1930 കള്‍ മുതലാണ് മലയാളികളുടെ വായനയുടെ വിപ്ലവവും ആരംഭിച്ചത്. അക്കാലത്തെ സാഹിത്യ പ്രവര്‍ത്തനം, നോവലോ, കഥയോ എഴുതി പത്രാധിപര്‍ക്കയച്ച് കൊടുത്തുള്ള കാത്തിരിപ്പല്ലായിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും അങ്ങോളമിങ്ങോളം ഓടി പാഞ്ഞ് നടന്ന് സമ്മേളനങ്ങളും സാഹിത്യ മത്സരങ്ങളും സാഹിത്യ സദസ്സുകളും ആവേശപൂര്‍വ്വം സംഘടിപ്പിച്ചുകൊണ്ടുമായിരുന്നു. തമ്പുരാക്കന്മാരുടെ ആഘോഷ കമ്മിറ്റികളിലും നമ്പൂതിരി അക്ഷരശ്ലോക സദസ്സുകളിലൊന്നും മുഖം കാണിക്കാത്തവര്‍, തൊഴിലാളികളുടെയും കര്‍ഷകരുടെയും കൂലിപ്പണിക്കാ രുടെയും കൂട്ടായ്മകളില്‍ പാട്ടുപാടിയും നാടകം കളിച്ചും അക്ഷരം പഠിപ്പിച്ചുമാണ് സാഹിത്യ പ്രവര്‍ത്തനം നടത്തിയത്.
മലയാളത്തിലെ പ്രമുഖ രചനകളില്‍ അസ് പശ്യത കല്പിച്ചിരുന്ന പുതിയ കഥാപാത്രങ്ങളും പദസഞ്ചയങ്ങളും കേന്ദ്രസ്ഥാനത്ത് അവതരിപ്പിച്ചുള്ള കൃതികള്‍ ജനകീയമായിരുന്നു. തകഴി, കേശവദേവ്, കാരൂര്‍, ബഷീര്‍, ചങ്ങമ്പുഴ തുടങ്ങിയ നവോത്ഥാന എഴുത്തുകാരുടെ പുതിയ നിരതന്നെ രംഗത്തുവന്നു. ചങ്ങമ്പുഴയുടെ ‘രമണന്‍’ വായിക്കാന്‍ വേണ്ടി മാത്രം അക്ഷരം പഠിച്ചവരുടെ ചരിത്രം, കേരളത്തിന്റെ വായനയുടെ മാത്രം പ്രത്യേക ചരിത്രമാണ്. എം.കെ. സാനുവിന്റെ സുപ്രസിദ്ധമായ നക്ഷത്രങ്ങളുടെ സ്‌നേഹഭാജനത്തില്‍ വിശദീകരിച്ച ഒരു സംഭവമുണ്ട്. ഒരു ദിവസം രാവിലെ അപ്രതീക്ഷിതമായ തന്റെ സന്ദര്‍ശകനെ കണ്ട് ചങ്ങമ്പുഴ അമ്പരന്നു. നിറയെ കായ്കറികളുമായി ഒരു കര്‍ഷകന്‍. കോളേജ് പഠനാവശ്യത്തിന് താന്‍ നല്‍കിയ പണം പുസ്തകം വാങ്ങി നശിപ്പിച്ച് കളഞ്ഞതിന് മകനെ അദ്ദേഹം വഴക്ക് പറഞ്ഞു. കാശ് ചെലവിട്ടത് കവിതാ പുസ്തകം വായിക്കാനാണെന്ന് അറിയിച്ചുകൊണ്ട്, ചങ്ങമ്പുഴയുടെ ‘വാഴക്കുല’ എന്ന കവിത മകന്‍ ചൊല്ലിക്കൊടുത്തു. കണ്ണുകള്‍ നിറഞ്ഞ ആ കാവ്യാനുഭവത്തിന്റെ ആവേശത്തില്‍ കവിയെ നേരിട്ട് കാണുന്നതിനായാണ് കര്‍ഷകന്‍ വന്നത്. മലയാള സാഹിത്യവും വായനയും സമൂഹവും തമ്മിലുള്ള രൂഢമൂലമായ പരസ്പര ബന്ധം വെളിവാക്കുന്നതാണ് ഈ സംഭവം.
സമ്പന്നമായ ഈ എഴുത്തും വായനയും പാകിയ അടിത്തറയില്‍ നിന്നുകൊണ്ടാണ് സാമൂഹ്യ പരിഷ്‌ക്കരണങ്ങള്‍ കേരളത്തില്‍ സാധ്യമായത്. വായനയും എഴുത്തും സാമൂഹ്യമാറ്റവും ഇപ്പോഴും നടക്കുന്നുണ്ട്. പക്ഷേ, നേരത്തെയുണ്ടായിരുന്ന ദിശയിലേക്ക് അല്ലെന്ന് മാത്രം.
ടെലിവിഷന്‍, സിനിമ, സ്റ്റേജ് ഷോകള്‍ എന്നീ അപര വിനോദോപാധികളുടെ വളര്‍ച്ചയാണ് വായന കുറയുന്നതിന്റെ പ്രധാന കാരണം. പുതിയ കച്ചവട തന്ത്രങ്ങളുമായി വന്‍ മൂലധനമിറക്കി പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് ബിസിനസ്സുമായി മത്സരിക്കുന്നതിന് ‘വായന’ക്ക് പറ്റുകയില്ലല്ലോ. തിരക്കും ക്ലേശവും നിറഞ്ഞ ജീവിതത്തെ സ്തംഭിപ്പിക്കുകയും അമ്പരപ്പിക്കുകയുമാണ് ഈ ബിസിനസ്സിന്റെ അടിസ്ഥാന തത്വം. പുതിയ സാധ്യതകള്‍ എപ്പോഴും പരീക്ഷിക്കപ്പെടുന്ന ഈ വിനോദോപാധികള്‍ മുന്നോട്ട് വയ്ക്കുന്ന എല്ലാ തന്ത്രങ്ങള്‍ക്കും എതിര്‍ ദിശയിലാണ് വായനയുടെ മാര്‍ഗ്ഗങ്ങള്‍. വായന വളരെ വ്യക്തിപരമായ അനുഭവമാണ്. ഏകാന്തതയാണതിന് കൂട്ട്. ടിവി സ്റ്റേജ് ഷോകള്‍ അങ്ങനെയല്ല. കൂട്ടമായി പങ്കെടുക്കേണ്ട ആഘോഷങ്ങളാണവ. ഈ ആഘോഷങ്ങള്‍ സൃഷ്ടിക്കുന്നത് നൈമിഷിക രസമാണ്. വായന നല്‍കുന്ന ആഴത്തിലുള്ള പരിപ്രേക്ഷ്യം നല്‍കാന്‍ ഇവയ്ക്കാവില്ല. ഭാവിയും ഭൂതവും സമകാലീനതയും ചേര്‍ന്ന ലോകവും വ്യത്യസ്ത ജീവിതങ്ങളും വായനയിലൂടെ സ്വായത്തമാക്കുമ്പോള്‍, വളരെ ശക്തമായ ജീവിത വീക്ഷണം സൃഷ്ടിച്ചെടുക്കാന്‍ വായനയിലൂടെ കഴിയുന്നു. ‘വായന’യിലാണ് നമുക്ക് ‘മുഴുകി’ ഇരിക്കാന്‍ സാധിക്കുന്നത്. ഇത്തരത്തില്‍ സമ്പുഷ്ടമായ വായനതന്നെയാണ്, ആരോഗ്യകരമായ ഒരു സമൂഹത്തിനെ സൃഷ്ടിക്കാന്‍ വേണ്ട അടിസ്ഥാനം നല്‍കുന്നത്.
വായനയ്ക്ക്, വായനാശീലങ്ങള്‍ക്ക് കേരളത്തില്‍ എന്തു സംഭവിച്ചു? വായന കുറയുന്നുവോ എന്ന കാര്യം പരിശോധിക്കപ്പെടേണ്ടത് പ്രസിദ്ധീകരിക്കപ്പെടുന്ന പുസ്തകങ്ങളുടെ എണ്ണം, വാരികകളുടെ കോപ്പികളുടെ എണ്ണം, പുസ്തകം വിറ്റഴിക്കുന്നതിന്റെ സാമ്പത്തിക കണക്കുകള്‍ എന്നിവയാണ്. കൂടാതെ വായനശാലകളില്‍ അംഗത്വവര്‍ദ്ധനവ്, വിതരണം ചെയ്യുന്ന പുസ്തകങ്ങളുടെ എണ്ണം എന്നിവയും പ്രധാനമാണ്. എണ്‍പതുകളുടെ അവസാനത്തോടെ ഈ രംഗങ്ങളിലെല്ലാം ചെറിയ കാലയളവില്‍ ഒരു മാന്ദ്യം പ്രത്യക്ഷമായിരുന്നുവെങ്കിലും ഇപ്പോഴത്തെ കണക്കുകള്‍ ശുഭസൂചകമാണ്.
കേരളത്തില്‍ പ്രധാനപ്പെട്ട പുസ്തകശാലകള്‍ രണ്ടില്‍ കൂടുതല്‍ തവണ പുസ്തക പ്രദര്‍ശനങ്ങള്‍ നടത്തുകയും വന്‍തുകയുടെ പുസ്തകങ്ങള്‍ വിറ്റഴിഞ്ഞതായി അവകാശപ്പെടുകയും ചെയ്യാറുണ്ട്. ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട പബ്ലിക് ലൈബ്രറിയായ സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി (തിരുവനന്തപുരം പബ്ലിക് ലൈബ്രറി)യില്‍ ഓരോ വര്‍ഷവും 8000 പേര്‍ പുതിയതായി അംഗത്വം എടുക്കുന്നുണ്ട്. ദിനം തോറും ആയിരത്തില്‍ കൂടുതല്‍ പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. ഇതെല്ലാം വായന വര്‍ദ്ധിക്കുന്നതിന്റെ ലക്ഷണങ്ങളായി കണക്കാക്കാമോ?
പുസ്തകശാലകളിലും പുസ്തക പ്രദര്‍ശനങ്ങളിലും വിറ്റഴിക്കുന്ന പുസ്തകങ്ങള്‍ ഏറെയും വിജ്ഞാനപ്രദങ്ങളായ പുസ്തകങ്ങള്‍ ആണ്. വിവരാന്വേഷികളെ സംതൃപ്തിപ്പെടുത്തുന്ന മാനേജ്‌മെന്റ്, കോമേഴ്‌സ്, ഗൈഡ്, പരീക്ഷ സഹായികളായ പുസ്തകങ്ങള്‍. പുതിയതായി ലൈബ്രറിയില്‍ അംഗത്വമെടുക്കുന്നവര്‍ ഭൂരിഭാഗവും പുതിയ ഒരു കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ത്ഥിയോ മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥിയോ തിരുവനന്തപുരത്ത് സ്ഥലം മാറിവന്ന ജീവനക്കാരോ ആണ്. താന്താങ്ങളുടെ ഈ ആവശ്യം കഴിഞ്ഞാല്‍ ഇവരുടെ ലൈബ്രറി സന്ദര്‍ശനം വിരളമാണ്. അതായത് ‘ഒഴുകുന്ന വായനക്കാര്‍’ എന്ന് വേണമെങ്കില്‍ പറയാം. സ്ഥിരമായി ലൈബ്രറിയില്‍ പുസ്തകം വായിക്കാന്‍ വേണ്ടി വരുന്നത്, വയോധികരായ പുസ്തക പ്രേമികളുടെ തലമുറതന്നെയെന്ന് നിസ്സംശയം പറയാം. അതായത് ‘മുഴുകുന്ന’ വായനയില്‍ നിന്നും ഇപ്പോള്‍ ഒരുപാട് മാറിയിരിക്കുന്നു. ‘പ്രയോജനകരമായ’ വായനക്കാണ് സാധ്യത കൂടിയിരിക്കുന്നത്.
അതുകൊണ്ട് തന്നെ വായനാശീലം പ്രചരിപ്പിക്കുന്നതിന് ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. കുട്ടികളുടെ ഇടയില്‍ വായന കുറയുന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കുന്നതിന് വേണ്ടി അടുത്ത കാലത്ത്, സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി സമ്മര്‍ സ്‌കൂളിനോടനുബന്ധിച്ച് ഒരു സര്‍വ്വേ ഞാന്‍ നടത്തിയിരുന്നു. കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ എവിടെ നിന്നാണ് ലഭിക്കുന്നത്? വായിക്കുന്നതിനുവേണ്ടി മതിയായ പ്രോത്സാഹനം ലഭിക്കുന്നുണ്ടോ? പുസ്തകങ്ങളെപ്പറ്റി സംസാരിക്കാന്‍ കഴിയുന്ന അന്തരീക്ഷം സ്‌കൂളുകളിലും വീട്ടിലുമുണ്ടോ? മലയാള മാധ്യമത്തില്‍ പഠനം നടത്താത്ത വിദ്യാര്‍ത്ഥികളുടെ വായനയെ പഠനമാധ്യമം സ്വാധീനിച്ചിട്ടുണ്ടോ എന്ന വസ്തുതകള്‍ അറിയുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.
പങ്കെടുത്തവരില്‍ എഴുപതു ശതമാനം കുട്ടികളും പുസ്തകങ്ങള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. വായിക്കാന്‍ താല്പര്യ മില്ലാത്തവരില്‍ 17% പേര്‍, സമയമില്ലാത്തതാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. അധികം പരും (54%) സ്‌കൂള്‍ ലൈബ്രറികളെയാണ് ആശ്രയിക്കുന്നത് 34% കുട്ടികള്‍ പുസ്തകം വായിക്കുന്നതിനുവേണ്ടി സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയെ ആശ്രയിക്കുന്നു. 45% കുട്ടികളുടെ മാതാപിതാക്കന്മാര്‍ അവര്‍ക്ക് വായിക്കാനുള്ള പുസ്തകങ്ങള്‍ വാങ്ങി കൊടുക്കുന്നു. 60 % കുട്ടികള്‍ക്ക് അവരുടെ ജന്മദിനങ്ങളിലും പ്രത്യേക ദിവസങ്ങളിലും പുസ്തകങ്ങള്‍ സമ്മാനമായി ലഭിക്കുന്നു. 18.3% കുട്ടികള്‍ക്ക് അമ്മമാര്‍ പുസ്തകങ്ങള്‍ വാങ്ങി കൊടുക്കുമ്പോള്‍, 16.6% കുട്ടികള്‍ക്ക് അച്ഛനും വാങ്ങി കൊടുക്കുന്നു. 56% കുട്ടികളും ഇംഗ്ലീഷ് പുസ്തകങ്ങള്‍ വാങ്ങിക്കാന്‍ താല്പര്യപ്പെടുന്നു. 46% കുട്ടികള്‍ മലയാള പുസ്തകങ്ങള്‍ വായിക്കാന്‍ താല്പര്യപ്പെടുന്നു. 7% കുട്ടികള്‍, മലയാളം അറിയാത്തതുകൊണ്ട് മാത്രം മലയാള പുസ്തകങ്ങള്‍ വായിക്കാതിരിക്കുന്നു. പക്ഷെ, 46% കുട്ടികള്‍ മലയാളം വായിക്കാനിഷ്ടമില്ലാത്തതുകൊണ്ട് മലയാള പുസ്തകങ്ങള്‍ വായിക്കാറില്ല. 54% കുട്ടികള്‍ ഫിക്ഷന്‍ വായിക്കാന്‍ താല്പര്യപ്പെടുമ്പോള്‍ 10% പേര്‍ ചരിത്രവും രാഷ്ട്രീയ സംബന്ധമായ പുസ്തകങ്ങളും വായിക്കാന്‍ താല്പര്യപ്പെടുന്നു. 65% കുട്ടികളും എല്ലാ ദിവസവും ദിനപത്രം വായിക്കുന്നവരാണ്.
എഴുത്തുകാരെ പ്രത്യേകമായി ഓര്‍ക്കുകയോ തേടിപ്പിടിച്ച് വായിക്കുകയോ ചെയ്യുന്ന രീതി കുട്ടികളുടെ ഇടയില്‍ വളരെ കുറവാണ്. പ്രധാനപ്പെട്ട പല എഴുത്തുകാരെപ്പറ്റിയും കുട്ടികള്‍ക്ക് അറിവില്ല. വായിക്കുന്ന കുട്ടികള്‍ക്ക് യാതൊരു തരത്തിലുമുള്ള അംഗീകാരം ലഭിക്കുന്നില്ല. സ്‌കൂളുകളും പൊതുസമൂഹവും പാട്ടും ഡാന്‍സും റിയാലിറ്റിഷോകളും മറ്റും സ്‌കൂള്‍ കലോത്സവങ്ങളും നടത്തി താരങ്ങളെ സൃഷ്ടിക്കുമ്പോള്‍, പുസ്തകങ്ങളെ സ്‌നേഹിക്കുന്നവരെ അവഗണിക്കുന്നു. വായനയുടെ ലഹരിയിലേക്ക് നയിക്കാന്‍ എളുപ്പവഴികളില്ല. മലയാളത്തിലെ മഹത്തായ എഴുത്തുകാരെയും കൃതികളെയും പ്രചരിപ്പിക്കേണ്ടി യിരിക്കുന്നു. ഇതിന്റെ പ്രാധാന്യം തെളിയിക്കുന്ന നിരവധി വസ്തുതകളുണ്ട്. ലൈബ്രറിയിലെ ചില എഴുത്തുകാരുടെ കൃതികള്‍ക്ക് വളരെ ഡിമാന്‍ഡ് വരുന്ന പ്രത്യേക സമയം തന്നെയുണ്ട്. മാധവിക്കുട്ടി, എ അയ്യപ്പന്‍, ഡി വിനയചന്ദ്രന്‍, മാര്‍ക്വേസ് എന്നീ സാഹിത്യകാരുടെ നിര്യാണത്തോടനുബന്ധിച്ചും ഒഎന്‍വിക്കും എം ടി വാസുദേവന്‍ നായര്‍ക്കും ജ്ഞാനപീഠ പുരസ്‌കാരങ്ങള്‍ ലഭിച്ച സന്ദര്‍ഭങ്ങളിലും നോബല്‍, കേന്ദ്ര, കേരള സാഹിത്യ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിക്കുന്ന കാലങ്ങളിലും ഈ എഴുത്തുകാരുടെ കൃതികള്‍ക്ക് വളരെയ ധികം ആവശ്യക്കാരുണ്ടാകാറുണ്ട്. ഈ എഴുത്തുകാരുടെ കൃതികളെ പറ്റിയും ജീവിതത്തെ പറ്റിയുമുള്ള പ്രചരണങ്ങളാണ് വായനക്കാര്‍ക്ക് ഇവരെ പരിചയപ്പെടാനുള്ള സന്ദര്‍ഭം ലഭിക്കുന്നത്. ബോധപൂര്‍വ്വമായ പ്രചരണം പ്രധാനമാണ്.
വായനയുടെ അപചയത്തിന് കാരണമായി കാണിക്കുന്ന ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ എന്നിവയുടെ ആധിക്യം വളരെ തെറ്റാണെന്ന് പറയേണ്ടിവരും. മാത്രമല്ല, ഈ ലേഖനത്തിന്റെ ആദ്യത്തില്‍ സൂചിപ്പിച്ചതുപോലെ മറ്റൊരു വായനാ വിപ്ലവമാണ് ഇ-വായനയിലൂടെ നടക്കാന്‍ പോകുന്നതെന്ന്, അതിന്റെ ലക്ഷ്യങ്ങള്‍ കണ്ട് പറയാന്‍ സാധിക്കും.
സാഹിത്യം വായിക്കേണ്ടതും സാഹിത്യ ചര്‍ച്ചകളില്‍ പങ്കെടുത്ത് വിമര്‍ശിക്കുന്നവരും സാഹിത്യ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നി ബുദ്ധിജീവികളായ ഒരു വിഭാഗമായിരുന്നുവല്ലോ? എഴുത്തിന്റെയും പ്രസിദ്ധീകരണത്തിന്റെയും കുത്തകയും ഒരു സ്ഥാപിത വിഭാഗത്തിന്റെ തന്നെയായിരുന്നു. എന്നാല്‍ ഫേസ്ബുക്ക്, വാട്ട്‌സ് അപ്പ്, ട്വിറ്റര്‍ മുതലായ സോഷ്യല്‍ മീഡിയ ഈ സമ്പ്രദായത്തെ പ്രായോഗികമായി എതിര്‍ത്ത് തോല്പിച്ചിരിക്കുന്നു. എല്ലാ ആശയങ്ങളും എല്ലാവര്‍ക്കും എഴുതാനുള്ള സര്‍ഗ്ഗപരമായ ഇടമായി ഇന്ന് സോഷ്യല്‍ മീഡിയ മാറിയിരിക്കുന്നു. സ്ഥാപിത താല്പര്യങ്ങളില്ലാത്ത സാഹിത്യ ചര്‍ച്ചകള്‍ക്കും അവസരമുണ്ടായിരിക്കുന്നു. എഴുത്തുകാരനുമായി നേരിട്ട് സംവദിക്കാനുള്ള അവസരം വായനക്കാരന് ലഭിക്കുന്നത് വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ വിപ്ലവം ബൗദ്ധിക രംഗത്തേക്ക് സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ ഇടപെടാവുന്ന മാര്‍ഗ്ഗം സൃഷ്ടിച്ചിരിക്കുന്നു. കൂലിപ്പണിക്കാരും കൈത്തൊഴില്‍ വിദഗ്ദ്ധരും ഫോണിലൂടെ ‘എഴുതി’ക്കൊണ്ടിരിക്കുന്നു. ഈ എഴുത്തിന്റെ വിപ്ലവം, വായനയുടെ മറ്റൊരു വിപ്ലവത്തിന്റെ മുന്നോടിയാണ് – ഇ വായനയുടെ. ഇതിന് അപ്രതീക്ഷിതവും സാര്‍ത്ഥകവുമായ ഇടം നേടാന്‍ കഴിയും