ഉഷ്ണമാപിനികളെ ചികില്‍സിക്കുന്നവരോട്
August 7, 2024
ഷിജു ഏലിയാസ്
ദുരഭിമാനക്കൊലകള്‍ കേരളത്തിലും എത്തിയിരിക്കുന്നു. ജാതിവിവേചനവും അയിത്തവും നിയമം മൂലം നിരോധിക്കപ്പെട്ട ഇന്ത്യയില്‍, സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടിനു ശേഷവും ജാതിക്ക് ഊനം തട്ടിയിട്ടില്ല. കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണെന്ന് അഭിമാനത്തോടെ അവകാശപ്പെട്ടു പോന്ന മലയാളിയെ ലജ്ജിപ്പിക്കുന്നതാണ് കെവിന്‍ പി ജോസഫിന്റെ കൊലപാതകം. പുരോഗമന – നവീകരണ പ്രസ്ഥാനങ്ങളുടെ ശക്തി കണ്ട്, മനസ്സിലെ ജാതിപ്പുണ്ണ് പുറത്തു കാണിക്കാതെ പുരോഗമനം നടിച്ചു പോന്നവര്‍ക്ക്, ജാതി ഭ്രാന്ത് നിര്‍ലജ്ജം പുറത്തുകാട്ടാന്‍ കഴിയുന്ന വിധത്തില്‍ കേരളത്തിന്റെ സാമൂഹികാന്തരീക്ഷം മാറിക്കൊണ്ടിരിക്കുന്നു.
മുഹമ്മദ് എന്ന പേരിനെ അപമാനിച്ചുവെന്ന പേരില്‍ മധ്യകേരളത്തിലെ ഒരു കോളജധ്യാപകന്റെ കൈവെട്ടിയ സംഭവം മലയാളി മറന്നിട്ടില്ല. ആള്‍ ദൈവങ്ങളെ വിമര്‍ശിക്കുന്നവരെ ആരാധകര്‍ തെരുവില്‍ നേരിട്ടതിനും ധാരാളം ഉദാഹരണങ്ങള്‍ കാണാനാവും. സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തി അത് വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ക്രിമിനല്‍ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ കൊടുത്ത കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട സിനിമാ താരത്തിനു വേണ്ടി ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. അച്ചാരം വാങ്ങിയതു പോലെ സാമൂഹ്യ മാധ്യമങ്ങളില്‍ നിഴല്‍ യുദ്ധം ചെയ്തു. ബഹുമാന്യരായ രാഷ്ട്രീയ നേതാക്കളെ മോശമാക്കി പ്രസംഗിച്ച പാര്‍ട്ടിയുടെ ബോര്‍ഡുകളും ബാനറുകളും കൂട്ടിയിട്ടു കത്തിക്കുന്നതും നാം കണ്ടിട്ടുണ്ട്. കത്തോലിക്കാ സഭയുടെ വസ്തു കച്ചവടത്തില്‍ സംശയത്തിന്റെ നിഴലിലായ കര്‍ദ്ദിനാളിനെ വിമര്‍ശിച്ച പുരോഹിതനെ ‘പുലച്ചിക്കുണ്ടായവന്‍’ എന്നു വിളിച്ച രാഷ്ട്രീയ നേതാവിന്റെ കൈകള്‍ക്ക് ഇപ്പോഴും യാതൊരു കുഴപ്പവുമില്ല. അയാള്‍ ഇപ്പോഴും കേരളത്തിലെ ദലിത് സംഘടനകളുടെ പൊതുയോഗങ്ങളിലെ പ്രധാന സാന്നിധ്യമാണ്. എത്രയൊക്കെ അപമാനിക്കപ്പെട്ടാലും ആഞ്ഞൊന്നു പ്രതിഷേധിക്കാന്‍ പോലും കഴിയാത്ത വിധം ആത്മവീര്യം ചോര്‍ന്നു പോയവരാണ് ദലിതുകള്‍ എന്ന സവര്‍ണ്ണ ജാതിക്കോമരങ്ങളുടെ തോന്നലാണ് കേരളത്തില്‍ നടക്കുന്ന ജാതിക്കൊല(കള്‍)ക്കു പിന്നില്‍. ‘നസ്‌റേത്തില്‍ നിന്ന് യാതൊരു നന്മയും വരാനില്ലെന്ന’ പുതിയ നിയമകാലത്തെ പരീശന്‍മാരുടെ ധൈര്യമാണ് അവര്‍ക്കും.
ജാതിയെ പരസ്യമായി അനുകൂലിക്കാന്‍ കടുത്ത സവര്‍ണ്ണ പക്ഷപാതികള്‍ പോലും മടിച്ചിരുന്ന കാലം മാറുകയാണ്. ജാതിയുടെ പേരില്‍ ആളുകള്‍ അപമാനിക്കപ്പെട്ടാല്‍, കറുത്തു മെലിഞ്ഞ ആത്മാഭിമാനികളായ മനുഷ്യര്‍ ചുവന്ന കൊടിയും പിടിച്ച് പ്രകടനമായി വരുമെന്നും കൂടുതല്‍ കളിച്ചാല്‍ തെരുവില്‍ തല്ലുകൊള്ളേണ്ടിവരുമെന്നും അന്ന് ജാതിക്കോമരങ്ങള്‍ ഭയപ്പെട്ടിരുന്നു. ഒരു വിഭാഗം സവര്‍ണ്ണ കുടുംബങ്ങളില്‍ എല്ലാ വര്‍ഗീയ- പിന്തിരിപ്പന്‍ യാഥാസ്ഥിതികത്വവും ചോദ്യം ചെയ്യപ്പെടാതെ നിന്നപ്പോഴും കേരളത്തിലെ തെരുവുകളെ നിയന്ത്രിച്ചതും മതനിരപേക്ഷതയുടെ ഇടങ്ങളായി പൊതു സ്ഥലങ്ങളെ കാത്തു വച്ചതും ഇവിടുത്തെ പുരോഗമന ബഹുജന സംഘടനകളാണ്. അവയ്ക്കു പിന്നില്‍ അണിനിരന്ന കീഴാള ജനത ജാതി യാഥാസ്ഥിതികത്വത്തിന്റെ ഉറക്കം കെടുത്തി. ഇന്ന് കേരളത്തിലെ പുരോഗമന – ബഹുജന പ്രസ്ഥാനങ്ങള്‍ക്ക് നമ്മുടെ തെരുവുകളുടെ നിയന്ത്രണം നഷ്ടപ്പെടുകയാണ്. നവോത്ഥാന മുന്നേറ്റങ്ങളുമായോ ത്യാഗോജ്വലങ്ങളായ രാഷ്ട്രീയ പ്രക്ഷോഭങ്ങളുമായോ ബന്ധമില്ലാത്ത ഒരു തലമുറ കേരളത്തിലെ തെരുവുകളില്‍ നിന്ന് സുരക്ഷിതങ്ങളായ വീടുകളുടെ അകത്തളങ്ങളിലേക്ക് അവരെ പുറത്താക്കുന്നതാണ് ഇന്നത്തെ ചിത്രം. ഒരു കാലത്ത്, തെരുവുകളില്‍ നിന്ന് പുറത്താക്കപ്പെട്ട് വീടുകളില്‍ ഒതുങ്ങിയ യാഥാസ്ഥിതികത്വം പുതിയ കാലത്ത് അതേ തെരുവുകളുടെ നായകത്വം തരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. കൂടുതല്‍ വോട്ടു നേടുന്നതല്ല, മനുഷ്യര്‍ ജീവിക്കുന്ന ഇടങ്ങളുടെ ജനകീയ നിയന്ത്രണം കൈക്കലാക്കുന്നതാണ് യഥാര്‍ഥ വിജയമെന്ന് കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ തിരിച്ചറിയേണ്ട സമയമാണിത്.
ഒരാള്‍ പറയുന്നതല്ല, മനസ്സില്‍ ആഴത്തില്‍ ഉറച്ചതാണ് അയാളുടെ ശരിയായ നിലപാട്. (ആധുനിക മാര്‍ക്‌സിസ്റ്റ് ചിന്തകനായ ഫ്രെഡറിക് ജെയിംസണ്‍ വികസിപ്പിച്ച രാഷ്ട്രീയ അബോധം (poltical unconscious എന്ന പരികല്‍പ്പന ഇത് മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ്). വൈചാരികമായ വിലയിരുത്തല്‍ വേളകളിലല്ല , വൈകാരിക മുഹൂര്‍ത്തങ്ങളിലാണ് മനസ്സിലെ മുന്‍വിധികള്‍ പുറത്തു ചാടുക. മനസ്സിലുള്ളത് മറച്ചു വച്ച് നയത്തില്‍ പെരുമാറാന്‍ കഴിയാതെ വരുന്ന അത്തരം സന്ദര്‍ഭങ്ങളില്‍ പലരുടെയും പൂച്ച് വെളിയില്‍ വരും. സ്വന്തം മകനോ മകളോ അന്യമതത്തില്‍ പെട്ട ഒരാളെ വിവാഹം കഴിക്കാന്‍ തുനിഞ്ഞാല്‍ മതരഹിതരായി ഞെളിഞ്ഞു നടക്കുന്നവര്‍ പോലും നിലവിട്ട് ഉറഞ്ഞു തുള്ളുന്നത് നമ്മുടെ നാട്ടില്‍ പതിവാണ്. ബന്ധുത്വം സ്ഥാപിക്കുന്നത് ഒരു ദലിത് കുടുംബമാണെന്നറിഞ്ഞാല്‍ പറയുകയേ വേണ്ട. ബന്ധുക്കളോ സുഹൃത്തുക്കളോ ഏതെങ്കിലും സംഘടനകളുടെ വിവരം കെട്ട പ്രവര്‍ത്തകരോ അവരുടെ ക്വട്ടേഷന്‍ ഏറ്റെടുക്കും. കെവിന്‍ കൊല്ലപ്പെട്ടതുകൊണ്ടു മാത്രമാണ് ഈ സംഭവം കോളിളക്കമുണ്ടാക്കിയത്. ആ ചെറുപ്പക്കാരനെ തല്ലി ജീവച്ഛവമാക്കി വീട്ടില്‍ കൊണ്ടുവന്നു തള്ളിയിരുന്നെങ്കില്‍, തേഞ്ഞു മാഞ്ഞു പോകുന്ന ആയിരം പെറ്റി കേസുകളില്‍ ഒന്നായി അതും അവസാനിക്കുമായിരിന്നു. കെവിന്‍ എന്ന രക്തസാക്ഷി ഉറക്കെ ചിന്തിക്കാന്‍ നമുക്ക് ഒരവസരം തന്നിരിക്കുന്നു.
ജാതി ഭ്രാന്തന്‍മാരുടെ അഞ്ചാം പത്തികളായി നാട്ടിലെ യുവാക്കള്‍, ആവേശോജ്വലമായ സമരപാരമ്പര്യമുള്ള യുവജന സംഘടനകളുടെ പ്രവര്‍ത്തകര്‍ പോലും മാറുന്നത് ഒരു ദുരന്തമാണ്. കേരളം കൈവരിച്ച എല്ലാ സാമൂഹിക നേട്ടങ്ങളുടെയും അടിത്തറ മാന്തുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. വേലി തന്നെ വിളവു തിന്നുന്നതാണ് സാംസ്‌കാരിക കേരളം കാണുന്നത്. ജാതിഭ്രാന്തന്‍മാര്‍ നടത്തുന്ന ഓരോ കൊലയും സദാചാര അതിക്രമവും നാടിന്റെ പുരോഗമന സംസ്‌കാരത്തിനെതിരായ വിധ്വംസക പ്രവര്‍ത്തനമാണ്.
ദലിതര്‍ക്കും കീഴാള സമൂഹങ്ങള്‍ക്കും സര്‍ക്കാര്‍ എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷണങ്ങള്‍ സാമൂഹ്യ സമത്വം സാധ്യമാക്കുമെന്ന് സര്‍ക്കാര്‍ പോലും കരുതുന്നില്ല. സാമൂഹ്യ മുന്നേറ്റമാണ് സമത്വത്തിലേക്കുള്ള വഴി. സവര്‍ണ്ണ പ്രഭുക്കളും അവര്‍ നിയന്ത്രിക്കുന്ന ഭരണകൂടവും വച്ചു നീട്ടുന്ന ആനുകൂല്യങ്ങള്‍ക്ക് ദലിത് ജനതയുടെ ആത്മാഭിമാനം ഉണര്‍ത്തുകയെന്ന വിദൂര ലക്ഷ്യം പോലുമില്ല. ഔദാര്യം വിധേയത്വത്തിന്റെ കൂലിയാണ്. അധികാരത്തോടെ പിടിച്ചു വാങ്ങുന്ന അവകാശങ്ങള്‍ മാത്രമേ നിലനില്‍ക്കൂ. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ സവര്‍ണ്ണരുടെ ചവിട്ടടിയില്‍ ആട്ടും തുപ്പുമേറ്റ് കഴിഞ്ഞ കീഴാള ജനതകള്‍ ക്ക് അതിന്റെ കാവ്യനീതി പൂര്‍ത്തീകരിക്കാതെ സമഭാവനയിലേക്ക് ഉയരാനാവില്ല. കേരളത്തിലെ ഒരു ദലിതനും, അയാള്‍ ദലിതനായതു കൊണ്ടു മാത്രം, ഒരു സവര്‍ണ്ണനെയും, അയാള്‍ സവര്‍ണ്ണനായതിന്റെ പേരില്‍ കൊന്നിട്ടില്ല. ഭൂമിയോളം താണ ഒരു ജനത ഇനിയും താഴ്ന്നു കൊടുക്കുമെന്ന് കരുതാന്‍ പ്രയാസമാണ്. ജാത്യാധികാരത്തിന്റെ ചരിത്രം, ഇന്നല്ലെങ്കില്‍ നാളെ, അതിന്റെ പാരമ്പര്യത്തോട് കണക്ക് തീര്‍ക്കുക തന്നെ ചെയ്യും. ഔദാര്യത്തിന്റെയും ആനുകൂല്യത്തിന്റെയും വഴികള്‍ അടയുന്നതും, അധികാര മാത്സര്യത്തിന്റെ വഴികള്‍ തുറക്കുന്നതുമാണ് ഗുജറാത്ത് അടക്കമുള്ള നാടുകളില്‍ നമ്മള്‍ കാണുന്നത്.
കേരളത്തില്‍ സാംസ്‌കാരിക നവോത്ഥാനത്തിന്റെ തിരി വെട്ടം മങ്ങുകയാണ്. പുതിയ തലമുറയുടെ കാഴ്ചവട്ടത്തേക്ക് ജാതി തിരിച്ചു വരുന്നു. ഒരു പ്രത്യേക ജാതിയില്‍ ജനിച്ചു പോയതു കൊണ്ട് തങ്ങള്‍ മുന്തിയ മനുഷ്യരാണെന്ന് കരുതുന്നവര്‍ എല്ലാ കാലവും ഉണ്ടായിരുന്നു. എന്നാല്‍, അത് തുറന്നു പറയാന്‍ മടിയില്ലാത്തവരുടെ എണ്ണം ഇപ്പോള്‍ കൂടി വരികയാണ്. ജാതിവിവേചനത്തിനെതിരെ സമരം ചെയ്തവരുടെ കൊച്ചു മക്കള്‍ ജാതിവാലുള്ള പേരുമായി ഞെളിഞ്ഞു നടക്കുന്നു. ജാതിവിവേചനത്തിന്റെയും മത വിഭാഗീയതയുടെയും സുരക്ഷിതങ്ങളായ ഇടങ്ങളായി സാമൂഹ്യ മാധ്യമങ്ങള്‍ മാറിയിരിക്കുന്നു. മതപരമായ വേര്‍തിരിവുകള്‍ ശക്തമാകുന്ന മുറയ്ക്ക് ജാതി മേല്‍ക്കോയ്മയെ ലംഘിക്കാനുള്ള കീഴാള വിഭാഗങ്ങളുടെ ശ്രമങ്ങള്‍ ദുര്‍ബ്ബലമാവും. ജാതിപരമായ മേല്‍- കീഴ് ബന്ധങ്ങള്‍ ഹിന്ദു എന്ന മതപരമായ സ്വത്വത്തിന്റെ ഭാഗമായി ന്യായീകരിക്കേണ്ടതാണെന്ന് ദലിതുകള്‍ അടക്കമുള്ള വിഭാഗങ്ങള്‍ക്കു തോന്നുന്നു എന്നതാണ് ഇതിന്റെ ഫലം. കൊന്ന് പുഴയിലെറിഞ്ഞിട്ടാണെങ്കിലും, തങ്ങളുടെ മേല്‍ക്കോയ്മക്കെതിരായ നീക്കങ്ങള്‍ ഇല്ലാതാക്കണമെന്ന് ഹിന്ദു-ക്രിസ്ത്യന്‍ വ്യത്യാസമില്ലാതെ സവര്‍ണ്ണ വര്‍ഗീയ വാദികള്‍ ചിന്തിക്കുന്നു. ജാതിപരമായ മുന്‍വിധികളാല്‍ മലിനമാക്കപ്പെട്ട മനസ്സ് ജാത്യാഭിമാനം വെല്ലുവിളിക്കപ്പെടുന്ന അവസരങ്ങളില്‍ അതിന്റെ ദംഷ്ട്രകള്‍ പുറത്തെടുക്കുന്നത് സ്വാഭാവികമാണ്. സമൂഹ മനസ്സില്‍ നിന്ന് ദുഷ്ടരക്തം ഒഴുക്കിക്കളയാതെ ജാതിപ്പുണ്ണിന് ചികില്‍സിച്ചതുകൊണ്ടായില്ല.
വര്‍ഗീയതയ്‌ക്കെതിരായ പൊതുയോഗങ്ങളില്‍ കൈയ്യടിക്കുന്നവരും ജാതിമര്‍ദ്ദനത്തിനെതിരായ പൊതു പ്രകടനങ്ങളില്‍ അണിനിരക്കുന്നവരും, ജാതി നോക്കാതെയുള്ള പ്രണയ വിവാഹത്തിന്റെ കാര്യം വരുമ്പോള്‍, സവര്‍ണ്ണരും ജാതിവാദികളും സദാചാരവാദികളും ആയി മാറുന്നു. തെരുവിലെ മതേതരത്വം കുടുംബത്തിനുള്ളിലേക്ക് കയറുന്നത് മതരഹിത – മിശ്രവിവാഹങ്ങളിലൂടെയാണ്. മറ്റെല്ലാ വഴികളും അടയുമ്പോഴാണ് ജാതിരഹിത പ്രണയ വിവാഹങ്ങള്‍ ഏറിയ കൂറും നടക്കുന്നത്. ജാതിക്കെതിരായ നിലപാടിന്റെ ഭാഗമായി ബോധപൂര്‍വ്വം മിശ്രവിവാഹം തിരഞ്ഞെടുക്കുന്നവര്‍ തുലോം കുറവാണ്. മിക്ക ഉദാഹരണങ്ങളിലും വ്യത്യസ്ത സാമൂഹ്യ വിഭാഗങ്ങളില്‍ പെട്ട സ്ത്രീ
പുരുഷന്‍മാര്‍ക്കിടയില്‍ ഉണ്ടാവുന്ന സ്വാഭാവിക ബന്ധമാണ് മിശ്രവിവാഹത്തിലേക്കും വിജാതി വിവാഹത്തിലേക്കും എത്തുന്നത്. ബോധപൂര്‍വ്വമായ തീരുമാനത്തിലൂടെയല്ല, നേരേമറിച്ച്, നിവൃത്തികേടുകൊണ്ടാണ് അവരില്‍ ഒട്ടു മിക്ക പേരും ജാതിമതിലുകള്‍ ലംഘിക്കുന്നത്. ജാതി ചിന്തകള്‍ നിലനില്‍ക്കെ തന്നെ, കമിതാക്കളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നവര്‍ക്ക് അവര്‍ക്കിടയിലേക്ക് ജാതിമതാദി വേലിക്കെട്ടുകളെ ആനയിക്കാനാവില്ല. വ്യക്തിയുടെ സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും നിര്‍ദ്ദയം ലംഘിക്കുകയാണിവിടെ. പ്രണയ വിവാഹത്തില്‍ ഏര്‍പ്പെടുന്നതോടെ, വിശേഷിച്ച് ജാതി പദവിയില്‍ ഉയര്‍ന്ന പങ്കാളിയുമായി ഒരാള്‍ ഇഷ്ടത്തിലാവുന്നതോടെ, രാജ്യത്തിന്റെ ഭരണഘടനയും നിയമങ്ങളും ഉറപ്പു നല്‍കുന്ന അവകാശങ്ങളും സുരക്ഷയും ഒരു വ്യക്തിക്ക് നിഷേധിക്കപ്പെടുന്നു എന്നതാണ് ഇന്നത്തെ ഇന്ത്യനവസ്ഥ.
കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് കെവിന്‍ സംഭവം കാണിച്ചുതരുന്നു. ജാതിപരമായ മുന്‍വിധികള്‍ പിണച്ചുണ്ടാക്കിയ അബദ്ധപ്പഞ്ചാംഗമാണ് മധ്യവര്‍ഗ മലയാളിയുടെ സാമാന്യബോധം. നവോത്ഥാനത്തിന്റെ തുടര്‍ച്ചയായ പ്രതിബോധം ദുര്‍ബ്ബലമാകുന്ന മുറയ്ക്ക് മനുഷ്യ വിരുദ്ധമായ ജാതിവികാരം പത്തിവിടര്‍ത്തും.
ജാതിക്കൊലയും ജാതിയുടെ പേരിലുള്ള അതിക്രമങ്ങളും സാധാരണ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ പെടുത്തി, സര്‍ക്കാര്‍ നടപടി ക്രമങ്ങളിലൂടെ, ജാതിവിവേചനത്തിന്റെ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാമെന്നു കരുതുന്നവര്‍ മൂഢന്‍മാരുടെ സ്വര്‍ഗത്തിലാണ്. ജാത്യാനന്തര സമൂഹത്തിന്റെ നിയമങ്ങളാണ് മുതലാളിത്ത ഭരണകൂടങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ജാതിനിയമങ്ങള്‍ അതിന്റെ പരിധിക്കു വെളിയിലാണ്. ജാതി വിവേചനം നിലനില്‍ക്കുന്ന കാലത്തോളം അത് സംഘടിത കുറ്റകൃത്യങ്ങളിലേക്ക് നയിക്കും. ഇത്തരം കൊലകള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ല. സമൂഹത്തിന്റെ സിരകളില്‍ തിളയ്ക്കുന്ന ജാതിബോധം ഈ ‘ഒറ്റപ്പെട്ട ‘ ജാതിപ്പുണ്ണുകളിലൂടെ പൊട്ടിയൊലിക്കുന്നുവെങ്കില്‍, ചികില്‍സിക്കേണ്ടത് ഒളിഞ്ഞും തെളിഞ്ഞും ഇപ്പോഴും അയിത്തമാചരിക്കുന്ന സമൂഹ മനസ്സിനെ മൊത്തത്തിലാണ്.
ഒറ്റപ്പെട്ട സംഭവങ്ങളെന്ന് പൊലീസ് പറയുന്നത് കുറ്റകൃത്യരേഖകളുടെ സാങ്കേതികമായ അര്‍ത്ഥത്തിലാണ്. സാമൂഹ്യ ശാസ്ത്രത്തിനോ സാമൂഹ്യ മനശ്ശാസ്ത്രത്തിനോ ഈ പല്ലവി സ്വീകാര്യമല്ല. ജാതിയുടെ പേരിലാണെങ്കിലും മറ്റെന്തിന്റെ തന്നെ പേരിലാണെങ്കിലും, കൊലപാതകം ജാമ്യമില്ലാത്ത കുറ്റമാണ്; കൊല്ലണമെന്ന തോന്നലുണ്ടാക്കുന്നത് ജാതിയുടെ പേരിലുള്ള മിഥ്യാഭിമാനമാണെങ്കില്‍, പിശാചു ബാധയേറ്റ സമൂഹ മനസ്സിനെ മാറ്റി നിര്‍ത്തി ജാത്യാതിക്രമങ്ങളെപ്പറ്റി പറയാനാവില്ല. ഏതുതരം സാമൂഹ്യ വിവേചനങ്ങളെയുമപേക്ഷിച്ച്, സമഗ്രവും ബലവത്തുമാണ് ജാതി. ഇന്ത്യയുടെ സവിശേഷ സാഹചര്യത്തില്‍, എല്ലാ വിവേചനങ്ങളുടെയും അച്ചുതണ്ടാണത്.
പ്രണയിക്കുന്ന സ്ത്രീ നമുക്കിന്നും അഴിഞ്ഞാട്ടക്കാരിയാണ്. പ്രണയം ദലിത് പശ്ചാത്തലമുള്ള പുരുഷനുമായിട്ടാണെങ്കില്‍, അപരാധത്തിന്റെ ഗൗരവം പിന്നെയും വലുതാവും. സ്വന്തം ജാതി പദവി ആചന്ദ്ര താരം നിലനില്‍ക്കുമെന്ന വിശ്വാസമാണ് ഇന്നും ബഹുഭൂരിപക്ഷവും വച്ചു പുലര്‍ത്തുന്നത്. ആധുനിക വിദ്യാഭ്യാസവും ശാസ്ത്ര സാങ്കേതിക വികാസവും ജാതിയെ ഇല്ലാതാക്കുമെന്ന ഭയപ്പാടില്‍, എല്ലാ തരം വികസനത്തെയും സാങ്കേതിക നവീകരണത്തെയും തുടക്കത്തില്‍ എതിര്‍ത്തവരാണ് സവര്‍ണ്ണ യാഥാസ്ഥിതികരില്‍ നല്ലൊരു വിഭാഗം.
അവരുടെ ആശങ്കകള്‍ വെറുതെയാണെന്ന് കാലം തെളിയിച്ചു. ആധുനിക വിദ്യാഭ്യാസവും ഉയര്‍ന്ന ഔദ്യോഗിക പദവികളും സവര്‍ണ്ണ – അവര്‍ണ്ണ ഭേദം ഇല്ലാതാക്കുകയല്ല, അതിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്തത്. ഉയര്‍ന്ന സാമ്പത്തിക- സാമൂഹ്യ പദവിയും ഉയര്‍ന്ന ജാതി പദവിയും ചേര്‍ന്നതാണ് സവര്‍ണ്ണതയുടെ ഇന്നത്തെ മുഖം. ഒരേ മതത്തിലും ജാതിയിലും പെട്ട സ്ത്രീ പുരുഷന്‍മാര്‍ നിരീശ്വരവാദികളായി ഭാവിച്ചാലും , മത ചടങ്ങുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കി സെക്വലര്‍ ആയി ജീവിച്ചാലും ജാതിക്കോളം പൂരിപ്പിക്കാതെ കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്താലും, അപ്പോഴും, യാതൊരു പ്രയാസവുമില്ലാതെ സവര്‍ണ്ണ പദവി നിലനിര്‍ത്താന്‍ അവര്‍ക്കു കഴിയുമെന്നതാണ് നമുടെ അനുഭവം. ഉറച്ച മതേതരവാദികളായിരുന്നവരുടെ കൊച്ചുമക്കള്‍ ഇന്ന് ജാതിപ്പേരുകളുമായി നടക്കുന്നുണ്ടെങ്കില്‍, അതിനുള്ള സാധ്യത ബാക്കി നിര്‍ത്തിക്കൊണ്ടാണ് അവരുടെ മുന്‍ തലമുറകള്‍ മതേതരവാദികളായി ജീവിച്ചത് എന്ന് പറയേണ്ടി വരും. സവര്‍ണ്ണ പശ്ചാത്തലമുള്ള സ്ത്രീ പുരുഷന്‍മാര്‍ അതേ ജാതി പശ്ചാത്തലമുള്ളവരെ പ്രണയിതാക്കളായി കണ്ടെത്തുന്ന അവസരങ്ങളാല്‍, രണ്ടിലൊരാള്‍ പിന്‍മാറാത്ത പക്ഷം, ഏതാനും ദിവസത്തെ പൊട്ടലും ചീറ്റലും കഴിഞ്ഞ് അതൊരു സാമ്പ്രദായിക വിവാഹത്തില്‍ കലാശിക്കുന്നതാണ് പതിവ്. മറ്റു സമുദായങ്ങളിലെ സ്വജാതി പ്രണയങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. എന്നാല്‍, ദലിതനും സവര്‍ണ്ണനുമിടയിലെ ബന്ധങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണെന്ന് പറയാതെ വയ്യ. മതഭ്രാന്തന്‍മാര്‍ അരങ്ങു തകര്‍ക്കുന്ന ഇന്നത്തെ കാലത്തുപോലും, മതത്തെ ലംഘിക്കുന്നതിലും പതിന്‍മടങ്ങ് പ്രയാസമാണ് ജാതിമതിലുകള്‍ മറികടക്കാന്‍. ഹൈന്ദവ പാരമ്പര്യത്തിന്റെ ഭാഗമായ ജാതി, വിശ്വാസത്തിന്റെയും ആചാരഭേദങ്ങളുടെയും അതിരുകള്‍ കടന്ന്, എല്ലാ മതങ്ങളെയും ഗ്രസിച്ചിരിക്കുന്നു. സ്ത്രീയുടെയും പുരുഷന്റെയും ഇഷ്ടവും സ്വതന്ത്രമായ തിരഞ്ഞെടുപ്പുമാകേണ്ട പ്രണയത്തെ, സ്ത്രീ പുരുഷ ബന്ധത്തെ, മതം മതത്തിന്റെ കാര്യമായും ജാതി ജാതിയുടെ കാര്യമായും മാറ്റുന്നു. പെങ്ങളുടെ ഭര്‍ത്താവിനെ കൊല്ലുന്ന സഹോദരനും മകളുടെ കാമുകനെ കൊല്ലുന്ന പിതാവും മകളെ കുത്തിക്കൊല്ലുന്ന പിതാവും അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കപ്പെട്ടപ്പോള്‍, അവരുടെ മനസ്സില്‍ വിഷം കലര്‍ത്തിയ ജാതിയുടെ പേരില്‍ പ്രേരണാക്കുറ്റം ചുമത്താന്‍ നമ്മുടെ നിയമത്തില്‍ വ്യവസ്ഥയില്ലല്ലോ.
അയിത്തം ഇല്ലാതാവുകയും വിവേചനമില്ലാത്ത സാമൂഹിക ബന്ധമായി ജാതി നിലനില്‍ക്കുകയും വേണമെന്ന് കരുതിയവരാണ് ഇന്ത്യയുടെ ദേശീയ നേതാക്കളില്‍ വലിയൊരു പങ്കും. ഈ കാപട്യം തുറന്നു കാട്ടിയാണ് ഡോ. അംബേദ്കര്‍ ‘ജാതിനിര്‍മൂലനം’ എഴുതിയത്. ജാതിവിവേചനത്തിന്റെ ഇരകള്‍ ജാതിക്കെതിരെ നടത്തുന്ന സമരത്തിലൂടെയല്ലാതെ അയിത്തവും വിവേചനവും ജാത്യാതിക്രമങ്ങളും അവസാനിക്കുകയില്ല. അംബേദ്കര്‍ തന്നെ ശരിയായി ചൂണ്ടിക്കാണിച്ചതു പോലെ, ബ്രാഹ്മണര്‍ സമരം ചെയ്തിട്ട് ജാതി ഇല്ലാതാവുമെന്ന് സ്വപ്‌നം കാണുന്നത് വെറുതെയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യമുള്‍പ്പെടെ എല്ലാം സവര്‍ണ്ണന്‍ നേടിത്തന്നതാണെന്ന സാമാന്യ ധാരണ മറ്റ് വിഭാഗങ്ങളെന്ന പോലെ ദലിതരും പങ്കുവയ്ക്കുന്നതുകൊണ്ടാണ്, ബ്രാഹ്മണ -ക്ഷത്രിയാദികളുടെ സൗമനസ്യം ജാതിവിവേചനം ഇല്ലാതാക്കുമെന്ന് നമ്മുടെ നാട്ടിലെ ദലിത് സംഘടനകളും പ്രതീക്ഷിക്കുന്നത്.
മുതലാളി തന്റെ തൊഴിലാളിയുടെ അധ്വാനം വിലയ്ക്കു വാങ്ങുന്നുവെന്ന ബൂര്‍ഷ്വാ അര്‍ത്ഥശാസ്ത്രകാരന്‍മാരുടെ സിദ്ധാന്തം ഖണ്ഡിച്ചു കൊണ്ടാണ്, തൊഴിലാളിയുടെ അധ്വാനമല്ല, നേരേ മറിച്ച്, അധ്വാനത്തിലൂടെ സമ്പത്ത് സൃഷ്ടിക്കാനുള്ള തൊഴിലാളിയുടെ കഴിവാണ് മുതലാളി വില കൊടുത്തു വാങ്ങുന്നതെന്ന രഹസ്യം മാര്‍ക്‌സ് വെളിപ്പെടുത്തിയത്. ഈ കണ്ടെത്തല്‍ സോഷ്യലിസ്റ്റ് അര്‍ത്ഥശാസ്ത്രത്തിന്റെ അസ്തിവാരമുറപ്പിച്ചു. ജാതി തൊഴില്‍ വിഭജനമാണെന്ന അന്നുവരെയുള്ള ധാരണ തിരുത്തിക്കൊണ്ടാണ്, അത് തൊഴിലിന്റെ പേരിലുള്ള മനുഷ്യന്റെ വിഭജനമാണെന്ന് അംബേദ്കര്‍ തുറന്നു കാട്ടിയത്. ജാതി പഠനങ്ങളില്‍ ഈ വിച്ഛേദം പ്രധാനമാണ്. ജാത്യാടിസ്ഥാനത്തിലുള്ള പരമ്പരാഗത തൊഴില്‍ വിഭജനം ഇല്ലാതായതിനു ശേഷവും ജാതി നിലനില്‍ക്കുന്നത് തൊഴില്‍ വിഭജനത്തിനപ്പുറത്ത്, മനുഷ്യനെയും മനുഷ്യനെയും വേര്‍തിരിക്കുന്ന സാമൂഹ്യ വിഭജനമെന്ന തലത്തിലാണ്. ജാതി വിഭജനത്തിന്റെ അവസാന വേരും പിഴുതു കളയുന്നതു വരെ, ജാതി ബോധത്തിന്റെ നീതിശാസ്ത്രം സംഘടിത കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രേരണയായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും. കെവിന്‍ ആദ്യത്തെ പേരല്ല അവസാനത്തെ പേരുമല്ല.
പെരുകുന്ന ജാത്യാതിക്രമങ്ങളും സദാചാര കൊലകളും കേരളത്തിന്റെ മാറി വരുന്ന സാംസ്‌കാരിക താപനിലയാണ് വ്യക്തമാക്കുന്നത്. ജ്വരം മാറാന്‍ ഉഷ്ണമാപിനികളെ ചികില്‍സിക്കുന്നവര്‍ ഇനിയെങ്കിലും കണ്ണുതുറക്കണം. മകനോ മകളോ, സഹോദരനോ സഹോദരിയോ ആരോടൊപ്പം ജീവിക്കണമെന്ന് തീരുമാനിക്കേണ്ടത് താനാണെന്ന് സ്വയം തീര്‍പ്പുണ്ടാക്കി ആ അധികാരം ബഹുമതിയായി കൊണ്ടു നടക്കുന്നവര്‍ ഒന്നറിയുക. ഈ അധികാരം ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണ്. അത് എല്ലാ മനുഷ്യാവകാശ സങ്കല്‍പ്പങ്ങള്‍ക്കും എതിരാണ്. വ്യക്തിയുടെ സ്വതന്ത്രമായ തീരുമാനങ്ങളുടെ നേര്‍ക്ക് കണ്ണുരുട്ടാന്‍ ആധുനിക സമൂഹം ജാതിയെയോ മതത്തെയോ അധികാരപ്പെടുത്തിയിട്ടില്ല. ഭരണഘടനയെയും ലിഖിത നിയമങ്ങളെയും നോക്കുകുത്തിയാക്കി, മുതലാളിത്ത പൂര്‍വ്വകാലത്തിന്റെ വഴക്കങ്ങളും പഴക്കങ്ങളും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ യാതൊരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ല. ജാതിയുടെ സാധ്യതകള്‍ നിയമത്തിനു പുറത്താണ്. അതുകൊണ്ടുതന്നെ, നിയമത്തിനു പുറത്ത്, തെരുവില്‍ വച്ചാണ് ജാതിയെ നേരിടാന്‍ കഴിയുക. തെരുവിലെ മുഴക്കങ്ങള്‍ വീടുകള്‍ക്കുള്ളിലും അലയടിക്കാതിരിക്കില്ല.
സി. അയ്യപ്പന്റെ ഒരു കഥയില്‍, ദലിതനായ ബാലനെ ‘നീ നമ്പൂതിരിയാണോ’ എന്ന് ചോദിച്ച് അധിക്ഷേപിക്കുന്ന രംഗമുണ്ട്.’ അതിലും ഭേദം പട്ടിയാകുന്നതാണ് ‘ എന്ന മറുപടിയാണ് ആ കഥാപാത്രം നല്‍കുന്നത്. ആരാന്റെ ചെലവില്‍ ഉണ്ടുറങ്ങിയും സംബന്ധങ്ങള്‍ നടത്തിയും കാലം പോക്കിയ പാരമ്പര്യത്തിന്റെ പേരില്‍ അത്രയൊന്നും അഭിമാനിക്കാനില്ല എന്നതാണ് വാസ്തവം. വൈദിക വിജ്ഞാനം ഉല്‍പ്പാദിപ്പിച്ചവരെന്ന പേരിലുള്ള അഹങ്കാരത്തിനും അടിസ്ഥാനമില്ല. ഉണ്ടാക്കിയെന്നു പറയുന്ന അറിവും സാഹിത്യവും സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി പങ്കുവയ്ക്കാതെ, സ്വയം വീതിച്ചു തിന്നതില്‍ അഭിമാനിക്കാന്‍ എന്തിരിക്കുന്നു. ദലിതര്‍ ഉണ്ടാക്കിയതു മുഴുവന്‍ തിന്നുതീര്‍ക്കുകയല്ല, സ്വയം അരപ്പട്ടിണി കിടന്ന് മുഴുവന്‍ മാലോകരെയും തീറ്റിപ്പോറ്റുകയാണ് ചെയ്തത്.
ദലിതരുടെ കീഴാളത്തം അവര്‍ ഉല്‍പ്പാദിപ്പിച്ചതും അവര്‍ക്ക് നിഷേധിക്കപ്പെട്ടതുമായ സമ്പത്തിന്റെയും പിശാചുബാധിച്ച സവര്‍ണ്ണ മനസ്ഥിതിയുടെയും ഉല്‍പ്പന്നമാണ്. ജാത്യാഭിമാനത്തിന്റെ ചരിത്രം അല്‍പ്പമൊന്ന് അപനിര്‍മിച്ചാല്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ജാതിവാലുകളുമായി നടക്കുന്നവര്‍ക്ക് സവര്‍ണ്ണ കേസരികള്‍ക്ക് തലയില്‍ മുണ്ടിടേണ്ടി വരും.
തോട്ടിപ്പണിയെടുത്താണെങ്കിലും മനുഷ്യരെ പോലെ ജീവിക്കാനാണ് ഇഎം ശങ്കരന്‍ നമ്പൂതിരിപ്പാട് സ്വന്തം സമുദായത്തോട് പറഞ്ഞത്. നാണം കെട്ട സവര്‍ണ്ണ ജീവിത മാതൃകയെ തള്ളിക്കളഞ്ഞ്, ദലിത് ജീവിതവുമായി ഐക്യപ്പെടാനാണ് അദ്ദേഹം ശ്രമിച്ചത്. ‘നമ്പൂതിരി മുതല്‍ നായാടി’ വരെയുള്ളവരെ സ്വന്തം നെറ്റിയിലെ വിയര്‍പ്പു കൊണ്ട് തീറ്റിപ്പോറ്റിയ കീഴാള ജനതകള്‍ രണ്ടാം തരക്കാരാണെന്ന ചിന്ത അവര്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ദലിത് ജീവിതവുമായി ഐക്യപ്പെട്ടാണ് കേരളത്തിലെ വിപ്ലവ ബഹുജന പ്രസ്ഥാനങ്ങള്‍ വളര്‍ന്നത്. ആ ഐക്യപ്പെടലിന്റെ പാലം തകര്‍ന്നാല്‍ പുരോഗമന രാഷ്ട്രീയത്തിന്റെ ഭാഷ പടു ഭാഷയായിത്തീരും. നവോത്ഥാനത്തോട് യാത്ര പറഞ്ഞല്ല പുരോഗമന രാഷ്ട്രീയം അതിന്റെ പ്രയാണം ആരംഭിച്ചത്. മുതലാളിത്തത്തിന്റെ മൂല്യങ്ങള്‍ക്കനുസരിച്ച് കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തെ പരുവപ്പെടുത്തിയത് നവോത്ഥാനമാണ്.
സവര്‍ണ്ണ മലയാളിയുടെ തൊലി ചുരണ്ടി നോക്കിയാല്‍ ഇപ്പോഴും പുരുഷസൂക്തത്തിലെ ശ്ലോകങ്ങള്‍ വായിക്കാം. അതിനര്‍ത്ഥം നമ്മുടെ നവോത്ഥാന പരിശ്രമങ്ങള്‍ ഇപ്പോഴും പാതിവഴിയില്‍ ഇടറി നില്‍ക്കുന്നു എന്നാണ്. ‘നാവാത്ഥാനത്തിന് എന്തു പറ്റി’ എന്ന അക്ഷര ലക്ഷം മൂല്യമുള്ള ചോദ്യം മറന്ന്, ‘പിണറായി വിജയന്‍ എന്തു ചെയ്തു’ എന്നു ചോദിച്ചു കൊണ്ടിരിക്കുന്നവരില്‍ നിന്ന് യാതൊരു നന്മയും പ്രതീക്ഷിക്കേണ്ടതില്ല. ജാതി ആചരിക്കുന്നവരെ കൊല്ലണം എന്നു പറഞ്ഞാല്‍ അത് രാജ്യദ്രോഹമാകും. ജാതിയെ കൊല്ലാത്ത കാലത്തോളം അതിന്റെ പിടിയില്‍ നിരപരാധികളായ മനുഷ്യര്‍ കൊല്ലപ്പെട്ടു കൊണ്ടിരിക്കും. കെവിന്‍ പി ജോസഫ് ഒരു രക്തസാക്ഷിയാണ്. സാമൂഹ്യ വിമോചനത്തിന്റെ കെട്ടുപോയ കനലുകള്‍ വീണ്ടും ജ്വലിപ്പിക്കുന്ന രക്തസാക്ഷി.
നീനുവിന്റെ കണ്ണുനീര്‍ നമ്മളെ ചുട്ടുപൊള്ളിക്കും
ഡോ. തോമസ് ഐസക്
ധനകാര്യമന്ത്രി വകുപ്പ് മന്ത്രി
ആഴത്തിലുള്ള സ്വയം വിമര്‍ശനത്തിന് നാമോരുരുത്തരെയും പ്രേരിപ്പിക്കേണ്ടതാണ് കെവിനും നീനുവിനുമുണ്ടായ ദുരന്തം. അതില്‍ ഒരു സംശയവും എനിക്കില്ല. എന്നാല്‍ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് മാധ്യമങ്ങള്‍ നടത്തുന്ന ആക്രമണം നീതിയ്ക്കു നിരക്കുന്നതല്ല.
കെവിനെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയിന്മേല്‍ അന്വേഷണം നടത്താതിരിക്കുന്നതിന് ആ എസ് ഐ പറഞ്ഞ ഏറ്റവും ദുര്‍ബലമായ ഒരൊഴിവുകഴിവാണ് മുഖ്യമന്ത്രിയുടെ പരിപാടി. പരാതി ലഭിച്ചത് അതിരാവിലെ. മുഖ്യമന്ത്രിയുടെ പരിപാടി വൈകുന്നേരം. ആ പരാതിയിന്മേല്‍ അയാള്‍ക്ക് എന്തൊക്കെ അന്വേഷണം നടത്താമായിരുന്നു? തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനങ്ങളുടെ നമ്പര്‍ അയല്‍ സ്റ്റേഷനിലേയ്ക്ക് വയര്‍ലെസ് മെസേജു കൊടുക്കാം, പ്രതികളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേറ്റു ചെയ്യാം. ഇങ്ങനെ എത്രയോ കാര്യങ്ങള്‍. ഇതൊന്നും ചെയ്യുന്നതിന് വൈകുന്നേരം നടക്കുന്ന മുഖ്യമന്ത്രിയുടെ പരിപാടിയിലെ ഡ്യൂട്ടി ഒരു തടസമേയല്ല.
പ്രതികളെ സഹായിക്കാന്‍ എസ് ഐ കണ്ടെത്തിയ ഒഴിവുകഴിവു മാത്രമായിരുന്നു അതെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളൂ. ആ പരിപാടി ഇല്ലായിരുന്നെങ്കില്‍ മറ്റൊരു കാരണം അയാള്‍ കണ്ടെത്തുമായിരുന്നു എന്നതില്‍ ആര്‍ക്കാണ് സംശയം?എന്നാല്‍ എസ് ഐയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപം മുഖ്യമന്ത്രിയെ അടിയ്ക്കാനുള്ള വടിയാക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. അത് അനീതിയാണ്. മാത്രമല്ല, പാര്‍ടി സെക്രട്ടറിയെന്ന നിലയില്‍ ഒന്നര ദശകത്തോളം മാധ്യമങ്ങള്‍ നടത്തിയ വേട്ടയാടലിന്റെ തുടര്‍ച്ചയുമാണ്. അന്നത്തെ അപവാദങ്ങളുടെയും ഉപജാപത്തിന്റെയും കഥകള്‍ ഓര്‍മ്മയുള്ളവര്‍ക്കൊന്നും മാധ്യമങ്ങളുടെ ഈ അജണ്ടയ്ക്കു കീഴടങ്ങാനാവില്ല. പ്രധാന പ്രതികളുടെ രാഷ്ട്രീയബന്ധം മറച്ചുവെച്ച് ഡിവൈഎഫ്‌ഐയ്‌ക്കെതിരെ നടത്തിയ പ്രചരണവും ഇതിന്റെ ഭാഗമായിത്തന്നെയാണ് കാണേണ്ടത്. അക്കാര്യം ഡിവൈഎഫ്‌ഐ തുറന്നു കാണിക്കുകയും ചെയ്തു.
ഇതില്‍ നാം നടത്തേണ്ട ആത്മവിമര്‍ശനമെന്താണ്? കെവിനും നീനുവിന്റെയും പ്രണയസാഫല്യം ഡിവൈഎഫ്‌ഐയുടെ കാര്‍മ്മികത്വത്തിലാണ് നടന്നത്. ആ പ്രണയത്തിന്റെ പേരില്‍ അവര്‍ വേട്ടയാടപ്പെട്ടപ്പോള്‍ അക്കാര്യം സ്റ്റേറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്താനും നീതി തേടാനും ഒപ്പമുണ്ടായിരുന്നത് പാര്‍ടി ഏരിയാ സെക്രട്ടറി അടക്കമുള്ളവരാണ്. സജീവമായി അവര്‍ കെവിന്റെ കുടുംബത്തോടൊപ്പമുണ്ടായിരുന്നു എന്ന് ആ കുടുംബം ഒന്നടങ്കം സമ്മതിക്കുന്നു.
എന്നിട്ടും കെവിന്‍ ഇന്ന് ജീവിച്ചിരിപ്പില്ല. നീനുവിനോടൊപ്പം ഒരു ദിവസം പോലും കഴിയാന്‍ കെവിനു കഴിഞ്ഞില്ല. പാര്‍ടിയും ഡിവൈഎഫ്‌ഐയും കൂടെയുണ്ടായിരുന്നിട്ടും, പാര്‍ടി നേതാക്കളായ ഞങ്ങളൊക്കെ ഭരണനേതൃത്വത്തിലുണ്ടായിട്ടും, ആ ചെറുപ്പക്കാരന് ഭരണസംവിധാനത്തില്‍ നിന്ന് ന്യായമായും കിട്ടേണ്ട സുരക്ഷ ലഭിച്ചില്ലെന്നു മാത്രമല്ല, ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. നീനുവിനു ലഭിച്ചതോ? പേക്കിനാവുകള്‍ നിറഞ്ഞ ശിഷ്ടജീവിതവും തീരാത്ത കണ്ണുനീരും. ആ പെണ്‍കുട്ടിയുടെ കണ്ണുനീര്‍ നമ്മുടെ രാഷ്ട്രീയസാമൂഹ്യഭരണസംവിധാനത്തെ ചുട്ടുപൊള്ളിക്കുക തന്നെ ചെയ്യും.
നീനുവിന്റെ മാതാപിതാക്കളും സഹോദരനും മിശ്രവിവാഹിതരാണ്. പ്രണയത്തില്‍ ആ പാരമ്പര്യമാണ് നീനു പിന്തുടര്‍ന്നത്. ദൗര്‍ഭാഗ്യവശാല്‍ സ്വന്തം കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഭരണസംവിധാനത്തില്‍ നിന്നും അവള്‍ക്കു പിന്തുണ ലഭിച്ചില്ല. ആ പെണ്‍കുട്ടിയ്ക്കു മുന്നില്‍ അപമാനഭാരത്താല്‍ നമ്മിലോരോരുത്തരുടെയും തല കുനിയണം. നവോത്ഥാനകേരളത്തിന്റെ ശിരസിലേറ്റ ശാപമാണ് ആ കണ്ണുനീര്‍. ജാതിയ്ക്കും മതത്തിനുമതീതമായി ജീവിക്കാനെടുത്ത തീരുമാനത്തിന്റെ രക്തസാക്ഷികളാണിരുവരും. സവര്‍ണമനോഭാവമാണ് ഈ വധശിക്ഷ നടപ്പിലാക്കിയത്. അതിനു പോലീസില്‍ നിന്ന് ലഭിച്ച ഒത്താശ നല്‍കുന്ന സൂചന അപകടകരം തന്നെയാണ്. ഈ സ്ഥിതിവിശേഷത്തിന്റെ ഗൗരവം ആരും ഒട്ടും കുറച്ചു കാണുന്നില്ല. കാണാന്‍ പാടില്ല.
ജാതി സങ്കല്‍പ്പം ഉപേക്ഷിക്കണം
ഡോ. പി കെ പോക്കര്‍
യഥാര്‍ത്ഥത്തില്‍ നമ്മുടെ സമൂഹം ഒരു ആധുനികപൊതുമണ്ഡല രൂപീകരണം പൂര്‍ത്തിയാക്കിയതായി പറയാനാകാത്ത അവസ്ഥയാണ് ഇന്നും നിലനില്‍ക്കുന്നത്. ആധുനിക പൊതുമണ്ഡലമെന്നതുകൊണ്ട് മനുഷ്യര്‍ക്കിടയില്‍ അതിരുകളില്ലാത്ത കൂടിച്ചേരലുകള്‍ സാധിക്കുന്ന പൊതു ഇടങ്ങള്‍ എന്നാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലും വിവിധ സമൂഹങ്ങള്‍ ഭാഗീകമായെങ്കിലും ജീര്‍ണിച്ച അപരവല്‍ക്കരണം സൂക്ഷിച്ച് കൊണ്ടുള്ള ജീവിത വ്യവസ്ഥയാണ് സംരക്ഷിക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം സംവരണത്തിലൂടെ അപൂര്‍വ്വമായി തൊഴില്‍ നേടിയ ദലിത് വിഭാഗങ്ങളൊഴികെ മറ്റെല്ലാവരും ഇന്നും കോളനികളിലോ മറ്റ് പാര്‍ശ്വങ്ങളിലോ ജീവിക്കുന്ന സ്ഥിതിവിശേഷമാണ് ഉള്ളത്. ദലിത് വിഭാഗങ്ങള്‍ പ്രത്യേകിച്ച് സാംസ്‌കാരികവും സാമൂഹികവും സാമ്പത്തികവുമായ കീഴാളത്തം അനുഭവിച്ച്‌കൊണ്ടിരിക്കുകയാണ്. ശ്രേണീബദ്ധമായ ജാതി വ്യവസ്ഥയില്‍ ഏറ്റവും അടിത്തട്ടില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് ദലിതുകള്‍. അവര്‍ സംഘടിക്കുന്നത് കുറ്റകരമാണെന്ന് വിധിക്കുന്നവര്‍ അവര്‍ എങ്ങനെ, എവിടെ ജീവിക്കുന്നു എന്ന് അര്‍ഹിക്കും വിധത്തില്‍ അന്വേഷിക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒാഖി ദുരന്തമുണ്ടായപ്പോള്‍ അതിനിരയായവരുടെ കരച്ചില്‍ കേള്‍ക്കുന്നതിന് പകരം അവരെ പരിഹസിച്ച ധൈഷണികര്‍ നമ്മുടെ നാട്ടിലുണ്ട്. യഥാര്‍ത്ഥത്തില്‍ കീഴാളത്ത ജീവിതാവസ്ഥ ഇന്നും കേരളം പോലെ അഭിവൃദ്ധിപ്രാപിച്ച ഒരു സംസ്ഥാനത്ത് നിലനില്‍ക്കുന്നതുതന്നെ നാണക്കേടാണ്. സാമ്പത്തികമായ താഴ്ന്ന അവസ്ഥയെക്കാള്‍ ജാതീയമായ ‘താഴ്ച’യെയാണ് ഇന്നും കേരളീയ സമൂഹത്തില്‍ മാന്യതയുടെയും പദവിയുടെയും പേരില്‍ പൊതുസമൂഹം ഭയപ്പെടുന്നത്. തീര്‍ച്ചയായും ജാതീയമായ ഈ മേല്‍ക്കോയ്മ തകരണമെങ്കില്‍ ഉയര്‍ന്ന ജാതി എന്ന സങ്കല്പവും ജാതിവാലുകളും സമ്പൂര്‍ണമായി ഉപേക്ഷിക്കേണ്ടതുണ്ട്. നമ്മുടെ നാട്ടില്‍ വലിയ നവോത്ഥാനത്തെക്കുറിച്ച് ആവേശപൂര്‍വ്വം സംസാരിക്കുന്നവര്‍ പോലും ജാതീയമായി
പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്നവരെ വിവാഹം കഴിക്കാനോ അവരുടെ വീടുകളുമായി സമ്പര്‍ക്കം പുലര്‍ത്താനോ ഇഷ്ടപ്പെടുന്നില്ല എന്നൊരു യാഥാര്‍ത്ഥ്യം ഭയപ്പാടോടുകൂടി കാണേണ്ടതുണ്ട്. ഒരു സമ്പന്ന സവര്‍ണ കാമുകന് ഒരിക്കലും നേരിടേണ്ടിവരാത്ത അനുഭവമാണ് കെവിന് ഇവിടെയുണ്ടായത്. കീഴാള ഉണര്‍വും മാധ്യമങ്ങളുടെ ഇടപെടലും ഉണ്ടായിരുന്നില്ലെങ്കില്‍ ഈ പ്രശ്‌നം അര്‍ഹിക്കും വിധത്തില്‍ പൊതുസമൂഹം അറിയാന്‍ പോലും ഇടയില്ലെന്നാണ് ഞാന്‍ കരുതുന്നത്.
മര്‍ദ്ദക ജാതിബോധത്തിന്റെയും പണാധിപത്യത്തിന്റെയും അധികാരപ്രയോഗം
ഡോ. പി സനല്‍ മോഹന്‍
കേരളത്തിന്റെ സാമൂഹിക ഘടനയില്‍ നിന്നും ജാതി പിന്‍വാങ്ങി എന്നത് അടിസ്ഥാനരഹിതമായ ഒരു വിലയിരുത്തല്‍ ആണ്. ജാതി വിരുദ്ധ സമരങ്ങളുടെ ഫലമായി പിന്‍വാങ്ങിയ ജാതിയുടെ മര്‍ദ്ദക സ്വഭാവം ഇന്ന് മറ്റുരീതികളിയില്‍ ആവര്‍ത്തിക്കപ്പെടുന്നു. ഓര്‍മ്മിക്കേണ്ടുന്ന ഒരു വസ്തുത കേരളത്തിലെ സവര്‍ണ്ണ ക്രിസ്ത്യാനികള്‍ ഒരിക്കലും ജാതിവിരുദ്ധതയുടെ സാമൂഹിക സ്വഭാവം കാണിച്ചിരുന്നില്ല എന്നതാണ്. ഇക്കഴിഞ്ഞ ദിവസം ക്രൂരമായി കോല ചെയ്യപ്പെട്ട കെവിന്‍ പി. ജോസെഫിന്റെ അനുഭവം കാണിക്കുന്നത് ജാതീയതയുടെ തിരിച്ചുവരവല്ല നേരെ മറിച്ചു പണവും സ്വാധീനവുമുള്ളവര്‍ ജാതീയതയുടെ അധികാരംകൂട്ടിച്ചേര്‍ത്തു തങ്ങളുടെ പിതൃശാസനയില്‍ അടിസ്ഥാനപ്പെടുത്തിയ സാമൂഹിക അധികാരത്തെ, നിലനിര്‍ത്താന്‍ സ്ത്രീകളുടെ ലൈംഗികതയെ വരുതിക്ക് നിര്‍ത്തുന്ന മനോഘടനയുടെ ക്രൂരമായ ആവിഷ്‌ക്കാരമാണ്. അത് അവര്‍ക്കു നടപ്പാക്കാന്‍ കഴിഞ്ഞതു കെവിന്‍ പി. ജോസഫ്ന്റെ ജാതീയവും സാമ്പത്തീകവുമായുള്ള കീഴാളത്തം മൂലമാണ്. ഈ ഉദാഹരണത്തില്‍ നാം കാണുന്നത് പഴയ ജാതീയതയല്ല നേരെ മറിച്ചു മര്‍ദ്ദക ജാതിബോധവും പണാധിപത്യവും പിതൃശാസനയും കൂടിക്കുഴഞ്ഞുള്ള ലോകബോധത്തിന്റെ നഗ്‌നമായ അധികാര പ്രയോഗമാണ്. സ്റ്റേറ്റിന്റെ അധികാരം മര്‍ദ്ദകര്‍ക്കു തുണയാകുമ്പോല്‍ സ്ത്രീ പുരുഷന്മാരുടെ നൈസര്‍ഗ്ഗികമായ ഒന്നു
ചേരല്‍ ഒരു കുറ്റമായി കണക്കാക്കപ്പെടുന്നു. അപ്പോള്‍ ജാതിഘടനയിലെ സ്ഥാനം വളരെ നിര്‍ണായകമായി മാറുന്നു.
ദലിത് പിന്നാക്കവിഭാഗങ്ങള്‍ രാഷ്ട്രീയമായി മുന്നേറണം
കെ വേണു
കെവിന്‍ കൊലപാതകത്തെ തുടര്‍ന്ന് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു വിലയിരുത്തല്‍ നമ്മുടെ സമൂഹത്തില്‍ പൊതുവില്‍ത്തന്നെ ജാതിബോധവും വിവേചനവും അക്രമണ
പ്രവര്‍ത്തനങ്ങളുമെല്ലാം വര്‍ദ്ധിച്ച് വരുന്നു എന്നാണ്. അതുശരിയുമാണ്. പക്ഷേ, അതിന്റെ കാരണങ്ങള്‍ സംബന്ധിച്ച് പൊതുവായ ധാരണകളൊന്നുമുണ്ടായിട്ടുമില്ല. അവ്യക്തതകളാണെങ്കില്‍ വ്യാപകമാവുകയും ചെയ്തു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ജാതിയുടെ സ്വഭാവവും അതിനെതിരായി പല ഘട്ടങ്ങളിലായി ഉയര്‍ന്നുവന്ന സമരങ്ങളും ചെറുത്തു നില്‍പ്പുകളുമെല്ലാം വ്യത്യസ്ഥ രീതികളിലാണ് നടന്നിട്ടുള്ളത്. കേരളത്തില്‍ 19-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തില്‍ മര്‍ദ്ദിത ജാതിവിഭാഗങ്ങളുടെ മുന്‍ കയ്യിലുയര്‍ന്നുവന്ന നവോത്ഥാന മുന്നേറ്റങ്ങള്‍ കേരളീയര്‍ക്ക് പൊതുവില്‍ അഭിമാനിക്കാവുന്ന ഒന്നാണ്. കാരണം ഇന്ത്യയുടെ പല ഭാഗങ്ങളിലും മുന്നോക്ക വിഭാഗങ്ങളാണ് നവോത്ഥാനത്തിന് നേതൃത്വം നല്കിയത്. അതാണ് കേരളത്തിന്റെ സവിശേഷത. പക്ഷേ കമ്മ്യൂണിസ്റ്റുകള്‍ 1940 കളുടെ തുടക്കം മുതല്‍ക്ക് ഇവിടെ സജീവമായതോടെ പിന്നോക്ക ദലിത് വിഭാഗങ്ങളെ വര്‍ഗസമരത്തിന്റെ പാതയില്‍ ട്രേഡ് യൂണിയന്‍ സംഘടനകളുടെ ഭാഗമാക്കി മാറ്റിയപ്പോള്‍ നവോത്ഥാന പ്രക്രിയ പിന്നീട് മുരടിച്ച് പോകുന്നതാണ് കണ്ടത്. ഈ സംഘടിത ശക്തികള്‍ പലപ്പോഴും അടിസ്ഥാനപരമായി ജനാധിപത്യത്തില്‍ നിന്നകന്നുപോയി. യു പി, ബിഹാര്‍ പോലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മര്‍ദ്ദിത ജാതികള്‍ക്ക് ജനാധിപത്യപരമായി അര്‍ഹമായ രാഷ്ട്രീയാധികാരം ലഭിച്ചാലേ ജാതിവിവേചനത്തെ മറികടക്കാനാവൂ എന്ന അംബേദ്കര്‍-ലോഹ്യ നിലപാടുകളുടെ അടിസ്ഥാനത്തില്‍ സമീപകാല സംഭവങ്ങളെ വിലയിരുത്താവുന്നതാണ്. ഈ അധികാര ലഭ്യത മര്‍ദ്ദിത ജാതി സമൂഹങ്ങള്‍ക്ക് മൊത്തത്തിലുള്ള സാമൂഹ്യപദവിയിലാണ് മാറ്റമുണ്ടാക്കുന്നത്. കേരളത്തില്‍ ട്രെഡ് യൂണിയനുകളില്‍ സംഘടിതരായ ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് കൂലിയും തൊഴിലവകാശങ്ങളും ലഭ്യമായപ്പോള്‍ രാഷ്ട്രീയാധികാര പങ്കാളിത്തമില്ല. ആ നിലക്ക് ഇവര്‍ ഉത്തരേന്ത്യയിലെ ദലിത് പിന്നാക്ക വിഭാഗങ്ങളെക്കാള്‍ സാമൂഹ്യമായി ഏറെ പിന്നിലാണെന്ന് പറയാം.സംഘടിത ശക്തിയിലൂടെയുണ്ടായ പ്രബുദ്ധത കേരളീയ സമൂഹത്തെ ജനാധിപത്യവത്കരിക്കാന്‍ സഹായിക്കുന്നില്ല. ഭിന്നാഭിപ്രായങ്ങളോട് സഹിഷ്ണുതയും പ്രതിപക്ഷ ബഹുമാനവുമില്ലാത്ത ജനാധിപത്യം തീരെ ദുര്‍ബലമാണ്. ജനാധിപത്യമെന്നാല്‍ ബൂര്‍ഷ്വാജനാധിപത്യമല്ലന്നും അത് സംരക്ഷിക്കപ്പെടേണ്ടതല്ലന്നുമുള്ള ചിന്ത കമ്മ്യൂണിസ്റ്റ് കാരല്ലാത്തവരില്‍പ്പോലും വ്യാപകമാണിവിടെ. യഥാര്‍ത്ഥ ജനാധിപത്യം എന്താണെന്ന് ആര്‍ക്കും അറിയില്ലതാനും. ജനാധിപത്യ വിരുദ്ധ പ്രവണതകള്‍ വളരാനുള്ള ഒരു സാമൂഹ്യ അന്തരീക്ഷമാണ് ഇത് സൃഷ്ടിക്കുന്നത്. മതജാതി സമൂഹങ്ങള്‍ വോട്ട് ബാങ്കുകളായതോടെ അവയെ ഉപയോഗിക്കാനുള്ള ഏത് നീചതന്ത്രവും ന്യായീകരിക്കപ്പെടുന്നു. ഈ വ്യത്യസ്ഥ സാഹചര്യങ്ങളെല്ലാം ജാതി ബോധം വിവിധ രൂപങ്ങളിലേക്ക് പരിണമിക്കാന്‍ ഇടയാക്കുന്നു എന്നുപറയാം.
കെവിന്റെ കൊലപാതകവും നവമാധ്യമങ്ങളിലെ ജാതി ചര്‍ച്ചകളും
വിനില്‍ പോള്‍
ജെ എന്‍ യു വിദ്യാര്‍ത്ഥി
ദലിത് ക്രിസ്ത്യാനിയായ കെവിന്റെ മരണം സമകാലീന ജാതീയതയുടെ ഹീനമായ ഉദാഹരണമായിരുന്നു. കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നവ സാമൂഹ്യ മാധ്യമങ്ങളില്‍ ജാതീയതയെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ വളരെ സജീവമായിരുന്നു. ഇത്തരം ചര്‍ച്ചകളില്‍ ചോദ്യം ചെയ്യപ്പെട്ടതും പരഹസിക്കപ്പെട്ടതും ദലിത് വിഭാഗങ്ങളുടെ ക്രിസ്തുമത സ്വീകരണ ചരിത്രത്തെയായിരുന്നു. ദലിത് ക്രൈസ്തവ വിരുദ്ധത മുന്‍നിര്‍ത്തിതന്നെയാണ് പല ഫെയ്‌സ്ബുക്ക് ചര്‍ച്ചകളും വികസിച്ചത്. ഇതേസമയം തന്നെ ഇസ്ലാം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലെ ജാതീയത എന്ന വിഷയമായിരുന്നു മറ്റൊരു വിഭാഗത്തിന്റെ പ്രധാന ചര്‍ച്ചാവിഷയം. ജനാധിപത്യ ഇടപെടലുകള്‍ പൂര്‍ണമായി ഒഴിവാക്കി ക്രിസ്തുമത പരിവര്‍ത്തന ചരിത്രത്തെ ഏറ്റവും മോശംസംഭവമാക്കി ചിത്രീകരിക്കുക അല്ലെങ്കില്‍ ദലിത് ചരിത്രത്തിലെ മുറിവല്‍ക്കപ്പെട്ട സംഭവമായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളാണ് കൂടുതലും കണ്ടത്. ക്രിസ്തുമതവുമായുള്ള ദലിതരുടെ ബന്ധത്തെയും അതിനുള്ളില്‍ അവര്‍ അനുഭവിച്ച ചരിത്രാനുഭങ്ങളെയും മറ്റും ആധുനിക സമൂഹം നോക്കിക്കാണുന്നതെങ്ങനെ എന്നതിന്റെ സൂചകമാണ് ഇത്തരത്തിലുള്ള പരിഹാസ ഫെസ്ബുക്ക് പോസ്റ്റുകള്‍. ജാതിയുടെയും സമ്പത്തിന്റെയും അധികാരരൂപങ്ങള്‍ ഒരു മനുഷ്യനെ കൊന്നുതള്ളിയതിന്റെ മനുഷ്യ വിരുദ്ധത വേണ്ടവിധം ചര്‍ച്ചചെയ്യപ്പെടാതെ പോവുകയും ആധുനിക ജാതിയതയെ അതേപടി നിലനിര്‍ത്തുന്നതിന് സഹായകമായ ചര്‍ച്ചകളിലേക്ക് നവമാധ്യമ സമൂഹം വഴിമാറുന്നതുമാണ് നാം കണ്ടത്. ഒരിക്കലും നീതികരിക്കപ്പെടാനാകാത്ത കുറ്റകൃത്യമെന്ന നിലയില്‍ കെവിന്‍ പി ജോസഫിന്റെ കൊലപാതകം കേരള ചരിത്രത്തില്‍ അടയാളപ്പെടും. സാമൂഹികാരോഗ്യത്തിലേക്ക് മുന്നേറണമെങ്കില്‍ നാം ഇനിയും അടിസ്ഥാനപരമായി മാറേണ്ടതുണ്ട്.
Posted by vincent