ആളെക്കൊല്ലുന്ന ആള്‍ക്കൂട്ട നീതി
August 7, 2024
ബേസില്‍ പി ദാസ്
ആള്‍ക്കൂട്ട വിചാരണയുടെയും വിധി പ്രസ്താവത്തിന്റെയും ഭാഗമായുള്ള കൊലപാതക വാര്‍ത്തകള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പുറത്തു വരുമ്പോള്‍ എന്റെ നാട് കേരളം, പ്രബുദ്ധ മലയാള മണ്ണില്‍ ഇതൊന്നും നടക്കില്ല എന്ന് അഭിമാന പുളകം കൊണ്ട് കൊലയാളികള്‍ക്കെതിരെ രോഷം പൂണ്ടു പ്രതിഷേധിച്ചിരുന്ന മലയാളിയുടെ സാംസ്‌കാരിക അഹംഭാവത്തിന്റെ കോലായിലേക്കാണ് മധു എന്ന മനോരോഗിയായ ആദിവാസി യുവാവ് ആള്‍ക്കൂട്ട ആക്രോശത്തിനിടെ ചവിട്ടേറ്റ് ചേതനയറ്റ് വീണത്. അട്ടപ്പാടി കടുകുമണ്ണ ഊരിലെ മധുവിന് പ്രായം ഇരുപത്തിയേഴ്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കുടുംബവും സമൂഹവുമായി അകന്ന് ഭാവാനിപ്പുഴയോരത്തെ വനാന്തര ഗുഹകളില്‍ ഏകാന്തവാസത്തിലായിരുന്നു മനോനില തകരാറിലായ മധു . പ്ലസ്ടൂ തലത്തില്‍ പഠനം അവസാനിപ്പിച്ച് നിര്‍മ്മിതികേന്ദ്രയുടെ പരിശീലനത്തില്‍ വീട് നിര്‍മ്മാണ ജോലികള്‍ പഠിച്ച് ജോലി ചെയ്തു വരുന്നതിനിടെയാണ് മധുവിന്റെ മാനസിക നില കുഴപ്പത്തിലാകുന്നത്.
അട്ടപ്പാടിയുടെ പ്രവേശന കവാടമാണ് മുക്കാലി. മുക്കാലി കക്കുപ്പടി, പാക്കുളം, താവളം എന്നീ പ്രദേശങ്ങളില്‍ രണ്ടു വര്‍ഷമായി പതിവായി കടകളില്‍ മോഷണം നടക്കുന്നതായി പരാതികളുണ്ട്. മോഷ്ടാവിനെ പിടികൂടാന്‍ തക്കം പാര്‍ത്തിരുന്ന നാട്ടുകാര്‍ക്ക് ഒരു കടയിലെ സീ സീ ടി വി ദൃശ്യത്തില്‍ നിന്നും മധുവിനോട് മുഖ, രൂപ സാദൃശ്യമുള്ള ഒരു ഫൂട്ടേജ് ലഭിക്കുന്നു. അന്നുമുതല്‍ പകല്‍ വെളിച്ചത്തില്‍ അധികമാരും കാണാത്ത മധുവാണ് ശല്യകാരനായ മോഷ്ടാവ് എന്ന് നാട്ടുകൂട്ടം വിധിയെഴുതി മധുവിനായി വലവിരിക്കുന്നു. ഫെബ്രുവരി ഇരുപത്തി രണ്ടിന് ഉച്ചയ്ക്ക് ചിണ്ടക്കി ഊരിനടുത്ത് വനത്തില്‍ മധു ഒളിച്ചിരിക്കുന്നു എന്ന് വിവരം ലഭിച്ചതറിഞ്ഞ് പതിനാറു പേരടങ്ങുന്ന വേട്ട സംഘം കള്ളനെപ്പിടിക്കാന്‍ കാട്ടിലേക്ക് നീങ്ങുന്നു. ഭാവാനിപ്പുഴയുടെ മറുകരയില്‍ ആദിവാസിയുടെ കുല ദൈവമായ മല്ലീശ്വരന്‍ വസിക്കുന്ന മല്ലീശ്വരന്‍ മലയുടെ അടിവാരത്ത് ഗുഹയില്‍ തീകൂട്ടി ചോറ് വേവിക്കുകയായിരുന്ന മധു ആള്‍ക്കൂട്ടത്തെക്കണ്ടു ഭയന്ന് സമീപത്തെ മരത്തില്‍ കയറി ഇരുന്നു. ആള്‍ക്കൂട്ട ന്യായാധിപരും ആരാച്ചാരന്മാരും അതിസാഹസികമായി മരത്തില്‍ നിന്നും മധുവെന്ന കൊടും ഭീകരനെ വലിച്ച് താഴെയിറക്കി. കൃശഗാത്രനായ മധുവിനെ ക്രൂരമായ മര്‍ദ്ദന മുറകള്‍ ഉപയോഗിച്ച് വിചാരണ ചെയ്തു. പാറയിടുക്കില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ അവന്‍ കെട്ടിപ്പൊതിഞ്ഞു സൂക്ഷിച്ചിരുന്ന തൊണ്ടിമുതല്‍ എന്ന് നാട്ടുകാര്‍ പറയുന്ന നിധിശേഖരം കണ്ടെടുത്തു. മുഷിഞ്ഞു കറുത്ത അവന്റെ ഉടുമുണ്ടഴിച്ച് കൈകള്‍ വരിഞ്ഞു കെട്ടി മര്‍ദ്ദനം തുടര്‍ന്നു. മര്‍ദ്ദനമേറ്റ് അവശനായി വെള്ളം ചോദിച്ചപ്പോള്‍ ഭാവാനിപ്പുഴയില്‍ തല പിടിച്ച് മുക്കി. വിശപ്പും മര്‍ദ്ദനവും കൊണ്ട് അവശനായ മധുവിന്റെ തലയില്‍ അവന്റെ വാസസ്ഥലത്ത് നിന്നും കണ്ടെടുത്ത ചാക്കുകെട്ട് വച്ച് രണ്ടു കിലോമീറ്റര്‍ ദൂരം മര്‍ദ്ദനത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി ആള്‍ക്കൂട്ട ന്യായാധിപര്‍ മധുവിനെ നടത്തിച്ചു. റോഡരികില്‍ കാത്തു കിടന്ന വാഹനത്തില്‍ കയറ്റി മുക്കാലി ജംഗ്ഷനില്‍ എത്തിച്ച് ആള്‍ക്കൂട്ട വിചാരണയും മര്‍ദ്ദനവും തുടര്‍ന്നു. ഇതെല്ലാം ന്യൂ ജെന്‍ സദാചാര ന്യായാധിപര്‍ വീഡിയോ ചിത്രീകരിക്കുകയും വീരസാഹസ ഇതിഹാസം പോലെ വാട്ട്‌സാപ്പ് ഫെയ്‌സ്ബുക്ക് മീഡിയകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. മധുവിന്റെ വാസസ്ഥലത്ത് നിന്നും കണ്ടെടുത്ത തൊണ്ടിമുതല്‍ കെട്ടഴിച്ചപ്പോള്‍ കിട്ടിയ വസ്തുക്കളുടെ പ്രദര്‍ശനവും നടന്നു. ഒരു പായ്ക്കറ്റ് മുളക് പൊടി, ബിസ്‌ക്കറ്റ്, നാലഞ്ച് കെട്ടു ബീഡി, ടോര്‍ച്ചില്‍ ഇടുന്ന ബാറ്ററി ഇത്രയുമായിരുന്നു ഭീകരനായ മോഷ്ടാവായി ജനക്കൂട്ടം വിധിയെഴുതി പിടികൂടി ശിക്ഷ നടപ്പിലാക്കിക്കൊണ്ടിരുന്ന മാനസികരോഗിയുടെ സമ്പാദ്യം, നാട്ടുകൂട്ട ഭാഷയില്‍ മോഷണമുതല്‍. ഇതിനിടെ മോഷ്ടാവിനെ പിടികൂടിയ വിവരമറിഞ്ഞ് അഗളി പോലീസ് സംഭവസ്ഥലത്തെത്തി. ബന്ധനസ്ഥനായ മധുവിനെ ഏറ്റുവാങ്ങി, നിയമം കയ്യിലെടുത്തവരെ ശാസിക്കുക പോലും ചെയ്യാതെ സ്റ്റേഷനിലേക്ക് മടങ്ങി. യാത്രാ മദ്ധ്യേ പോലീസ് വാഹനത്തില്‍ വച്ച് ആള്‍ക്കൂട്ടം തന്നെ കള്ളന്‍ എന്ന് വിളിച്ച് അടിക്കുകയും ചവിട്ടുകയും ചെയ്തതായി മധു പോലീസിനു മൊഴി നല്കി. വാഹനത്തില്‍ വച്ച് രണ്ടു വട്ടം ഛര്‍ദ്ദിച്ച മധു ആള്‍ക്കൂട്ട ആരവങ്ങളില്‍ നിന്ന് മോചിതനായി നിശ്ചലനായി. മൃതദേഹം അഗളി സാമൂഹ്യാരോഗ്യ കേന്ദ്രം മോര്‍ച്ചറിയില്‍ സൂക്ഷിച്ച പോലീസ് അഡീഷണല്‍ എസ് ഐ പ്രസാദ് വര്‍ക്കി രേഖപ്പെടുത്തിയ മധുവിന്റെ മരണമൊഴി പ്രകാരം അസ്വാഭാവിക മരണത്തിനു കേസെടുത്തു. മധു മരിച്ച വിവരം പുറത്തായതോടെ സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ വെട്ടിലായി. ആള്‍ക്കൂട്ട വിചാരണയുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയെ പ്രകമ്പനം കൊള്ളിച്ചു. സമൂഹ മനസാക്ഷി ഒന്നടങ്കം മധുവിന് നീതിക്കായി ശബ്ദമുയര്‍ത്തി.ഇരുപത്തിമൂന്നിന് രാവിലെ മധുവിന്റെ മൃതദേഹം ഒറ്റപ്പാലം ആര്‍ ഡി ഓ യുടെ നേതൃത്വത്തില്‍ ഇന്‍ക്വിസ്റ്റ് പൂര്‍ത്തിയാക്കിയതോടെ മധുവിന് മര്‍ദ്ദനമേറ്റതായി സ്ഥിരീകരിച്ചു. മോര്‍ച്ചറി പരിസരത്തുണ്ടായിരുന്ന മധുവിന്റെ ബന്ധുക്കളും ഊര് നിവാസികളും ആദിവാസി സംഘടനാ പ്രവര്‍ത്തകരും പ്രതികളെ ഉടന്‍ പിടികൂടണം എന്ന ആവശ്യം ഉന്നയിച്ചു.
അതുവരെ അസംഘടിതരായിരുന്ന ആദിവാസി ജനത സമരാഹ്വാനങ്ങളോ സംഘടനകളോ ഇല്ലാതെ ഉയിര്‍ത്തെഴുന്നേറ്റ് അഗളിയിലേക്ക് ഒറ്റയും കൂട്ടവുമായി ഒഴുകിയെത്തുന്ന കാഴ്ചയ്ക്ക് മണിക്കൂറിന്റെ താമസമേ ഉണ്ടായുള്ളൂ. വിദൂര ഊരുകളില്‍ നിന്ന് പോലും വിവരമറിഞ്ഞ് രോഷാഗ്‌നിയുമായി ആബാലവൃദ്ധം ആദിവാസികള്‍ അഗളിയിലേക്കെത്തി. അഗളി പഞ്ചായത്തിനു സമീപത്തു നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം രണ്ടു കിലോമീറ്റര്‍ പിന്നിട്ടു അഗളി സാമൂഹ്യാരോഗ്യകേന്ദ്ര പരിസരത്തെത്തുമ്പോള്‍ ആയിരത്തോളം ആദിവാസികള്‍ അണിനിരന്ന മഹാ പ്രതിഷേധ റാലിയായി രൂപപ്പെട്ടു.
മധുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് അയച്ചതോടെ പ്രതിഷേധം അഗളി പോലീസ് സ്റ്റേഷന് മുന്നിലേക്ക് മാറി. ഓരോ ഊരുകളില്‍ നിന്നും പ്രകടനമായി ആദിവാസികള്‍ സമരപന്തലിലേക്ക് വന്നുകൊണ്ടിരുന്നു. മധുവിനെ തല്ലിക്കൊന്ന മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുകയും അവര്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമമടക്കം ഉപയോഗിച്ച് കൊലക്കുറ്റം ചുമത്തണമെന്നും, ചുമത്തിയ വകുപ്പുകള്‍ ഉള്‍പ്പെടെ പോലീസ് രേഖകളും പ്രതികളെയും സമരക്കാരെ കാണിച്ച് ബോധ്യപ്പെടുത്തണമെന്നുമായിരുന്നു ആവശ്യം. തൃശൂര്‍ റേഞ്ച് ഐ ജി അജിത്കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിക്കപ്പെട്ടു. ഉച്ചയോടെ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു. പാക്കുളം സ്വദേശി ഹുസൈന്‍, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച ഉബൈദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഗളി പോലീസ് സ്റ്റേഷന് മുന്നിലെ സമരപ്പന്തല്‍ രാവെളുക്കുവോളം പരമ്പരാഗത ആദിവാസി പാട്ടും ആട്ടവും കൊട്ടുമായി പ്രതിഷേധം തുടര്‍ന്നു. ആള്‍ക്കൂട്ടത്തിന്റെ ന്യായാധിപ മനോരോഗത്തിനെതിരെ ആദിവാസികള്‍ തൊണ്ടപൊട്ടി പാടി പ്രതിഷേധിച്ചു. ഇരുപത്തി നാലിന് രാവിലെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജന്മാരുടെ വിദഗ്ധ സംഘം നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ മധുവിന് മര്‍ദ്ദനമേറ്റ് തലയ്ക്കും വയറിനും ഗുരുതരമായ ക്ഷതമുള്ളതായും വാരിയെല്ലുകള്‍ അടിയേറ്റ് തകര്‍ന്നതായും ആന്തരിക രക്തസ്രാവവും തലയ്‌ക്കേറ്റ ക്ഷതവുമാണ് മരണകാരണം എന്നും സ്ഥിരീകരിച്ചു. തൃശൂരില്‍ നിന്ന് മധുവിന്റെ ഭൗതിക ശരീരം ശീതീകരിച്ച പെട്ടിയില്‍ അഗളി പോലീസ് സ്റ്റേഷന് മുന്നിലെ സമരപ്പന്തലില്‍ എത്തുമ്പോള്‍ നട്ടുച്ചയ്ക്ക് കത്തുന്ന വെയിലിലും തളരാത്ത പ്രതിഷേധ ജ്വാലയായി ആയിരക്കണക്കിന് ആളുകളുണ്ടായിരുന്നു, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖരും. മധുവിന് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ട് നടത്തിയ പരമ്പരാഗത ആദിവാസി നൃത്തത്തിനു പോലും പ്രതിഷേധത്തിന്റെ രുദ്രതാളമായിരുന്നു. സാധാരണ മരണാനന്തര ചടങ്ങുകളില്‍ പത്തോ ഇരുപതോ ആളുകള്‍ ചേര്‍ന്ന് വട്ടത്തില്‍ ആടി പാടുന്ന നൃത്ത രൂപത്തില്‍, മധുവിന്റെ ചേതനയറ്റ ശരീരത്തിനു മുന്നില്‍ നടുറോഡില്‍ ഇരുന്നൂറോളം ആളുകളാണ് ആറു നിരകളില്‍ ചുവടുവച്ചത്.
വൈകിട്ടോടെ ചിണ്ടക്കിയിലെ ആദിവാസി ശ്മശാനത്തില്‍ ഒരുങ്ങിയ ആറടി മണ്‍കുഴിയില്‍ മധുവിന്റെ മൃതദേഹം അടക്കം ചെയ്തു. രാത്രി എട്ടു മണിയോടെ മധുവിനെ അതിക്രൂരമായി തല്ലിക്കൊലപ്പെടുത്തിയ പതിനാറു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. സമരക്കാരുടെ ആവശ്യങ്ങള്‍ എല്ലാം അംഗീകരിക്കപ്പെട്ടു. പ്രതികളെ മധുവിന്റെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു ബോധ്യപ്പെട്ടു. കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ ചുമത്താവുന്ന പരമാവധി വകുപ്പുകള്‍ ഉള്‍പ്പെടുത്തി പോലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു.
വിശപ്പുകൊണ്ടു നിവൃത്തികെട്ടു മോഷ്ടിച്ച ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു എന്ന രീതിയിലാണ് ഈ കൊലപാതകം സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചത്. അതിബുദ്ധിജീവികളും അതി സ്വത്വവാദികളും ആദിവാസിയായ മധുവിനെ കുടിയേറ്റക്കാര്‍ തല്ലിക്കൊന്ന വംശീയ കൊലപാതകം എന്നുവരെ പ്രചരിപ്പിച്ചു കളഞ്ഞു. യഥാര്‍ത്ഥത്തില്‍ വിശപ്പോ വംശീയതയോ മധുവിന്റെ കൊലപാതകത്തിന് ഹേതുവായിട്ടില്ല. ആള്‍ക്കൂട്ടത്തിന്റെ വികല മനശാസ്ത്രം മാത്രമാണിവിടെ കൊലയ്ക്ക് കാരണം. അതിനു വലിയ പരിധിയോളം സോഷ്യല്‍ മീഡിയ വഴിയുള്ള അനാവശ്യ അബദ്ധ അരാഷ്ട്രീയ പ്രചാരണങ്ങളും വഴിവച്ചു.
രാഷ്ട്രീയ ബോധം ലവലേശമില്ലാത്ത വലിയൊരു ജനസമൂഹമുണ്ടീ നാട്ടില്‍. രാഷ്ട്രീയപരമായ തെറ്റുകള്‍ മാത്രം പ്രസ്താവിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍. ഇതരസംസ്ഥാന തൊഴിലാളികളും യാചകരും മാനസിക നില തകരാറിലായവരുമെല്ലാം ഒന്നുകില്‍ മോഷ്ടാക്കള്‍ അതല്ലെങ്കില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന മാഫിയാ സംഘങ്ങള്‍ എന്ന പൊതുബോധം സൃഷ്ട്ടിച്ചെടുക്കാന്‍ അവര്‍ക്ക് എളുപ്പത്തില്‍ സാധ്യമായി. രണ്ടു മിനിട്ടുകൊണ്ട് ടൈപ്പ് ചെയ്‌തെടുക്കുന്ന ഭാവനാ സൃഷ്ടി വാട്ട്‌സാപ്പ് വഴി ഒരാള്‍ക്ക് ഷെയര്‍ ചെയ്യേണ്ട താമസം മാത്രമേയുള്ളൂ ആധികാരികതകള്‍ ഒന്നും പരിശോധിക്കാതെ ആ മെസേജ് ആയിരക്കണക്കായ വാട്ട്‌സാപ്പ് പ്രോഫൈലുകളിലെക്ക് ഷെയര്‍ ചെയ്യപ്പെടാന്‍. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ, ഇരുണ്ട നിറമുള്ളവന്റെ, പ്രവാസിയുടെ, യാചകന്റെ രാഷ്ട്രീയം തിരിച്ചറിയാത്ത ബഹുഭൂരിപക്ഷ പൊതുസമൂഹത്തില്‍ ഈ വിഭാഗങ്ങളെ നോക്കാന്‍ സംശയത്തിന്റെ ഒരു കണ്ണട ഇതോടെ സ്ഥാപിക്കപ്പെടുകയായി. അതിലൂടെ കാണുന്ന ജോലിതേടി നാടുവിട്ടു വന്നവന്‍, മുഷിഞ്ഞവേഷം ധരിച്ച അപരിചിതന്‍, യാചകന്‍ എല്ലാം മോഷ്ടാവോ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവനോ ആയിത്തീരുന്നു.
ഇത്തരം പ്രചാരണങ്ങള്‍ കാണുന്ന മാതാപ്പിതാക്കള്‍ ചെറുപ്രായം മുതലുള്ള കുട്ടികള്‍ക്ക് മുന്നറിയിപ്പ് എന്ന കരുതല്‍ നടപടിയുടെ ഭാഗമായി അപരനോടുള്ള ഭീതി പകര്‍ന്നു നല്‍കുന്നു. കൊച്ചു മനസ്സുകളില്‍ പോലും അപരിചിതരെല്ലാം ആക്രമണകാരികളോ മോഷ്ടാക്കളോ ആയി രൂപപ്പെടുന്നു. വരേണ്യ നാട്ടു പ്രമാണിമാര്‍ എന്ന് സ്വയം ധരിച്ച് വശായ ഇക്കൂട്ടരുടെ ഇടങ്ങളിലേക്ക് ഇതൊന്നുമറിയാതെ അന്നം തേടിയെത്തുന്ന നിരാലംബര്‍ പ്രകോപനമോ കാരണങ്ങളോ ഇല്ലാതെ തടഞ്ഞു വെയ്ക്കപ്പെടുകയും വിചാരണ ചെയ്ത് നാട്ടുകൂട്ട വിധി പ്രസ്താവവും ശിക്ഷയും ഏറ്റുവാങ്ങേണ്ടിവരുന്ന സംഭവങ്ങള്‍ കേരളത്തില്‍ നിരവധിയുണ്ടായി. ഞാനല്ലാത്ത ഒരാള്‍ പോലും ഇവിടെ അധികപ്പറ്റായി കാണാന്‍ പാടില്ല എന്ന നിലയില്‍ ചുരുങ്ങി ഒതുങ്ങുന്ന തലത്തിലേക്ക് പൊതുബോധ നിര്‍മ്മിതി സാധ്യമായിരിക്കുന്നു. ഭരണഘടന അനുശാസിക്കുന്ന മൗലികമായ അവകാശങ്ങള്‍ തന്നെപ്പോലെ അപരനുമുണ്ട് എന്ന് തിരിച്ചറിയാനുള്ള വിവേക ബുദ്ധി അരാഷ്ട്രീയ അബദ്ധ പ്രചാരണങ്ങളില്‍ അഴുകിയില്ലാതായി. ഒരേ നുണ പലവട്ടം ആവര്‍ത്തിച്ച് സത്യമെന്ന് തോന്നിക്കുന്ന ഗീബല്‌സിയന്‍ മനശാസ്ത്രത്തിന്റെ വിജയം കണ്ട പരീക്ഷണ ശാലയാണ് നമ്മുടെ സമൂഹമനസാക്ഷി.
ഒരുമിച്ച് ഇരിക്കുകയോ നടക്കുകയോ ചെയ്യുന്ന കമിതാക്കളെ തടഞ്ഞു വെയ്ക്കാനും ചോദ്യം ചെയ്യാനും ശിക്ഷ നടപ്പിലാക്കി സമൂഹ മധ്യത്തില്‍ അവഹേളിക്കാനും തയ്യാറാവുന്ന സദാചാര സംരക്ഷക വാനര സേനകള്‍ മൂലം ഒരു മുഴം കയറില്‍ അനീഷ് എന്ന യുവാവിനു ജീവനോടുക്കേണ്ടി വന്നതും ഇതേ നാട്ടിലാണ്.
യാചകരും അപരിചിതരും നാടിനാപത്ത് എന്നും അവരെ കണ്ടാല്‍ ആട്ടിയോടിക്കുക എന്നും പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് അപരന്റെ ശബ്ദം സംഗീത മായി കേള്‍ക്കുന്ന കാലം വിഭാവനം ചെയ്യുന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ ബ്രാഞ്ച് കമ്മിറ്റിയുടെ പേരിലാണ് എന്ന് കാണുമ്പോള്‍ രാഷ്ട്രീയ ബോധം എന്നത് എത്ര മേല്‍ അപനിര്‍മ്മിക്കപ്പെടുന്നു എന്ന് മനസ്സിലാകും. അപരിചിതനെ, പ്രവാസിയെ, മുഷിഞ്ഞ വേഷക്കാരനെ തടഞ്ഞു വെച്ച് വിചാരണ ചെയ്ത് വിധി നടപ്പിലാക്കാനുള്ള ആള്‍ക്കൂട്ട മാനസികാവസ്ഥയ്ക്ക് അതി ഗൗരവ ചികിത്സ നല്‌കേണ്ടതുണ്ട്. ചികിത്സിക്കേണ്ടതു വ്യക്തിയെയല്ല ഒരു സമൂഹത്തെയാണ്. സമഗ്ര ആരോഗ്യനയം രൂപപ്പെടുത്തുന്ന കൂട്ടത്തില്‍ സമൂഹത്തിന്റെ മാനസികാരോഗ്യം കൂടി പരിഗണിക്കുക തന്നെ വേണം. ആള്‍ക്കൂട്ട വിചാരണകള്‍ക്ക് പാകപ്പെട്ട മനസ്സുകളിലേക്ക് ഭരണഘടനയുടെ, മാനവികതയുടെ, അവകാശങ്ങളുടെ പാഠങ്ങള്‍ പകര്‍ന്നു നല്കുക എന്നത് എളുപ്പമല്ല. വിദ്യാലയങ്ങളില്‍ നിന്ന് ആരംഭിക്കണം സമൂഹത്തിനുള്ള ചികിത്സയുടെ ആദ്യ ഘട്ടം. അപരനോട് ഭയമല്ല കരുതലും കരുണയുമാണ് വേണ്ടത് എന്ന ബോധം പുതു തലമുറയ്ക്ക് പകര്‍ന്നു നല്കിയാലേ വിധി കര്‍ത്താക്കളായ ആള്‍ക്കൂട്ടങ്ങള്‍ ചുരുങ്ങി ഇല്ലാതാകൂ.
ആദിവാസി വികസന പദ്ധതികള്‍ എത്രത്തോളം അശാസ്ത്രീയമായാണ് നടത്തപ്പെടുന്നത് എന്ന് കാണാന്‍ അട്ടപ്പാടിയില്‍ വന്നു പരിശോധിച്ചാല്‍ വ്യക്തമാകും. ആദിവാസി വിരുദ്ധ വികസന സങ്കല്പ്പങ്ങളുമായി സര്‍ക്കാര്‍ സംവിധാനങ്ങളും ഏജന്‍സികളും മുന്നോട്ടുപോകുന്ന കാഴ്ചകള്‍ മാത്രമേ ഇവിടുള്ളൂ. മധുവിന്റെ കൊലപാതകവുമായി വിശപ്പ് എന്ന മൂന്നക്ഷരം കൂടി കൂട്ടിച്ചേര്‍ത്ത് നടത്തിയ പ്രചരണത്തെ തുടര്‍ന്ന് ആദിവാസി ഊരുകളില്‍ കമ്മ്യൂണിറ്റി കിച്ചന്‍ സംവിധാനം ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശം നല്കിയിരിക്കുകയാണ് സര്‍ക്കാര്‍. ഊരുകളിലെ പൊതുവായ ഒരിടത്ത് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്ന ശുദ്ധ അസംബന്ധ പദ്ധതിയാണിത്.
പോഷകാഹാരക്കുറവ് മൂലം നവജാത ശിശുക്കള്‍ മരണപ്പെട്ട കാലയളവില്‍ എന്‍ ആര്‍ എല്‍ എം പദ്ധതി പ്രകാരമാണ് കമ്മ്യൂണിറ്റി കിച്ചന്‍ എന്ന ആശയം രൂപപ്പെടുന്നത്. ആദിവാസികളെ അലസരും ഭിക്ഷാം ദേഹികളും ആക്കിത്തീര്‍ക്കാന്‍ മാത്രമേ ഈ പദ്ധതി ഉപകരിക്കൂ എന്ന തിരിച്ചറിവ് പദ്ധതി ആസൂത്രണം ചെയ്തവര്‍ക്കില്ലാതെ പോയി. രണ്ടു വര്‍ഷം കൊണ്ട് ഇരുപതു കോടി രൂപയാണ് കമ്മ്യൂണിറ്റി കിച്ചന്‍ എന്ന പരിപാടിക്കായി ചെലവിട്ടത്.
ആദിവാസി ഊരുകളില്‍ കുടുംബ ശ്രീ യൂണിറ്റുകള്‍ രൂപീകരിച്ച് സ്ത്രീ ശാക്തീകരണം നടത്താന്‍ വിഭാവനം ചെയ്ത് കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ എന്‍ ആര്‍ എല്‍ എമ്മിന്റെ വിവിധ പദ്ധതികളുടെ നടത്തിപ്പ് ഏറ്റെടുത്തിരുന്ന സീമ ഭാസ്‌കര്‍ എന്ന വ്യക്തിയെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ് എം വിജയാനന്ദ് പ്രത്യേക താല്പ്പര്യമെടുത്ത് ഡെപ്യൂട്ട് ചെയ്ത് അട്ടപ്പാടിയില്‍ എത്തിച്ചതാണ്. അവരുടെ നേതൃത്വത്തില്‍ ആദിവാസി ഊരുകളില്‍ അറുന്നൂറ്റി ഇരുപത്തിനാല് അയല്ക്കൂട്ടങ്ങള്‍ രൂപം കൊള്ളുകയും കുടുംബശ്രീ യൂണിറ്റുകളുടെ പതിവ് ശീലമായ മൈക്രോ ഫിനാന്‌സ് സംവിധാനം നടപ്പിലാക്കുകയും ചെയ്തു.
ഇതോടൊപ്പം ആദിവാസിയുടെ പരമ്പരാഗത കൃഷി രീതികളെ സംരക്ഷിക്കുന്നതിനായി മില്ലറ്റ് ഗ്രാമം പദ്ധതി റാഗി, തിന, തുവര തുടങ്ങിയ രീതികളുടെ പുനര്‍്ജ്ജീവനം ലക്ഷ്യമിട്ട് ആരംഭിച്ചതാണ്. അശാസ്ത്രീയമായ നിര്‍വഹണം ഈ പദ്ധതിയെയും അകാല ചരമത്തിലേക്കാണ് നയിക്കുന്നത്.
ഒന്നര ലക്ഷം രൂപ മാസ ശമ്പളം പറ്റുന്ന ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കുടുംബ ശ്രീയെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത് സ്വന്തം കാല്ക്കീഴില്‍ ആക്കി ഏകാധിപതിയായി മുന്നോട്ട് പോകുന്നു. പഞ്ചായത്തുകളുമായി ഒരു തരത്തിലും ബന്ധപ്പെടാന്‍ കുടുംബശ്രീ യൂണിറ്റുകളെ അനുവദിക്കാതെ സമാന്തര സര്‍ക്കാര്‍ എന്ന നിലയില്‍ പ്രവര്‍ത്തനം മുന്നോട്ട് പോകുമ്പോള്‍ അവര്‍ ശ്രമിക്കുന്നത് എന്‍ ആര്‍ എല്‍ എം പദ്ധതികളുടെ സൂപ്പര്‍ പവര്‍ താന്‍ മാത്രമാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ കൂടിയാണ്.
കുറുമ്പ ആദിവാസികള്‍ക്കിടയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വന്ന കുറുമ്പ പട്ടിക വര്‍ഗ്ഗ സേവന സഹകരണ സംഘം ഇവരുടെ അനാവശ്യ ഇടപെടല്‍ മൂലം ഊര്‍ധ്വ ശ്വാസം വലിക്കുകയാണ് . കുറുന്തോട്ടി, ഓരില, ചെറുവഴുതിന, കരിങ്കുറിഞ്ഞി, കാട്ടുമുളകിന്‍ തണ്ട്, പാടക്കിഴങ്ങ്, നന്നാരി, ചീനിക്ക, തേന്‍, കുങ്കില്ല്യം, ചൂല്പ്പുല്ല്, അത്തി, തിപ്പലി, കാട്ടുതിപ്പലി, അടപതിയന്‍, ചെറുതേക്ക്, അമല്‌പൊരി, പത്തിരിപ്പൂവ് എന്നീ വനവിഭവങ്ങള്‍ ശേഖരിച്ച് ഔഷധി, വൈദ്യരത്‌ന, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല, നാഗാര്‍ജ്ജുന, ആയുര്‍ധാര എന്നീ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്ത് പ്രവര്‍ത്തിച്ചിരുന്ന കുറുമ്പ സൊസൈറ്റി. ആദിവാസികളില്‍ നിന്ന് മുന്നൂറ്റി മുപ്പത് രൂപയ്ക്ക് തേന്‍ സംഭരിച്ച് മുന്നൂറ്റി അറുപത് രൂപയ്ക്ക് വില്ക്കുകയും കിട്ടുന്ന ലാഭത്തിന്റെ ഇരുപത് ശതമാനം ബോണസ് ആയി ആദിവാസികള്‍ക്ക് തന്നെ വിതരണം ചെയ്യുകയുമാണ് സംഘത്തിന്റെ പ്രവത്തന ശൈലി. രണ്ടായിരത്തി പതിനാറില്‍ എട്ടര ലക്ഷം രൂപ ബോണസായി ആദിവാസികള്‍ക്ക് വിതരണം ചെയ്തിരുന്നു. പ്രതിവര്‍ഷം എട്ടു കോടിയുടെ വിറ്റുവരവ് ഉണ്ടായിരുന്ന സംഘം ഇക്കൊല്ലം നാല് കോടിയിലേക്ക് ചുരുങ്ങിയത് ഹൈക്ലാസ് ആദിവാസി സേവകയുടെ പ്രവര്‍ത്തനം ഒന്ന് കൊണ്ടാണ്.
മുന്നൂറ്റി മുപ്പത് രൂപയ്ക്ക് കുറുമ്പ സൊസൈറ്റി ശേഖരിച്ചിരുന്ന തേന്‍ രണ്ടു വര്‍ഷം മുന്‍പ് ഇവര്‍ അറുന്നൂറും എഴുന്നൂറും രൂപയ്ക്ക് ശേഖരിച്ച് വാങ്ങിയ വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് മാര്‍ക്കറ്റ് ചെയ്തു. സ്വാഭാവികമായി കുറുമ്പ സൊസൈറ്റിയില്‍ വന വിഭവങ്ങള്‍ ശേഖരിച്ചു നല്കിയിരുന്നവര്‍ ഇവരുടെ ആശ്രിതരായി. തേനിനു പുറമേ ഔഷധസസ്യങ്ങളും ഇവര്‍ ഇതേ രീതിയില്‍ ശേഖരിച്ചു. ശേഖരിച്ച ഔഷധ സസ്യ വേരുകള്‍ തൃശൂര്‍ കൊടകരയിലെ കെയര്‍ കേരള എന്ന സ്ഥാപനത്തില്‍ ഇന്നും കെട്ടിക്കിടന്നു പുഴുവും ചിതലും തിന്നു തീര്‍ക്കുന്നു. സര്‍ക്കാര്‍ ഫണ്ട് ദുര്‍വിനിയോഗം ചെയ്ത് ആദിവാസിയുടെ സ്വയം പര്യാപ്തതയെ ഉന്മൂലനം ചെയ്യുന്ന സ്വയം പ്രഖ്യാപിത അപ്പര്‍ക്ലാസ് ആദിവാസി പ്രേമികളുടെ ലക്ഷ്യം അന്വേഷണ വിധേയമാക്കേണ്ടതാണ്.
ഇത് അട്ടപ്പാടിയിലെ ആദിവാസി വികസന പദ്ധതിയുടെ നൂതന ഉദാഹരണം മാത്രമാണ്. ഇത്തരം വികസന വാദികളുടെ പറുദീസയാണ് അട്ടപ്പാടി.
Posted by vincent