്കിയ ശേഷം തല്‍സ്ഥാനത്ത് വീര്യം കൂടിയ ഔഷധങ്ങള്‍ ഉപയോഗിച്ചു കരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.
ആധുനിക ശാസ്ത്രത്തിലെ ക്യൂറേറ്റീവ് ചികിത്സയില്‍ വീര്യം കൂടിയ ഔഷധം കൊടുക്കുന്നതു മൂലം രോഗിയുടെ ബലം കുറയുന്ന അവസ്ഥ വരുന്നു. ഇത് പക്ഷേ അര്‍ബുദ കോശങ്ങള്‍ നശിക്കാന്‍ അനിവാര്യമാണ്. ആയുര്‍വേദത്തില്‍ എല്ലാ ഘട്ടത്തിലും രോഗി ബലം നിലനിര്‍ത്തണം എന്നത് സാമാന്യ നിയമം ആണ്. അര്‍ബുദത്തില്‍ അത് പ്രത്യേകിച്ചും ബാധകമാണ് എന്നത് സുശ്രുതന്‍ എടുത്തു പറയുന്നു. ഇവിടെയാണ് ആയുര്‍വേദവും ആധുനിക ശാസ്ത്രവും തമ്മിലുള്ള സംയുക്ത പ്രവര്‍ത്തനം അമൂല്യമായി വരുന്നത്. അതീവ ബലക്ഷയം അനുഭവപ്പെടുന്ന രോഗികള്‍ക്ക് ബലം വര്‍ധിപ്പിക്കാനും അണുക്കള്‍ കൊണ്ടുവരുന്ന രോഗങ്ങള്‍ തടയാനും അര്‍ബുദ വളര്‍ച്ചയ്ക്ക് തടയിടുവാനും ഫലപ്രദമായി സാധിക്കുന്നു.
ശമന ചികിത്സയില്‍ രോഗവും അതുകൊണ്ടുണ്ടാകുന്ന ഉപദ്രവങ്ങള്‍ കുറയ്ക്കുക, മറ്റു രോഗങ്ങള്‍ വരുന്നത് തടയുക, സ്വാഭാവിക ശാരീരിക പ്രവര്‍ത്തനം നിലനിര്‍ത്തുക എന്ന കര്‍മ്മങ്ങള്‍ ചെയ്യുന്നവയാണ്. സാന്ത്വന ചികിത്സയില്‍ പ്രധാനമായും കാണപ്പെടുന്ന അരുചി ഛര്‍ദ്ദി, മലബന്ധം, വിഷാദം, രക്തക്കുറവ്, ഉറക്കക്കുറവ് തുടങ്ങിയവ ഫലപ്രദമായി ചികിത്സിക്കാന്‍ സാധിക്കും. എന്നാല്‍ അര്‍ബുദ രോഗികളെ അവസാന ഘട്ടത്തില്‍ ഏറ്റവും പ്രയാസത്തില്‍ ആക്കുന്ന അതി കഠിനമായ വേദനകള്‍ ചികിത്സിക്കാന്‍ ഇന്ന് ബുദ്ധിമുട്ടാണ്.ഇതിനു പ്രധാന കാരണം ആയുര്‍വേദത്തില്‍ വേദന സംഹാരി ആയി ഉപയോഗിക്കുന്ന മരുന്നുകളില്‍ എല്ലാം തന്നെ കഞ്ചാവും കറുപ്പും പ്രധാന ഘടകങ്ങളാണ്. ഇവ നിയമ പരമായി ഉപയോഗിക്കാന്‍ കഴിയില്ല എന്നതാണ് പ്രശ്‌നം. മോര്‍ഫിനും മറ്റു ഓപിയേറ്റ്‌സും വ്യാപകമായി ആധുനിക ശാസ്ത്രം ഉപയോഗിച്ചുവരുന്ന അവസരത്തില്‍ ആയുര്‍വേദ ശാസ്ത്രം അനുശാസിക്കുന്നവ ഉപയോഗിക്കാന്‍ കഴിയാത്തത് പക്ഷിയുടെ ചിറക് കെട്ടിയിട്ട് പറക്കാന്‍ പറയുന്നതിന് തുല്യമാണ്. കഞ്ചാവും കറുപ്പും വേദന സംഹരണത്തിന് മാത്രമല്ല ആയുര്‍വേദം അനുശാസിക്കുന്നത്. അര്‍ബുദ ശമനത്തിനും, വാതരക്തത്തിലും, രസായനമായും ഉപയോഗിക്കാന്‍ പറഞ്ഞിരിക്കുന്നു.
തോട്ടക്കരാന്‍ വൈദ്യകുടുംബ ഗ്രന്ഥങ്ങളില്‍ അനേകം ഔഷധ കൂട്ടുകള്‍ കഞ്ചാവു ഉപയോഗിച്ചു കാണാം. പല ഗ്രാമീണ ഗ്രന്ഥങ്ങളിലും ഇവയുടെ ശേഖരം കാണാം. പ്രശസ്തമായ ‘മദനകാമേശ്വരി’ യോഗം മുതല്‍ യോഗാമൃതത്തില്‍ ഉള്ള ‘രസഗുളിക’വരെ വളരെ ഫലപ്രദമായി കഞ്ചാവ് ഉപയോഗിക്കുന്ന യോഗങ്ങള്‍ ആണ്. വാതരക്തം, ലുകീമിയ, എസ്എല്‍ഇ തുടങ്ങി അനേകം രോഗങ്ങളില്‍ ഫലപ്രദമായി ഉപയോഗിക്കാം എന്ന് ആധുനിക ശാസ്ത്രം തെളിയിച്ചു കഴിഞ്ഞു. ബന്ധപ്പെട്ട സംഘടനകളും സര്‍ക്കാരും ഇവയുടെ നിയമപരമായ സാധുത രോഗികള്‍ക്ക് വേണ്ടി പുനഃപരിശോധിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു.
ആശുപത്രികളില്‍ പോകുന്ന രോഗികളും ബന്ധുക്കളും മനസിലാക്കേണ്ടത് ചെയ്യാന്‍ പോകുന്നത് ക്യുറേറ്റീവ് ആണോ സാന്ത്വന ചികിത്സയാണോ എന്ന് കൃത്യമായി മനസ്സിലാക്കുക എന്നതാണ്. സാന്ത്വന ചികിത്സയില്‍ മരുന്നുകള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കില്‍ കൃത്യമായി അവ പുനഃപരിശോധിക്കുക. പ്രിയപ്പെട്ടവരുടെ മരണമെന്ന സത്യവും വിരഹമെന്ന മിഥ്യയും അനുഭവിച്ചവര്‍ക്ക് മാത്രം അറിയാവുന്ന പരമാര്‍ത്ഥമാണ്. പ്രവാചകന്റെ സ്വര്‍ഗ്ഗവും നരകവും പോലെ. ഹാരിസണ്‍സ് ഓങ്കോളജിയില്‍ പറയുന്നതുപോലെ ‘ഓങ്കോളജിയുടെ ധര്‍മ്മ സിദ്ധാന്തമെന്നത് ചിലപ്പോള്‍ ഭേദമാക്കുക, പതിവായി ജീവിതം നീട്ടുക, എല്ലായ്‌പ്പോഴും സാന്ത്വനിപ്പിക്കുക.’
Posted by vincent