Mar 17 2025, 2:43 PM +91 94476 83169 arogyappachamasika@gmail.com

Arogyappacha

ആരോഗ്യകേരളത്തിന്റെ പെണ്‍വാക്കുകള്‍

ആരോഗ്യകേരളത്തിന്റെ പെണ്‍വാക്കുകള്‍

ആരോഗ്യകേരളത്തിന്റെ പെണ്‍വാക്കുകള്‍

August 9, 2024

സ്ത്രീകള്‍ക്ക് നേരെയുള്ള പീഢനങ്ങളും അതിക്രമങ്ങളും സര്‍വ്വസാധാരണമാകുമ്പോള്‍ സന്മാര്‍ഗ്ഗം പഠിപ്പിക്കേണ്ടവര്‍ തന്നെ പീഢകരാകുമ്പോള്‍ ആരോഗ്യകേരളത്തിന്റെ പെണ്‍വാക്കുകള്‍ക്ക് പ്രസക്തിയേറുന്നു. അന്താരാഷ്ട്രവനിതാദിനത്തോടനുബന്ധിച്ച്
കേരളത്തിലെ വ്യത്യസ്തധാരകളില്‍ നിന്നുള്ള വനിതകളുടെ പ്രതികരണം

ലിംഗഭേദമില്ലാത്ത സമത്വമുണ്ടാകണം
ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജ

ഇന്ത്യന്‍ ഭരണഘടനയില്‍ ലിംഗഭേദമില്ലാത്ത സമത്വം വിഭാവനം ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ അവകാശമാണ്. എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ 64 വര്‍ഷം പിന്നിട്ടിട്ടും ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് തുല്യതയും അവസരസമത്വവും ലഭ്യമായിട്ടില്ല എന്ന് കാണാം. സാക്ഷരതയുടെ കാര്യത്തിലും ജീവിത നിലവാരത്തിന്റെ കാര്യത്തിലും തീരുമാനമെടുക്കുന്ന രീതികളിലെ പങ്കാളിത്തത്തിന്റെ കാര്യത്തിലും സ്ത്രീകള്‍ ബഹുദൂരം പിന്നിലാണ്. സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെങ്കില്‍ അവര്‍ക്ക് സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ സമത്വം ഉറപ്പാക്കേണ്ട വിഭാഗവും നീതിന്യായ കോടതിയുമെല്ലാം കൃത്യമായ ധാരണയോടെ ഇടപെട്ടാല്‍ മാത്രമേ ഇക്കാര്യം ഉറപ്പുവരുത്താന്‍ കഴിയുകയുള്ളു. സ്ത്രീകളെയും പെണ്‍കുട്ടികളെയും അപമാനിക്കുന്നതിനെയും പീഢിപ്പിക്കുന്നതിനെതിരെയും ശക്തമായ നിയമമുണ്ടായിട്ടും അവ പലപ്പോഴും നോക്കുകുത്തികളായി മാറുന്നു. അക്രമികള്‍ രക്ഷപ്പെടുകയും ആക്രമിക്കപ്പെട്ട സ്ത്രീകള്‍ മുന്‍പത്തതിനെക്കാള്‍ ഇരുണ്ട അകത്തളങ്ങളിലേക്ക് തള്ളിമാറ്റപ്പെടുകയുമാണ് ചെയ്യുന്നത്. സമൂഹത്തിന്റെ മനോഭാവത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിക്കൊണ്ട് മാത്രമേ ഈ ദുസ്ഥിതിക്ക് പരിഹാരം കാണാന്‍ സാധിക്കുകയുള്ളു. പെണ്‍കുട്ടികളെ ജനിക്കാന്‍ അനുവദിക്കുക എന്നുള്ളതാണ് പ്രാഥമികകാര്യം. പെണ്‍ ഭ്രുണഹത്യ ഏറ്റവും വലിയ കുറ്റകൃത്യമാണെന്ന് സമൂഹത്തെ പഠിപ്പിക്കണം. വിദ്യാഭ്യാസം നേടാനും തൊഴില്‍ നേടാനുമുള്ള അവകാശം അവള്‍ക്ക് നിഷേധിക്കപ്പെട്ടുകൂടാ. ശൈശവവിവാഹം കര്‍ശനമായി തടയാന്‍ സമൂഹം
ഒന്നി ക്കണം. കുഞ്ഞുങ്ങളെ സംരക്ഷിക്കുക കൂട്ടുത്തരവാദിത്തമായി കണക്കാക്കണം.
സ്ത്രീയും പുരുഷനും പരസ്പരം ബഹുമാനിക്കുന്ന അവസ്ഥയില്‍ കുടുംബ ഛിദ്രങ്ങളും അതുമൂലം കുട്ടികള്‍ക്കുണ്ടാകുന്ന പ്രയാസങ്ങളും ഒഴിവാക്കാന്‍ കഴിയും. സ്ത്രീ വിമോചനവും സ്വാതന്ത്ര്യവും ലക്ഷ്യമാക്കിയാണ് കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്റ് പുതിയ ബഡ്ജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ജെന്റര്‍ ബഡ്ജറ്റ് ജന്റര്‍ ഓഡിറ്റ് തുടങ്ങിയവ സ്ത്രീപക്ഷ കാഴ്ച്ചപ്പാടോടുകൂടിയ വികസന പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനം കൂടിയാണ്. എല്ലാവകുപ്പുകളിലും സ്ത്രീ സമൂഹത്തിന് പരിഗണന കിട്ടും വിധം പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതോടൊപ്പം സാമൂഹ്യനീതി വകുപ്പില്‍ പ്രത്യേക പരിഗണനകളും നല്കുന്നുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഒരു പ്രത്യേക വകുപ്പുതന്നെ രൂപികരിച്ചിരിക്കുന്നു. ഇതിന്റെ വിശദമായ പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്തു വരുന്നതേയുള്ളു. വനിതാ വികസന കോര്‍പ്പറേഷന്‍, വനിത കമ്മീഷന്‍, സോഷ്യല്‍ അഡൈ്വസറിബോര്‍ഡ്, സാമൂഹ്യ സുരക്ഷാ മിഷന്‍ തുടങ്ങിയവ മുഖേന ഒട്ടേറെ പദ്ധതികള്‍ സ്ത്രീകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, പ്രായംചെന്നവര്‍ തുടങ്ങിയവര്‍ക്ക് വേണ്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ആഭ്യന്തരവകുപ്പ് മുഖേനയും സ്ത്രീകളുടെ സുരക്ഷിതത്തിനാവശ്യമായ പിങ്ക് പോലീസ് വനിതാപോലീസ് ബറ്റാലിയന്‍ തുടങ്ങിയകാര്യങ്ങള്‍ പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കുന്നു. വനിതാ വികസനകോര്‍പ്പറേഷന്‍ ആരംഭിക്കാന്‍ പോകുന്ന മിത്ര 181 എന്ന ഹെല്‍പ്പ് ലൈന്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പുവരു ത്തുക മാത്രമല്ല സ്ത്രീ സൗഹൃദ പദ്ധതികളെക്കുറിച്ചുള്ള കാര്യങ്ങള്‍ മാനസിലാക്കുന്നതിനു കൂടി സഹായിക്കുന്ന സംരംഭമായിരിക്കും.
പ്രത്യേക പരിശീലനം നല്കി സ്ത്രീകളെ തൊഴില്‍ രംഗത്തേക്കും സംരംഭകത്വത്തിലേക്കും കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യം കൂടി യുണ്ട്. പൊതുസമൂഹത്തില്‍ കടന്നുവരികയും രാഷ്ട്ര നിര്‍മാണ പ്രക്രീയയില്‍ പങ്കാളികളാകുകയും ചെയ്യുമ്പോഴാണ് സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ സാധിക്കുക. അന്തര്‍ദേശീയ വനിതാദിനമായ മാര്‍ച്ച് 8ന് ബഹുമുഖങ്ങളായ പരിപാടികള്‍ സാമുഹ്യ നീതിവകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
ഇതില്‍ പങ്കാളികളാകാന്‍ എല്ലാവരും തയ്യാറാകണം എന്നഭ്യര്‍ത്ഥിക്കുന്നു. സ്ത്രീവിമോചനത്തിന് സ്ത്രീകളും പുരുഷന്മാരുമടങ്ങിയ പൊതുസമൂഹം ഒരുമിച്ച് മുന്നേറേണ്ടതുണ്ട് എന്നും നാം ഓര്‍മിക്കണം.

സാറാജോസഫ്

സ്ത്രീ ശാക്തീകരണത്തിന്റെ പ്രസക്തി എത്രമാത്രമുണ്ട് എന്നചോദ്യം ഏത് സാമൂഹികയാഥാര്‍ത്ഥ്യത്തില്‍ നിന്നുമാണുണ്ടാകുന്നത്? സ്ത്രീ ശാക്തീകരണം ഉണ്ടാകണമെങ്കില്‍ പൊതുസമൂഹത്തിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും പോലീസിന്റെയും കോടതിയുടെയും സമീപനങ്ങളില്‍ മാറ്റമുണ്ടാകണം. പീഢനങ്ങളുടെ മാനദണ്ഡം ഒരിക്കലും പണമല്ല. നടിയുടെ കയ്യില്‍ പൈസ ഉണ്ടെന്നതും സൗമ്യയുടെ
കയ്യില്‍ പൈസ ഇല്ലെന്നതും യാഥാര്‍ത്ഥ്യമാണ്. അപ്പോള്‍ സാമ്പത്തികമല്ല
പീഡനങ്ങളുടെ മാനദണ്ഡം. സ്ത്രീക്ക് സ്ത്രീയായി ജീവിക്കാന്‍ കഴിയുന്ന സാമൂഹ്യാവസ്ഥയുണ്ടാകണം. കരാട്ടേ പഠിക്കലോ, പുരുഷന്മാരെയപ്പോലെ
ആകലോ അല്ല ചിന്താപരമായ ഉന്നതിയും സ്വാതന്ത്ര്യ ബോധവുമാണ്
സ്ത്രീകള്‍ക്കുണ്ടാവേണ്ടത്. സുഖകരമായും സന്തോഷകരമായും സമൂഹത്തില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനം. ജീവിതത്തിലെ എല്ലാ ഘട്ടത്തിലും സ്വാതന്ത്ര്യത്തോടുകൂടി ജീവിക്കാനുള്ള അന്തരീക്ഷം ഉണ്ടാകണം. സ്ത്രീ അവളുടേതായ നിലയില്‍ ശക്തിപ്പെട്ടുകൊള്ളും. അതിനെ തടസപ്പെടുത്തുന്ന സാമൂഹിക ശക്തികളെയാണ് തിരുത്തേണ്ടത്.

സി കെ ജാനു

ഇപ്പോഴത്തെ സാമൂഹിക സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് തന്നെയാണ് കൂടുതല്‍ പ്രസക്തിയുണ്ടാകേണ്ടത്. അഴിമതി, വരള്‍ച്ച, വിലക്കയറ്റം
ഇതൊക്കെ ഏറ്റവും കൂടുതല്‍ നേരിടേണ്ടിവരുന്നവരും സ്ത്രീകള്‍ തന്നെയാണ്. ഇതിനെതിരെ സ്ത്രീകള്‍ക്ക് ഒരുപാടുകാര്യങ്ങള്‍ ചെയ്യാനാകും.
മാലിന്യങ്ങള്‍ നീക്കുന്നതുള്‍പ്പെടെ സമൂഹത്തിലെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടുന്നവര്‍ സ്ത്രീകളാണ്. അതുകൊണ്ട് ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കൂടുതല്‍ ഉറപ്പിക്കേണ്ടതുണ്ട്. എല്ലാ മേഖലയിലും സ്ത്രീകളുടെ പങ്കാളിത്തം, അവരുടെ അവകാശങ്ങള്‍, നിലനില്പിനുള്ള സാഹചര്യം ഇതൊക്കെ ഉറപ്പാക്കിയാല്‍ ശാക്തീകരണം താനേ വന്നുകൊള്ളും. അതിനുള്ള ഇടമൊരുക്കലും അവസരമുണ്ടാക്കലുമാണ് പ്രധാനം. അല്ലാതെ ശാക്തീകരണമെന്ന് വെറുതെ പറയുന്നത് കളിപ്പിക്കുന്നതിന് തുല്യമാണ്. സ്ത്രീ
ശാക്തീകരണം പറയുകയും സാമൂഹ്യജീവിതത്തിലെ പൊതു ഇടങ്ങളില്‍ അവരെ അടുപ്പിക്കാതിരിക്കുകയും ചെയ്യുന്നത് ഒരുതരം കാപഠ്യമാണ്.

ഡോ. രേഖാരാജ്
സാമൂഹ്യപ്രവര്‍ത്തക

കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യനിലവാരം ഇനിയും കൃത്യമായും പരിശോധിക്കപ്പെടേണ്ടതുണ്ട്. ആരോഗ്യ സംബന്ധമായ ചില സൂചികകള്‍ സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെട്ടിട്ടുള്ളതായാണ് കാണിക്കുന്നത്. എങ്കിലും മാനസിക ആരോഗ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ഥിതി മോശമാണ്. ആരോഗ്യത്തെ നിര്‍വ്വചിക്കുമ്പോള്‍ അതില്‍ മാനസികാരോഗ്യം കൂടി ഉള്‍പ്പെടുത്തണം. സമൂഹത്തിന്റെ എല്ലാ  മേഖലകളിലും പലവിധത്തില്‍ സ്ത്രീകള്‍ ചൂഷണത്തിന് വിധേയരാകുന്നു. സ്ത്രീകളുടെ സാമൂഹ്യപദവിയും സ്വാതന്ത്ര്യവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേരളസമൂഹത്തിന്റെ പൊതുകാഴ്ചപ്പാട് മാറേണ്ടതുണ്ട്. ഇച്ഛയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സ്ത്രീക്ക് വിഘാതമായി നില്‍ക്കുന്ന ഘടകങ്ങളെക്കുറിച്ച് ആഴത്തില്‍ ഗൗരവപൂര്‍വ്വമായ പഠനങ്ങളും ശ്രദ്ധാപൂര്‍വ്വമായ തിരുത്തലും ഉണ്ടാ കണം.എങ്കില്‍ മാത്രമേ സ്ത്രീശാക്തീകരണമെന്ന ലക്ഷ്യം സാധ്യമാകൂ.

ഡോ. പ്രിയാ ദേവദത്ത്
കോട്ടയ്ക്കല്‍ ആര്യവേദശാല, മാന്നാര്‍
മെമ്പര്‍ മെഡിസിനല്‍ പ്ലാന്‍ ബോര്‍ഡ്

മുന്‍പൊന്നും ഇല്ലാത്ത വിധം കൂടിവരുന്ന ലൈംഗിക ചൂഷണങ്ങള്‍, കൗമാരക്കാരുടെ അക്രമവാസന, മധ്യപാനശീലം, ആത്മഹത്യ പ്രവണത ഇവ ഗൗരവമായി കാണേണ്ടതുണ്ട്. ബാലപീഢനം ഇന്നും തുടര്‍ന്ന് പോരുന്ന ഒരു നിര്‍ഭാഗ്യയാഥാര്‍ത്ഥ്യമാണ്. ഒന്നു മുതല്‍ മൂന്നു വയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍പോലും ഉപദ്രവിക്കപ്പെടുന്നതിനാല്‍ അമ്മയുടെ സജീവശ്രദ്ധ അവര്‍ അര്‍ഹിക്കുന്നു. കുട്ടിയുടെ ഏതു പ്രായത്തിലും മാനസികവും ശാരീരികവുമായി പീഢനമേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍  എല്ലാ പഴുതുകളുമടച്ച് അമ്മമാര്‍ ശ്രദ്ധിച്ചേ മതിയാവൂ. കൂടാതെ പീഢിപ്പിക്കപ്പെട്ട കുട്ടിക്ക് അളവില്ലാതെ വൈകാരിക പിന്തുണനല്കാനും ശ്രദ്ധിക്കണം. കുട്ടികളുടെ സ്വഭാവരൂപീകരണത്തിലും നിര്‍ണ്ണായകമായൊരു പങ്ക് അമ്മക്ക് വഹിക്കാനുണ്ട്. സ്ത്രീരോഗികളുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. രോഗലക്ഷണങ്ങളെ തീര്‍ത്തും അവഗണിക്കുന്നതും രോഗം തിരിച്ചറിഞ്ഞാലും വേണ്ടത്ര പരിഗണന നല്കാത്തതും സ്ത്രീകളാണ് അധികവും. ശരിയായ ബോധവത്കരണത്തിലൂടെയും സ്ത്രീശാക്തീകരണത്തിലൂടെയും ഇവയ്ക്ക് പരിഹാരം കാണാന്‍ കഴിയും.

മൈന ഉമൈബാന്‍
എഴുത്തുകാരി, കോളേജ് അധ്യാപിക

സ്ത്രീകള്‍ എല്ലായിടങ്ങളും സാന്നിധ്യമറിയിക്കുമ്പോള്‍ തന്നെ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. പുരുഷന്മാരില്‍ എല്ലാവരും ക്രിമിനലുകളല്ല.ക്രിമിനലുകള്‍ ന്യൂനപക്ഷമാണ് . ഇവരെ ഒറ്റപ്പെടുത്തണം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ ദോഷം വിതയ്ക്കുന്നവരാണ് ഈ ചെറിയ വിഭാഗം. സ്ത്രീക്കും പുരുഷനും സമൂഹത്തില്‍ സമഭാവന വരുമ്പോഴാണ് ആരോഗ്യം ഉണ്ടാ കുന്നത്. ഒരു തന്‍മയീഭാവവും, സ്വയം നിയന്ത്രണവും നിലനില്‍ക്കുന്നിടത്താണ് മാനസികവും ശാരീരികവുമായ ആരോ ഗ്യം നിലനില്‍ക്കുന്നത്. അപ്പോഴാണ് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ സ്ത്രീശാക്തീകരണം സാധ്യമാവുന്നത്.

ലീല
സംവിധായിക – നടവയല്‍

നല്ല വണ്ണമുണ്ടാകുന്നതാണ് ആരോഗ്യം എന്നാണ് ആളുകള്‍ തെറ്റിദ്ധരിച്ചിരിക്കുന്നത്. സാധാരണ ജനങ്ങള്‍ക്കിടയില്‍ പൊതുവെയുള്ള സങ്കല്പമാണിത്. ആരോഗ്യം എന്നു പറയുന്നത് രോഗമില്ലാത്ത അവസ്ഥയാണ്. പ്രതിരോധശേഷിയുള്ള ശരീരമുണ്ടാകണം. ഭക്ഷണവും വ്യായാമവും ഇവയൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണത്തില്‍ ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും വ്യായാമത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ പ്രൊതുവെ ശ്രദ്ധിക്കാറില്ല. ഗവ. ആശുപത്രികളില്‍ പ്രഷര്‍, ഷുഗര്‍, ഹൃദ്രോഗമുള്ളവരുടെ ക്യൂവാണ്. 40, 50 വയസാകുമ്പോള്‍ വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്ന സ്ത്രീകളാണധികവും. സ്ത്രീ കള്‍ക്ക് പൊതുവേ രോഗങ്ങള്‍ കൂടുതലാണ്. പലരും പുറത്ത്പറയാറില്ലെന്നേയുള്ളൂ.

ഹിമാശങ്കര്‍
നാടക പ്രവര്‍ത്തക

സ്ത്രീയുടെ സുരക്ഷയും ആരോഗ്യപരവുമായ എല്ലാ പ്രശ്‌നങ്ങളുടെയും കാരണം മനസുമായി ബന്ധപ്പെട്ടിരിക്കുന്നു. ചെറുപ്പകാലം മുതല്‍ നേരിടേണ്ടിവരുന്ന പല പ്രശ്‌നങ്ങളും പെണ്‍കുട്ടികളില്‍ മാനസികമായ പ്രയാസങ്ങളുണ്ടാക്കും. പല കാരണങ്ങളാലും അസംതൃപ്തമായ മനസ് ശരീരത്തിന് ദോഷം ചെയ്യുന്ന പലപ്രവര്‍ത്തികളിലേക്കും നയിക്കുന്നു. മനസില്‍ കുമിഞ്ഞ് കൂടുന്ന സംഘര്‍ഷം ഒഴിവാക്കുക. ശരീരത്തെ പലതരം വ്യായാമമുറകള്‍, നൃത്തം തുടങ്ങിയവയിലേക്ക് നയിച്ച് മനസിലെ മാലിന്യങ്ങളെ അകറ്റുക. വിഷാദരോഗത്തെ മറികടക്കാന്‍ കഴിയുന്ന പല മരുന്നുകളും ശരീരത്തില്‍ അടിഞ്ഞ് കൂടി പിന്നീട് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കാം

.

വി എസ് ബിന്ദു
അധ്യാപിക  കവി

ആരാന്റെ കൂരയില്‍  രാകി  മട യ്ക്കുന്നവളെ   കവി  അവതരി പ്പിച്ചത് നമുക്കൊര്‍മ്മയുണ്ട്  നടുവ്  തേഞ്ഞും ജീവിതമാകെ മുറിഞ്ഞും  സ്വയം നീറുമ്പോഴും  അവളവളെ സ്വന്തമായോന്നു ശ്രദ്ധിക്കാന്‍  അവള്‍ക്കാവുന്നില്ല  മനസ്സൊന്നു  നിവര്‍ത്തി  ഭാരങ്ങളില്ലാതെ വിശ്രമി ക്കാനാവുന്നില്ല. ജീവിതശൈലീ രോഗങ്ങളും  സമ്മര്‍ദ്ദവും കൊണ്ട് പിഞ്ഞിപ്പൊട്ടിപ്പോകുന്നവരുടെ  പക്ഷത്തു നിന്നു ചിന്തിക്കുമ്പോള്‍  എന്തുതരം സാമൂഹിക നീതിയാണ് ഇവര്‍ക്ക് ലഭിക്കുന്നത് എന്ന് ചിന്തിക്കണം. തുല്യത കടലാസില്‍ ഭദ്രമാണ്. പ്രായോഗിക തലത്തില്‍ ‘അബലകളെ’ ആവശ്യപ്പെടുന്ന പുരുഷാധിപത്യ സമൂഹം അനീതി തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. മനസ്സിലും ഉടലിലും  ആധിപത്യം സ്ഥാപിക്കാനാകാത്ത  സ്വാതന്ത്ര്യം എന്തുതരം പുരോഗതിയെയാണ്  മുന്നോട്ടു വയ്ക്കുന്നത്? അടിസ്ഥ ാന വിദ്യാഭ്യാസവും  ആരോഗ്യ പരിരക്ഷയും സാമ്പത്തിക സുരക്ഷ യും ഒപ്പം  സാമ്പത്തിക  സ്വാതന്ത്ര്യ വും   സ്ത്രീക്ക്  ലഭിച്ചേ തീരൂ.

ബിന്ദുമെഹര്‍
ഐ ടി പ്രൊഫഷണല്‍

പതിനേഴ് വര്‍ഷമായി ഐ റ്റി മേഖലയില്‍ ജോലി ചെയ്യുന്നു. ഇതുവരെ ഒരു സ്ത്രീയും ആക്രമിക്കപ്പെട്ട അനുഭവം കേട്ടിട്ടില്ല. ഇവിടെ എല്ലാവരും അവനവന്റെ തൊഴിലില്‍ വ്യാപൃതരായത് കൊണ്ട് അനാവശ്യ ഇടപെടലുകള്‍ സ്ത്രീകളുടെ സ്വകാര്യതയ്ക്ക് മേല്‍ ഉണ്ടാകുന്നില്ല. ആരോഗ്യസംരക്ഷണം പ്രോത്സാഹിപ്പിക്കുവാന്‍ യോഗ പരിശീലനം, കൗണ്‍സിലിങ്ങുകള്‍ തുടങ്ങിയവയ്ക്ക് പുറമെ വെയ്റ്റ് ലോസ് പ്രോഗ്രാമുകളും കമ്പനികളില്‍ നടത്തുന്ന വിദേശ രാജ്യങ്ങളില്‍ മാത്രം കേട്ടിട്ടുള്ള ലാക്‌റ്റേഷന്‍ റൂമുകള്‍ പോലും അമ്മമാരായ ജീവനക്കാരെ ഉദ്ദേശിച്ച് കേരളത്തിലെ ഐ റ്റി മേഖലയില്‍ സജ്ജീകരിച്ചിരിക്കുന്നു. സെക്യൂരിറ്റി, ക്ലീനിംഗ് തുടങ്ങിയ മേഖലകളില്‍ ജീവനക്കാരെ നിയമിക്കുമ്പോള്‍ സ്‌ക്രീനിംഗ് ചെയ്യുന്നത് നന്നായിരിക്കും.

സെലിന്‍ എം
ഹെഡ്മിസ്ട്രസ്, കോട്ടണ്‍ഹില്‍ ജി എല്‍ പി എസ്

നമ്മുടെ സമൂഹത്തില്‍ പെണ്‍കുട്ടികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടാത്തവിധം ലിംഗസമത്വം ഉറപ്പാക്കേണ്ടതുണ്ട്. ശാസ്ത്ര സാങ്കേതിക വൈജ്ഞാന മേഖലകളില്‍ ഉയര്‍ന്ന നേട്ടം കൈവരിക്കാനായിട്ടുണ്ടെങ്കിലും ആണ്‍പെണ്‍ ഭേദമില്ലാതെ എല്ലാകാര്യങ്ങളിലും സമത്വവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതില്‍ നമ്മള്‍ വേണ്ടത്ര വിജയിച്ചിട്ടില്ല. വരുന്ന തലമുറകളിലെങ്കിലും പീഢനങ്ങളും ആക്രമണങ്ങളും ഇല്ലാതാക്കാനായി ഇപ്പോഴത്തെ കുട്ടികളുടെ മാതാപിതാക്കളും അധ്യാപകരും
കൂടുതല്‍ ജാഗ്രത കാണിക്കേണ്ട സമയമാണിത്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കുടുംബത്തിലും സ്‌കൂളിലും സമൂഹത്തിലും ഉയര്‍ന്ന സാമൂഹ്യബോധമുള്ളവരായി വളര്‍ത്തണം. അങ്ങനെ മാത്രമേ ലിംഗ സമത്വവും സ്ത്രീ ശാക്തീകരണവും സാധ്യമാവുകയുള്ളൂ. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ കുട്ടികളുടെ അവകാശങ്ങള്‍ തുല്യമായും നീതിപൂര്‍വകമായും നടപ്പാക്കുന്നു എന്ന് അധ്യാപകന്‍ ഉറപ്പാക്കണം

ട്രാന്‍സ് ജെന്റര്‍ – തുല്യനീതിയ്ക്കായി
വിജയരാജമല്ലിക
കവി ആ്ക്റ്റിവിസ്റ്റ്

സ്ത്രീ ശാക്തീകരണം എന്ന വിഷയം ചര്‍ച്ച ചെയ്യുന്ന സന്ദര്‍ഭത്തില്‍ പലപ്പോഴും സ്ത്രീപുരുഷസമത്വമാണ് ചര്‍ച്ചയില്‍ കണ്ടുവരാറുള്ളത്. എന്നാല്‍ ഇന്ത്യയില്‍ സാമൂഹ്യവും രാഷ്ട്രീയമായി ഏറ്റവും കൂടുതല്‍ അന്യവല്‍ക്കരിക്കപ്പെടുന്ന ഒരു സമൂഹമാണ് സഹജന്‍ അഥവാ ട്രാന്‍സ്ജന്‍ഡര്‍. അവര്‍ക്കും കൂടി സമത്വവും തുല്യനീതിയും ഉറപ്പുവരുത്തുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ ജനാധിപത്യം നടപ്പിലാവൂ.
സമൂഹത്തില്‍ മറ്റ് വിഭാഗങ്ങള്‍ക്കൊപ്പം നില്ക്കുന്നതിന് വേണ്ടി അനേകം പദ്ധതികള്‍ ഗവണ്‍മെന്റ് മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല എന്നതാണ് വസ്തുത. പ്രധാനമായും 7 നിര്‍ദ്ദേശങ്ങളാണ് എനിക്ക് മുന്നോട്ട് വെയ്ക്കാനുള്ളത്.

1. അടുത്ത പാഠ്യപദ്ധതിയില്‍ ട്രാന്‍സ്‌ജെന്റേഴ്‌സിനെ സംബന്ധിച്ച് അവബോധം നിര്‍മ്മിക്കുന്നപാഠഭാഗം ഉള്‍പ്പെടുത്തുക.
2. യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കുന്നേതിനായി അതില്‍ ജെന്റര്‍ പരിഗണിക്കുമ്പോള്‍ മെയില്‍ ഫീമെയില്‍ മാത്രമേ ഉള്‍പ്പെടുന്നുള്ളൂ. സ്വത്തവകാശം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ട്രാന്‍സ്‌ജെന്റേഴ്‌സിന് പരിഗണന ലഭ്യമാകുന്നില്ല. ആയതിനാല്‍ അതില്‍ ട്രാന്‍സ്‌ജെന്റേഴ്‌സിനെ കൂടി ഉള്‍പ്പെടുത്തി നടപ്പിലാ
ക്കുക.
3. കേരളത്തിലെ പൗരസമൂഹത്തില്‍ ഏറ്റവും അടിത്തട്ടില്‍ വരെ ട്രാന്‍സ്‌ജെന്റേഴ്‌സിനെ തുല്യപരിഗണനയില്‍ കാണുന്നതിന് കേരള ട്രാന്‍സ്‌ജെന്റര്‍ പോളിസി മലയാളത്തില്‍ പ്രസിദ്ധീകരിച്ച് എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും എത്തിക്കുക.
4. കെഎസ്ആര്‍ടിസി ബസുകളില്‍ ട്രാന്‍സ്‌ജെന്റേഴ്‌സ് അവബോധമുളവാക്കുന്ന പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുക.
6. ഇന്ത്യയിലെ അറിയപ്പെടുന്ന ട്രാന്‍സ്‌ജെന്റേര്‍ എഴുത്തുകാരുടെ സാഹിത്യകൃതികള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുക.
6. സര്‍ക്കാര്‍ പൊതുവേദികളില്‍ ട്രാന്‍സ്‌ജെന്റേഴ്‌സിനും തുല്യനീതിയും അവസരസമത്വവും നല്കുക.
7. ട്രാന്‍സ്‌ജെന്റര്‍ എന്ന പദത്തിന് പകരം സഹജന്‍ എന്ന പദം ജനകീയമായി
ഉപയോഗിക്കുക.
കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്റര്‍ കവിയാണ് വിജയരാജമല്ലിക. അരളി അവാര്‍ഡ് ഉള്‍പ്പെടെ ദേശീയ-സംസ്ഥാന തലത്തില്‍ അനേകം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.


Posted by vincent