Mar 17 2025, 2:42 PM +91 94476 83169 arogyappachamasika@gmail.com

Arogyappacha

കളിമണ്‍ മാഫിയയുടെ സ്വന്തം മംഗലപുരം

കളിമണ്‍ മാഫിയയുടെ സ്വന്തം മംഗലപുരം

കളിമണ്‍ മാഫിയയുടെ സ്വന്തം മംഗലപുരം

August 6, 2024

സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്

തിരുവനന്തപുരം നഗരത്തില്‍ നിന്ന് കഷ്ടിച്ച് 20 കിലോമീറ്റര്‍ മാത്രം അകലെ മംഗലപുരം പ്രദേശത്ത് നടക്കുന്ന കളിമണ്‍ ഖനനം 2000-ലേറെ കുടുംബങ്ങള്‍ അധിവസിക്കുന്ന വലിയൊരു പ്രദേശത്തെ കടുത്ത പാരിസ്ഥിതിക ദുരന്തത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. ഈ പ്രദേശമാകെ വാസയോഗ്യമല്ലാതായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് വിവിധ ഗവേഷണ റിപ്പോര്‍ട്ടുകളും സ്ഥിതി വിവരങ്ങളും വ്യക്തമാക്കുന്നു. എന്നാല്‍ ഖനിമാഫിയയ്‌ക്കെതിരെ ചെറുവിരലനക്കാന്‍ അധികാരികള്‍ തയ്യാറല്ല എന്നതാണ് വസ്തുത. മംഗലപുരത്തിന് പുറമേ, അഴൂര്‍, അണ്ടൂര്‍ക്കോണം എന്നീ പഞ്ചായത്തുകളിലും അശാസ്ത്രീയ ഖനനത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവപ്പെടുന്നുണ്ട്.പാരിസ്ഥിതിക അവബോധം തൊട്ടുതെറിക്കാത്ത പരിസ്ഥിതി വകുപ്പും പച്ചനോട്ടുകള്‍ കൊണ്ട് നിയമത്തിന്റെ കുരുക്കുകള്‍ അഴിക്കുന്ന ‘മൈനിങ്ങ് ആന്റ് ജിയോളജിയും’ കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങളിലേക്ക് ജനങ്ങളെ തള്ളിവിടുന്ന വിവേകശൂന്യമായ ഖനനപ്രവര്‍ത്തനങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്ന ആരോഗ്യവകുപ്പും പഞ്ചായത്ത് രാജിന്റെ ശോഭകെടുത്തുന്ന തദ്ദേശസ്വയം ഭരണസമിതിയും പ്രകൃതിയെ കൊള്ളയടിച്ച് പ്രദേശവാസികളെ കൊലയ്ക്കുകൊടുക്കാന്‍ കൂട്ടുനില്‍ക്കുന്നതിന്റെ പേടിപ്പെടുത്തുന്ന ദൃഷ്ടാന്തമാണ് മംഗലപുരം.

ഭൂമിയുടെ രക്തമൂറ്റുന്നവര്‍

ഒരു പ്രദേശമാകെ കാക്കത്തൊള്ളായിരം അടി താഴ്ചയില്‍ കുഴിച്ചുമാന്തിയെടുത്ത് കയറ്റിക്കൊണ്ടു പോകുന്ന കാടന്‍ ഏര്‍പ്പാടാണ് മംഗലപുരത്തെ
ഖനനം. മേല്‍മണ്ണു സംരക്ഷിക്കാനോ ഭൂഗര്‍ഭ ജലം നഷ്ടപ്പെടാതെ സൂക്ഷിക്കാനോ ജലസ്രോതസ്സുകള്‍ മലിനപ്പെടാതെ കരുതാനോ പ്രദേശവാസികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്താനോ ഈ കമ്പനികള്‍ തയ്യാറാവുന്നില്ല. ‘ലാഭം, ലാഭം…. ലാഭം മാത്രം’ എന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് മുതലാളിവര്‍ഗത്തിന്റെ
ആപ്തവാക്യം അന്വര്‍ത്ഥമാക്കുകയാണ് ‘ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ലിമിറ്റഡ്’ എന്ന കോര്‍പ്പറേറ്റ് ഖനന ഭീമനും പ്രദേശത്തെ മറ്റു ക്ലേ കമ്പനികളും. മണ്ണിനോ മനുഷ്യനോ യാതൊരുവിധ പരിരക്ഷയും നല്‍കാതെയാണ് ഈ ക്ലേ കമ്പനികള്‍
പ്രവര്‍ത്തിക്കുന്നത്. നിയമങ്ങള്‍ പാലിക്കാതെയുള്ള കളിമണ്‍ ഖനനം മണ്ണിന്റെ ഘടനയ്ക്കും ഭൂഗര്‍ഭ ജലസ്രോതസ്സുകള്‍ക്കും, ആവാസവ്യവസ്ഥയ്ക്കു മൊത്തത്തിലും ഏല്‍പ്പിക്കുന്ന ആഘാതം വിവരണാതീതമാണ്. ജലം ഖനിപ്രദേശത്തെ പാതാളക്കുഴികളിലേക്ക് ഊറിയെത്തുന്നതോടെ ഭൂഗര്‍ഭജലവിതാനം താഴുന്നു. ഇങ്ങനെ ഊറിയിറങ്ങിയെത്തുന്ന ലക്ഷക്കണക്കിന് ഗാലണ്‍ ജലമാണ് ഈ കമ്പനികള്‍ നിയമവിരുദ്ധമായി പമ്പുചെയ്ത് പുറത്തേക്കൊഴുക്കുന്നത്. വറ്റിവരണ്ട് ഉപയോഗ ശൂന്യമായി കിടക്കുന്ന നൂറുകണക്കിന് കിണറുകള്‍ ഈ പ്രദേശത്തുണ്ട്. അവയില്‍ പലതും 50 അടി മുതല്‍ 80 അടിവരെ ആഴമുള്ളവയാണ്. പത്തു മുതല്‍ പതിനഞ്ചടിവരെ താഴ്ചയില്‍ സുലഭമായി വെള്ളം കിട്ടിയിരുന്ന പ്രദേശങ്ങളില്‍ പലപ്പോഴായി 60-80 അടിവരെ കുഴിച്ചിട്ടും ഫലം കാണാതെ ഉപേക്ഷിച്ചവയാണ് ഈ കിണറുകളില്‍ മിക്കവയും.
ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ കമ്പനി വെളിപ്പെടുത്തിയ കണക്കുകള്‍ മുഖവിലയ്‌ക്കെടുത്താല്‍ പ്രതിദിനം 8 ലക്ഷം കിലോഗ്രാം അസംസ്‌കൃത കളിമണ്ണ് അവരുടെ തോന്നയ്ക്കല്‍ പ്ലാന്റില്‍ സംസ്‌കരിക്കുന്നുണ്ട്. 2 ലക്ഷം ലിറ്റര്‍ ജലമാണ് ഇതിന് ആവശ്യമായി വരുന്നത്. ഇതിനു വേണ്ടി 50-ാളം കുഴല്‍ കിണറുകളാണ് അനധികൃതമായി സ്ഥാപിച്ചിരിക്കുന്നത്. ഭൂഗര്‍ഭ ജലവിതാനം അപകടകരമാംവിധം താഴ്ന്നുകൊണ്ടിരിക്കുന്ന സ്ഥലത്ത് ഇത്രയേറെ കുഴല്‍ കിണറുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നതുതന്നെ അധികൃതരുടെ അനാസ്ഥ പകല്‍ പോലെ വ്യക്തമാക്കുന്നുണ്ട്. അനിയന്ത്രിതമായ ജല ചൂഷണവും ഭൂഗര്‍ഭജലശോഷണവും കടുത്ത ജലക്ഷാമത്തിനും ഭൂഗര്‍ഭജലത്തിന്റെ പ്രവാഹദിശ വഴിതിരിയുന്നതിനും ഇടയാക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് 120 അടിയിലേറെ ആഴത്തില്‍ ഇവിടുത്തെ ഖനനം എത്തിക്കഴിഞ്ഞു. വിദൂരമല്ലാത്ത ഭാവിയില്‍ കായലിലെ ഉപ്പുവെള്ളം ഇവിടുത്തെ ഭൂഗര്‍ഭ ജലത്തില്‍ കലരാനുള്ള സാധ്യതയും
തള്ളിക്കളായാനാവില്ല.

മരിച്ചമണ്ണും മരിക്കാതെ മരിക്കുന്ന മനുഷ്യരും

ഖനനം നേരിട്ടു ബാധിക്കുന്നവര്‍ക്കിടയില്‍ ആസ്ത്മ മുതല്‍ കാന്‍സര്‍ വരെയുള്ള മാരക രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതായി പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ആള്‍താമസമില്ലാതെ അടച്ചിട്ടിരിക്കുന്ന വീടുകള്‍ ഈ ദുരന്തത്തിന്റെ നേര്‍സാക്ഷ്യമാണ്. പ്രദേശവാസികളും സ്ഥലത്തു സ്വാധീനമുള്ള പ്രാദേശിക പാര്‍ട്ടികളുടെ പ്രവര്‍ത്തകരുമായ കുറേപേരെ ജോലികൊടുത്തും ചില്ലറ സഹായങ്ങള്‍ നല്‍കി വശത്താക്കിയും കൂടെ നിര്‍ത്തി പ്രതിഷേധങ്ങളെ അമര്‍ച്ച ചെയ്യാനാണ് ക്ലേ കമ്പനികള്‍ ശ്രമിക്കുന്നത്. ഖനി കമ്പനികളെ ചുറ്റിപ്പറ്റി ഈ പ്രദേശത്ത് ഒരു ഗുണ്ടാ മാഫിയ രൂപപ്പെട്ടിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
വാലികോണം, മുട്ടുക്കോണം പ്രദേശങ്ങളിലെ ജലശോഷണം സംബന്ധിച്ച ശാസ്ത്രിയ പഠന റിപ്പോര്‍ട്ടുകള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് പുറത്തുവന്നതാണ്. ഒരേ സമയം പലഭാഗങ്ങളില്‍ നടക്കുന്ന ഖനനത്തിന്റെ ഫലമായി പൊടിപടലങ്ങള്‍ നിറഞ്ഞ് അന്തരീക്ഷം മൂടിക്കെട്ടി നില്‍ക്കുന്നത് ഇവിടുത്തെ പതിവുകാഴ്ചയാണ്. ശ്വാസതടസവും ആസ്തമയും പലവിധ ത്വക്ക് രോഗങ്ങളും പൊറുതി മുട്ടിക്കുന്ന ജനങ്ങളുടെ കണ്‍വെട്ടത്താണ് നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റില്‍ പറത്തി ഖനനം പൊടിപൊടിക്കുന്നത്. മംഗലപുരത്തെ കിണറുകളില്‍ അമ്ലജലം കണ്ടെത്തിയതിന്റെ വാര്‍ത്ത മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തപ്പോള്‍ പോലും ക്ലേ കമ്പനിക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാന്‍ മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പോ മലിനീകരണ നിയന്ത്രണ ബോര്‍ഡോ, ആരോഗ്യവകുപ്പോ, പഞ്ചായത്ത് അധികൃതരോ തയ്യാറായില്ല എന്ന വസ്തുത ഞെട്ടിക്കുന്നതാണ്. ഖനനമേഖലയിലെ മണ്ണില്‍ ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള മാരക വിഷവാതകങ്ങളുടെ സാന്നിധ്യമുള്ളതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഹൈഡ്രജന്‍ സള്‍ഫൈഡ് കിണര്‍ വെള്ളത്തില്‍ കലര്‍ന്നുണ്ടായ ഹൈഡ്രോസള്‍ഫ്യൂറിക് ആസിഡാണ് കിണറുകളിലെ അമ്ലജലത്തില്‍ അടങ്ങിയിട്ടുള്ളതെന്ന് അന്നേ കണ്ടെത്തിയിരുന്നു. ഖനനം കൂടുതല്‍ ആഴത്തിലായതോടെ കിണറുകള്‍ ഏറെക്കുറെ പൂര്‍ണ്ണമായി വറ്റുകയും അമ്ലജലമെന്ന പരാതിപോലും അപ്രസക്തമാവുകയുമായിരുന്നു. 3 ല്‍ താഴെ പി എച്ച് മൂല്യമുള്ള വെള്ളം വറ്റിയതോടെ ജലക്ഷാമം മറ്റൊരര്‍ത്ഥത്തില്‍ മംഗലപുരത്തുകാരെ കൂട്ടമരണത്തില്‍ നിന്ന് രക്ഷിക്കുകയായിരുന്നു.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ലോകനിലവാരമുള്ള കളിമണ്‍ നിക്ഷേപം ഇന്ത്യയുടെ ധാതുഭൂപടത്തില്‍ നല്‍കിയിട്ടുള്ള വിശേഷ സ്ഥാനമാണ് മംഗലപുരത്തു നങ്കൂരമിടാന്‍ ഥാപര്‍ ഗ്രൂപ്പ് എന്ന കോര്‍പ്പറേറ്റ് ഭീമനെ പ്രേരിപ്പിക്കുന്നത്. ആയിരക്കണക്കിന് കോടി രൂപയുടെ കളിമണ്ണാണ് ഈ പ്രദേശത്ത് നിന്ന് ഇതിനകം കുഴിച്ചെടുത്തിട്ടുള്ളത്. ലോകത്തില്‍ വിരലിലെണ്ണാവുന്ന സ്ഥലങ്ങളില്‍ മാത്രമേ ഇത്രയും നിലവാരമുള്ള കളിമണ്‍ നിക്ഷേപമുള്ളു. മറ്റു കളിമണ്‍ഖനികളെ അപേക്ഷിച്ച് പതിന്മടങ്ങാണ് ഇവിടെനിന്നും കിട്ടുന്ന ലാഭം. എന്നിട്ടും ലാഭക്കൊതി ശമിക്കാതെയുള്ള ഭ്രാന്തന്‍ ഖനന രീതികള്‍ക്കു മാറ്റം വരുത്താന്‍ ഇവര്‍ തയ്യാറായിട്ടില്ല.

ആരോടു പറയും

ഖനന മാഫിയയ്‌ക്കെതിരെ ഈ പ്രദേശത്തു നടന്ന ചെറുതും വലുതുമായ സമരങ്ങളെക്കുറിച്ച് ഇവിടെ പറയുന്നില്ല. സര്‍ക്കാര്‍ ഏജന്‍സികളടക്കം നടത്തിയ പഠനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിക്കുന്നുമില്ല. ഖനനത്തെച്ചൊല്ലി നടക്കുന്ന വ്യവഹാരങ്ങളുടെ ചരിത്രം കെട്ടഴിക്കുന്നുമില്ല. ആയിരക്കണക്കിന് കൊല്ലങ്ങള്‍ കൊണ്ടുപോലും തിരിച്ചുവരാന്‍ കഴിയാത്തവിധം പ്രകൃതിയെ നശിപ്പിച്ചുകൊണ്ട് മണ്ണും ജലവും കൊള്ളയടിച്ച് ലാഭം കൊയ്യുന്ന ഈ ഖനന മാഫിയയ്ക്ക് അതിന്റെ ഇരകള്‍ക്കിടയില്‍ നിന്നു തന്നെ സംരക്ഷകരെയും ഗുണ്ടകളെയും കണ്ടെത്താന്‍ കഴിയുന്നുവെന്നതാണ് ഇതിലടങ്ങിയ കറുത്ത ഹാസ്യം. തെരുവിലിറങ്ങാന്‍ വൈകുന്ന ഓരോ നിമിഷവും തങ്ങളുടെ ജീവിതത്തെ ചൂഴ്ന്നു നില്‍ക്കുന്ന ആപത്ത് മൂര്‍ച്ഛിക്കുകയാണെന്ന തിരിച്ചറിവുമായി രോഷത്തോടെ ജീവിക്കുന്ന ഇവിടുത്തെ യുവാക്കള്‍ ആരുടെ മുന്നിലും മനസ്സു തുറക്കാന്‍ തയ്യാറായിക്കഴിഞ്ഞു. വിദൂരമല്ലാത്ത ഭാവിയില്‍ അവര്‍ സുഖകരമല്ലാത്ത പ്രതിഷേധ രീതികളിലേക്ക് തിരിഞ്ഞാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. നടപടിയെടുക്കാന്‍ ബാധ്യതപ്പെട്ട മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പും മലിനീകരണ നിയന്ത്രണ ബോര്‍ഡും പരിസ്ഥിതി വകുപ്പും പരാതികള്‍ മുക്കുകയും പഞ്ചായത്ത് കുറ്റകരമായ നിസ്സംഗത പുലര്‍ത്തുകയും ചെയ്യുമ്പോള്‍ ആര്‍ക്കുമുന്നിലാണ് പരാതിയുമായി പോകേണ്ടതെന്നറിയാത്ത ഗതികേടിലാണ് നാട്ടുകാര്‍. ജില്ലാ കളക്ടര്‍ (മാര്‍) നേരിട്ടിടപെട്ടിട്ടും സര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സികള്‍ വിശദമായ പഠന റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടും സ്ഥിതി കൂടുതല്‍ വഷളാവുകയാണ് ചെയ്തതെന്ന് അറിയാത്തവരല്ല അവര്‍. കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി എന്ന പേരില്‍ തുക ചെലവഴിച്ചതിന്റെ കണക്കുകള്‍ക്കുവേണ്ടി വച്ചുനീട്ടുന്ന ചില്ലറ ഔദാര്യങ്ങള്‍ എടുത്തു കാട്ടിയാണ് കമ്പനിക്കെതിരായ പ്രതിഷേധസ്വരങ്ങളെ പലരും നേരിടുന്നത്. എന്നാല്‍ നാണയത്തുട്ടുകള്‍ക്കുവേണ്ടി നാടിനെ ഒറ്റുന്നവരുടെ തണലില്‍ ഈ പകല്‍ക്കൊള്ള തുടര്‍ന്നുകൊണ്ടുപോകാന്‍ ഖനന മാഫിയയ്ക്കു കഴിയു മോ എന്നത് കണ്ടുതന്നെ അറിയണം.
സമീപകാല ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കൊടുംവരള്‍ച്ചയുടെ സൂചനകള്‍ കേരളത്തെ തുറിച്ചു നോക്കുമ്പോഴാണ് ഭ്രാന്തമായ ജലചൂഷണത്തിനു നേരെ അധികാരികള്‍ ഉറക്കം നടിക്കുന്നത്.


Posted by vincent