August 12, 2024
ഡോ. ആര്‍ ജയപ്രകാശ്
ഗവ. മെഡിക്കല്‍ കോളേജ്
തിരുവനന്തപുരം
ഇന്ത്യയിലെ ഔഷധ വിപണിയില്‍ ഏറെക്കാലമായി ഉപയോഗി ച്ചുകൊണ്ടിരിക്കുന്ന അശാസ്ത്രീയവും അനാരോഗ്യകരവുമായ 344 ഔഷധച്ചേരുവകള്‍ കേന്ദ്ര ഔഷധ നിലവാര നിയന്ത്രണ ഏജന്‍സി (സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍) നിരോധിച്ചിരിക്കുന്നു. ജനങ്ങള്‍ക്ക് വളരെ ഉപകാരപ്രദമായ ഒരു തീരുമാനമാണിത്. പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ ഏറെ നാളുകളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്‌നമായിരുന്നു ഇത്. ദശാബ്ദങ്ങള്‍ക്കൊടുവിലാണെങ്കിലും അത് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു.
എന്നാല്‍ അശാസ്ത്രീയമായ ഔഷധച്ചേരുവകള്‍ ഇപ്പോള്‍ നിരോധിച്ചതിനേക്കാള്‍ ഏറെ ഇനിയും നിരോധിക്കപ്പെടാനുണ്ടെന്ന് ഓര്‍ക്കുക. അപ്പോഴാണ് ഈ വിഷയത്തിന്റെ ഗൗരവം നമുക്ക് ബോദ്ധ്യമാവുക. അവ കൂടി നിരോധിച്ചാല്‍ മാത്രമേ വിശ്വസിച്ച് മരുന്ന് കഴിക്കുന്നതിനുള്ള സാഹചര്യം സംജാതമാവുകയുള്ളൂ
മരുന്നുപഠന ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണ് മരുന്നുകളുടെ പരസ്പരപ്രവര്‍ത്തനം. അതായത് രണ്ട് മരുന്നുകള്‍ ഒരു ഔഷധച്ചേരുവയായി ഒരാള്‍ക്ക് നല്‍കുമ്പോള്‍ ഓരോ മരുന്നും അയാളില്‍ സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കുന്നതിനൊപ്പം അവ പരസ്പരം പ്രവര്‍ത്തിക്കുകയും ചെയ്യും. ഇത് മൂലം നിരവധിയായ ആരോഗ്യപ്രശ്‌നങ്ങള്‍ അത് കഴിക്കുന്ന വ്യക്തിയില്‍ സൃഷ്ടിക്കാം. അതുകൊണ്ട് ഇത്തരം അശാസ്ത്രീയവും അനാരോഗ്യകരവുമായ ഔഷധച്ചേരുവകള്‍ കഴിവതും ഒഴിവാക്കണമെന്നാണ് ലോകാ രോഗ്യസംഘടനയുടെ അഭിപ്രായം. ലോകാരോഗ്യസംഘടന പ്രസി ദ്ധീകരിച്ചിട്ടുളള 370 അവശ്യമരുന്നുകളുടെ ലിസ്റ്റില്‍ കേവലം 25 ഔഷധച്ചേരുവകള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. അതായത് നിര്‍ദ്ദിഷ്ട മരുന്നുകള്‍ നിശ്ചിത ഡോസില്‍ ഒറ്റയ്‌ക്കൊറ്റയ്ക്കായി കഴിക്കുന്നതാണ് രോഗികള്‍ക്ക് ഉത്തമം. പകരം ഇത്തരം നിരവധി മരുന്നുകള്‍ചേര്‍ത്ത ഔഷധച്ചേരുവകള്‍ ഒഴിവാക്കുന്നതാണ് ആരോ ഗ്യത്തിന് നന്ന്. അശാസ്ത്രീയമായ ഔഷധച്ചേരുവകള്‍ സൃഷ്ടിക്കുന്ന ആരോഗ്യപരവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ നിരവധിയാണ്.
ഒന്നാമതായി ഓരോ മരുന്നുകളും ഒറ്റയ്ക്ക് ഉപയോഗിക്കുമ്പോള്‍ സൃഷ്ടിക്കുന്ന പ്രതിപ്രവര്‍ത്തനത്തേക്കാള്‍ അധികവും തീവ്രവുമായിരിക്കും അതേ മരുന്നുകള്‍ ഔഷധച്ചേരുവയായി ഉപയോഗിക്കുമ്പോള്‍ സൃഷ്ടിക്കുന്ന പ്രതിപ്രവര്‍ത്തനം. ഇത് രോഗിക്ക് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും.
രണ്ടാമതായി നിര്‍ദ്ദിഷ്ട ഔഷധച്ചേരുവയില്‍ ഒന്നിലധികം മരുന്നുകള്‍ ഉള്ളതിനാല്‍ ഏത് മരുന്നിനാണ് പ്രതിപ്രവര്‍ത്തനം ഉണ്ടായതെന്നോ നിര്‍ദ്ദിഷ്ട പ്രതിപ്രവര്‍ത്തനം ഏത് മരുന്ന് മൂലമാണെന്നോ കണ്ട് പിടിക്കുന്നതിനും ആവശ്യമായ മാറ്റം ചികിത്സയില്‍ വരുത്തുന്നതിനും ഡോക്ടര്‍മാര്‍ക്ക് ചികിത്സാ വേളയില്‍ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്.
മൂന്നാമതായി ഒരു രോഗിക്ക് നിര്‍ദ്ദിഷ്ട ഔഷധച്ചേരുവയിലെ ഒരു മരുന്ന് മാത്രം മതിയാകും. എന്നാല്‍ ഔഷധച്ചേരുവ ഉപയോഗിക്കേണ്ടി വരുന്നത് മൂലം ഒരു രോഗി അനാവശ്യമായി കൂടുതല്‍ മരുന്ന് തിന്നുന്നതിനായി നിര്‍ബന്ധിക്കപ്പെടും.
നാലാമതായി തങ്ങളുടെ ഔഷധച്ചേരുവയുടെ ബ്രാന്‍ഡ് എഴുതുന്നതിനായി ഓരോ മരുന്ന് കമ്പനികളും വിപണിയും ഡോക്ടറുടെ മേല്‍ വലിയ തോതില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അത് വിലകൂടിയ സമ്മാനങ്ങളുടെയും വാഗ്ദാനങ്ങളുടെയും രൂപത്തിലാകും. ഗണ്യമായ ഒരു വിഭാഗം ഡോക്ടര്‍മാര്‍ ഇത്തരം പ്രലോഭനങ്ങള്‍ക്ക് അടിപ്പെട്ട് പ്രവര്‍ത്തിക്കുന്നുമുണ്ട്. അതായത് വിപണി സമ്മര്‍ദ്ദത്തിന് വിധേയമായി നിരവധി അശാസ്ത്രീയ ഔഷധച്ചേരുവകള്‍ നിര്‍ദ്ദേശിക്കുന്നതിന് ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാകുന്നുണ്ടെന്നര്‍ത്ഥം ഇവിടെയും രോഗി അനാവശ്യമായി കൂടുതല്‍ തരം മരുന്ന് തിന്നേണ്ടി വരുന്നു.
അഞ്ചാമതായി ആന്റിബയോട്ടിക്‌സുകളുടെ ഇത്തരം ഔഷധച്ചേരുവകള്‍ അധികമായി ഉപയോഗിക്കുന്നത് മൂലം രോഗിയില്‍ നിര്‍ദ്ദിഷ്ട ബാക്ടീരിയകള്‍ക്കെതിരെയുളള ആന്റിബയോട്ടിക്‌സ് പ്രതിരോധം സൃഷ്ടിക്കപ്പെടുന്നുണ്ട്. തുടര്‍ന്ന് ഇത് മൂലം നിര്‍ദ്ദിഷ്ട ബാക്ടീരിയ മൂലമുണ്ടായേക്കാവുന്ന അണുബാധയുടെ ചികിത്സക്ക് വേറെ വില കൂടിയ ആന്റിബയോട്ടിക്‌സുകള്‍ വേണ്ടിവരും.
ആറാമതായി ഔഷധച്ചേരുവകള്‍ ഉപയോഗിക്കേണ്ടി വരുന്നത് മൂലം രോഗി അനാവശ്യമായി അധികം പണവും നല്‍കേണ്ടി വരുന്നു. ഇങ്ങിനെ നീളുന്നു ഔഷധച്ചേരുവ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍.
ഇത്തരത്തില്‍ 300 ലേറെ ഔഷധച്ചേരുവകള്‍ നിരോധിച്ചുവെങ്കിലും അവയുടെ ജെനറിക് പേരുകള്‍ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. ബ്രാന്‍ഡ് പേരുകള്‍ ജനങ്ങള്‍ക്കും സോക്ടര്‍മാര്‍ക്കും ഇനിയും ലഭ്യമാക്കിയിട്ടില്ല.
നിരോധിക്കപ്പെട്ട ഔഷധച്ചേരുവകളുടെ ബ്രാന്‍ഡ് പേരുകള്‍ ഇഉടഇഛ യുടെ വെബ്‌സൈറ്റില്‍ ലഭ്യമാക്കുക. കൂടാതെ നിരോധിച്ച ഔഷധച്ചേരുവകളുടെ ബ്രാന്‍ഡ് പേരുകള്‍ ജനങ്ങള്‍ക്ക് മനസിലാകത്തക്ക വിധത്തില്‍ എല്ലാ മെഡിക്കല്‍ സ്റ്റോറുകളും നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കുക. എങ്കില്‍ മാത്രമേ ഔഷധച്ചേരുവകള്‍ നിരോധിച്ച നടപടിയുടെ ഗുണം ജനങ്ങള്‍ക്ക് ലഭ്യമാവുകയുള്ളു. ഇല്ലെങ്കില്‍ പ്രാദേശികമായ ഡോക്ടര്‍ – മരുന്നുകട – മെഡിക്കല്‍ റെപ്രസെന്റെറ്റീവ് കൂട്ട്‌കെട്ട് നിരോധിക്കപ്പെട്ട ഔഷധച്ചേരുവകളുടെ അവശേഷിക്കുന്ന മരുന്നുകള്‍ കൂടി വിറ്റ് തീര്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തും. ഇത്തരം സാഹചര്യങ്ങളില്‍ ഈ കൂട്ട്‌കെട്ട് വിജയിക്കാറാണ് പതിവ്. എന്നാല്‍ എല്ലാ ഡോക്ടര്‍മാരും ഇത്തരം കൂട്ട്‌കെട്ടുകളുടെ ഭാഗമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്.
ഇപ്പോള്‍ നിരോധിച്ചതിനേക്കാള്‍ വലിയ തോതില്‍ അശാസ്ത്രീയ ഔഷധച്ചേരുവകള്‍ ഇനിയും നിരോധിക്കാനുണ്ട്. അവയെ കണ്ടെത്തി ലിസ്റ്റ് ചെയ്ത് നിയമപരമായ പഴുതുകള്‍ അടച്ച് നിരോധിക്കുന്നതിനുള്ള നടപടികളാണ് ഇനി അടുത്തതായി ഉണ്ടാകേണ്ടത്. ഒപ്പം അശാസ്ത്രീയവും അനാരോഗ്യകരവുമായ ഔഷധച്ചേരുവകള്‍ വിപണിയില്‍ എത്തുന്നത് തടയുക എന്നതാണ് ഏറ്റവും കരണീയമായ ശാശ്വത പരിഹാരം. ഓരോ ഔഷധച്ചേരുവയും നിര്‍മ്മിക്കുന്നതിന് മുന്‍പ് തന്നെ നിര്‍ദ്ദിഷ്ട കമ്പനി സി ഡി എസ് സി ഒ യുടെ മുന്‍കൂര്‍ അനുമതി വാങ്ങിയിരി ക്കണമെന്ന നിബന്ധന ഏര്‍പ്പടുത്തുക. ഇത് പൂര്‍ണമായും നടപ്പാക്കുന്നതിന് വിപണിയില്‍ പുതിയതായി ഇറങ്ങുന്ന ഔഷ ധച്ചേരുവകളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും മുന്‍കൂര്‍ അംഗീകാരമില്ലാതെ വിപണിയില്‍ ഇറങ്ങുന്ന ഔഷധ ചേരുവകളെ നിരോധിക്കുന്നതിനും ഉടന്‍ തന്നെ അവയെ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതിനും ശക്തമായ നടപടികള്‍ സ്വീകരിക്കുക. നിര്‍ദ്ദിഷ്ട കമ്പനികളെ മുന്നറിയിപ്പ്, സെന്‍സറിങ്ങ് തുടങ്ങിയ ശിക്ഷണ നടപടികള്‍ക്ക് വിധേയമാക്കുക. എന്നാല്‍ ഇത്തരത്തിലുള്ള ശക്തമായ നിരീക്ഷണ നിയന്ത്രണ സംവിധാനം എര്‍പ്പെടുത്തുന്നതിന് നമുക്ക് ഇനിയും സാധിച്ചിട്ടില്ല. ഇതാണ് നമ്മുടെ ഔഷധനയത്തിന്റെ നയവും വിപണിയുടെ ബലഹീനതയും. ഇത് തന്നെയാണ് ബഹുരാഷ്ട മരുന്നു കമ്പനികള്‍ക്ക് അവരുടെ വിപണി താല്‍പ്പര്യങ്ങള്‍ വിജയകരമായി നടത്തിക്കൊണ്ട് പോകാന്‍ ഇവിടെ സാധിക്കുന്നത്. ഉദാഹരണമായി ഓരോ ജനാധിപത്യരാജ്യങ്ങള്‍ക്കും തങ്ങളുടെ ജനതയുടെ ആരോഗ്യതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി വേണ്ടിവന്നാല്‍ നിര്‍ബന്ധിത ലൈസന്‍സിങ്ങ്, സമാന്തര ഇറക്കുമതി എന്നീ സംവിധാനങ്ങളിലൂടെ ഔഷധ വിപണിയെ നിയന്ത്രിക്കുന്നതിനും അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനും സര്‍വ്വോപരി മരുന്ന് വില വര്‍ദ്ധനവിനെ പിടിച്ചു നിര്‍ത്തുന്നതിനും ഉള്ള പഴുതുകള്‍ പുതിയ ബൗദ്ധികസ്വത്തവകാശ നിയമത്തിലും ഉണ്ട്. എന്നാല്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ബഹുരാഷ്ട്ര കമ്പനികളുടെ സമ്മര്‍ദ്ദത്തിന് വിധേയമായി ഉപയോഗിക്കാന്‍ തയ്യാറാകാതെ മുന്നോട്ട് പോവുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് ഓര്‍ക്കുക. പുതിയ ബൗദ്ധിക സ്വത്തവകാശ നിയമപ്രകാരം പൂര്‍ണമായും വിപണി അധിഷ്ഠിതമായ വിലനിയന്ത്രണ സംവിധാനമാണ് നമ്മുടെ രാജ്യത്ത് ഇപ്പോള്‍ നിലനില്ക്കുന്നത്.
നിര്‍ദ്ദിഷ്ട ഔഷധച്ചേരുവകള്‍ നിരോധിച്ച മാര്‍ച്ച് 10 ലെ നടപടിയെ ഫൈസര്‍ തുടങ്ങിയ ബഹുരാഷ്ട്ര ഔഷധക്കമ്പനികള്‍ കോടതിയില്‍ ചോദ്യം ചെയ്തിരിക്കുകയാണ്. തങ്ങളുടെ അഭിപ്രായം കേള്‍ക്കാ തെയാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന വാദമാണ് അവര്‍ ഉയര്‍ത്തിയിരിക്കുന്നത്. അടുത്ത ഹിയറിങ്ങ് തീയതിയായ മാര്‍ച്ച് 28 വരെ പ്രസ്തുത നടപടി കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.
ജനവിരുദ്ധമായ കോടതി വിധി ഉണ്ടാകില്ലെന്ന് കരുതാം. നിരോധനം പിന്‍വലിക്കില്ലെന്ന് പ്രത്യാശിക്കാം. എന്നാല്‍ നീട്ടിക്കിട്ടിയ ഈ കാലയളവിനുള്ളില്‍ തന്നെ തങ്ങളുടെ അവശേഷിക്കുന്ന ഔഷധച്ചേരുവ ഉല്‍പ്പന്നങ്ങള്‍ അവര്‍ക്ക് വിപണിയില്‍ വിറ്റഴിക്കുന്നതിന് സാധിക്കുമെന്ന് ഓര്‍ക്കുക. അത് തന്നെയാകും ബഹുരാഷ്ട്ര കമ്പനികള്‍ ലക്ഷ്യമിട്ടതും. അതുകൊണ്ട് ജനകീയാരോഗ്യ പ്രവര്‍ത്ത കര്‍ക്ക് വിശ്രമിക്കാന്‍ കഴിയുന്ന സാഹചര്യമല്ല മുന്നിലുള്ളത് .
Posted by vincent