Mar 17 2025, 2:41 PM +91 94476 83169 arogyappachamasika@gmail.com

Arogyappacha

കുപ്പിയിലടച്ച പച്ചക്കള്ളം

കുപ്പിയിലടച്ച പച്ചക്കള്ളം

കുപ്പിയിലടച്ച പച്ചക്കള്ളം

August 12, 2024

ജിജി ലൂക്കോസ്
പ്രകൃതിയിലെ ശുദ്ധമായ വെള്ളത്തിന് പകരം കുപ്പിയിലടച്ച മലിനജലം വിലകൊടുത്തുകുടിക്കുന്ന വരാണ് നമ്മള്‍. കാന്‍സറുള്‍പ്പെടെയുള്ള മാരകരോഗ ങ്ങള്‍ക്ക് കാരണ മാകുന്ന കെമിക്കലുകള്‍ അടങ്ങിയി ട്ടുള്ള കുപ്പിവെള്ളം വന്‍കുത്തകകളുടെ ലാഭകരമായ കച്ചവടമാണ്. മുറ്റത്തെ കിണറിലെ പച്ചവെള്ളത്തേ ക്കാള്‍ മാന്യത കുപ്പിവെള്ളത്തിന് കല്പിച്ച് നല്കിയ ഒരു ജനതയുടെ രോഗാതുരതയുടെ കാരണങ്ങളില്‍ കുപ്പിയിലടച്ച ഈ പച്ചക്കള്ളത്തിന് പ്രഥമസ്ഥാ നമുണ്ട്‌…
പുഴകള്‍ കരഞ്ഞൊഴുകും കാലമാണിത്. സ്വന്തം കരങ്ങളാലാകാത്തത് യന്ത്രക്കൈക ളാല്‍ ആഴങ്ങളില്‍ നിന്നു മനുഷ്യന്‍ ഊറ്റി യെടുക്കുമ്പോള്‍ ഭൂമിയും ദാഹമറിഞ്ഞു കേഴുന്നു. തുള്ളിമറിഞ്ഞ് പുളിനങ്ങളാല്‍ തെളിഞ്ഞൊഴുകിയ നീര്‍ച്ചാലുകള്‍ പലതും ഒന്നിറങ്ങി കാല്‍ നനയ്ക്കാന്‍ പോലുമാവാത്ത വിധം മൃതമായി കിടപ്പുണ്ട് നദീതട സംസ് കാരങ്ങളാല്‍ സമ്പന്നമായിരുന്ന ഇന്ത്യയുടെ നെഞ്ചില്‍.
ദാഹിക്കുമ്പോള്‍ തെല്ലു കുടിനീരിനായി കുപ്പി വെള്ളം തിരയുന്ന കൈകള്‍ക്കു വേണ്ടി യുള്ളതാണ് ഇനിയുള്ള മുന്നറിയിപ്പുകള്‍. ഇന്നു കുപ്പിയിലല്ലാത്ത ഒരു വെള്ളം പോലും കുടിക്കാന്‍ കൊള്ളില്ലെന്ന ബോധത്തിലേക്ക് നാമെത്തിച്ചേര്‍ന്നിരിക്കുന്നു. ധാതുസമ്പുഷ്ട മെന്നു വന്‍കിട കമ്പനികള്‍ വാദിക്കുന്ന മിനറല്‍ വാട്ടറുകള്‍ രോഗസമ്പുഷ്ടമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വില കൊടുത്തു വാങ്ങുന്ന ഈ കുടിനീരില്‍ ധാതുക്കള്‍ക്കൊപ്പം മനുഷ്യനെ കാന്‍സറിലേക്കു കൈ പിടിച്ചെത്തിക്കുന്ന മാരക രാസപദാര്‍ഥങ്ങളും അടങ്ങിയിരിക്കുന്നു.

കുടിവെള്ളം വിഷ വെള്ളമാകുന്ന വഴി

ഒരു മനുഷ്യന്റെ ശരീരത്തില്‍ 55 ശതമാനം മുതല്‍ 78ശതമാനം വരെ ജലമാണ് ഉള്ളത്. ഇക്കാരണത്താല്‍ തന്നെ മനുഷ്യശരീരത്തിന്റെ നല്ലരീതിയിലുള്ള പ്രവര്‍ത്തനത്തിന് അത്യാ വശ്യം വേണ്ടുന്ന ഒന്നാണ് ജലം. ഒരു ദിവസം 7 മുതല്‍ 12 ഗ്ലാസ് വരെ വെള്ളം ഒരു മനുഷ്യന് അത്യാവശ്യമാണ്. നാം കുടിക്കുന്ന കുപ്പി വെള്ളം എത്ര മാത്രം ഹാനികരമാകുന്നുവെന്ന് അറിഞ്ഞാല്‍ തൊണ്ട വറ്റിപ്പോകും.
ജല മലിനീകരണത്തിനു കാര്‍ബണികമോ അകാര്‍ബണികമോ ആയ പദാര്‍ത്ഥങ്ങള്‍ കാരണമാകുന്നു. ജലം മികച്ച ഒരു ലായകമാ യതിനാല്‍ ചെറിയ അളവിലും പദാര്‍ത്ഥങ്ങളെ ലയിപ്പിക്കുന്നു. അതു കൊണ്ടു തന്നെ ജലത്തിന്റെ മലിനീകരണ സാദ്ധ്യതകളും ഏറെയാണ്. ജൈവ വിഘടനത്തിനു വിധേ യമാകുന്ന കാര്‍ബണിക വസ്തുക്കള്‍ ശുദ്ധീ കരണ പ്രക്രിയയില്‍ സങ്കീര്‍ണങ്ങളായ കാര്‍ബണിക തന്മാത്രകളെ സൂക്ഷ്മാണുക്കള്‍ വിഘടിച്ച് ഹാനികരമല്ലാത്ത പദാര്‍ത്ഥങ്ങളാക്കി മാറ്റുന്നു. ജലത്തിലെ ഓക്‌സിജനെ ഉപയോഗി ക്കുന്നതിനാല്‍ ലയിച്ചുചേര്‍ന്ന പദാര്‍ത്ഥങ്ങളുടെ അളവ് കൂടുന്നതിനനുസരിച്ച് ഓക്‌സിജന്റെ അളവും ഗണ്യമായി കുറയുന്നു.
ഭക്ഷ്യവസ്തുക്കള്‍, തുകല്‍ എന്നിവ സംസ്‌ക രിക്കുന്ന ഫാക്ട്‌റികള്‍, ചായം, തുണിത്തരങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ ഇവ യെല്ലാം കാര്‍ബണിക മാലിന്യങ്ങള്‍ ഉണ്ടാക്കു ന്നവയാണ്. പാറകളില്‍ അടങ്ങിയിരിക്കുന്ന കാരീയ ലവണങ്ങള്‍ പ്രകൃതിദത്തമായ ജലമലി നീകരണത്തിനു കാരണമാകുന്നു. കീടനാശി നികളും രാസവളങ്ങളും ജലസ്രോതസുകളെ മലിനമാക്കുന്നു. ആധുനിക കൃഷിരീതിയില്‍ ശാസ്ത്രീയത അവലംബിക്കാത്തതിനാല്‍ യൂട്രോഫിക്കേഷന്‍ എന്ന പ്രതിഭാസവും ഉണ്ടാകുന്നു.
ജലമാലിന്യങ്ങളെ രാസമാലിന്യങ്ങള്‍ എന്നും ജൈവമാലിന്യങ്ങള്‍ എന്നും രണ്ടായി തരംതിരിക്കാം. ഇതിനു പുറമേ ജലത്തിന്റെ ഭൗതിക ഗുണനിലവാരവും പ്രധാനമാണ്. ജലത്തിന്റെ പിഎച്ച് മൂല്യം, അതില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ലവണങ്ങളുടെയും രാസപദാര്‍ ത്ഥങ്ങളുടെയും അളവ് എന്നിവയാണ് രാസ ഗുണനിലവാരം നിര്‍ണയിക്കുന്നതിനുള്ള മാനകങ്ങള്‍. ജലത്തിന്റെ പിഎച്ച് 6.5നും 8.2നും ഇടയിലായിരിക്കണം. ക്ലോറൈഡ്, ഇരുമ്പ്, മഗ്‌നീഷ്യം, ഫ്‌ളൂറൈഡ്, സള്‍ഫേറ്റ്, നൈട്രേറ്റ് തുടങ്ങിയ ലവണങ്ങള്‍ ജലത്തില്‍ പൊതുവേ കാണപ്പെടുന്നു.

കുപ്പിയിലടച്ച കാന്‍സര്‍

ഇതിനെല്ലാം പുറമേയാണു വിപണി ലക്ഷ്യ മാക്കി കമ്പനികള്‍ കലര്‍ത്തുന്ന മാരക രാസ വസ്തുക്കളും മറ്റു ഹാനികരമായ ഘടകങ്ങളും. ഏറ്റവും ശുദ്ധമായ വെള്ളം എന്ന നിലയിലാണ് ഓരോ കമ്പനികളും തങ്ങളുടെ കുപ്പിവെള്ളം വിപണിയിലെത്തിക്കുന്നത്.ദാഹനിവര്‍ത്തിക്ക് അപ്പോള്‍ കിട്ടുന്ന വെള്ളം കുടിക്കുക എന്ന പൊതു രീതി മൂലം എത്രമാത്രം ദോഷമുണ്ടാകു  മെന്നും അത് എത്രത്തോളം ഗുരുതരമാകു മെന്നും ബോധവത്കരിക്കേണ്ട ചുമതല അധികൃതര്‍ നിവര്‍ത്തിക്കേണ്ടതുണ്ട്.
1954ലെ മായം ചേര്‍ക്കല്‍ നിരോധനനിയമ ത്തിന്റെ 32ാം അനുച്ഛേദത്തില്‍ മിനറല്‍ വാട്ടറില്‍ അടങ്ങിയിരിക്കേണ്ട ഘടകങ്ങളുടെ പരിധി വ്യക്തമാക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന 1958ല്‍ കുടിവെള്ളത്തിന്റെ അന്താരാഷ്ട്ര നിലവാരം സംബന്ധിച്ച നിര്‍ദ്ദേ ശങ്ങള്‍ (ഗൈഡ്‌ലൈന്‍സ് ഫോര്‍ ഡ്രിങ്കിംഗ് വാട്ടര്‍ ക്വാളിറ്റി  ജിഡിഡബ്ല്യുക്യു) മൂന്ന് വാല്യങ്ങളായി പുറത്തിറക്കിയിട്ടുണ്ട്. ഇവ കൂടി ഉള്‍പ്പെടുത്തി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് കാലാകാലങ്ങളില്‍ പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ മാന്വല്‍ പുറത്തിറക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മിനറല്‍ വാട്ടര്‍ ഉത്പാദക കമ്പനികള്‍ക്കു ലൈസന്‍സ് നല്‍കുകയും അതു പുതുക്കി നല്‍കുകയും ചെയ്യുന്നത്. പക്ഷേ, കാലാകാലങ്ങളായി മിനറല്‍ വാട്ടര്‍ എന്ന കുപ്പിവെള്ളം (പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍) പരിശോധനകള്‍ക്കു വിധേയമാക്കാറുണ്ടെങ്കിലും അതിന്റെ പരി ശോധന ഫലങ്ങള്‍ എന്തെന്നോ പരിഹാര നടപടികളെന്തെന്നോ ഭക്ഷ്യസുരക്ഷ അധികൃതര്‍ വ്യക്തമാക്കാറില്ല.
കുപ്പിവെള്ളത്തിനു മാത്രമല്ല, ശുദ്ധമായ പ്രകൃതിജലത്തിനും ബിഐഎസ് സ്റ്റാന്‍ ഡേര്‍ഡ് അംഗീകാരം നല്‍കാറുണ്ട്. പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടറിനു ഐഎസ് 13428ഉം പാക്കേജ്ഡ് നാച്ചുറല്‍ മിനറല്‍ വാട്ടറിനു ഐഎസ് 14543ഉം. കുപ്പിയിലാക്കാനുള്ള വെള്ളത്തിന്റെ സ്രോതസ് മുതല്‍ ശുദ്ധീകരി ക്കാനുള്ള പ്ലാന്റിന്റെ വിവിധ ഘടകങ്ങള്‍ക്കു വരെ ബിഐഎസ് സ്റ്റാന്‍ഡേര്‍ഡ് നിശ്ചയി ച്ചിട്ടുണ്ട്. ലൈസന്‍സ് നേടുന്നതിലും അതു പുതുക്കുന്നതിലും ഈ മാനദണ്ഡങ്ങള്‍ പലതും പാലിക്കപ്പെടാറുണ്ടെങ്കിലും കുപ്പിയിലായി ക്കഴിയുന്ന വെള്ളത്തിനു ഈ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാറില്ല. അതിലൂടെയാണ് രോഗ ങ്ങള്‍ വിതരണം ചെയ്യാനുള്ള ശൃംഖലയായി കുപ്പിവെള്ളം മാറുന്നത്.

ധാതുസമ്പുഷ്ടമോ രോഗസമ്പുഷ്ടമോ?

സാധാരണ കുടി വെള്ളത്തില്‍ നിന്നും വ്യത്യസ്തമായി മുപ്പത്തഞ്ചോളം ധാതുക്കളും ലവണങ്ങളും മിനറല്‍വാട്ടറില്‍ അടങ്ങി യിരിക്കേണ്ടതുണ്ട്. നൈട്രേറ്റ്, സള്‍ഫൈഡ്, മാംഗനീസ്, കോപ്പര്‍, സിങ്ക്, ഫഌറൈഡ്, ബേറിയം, ആന്റിമണി, നിക്കല്‍, ബോറേറ്റ്, സില്വോര്‍, ക്ലോറൈഡ്, സള്‍ഫേറ്റ്, മഗ്‌നീഷ്യം, കാല്‍സിയം, സോഡിയം, ആഴ്‌സനിക്ക്, ആല്‍ക്കലിനിറ്റി, കാഡ്മിയം, സയനൈഡ്, ക്രോമിയം, മെര്‍ക്കുറി, ലെഡ്, സെലേനിയം തുടങ്ങിയവ മിനറല്‍വാട്ടറില്‍ ഉണ്ടാകണം. ഇവ ഓരോന്നും വ്യത്യസ്ത അളവുകളിലാണ് കാണേണ്ടതെന്ന് അന്താരാഷ്ട്ര നിലവാരങ്ങള്‍ പ്രകാരം വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ പലതും നിര്‍ദിഷ്ട അളവിലും കൂടുന്നത് ആരോഗ്യത്തിനു ഹാനികരമാണ്.
കോളിഫോംസ് ബാക്ടീരിയ, ഇകോളി, വിബ്‌റോകൊളിറിയ, സ്യൂഡോമൊണാസ് തുടങ്ങിയ വസ്തുക്കള്‍ കുടിവെള്ളത്തില്‍ കാണുകയുമരുത്. എന്നാല്‍, മലിനജലത്തില്‍ മാത്രം കാണപ്പെടുന്ന കോളിഫോംസ് ബാക്ടീരിയ, ഓര്‍ഗനോക്ലോറൈന്‍സ്, എച്ച്‌സിഎച്ച്, ഡിഡിറ്റി തുടങ്ങിയവ കണ്ടെത്തിയിട്ടുണ്ടെന്നു സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ്  ചെന്നൈയിലെ ലാബോറട്ടറി, ഫുഡ് ഡെവലപ്‌മെന്റ് അഥോറിറ്റി എന്നിവയുടെയും സംസ്ഥാന നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റിയുടെയും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഗുരുതരമായ രോഗങ്ങളുണ്ടാക്കുമെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിച്ച ഡിഡിറ്റിയുടെ അളവ് 70.6 ശതമാനത്തില്‍ പലയിടത്തും  കണ്ടെത്തിയെന്നാണ് സിഎസ്ഇ യുടെ റിപ്പോര്‍ട്ടിലുള്ളത്. കാസര്‍ഗോഡ് അടക്കമുള്ള പ്രദേശങ്ങളില്‍ മാരക രോഗങ്ങള്‍ വിതറിയ എന്‍ഡോസള്‍ഫാന്റെ ഘടകങ്ങള്‍ പരിശോധിച്ച കുപ്പിവെള്ളങ്ങളില്‍ 8.8 ശതമാനമായിരുന്നു.
ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയില്‍ 32 കമ്പനികളുടെ വെള്ളത്തിലും അമ്ലത്തിന്റെയും ക്ഷാരത്വത്തിന്റെയും അളവു കണക്കാക്കുന്ന പിഎച്ച് ലവല്‍ വളരെ കുറവായിരുന്നു. നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റി നടത്തിയ പഠനത്തില്‍ കേരളത്തില്‍ വില്‍പന നടത്തുന്ന പല മിനറല്‍വാട്ടറുകളിലും കോളിഫോംസ് ബാക്ടീരിയ കണ്ടെത്തിയിട്ടുണ്ട്. കുപ്പിവെള്ളമാക്കാന്‍ ഉപയോഗിക്കന്നതു മിക്കവയും ആറ്റില്‍ നിന്നുള്ളതോ പൈപ്പ് വെള്ളമോ ഭൂഗര്‍ഭ ജലമോ ആണ്. ഇവയിലാണ് ഗുരുതരമായ രോഗങ്ങളുണ്ടാക്കുന്ന അണു ക്കളും മാലിന്യ ഘടകങ്ങളും ബാക്ടീരിയയും കൂടുതലായുള്ളത്. കുപ്പിവെള്ളത്തില്‍ ഈ ഘടകങ്ങളുണ്ടെങ്കിലും ഇതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ചിലപ്പോള്‍ പെട്ടെന്നു കണ്ടെത്താനാകില്ല. ചിലത് ഛര്‍ദി, വയറിളക്കം, ത്വക്ക് രോഗം, ശ്വാസകോശ രോഗങ്ങള്‍, ഡയേറിയ, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളിലൂടെ പ്രകടമാകും.

വിദഗ്ദ പരിശോധനകള്‍  നാമമാത്രം

ഇന്ത്യയില്‍ ശുദ്ധത തെളിയിക്കുന്നതിനു ബിഐഎസ് മാര്‍ക്ക് അല്ലെങ്കില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ സര്‍ട്ടിഫിക്കേറ്റാണ് പ്രഥാന മാനദണ്ഡം. ഇത്തരത്തില്‍ ലൈസന്‍സുള്ള 6,513 കമ്പനികളാണ് രാജ്യത്ത് കുപ്പിവെള്ളം വിപണനത്തിനെത്തിക്കുന്നത്. 1,500 കോടിയി ലേറെ ഈ കമ്പനികള്‍ പ്രതിവര്‍ഷം അറ്റാദായം ഉണ്ടാക്കുകയും ചെയ്യുന്നു. ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് ബോട്ടില്‍ഡ്‌വാട്ടര്‍ അസോസിയേഷന്റെ കണക്കു പ്രകാരം 1090 ദശലക്ഷം ലിറ്റര്‍ കുപ്പിവെള്ളം ലോകത്തു വിറ്റഴിയുന്നുണ്ട്. ആവശ്യവും ഉപഭോഗവും വര്‍ധിച്ചതാണു ഗുണനിലവാരമില്ലായ്മ വര്‍ധി പ്പിച്ചതെന്നാണ് അധികൃതരുടെ വാദം.
വ്യാജ ലൈസന്‍സിലൂടെയും വ്യാജ സര്‍ട്ടി ഫിക്കറ്റുകളിലൂടെയും മിനറല്‍ വാട്ടറുകള്‍ വിപണിയിലെത്തുന്നതും കുപ്പികളില്‍ വ്യാജ സ്റ്റിക്കറുകള്‍ ഒട്ടിക്കുന്നതും ഉപയോഗിച്ച കുപ്പികളില്‍ മലിനജലം നിറച്ചു വിപണി യിലെത്തിക്കുന്നതും ഇവയില്‍ ചിലതു മാത്രമെന്നു എഫ്എസ്എസ്എഐ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പവന്‍കുമാര്‍ അഗര്‍വാള്‍ പറയുന്നു. മിനറല്‍ വാട്ടര്‍ അടക്കം ചെയ്യുന്ന കുപ്പിയ്ക്കു പുറത്ത് നാച്വറല്‍ മിനറല്‍ വാട്ടര്‍ എന്ന് വലിയ അക്ഷരത്തില്‍ അച്ചടിച്ചിരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. കുടിവെള്ളം അടക്കം ചെയ്തിരിക്കുന്ന കുപ്പിയ്ക്കു പുറത്ത് പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ എന്നു വലിയ അക്ഷരത്തില്‍ അച്ചടിച്ചിരിക്കണമെന്നും പായ്ക്കു ചെയ്ത തീയതിയും വിലയും രേഖപ്പെടുത്തിയിരിക്കണമെന്നും നിയമമുണ്ട്. മിനറല്‍ വാട്ടര്‍ നിര്‍മ്മാണ സ്ഥലത്തുവച്ചു തന്നെ കുപ്പികളില്‍ പായ്ക്ക് ചെയ്യണമെന്നാണ് നിയമം. ഇതും കര്‍ശനമായി പാലിക്കപ്പെടുന്നില്ല. വില്‍പനക്കുള്ള കുപ്പികളില്‍ ഭദ്രമായി പായ്ക്കു ചെയ്തല്ലാതെ വലിയ പാത്രങ്ങളില്‍ മിനറല്‍ വാട്ടര്‍ നിറച്ചുകൊണ്ടുപോകുകയോ വരികയോ ചെയ്യാന്‍ പാടില്ലെന്നും നിയമമുണ്ട്.
മിനറല്‍ വാട്ടര്‍ ഉത്പാദനത്തിലും വിപണനത്തിലും വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ആറു മാസം വരെ തടവും ആയിരം രൂപ വരെ പിഴ ശിക്ഷയും ലഭിക്കാവുന്നതാണ്. എന്നാല്‍, പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പരിശോധനകളില്‍ പ്രാഥമികമായി ക്രമക്കേ ടുണ്ടെന്നു കണ്ടെത്തുന്നവ മാത്രമാണ് വിദഗ്ധ പരിശോധനകള്‍ക്കായി ലബോറട്ടറികളിലേക്ക് അയയ്ക്കാറുള്ളു. അത്തരത്തില്‍ അയയ്ക്കു ന്നതില്‍ മാലിന്യത്തിന്റെയും അണുക്കളു ടെയും ഘടനയുടെയും ചില സാധാരണ പരിശോധനകള്‍ മാത്രമേ നടക്കാറുള്ളു.

ഗുണമില്ലാത്ത മാനദണ്ഡങ്ങള്‍

പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ ഉത്പാദിപ്പിക്കുന്നതിനും വിപണനത്തിനുമായി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്  പ്രത്യേക മാനദണ്ഡങ്ങള്‍ വാട്ടര്‍ മാന്വലില്‍ പുതുക്കി ചേര്‍ത്തിട്ടുണ്ട്. ഐഎസ് 14543 സര്‍ട്ടിഫിക്കേറ്റ് ലഭിക്കുന്നതിനുള്ള ജലശുചീകരണ പ്രക്രീയയാണ് അതില്‍.
അമേരിക്കയിലുള്ള നാച്ചുറല്‍ റിസോഴ്‌സ് ഡിഫെന്‍സ് കൗണ്‍സില്‍ (എന്‍ആര്‍ഡിസി) നടത്തിയ പഠനത്തില്‍ പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ എന്ന കുപ്പിവെള്ളത്തിന്റെ 40 ശതമാനവും പൈപ്പ് വെള്ളത്തില്‍ നിന്നാണ് ഉണ്ടാക്കുന്നത്. എന്നുവച്ചാല്‍ മലനിരകളില്‍ നിന്നുള്ള ധാതു സമ്പുഷ്ടമായ പ്രകൃതിദത്ത നീരുറവകളില്‍ മിക്ക വയും മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പൈപ്പി ലേതെന്ന്. അത്ഭുതപ്പെടുത്തുന്ന രീതിയില്‍ രാസവസ്തുക്കളുടെ ഒരു നിരതന്നെ കുപ്പി വെള്ളത്തിലുണ്ടെന്നാണ് എന്‍വയോണ്‍മെന്റല്‍ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ പരിശോധനാ ഫലം കാണിക്കുന്നത്. സാധാരണ ടാപ്പ് വെള്ളത്തില്‍ കാണുന്ന അത്ര തന്നെ ക്ലോറിനേഷന്റെ വിഷ മുള്ള ഉപവസ്തുക്കളുള്‍പ്പടെ മറ്റ് രാസവസ്തുക്കളും പല ബ്രാന്‍ഡ് കുപ്പിവെള്ളത്തിലുമുണ്ട്. കുപ്പിവെള്ള വ്യവസായം സ്വയം അംഗീകരിച്ച മാലിന്യത്തിന്റെ തോതിലധികമാണ് അവര്‍ വില്‍ക്കുന്ന വെള്ളത്തിലെ മാലിന്യങ്ങള്‍.
ക്ലോറിന്‍, ഓര്‍ഗാനിക് കെമിക്കല്‍സ്, കീടനാ ശിനികള്‍ എന്നിവ നീക്കം ചെയ്യാന്‍ ചാര്‍ ക്കോള്‍ പ്രക്രീയയിലൂടെ മാലിന്യമുക്തമാക്കുന്ന രീതിയും ചില കമ്പനികള്‍ നടത്തുന്നുണ്ട്.   നൈട്രേറ്റ്, ഫഌറൈഡ്, ലെഡ് തുടങ്ങിയ ലോഹ ധാതുക്കള്‍ നീക്കം ചെയ്യാന്‍ ചാര്‍ക്കോള്‍ പ്രക്രീയയ്ക്കും കഴിയില്ല. അതി െനക്കാള്‍ ഉപരി ചാര്‍ക്കോള്‍ പ്രക്രീയയിലൂടെ ബാക്ടീരിയ ഉത്പാദിപ്പിക്കപ്പെടുമെന്നു സിഎ സ്ഇയും പറയുന്നു. ചാര്‍ക്കോള്‍ പ്രക്രീയ യ്‌ക്കൊപ്പം ഉപയോഗിക്കുന്ന കാര്‍ബണ്‍ ഫില്‍ ട്ടറുകളും അണുനശീകരണത്തില്‍ ഫലമുണ്ടാ ക്കില്ലെന്നും സിഎസ്ഇ വിശദമാക്കുന്നുണ്ട്.
പൈപ്പ് വെള്ളവും പുഴവെള്ളവും പരിശോ ധിക്കാറില്ലെങ്കിലും കുപ്പിവെള്ളം പരിശോധി ക്കുന്നുണ്ടെന്നാണ് കമ്പനികള്‍ അവകാശ പ്പെടുന്നത്. എന്നാല്‍, പരിശോധന ഫലത്തിന്റെ വിവരം കമ്പനികള്‍ പുറത്തുവിടുന്നില്ല എന്നുമാത്രം. മലകളിലെ അരുവികളില്‍ നിന്നുള്ള പരിശുദ്ധ ജലം എന്ന പേരില്‍ പരസ്യ പ്രചരണം കൊഴുപ്പിക്കുന്ന കമ്പനികള്‍ പൈപ്പുവെള്ളം ശുദ്ധിയാക്കി നിറച്ചു ജന ങ്ങളെ കുടിപ്പിക്കുന്ന കുപ്പിവെള്ളം എത്രമാത്രം ശുദ്ധമാണെന്നും പറയുന്നില്ല. അതിനിടെയാണ് ബിഐഎസ് മാനദണ്ഡമാക്കിയ അണുനശീ കരണ പ്രക്രിയയെ തന്നെ ചോദ്യം ചെയ്തു പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ബ്രഡിലെ കാന്‍സര്‍ വെള്ളത്തിലും

ബ്രഡിലും ബണ്ണിലും ഗുരുതരമായ രാസഘടനയായി കണ്ടെത്തിയ ബ്രോമേറ്റ് ഘടകങ്ങള്‍ പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ എന്ന കുപ്പിവെള്ളത്തിലും ഉണ്ടെന്നാണ് ലോകാ രോഗ്യ സംഘടന കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഇന്ത്യയിലെ കുപ്പിവെള്ളത്തിലെ രാസഘടനയെ കുറിച്ചു പഠനം നടത്തിയ ഭാഭ ആറ്റമിക് റിസര്‍ച്ച് സെന്ററിലെ ഹെല്‍ത്ത് ഫിസ്‌ക്‌സ് വിഭാഗവും ബ്രോമേറ്റിന്റെ അപകടകരമായ സാന്നിധ്യമുണ്ടെന്നു മുന്നറിയിപ്പ് നല്‍കി. ജി.ജി. പണ്ഡിറ്റിന്റെ നേതൃത്വത്തിലുള്ള എന്‍വയോണ്‍മെന്റല്‍ മോണിറ്ററിംഗ് ആന്റ് അസെസ്‌മെന്റ് സെക്ഷനാണ് 2015 ജനുവരി യില്‍ ഈ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ബ്രോമേറ്റ് ഘടകങ്ങള്‍ ശരീരത്തിനുള്ളില്‍ കടന്നാല്‍ കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും ഇതിനു പുറമേ കോശങ്ങളുടെ അമിത വളര്‍ച്ചയ്ക്കു കാരണ മാകുകയും അതു കാന്‍സറിനു വഴിയൊരു ക്കുകയും ചെയ്യും. യുഎസ് എന്‍വയോണ്‍ മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി നിശ്ചയിച്ചിരി ക്കുന്ന മാനദണ്ഡങ്ങളിലും 12 ശതമാനം ഉയര്‍ന്ന നിരക്കിലുള്ള ബ്രോമേറ്റ് ഘടകങ്ങളാണ് ഇന്ത്യയിലെ കുപ്പിവെള്ളത്തിലു ള്ളതെന്നു ഭാഭ ആറ്റമിക് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു ലിറ്ററില്‍ 10.7 മൈക്രോഗ്രാം എന്ന അനുവദനീയമായ അളവ് ബ്രോമേറ്റ് മാത്രമേ പാടുള്ളു എന്നാണു അന്താരാഷ്ട്ര സ്റ്റാന്‍ഡേര്‍ഡുകള്‍ നിര്‍ദേശിക്കുന്നത്. ബിഎആര്‍സി ഇന്ത്യന്‍ സാമ്പിളുകളില്‍ നടത്തിയ പരിശോധനയില്‍  ശരാശരി അളവ് ഒരു ലിറ്ററില്‍ 43 മൈക്രോഗ്രാമാണെന്നു കണ്ടെത്തി. ബിഐഎസ് അണുനശീകരണത്തിനായി നിര്‍ദേശിക്കുന്ന ഓസോണൈസേഷന്‍ എന്ന പ്രക്രിയയിലൂടെയാണ് ഈ ബ്രോമേറ്റ് അണുക്കള്‍ രൂപപ്പെടുന്നതെന്നും ലോകാരോഗ്യ സംഘടനയും ഭാഭ റിസര്‍ച്ച് സെന്ററും അടിവരയിട്ടു പറയുന്നു.

ബ്രോമേറ്റും ഓസോണൈസേഷനും

ഒരു ഹാലജന്‍ മൂലകമാണ് ബ്രോമിന്‍. ഒറ്റയ്ക്കു നിന്നാല്‍ വലിയ കുഴപ്പക്കാരനല്ലെങ്കിലും അണുനശീകരണത്തിനുള്ള രാസപ്രയോഗങ്ങളിലൂടെ ഇവന്‍ ബ്രോമേറ്റെന്ന ഭീകരനാകും. ജല ശുചീകരണത്തില്‍ മാത്രമല്ല, കീടനാശിനികള്‍, മരുന്നുകള്‍, വ്യവസായശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍, ചൂളകളില്‍ നിന്നു പുറന്തള്ളുന്നവ എന്നിവയിലൂടെയും ബ്രോമിന്‍ ബ്രോമേറ്റായി മാറ്റപ്പെടാറുണ്ട്. ഇതെല്ലാം ഉള്‍പ്പെടുന്ന പുഴവെള്ളമോ പൈപ്പുവെള്ളമോ ആണ് ഇന്ത്യയിലെ കുപ്പിവെള്ള വ്യവസായക്കാര്‍ കൂടുതലും ഉപയോഗിക്കുന്നതെന്നതിനാല്‍ ബ്രോമിന്‍ കൃത്രിമമായി ചേര്‍ത്തില്ലെങ്കിലും സ്വാഭാവികമായി കുപ്പിവെള്ളത്തിലെത്തും. ദ്രവാംശത്തിലുള്ള ബ്രോമിന്‍ തന്നെ വിഷാംശമുള്ളതാണ്. അതു ബ്രോമേറ്റും ബ്രോമേഡുമായി മാറുന്നതോടെ ഇതിന്റെ വിഷ തീവ്രത വര്‍ധിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
വെള്ളം ശുചിയാക്കുന്നതിനു റിവേഴ്‌സ് ഓസ്‌മോസിസ്, അള്‍ട്ര ഫില്‍ട്രേഷന്‍, ഓസോണൈസേഷന്‍, ഇലക്ട്രോളൈറ്റിക് രീതി എന്നിവയാണ് പൊതുവായി കുപ്പിവെള്ള വ്യവസായികള്‍ ഉപയോഗിക്കുന്നത്. അതില്‍ ഓസോണൈസേഷന്‍, സില്‍വര്‍ അയോണൈ സേഷന്‍ രീതികളാണ് ബിഐഎസ് ദേശീയ സ്റ്റാന്‍ഡേര്‍ഡ് മാനദണ്ഡമായി നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന്‍ പ്രകാരം ഓസോണൈസേഷനു വിധേയമാകുന്ന ബ്രോമിനുകള്‍ ബ്രോമേറ്റും ബ്രോമേഡുമായി മാറുന്നു. വെള്ളത്തില്‍ പൊട്ടാസ്യം, സോഡിയം ഘടകങ്ങളുണ്ടെങ്കില്‍ ബ്രോമേറ്റ് അവയുമായും ചേരും.
കുടിവെള്ളത്തില്‍ പരോക്ഷമായ രീതിയില്‍ പോലും വിഷാംശമുള്ള ഘടകങ്ങള്‍ പാടില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശിക്കുന്നത്. എന്നാല്‍, ബ്രോമേറ്റ് പൂര്‍ണമായി വെള്ളത്തില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളും അമേരിക്കയുമെല്ലാം ചേര്‍ന്ന് ബ്രോമേറ്റിന്റെ അളവ് 10 മൈക്രോഗ്രാം വരെ യാകാമെന്നു മാനദണ്ഡമുണ്ടാക്കി. ഓസ്‌ട്രേലിയയില്‍ അതു ലിറ്ററില്‍ 20 മൈക്രോഗ്രാമാണ്. എന്നാല്‍, അന്താരാഷ്ട്ര നിലവാരങ്ങള്‍ മാതൃകയാക്കു കയും പിന്‍തുടരുകയും ചെയ്യുന്ന ഇന്ത്യയില്‍ കുപ്പിവെള്ളത്തിലുള്ള ബ്രോമേറ്റിന്റെ കാര്യത്തില്‍ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്.

തനിയെ കുപ്പിയിലാകുന്ന ഭൂതം

ബ്രെഡിലും ബണ്ണിലും മാര്‍ദവവും മിനുസവും ഉണ്ടാകാന്‍ പൊട്ടാസ്യം ബ്രോമേറ്റ് കൃത്രിമമായി ചേര്‍ക്കുന്നതാണെങ്കില്‍ വെള്ളം ശുചിയാക്കി കഴിയുമ്പോഴേക്കും സ്വാഭാവികമായി പൊട്ടാ സ്യവുമായോ സോഡിയവുമായി ചേര്‍ന്ന ബ്രോമേറ്റ് കുപ്പിക്കകത്താകും. ഇത് ശരീരത്തിലെത്തുന്നതോടെ കോശങ്ങളെ ബ്രോമേറ്റ് പിടികൂടും. പിന്നീട് കോശങ്ങളുടെ അമിത വളര്‍ച്ചയ്ക്കു കാരണമാകും. ബ്രോമേറ്റിന്റെ ഒരു മൈക്രോഗ്രാം മൂലം 0.19 കിലോഗ്രാം ഭാരം ദിനംപ്രതി വര്‍ധിപ്പിക്കുമെന്നു ബിഎആര്‍സി വിശദമാക്കുന്നു.
മനുഷ്യന്റെയും മൃഗങ്ങളുടെയും ആമാശയവും കുടലുമാണ് ബ്രോമേറ്റിനെ വലിച്ചെടുക്കുന്നത്. അതുകൊണ്ടു തന്നെ ഉദരത്തെയും മൂത്രാശ യത്തെയാണ് ബ്രോമേറ്റ് പിടികൂടുന്നതെന്നും രോഗാവസ്ഥയിലെത്തിക്കുന്നതെന്നും  കണ്ടെ ത്തിയിട്ടുണ്ട്. ബ്രോമേഡാണെങ്കില്‍ കിഡ്‌നിയെ കൂടാതെ പാന്‍ക്രിയാസ്, ഉദരം, ചെറുകുടല്‍, പ്ലാസ്മ എന്നിവയെയും ബാധിക്കുന്നുണ്ട്. കിഡ്‌നിയിലെ ട്യൂമര്‍, തൈറോയ്ഡ് ഗ്രന്ഥിയിലെ വീക്കം എന്നിവയ്ക്കു പുറമേ ഉദരത്തിലെ കാന്‍സറിനും ഇതു കാരണമാകും.

മാനദണ്ഡങ്ങള്‍ നോക്കുകുത്തികളാകുന്നു

കുടിവെള്ളത്തിന്റേതാണെങ്കിലും കുപ്പിവെള്ളത്തിന്റേതാണെങ്കിലും വയറ്റിലോട്ടു പോകുന്നതിന്റെയെല്ലാം പരിശോധനയും നടപടിയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റേതാണ്. ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ ഐഎസ്‌ഐ, എഫ്എസ്എസ്എഐ, ബിഐഎസ് മാനദണ്ഡങ്ങളും മായം ചേര്‍ക്കല്‍ നിരോധന നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ പരാതികളിന്മേല്‍ നടപടിയെടുക്കണം. എഫ്എസ്എസ്എഐ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പവന്‍കുമാര്‍ അഗര്‍വാളിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍, പരാതികളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചു പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്നു കണ്ടെത്തിയാല്‍ പരിശോധന നടത്തും. വിദ ഗ്ധമായ പരിശോധന വേണമെങ്കിലും ഈ പ്രാഥമികമായ ക്രമക്കേടുകള്‍ കണ്ടെത്തേണ്ടതുണ്ട്. വയറ്റില്‍ നിന്നു പോകുന്നതു പരിശോധിക്കാന്‍ മുക്കിനു മുക്കിനു ലബോറട്ടറികളുണ്ടെങ്കിലും വയറ്റിലോട്ടു പോകുന്നതു പരിശോധിക്കാന്‍ ആവശ്യത്തിന് സംവിധാനങ്ങളില്ല.
വിദഗ്ധ പരിശോധനയിലേക്കു പോകുമ്പോഴാണ് മാനദണ്ഡങ്ങളുടെയും അതുണ്ടാക്കുന്നവരുടെയും കള്ളക്കളി പൊളിയുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് അടുത്തിടെ പുറത്തിറക്കിയ കുറിപ്പില്‍ ബ്രോമേറ്റിന്റെ കാര്യത്തില്‍ ഒരു തീര്‍പ്പുണ്ടാ ക്കുന്നതിനു പൊതുജനാഭിപ്രായം തേടിയി രിക്കുകയാണത്രേ. എന്നാല്‍, അണുനശീകരണ ത്തിനായി ബിഐഎസ് നടപ്പിലാക്കിയിരിക്കുന്ന മാനദണ്ഡമാണ് ഇക്കാര്യത്തില്‍ വിലങ്ങു തടിയായി നില്‍ക്കുന്നതെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കാന്‍സറിനു കാരണമാകുന്ന ബ്രോമേറ്റുകള്‍ ബിഐഎസിന്റെ സ്റ്റാന്‍ഡേര്‍ഡ് മാനദണ്ഡത്തിലുള്ള ഓസോണൈസേഷന്റെ പരിണിതഫലമാണെന്നു വ്യക്തമായിട്ടും മാന ദണ്ഡം മാറ്റുന്നതില്‍ ബിഐഎസ് വിമുഖത കാട്ടുന്നതാണ് ആരോപണത്തിനു കാരണമായിരി ക്കുന്നത്. രാസപരിശോധനയ്ക്കുള്ള വ്യക്തമായ മാനദണ്ഡങ്ങളും മാതൃകകളും പര്യാപ്തമാക്കു ന്നതില്‍ ഭരണകൂടം വേണ്ടത്ര ശ്രദ്ധ നല്‍കാത്തതാണു കുത്തക കമ്പനിക്കാര്‍ക്കു വേണ്ടി ഈ കള്ളക്കളി തുടരാന്‍ ഗുണനിലവാര നിര്‍മ്മാതാക്കളെയും പ്രേരിപ്പിക്കുന്നത്.
ആഗോള നിലവാരങ്ങള്‍ പലതും കര്‍ശനമായി നടപ്പിലാക്കിയിട്ടുള്ളതിനാല്‍ അണുനശീകരണ ത്തിനും വിഷാംശം നീക്കം ചെയ്യുന്നതിലും ഇതേ മാതൃക തുടരണമെന്ന നിര്‍ദേശമാണ് ഗുണനിലവാര നിര്‍മ്മാതാക്കള്‍ ഉപദേശിക്കുന്നത്. കുപ്പിവെള്ളത്തിന്റെയും സോഫ്റ്റ് ഡ്രിങ്കു കളുടെയും കാര്യത്തില്‍ ഇന്ത്യയില്‍ വലിയ തോതിലുള്ള നിയമ നടപടികളുണ്ടാകാത്തതിന്റെ പ്രധാന കാരണവും ഇതുകൊണ്ടു തന്നെ. എന്നാല്‍, ബ്രോമേറ്റിന്റെ അളവ് കൂടിയെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ആഗോള സോഫ്റ്റ് ഡ്രിങ്ക് നിര്‍മ്മാതാക്കളായ കൊക്കോ കോള 2004ല്‍ ബ്രിട്ടണ്‍, യുഎസ് എന്നിവിടങ്ങളില്‍ നിന്നു തങ്ങളുടെ ഉത്പന്നങ്ങള്‍ പിന്‍വലിച്ചിരുന്നു. 2006ല്‍ സ്പിംഗ് വാട്ടര്‍ എന്ന കമ്പനിയും ഇതേ രീതിയില്‍ ഉത്പന്നങ്ങള്‍ പിന്‍വലിച്ചാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ കടുത്ത നടപടിയില്‍ നിന്നു തലയൂരിയത്.

അഴകുള്ള കുപ്പിയില്‍ തെളിനീരില്ല

ദാഹം തോന്നുമ്പോള്‍ കുപ്പിയിലെ വെള്ളം വാങ്ങി കുടിക്കുകയും കിട്ടിയ കുപ്പിയില്‍ വെള്ളവും മറ്റ് പാനീയങ്ങളും മാറി മാറി ഉപയോഗിക്കുകയുമാണ് നമ്മുടെ ശീലങ്ങള്‍. കുട്ടികളാണെങ്കിലും മുതിര്‍ന്നവരാണെങ്കിലും പൊതിച്ചോറിനൊപ്പം ബാഗില്‍ വച്ചുകൊണ്ടു പോകുന്ന കുപ്പിയും മുറിക്കുള്ളില്‍ വെള്ളം സൂക്ഷിച്ചുവെക്കാനുള്ള കുപ്പിയുമെല്ലാം ഇത്തരത്തില്‍ എളുപ്പത്തില്‍ വാങ്ങിക്കുന്ന മിനറല്‍ വാട്ടര്‍/ സോഫ്റ്റ് ഡ്രിങ്കുകളുടെ കുപ്പികളാണ്. പെട്ടെന്നുള്ള ആവശ്യ നിവര്‍ത്തീകരണവും എളുപ്പത്തിലുള്ള ഉപയോഗവുമാണ് ഇതിന്റെ പ്രയോജനമായി നമ്മളെല്ലാം വാദിക്കുന്നത്. എന്നാല്‍, ഓരോ തവണ കുപ്പിവെള്ളം ഉപയോഗിക്കുമ്പോഴും മാറി മാറി വെള്ളം നിറച്ച് ഉപയോഗിക്കുമ്പോഴും കുപ്പിയുടെ വിലയേക്കാള്‍ വലിയ വിലയിലുള്ള ആരോഗ്യമാണ് നല്‍കിക്കൊണ്ടിരിക്കുന്നതെന്നു നമ്മള്‍ മറക്കുന്നു. അല്ലെങ്കില്‍ അറിയാതെ വലിയ രോഗങ്ങള്‍ കുപ്പിയിലൂടെ വാങ്ങുന്നു.
ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന സുതാര്യമായ കണ്ടെയ്‌നറുകളിലാവണം (ഐഎസ് 15410) കുടിവെള്ളം പായ്ക്ക് ചെയ്യേണ്ടതെന്നാണ് ബിഐഎസ് മാനദണ്ഡം. ഒരു തവണ ഉപയോഗിച്ചതിനു ശേഷം അതു റീസൈക്കിള്‍ ചെയ്തതിനു ശേഷമേ രണ്ടാമത് ഉപയോഗിക്കാവൂ. എന്നാല്‍, ലോകത്ത് പ്രതിവര്‍ഷം ഉത്പാദിപ്പിക്കപ്പെടുന്ന ഏകദേശം 25 ദശലക്ഷം കുപ്പികളില്‍ 80 ശതമാനവും റീസൈക്കിള്‍ ചെയ്യുന്നില്ല. ഇതുമൂലം ആവാസ വ്യവസ്ഥയെയും പരിസ്ഥിതിയെയും മാത്രമല്ല, മനുഷ്യ ശരീരത്തെയും നശിപ്പിക്കുന്ന വിപത്തുകളാണ് കുപ്പിയും വെള്ളവും ഉണ്ടാക്കുന്നതെന്നു വിവിധ പഠനങ്ങള്‍ തെളിയിക്കുന്നു.
മിനറല്‍ വാട്ടര്‍/ സോഫ്റ്റ് ഡ്രിങ്ക് കുപ്പികള്‍ മാത്രമല്ല, നമ്മള്‍ ഉപയോഗിക്കുന്ന പല പ്ലാസ്റ്റിക് കുപ്പികളും ആരോഗ്യത്തിനു ദോഷകരമാണ്. ആഗോള സ്റ്റാന്‍ഡേര്‍ഡുകള്‍ പ്രകാരം ഒന്നു മുതല്‍ ആറ് വരെയുള്ള പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍ പ്രകൃതിക്കു മാത്രമല്ല, ശരീരത്തിനു ദോഷ കരമാണെന്നു ലോക ആരോഗ്യ സംഘടന പല മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്. പെറ്റ് (പിഇടി അഥവാ പിഇടിഇ), പിവിസി (3വി), പിഎസ്, പിസി തുടങ്ങിയ ലേബലുകളിലുള്ള പ്ലാസ്റ്റിക് കുപ്പികളും കണ്ടെയ്‌നറുകളും കാന്‍സറിനു വരെ കാരണമാകുന്ന രാസപദാര്‍ഥങ്ങള്‍ പുറന്തള്ളുന്നുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.
പിവിസിയില്‍ അടങ്ങിയിരിക്കുന്ന അമിത അളവിലുള്ള ക്ലോറിന്‍, ഡയോക്‌സിന്‍സ് എന്നിവ ശരീരത്തിലെത്തിയാല്‍ പ്രത്യുത്പാദന ശേഷി, ശാരീരിക വളര്‍ച്ച എന്നിവയെ ബാധിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതു കാന്‍സറിനു വരെ കാരണമാകുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചായ, കാപ്പി കപ്പുകളാണ് പിഎസ് എന്ന ലേബലിലുള്ളവ. ഇവയുടെ ഉപയോഗത്തിലൂടെ കാന്‍സറിനു കാരണമാകുന്ന സ്റ്റിറന്‍ ശരീരത്തില്‍ പ്രവേ ശിക്കും. ഏറ്റവും ദോഷകരമായവ പിഎസ് വിഭാഗത്തിലുള്ളവയാണ്.

പിഇടി/പിഇടിഇ ബോട്ടിലുകള്‍

ഒരു തവണ ഉപയോഗിച്ചതിനു ശേഷം നശിപ്പിച്ചു കളയുന്ന കുപ്പികളാണ്  ബോട്ടിലുകള്‍ അഥവാ പിഇടിഇ ബോട്ടിലുകള്‍. പോളി എഥിലീന്‍ ടെറഫ്തലെറ്റ് എന്ന തെര്‍മോപ്ലാസ്റ്റിക് പോളി മറിലാണ് മിനറല്‍ വാട്ടര്‍/ സോഫ്റ്റ് ഡ്രിങ്കുകള്‍ നിറയ്ക്കുക. സുതാര്യവും ദൃഢമായതുമായ ഇവ ഓക്‌സിജനെ തടയാന്‍ കഴിയുന്നതും കാര്‍ബണ്‍ ഡയോക്‌സൈഡിനെ അടക്കി നിര്‍ത്തുന്നതുമാണ്. ചൂടേറ്റാല്‍ രൂപം മാറുന്ന ഈ തെര്‍മോ പ്ലാസ്റ്റിക് പോളിമര്‍ നിരന്തര ഉപയോഗത്തിലൂടെയും ഊഷ്മാവിലൂടെയും വിഘടിച്ച് ബിസ്ഫിനോള്‍ എ (ബിപിഎ) എന്ന രാസപദാര്‍ഥം പുറപ്പെടുവിക്കുന്നു. രൂക്ഷമായ ദോഷഫലങ്ങളുണ്ടാക്കുന്ന മനുഷ്യ നിര്‍മ്മിത രാസവസ്തുവാണ് ഇത്.
പെറ്റ് ബോട്ടിലുകളില്‍ ചൂടുവെള്ളം ഒഴിച്ചുവെക്കുകയോ വെള്ളം കുപ്പിയിലിരുന്നു ചൂടാവുകയോ ചെയ്താല്‍ ബിപിഎ ഉണ്ടാകും. കുപ്പി വെള്ളം ചൂടാകുമ്പോള്‍ പ്ലാസ്റ്റിക്കല്ല വെള്ളത്തില്‍ അലിയുന്നത്. ആ പ്ലാസ്റ്റിക്കില്‍ ചേര്‍ത്തിട്ടുള്ള മാരകമായ ചില കെമിക്കലുകള്‍ ആണ്. മിനറല്‍ വാട്ടറിന്റെ കുപ്പികള്‍ ഉപയോഗിച്ചതിനു ശേഷം നശിപ്പിക്കുക എന്നുള്ള ഔദ്യോഗിക മുന്നറിയിപ്പ് തള്ളിക്ക ളഞ്ഞു കൊണ്ട് നമ്മള്‍ ഇത്തരം കുപ്പികളില്‍ തണുത്ത വെള്ളവും ചൂടുവെള്ളവുമെല്ലാം സൂക്ഷിച്ചുവെയ്ക്കും. ചൂടായ വെള്ളത്തില്‍ നിന്നു 55 ശതമാനം വരെ ബിപിഎ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇതു ഉള്ളില്‍ പ്രവേശിക്കുന്നതിലൂടെ ശരീരത്തിലെ സ്വാഭാവിക ഹോര്‍മോണുകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. പ്രത്യുത്പാദന ശേഷി, ബുദ്ധിവികാസം എന്നിവയെ വിപരീതമായി ബാധിക്കുന്ന ഇവ ജനന വൈകല്യങ്ങള്‍ക്കും ഇടയാക്കുന്നു.
എന്‍വയോണ്‍മെന്റ് കാലിഫോര്‍ണിയ റിസര്‍ച്ച് ആന്‍ഡ് പോളിസി സെന്റര്‍ നടത്തിയ പഠനത്തില്‍ ബിപിഎ സ്ത്രീകള്‍ക്കു സ്തനാര്‍ബുദത്തിനും മൂത്രാശയ കാന്‍സറിനും കാരണമാകുന്നുണ്ടെന്നും പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ ലെവല്‍ കുറയ്ക്കുകയും ഗര്‍ഭച്ഛിദ്രത്തിനു സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ബ്രെയിന്‍ ട്യൂമറിനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പുരുഷന്മാരില്‍ വന്ധ്യതയ്ക്കു വരെ കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബിസ്ഫിനോള്‍ എയുടെ അളവ് വര്‍ധിക്കുന്നത് മൂലം ശരീരഭാരം ക്രമാതീതമായി വര്‍ധിക്കുമെന്നും താളം തെറ്റിയ കൂര്‍ക്കംവലി, അമിതമായി കൊഴുപ്പ് അടിയല്‍, കടുത്ത രക്തസമ്മര്‍ദ്ദം, പക്ഷാഘാതം, രക്തം കട്ടപിടിക്കല്‍, ആസ്തമ, ലിവര്‍ സിറോസിസ്, വന്‍കുടലിലെ കാന്‍സര്‍ എന്നിവയ്ക്കും സാധ്യതയുണ്ട്. പ്ലാസ്റ്റിക് കുപ്പികളില്‍ നിന്നു മാത്രമല്ല, മുനിസിപ്പാലിറ്റിയുടെ പൈപ്പ് വെള്ളത്തിലും ബിപിഎയുടെ അളവ് ക്രമാതീതമാണെന്നു കണ്ടെത്തിയിട്ടുണ്ട്.
പ്ലാസ്റ്റികിന്റെ സുപ്രധാന ഘടകമായ പോളി മറിന്റെ രൂപീകരണത്തിനുള്ള ഡീഈഥെയില്‍ ഹൈഡ്രോക്‌സിലാമിന്‍ (ഡിഇഎച്ച്എ) കാന്‍ സറിനു കാരണമാകുന്നുണ്ടെന്ന ഒരു പുതിയ ചര്‍ച്ച ആഗോള തലത്തില്‍ നടക്കുന്നുണ്ട്. എന്നാല്‍, ഈ വാദം അടിസ്ഥാന രഹിതമാണെന്ന വാദങ്ങളും കനേഡിയന്‍ കാന്‍സര്‍ സൊസൈറ്റി പോലുള്ള ഏജന്‍സികളും മുന്നോട്ടു വെയ്ക്കുന്നു. എന്നാല്‍, ആഗോള നിലവാരം ആറില്‍ കുറഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകളില്‍ ചൂടുവെള്ളവും തണുത്തവെള്ളവും വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് കാന്‍സറിനിടയാക്കുമെന്ന വാദം തള്ളിക്കളയാന്‍ ശാസ്ത്രലോകം തയാറായിട്ടില്ല.
അമേരിക്കന്‍ കെമിസ്ട്രി കൗണ്‍സില്‍ നടത്തിയ പഠനത്തില്‍ കുട്ടികളുടെ കുപ്പികളിലുള്ള ബിപിഎ ഗുരുതരമായ രോഗങ്ങളുണ്ടാക്കുന്നെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (യുഎസ് എഫ്ഡിഎ), യൂറോപ്യന്‍ യൂണിയന്‍, കാനഡ തുടങ്ങിയവര്‍ ബിസ്ഫിനോള്‍ നിര്‍മ്മിത കുപ്പി കള്‍ നിരോധിച്ചിരുന്നു. പോളിതെയ്‌ലന്‍ ടെറാഫ്തലറ്റ് എന്ന പെറ്റ് നിര്‍മ്മിത ഷീറ്റുകള്‍ കൊണ്ട് ഭക്ഷ്യപദാര്‍ഥങ്ങള്‍ പൊതിയുന്നതും പായ്ക്ക് ചെയ്യുന്നതും ജപ്പാനും നിരോധിച്ചിട്ടുണ്ട്.

കുപ്പിവെള്ളത്തട്ടിപ്പുകള്‍

ശാസ്ത്രീയമായ രീതിയിലുള്ള കുപ്പിവെള്ള തട്ടിപ്പുകള്‍ ആഗോള തലത്തില്‍ വ്യാപകമാ യിട്ടുണ്ടെങ്കിലും രാസപദാര്‍ഥങ്ങളുടെ ഘടക ങ്ങള്‍ മാറ്റിയുള്ള തട്ടിപ്പുകള്‍ ഇന്ത്യയില്‍ കുറവാണ്. പക്ഷേ, ആഗോള തലത്തിലുള്ള എല്ലാ പരീക്ഷണങ്ങളും അതേപടി അനുക രിക്കാനുള്ള അഭിവാഞ്ച ഇന്ത്യാക്കാര്‍ക്ക് വളരെയധികമായതിനാല്‍ കുപ്പിയിലെയും വെള്ളത്തിലെയും രാസപരീക്ഷണങ്ങള്‍ നമ്മുടെ രാജ്യത്തും വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണ്. അത്തരത്തിലുള്ള രസതന്ത്ര തട്ടിപ്പുകള്‍ ഇതിനോടകം രാജ്യത്ത് സംഭവിച്ചു തുടങ്ങിയെങ്കില്‍ തന്നെ അവ കണ്ടെത്താനുള്ള രാസപരിശോധന സംവിധാനങ്ങള്‍ വേണ്ടത്ര ഇല്ലാത്തതും അതിനു വേണ്ട മാനദണ്ഡങ്ങള്‍ ഉണ്ടാക്കാത്തതും തട്ടിപ്പുകള്‍ വര്‍ധിക്കുന്തോറും ആശങ്ക വര്‍ധിപ്പിക്കുന്നു.
ബിഐഎസ്, എഫ്എസ്എസ്എഐ നിര്‍ദേ ശിക്കുന്ന ഗുണനിലവാര സര്‍ട്ടിഫിക്കറ്റുകള്‍ നേടാനുള്ള പരിശോധനകള്‍ കാലാനുസൃതമായി നടക്കാറുണ്ടെങ്കിലും രാസപരിശോധനയുടെ ഫലങ്ങള്‍ യഥാസമയം പുറത്തുവിടാത്തതും പരിഹാര നിര്‍ദേശങ്ങള്‍ ജനങ്ങളെ ബോധ വത്കരിക്കാത്തതും തട്ടിപ്പുകള്‍ കൂട്ടാനി ടയാക്കുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന റെയില്‍ നീര്‍ എന്ന ഇന്ത്യന്‍ റെയില്‍വെയുടെ കുപ്പിവെള്ളത്തില്‍ വ്യാപക തട്ടിപ്പു നടന്നതു വലിയ കോളിളക്കത്തിനിടയാക്കിയിരുന്നു. ശുചീകരിക്കാത്ത പൈപ്പ് വെള്ളം കുപ്പി യിലാക്കിയവയില്‍ പോലും റെയില്‍ നീര്‍ എന്ന സീലും സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്കുകളും നല്‍കി വിറ്റഴിച്ചതു ആരോഗ്യം ഉറപ്പ് നല്‍കുന്ന അധികൃതരുടെ ഒത്താശയോടെയാണെന്നു സിബിഐ വലിയ വല വീശിയാണ് പുറത്തു കൊണ്ടുവന്നത്. റെയില്‍വെയുടെ ചട്ടങ്ങള്‍ മറികടന്ന് റെയില്‍ നീരിനു പകരം ഗുണനില വാര പരിശോധനകള്‍ പോലും നടത്താത്ത കമ്പനികളുടെ കുപ്പിവെള്ളം വാങ്ങി ട്രെയി നുകളില്‍ വിറ്റഴിച്ചതും വന്‍ വിവാദത്തിനിടയാക്കിയിരുന്നു.
ബിഐഎസ് നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പേരിനു വേണ്ടി പാലിച്ചു ലൈസന്‍സ് നേടുകയും പുതുക്കുകയും ചെയ്യുന്ന കമ്പനികള്‍ ശുചീകരണ പ്രക്രിയ അട്ടിമറിച്ച് കുപ്പിവെള്ളം നിര്‍മ്മിക്കുന്ന തട്ടിപ്പും വ്യാപകമാണ്. ഉപയോഗിച്ച കുപ്പി വേണ്ടവിധത്തില്‍ നശിപ്പിക്കാതെ ഉപേക്ഷിക്കുന്നവ ശേഖരിച്ച് എവിടെ നിന്നെങ്കിലും കിട്ടുന്ന തെളിഞ്ഞവെള്ളം കുപ്പിയിലാക്കി വില്‍ക്കുന്ന കച്ചവടക്കാരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

ചില പരിഹാര നിര്‍ദേശങ്ങള്‍

ബിസ്ഫിനോള്‍ എ എന്ന രാസപദാര്‍ഥം കൂടുതലും മിനറല്‍ വാട്ടര്‍/ സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലുകളിലും പ്ലാസ്റ്റിക് കാനുകളിലും ഭക്ഷ്യപദാര്‍ഥങ്ങളുടെ പായ്ക്കറ്റുകളിലുമാണ് കണ്ടെത്തിയിട്ടുള്ളതിനാല്‍ അവ ഒഴിവാക്കണമെന്ന നിര്‍ദേശമാണ് ലോക ആരോഗ്യ സംഘടനയും ആഗോള കാന്‍സര്‍ വിമുക്ത ഏജന്‍സികളും മുന്നോട്ടു വയ്ക്കുന്നത്.
  • പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍ക്കു പകരം സ്റ്റീല്‍, ഗ്ലാസ് കണ്ടെയ്‌നറുകള്‍ വ്യാപകമാക്കുക.
  • പ്ലാസ്റ്റിക് ബോട്ടിലുകളിലുള്ള കുടിവെള്ളം വാങ്ങി ഉപയോഗിക്കാതിരിക്കുക. സ്റ്റീല്‍ ബോട്ടിലുകള്‍ സൂക്ഷിക്കുകയാണ് ഏറ്റവും ഉത്തമം.
  • പരമാവധി തിളപ്പിച്ച വെള്ളം ഉപയോഗിക്കുന്നതാണ് ഉത്തമം.
  • അത്യാവശ്യത്തിനു കുപ്പിവെള്ളം ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഉപയോഗിച്ച ശേഷം രണ്ടാമത് ഉപയോഗിക്കാനാവാത്ത വിധം കുപ്പി നശിപ്പിക്കുക.
  • ഐഎസ്‌ഐ/ ബിഐഎസ് മാര്‍ക്ക് കുപ്പിയിലുണ്ടെന്നും കുപ്പി നല്ലതുപോലെ സീല്‍ ചെയ്തതാണെന്നും ഉറപ്പു വരുത്തുക.
  • ഉത്പാദിപ്പിച്ച തീയതി അധികം കഴിയാത്ത കുപ്പിവെള്ളം മാത്രം ഉപയോഗിക്കുക. എക്‌സപയറി ഡേറ്റിലേക്ക് അടുക്കുന്തോറും അത് കഴിഞ്ഞാലും കുപ്പിയിലെ വെള്ളത്തില്‍ രാസപദാര്‍ഥങ്ങളുടെ അളവ് വര്‍ധിക്കാനിടയുണ്ട്. കടയുടെ വെളിയില്‍ കെട്ടിത്തൂക്കിയിരിക്കുന്ന, ചൂടേറ്റ വെള്ളം വാങ്ങി കുടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
  • ഭക്ഷണം കൊണ്ടുപോകാനും സൂക്ഷിച്ചുവയ്ക്കാനും പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
  • പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്കു വാങ്ങിക്കൊടുക്കാതിരിക്കുക.

Posted by vincent