August 6, 2024
ഡോ. സി പി മാത്യു/വിന്‍സന്റ് പീറ്റര്‍ 9072113344
കേരളത്തിലെ ആദ്യത്തെ കാന്‍സര്‍ ചികിത്സകന്‍. മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി എസും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എം എസ്. പാസായതിനുശേഷം കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ കാന്‍സര്‍ ചികിത്സകന്‍.അലോപ്പതി ചികിത്സയോടൊപ്പം ആയുര്‍വേദം, സിദ്ധ, ഹോമിയോ ചികിത്സകളും കൂടി സമന്വയിപ്പിച്ചുകൊണ്ട് കാന്‍സര്‍ ചികിത്സയില്‍ അത്ഭുതകരമായ രോഗശമനം സാധ്യമാക്കിക്കൊണ്ടിരിക്കുന്ന അപൂര്‍വ ചികിത്സകന്‍.ലക്ഷക്കണക്കിന് കാന്‍സര്‍ രോഗികളെ ചികിത്സിച്ചിട്ടുള്ള ഡോ. സി പി മാത്യു ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഫലപ്രാപ്തിയില്‍ നിരാശ തോന്നിയതുകൊണ്ടാണ് ഇതര വൈദ്യശാസ്ത്രശാഖകള്‍ പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നതെന്ന് ഉറപ്പിച്ച് പറയുന്നു.88-ാം വയസിലും ചികിത്സയിലും ധാര്‍മികതയിലും ഉറച്ച നിലപാടുകള്‍ സ്വീകരിക്കുന്ന ഡോക്ടര്‍ സി പി മാത്യു ആരോഗ്യപ്പച്ചയുമായി സംസാരിക്കുന്നു.
കേരളത്തിലെ ആദ്യത്തെ കാന്‍സര്‍ ചികിത്സകനാണല്ലോ? 1960 കളില്‍ കാന്‍സര്‍ ചികിത്സ തിരഞ്ഞെടുക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കാമോ?
ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ എനിക്ക് ഡോക്ടറാകണമെന്ന് തീവ്രമായ ആഗ്രഹമുണ്ടായിരുന്നു. മദ്രാസ് മെഡിക്കല്‍ കോളേജിലാണ് മെഡിസിന്‍ പഠിച്ചത്.അന്ന് കേരളത്തില്‍ മെഡിക്കല്‍ കോളേജ് ഇല്ല.മെഡിസിന് പഠിക്കുമ്പോഴാണ് കാന്‍സര്‍ ചികിത്സയോട് താല്‍പര്യം തോന്നുന്നത്.1949 ലാണ് മദ്രാസ് മെഡിക്കല്‍ സര്‍വ്വീസില്‍ ജോയിന്‍ ചെയ്തത്.മെഡിക്കല്‍ ഓങ്കോളജി ട്രയിനിംഗ് പാസായി. 1960 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിച്ചു.1963-ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എം എസ് ചെയ്തു.65-ല്‍ എം എസ് പൂര്‍ത്തിയാക്കിയതിന് ശേഷം കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തി. 1968-ല്‍ വീണ്ടും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍.1973 മുതല്‍ 1981 ല്‍ റിട്ടയര്‍ ചെയ്യുന്നത് വരെ കോട്ടയം മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ സെന്ററില്‍ ജോലി ചെയ്തു.അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആര്‍ സി സിയുടെ പ്രോജക്ട് ഓഫീസറായിരുന്നു.ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ ലക്ഷക്കണക്കിന് കാന്‍സര്‍ രോഗികളെ ചികിത്സിച്ചിട്ടുണ്ട്.
ആധുനിക വൈദ്യശാസ്ത്രത്തില്‍ എം എസ് ഡിഗ്രിയും വര്‍ഷങ്ങളുടെ സുദീര്‍ഘമായ ചികിത്സാ പരിചയവുമുള്ള ഡോക്ടര്‍ എന്തുകൊണ്ടാണ് കാന്‍സര്‍ചികിത്സയില്‍ റേഡിയേഷന്റെയും കീമോതെറാപ്പിയുടെയുമൊപ്പം ആയുര്‍വേദ, സിദ്ധ, ഹോമിയോപ്പതി ചികിത്സകളും കൂടി ചേര്‍ത്ത് ചികിത്സിക്കുന്നത്?
ആധുനികവൈദ്യശാസ്ത്രത്തിലുള്ള നിരാശയുടെ പുറത്താണ് മറ്റ് ചികിത്സാ ശാസ്ത്രങ്ങളെയും ചികിത്സയില്‍ ഉപയോഗപ്പെടുത്തുന്നത്.ആധുനിക വൈദ്യശാസ്ത്രത്തിന്റെ ചികിത്സാപദ്ധതികളായ റേഡിയേഷനും കീമോതെറാപ്പിയും ഉപയോഗിച്ച് അഞ്ച് ശതമാനം രോഗികളെപ്പോലും രക്ഷപ്പെടുത്താന്‍ പറ്റുന്നില്ല.അപ്പോള്‍ നമ്മള്‍ ചികിത്സയുടെ പുതിയ സാധ്യതകള്‍ കണ്ടെത്തണം.ഒരു സിസ്റ്റവും മോശമല്ല.എല്ലാ ചികിത്സാശാസ്ത്രങ്ങളിലെയും നന്മകളും സാധ്യതകളും ജനങ്ങള്‍ക്കുവേണ്ടി പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.ചൈനയിലൊക്കെ എല്ലാ ആശുപത്രികളിലും അവിടത്തെ നാട്ടുവൈദ്യമുള്‍പ്പെടെ എല്ലാ സിസ്റ്റങ്ങളുമുണ്ട്. മാവോസേതുങ്ങ് വളരെ സമര്‍ത്ഥമായി അത് നടപ്പിലാക്കി.അതുകൊണ്ട് അവിടുത്തെ ജനങ്ങള്‍ക്ക് ഗുണമുണ്ട്.ആര്‍സിസിയില്‍ സിദ്ധ ചികിത്സയും ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു.പക്ഷേ അലോപ്പതിക്കാര്‍ക്ക് ഇഷ്ടപ്പെടുകയില്ല.അത്തരം ഇഷ്ടാനിഷ്ടങ്ങളല്ലല്ലോ നമ്മള്‍ നോക്കേണ്ടത്.രോഗികളുടെ സൗഖ്യത്തിനല്ലേ കൂടുതല്‍ പ്രാധാന്യം നല്‌കേണ്ടത്.അതുകൊണ്ട് നമ്മുടെ മെഡിക്കല്‍ കോളേജുകളിലും ആശുപത്രികളിലുമൊക്കെ ആയുര്‍വേദവും, സിദ്ധയും, ഹോമിയോപ്പതിയുമൊക്കെ ഉണ്ടാവണമെന്നാണ് എന്റെ അഭിപ്രായം.
അലോപ്പതിക്കാരനായ ഡോക്ടര്‍ സി പി മാത്യു എന്തുകൊണ്ടാണ് സിദ്ധയ്ക്കും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കുമായി ഇത്രയും ശക്തമായി വാദിക്കുന്നത്.എങ്ങിനെയാണ് ആര്‍ട്ടര്‍നേറ്റീവ് സിസ്റ്റംസ് ചികിത്സയില്‍ പ്രയോഗിക്കുന്നതിലേക്ക് എത്തിച്ചേര്‍ന്നത്?
1983 മുതല്‍ ഞാന്‍ കാന്‍സര്‍ ചികിത്സയില്‍ ആള്‍ട്ടര്‍നേറ്റീവ് സിസ്റ്റം പ്രയോഗിച്ച് തുടങ്ങി.1960 ലാണ് കാന്‍സര്‍ ചികിത്സകനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നത്.അന്ന് ഞാന്‍ മാത്രമായിരുന്നു കേരളത്തിലെ കാന്‍സര്‍ ചികിത്സകന്‍.ഏറിയാല്‍ പത്ത് രോഗികളും. എന്നാല്‍ ഇന്ന് നൂറ് നൂറ്റമ്പത് കാന്‍സര്‍ സെന്ററുകളും അവിടെയെല്ലാം പെരുനാളിന്റെ ആളുമുണ്ട്. 1973-ല്‍ ഞാന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രമോഷനായി എത്തി.അന്ന് റേഡിയം സൂചിയാണ് ഉപയോഗിച്ചിരുന്നത്.അന്നത്തെ കാന്‍സര്‍ പാറ്റേണ്‍ അല്ല ഇന്നുള്ളത്.അന്ന് 75 ശതമാനവും ഓറല്‍ കാന്‍സറും യൂട്രസ് കാന്‍സറുമാണുണ്ടായിരുന്നത്.ഇവരണ്ടും ഭേദമാക്കാവുന്നവയായിരുന്നു അന്ന്.പിന്നീടാണ് ലങ്ങ്, ലിവര്‍ കാന്‍സറുകള്‍ കണ്ട് തുടങ്ങിയത്.ലങ്ങ് കാന്‍സര്‍ ഭേദമാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.അഡ്വാന്‍സ് സ്റ്റേജിലാണ് കാണുന്നതെങ്കില്‍ 4% പോലും ഭേദമാക്കാന്‍ പറ്റില്ല.1983-ല്‍ ഒരാള്‍ എന്റെ മുറിയില്‍ കയറിവന്ന് ഒരാഴ്ചയേ ജീവിച്ചിരിക്കാനിടയുള്ളു എന്ന് പറഞ്ഞ് വിട്ട ഒരു രോഗി ഇപ്പോള്‍ സുഖമായിരിക്കുന്നു എന്ന് പറഞ്ഞു.അയാളുടെ ബന്ധുവാണ്.
ഞാന്‍ അയാളെ കാറില്‍ കയറ്റി നേരേ രോഗിയുടെ ചങ്ങനാശ്ശേരിയിലെ വീട്ടില്‍ പോയി.അയാള്‍ പറഞ്ഞത് ശരിയായിരുന്നു.ഒരാഴ്ചയെന്ന് പറഞ്ഞ് വിട്ട രോഗി വളരെ ആശ്വാസത്തിലിരിക്കുന്നു.ലങ്ങ് കാന്‍സറായിരുന്നു.കോര്‍ട്ടിസോണൊക്കെകൊടുത്ത് പ്രാര്‍ത്ഥനയുമായി കഴിയുമ്പോള്‍.ഒരു വൈദ്യന്‍ അവിടെ വന്ന് നാലുദിവസം താമസിച്ച് മരുന്ന് കൊടുത്തു.അയാള്‍ക്ക് ഭേദമായിട്ടുണ്ട്.ഞാന്‍ റിപ്പോര്‍ട്ടുകള്‍ വീണ്ടും പരിശോധിച്ചു.ഒരാഴ്ച എന്ന് പറഞ്ഞുവിട്ടത് സത്യമായിരുന്നു.പക്ഷേ അപ്പോഴത്തെ രോഗിയുടെ അവസ്ഥ വളരെ ഭേദമായിരുന്നു. ഞാന്‍ വൈദ്യരെക്കുറിച്ച് ചോദിച്ചു.അയാളൊരു നാടോടിയാണെന്നും. എപ്പോഴും വരാറില്ലെന്നും പറഞ്ഞു. എനിക്കയാളെ കാണണമെന്ന് പറഞ്ഞ് ഞാന്‍ പോന്നു.ഒരു ദിവസം രാത്രി രണ്ട് മണിക്ക് എനിക്കൊരു ഫോണ്‍.ഡോക്ടറെ വൈദ്യനിപ്പോള്‍ ഇവിടെയുണ്ട് വന്നാല്‍ കാണാമെന്ന് പറഞ്ഞു. ഞാനപ്പോള്‍ത്തന്നെ കാറുമെടുത്ത് വൈദ്യരെ കാണാന്‍ പോയി.. ചങ്ങാനാശേരിയിലെ രോഗിയെ ഞാന്‍ കണ്ടു.അയാള്‍ക്ക് നല്ല ആശ്വാസമുണ്ട്.എന്നതാ ചികിത്സ എന്ന് ചോദിച്ചു.അത് സിദ്ധവൈദ്യമാണെന്നല്ലാതെ കൂടുതലൊന്നും അദ്ദേഹം പറഞ്ഞില്ല.കാഷായം, രുദ്രാക്ഷം, താടി എല്ലാമുണ്ട്. ക്രിസ്ത്യാനിയാണ്.1983 ലെ ഏപ്രില്‍ മാസമാണ്.താന്‍ നാളെ മരുന്ന് ശേഖരിക്കാന്‍ ശിവഗംഗക്ക് പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു.കാവിയും രുദ്രാക്ഷവുമൊക്കെയിട്ട് ഞാനും കൂടെപ്പോയി.എനിക്ക് ഇയാളുടെ കയ്യിലുള്ള മരുന്നെന്താണെന്നറിയണം.ഒരു ശര്‍ക്കരയുണ്ടപോലിരിക്കും അദ്ദേഹത്തിന്റെ കയ്യിലുള്ള മരുന്ന്.ഒരാഴ്ച ഞാന്‍ ഇയാളുടെ കൂടെ കൂടി. കോള്‍ഡിനും കാന്‍സറിനുമൊക്കെ ഈ ഉണ്ട ഉരച്ച് കൊടുക്കുകയാണ്.കഷായം മാത്രം വേറെയാകും. ഞാന്‍ പിന്നെയും ചോദിച്ചു എന്നതാ മരുന്നെന്ന്. അത് അയാള്‍ പറയുന്നില്ല.പക്ഷേ മരുന്നെനിക്ക് കുറേതന്നു.
ഫറൂക്കില്‍ ഒരു അപ്പുവൈദ്യന്റെ അടുത്ത് ചെന്ന് അതുകാണിച്ചപ്പോള്‍ നവപാഷാണമാണെന്ന് പറഞ്ഞു.ഒമ്പത് കൂട്ടം പാഷാണം. നാലുകൂട്ടം മെര്‍ക്കുറി നാല്കൂട്ടം ആര്‍സനിക്ക് സള്‍ഫര്‍.അങ്ങനെ ഒന്‍പത്.പളനി വിഗ്രഹം നവപാഷാണത്തില്‍ വാര്‍ത്തതാണ്-അതുകൊണ്ടാണ് അവിടുത്തെ തീര്‍ത്ഥംകൊണ്ട് അസുഖം മാറുന്നത്.അങ്ങനെ ഞാന്‍ ഒരുപാട് സിദ്ധവൈദ്യന്മാരെ കണ്ടു.ബുക്കുകള്‍ വരുത്തി പഠിച്ചു.ആ മരുന്ന് ഞാന്‍ ചികിത്സയില്‍ ഉപയോഗിച്ച് തുടങ്ങി. അങ്ങനെയിരിക്കുമ്പോള്‍ പോണ്ടിച്ചേരില്‍ നിന്നും യൂറിനറി ബ്ലാഡറില്‍ കാന്‍സറുമായി ഒരു രോഗി വന്നു. ബ്ലാഡര്‍ മുഴുവന്‍ എടുത്തുകളഞ്ഞിട്ട് ആര്‍ട്ടിഫിഷ്യല്‍ ബ്ലാഡര്‍വച്ചിരിക്കുകയാണ്.കംപ്ലീറ്റ് സുഖമാകുമെന്ന് പറഞ്ഞാണ് വിട്ടിരിക്കുന്നത്.മൂന്ന് മാസം കഴിഞ്ഞപ്പോള്‍ വയറ് നിറച്ച് കാന്‍സറായി. മലദ്വാരത്തിലൂടെയൊക്കെ വളര്‍ച്ച പുറത്തേക്ക് വന്നുതുടങ്ങിയപ്പോള്‍ പോണ്ടിച്ചേരി മെഡിക്കല്‍ കോളേജില്‍ കീമോ കൊടുക്കാമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ സഹോദരി ഒരു കന്യാസ്ത്രീയാണ് പുള്ളിക്കാരിക്ക് അറിയാമായിരുന്നു ഞാന്‍ ആയുര്‍വേദം ചെയ്യുന്നുണ്ട് എന്ന്.എന്നെ വിളിച്ച് കൊണ്ടുവരട്ടെയെന്നു ചോദിച്ചു.ഞാന്‍ സര്‍വ്വീസിലുള്ളപ്പോഴാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു കീമോയും അതോടൊപ്പം സിദ്ധയും ആയുര്‍വേദവും ചെയ്തു.അയാള്‍ക്ക് പൂര്‍ണമായി മാറി.അയാള്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്നു.ജോലിയില്‍ തിരിച്ച്കയറി. ഇത് കണ്ടപ്പോള്‍ എനിക്ക് ഭയങ്കരമായ ത്രില്ലായി. എന്റെ അസിസ്റ്റന്‍സൊക്കെ സാറെ മോഡിക്കല്‍ കോളേജിലിരുന്ന് ഈ വൈദ്യമൊക്കെ ചെയ്യുന്നതെന്തിനാണെന്ന് ചോദിച്ച് കൊണ്ട് എന്നെ കളിയാക്കുമായിരുന്നു.ആ രോഗിയെ ചൂണ്ടിക്കാണിച്ച് കൊണ്ട് ഞാന്‍ പറഞ്ഞു, എടാ കഴുതകളെ നോക്ക് നീ നോക്കി നില്‍ക്കുമ്പോഴാണ് ഇത് കുറയുന്നത്. 16 വര്‍ഷം അദ്ദേഹം ജീവിച്ചു ഹൃദ്രോഗം മൂലമാണ് പിന്നീട് മരിച്ചത്.
എന്റെ ഒരു സുഹൃത്ത് ഡോക്ടറുടെ സഹോദരി സൗത്താഫ്രിക്കയില്‍ ടീച്ചറാണ്.വയറ്റില്‍ ട്യൂമര്‍-വയറ്റീന്ന് പോകുന്നില്ല.ഗ്യാസ് പോകുന്നില്ല. അവിടുത്തെ വലിയ ആശുപത്രില്‍ കാണിച്ചു. വയറ് ഓപ്പണ്‍ ചെയ്തു.വയറു നിറച്ചും കാന്‍സര്‍. മൂന്ന് സഹോദരങ്ങള്‍ മെഡിക്കല്‍ കോളേജില്‍ വര്‍ക്ക് ചെയ്യുന്ന ഡോക്ടേഴ്‌സാണ്. അവരു പറഞ്ഞു ചികിത്സിക്കണമെന്ന്.ആയുര്‍വേദം, സിദ്ധ, ഹോമിയോ, കീമോ തെറാപ്പി എല്ലാം ചേര്‍ത്തുള്ള രണ്ട് മാസത്തെ ചികിത്സ കൊണ്ട് പൂര്‍ണമായും സുഖപ്പെട്ട് അവര്‍ സൗത്താഫ്രിക്കയിലേക്ക് തിരിച്ചു പോയി. അവരവിടെ ആശുപത്രിയില്‍ ചെന്ന് കാണിച്ചു. അവര്‍ക്ക് ഷോക്കായിപ്പോയി.ഞാന്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ആര്‍സിസിയില്‍ നിന്നും അടയാറില്‍ നിന്നും ടാറ്റായില്‍ നിന്നും വെല്ലൂരില്‍ നിന്നുമൊക്കെ റിജക്ട് ചെയ്ത രോഗികളെയാണ് ഇപ്പോള്‍ ട്രീറ്റ് ചെയ്യുന്നത്.അതിലൊരുനല്ല ശതമാനവും സൗഖ്യമാണ്.റിലീഫല്ല.ഞങ്ങളൊക്കെ പഠിക്കുന്ന കാലത്ത് സീഫിലിസിനുള്ള ഏകമരുന്ന് ആര്‍സനിക് ആയിരുന്നു.പല വിഭാഗം കാന്‍സറുകള്‍ക്കും അലോപ്പതിയില്‍ ട്രീറ്റ്‌മെന്റില്ല.
ഇന്നിപ്പോള്‍ കീമോതെറാപ്പിയാണല്ലോ കാന്‍സര്‍ ചികിത്സയില്‍ സാര്‍വത്രികമായി ചെയ്തുവരുന്നത്. അത് ഫലപ്രദമല്ലന്നാണോ ഡോക്ടര്‍ പറഞ്ഞുവരുന്നത്?
കീമോതെറാപ്പി ഫലപ്രദമല്ല എന്നല്ല പറയുന്നത്. കാന്‍സര്‍ ബാധിച്ച എല്ലാവര്‍ക്കും ഒരേപോലെ ചെയ്യേണ്ട ചികിത്സയല്ല കീമോതെറാപ്പി എന്നാണ് പറയുന്നത്.കാന്‍സറിന്റെ ഒന്ന്, രണ്ട്, മൂന്ന് ഘട്ടങ്ങളിലൊക്കെ കീമോ ചെയ്താല്‍ കുറേയൊക്കെ രോഗത്തെ അകറ്റിനിര്‍ത്താനാകും.രോഗിയുടെ ആരോഗ്യസ്ഥിതി രോഗത്തിന്റെ ഗുരുതരാവസ്ഥ എത്രത്തോളമുണ്ട് എന്നൊക്കെ പരിഗണിച്ചാണ് ചികിത്സ. തീരുമാനിക്കേണ്ടത്. ഇപ്പോള്‍ എന്റെയടുത്ത് ചികിത്സതേടിയെത്തുന്ന രോഗികളിലധികവും ഇരുപതും മുപ്പതും ലക്ഷമൊക്കെ ചെലവാക്കിയതിന് ശേഷമാണ് രക്ഷയില്ലാതെ ഇവിടെയെത്തുന്നത്. കീമോതെറാപ്പിയിലൂടെ ശരീരത്തിന്റെ പ്രതിരോധ ശേഷിയാകെ നശിച്ച് രക്തക്കുഴലുകളൊക്കെ ക്ഷയിച്ച് അവശനായി മരിക്കേണ്ടിവരുന്ന രോഗികളുടെ അവസ്ഥ ദയനീയമാണ്.കാന്‍സറിന്റെ തീവ്രമായ വേദനകള്‍ക്ക് പുറമേയാണ് ചികിത്സ നല്‍കുന്ന വേദനകളെന്നുകൂടി നാം മനസ്സിലാക്കണം.ചികിത്സ രോഗിയെ രക്ഷിക്കുന്നതാകണം.ശിക്ഷയാകരുത്. അതുകൊണ്ട് കൂടിയാണ് അയ്യായിരം വര്‍ഷങ്ങളിലധികം പാരമ്പര്യമുള്ള ആയുര്‍വേദത്തെയും, സിദ്ധ ചികിത്സയെയും ഞാന്‍ കാന്‍സര്‍ ചികിത്സയില്‍ ഉപയോഗിക്കുന്നത്.നമ്മുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ധാരാളം മരുന്നുകള്‍ ആയുര്‍വേദത്തിലും സിദ്ധയിലുമൊക്കെയുണ്ട്.
പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഏതൊക്കെ ഔഷധങ്ങളാണ് ഡോക്ടര്‍ കാന്‍സര്‍ ചികിത്സയില്‍ ഉപയോഗിക്കുന്നത്.
അശ്വഗന്ധ എന്ന് വിളിക്കുന്ന നമ്മുടെ അമുക്കുരം, ഗുഡിജിസത്വ-എന്ന അമൃത് ഇതൊക്കെ പ്രതിരോധ ശേഷികൂട്ടുന്ന ഔഷധങ്ങളാണ്. ഭോപാല്‍ വാതക ദുരന്തമുണ്ടായപ്പോള്‍ വിഷവാതകം ശ്വസിച്ച് ശ്വാസകോശത്തില്‍ നീര്‍ക്കെട്ടുണ്ടായവര്‍ക്ക് അശ്വഗന്ധ കഴിച്ചപ്പോള്‍ നീര്‍ക്കെട്ട് കുറഞ്ഞതായി ഞാന്‍ മനസ്സിലാക്കിയിരുന്നു.അന്നു മുതല്‍ ഞാന്‍ അമുക്കുരം കഴിക്കുന്നുണ്ട്.ഇപ്പോള്‍ മുപ്പത്തിനാല് വര്‍ഷമായി. നല്ല പ്രതിരോധ ശേഷിയുണ്ടാക്കുന്ന മരുന്നാണ്.ഇതൊക്കെ ഇവിടെയുള്ളതാണ്. അമേരിക്കന്‍ കമ്പനിയുടെ തന്നെ വേണമെന്നില്ല. നമ്മുടെ ഡോക്ടര്‍മാര്‍ ഇതൊക്കെ മനസ്സിലാക്കുകയാണ് വേണ്ടത്.പക്ഷേ അവര്‍ ഒട്ടും ഓപ്പണല്ല. ക്ലോസ്ഡ് മൈന്‍ഡാണ്.സെന്‍ട്രല്‍ ഗവണ്‍മെന്റ് ആയുഷ് തുടങ്ങിയതുകൊണ്ട് മാറ്റമുണ്ടാകുമെന്ന് കരുതാം.ഇവിടെ നിയമം മൂലം നിരോധിച്ചിട്ടുള്ള കഞ്ചാവ് കാന്‍സര്‍ ചികിത്സയില്‍ പ്രധാന ഔഷധമാണ്. പക്ഷേ ചികിത്സാ ആവശ്യങ്ങള്‍ക്ക് വേണ്ടത്ര ലഭ്യമല്ല. മറ്റ് രാജ്യങ്ങളില്‍ ഇത് ജനങ്ങളുടെ ആരോഗ്യാവശ്യങ്ങള്‍ക്കായി ശാസ്ത്രീയമായി ഉപയോഗപ്പെടുത്തുന്ന ഔഷധമാണ്.നമ്മുടെ നാട്ടില്‍ വളര്‍ത്താനോ ഉപയോഗിക്കാനോ നിയമം അനുവദിക്കുന്നില്ല.ചികിത്സാ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് ലഭ്യമാക്കുന്നതിനായി ഞാന്‍ ഹൈക്കോടതിയില്‍ കേസ് നടത്തുകയാണ്.പ്രതീക്ഷയില്ല. ആനന്ദകാണ്ഠം അധ്യായം 28 ല്‍ പറയുന്ന കഞ്ചാവ് ലേഹ്യം കാന്‍സര്‍ ചികിത്സയില്‍ വളരെ ഫലപ്രദമാണെന്നത് എന്റെ അനുഭവത്തിലുള്ള യാഥാര്‍ഥ്യമാണ്. നമ്മുടെ ഭരണാധികാരികള്‍ക്ക് ഈ വിഷയങ്ങളില്‍ ധാരണയില്ലാത്തത് കൊണ്ട് ഇത്തരം ഔഷധങ്ങള്‍ രോഗികള്‍ക്ക് പ്രയോജനപ്പെടുത്താനാവുന്നില്ല. ഇതൊക്കെ മനസിലാക്കിക്കൊണ്ട് ഇത്തരം കാര്യങ്ങള്‍ക്കാവശ്യമായ നിയമ നിര്‍മ്മാണം ഇവിടെ ഉണ്ടാവണം.
ദീര്‍ഘകാലത്തെ ചികിത്സാനുഭവത്തില്‍ നിന്നും കാന്‍സര്‍ സാന്ദ്രത കേരളത്തില്‍ ഇത്രയും വര്‍ദ്ധിക്കുന്നതിന്റെ കാരണമെന്താണെന്ന് പറയാന്‍ കഴിയുമോ?
ആളുകളുടെ ഭക്ഷണരീതിയും ജീവിതശൈലിയും തന്നെയാണ് പ്രധാന കാരണമെന്നാണ് എനിക്ക് തോന്നുന്നത്.ബ്രോയിലര്‍ ചിക്കന്‍ കഴിക്കുന്നത് ഏറെ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. അഞ്ചുഗ്രാമുള്ള കോഴിക്കുഞ്ഞ് നാല്പത്തിരണ്ട് ദിവസം കൊണ്ട് രണ്ടരക്കിലോ ആകും. അപ്പോള്‍ അനിയന്ത്രിതമായ കോശവളര്‍ച്ചയാണ് അവിടെ നടക്കുന്നത്. അത് കഴിച്ചാല്‍ സ്വാഭാവികമായും അനിയന്ത്രിതമായ കോശവളര്‍ച്ചക്കനുകൂലമായ ഘടകങ്ങള്‍ നമ്മുടെ ഉള്ളിലുമെത്തുമല്ലോ. ഇങ്ങനെ പോയാല്‍ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു വീട്ടില്‍ രണ്ട് കാന്‍സര്‍ രോഗികളുണ്ടാകും. ആര്‍ട്ടിഫിഷ്യല്‍ സാധനങ്ങളും അനിമല്‍ പ്രോട്ടീനും കാന്‍സറുണ്ടാക്കും. നമ്മുടെ ശരീരം വെജിറ്റബിള്‍സിന്റെയും ഫ്രൂട്ട്‌സിന്റെയും പ്രോട്ടീന്‍ ആഹരിക്കാന്‍ രൂപപ്പെടുത്തിയിട്ടുള്ളതാണ്.മനുഷ്യന്റെ കുടലിന്റെ നീളം താടിയെല്ലുകള്‍ ഒക്കെ ഇതാണ് സൂചിപ്പിക്കുന്നത്.കാന്‍സറിന് കാരണമായ കാന്‍സിനോജന്‍സ് ആനിമല്‍ പ്രോട്ടീന്‍സില്‍ മാത്രമേ ഉള്ളു. വെജിറ്റബിള്‍ പ്രോട്ടീനില്‍ ഇല്ല.ഇന്നത്തെ കുട്ടികള്‍ക്ക് കെന്റക്കി ചിക്കനാണല്ലോ പ്രിയം.എന്തുമാത്രം ലിവര്‍ കാസറാണിപ്പോള്‍.ലിവറിലാണ് നമ്മുടെ ശരീരത്തില്‍ എത്തുന്ന മുഴുവന്‍ വിഷങ്ങളെയും ഡിടോക്‌സിഫൈ ചെയ്യുന്നത്.ലിവറിന് ലിമിറ്റില്ലേ.അധികമായാല്‍ ലിവര്‍ പരാചയപ്പെടും. മനുഷ്യന്‍ ഭക്ഷണം പാചകം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ രോഗവും വന്നു.എല്ലാ കമ്പനിക്കാരും ഇപ്പോള്‍ കാന്‍സര്‍ മരുന്നുകളാണ് കൂടുതല്‍ നിര്‍മ്മിക്കുന്നത്.എല്ലാ ആശുപത്രികളിലും കാന്‍സര്‍ വിങ്ങ് ഉണ്ട്.എത്രയെത്ര കാന്‍സര്‍ സെന്ററുകള്‍, എത്രയെത്ര കാന്‍സര്‍ വിഭാഗങ്ങള്‍-വെല്ലൂര്‍, ലേക്‌ഷോര്‍, ആസ്റ്റര്‍, കിംസ് എത്രയെത്ര സ്ഥലങ്ങള്‍? എത്ര പേര്‍ സുഖപ്പെടുന്നു എന്ന് കണക്ക് വല്ലതുമുണ്ടോ? 5 ശതമാനം പോലും സുഖപ്പെടുന്നില്ല. കീമോതെറാപ്പി കൊണ്ട് മാത്രം കാന്‍സറിനെ ഒതുക്കാമെന്ന് കരുതുന്നതും ഫൂളിഷ്‌നെസ്സാണ്. ഇപ്പോള്‍ കീമോ കൊടുത്ത് എല്ലാവരുടെയും ആരോഗ്യം നശിപ്പിക്കുകയാണ്. കീമോ വേണ്ട കേസുകളുണ്ട്. എല്ലാത്തിനും കീമോ പരിഹാരമാണ് എന്ന നിലപാട് തെറ്റാണ്. ചിലപ്പോള്‍ രക്ഷപ്പെടും എന്ന് പറഞ്ഞ് ഒരു ചികിത്സ ചെയ്യുന്നതും തെറ്റാണ്. സിക്ക്‌നെസ് ഇന്‍ഡസ്ട്രി എന്ന് ഡോ. ബി എം ഹെഗ്‌ഡേ പറയുന്നത് നൂറ് ശതമാനവും ശരിയാണ്. അണ്‍എത്തിക്കലായുള്ള യൂസ്ലെസ് ഫെലോസ് ചികിത്സാരംഗത്തും മരുന്നു നിര്‍മ്മാണ മേഖലയിലുമൊക്കെയുണ്ട്.ഞാനിതൊക്കെ തുറന്ന് പറയുന്നതുകൊണ്ട് എന്നെ കടിച്ച് തിന്നാനുള്ള ദേഷ്യമുണ്ട് ഇവന്മാര്‍ക്ക്-ഡോക്ടര്‍മാര്‍ക്ക്.
ഡോക്ടര്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി ബന്ധമുണ്ടോ?
ഒരു ബന്ധവുമില്ല.അതില്‍ നിന്ന് രാജിവച്ചതാണ്. പഴയ മാര്‍ക്ക് തിരുത്തല്‍ കേസില്‍ മാര്‍ക്ക് തിരുത്തി ഡോക്ടറായി ഐഎംഎയില്‍ വന്നവരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് പറഞ്ഞു.അതിന് കൂട്ടുനിന്ന യൂണിവേഴ്‌സിറ്റി ജീവനക്കാരെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. എന്നിട്ടും മാര്‍ക്ക് തിരുത്തി ഡോക്ടറായവരെ പ്രൊട്ടക്റ്റ് ചെയ്യുന്ന നിലപാട് ഐഎംഎ സ്വീകരിച്ചപ്പോള്‍ ഞാന്‍ അതില്‍നിന്ന് രാജിവച്ചു. അനാവശ്യം കാണിക്കാത്തവര്‍ക്ക് പ്രൊട്ടക്ഷന്‍ ആവശ്യമില്ലല്ലോ.
മെഡിക്കല്‍ സമൂഹത്തിന് ഡോക്ടറോടും താങ്കളുടെ ചികിത്സാ രീതികളോടുമുള്ള സമീപനമെന്താണ്?
തെറിയാണ്.ബ്ലെയ്ഡുകാരുടെ സമൂഹമെന്ന് അവരെ പറഞ്ഞാലും കുഴപ്പമില്ല.മജോറിറ്റിയും അതുതന്നെ.നമ്മളെക്കൊണ്ട് പറ്റാത്തത് പറ്റില്ലെന്നുതന്നെ പറയണം.പണ്ട് കാരിത്താസിലുണ്ടായിരുന്ന റോഡേ എന്ന ജര്‍മെന്‍കാരനായ ഡോക്ടര്‍ ഒരു രോഗിയെ ചികിത്സിച്ചപ്പോള്‍ ഭേദമായില്ല.അയാള്‍ ആ രോഗിയെ ഹോമിയോ കോളേജിലേക്ക് റഫര്‍ ചെയ്തുകൊണ്ട് ലെറ്റര്‍ കൊടുത്തു.ഇതറിഞ്ഞ ഐഎംഎ അദ്ദേഹത്തെ ബ്രാഞ്ചില്‍ വിളിച്ച് വരുത്തി വിശദീകരണം ആരാഞ്ഞു.അദ്ദേഹം പറഞ്ഞത് ഞങ്ങള്‍ ജര്‍മ്മനിയില്‍ അങ്ങനെ ചെയ്യാറുണ്ട് അതുകൊണ്ടാണ് റെഫര്‍ ചെയ്തത് എന്നാണ്.അയാളെക്കൊണ്ട് ഐഎംഎ അന്ന് ക്ഷമ പറയിപ്പിച്ചു.പക്ഷേ ഇവര്‍ക്കൊക്കെ അറിയാം ഈ കോമ്പിനേഷന്‍സില്‍ കാര്യമുണ്ടെന്ന്.പുറത്ത് പറയില്ലന്നേയുള്ളു.പക്ഷേ ലോകത്തിന്റെ പല ഭാഗത്തുനിന്നും ഇവിടെ രോഗികള്‍ വരുന്നുണ്ട്. ഭേദമാകുന്നുമുണ്ട്.സോഷ്യല്‍ സെക്യൂരിറ്റി എന്നത് ഗവണ്‍മെന്റ് ഏറ്റെടുക്കണം.പ്രൈവറ്റാവുമ്പോള്‍ കള്ളത്തരവും കൂടും.
അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ പഠന പ്രകാരം കാന്‍സര്‍ ബാധിതരില്‍ കീമോതെറാപ്പി ചികിത്സ മൂലമുണ്ടാകുന്ന ഓക്കാനവും ഛര്‍ദ്ദിയും നിയന്ത്രിക്കാന്‍ കഞ്ചാവ് പുക വലിക്കുന്നത് പ്രയോജനപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് പുകവലിക്കുന്നതും ഇന്‍ഹെയില്‍ ചെയ്യുന്നതും ന്യൂറോപ്പതിക് പെയിന്‍ കുറയുന്നതിന് സഹായകമാണ്. എച്ച് ഐ വി ബാധിതരില്‍ ഭക്ഷണം കഴിക്കുന്നതിനുള്ള താത്പര്യവും ശേഷിയും വര്‍ദ്ധിപ്പിക്കാന്‍ കഞ്ചാവ് സഹായകമാണെന്നും അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.എന്നാല്‍ കഞ്ചാവ് ഓയില്‍ ഉപയോഗിച്ച് ഇത്തരം പഠനങ്ങളുണ്ടായിട്ടില്ല. വേദന സംഹാരി എന്ന നിലയില്‍ കഞ്ചാവ് ലോകമെമ്പാടും ഉപയോഗിച്ച് വരുന്നു.
ഇന്ത്യയില്‍ പുരാതനകാലം മുതല്‍ തന്നെ കഞ്ചാവ്, ഭാംഗ്, കറുപ്പ് തുടങ്ങിയവ ലഹരിയായും ചികിത്സക്കായും ഉപയോഗിച്ച് വരുന്നു. ആയുര്‍വേദത്തിലും സിദ്ധയിലും കഞ്ചാവ് പലരോഗങ്ങള്‍ക്കും ഔഷധമാണ്.
മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ലഹരികളിലേക്ക് ചേക്കേറുന്ന യുവാക്കളിലെ കര്‍മ്മശേഷിയും ചിന്താശേഷിയും നഷ്ടപ്പെടുന്നതിനെ ചൂണ്ടിക്കാട്ടി ഒഡീഷ എം പി തഥാഗതാസത്പതി പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശം കഞ്ചാവിന്റെ താരതമ്യേന കുറഞ്ഞ (ഉപയോഗിക്കുന്ന അളവും രീതിയനുസരിച്ച് വ്യത്യസ്തമാകാം) ലഹരിയും കൂടിയ പ്രവര്‍ത്തനക്ഷമതയും രോഗപ്രതിരോധ ശേഷിയും കണക്കിലെടുക്കണമെന്നാണ്.
ചികിത്സയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ പര്യാപ്തമായ ഔഷധമെന്ന നിലയില്‍ ഇന്ത്യയില്‍ കഞ്ചാവിനേര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന് കേന്ദ്രമന്ത്രി മനേക ഗാന്ധി ഒരു സംഘം മന്ത്രിമാരുടെ യോഗത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നു.അമേരിക്കപോലുള്ള രാജ്യങ്ങളില്‍ മാരിജുവാന ഔഷധാവശ്യങ്ങള്‍ക്ക് നിയമാനുസൃതമായി ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ശ്രീമതി മനേക ഗാന്ധി കഞ്ചാവിന് അനുകൂലമായ നിലപാടെടുത്തത്.
Posted by vincent