ഇരകള്‍ ഇനിയും തോല്‍ക്കാതിരിക്കട്ടെ
August 5, 2024
വിന്‍സന്റ് പീറ്റര്‍
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതാബാധിതരായ കുഞ്ഞുങ്ങളും അവരുടെ അമ്മമാരും അനുഭവിച്ചുകൊണ്ടിരിക്കുന്ന കഷ്ടപ്പാടുകള്‍ ലോകം ശ്രദ്ധിക്കുന്ന ദുരന്തക്കാഴ്ചകളായി. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെയും കീടനാശിനിക്കമ്പനികളുടെയും ലാഭക്കൊതിയുടെ ഇരകളായി ഭ്രൂണാവസ്ഥയിലേ വൈകല്യം ബാധിച്ച് ജനിച്ച കുട്ടികളുടെ എന്നന്നേയ്ക്കുമായി ഇല്ലാതായ മനുഷ്യാവകാശത്തിന്റെയും ജിവിക്കാനുള്ള സ്വാതന്ത്രത്തിന്റെയും ഒരു തരിമ്പെങ്കിലും നേടിയെടുക്കാന്‍ അവരുടെ അമ്മമാര്‍ നടത്തിയ സമരങ്ങള്‍ നിരവധിയാണ്. മനുഷ്യാവകാശ പ്രവര്‍ത്തകയായ ദയാബായിയുടെ നിരാഹാരംകൊണ്ട് ലോകശ്രദ്ധനേടിയ സമരം മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഉറപ്പ്‌കൊണ്ട് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നു. മുന്‍ സര്‍ക്കാരുകള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ തറക്കല്ലുകളായി കാടുപിടിച്ചുകിടക്കുമ്പോള്‍ ഉടഞ്ഞുപോയ സ്വപ്‌നങ്ങളെ മടിയിലിരുത്തി നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന ഈ അമ്മമാരുടെ കണ്ണൂനീര്‍ നവകേരളത്തെ ഇനിയൊരിക്കലും പൊള്ളിക്കാതിരിക്കട്ടെ
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വീണ്ടുമൊരു പട്ടിണി സമരത്തിലായിരുന്നു. തിരുവനന്തപുരത്തെ സെക്രട്ടറിയറ്റ് പടിക്കല്‍ ദുരിതാബാധിതരായ മക്കളെ മടിയിലും ഒക്കത്തുമിരുത്തി പട്ടിണി സമരം നടത്തുന്ന അമ്മമാര്‍ മനസാക്ഷിയുള്ള മുഴുവന്‍ മനുഷ്യരെയും വിഷമിപ്പിക്കുന്ന കാഴ്ചയായിരുന്നു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കടുത്ത അലംഭാവത്തിന്റെയും കീടനാശിനിക്കമ്പനിയുടെ അമിത ലാഭക്കൊതിയുടെയും ഇരകളായ മനുഷ്യരിലേറെപ്പേര്‍ മരിച്ച് പോവുകയും അതിലേറെപ്പേര്‍ ജീവിക്കുന്നത് ജീവിതമാണെന്ന് തിരിച്ചറിയാനാവാത്ത വിധം ഭിന്നശേഷിക്കാരായി മാറിയതും മാറിമാറി ഭരിച്ച സര്‍ക്കാരുകളുടെ വീഴ്ചകളും അലംഭാവങ്ങളും കൊണ്ട് കൂടിയാണ്.കാസര്‍കോട്ടെ എന്‍ഡോ സള്‍ഫാന്‍ ബാധിതരും അവര്‍ക്കൊപ്പം നില്‍ക്കുന്ന മനുഷ്യസ്‌നേഹികളും എത്രയോ കാലമായി നടത്തിയ സമരപോരാട്ടങ്ങളുടെ ഭാഗമായി ഇരകളുടെ അന്‍പതിനായിരം രൂപ നഷ്ടപരിഹാരം, കടമെഴുതിത്തള്ളല്‍ തുടങ്ങിയ നടപടികള്‍ ഉണ്ടായെങ്കിലും എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ സാമൂഹ്യസുരക്ഷിതത്വവും സ്വാതന്ത്ര്യവും ആജീവനാന്തചികിത്സയും ഉറപ്പ് വരുത്തുന്ന രീതിയിലേക്ക് നടപടികളൊന്നും എത്തിച്ചേര്‍ന്നില്ല. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് ആജീവനാന്ത ചികിത്സ സൗജന്യമായി നല്‍കണമെന്ന സുപ്രീം കോടതി വിധിയും ബഡ്‌സ് സ്‌കൂള്‍ തുടങ്ങുന്നതിനുള്ള നിര്‍ദ്ദേശവും ഇപ്പോഴും പൂര്‍ണ്ണമായി നടപ്പാക്കപ്പെട്ടിട്ടില്ല.2016-ല്‍ സെക്രട്ടറിയറ്റ് പടിക്കല്‍ ഇതേഅമ്മമാര്‍ കുട്ടികളെയുമായി വന്ന് പട്ടിണി സമരം നടത്തിയിരുന്നു. സമരസമിതി ഉയര്‍ത്തിയ ആവശ്യങ്ങള്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അംഗീകരിച്ചതിനെ തുടര്‍ന്ന് സമരമവസാനിപ്പിച്ചുവെങ്കിലും മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും അതേ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് ഭിന്നശേഷിക്കാരായ കുട്ടികളെയും കൊണ്ട് ഈ അമ്മമാര്‍ സമരവുമായി തലസ്ഥാനത്തെത്തിയത്.
സഹായപ്പട്ടിക
2011 ലും 2013 ലും മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി പ്രത്യേക പരിഗണനയും ചികിത്സയും മറ്റ് സഹായങ്ങളും ആവശ്യമുള്ളവരുടെ പട്ടിക തയ്യാറാക്കിയിരുന്നു. ചലനശേഷിയോ സംസാരശേഷിയോ ഇല്ലാത്ത പല കുട്ടികളും ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 2017 ഏപ്രിലില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ സംസാരശേഷിയും ചലനശേഷിയുമില്ലാത്ത ധാരാളം കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന 1905 പേരുള്ള പട്ടിക തയ്യാറാക്കി. സെല്‍യോഗത്തില്‍ അവതരിപ്പിച്ച് അവസാനലിസ്റ്റ് പുറത്ത് വന്നപ്പോഴേക്കും അര്‍ഹരായവരുടെ എണ്ണം 287 ആയി ചുരുങ്ങി. എതിര്‍പ്പുകളെയും സമരങ്ങളെയും തുടര്‍ന്ന് 76 പേരെക്കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെങ്കിലും അര്‍ഹരായ അനേകം കുട്ടികള്‍ ലിസ്റ്റില്‍ നിന്ന് വീണ്ടും പുറത്തായി.പതിനായിരത്തോളം അപേക്ഷകളില്‍ നിന്ന് പരിശോധനകള്‍ക്ക് ശേഷം തെരെഞ്ഞെടുത്ത നാലായിരത്തോളം പേരാണ് സര്‍ക്കാര്‍ നിശ്ചയിച്ച വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തത്. ഈ ക്യാമ്പിലാണ് 1905 പേരെ അര്‍ഹരായി കണ്ടെത്തിയെങ്കിലും പിന്നീട് ഈ ലിസ്റ്റ് അട്ടിമറിക്കപ്പെട്ടത്. ഈ ലിസ്റ്റില്‍ ഉള്‍പ്പെടേണ്ട അടിയന്തിര സഹായവും ചികിത്സയും ആവശ്യമായ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരായ നിരവധി കുട്ടികള്‍ ഇപ്പോഴും ഈ ലിസ്റ്റിന് പുറത്താണ്. അര്‍ഹരായ മുഴുവന്‍ കുട്ടികളെയും ലിസ്റ്റിലുള്‍പ്പെടുത്തണമെന്ന പ്രധാന ആവശ്യം ഉയര്‍ത്തിക്കൊണ്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ നടന്ന സമരത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായി നിരാഹാരമനുഷ്ഠിച്ചത്.
അമ്മമാര്‍ സമരമുഖത്തേക്ക് വീണ്ടും
2016 ല്‍ സമരസമിതി ഉയര്‍ത്തിയ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല. നാലുമാസങ്ങള്‍ക്ക് ശേഷം അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ ആദ്യബജറ്റില്‍ത്തന്നെ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്കായി 10 കോടി മാറ്റിവച്ചുവെങ്കിലും ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സെല്ലിന്റെ രൂപീകരണത്തിന് ഒന്‍പതുമാസക്കാലമെടുത്തു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരത്തിന്റെ ഭാഗമായി സുപ്രീംകോടതിയില്‍ നിന്ന് രണ്ട് സുപ്രധാന വിധികളുണ്ടായി. രണ്ടും ഡിവൈഎഫ്‌ഐ നേടിയവ. ഇന്ത്യമുഴുവന്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചുകൊണ്ടുള്ള 2011 ലെ ഉത്തരവും അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്കാനുള്ളവര്‍ക്കെല്ലാം മൂന്ന് മാസത്തിനകം പണം കൊടുത്ത് തീര്‍ക്കണമെന്നുള്ള 2017 ജനുവരി 10 ലെ വിധിയുമാണവ. സുപ്രീം കോടതി വിധി വന്നപ്പോള്‍ ഉടന്‍തന്നെ 110 പേര്‍ക്ക് സഹായധനം നല്കിക്കൊണ്ട് സഹായധന വിതരണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. രണ്ടു ഗഡു നഷ്ടപരിഹാരം ലഭിച്ചിരുന്ന 2665 പേര്‍ക്ക് മൂന്നാമത്തെ ഗഡുവും വിതരണം ചെയ്തുവെങ്കിലും ലിസ്റ്റിലുള്ള പകുതിയിലധികം പേര്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. അര്‍ഹതയില്ലാത്തവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന കാരണം പറഞ്ഞാണ് നഷ്ടപരിഹാരവിതരണം നിര്‍ത്തിവച്ചിരിക്കുന്നത്. വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ പാനല്‍ തയ്യാറാക്കിയ ലിസ്റ്റില്‍ അനര്‍ഹര്‍ കയറിക്കൂടി എന്നവാദം എങ്ങനെ ന്യായീകരിക്കാനാകും എന്ന സമരക്കാരുടെ വാദം ന്യായമാണ്. അനര്‍ഹര്‍ കയറിക്കൂടിയിട്ടുണ്ടെങ്കില്‍ അക്കാരണത്താല്‍ അര്‍ഹരായവര്‍ക്കുള്ള സഹായം നല്‍കാതിരിക്കാമോ? 2017 ജനുവരി 10ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കുക എന്ന ആവശ്യം ഉയര്‍ന്നുവന്ന സാഹചര്യമിതാണ്.
കേന്ദ്രസര്‍ക്കാര്‍ സമീപനം
ലോകം മുഴുവനും എന്‍ഡോസള്‍ഫാനെ എതിര്‍ക്കുമ്പോഴും എന്‍ഡോസള്‍ഫാനുവേണ്ടി വാദിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നത്. പിണറായി സര്‍ക്കാര്‍ ഈ വിഷയത്തില്‍ 487 കോടിയുടെ സഹായപദ്ധതി സമര്‍പ്പിച്ചിട്ട് കാലമേറെയായി. കേന്ദ്ര സര്‍ക്കാര്‍ അതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. 2010 ലെ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് ഉണ്ടായിട്ടും ഇന്നോളം കേന്ദ്രസര്‍ക്കാറില്‍ നിന്നും ധനസഹായമെന്നും ഈ വിഷയത്തില്‍ കേരളത്തിന് ലഭിച്ചിട്ടില്ല. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിന് നിരക്കുന്ന രീതിയിലുള്ള നീതി കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ടതുണ്ട്.
പാലിക്കപ്പെടാത്ത വാഗ്ദാനങ്ങള്‍
ദുരിതബാധിരായ കുട്ടികള്‍ക്ക് പഠിക്കാനായി അനുവദിച്ചിട്ടുള്ള ബഡ്‌സ് സ്‌കൂളുകളില്‍ പെരിയയിലേത് ഒഴികെയുള്ള ഒന്നിനും ആധുനിക സൗകര്യങ്ങളൊന്നും തന്നെയില്ല. എന്‍മകജെയിലെയും മുളിയാറിലെയും ദുരിതബാധിതരായ കുട്ടികള്‍ ഇപ്പോഴും അസൗകര്യങ്ങള്‍ മാത്രമുള്ള ഇടുങ്ങിയ കെട്ടിടത്തിന്റെ ആസ്ബസ്‌റ്റോസ് മേല്‍ക്കൂരയ്ക്ക് കീഴിലാണ്. പി. കരുണാകരന്‍ എം പിയുടെ പ്രവര്‍ത്തന ഫലമായി 2013 ല്‍ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബഡ്‌സ് സ്‌കൂളുകള്‍ക്കായി ഒന്നരക്കോടി രൂപ വീതം അനുവദിച്ചിരുന്നു. കാറഡുക്കയിലെ പുതിയ സ്‌കൂള്‍ കെട്ടിടം പണിതിട്ട് രണ്ട് വര്‍ഷമായെങ്കിലും പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും വേണ്ടത്ര സൗകര്യമില്ലാത്ത, ഏഴ് കൊല്ലമായി തുടരുന്ന അതേ കെട്ടിടത്തിലാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന അന്‍പതു കുട്ടികള്‍ കഴിയുന്നത് ഇരുപത് പേര്‍ക്ക് മാത്രമിരിക്കാവുന്ന കൊച്ച് മുറിയിലാണ്. രാഷ്ട്രീയ തര്‍ക്കത്തിനിടയില്‍ എന്‍മകജെയിലെ ബഡ്‌സ് സ്‌കൂളിന് 2013 ല്‍ അനുവദിച്ച ഒന്നരക്കോടി രൂപ ലാപ്‌സായിപോയത് ഭരണാധികാരികളാരും കാണുന്നില്ല. പണി പൂര്‍ത്തിയാക്കിയിട്ടുള്ള പുതിയ കെട്ടിടം എത്രയും വേഗം തുറന്ന് കൊടുക്കേണ്ടതുണ്ട്.
ആകാശ മാര്‍ഗ്ഗമുള്ള വിഷം തളിക്കല്‍
കാസര്‍കോട്ടെ കശുമാവിന്‍ തോട്ടത്തില്‍ ദീര്‍ഘവര്‍ഷങ്ങള്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചത് ഹെലിക്കോപ്ടറിലാണ്. ഹെലിക്കോപ്ടര്‍ പെയ്യിച്ച വിഷമഴയില്‍ എന്‍ഡോസള്‍ഫാന്‍ പടര്‍ന്നതും വ്യാപിച്ചതും നിലത്ത് നമ്മള്‍ രേഖപ്പെടുത്തിയിട്ടുള്ള പഞ്ചായത്തുകളുടെയോ ജില്ലകളുടെയോ അതിര്‍ത്തി രേഖകള്‍ക്കകത്തുതന്നെയാവാന്‍ ഒരുതരവുമില്ല. അന്തരീക്ഷവും ജലവും വിഷലിപ്തമായാല്‍ അത് മനുഷ്യനെയും മറ്റ് ജീവജാലങ്ങളെയും അതിമാരകമായി ബാധിക്കുമെന്നതിന്റെ തെളിവിന് വിദേശരാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളിലേക്ക് നോക്കേണ്ടതില്ല. അമേരിക്കയിലും മെക്‌സിക്കോയിലും ആഫ്രിക്കയിലും സ്‌പെയിനിലും തളിച്ചപ്പോള്‍ രോഗങ്ങളുണ്ടായില്ലെന്നും മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ കേരളത്തിലെല്ലായിടത്തുമുണ്ടെന്നുമൊക്കെയുള്ള എതിര്‍വാദങ്ങള്‍ നിരത്തിക്കൊണ്ട് കാസര്‍കോട്ടെ അമ്മാരുടെ സമരത്തെ ഒരു കാസര്‍കോഡന്‍ കള്ളക്കഥ എന്നാക്ഷേപിക്കുന്നവര്‍ ഏത് ശാസ്ത്രയുക്തിയുടെ പേരിലായാലും അതിജീവനത്തിനായി നടത്തുന്ന അവസാന ശ്രമത്തെയാണ് അടച്ചാക്ഷേപിക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ള വിധികള്‍ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കാന്‍ ഈ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. സമരത്തിന് പിന്നില്‍ ആര് എന്നതിനെക്കാള്‍ സമരത്തിലേക്ക് ഈ അമ്മമാരെ നയിച്ച ഘടകങ്ങളെന്ത് എന്നത് മാത്രമാവണം പരിഗണന. മനുഷ്യാവകാശ പ്രവര്‍ത്തക ദയാഭായി ഏറ്റെടുത്ത നിരാഹാരസമരം മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ സമരസമിതിയുടെ പ്രധാന ആവശ്യങ്ങളേറെയും അംഗീകരിക്കപ്പെട്ടതിനാല്‍ പര്യവസാനിച്ചിരിക്കുന്നു. ഇനിയാവശ്യം ഇരകള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരിന്റെ സത്വരമായ ഇടപെടലാണ്. ഇരകള്‍ ഇനിയും തോല്‍ക്കാതിരിക്കട്ടെ.
Posted by vincent