August 6, 2024
ഫൈസല്‍ ബാവ
കാടുകള്‍ വെട്ടി ത്തെളിച്ച് നാം വികസന മന്ത്രം ചൊല്ലുമ്പോള്‍ ഒന്നോര്‍ക്കുക വരും കാലം ജലത്തിനു വേണ്ടി നാം ഏറെ പൊരുതേണ്ടി വരുമെന്ന്! നമുക്ക് ബാക്കിയായ ജലാശയങ്ങളെങ്കിലും കാത്തു സൂക്ഷിക്കാം. ജലം സൂക്ഷിച്ച് ഉപയോഗിക്കാന്‍ നമുക്ക് പരിശീലിക്കാം, ഒപ്പം നമ്മുടെ കുട്ടികളേയും പഠിപ്പിക്കാം. അങ്ങനെ നമുക്കും ജല സാക്ഷരത നേടേണ്ടതുണ്ട്. ജലത്തിന്റെ കാര്യത്തില്‍ മാത്രമല്ല പ്രകൃതിയെ പരിഗണിക്കുന്ന കാര്യത്തില്‍ നമ്മുടെ പ്രബുദ്ധതയ്ക്ക് ഒരു സ്ഥാനവും ഇല്ലെന്നു തോന്നുന്നു. പാരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നും എങ്ങിനെയോ ചോര്‍ന്നു പോയിക്കൊണ്ടിരിക്കുകയാണ്. ഭൂമിയെ പരമാവധി നാം കാര്‍ന്നു തിന്നു കഴിഞ്ഞു. അവശേഷിക്കുന്നവ കാര്‍ന്നുതിന്നാന്‍ ആര്‍ത്തി കൂട്ടുന്നു. നാം നേടി എന്നവകാശപ്പെടുന്ന പുരോഗതി ശൂന്യമായ ഭാവിയെയാണ് മാടി വിളിക്കുക എന്ന് ബ്രിട്ടീഷ് ദാര്‍ശനികനായ ആല്‍ഫ്രെഡ് നോര്‍ത്ത് വൈറ്റ് ഹൈഡ് വളരെ മുന്‍പ് തന്നെ പറഞ്ഞു: ”ഇന്നത്തെ അമൂര്‍ത്തതകളെ മറികടന്നു മുന്നോട്ടു ചിന്തിക്കാന്‍ കഴിയാത്ത ഒരു സംസ്‌കാരം, പുരോഗതിയുടെ ഒരു ഇടവേളയ്ക്കു ശേഷം വന്ധ്യതയില്‍ കലാശിക്കുവാന്‍ ശപിക്കപ്പെട്ടിരിക്കുന്നു.”
ശാസ്ത്രം പ്രകൃതിയിലെ അദൃശ്യമായ പ്രക്രിയകളെ അറിയാതെ അമൂര്‍ത്തമായതിനെ സത്യമായി ഉദ്‌ഘോഷിക്കുന്നു. നാം നേടിയെടുത്ത പുരോഗതി തന്നെയാണ് ഇന്ന് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെയ്ക്കുന്നതരത്തില്‍ തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനം നാം തുടര്‍ന്നു കൊണ്ടിരിക്കുന്നു. 16 കിലോമീറ്റര്‍ നീളമുള്ള ഏറ്റവും ചെറിയ നദിയായ മഞ്ചേശ്വരം പുഴ മുതല്‍ 244 കിലോമീറ്റര്‍ നീളമുള്ള പെരിയാര്‍ വരെ 44 നദികളുടെ ഈ ഭൂമിയില്‍ കടുത്ത ജലക്ഷാമം നേരിടുന്നു എങ്കില്‍ നമുക്കെവിടെയോ പിഴച്ചിട്ടുണ്ട്. ഒരു മഴയില്‍ നാം മുങ്ങുകയും ഒരു വെയിലില്‍ വരളുകയും ചെയ്യുന്നു എങ്കില്‍ നമ്മുടെ ആസൂത്രണം എങ്ങിനെ പിഴച്ചതെന്നു ഇനിയെങ്കിലും നാം ചിന്തിക്കണം.
ഗാരി എസ് ഹാര്‍ട്ട് ഷോണ്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ പ്രസക്തമാണ്,’ ഈ ദശാബ്ദം ചരിത്ര പ്രാധാന്യം അര്‍ഹിക്കുന്നതാണ്, എന്ത് കൊണ്ടെന്നാല്‍ പുതിയ നൂറ്റാണ്ടിലേക്കുള്ള ശാസ്ത്രീയവും സാമൂഹികവും രാഷ്ടീയവുമായ കാര്യ പരിപാടികള്‍ മുന്നോട്ടു വെക്കേണ്ട സമയമാണിത്.. ദേശീയവും ദേശാന്തരീയവുമായ നയപരിപാടികളുടെ ഭാഗമായി പരിസ്ഥിതിയെ സംബന്ധിച്ചതും വിഭവങ്ങളുടെ ലഭ്യത, നിലനില്‍പ്പ് എന്നിവയെ സംബന്ധിച്ചതുമായ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. സന്നദ്ധ സംഘടന കള്‍ക്കും പുരോഗമന, സാമൂഹ്യ, പ്രസ്ഥാനങ്ങള്‍ക്കും ഇതില്‍ നിര്‍ണ്ണായക പങ്കുണ്ട്.” ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പറഞ്ഞ ഇക്കാര്യങ്ങള്‍ എത്ര രാജ്യതലവന്മാര്‍ മുഖവിലക്കെടുത്തു എന്ന് പരിശോധിച്ചാല്‍ നിരാശയായിരിക്കും ഫലം. കേരളം എന്നും ഇതൊക്കെ നിരന്തരം സെമിനാറുകളില്‍ മാത്രം ഉരുവിടുകയും പ്രവര്‍ത്തന രംഗത്ത് ക്വാറി, മണല്‍, ഭൂമി മാഫിയകള്‍ നമ്മുടെ പ്രകൃതി വിഭവങ്ങള്‍ യഥേഷ്ടം കൈകാര്യം ചെയ്യുന്ന അവസ്ഥയും ഉണ്ട്, കൂടാതെ വികസനത്തില്‍ ആസൂത്രണം ഇല്ലായ്മ മൂലം പ്രാദേശിക തലത്തില്‍ പാരിസ്ഥിതികമായ ഒട്ടേറെ നാശങ്ങള്‍ ചെറുതാണ് എങ്കില്‍ പോലും കേരളത്തിന്റെ പ്രകൃതിയെ മാറ്റി മറിക്കുന്ന തരത്തില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് നാട്ടിന്‍പുറങ്ങളില്‍ നടത്തിയ ആസൂത്രണമില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ ആണെന്ന് മനസിലാക്കാം. കേരളം ഇന്ന് കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ ഒരു ചെറു പട്ടണം ആണെന്ന് പറഞ്ഞാല്‍ അത് തെറ്റാകില്ല. ആ തരത്തില്‍ ആണ് നമ്മുടെ വികസനം മുന്നേറുന്നത് എന്നാല്‍ ഈ കാഴചപ്പാടില്‍ എവിടെയും പ്രകൃതിയും കുടിവെള്ളവും പരിഗണിക്കപ്പെടുന്നില്ല എന്നതാണ് സങ്കടകരം. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കു അധികാരം കൈവന്നപ്പോള്‍ നാം നടത്തിയ പ്രധാന വികസനം എല്ലാ തോടുകളും റോഡുകളാക്കി മാറ്റി എന്നതാണ്. ജല മാര്‍ഗങ്ങളെ ഇല്ലാതാക്കിയത് ജലക്ഷാമത്തിനൊപ്പം മഴക്കാലത്തു വെള്ളപൊക്കത്തിനും കാരണമായി. കായല്‍ നിലങ്ങള്‍ മണ്ണിട്ട് നികത്തിയും കുന്നുകള്‍ ഇടിച്ചു നിരത്തുന്നതും സര്‍വ്വസാധാരണയായപ്പോള്‍ വേലാതെ സ്‌പോഞ്ചുപോലെ സൂക്ഷിക്കുന്ന കുന്നുകള്‍ പ്രകൃതിക്കു നല്‍കുന്ന വലിയ സംഭാവന നാം ഓര്‍ത്തതേയില്ല. ആ മണ്ണ് കൊണ്ടിട്ടു നികത്തിയ തണ്ണീര്‍ത്തടങ്ങള്‍ ലക്ഷക്കണക്കിന് ലിറ്റര്‍ ജലം സംഭരിക്കുന്ന ഇടമാണെന്നു നാം ഇന്നും ഓര്‍ക്കുന്നില്ല.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്ത ഫലങ്ങള്‍ നമ്മുടെ നാട്ടിലും കണ്ടു തുടങ്ങിയിരിക്കുന്നു. കടുത്ത ചൂട് നമ്മുടെ ഹരിത വലയത്തെ ഇല്ലാതാക്കുമോ എന്ന വ്യാകുലത നമുക്കിടയിലേക്ക് ഇനിയും കാര്യമായി കടന്നു വന്നിട്ടില്ല. നാമിന്നും വികസനമെന്ന ഭ്രാന്തമായ ഒരു വലയത്തിനുള്ളിലാണ്. വന്‍ കെട്ടിടങ്ങള്‍, വന്‍ ഫാക്ടറികള്‍ അണക്കെട്ടുകള്‍ മഹാ നഗരങ്ങള്‍ ഇതെല്ലാമാണ് നമ്മുടെ വികസന സ്വപ്‌നങ്ങള്‍, പാരിസ്ഥിതികമായ കാഴ്ച്പ്പാട് വികസന നയരൂപീകരണത്തില്‍ എവിടെയും കാണുന്നില്ല.
അതിനു തെളിവാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം കാണുന്ന പ്രതിരോധ സമരങ്ങളും പ്രധിഷേധങ്ങളും. പാത്രക്കടവ്, അതിരപ്പിള്ളി, പ്ലാച്ചിമട, ഏലൂര്‍, കരിമുകള്‍, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ സമരം, ചക്കംകണ്ടം സമരം എന്നിങ്ങനെ വലുതും ചെറുതുമായ സമരങ്ങളുടെ കാരണം നമ്മുടെ വികസന ഭ്രാന്തിന്റെ ഫലമായി ഉണ്ടായതാണ്.
എക്‌സ്പ്രസ് ഹൈവേ, ഇപ്പോള്‍ കിനാലൂരില്‍ സംഭവിച്ചത്, കണ്ടല്‍ക്കാടുകള്‍ വെട്ടി നിരത്തി അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ നിര്‍മ്മിക്കല്‍ എന്നിങ്ങനെ തുടരുന്നു നമ്മുടെ അബദ്ധങ്ങള്‍ നിറഞ്ഞ വികസനം. ഏതോ ഉട്ടോപ്യന്‍ സ്വപ്‌നം കണ്ടു കൊണ്ടാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ വരെ തങ്ങളുടെ നയങ്ങള്‍ രൂപീകരിക്കുന്നത്. ഈ അധപതനം കേരളത്തെ ഇല്ലാതാക്കും.
ഭൂമിയിലെ ആകെ ജലത്തിന്റെ 97 ശതമാനവും കടലിലെ ഉപ്പു വെള്ളമാണ്. മൂന്ന് ശതമാനം മാത്രമെ ശുദ്ധ ജലമായി നിലവിലുള്ളൂ. ഇതിന്റെ തന്നെ 97.5 ശതമാനവും ഖരരൂപത്തിലുള്ള ഹിമ പാളികളാണ്. ബാക്കി വരുന്ന ശുദ്ധ ജലത്തിന്റെ ബഹുഭൂരിപക്ഷവും മനുഷ്യന് എത്താനാവാത്ത അത്ര ആഴത്തിലുള്ള ഭൂഗര്‍ഭ ജലമാണ്. ആകെയുള്ള ജലത്തിന്റെ ഒരു ശതമാനത്തില്‍ നൂറിലൊരു അംശം മാത്രമേ മനുഷ്യന് ഉപയോഗിക്കാവുന്ന തരത്തില്‍ ഭൂമുഖത്തുള്ളൂ.
ഒന്നു ശ്രമിച്ചാല്‍ വെറുതെ പാഴാക്കി കളയുന്ന വെള്ളത്തിന്റെ അളവ് എത്രയെന്ന് വളരെ അനായാസമായി നിങ്ങള്‍ക്കും കണ്ടെത്തി അത് കുറയ്ക്കാന്‍ കഴിയും. ഉദാഹരണത്തിന് ദിവസവും രാവിലെ നിങ്ങള്‍ പല്ലു തേയ്ക്കുമ്പോള്‍ തുറന്നിട്ട പൈപ്പ് നിറുത്താറുണ്ടോ? ഇല്ലെങ്കില്‍ ഈ കണക്കു കൂടി അറിയുക . ഈ സമയത്തിനുള്ളില്‍ കുറഞ്ഞത് നാല് ലിറ്റര്‍ വെള്ളമെങ്കിലും നിങ്ങള്‍ വെറുതെ പാഴാക്കി കളയുന്നുണ്ട്. ഇത് ഒരു ഫ്‌ലാറ്റിലെ എല്ലാവരും ചെയ്താലോ? അങ്ങനെ ഒരു ബില്‍ഡിങ്ങിലെ കണക്കു നോക്കിയലോ? ശ്രദ്ധിക്കാതെ എത്ര ജലം വെറുതെ പാഴാക്കി കളയുന്നു എന്ന് നാം ഓരോരുത്തരും ചിന്തിച്ചു നോക്കൂ.
ഭൂമിയില്‍ ജലത്തിന്റെ ലഭ്യത കുറഞ്ഞു വരികയാണ്. വരും കാല യുദ്ധങ്ങള്‍ വെള്ളത്തിനു വേണ്ടിയാകുമെന്ന പ്രവചനത്തെ നമുക്ക് തള്ളി കളയാനാകുമോ? കമ്പോളത്തിലെ കച്ചവട മൂല്യമുള്ള ഒന്നായി വെള്ളം മാറിക്കഴിഞ്ഞു. ഇതിനിടയിലും പ്രതിവര്‍ഷം 250 ലക്ഷം പേര്‍ ശുദ്ധ ജലം ലഭിക്കാതെയോ, ഇതു മൂലമുണ്ടാകുന്ന രോഗത്താലോ മരണമടയുന്നുണ്ട്. നാം ടാപ്പ് തിരിയ്ക്കുന്നതിനു മുമ്പ് ഓര്‍ക്കുക നാം പാഴാക്കുന്ന ഓരോ തുള്ളി വെള്ളത്തിനും ഒരാളുടെയെങ്കിലും ജീവന്റെ വില ഉണ്ടെന്ന്.
ഈ അറിവ് ഒരു ഓര്‍മ്മപ്പെടുത്തലാണ്. ജലമില്ലെങ്കില്‍ ജീവനില്ല എന്ന ഓര്‍മ്മപ്പെടുത്തല്‍. പതിനഞ്ചോ ഇരുപതോ രൂപ കൊടുത്താല്‍ ഒരു ബോട്ടില്‍ വെള്ളം കിട്ടുമെങ്കില്‍ പിന്നെ ഈ പൊന്നുംവിലയുള്ള ഇടങ്ങള്‍ എന്തുകൊണ്ട് വിറ്റുകൂടാ എന്ന മനോഗതി നമ്മളില്‍ കുടിയേറിക്കഴിഞ്ഞു. ജല സാക്ഷരതയില്‍ വളരെ പിന്നിലായ നാം കടുത്ത വേനല്‍ വരുമ്പോള്‍ ഓര്‍ക്കും കുടിവെള്ള ക്ഷാമത്തെ പറ്റി, രണ്ടു മഴ പെയ്തു മുങ്ങിയാല്‍ നാം മഴയെ പഴി പറയും.. ഒരു മഴയില്‍ മുങ്ങുകയും ഒരു മഴയില്‍ വരളുകയും ചെയ്യുന്ന കേരളം ഇന്നിതാ വരണ്ടുണങ്ങുന്നു.
”അരുവികളിലൂടെയും പുഴകളിലൂടെയും ഒഴുകുന്ന തിളങ്ങുന്ന ജലം വെറും ജലമല്ല, ഞങ്ങളുടെ പൂര്‍വികരുടെ ജീവ രക്തമാണത്. ഭൂമി വില്‍ക്കുകയാണെങ്കില്‍ നിങ്ങളോര്‍ക്കണം അത് പവിത്രമാണെന്ന്. അരുവികളിലെ സ്വച്ഛന്ദമായ ജലത്തിലെ ഓരോ പ്രതിഫലനവും ഒരായിരം ഓര്‍മകള്‍ വിളിച്ചു പറയുന്നുണ്ട്. അരുവികളുടെ മര്‍മരത്തിലൂടെ സംസാരിക്കുന്നത് എന്റെ പിതാമഹന്മാരാണ്. പുഴകള്‍ ഞങ്ങളുടെ സഹോദരന്മാരാണ്. ഞങ്ങളുടെ ദാഹമകറ്റുന്നത് അവരാണ്. ഞങ്ങളുടെ ചിറ്റോടങ്ങളെ ഒഴുക്കുന്നവര്‍, ഞങ്ങളുടെ കുഞ്ഞുങ്ങളെ പോറ്റുന്നവര്‍, അതു കൊണ്ട് ഒരു സഹോദരനു നല്‍കേണ്ട സ്‌നേഹവും ദയാവായ്പും പുഴകള്‍ക്കും നല്‍കേണ്ടതുണ്ട്” റെഡ് ഇന്ത്യക്കാരുടെ സിയാറ്റിന്‍ മൂപ്പന്‍ 1854-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടിന് അയച്ച കത്തിലെ വരികളാണിത്. ആ തലമുറ പുഴകളെയും ജലാശയങ്ങളേയും എങ്ങിനെ കണ്ടിരുന്നു എന്ന് ഈ ഹൃദയാക്ഷരങ്ങളില്‍ നിന്ന് മനസ്സിലാക്കാം. ഈ മനസ് ഇടവപാതി കണ്ടു ശീലിച്ച ഇന്ന് നമുക്കുണ്ടോ ചിന്തിക്കുക. ഇടവപ്പാതിക്കും വില പറയാന്‍ പോകുമോ നാം ?
Posted by vincent