കുമ്പളങ്ങിയിലെ ദേശവും മനുഷ്യരും
August 13, 2024
എന്‍ പി മുരളീകൃഷ്ണന്‍
തറവാട്ടില്‍ പിറന്നതിന്റെ അന്തസ്സും മഹിമയും ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്ന ഒരു ശീലം ഇടക്കാലത്ത് മലയാള സിനിമയ്ക്കുണ്ടായിരുന്നു. പ്രത്യേകിച്ചും മലയാള സിനിമ ആള്‍ക്കൂട്ടക്കൂത്തായി മാറിയ തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ ആദ്യ ദശകത്തിലും. അന്നത്തെ പല സിനിമകളും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലും അവയുടെ ഭൂമികയിലുമെല്ലാം ഈ സവിശേഷ സ്വഭാവം നിലനിന്നു പോന്നു. ഇത് കാണികളില്‍ പുതിയൊരു കാഴ്ചശീലവും തങ്ങളുമായി യാതൊരു തരത്തിലും ബന്ധിപ്പിക്കാന്‍ കഴിയാത്ത പുതിയൊരു തരം സവര്‍ണരും അമാനുഷികരുമായ മനുഷ്യരെയും വെള്ളിത്തിരയില്‍ സൃഷ്ടിക്കാനും ഇടയാക്കി. തങ്ങളുടെ വീട്ടകവും വീട്ടുപരിസരവുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണക്കാരന് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ നിരന്തരം ചെയ്ത് ആളുകളില്‍ അത്ഭുതത്തിന്റെയും ആരാധനയുടെയും വീരരസം പകര്‍ന്ന് താരരൂപങ്ങളായി നിലകൊണ്ട അതിമാനുഷ്യരില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ മലയാള സിനിമയ്ക്ക് ഏറെക്കാലമെടുക്കേണ്ടി വന്നു. പൂര്‍ണമായും ഇപ്പോഴും വിടുതി നേടാനുമായിട്ടില്ല. അവസരം കിട്ടുമ്പോഴെല്ലാം ഈ കുല, വീര പുരുഷന്മാര്‍ അവതാരപ്പിറവിയെടുത്തു കൊണ്ടേയിരിക്കുന്നു. ഇത് സിനിമയി ലും സമൂഹപരിസരത്തും ഒരുപോലെയാണ്. അനുകൂല സാമൂഹിക സാഹചര്യങ്ങള്‍ വരുമ്പോഴാണ് അകമേ അധികം ആഴത്തിലല്ലാതെ വേരോടിക്കിടക്കുന്ന സവര്‍ണ, പുരുഷ ചിന്താഗതികളും മേല്‍ക്കോയ്മകളുമെല്ലാം മറനീക്കി പുറത്തുവരുന്നത്. മധു സി.നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സിലേതു പോലെ ഒട്ടുമേ കുലമഹിമയില്ലാതെ, വ്യത്യസ്ത തന്തമാര്‍ക്കും തള്ളമാര്‍ക്കും പിറന്ന മക്കള്‍, ഒരു തുരുത്തിലെ പുറംവാതില്‍ പോലുമില്ലാത്ത ചായം പൂശാത്ത ചെറുകൂരയില്‍ കലഹിച്ചും സ്‌നേഹിച്ചും, കുടിച്ചും വലിച്ചും നാട്ടുനടപ്പ് തെറ്റിച്ച് ഇഷ്ടപ്പെട്ട പെണ്ണുങ്ങളെ കൂടെക്കൊണ്ടുവന്നു പൊറുപ്പിക്കുന്നതും പ്രമേയമാക്കി സിനിമ ചെയ്യുന്നതു ചിന്തിക്കാനുള്ള ശേഷി പോലും മേല്‍പ്പറഞ്ഞ കാലത്തെ മുഖ്യധാരാ സിനിമയ്ക്കില്ലായിരുന്നു. അങ്ങനെ ചിന്തിക്കാനും അതിനെ ജനപ്രിയമാക്കി അവതരിപ്പിക്കാനും കഴിയുന്നു എന്നതാണ് പുതുകാല മലയാള സിനിമയുടെ ഏറ്റവും ഗുണപരമായ മാറ്റം. നേരത്തെപറഞ്ഞ തറവാട്ടു സിനിമകളിലെ തറനിരപ്പില്‍ തൊടാത്ത മനുഷ്യരുടെ ചെയ്തികളും സംഭാഷണങ്ങളും കണ്ടും കേട്ടും അന്തം വിട്ടിരിക്കേണ്ടിവന്ന ഹതഭാഗ്യരായ കാണികളായിരുന്നു ഏറെക്കാലം നമ്മള്‍.
കുമ്പളങ്ങി നൈറ്റ്‌സില്‍ എത്തുമ്പോഴാകട്ടെ അതിലെ നെപ്പോളിയന്റെ മക്കളെയും അവരുടെ വീടും അവര്‍ ചെയ്യുന്ന ജോലികളും അവരുടെ ജോലിയില്ലായ്മയും സംസാരവും തമാശയും പ്രണയവും സങ്കടങ്ങളുമെല്ലാം അടുത്തറിയാനും നമ്മളെത്തന്നെ ബന്ധപ്പെടുത്താനുമാകുന്നു. തിയേറ്റര്‍ വിട്ടിറങ്ങിയാലും സജിയും ബോണിയും ബോബിയും ഫ്രാങ്കിയുമെല്ലാം വേമ്പനാട്ടു കായലിന്റെ തീരത്ത് കുമ്പളങ്ങിയിലോ പള്ളിത്തോടോ കായലില്‍ വലയെറിഞ്ഞോ തോണി തുഴഞ്ഞോ ഏതെങ്കിലും തുരുത്തില്‍ ആരോടെങ്കിലും വര്‍ത്തമാനം പറഞ്ഞിരിക്കുകയോ ചെയ്യുന്നുണ്ടെന്ന് തോന്നും. യാഥാര്‍ഥ്യത്തോട് അത്രയും ചേര്‍ന്നുനിന്നാണ് മധു സി.നാരായണനും ശ്യാം പുഷ്‌കരനും ഷൈജു ഖാലിദും കുമ്പളങ്ങിയെന്ന ദേശത്തെയും അവിടത്തെ സാധാരണക്കാരായ മനുഷ്യരെയും അവതരിപ്പിച്ചിരിക്കുന്നത്. സങ്കീര്‍ണതകളിലേക്കും ബാഹ്യലോകത്തിലേക്കും ഉപകഥകളിലേക്കും പോകാതെ ഒരു ദേശത്തിലേക്കു മാത്രം ചുരുങ്ങുന്നതിന്റെ എല്ലാ വലുപ്പവും സൗന്ദര്യവും കുമ്പളങ്ങിക്കുണ്ട്. രണ്ടു തരം മനുഷ്യരെയാണ് ശ്യാം പുഷ്‌കരന്‍ കുമ്പളങ്ങി നൈറ്റ്‌സില്‍ എഴുതി വയ്ക്കുന്നത്. ഫഹദ് അവതരിപ്പിക്കുന്ന ഷമ്മി ശരാശരി മലയാളി ആണധികാര ബോധത്തിന്റെ പ്രതിനിധി തന്നെയാണ്. ഞാനാണ് വീടിന്റെയും വീട്ടിലെ പെണ്ണുങ്ങളുടെയും സര്‍വ്വനാഥന്‍, എന്റേതാണ് അവസാന വാക്ക് എന്ന് അയാള്‍ ഉറച്ചു വിശ്വസിക്കുന്നു. പെണ്ണുങ്ങള്‍ കൂടുതലായൊന്നും പറയേണ്ട, അതിന് ഇവിടെ ആണുങ്ങളുണ്ട് എന്നാണ് ഷമ്മി പറയുന്നത്. സദാ ഒരുങ്ങി, മീശയും മുടിയും ചീകി വെട്ടിയൊതുക്കി സുന്ദരപുരുഷനായി നടക്കുന്ന അയാളെ ഭരിക്കുന്നതാകട്ടെ പ്രാകൃത വികാരങ്ങള്‍ മാത്രമാണ്. ഇതുപോലുള്ള മനുഷ്യരെ നമ്മുടെ സാമൂഹിക ചുറ്റുപാടിലാകെ കാണാം. പുറമേയ്ക്ക് സുന്ദര, മാന്യ രൂപങ്ങള്‍. അകമേ നവോത്ഥാനത്തിന്റേയോ പുരോഗമനത്തിന്റെയോ വെളിച്ചമെത്തുകയോ മാറ്റങ്ങളെ തിരിച്ചറിയുകയോ ഉള്‍ക്കൊള്ളുകയോ ചെയ്യാനാകാത്തവര്‍.
ഇനി നെപ്പോളിയന്റെ മക്കളാകട്ടെ തറനിരപ്പില്‍ തൊട്ട് മനുഷ്യന്റെ ഉള്ളറിഞ്ഞ്, സകലതിനെയും സ്‌നേഹത്തോടെ സ്വീകരിക്കാന്‍ തക്ക വലിയ മനസ്സുള്ളവരാണ്. പുറമേ നിന്ന് ഷമ്മിയുടെ അടക്കമുള്ളവരുടെ നോട്ടത്തില്‍ നെപ്പോളിയന്റെ പിള്ളേര് തല്ലിപ്പൊളികളും അടുപ്പിക്കാന്‍ കൊള്ളാത്തവരും യാതൊരു കുലമഹിമയും പേറാത്തവരും വെളിപ്പറമ്പില്‍ താമസിക്കുന്നവരുമാണ്. നല്ല ചിരി കുടുംബത്തിന്റെ സൂര്യ
പ്രകാശമെന്ന പ്രയോഗത്തോട് ചേര്‍ന്നു നില്‍ക്കുമ്പോഴാകട്ടെ നെപ്പോളിയന്റെ പുറംവാതിലില്ലാത്ത വീടിനു തന്നെയാണ് ഷമ്മിയുടെ അടച്ചുറപ്പും ഭംഗിയുമുള്ള വീടിനേക്കാള്‍ തിളക്കം. നല്ല കുടുംബങ്ങള്‍ക്ക് ഒരു സംസ്‌കാരമുണ്ട് അത് നമ്മള്‍ കാത്തു സൂക്ഷിക്കണം എന്ന ബോബിയുടെ പറച്ചിലിന് സംസാരശേഷിയില്ലാത്ത ബോണിയിലൂടെ സിനിമ നല്‍കുന്ന മറുപടി മലയാളി സമൂഹത്തിന്റെ കപട സദാചാര ബോധത്തിനാകെയുള്ളതാണ്. ശരാശരി ജീവിത നിലവാരത്തിന് താഴെയുള്ള ഭൂരിപക്ഷ മലയാളികളുടെ പ്രതിനിധികളാണ് നെപ്പോളിയന്റെ മക്കള്‍. അവര്‍ക്ക് അതിസമ്പന്നരാകണമെന്നോ വീടിന്റെ വലുപ്പത്തിലോ വാഹനത്തിലോ പണത്തിലോ മറ്റുള്ളവരുമായി മത്സരിക്കണമെന്നോ ഇല്ല. അന്നന്നത്തെ ഭക്ഷണവും അതിനുള്ള ഉപാധിയുമാണ് അവരെ സംബന്ധിച്ച് വലിയ കാര്യം. അടിപിടി കൂടുമെങ്കിലും അവരുടെ പിണക്കങ്ങള്‍ അധികനേരം നീളില്ല. തുറന്ന സംസാരവും ചിരിയും തന്നെയാണ് അവര്‍ക്കിടയില്‍ ‘എന്റെ മുരിങ്ങമരച്ചോട്ടിലെ വലിയ ആകാശം’ എന്ന സങ്കല്പം തീര്‍ക്കുന്നത്.
സോഫയില്‍ തേങ്ങ കാര്‍ന്നു തിന്ന് കിടന്ന് സിനിമാ വാരിക വായിക്കുന്ന മനുഷ്യന്‍ മുതല്‍ ഒരുവേള മനോനില തെറ്റിയെന്ന തോന്നലില്‍ ‘എന്നെയൊന്ന് ഡോക്ടറുടെയടുത്ത് കൊണ്ടുപോകാമോ’യെന്ന് അനിയനോട് ചോദിക്കുകയും പിന്നീട് ഡോക്ടറുടെ നെഞ്ചില്‍ മുഖമമര്‍ത്തി പൊട്ടിക്കരയുന്ന ഏറ്റവും ഒറ്റപ്പെട്ട മനുഷ്യന്റേതടക്കമുള്ള നിരവധിയായ സ്വാഭാവിക ഭാവങ്ങളുള്ള സജിയുടെ മുഖവും ശരീരവുമാണ് ഈ സിനിമയിലെ കഥാപാത്ര സൃഷ്ടിയുടെ പ്രബലമായ മാനുഷിക മുഖം. സൗബിന്‍ ഷാഹിര്‍ എന്ന നടന്‍ സ്‌ക്രീനില്‍ വരുമ്പോഴെല്ലാം ചിരി പ്രതീക്ഷിച്ച് അതിന് തയ്യാറെടുക്കുന്ന ഓഡിയന്‍സിന് സജിയിലൂടെ അയാള്‍ പകരം നല്‍കുന്നത് നിയന്ത്രിതാഭിനയത്തിന്റെ അസാധാരണ മുഖമാണ്. താന്‍ മൂലം കൊല്ലപ്പെടുന്ന കൂട്ടുകാരന് ജീവിതത്തിലൂടെ ചെയ്യാന്‍ കഴിയുന്ന ഏറ്റവും ഉദാത്തമായ കര്‍മ്മം അശരണയായ അവന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും സംരക്ഷണം ഏറ്റെടുക്കുക എന്നതാണ്. അവരുമായി തോണി തുഴഞ്ഞ് തന്റെ വീട്ടിലേക്ക് വരുന്ന സജിയില്‍ മനുഷ്യരൂപം പൂണ്ട മാലാഖയെ തന്നെയാണ് കാണാനാകുക. ബോബിയുടെയും ബേബിയുടെയും പ്രണയം മാമൂലുകള്‍ക്കും ഒത്തുതീര്‍പ്പുകള്‍ക്കുമപ്പുറത്തെ സാധാരണക്കാരന്റെ ജീവിതത്തിന്റെ വേരാഴമുള്‍ക്കൊള്ളുന്നതാണ്. ഒരു പെണ്‍കുട്ടിക്ക് കയറിച്ചെല്ലാന്‍ പറ്റാത്ത വീട് എന്നു സ്വന്തം വീട്ടുകാര്‍ കൂടി പറയുമ്പോഴും അവള്‍ക്ക് പ്രണയിയിലും അവര്‍ക്കിടയിലെ പ്രണയത്തിലും അവന്റെ വീട്ടിലും വിശ്വാസമുണ്ട്. അനാഥത്വത്തിന്റെയും നിരാശയുടെയും സ്‌നേഹനിരാസത്തിന്റെയും ഒറ്റപ്പെടലിന്റെയും ഉള്ളുലയ്ക്കുന്ന തീഷ്ണമായ അനുഭവങ്ങളിലൂടെയാണ് ഇതിലെ കഥാപാത്രങ്ങളോരോന്നും കടന്നുപോകുന്നത്. കലഹിച്ചും സേന്ഹിച്ചും അതീസങ്കീര്‍ണ്ണമായ മാനസികാവസ്ഥകളിലൂടെ കടന്നുപോകുന്ന ഈ വിചിത്രസാഹോദര്യത്തിലെ ഒരോ മനുഷ്യരും കേരളീയ ജീവിതത്തില്‍ അത്യസാധാരണമല്ല. കൃത്യമായൊരു പൈതൃകം അവകാശപ്പെടാനില്ലാത്തതിന്റെയും പാരമ്പര്യമില്ലാത്തതിന്റെയും തൊഴില്‍ രാഹിത്യത്തിന്റെയും ഒക്കെ പ്രശ്‌നങ്ങളെ നേരിടുന്ന അപൂര്‍വ്വ സഹോദര്യം അതീജീവനത്തിനായി നടത്തുന്ന ശ്രമത്തിന്റെ ഭാഗമായി ധാനകേന്ദ്രത്തില്‍ കഴിയുന്ന അമ്മയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരാനുള്ള ശ്രമം നടത്തുണ്ട്. പക്ഷേ അമ്മയില്‍ നിന്നും അനുകൂലമായ പ്രതികരണമല്ല മക്കള്‍ക്ക് ലഭിക്കുന്നത്. ചെറുപ്പം മുതല്‍ തങ്ങള്‍ക്ക് ലഭിക്കാതെ പോയ മാതൃസേന്ഹം അവരില്‍ നിന്ന് വീണ്ടും ദൈവവിശ്വാസത്തിന്റെ അകത്തളങ്ങളിലേക്ക് അകന്നുപോകുന്നതിന്റെ വൈരുദ്ധ്യവും ഈ സിനിമയില്‍ നമുക്കു കാണാം. മണ്ണിലേക്കും മനുഷ്യനിലേക്കും പ്രാദേശികതയിലേക്കും കൂടുതല്‍ വേരുകളാഴ്ത്തി ഇറങ്ങിച്ചെല്ലുന്നതിലൂടെയാണ് സിനിമ അതിന്റെ വിതാനം കൂടുതല്‍ വലുതാക്കുന്നത്. അങ്ങനെയാണ് കലാസൃഷ്ടിക്ക് കാലത്തിനും ദേശത്തിനും ഭാഷയ്ക്കുമപ്പുറത്തേക്ക് സഞ്ചരിക്കാനുമാകുന്നത്. ചില കാഴ്ചകള്‍ സാമൂഹികമായ അവബോധങ്ങളിലേയ്ക്കും ജീവിതയാഥാത്ഥ്യങ്ങളുടെ തനിമയാര്‍ന്ന സാധരണത്വങ്ങളിലേക്കും നമ്മെ കൂട്ടികൊണ്ടുപോകും. ഈയൊരു സവിശേഷത കുമ്പളങ്ങി നൈറ്റ്‌സിലുടനീളം തെളിഞ്ഞു കാണാം. ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, സൗബിന്‍ ഷാഹിറിന്റെ പറവ, രാജീവ് രവിയുടെ കമ്മട്ടിപ്പാടം തുടങ്ങി അടുത്ത കാലത്തിറങ്ങിയ പല മുഖ്യധാരാ മലയാള സിനിമകള്‍ക്കും ഇതേ പ്രത്യേകത അവകാശപ്പെടാനാകും.
Posted by vincent