August 19, 2024
സപ്‌നേഷ് വരച്ചല്‍
ജനപ്രിയതയുടെ അശ്ലീലതയിലും സാങ്കേതിക മികവുകളുടെ അയഥാര്‍ത്ഥതയിലും കാല്പനിക വ്യാമോഹങ്ങളുടെ ലളിതയുക്തികളിലും കുറ്റിയടിച്ച് കെട്ടിയിരിക്കുന്ന മലയാള സിനിമയുടെ വ്യാവസായിക വിനിമയ മൂല്യങ്ങളെയും താരശോഭയുടെ പകിട്ടുകളെയും പിന്‍തള്ളിക്കൊണ്ട് പാര്‍ശ്വവല്‍കൃതരായ മനുഷ്യരുടെ ജീവിതത്തിന്റെയും അതിജീവനത്തിന്റെയും പോരാട്ടങ്ങളുടെയും നേര്‍ നടത്തങ്ങള്‍ മലയാള സിനിമയില്‍ പുനരാവിഷ്‌കരിക്കപ്പെടുന്നു. പോയവര്‍ഷം ഡോ. ബിജുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കാട് പൂക്കുന്ന നേരം യാഥാര്‍ത്ഥ്യ ബോധത്തോടെ ചിത്രീകരിച്ച സിനിമയാണ്.
അടിച്ചമര്‍ത്തപ്പെട്ടവന്റെ മേല്‍ അധികാരം സ്ഥാപിക്കുന്ന പോലീസ് ഭീകരതയുടെയും വേട്ടയാടപ്പെടുന്ന ആദിവാസിജനതയുടെ നിത്യജീവിതത്തിലെ ദുരിത യാഥാര്‍ത്ഥ്യങ്ങളും ശ്രദ്ധയോടെ ആവിഷ്‌കരിച്ചിരിക്കുന്നു.
നിലമ്പൂര്‍ കുരളായി വനമേഖലയില്‍ പോലീസ് വേട്ടയില്‍ കൊല്ലപ്പെട്ട അജിതയുടെയും കുപ്പുസ്വാമിയുടെയും ചോരയില്‍ ചിവിട്ടിനിന്നുകൊണ്ട് ബൊളീവിയന്‍ കാടുകളില്‍ വിപ്ലവം നയിച്ച ധീരനായ ഫീഡല്‍ കാസ്‌ട്രോയെ അനുസ്മരിക്കുകയും വാഴ്ത്തുകയും ചെയ്യുന്ന മലയാളികളുടെ കാപട്യത്തിന് നേരേ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട് ഈ സിനിമ. കുറച്ചാളുകള്‍ ചേര്‍ന്ന് ഗോഡൗണിലെ കാവല്‍ക്കാരെ കെട്ടിയിട്ട് അരിച്ചാക്കുകള്‍ എടുത്തുകൊണ്ടുപോകുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്.
മാവോയിസ്റ്റ് വേട്ടയ്ക്കായി വനത്തിലെ പുല്ലുമേഞ്ഞ പള്ളിക്കൂടം കയ്യടക്കുന്ന പോലീസുകാര്‍ അക്ഷരം പഠിക്കുന്ന ആദിവാസികളുടെ സ്വാതന്ത്രത്തിന്റെ നേര്‍ത്ത ഭിത്തിയിലാണ് അവരുടെ പഴയ തോക്കുകള്‍ ചാരിവയ്ക്കുന്നത്. യഥാര്‍ത്ഥത്തില്‍ മാവോയിസ്റ്റുകള്‍ ആരാണ് എന്ന ഒരു പോലീസുകാരന്റെ ദുര്‍ബലമായ ചോദ്യം ശ്രോതാക്കളുടെ മുഴുവന്‍ ചോദ്യമായി മാറുന്നു. ആരാണ് മാവോയിസ്റ്റുകള്‍ എന്നതുമാത്രമല്ല മാവോയിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടരാകുന്നവര്‍ കൊല്ലപ്പെടേണ്ടവരോ, യു എ പി എ പോലുള്ള വകുപ്പുകള്‍ ചുമത്തി ജയിലിലടയ്ക്കപ്പെടേണ്ടവരോ ഒക്കെയാണെന്ന പൊതു ധാരണകളെ ഇല്ലായ്മ ചെയ്യാനും കൂടി ഈ സിനിമയ്ക്കാകുന്നുണ്ട്.
പോലീസ് ക്യാമ്പാക്കിമാറ്റിയ ആദിവാസി പള്ളിക്കൂടത്തിന്റെ ഭിത്തിയില്‍ പോസ്റ്റര്‍ പതിപ്പിക്കുന്ന ജീന്‍സും ഷര്‍ട്ടുമണിഞ്ഞ ആളെ പിടികൂടാന്‍ പുറകേ പോലീസുകാര്‍ ഓടുന്നു. കാടിന്റെ ഭൂമി ശാസ്ത്രം അറിയുന്ന ആളുടെ പുറകേ ഓടുന്ന പോലീസുകാരന്‍ സഹപോലീസുകാരില്‍ നിന്നും ഒറ്റപ്പെട്ടുപോകുന്നു. ദീര്‍ഘനേരത്തെ ഓട്ടത്തിന് ശേഷം മുന്‍പിലോടുന്ന ജീന്‍സും ഷര്‍ട്ടും ധരിച്ചയാളെ പോലീസുകാരന്‍ പിടികൂടുന്നു. അപ്പോള്‍ മാത്രമാണ് അതൊരു യുവതിയാണെന്ന് പോലീസുകാരന്‍ മനസിലാക്കുന്നത് (പ്രേക്ഷകനും) യുവതിയെ കീഴ്‌പ്പെടുത്തി കൈകള്‍ രണ്ടും പുറകില്‍ വരിഞ്ഞ് കെട്ടി തോക്ക് ചൂണ്ടി നടക്കാനാവശ്യപ്പെടുന്നു. പക്ഷേ നടക്കുന്നതല്ലാതെ കാടിന് വെളിയിലേക്കോ ക്യാമ്പിലേക്കോ (ആദിവാസിസ്‌കൂള്‍) അവര്‍ക്ക് എത്താനാവുന്നില്ല. ഗത്യന്തരമില്ലാതെ പോലീസുകാരന്‍ യുവതിയോട് കാടിന് പുറത്തേക്കുള്ള വഴി ചോദിക്കുകയാണ്. തോക്ക് ചൂണ്ടിക്കൊണ്ട് തന്നെ. ആ രാത്രി അവര്‍ കാട്ടിലൊറ്റപ്പെട്ട് പോകുന്നു. നേരം വെളുത്തപ്പോള്‍ യുവതിയുടെ ആവശ്യപ്രകാരം മൂത്രമൊഴിക്കുന്നതിനായി അവരുടെ കയ്യിലെ കെട്ടഴിച്ച് വിടുന്നു. തിരിച്ച് വന്ന് അവര്‍ ഇരുകൈകളും പുറകില്‍ കെട്ടി നിന്നു കൊടുക്കുന്നു. അപ്പോഴും അധികാരത്തിന്റെ ചിഹ്നമായ റിവോള്‍വര്‍ അവള്‍ക്ക് നേരേ ചൂണ്ടിക്കൊണ്ട് പോലീസുകാരന്‍ സ്വയ രക്ഷ ഉറപ്പ് വരുത്തുന്നുണ്ട്. ഇടയ്ക്ക് പോലീസുകാരന്റെ കണ്ണ് വെട്ടിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യുവതിയെ ഓടിച്ചിട്ട് പിടിച്ച് മര്‍ദ്ദിക്കുന്നതോടൊപ്പം നിന്നെ എന്തും ചെയ്യാന്‍ സാധിക്കുന്ന പുരുഷനാണ് താനെന്ന പുരുഷാധിപത്യ നിലപാട് പോലീസുകാരന്‍ വൃഥാ ആവര്‍ത്തിക്കുന്നുണ്ട്. തുടര്‍ന്ന് യുവതിയോട് പലവട്ടം നാട്ടിലേക്കുള്ള വഴി ചോദിച്ച് കൊണ്ട് തനിക്ക് തീര്‍ത്തും അപരിചിതമായ വന്യതയില്‍ അയാള്‍ അക്ഷമനാകുന്നു. പകലവസാനിക്കുമ്പോള്‍ ആറിനരികില്‍ വനംവകുപ്പുപേക്ഷിച്ച ഏറുമാടത്തിനരികിലെത്തുകയും രാത്രി അവര്‍ അവിടെ ഉറങ്ങുകയും ചെയ്യുന്നു. പോലീസുകാരന്‍ ഉറങ്ങി എന്ന് ഉറപ്പ് വരുത്തിയ യുവതി ഗോവണിയിറങ്ങി ആറിന്റെ തീരത്ത് മരച്ചില്ലകള്‍ കൊണ്ട് മറച്ച് വച്ചിരുന്ന മുളംചങ്ങാടത്തില്‍ക്കയറി അടുത്തുള്ള
ആദിവാസി ഊരില്‍പ്പോയി ഒരു സഞ്ചിയില്‍ ഒരു ലുങ്കിയും ഷര്‍ട്ടും സംഘടിപ്പിച്ച് ഒരു ആദിവാസിയെയും ഒപ്പം കൂട്ടി തിരികെവരുന്നു. പരിഭ്രാന്തനായ പോലീസുകാരനെ യൂണിഫോം മാറ്റി ഷര്‍ട്ടും മുണ്ടും ധരിപ്പിച്ച് ആദിവാസിക്കോളനിയിലെത്തിച്ച് കഞ്ഞികൊടുക്കുന്നു. അയാളെ കൂട്ടിക്കൊണ്ടുപോയി ഒരു കുടിലില്‍ സൂക്ഷിച്ചിട്ടുള്ള നാട്ടിലെ റേഷന്‍ഷാപ്പില്‍ നിന്നും പിടിച്ചെടുത്ത അരിച്ചാക്കുകള്‍ കാണിച്ച് കൊടുക്കുകയും തങ്ങള്‍ സാധാരണക്കാരന്റെ വിശപ്പ് മാറ്റാനാണ് റേഷന്‍ ഷാപ്പില്‍ നിന്ന് അരിപിടിച്ചെടുത്തതെന്ന് പറയുകയും ചെയ്യുന്നു. വീണ്ടും അവര്‍ നടന്ന് കുറേ ദൂരമെത്തുമ്പോള്‍ യുവതി പോലീസുകാരന് പോകേണ്ട വഴി കാണിച്ച് കൊടുക്കുകയും പിന്‍മാറുകയും ചെയ്യുന്നു. തിരികെ ക്യാമ്പിലെത്തിയ പോലീസുകാരനോട് താന്‍ കൊല്ലപ്പെട്ടുവെന്ന് കഥമെനഞ്ഞ് കോളനിയിലെ ആദിവാസികളെ പിടികൂടി കൊലപാതകക്കുറ്റം ചാര്‍ത്തി ലോക്കപ്പിലടച്ചതായി മേലുദ്ദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു. പോലീസുകാരന്‍
ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞാല്‍ പ്രതികളാക്കപ്പെട്ട ആദിവാസികളെ മോചിപ്പിക്കേണ്ടിവരുമെന്നും തങ്ങളുടെ കള്ളക്കഥ പൊളിയുമെന്നും ഉറപ്പുള്ള പോലീസ് മേധാവി പോലീസുകാരനെ ചോദ്യം
ചെയ്യുന്നു. യുവതിയുടെ പെരുമാറ്റത്തോടും അവരുടെ നിലപാടുകളോട് ബഹുമാനം തോന്നിയ പോലീസുകാരന്‍ താന്‍ വനത്തില്‍ ആരെയും കണ്ടില്ലെന്ന് കള്ളം
പറയുന്നു. പോലീസുകാര്‍ അടുത്ത ക്യാമ്പിലേക്ക് വാനില്‍ കയറി പോകുന്നതും സ്‌കൂള്‍ വീണ്ടും പഴയ പടിയിലെത്തിക്കാന്‍ അധ്യാപകരും കുട്ടികളും ശ്രമിക്കുകയും ചെയ്യുന്നിടത്ത് ചിത്രം പൂര്‍ണ
മാകുന്നു.
ജനാധിപത്യ വ്യവസ്ഥയെ നോക്കുകുത്തിയാക്കുന്ന ഭരണകൂടം
അനുവര്‍ത്തിച്ചുവരുന്ന രീതികളെ നിശിതമായി വിമര്‍ശിക്കുന്നതോടൊപ്പം വേദനിക്കുന്ന മനുഷ്യരോടും പ്രകൃതിയോടും ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നവരെ മുഴുവന്‍ മാവോയിസ്റ്റുകളും ഭീകരരും ദേശവിരുദ്ധരുമായി ചിത്രീകരിക്കുന്ന വര്‍ത്തമാനകാല ഭരണകൂട ഭീകരതകളെ തുറന്നുകാണിക്കുന്ന ചലച്ചിത്ര ആവിഷ്‌ക്കാരവുമാകുന്നു കാട് പൂക്കുന്ന നേരം.
അമാനുഷികമായ ശക്തിയിലും വേഗത്തിലും പുലികളെക്കൊന്ന്
തള്ളുന്ന വേല്‍മുരുകന്മാരുടെ അരോചകമായ താരശോഭകള്‍ക്കിടയിലും മനുഷ്യന്റെ പക്ഷം ചേരുന്ന ചെറുത്ത് നില്പ്പിന്റെ വീര്യമുള്ള ഈ സിനിമ മലയാള സിനിമയിലെ മാടമ്പി/തമ്പുരാന്‍ രോഗത്തിന് ഡോ. ബിജു നല്കുന്ന ഒരു ചികിത്സയും ഒപ്പം ലോക സിനിമക്ക്
മലയാള സിനിമാവേദി നല്കുന്ന സംഭാവനയുമാണ്. മനുഷ്യജീവിതത്തിലെ പൊള്ളുന്നയാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരേ തുറന്ന് വയ്ക്കുന്ന ക്യാമറക്കാഴ്ചകള്‍ സാമൂഹിക മാറ്റത്തിനുതകുന്ന ആരോഗ്യകരമായ കാഴ്ചകളൊരുക്കുമ്പോള്‍ മാത്രമാണ് സിനിമ ഒരു ഇടപെടല്‍ മാധ്യമമായിമാറുന്നത്.
Posted by vincent