ഉടല്‍ കറുപ്പിന്റെ രാഷ്ട്രീയ കാഴ്ചകള്‍
August 19, 2024
ഡോ. രശ്മി ജി
സോഷ്യല്‍ ഡ്രാമയെന്ന കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കി രൂപപ്പെട്ട മലയാള സിനിമ അതിന്റെ വളര്‍ച്ചാവഴിയില്‍ വ്യത്യസ്ത ജനുസുകളിലേയ്ക്കു സഞ്ചരിക്കുകയുണ്ടായി. ഫാമിലി ഡ്രാമ മുതല്‍ സ്ലാപ്സ്റ്റിക് കോമഡി ചിത്രങ്ങള്‍ വരെയും ഇത്തരത്തില്‍ പ്രേക്ഷകനെ തേടിയെത്തി. വിപണി വിജയം ലക്ഷ്യമിട്ടു നിര്‍മ്മിക്കപ്പെടുന്ന കമ്പോള ചിത്രങ്ങള്‍ പ്രേക്ഷകന്റെ യുക്തി ബോധങ്ങളെ അലോസരപ്പെടുത്താതെ കൃത്യമായ നായാന്യായങ്ങള്‍ നിരത്തി ‘കഥപറച്ചിലിനൊപ്പം’ അവനെ അയത്‌നലളിതമായി സഞ്ചരിക്കുവാന്‍ പ്രേരിപ്പിച്ചിരുന്നു. അതേസമയം കലാചിത്രങ്ങളാകട്ടെ (സമാന്തര സിനിമകള്‍) പ്രേക്ഷകന്റെ ബൗദ്ധികമണ്ഡലത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുകയും പൊതുസമൂഹത്തിനു മുമ്പില്‍ പ്രസക്തമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. വ്യത്യസ്ത ധ്രുവങ്ങളിലൂടെ സഞ്ചരിക്കുന്ന ഇത്തരം ചലച്ചിത്രങ്ങളില്‍ ഭൂരിപക്ഷ പിന്തുണ ലഭിച്ചിരുന്നത് കമ്പോള ചലച്ചിത്രങ്ങള്‍ക്കായിരുന്നു. കമ്പോള ചലച്ചിത്രങ്ങളുടെ ആധിപത്യങ്ങള്‍ക്കിടയില്‍ കലയുടെ സാമൂഹ്യ പ്രതിബദ്ധതയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഉണ്ണികൃഷ്ണന്‍ ആവളയുടെ ഉടലാഴം. കേരളത്തിലെ ആദ്യത്തെ ട്രൈബല്‍ ട്രാന്‍സ്ജന്ററിന്റെ ജീവിതം പറയുന്ന സിനിമയെന്ന നിലയില്‍ ചരിത്രപരമായ പ്രാധാന്യം നേടിയ ചിത്രം കൂടിയാണിത്.
ഉടലിന്റെ വിഹ്വലതകള്‍
പണിയ വിഭാഗത്തില്‍പ്പെട്ട ഗുളികന്റെ ഉടലിന്റെ വിഹ്വലതകളാണ് ഉടലാഴമെന്ന ചിത്രത്തിന്റെ അടിസ്ഥാന പ്രമേയം. ഗര്‍ഭപാത്രമുള്ള പുരുഷന്‍ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആദിവാസി ട്രാന്‍സ്ജന്ററിന്റെ ജീവിതമെഴുതിയ ഉണ്ണികൃഷ്ണന്‍ ആവള അത്തരമൊരു പശ്ചാത്തലത്തില്‍ നിന്നാണ് ഗുളികന്റെ മാതൃകയെ സൃഷ്ടിച്ചെടുത്തത്. രാജുവെന്ന ആദിവാസിയുടെ ജീവിതത്തിന്റെ അനുകരണമല്ല ഉടലാഴമെങ്കിലും ഗുളികനില്‍ രാജുവിന്റെ അനുഭവങ്ങള്‍ കണ്ടെത്തുവാന്‍ കഴിയുന്നതാണ്. പതിനാലാം വയസ്സില്‍ കുലാചാര പ്രകാരം മാതയെ വിവാഹം കഴിച്ചതു മുതല്‍ വീര്‍പ്പുമുട്ടലോടെ കഴിയുന്ന ഗുളികന്റെ പലായനങ്ങളാണ് ഉടലാഴത്തിലുള്ളത്. ബാഹ്യരൂപത്തില്‍ ആണായിരിക്കുമ്പോഴും ആന്തരികമായി സ്‌ത്രൈണ സ്വത്വത്തെ ഉടലില്‍ വഹിക്കേണ്ടിവരുന്ന ഗുളികന്‍ ഒരു ഭര്‍ത്താവ് എന്ന നിലയില്‍ തനിക്കൊരു ദാമ്പത്യജീവിതം സാധ്യമല്ലെന്നു തിരിച്ചറിയുകയും മാതയുടെ ലൈംഗിക തൃഷ്ണകള്‍ക്കു മുമ്പിലും പ്രത്യുല്പാദനമെന്ന ആവശ്യകതയ്ക്കു മുമ്പിലും പരാജയപ്പെടുന്നു. ആണ്‍ പെണ്‍ ദ്വന്ദ്വ ഭാവനകള്‍ക്കും പാരമ്പര്യശീലങ്ങള്‍ക്കും പൊതുബോധങ്ങള്‍ക്കുമപ്പുറത്ത് ട്രാന്‍സ്ജന്റര്‍ (ട്രാന്‍സ്‌മെന്‍/ട്രാന്‍സ് വുമണ്‍/ട്രാന്‍സ് സെക്ഷ്വല്‍സ്/ബൈ സെക്ഷ്വല്‍സ്/ഇന്റര്‍ സെക്ഷ്വല്‍സ് അടക്കമുള്ള അനവധി വിഭാഗങ്ങള്‍) എന്ന വ്യക്തിത്വം കൂടിയുണ്ടെന്ന് പൊതുസമൂഹം ചെറിയ തോതില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ട്രാന്‍സ്ജന്ററായ ഗുളികന്റെ അതീവ സങ്കീര്‍ണ്ണാവസ്ഥകളെ തിരിച്ചറിയാത്ത പ്രദേശവാസികള്‍ ലൈംഗികാതിക്രമങ്ങളിലൂടെ ചൂഷണം ചെയ്തുകൊണ്ട് ആണത്തത്തിന്റെ അല്പത്തരങ്ങള്‍ പ്രകടമാക്കുന്നു. കാട്ടില്‍ നിന്നും നഗരത്തിന്റെ തിരക്കുകളിലൂടെ സഞ്ചരിച്ചെത്തുന്ന ഗുളികന്‍ രമേശന്റെ മില്ലില്‍ സുരക്ഷിതമായ തൊഴിലിടവും തന്റെ സ്വത്വത്തെ തിരിച്ചറിയുന്ന പ്രണയിയെയും കണ്ടെത്തുന്നു. ഭിന്നവര്‍ഗ്ഗ ലൈംഗികതയില്‍നിന്നും വ്യതിരിക്തമായ, വ്യത്യസ്ത ലൈംഗികാഭിരുചികളില്‍ അസ്വസ്ഥരാകുന്ന യാഥാസ്ഥിതികവാദികളുടെ സദാചാര ഗുണ്ടാ ആക്രമണത്തിനിരയാകുന്ന ഗുളികന്‍ പലായനം ചെയ്യുവാനും ശവങ്ങള്‍ സംസ്‌കരിക്കുന്ന ഇടത്ത് തൊഴില്‍ തേടിയെത്തുവാനും നിര്‍ബന്ധിതനാകുന്നു. എല്ലായിടങ്ങളില്‍നിന്നും പലായനം ചെയ്യാന്‍ വിധിക്കപ്പെട്ട ഗുളികന്‍ കാട്ടില്‍ തിരിച്ചെത്തി മനുഷ്യക്കെണിയില്‍ വീഴുന്നതോടുകൂടി അനിവാര്യമായ ദുരന്തം ഏറ്റുവാങ്ങുന്നു.
കേരളത്തിലെ ആദ്യത്തെ ട്രൈബല്‍ ട്രാന്‍സ്ജന്ററിന്റെ ജീവിതം ആവിഷ്‌ക്കരിച്ച, ഉടലാഴത്തില്‍ കേരളത്തിലെ ആദ്യത്തെ ട്രൈബല്‍ ഹീറോയായ മണിയാണ് കേന്ദ്രകഥാപാത്രമായത്. രഞ്ജന്‍ പ്രമോദിന്റെ ഫോട്ടോഗ്രാഫറിലൂടെ മികച്ച ബാലനടനുള്ള സംസ്ഥാന അവാര്‍ഡു നേടിയ മണിയുടെ തിരിച്ചുവരവാണ് ഉടലാഴം സാധ്യമാക്കിയത്. എന്തുകൊണ്ട് ഇത്രയും കാലമെടുത്തു എന്ന ചോദ്യത്തിനുള്ള ഉത്തരം മണിയില്‍ നിന്നു ലഭ്യമാണ്. ”ഉണ്ണിയേട്ടന്റെ നിരന്തരമായ നിര്‍ബന്ധങ്ങളിലൂടെയാണ് ഞാന്‍ ഉടലാഴത്തിലെത്തുന്നത്. കര്‍ണ്ണാടകത്തില്‍ ഇഞ്ചിത്തോട്ടത്തില്‍ പണിക്കു നിന്നിരുന്ന എന്നെ സിനിമയില്‍ എത്തിച്ചതിനു പിന്നില്‍ ഭാര്യ പവിഴത്തിന്റെ സ്‌നേഹപൂര്‍ണ്ണമായ നിര്‍ബ്ബന്ധങ്ങളും പിന്തുണകളുമുണ്ടായിരുന്നു. 2006 ലെ ഫോട്ടോഗ്രാഫറിനു ശേഷം പല സിനിമകളിലും അവസരങ്ങള്‍ തേടിയെങ്കിലും വഞ്ചിക്കപ്പെട്ടതിനാലാണ് ഞാന്‍ സിനിമ ഉപേക്ഷിച്ച് പണിക്കിറങ്ങുന്നത്. പന്ത്രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഞാന്‍ വീണ്ടും മലയാള സിനിമയിലെത്തുന്നത്. എന്റെ കുലത്തിന്റെ (ഗോത്രത്തിന്റെ) സാമൂഹ്യജീവിതത്തെ ആഴത്തില്‍ ഉടലാഴം അവതരിപ്പിക്കുന്നുണ്ട്. ഉടലാഴത്തിനുശേഷം മമ്മുക്കയുടെ അങ്കിളില്‍ മൂന്ന് സീനില്‍ അഭിനയിക്കുവാനുള്ള അവസരം ലഭിച്ചു. സിനിമയെ അത്രമേല്‍ സ്‌നേഹിക്കുന്ന എനിക്ക് സിനിമയില്‍ തുടരണമെന്ന അതിതീവ്രമായ ആഗ്രഹമാണ്.” മണിയെപ്പോലെയൊരു കറുത്ത ഉടലിന് ചലച്ചിത്രമേഖലയില്‍ എത്രത്തോളം പിടിച്ചുനില്ക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ യാതൊരുവിധ ഉറപ്പുമില്ല. സ്ത്രീ ദളിത് ആദിവാസി ട്രാന്‍സ് വിരുദ്ധതകളാല്‍ ജനപ്രിയ കാഴ്ചകള്‍ സൃഷ്ടിക്കുന്ന ചലച്ചിത്രങ്ങള്‍ക്ക് മണിയെപ്പോലുള്ളവരെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. കലാഭവന്‍മണി മുതല്‍ വിനായകനും ചെമ്പന്‍ വിനോദ് ജോസും വരെ സ്ഥിരം വാര്‍പ്പുമാതൃകകളില്‍ പ്രതിഷ്ഠിക്കപ്പെട്ടതും ജാതീയമായ, വംശീയമായ അധിക്ഷേപങ്ങള്‍ സൃഷ്ടിക്കുന്ന അളിഞ്ഞ ഹാസ്യങ്ങളില്‍ നിറഞ്ഞാടേണ്ടിവന്നതും അവരുടെ കറുത്ത ഉടലിനെ കേന്ദ്രീകരിച്ചുള്ള പൊതുബോധങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു.
ക്വീയര്‍ ദളിത് രാഷ്ട്രീയം
ജാതി സാമൂഹ്യനിലകളില്‍ പിന്നാക്കമായിപ്പോയ ജനവിഭാഗങ്ങളുടെ ചരിത്രപരമായ അതിജീവനങ്ങളെയാണ് ദളിത് രാഷ്ട്രീയം കുറിക്കുന്നതെങ്കില്‍ പൊതു ഇടങ്ങളില്‍ നിന്നും തിരസ്കൃതരായ ലൈംഗിക/ജന്റര്‍ ന്യൂനപക്ഷങ്ങളുടെ പ്രതിരോധങ്ങളെയും അതിജീവനങ്ങളെയും ക്വീയര്‍ രാഷ്ട്രീയം അവതരിപ്പിക്കുന്നു. പ്രത്യക്ഷത്തില്‍ വിരുദ്ധ ധ്രുവങ്ങളില്‍ നില്ക്കുന്നുവെന്നു ധ്വനിപ്പിക്കുമ്പോഴും അടിസ്ഥാനപരമായി പാര്‍ശ്വവല്‍കൃതര്‍ എന്ന പൊതുഭൂമികയില്‍ ദളിത് രാഷ്ട്രീയവും ക്വീയര്‍ രാഷ്ട്രീയവും ഒത്തുചേരുന്നു. തൊഴില്‍, സാമൂഹ്യനില, സാമ്പത്തികം എന്നിവയുടെ അടിസ്ഥാനത്തില്‍ താഴേക്കിടയിലായിപ്പോയവരാണ് ദളിതരെങ്കില്‍ ലൈംഗികതയിലും ജന്ററിലും പിന്നാക്കം പോയവരാണ് ക്വീയര്‍ ഗ്രൂപ്പിനുള്ളിലുള്ളത്. മതം, ജാതീയത, ലിംഗപദവി, ലൈംഗികത, ലിംഗസ്വത്വം എന്നിവയെല്ലാംകൂടി ചേര്‍ന്നാണ് ക്വീയര്‍ ദളിതുകളുടെ ജീവിതത്തെ പ്രശ്‌നവല്ക്കരിക്കുന്നത്. ദളിത് ജനസമൂഹത്തിനുള്ളില്‍ ക്വീയറും ക്വീയറിനുള്ളിലെ ദളിതരുമായ വ്യക്തികളില്‍ ചിലരാണ് വിജയരാജമല്ലിക, ചിഞ്ചു അശ്വതി, രമ്യ തുടങ്ങിയവര്‍. കേരളത്തിലെ ട്രാന്‍സ്ജന്റര്‍ കവിയെന്ന വിശേഷണം നേടിയെടുത്ത വിജയരാജമല്ലികയുടെ ജീവിതം സാഹസികതകള്‍ നിറഞ്ഞതായിരുന്നു. ആണ്‍കുട്ടിയായി ജനിക്കുകയും ഉള്ളില്‍ പെണ്ണായി ജീവിക്കുകയും ചെയ്യേണ്ടിവന്ന വിജയരാജമല്ലിക ശാരീരിക മാനസിക സംഘര്‍ഷങ്ങളിലൂടെ നിരവധി വര്‍ഷങ്ങള്‍ സഞ്ചരിച്ച് ഒടുവില്‍ ട്രാന്‍സ്ജന്ററായി സ്വത്വം പ്രഖ്യാപിക്കുകയും ചെയ്തു.
അങ്കമാലി സ്വദേശിയായ ചിഞ്ചു അശ്വതി എല്‍ ജി ബി റ്റി ക്യു ഐ യിലെ ‘ഐ’ യെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ്. ആണ്‍ പെണ്‍ ശാരീരിക അവസ്ഥകളെ, ബോധങ്ങളെ മാറിമാറി ഉടലില്‍ വഹിക്കുന്ന ചിഞ്ചു ഇന്റര്‍ സെക്ഷ്വല്‍ എന്ന അപൂര്‍വ്വ വ്യക്തിത്വമാണ്. സ്ത്രീ, പുരുഷന്‍ എന്നിങ്ങനെ കള്ളികള്‍ സൃഷ്ടിച്ച് അധികാരകേന്ദ്രിതമായ പദവികള്‍ സൃഷ്ടിച്ചെടുത്തിരിക്കുന്ന സമൂഹത്തില്‍ സ്ത്രീയെന്നോ പുരുഷനെന്നോ ആത്യന്തികമായി തീര്‍പ്പുകല്പിക്കുവാന്‍ കഴിയാത്ത വിഭാഗങ്ങളെക്കുറിക്കുന്നതാണ് ഇന്റര്‍സെക്‌സ് എന്ന പദം. ഉഭയലൈംഗികര്‍ എന്നു പുരാണങ്ങളിലും പ്രാചീന കാലത്തും പറഞ്ഞു കേട്ടിരുന്ന വിഭാഗങ്ങളാണ് ബൈസെക്ഷ്വല്‍സും ഇന്റര്‍സെക്ഷ്വല്‍സും. ജീവശാസ്ത്രപരമായി ഇരുവരും വ്യത്യസ്തരായിക്കുമ്പോള്‍ തന്നെ ഭിന്നവര്‍ഗ്ഗലൈംഗികതയിലും സ്വവര്‍ഗ്ഗലൈംഗികതയിലും ഇടപെടുവാന്‍, ഭാഗമാക്കുവാന്‍ ബൈസെക്ഷ്വല്‍സിനും ഇന്റര്‍സെക്ഷ്വല്‍സിനും കഴിയുന്നുണ്ട്. ബൈസെക്ഷ്വല്‍സിനെ അപേക്ഷിച്ച് സങ്കീര്‍ണ്ണമായ ശാരീരികജീവിതാവസ്ഥകളാണ് ഇന്റര്‍സെക്ഷ്വലുകള്‍ക്കുള്ളത്.ക്വീയര്‍ ദളിതിലുള്‍പ്പെടുന്ന വ്യക്തികളിലൊരാളായിരുന്നു തീക്കടി കോളനി വാസിയായിരുന്ന രാജുവും. ചിഞ്ചു അശ്വതിയെപ്പോലെ ഇന്റര്‍സെക്‌സ് വിഭാഗത്തിലുള്‍പ്പെടുന്ന രാജു. ഒട്ടനവധി പ്രതിസന്ധികളിലൂടെ ജീവിച്ചു മരിക്കേണ്ടിവന്ന വ്യക്തികൂടിയാണ്. രാജുവിന്റെയും അറിയപ്പെടാത്ത അനവധി ക്വീയര്‍ ദളിതുകളുടെയും സംഘര്‍ഷ ജീവിതങ്ങളെ ഉടലാഴത്തില്‍ കണ്ടെത്താവുന്നതാണ്.
വെള്ളിത്തിരയില്‍ ക്വീയര്‍ ദളിത് ജീവിതങ്ങളെ ആവിഷ്‌ക്കരിച്ച മറ്റു ചിത്രങ്ങളാണ് ജയന്‍ചെറിയാന്റെ കാബോഡി സ്‌പേസ്, മുഹമ്മദ്റാസിയുടെ വെളുത്തരാത്രികള്‍ തുടങ്ങിയവ. പുരുഷ സ്വവര്‍ഗ്ഗ പ്രണയത്തിന്റെ രാഷ്ട്രീയ ഭാഷ്യം എന്ന നിലയില്‍ നിര്‍മ്മിക്കപ്പെട്ട കാബോഡി സ്‌കേപ്‌സില്‍ ഉടല്‍ കറുത്ത, സംഘ് പരിവാറുകാരനായ വിഷ്ണുവും വെളുത്ത ഉടല്‍രൂപമുള്ള ഹാരിസും തമ്മിലുള്ള സ്വവര്‍ഗ്ഗ പ്രണയ – പ്രണയാനന്തര സംഘര്‍ഷങ്ങളാണുള്ളത്. മുഹമ്മദ്‌റാസിയുടെ വെളുത്ത രാത്രികളാകട്ടേ ജാത്യാധികാര ഘടനയില്‍ താഴേക്കിടയിലായിപ്പോയ ദളിത് ആദിവാസികള്‍ക്കിടയിലെ സ്ത്രീ സ്വവര്‍ഗ്ഗ പ്രണയത്തിന്റെ കാഴ്ചകളെയാണ് അവതരിപ്പിച്ചത്. ഇരു ചിത്രങ്ങളില്‍ നിന്നും ഉടലാഴം വ്യത്യസ്തമാകുന്നത് ട്രാന്‍സ്ജന്റര്‍ എന്ന നിലയിലും ആദിവാസി എന്ന നിലയിലും ഒരു വ്യക്തി നേരിടേണ്ടിവരുന്ന ദ്വിമുഖമായ പ്രതിസന്ധികളെ ആവിഷ്‌കരിക്കുന്നു എന്നതിനാലാണ്. കാട്ടിലും നാട്ടിലും സ്വന്തമായൊരിടമില്ലാതെ നാഗരിക മനുഷ്യന്റെ ആക്രമണങ്ങള്‍ക്കു വിധേയമാകേണ്ടിവരുന്ന അതിജീവനം സാധ്യമല്ലാത്ത ഒട്ടനവധി ആദിവാസികളുടെ പ്രതിരൂപത്തെ ഗുളികനില്‍ കണ്ടെത്തുവാന്‍ കഴിയുന്നതാണ്. ഗേ/ലെസ്ബിയന്‍/ട്രാന്‍സ്ജന്റര്‍ ഉടലുകളുടെ രാഷ്ട്രീയ വ്യവഹാരങ്ങള്‍ പൊതുമണ്ഡലത്തില്‍ സാധ്യമാകുമ്പോള്‍ തന്നെ മതപുരോഹിത്യത്തിന്റെയും വര്‍ഗ്ഗീയഅസംഘടനയുടെയും സംഘടിതമായ ആക്രമണങ്ങള്‍ക്കു വിധേയമാകേണ്ടി വരുന്നതിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ കൂടി ഉടലാഴം നിര്‍വ്വഹിക്കുന്നുണ്ട്. ജാതി/മത/വര്‍ണ്ണ/വര്‍ഗ്ഗ/ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങളെ കേന്ദ്രീകരിച്ചു നിലനില്ക്കുന്നതും പ്രചരിച്ചുവരുന്നതുമായ അപകടകരമായ പൊതുബോധങ്ങളെയും ഫ്യൂഡല്‍ വരേണ്യ യുക്തികളെയും മലയാള സിനിമ പൊളിച്ചെഴുതേണ്ടതുണ്ടെന്ന രാഷ്ട്രീയ നിലപാടിന്റെ വിളംബരം കൂടിയാണ് ഉടലാഴം.
Posted by vincent