August 9, 2024
കെ കെ ശൈലജ ടീച്ചര്‍
കുഷ്ഠരോഗം നമ്മുടെ സംസ്ഥാനത്ത് പ്രതിവര്‍ഷം 500 ലേറെ പേര്‍ക്ക് പിടിപെടുന്നു എന്ന വസ്തുത അതിശയോക്തിയല്ല. ഒരു പക്ഷേ കുഷ്ഠരോഗത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ വീക്ഷണം തന്നെയാകാം ഇതിന് കാരണം. കുഷ്ഠരോഗം എന്നുകേള്‍ക്കുമ്പോള്‍ ജനങ്ങളുടെ മനസ്സില്‍ ആദ്യം എത്തുന്നത് അംഗവൈകല്യം ബാധിച്ച കൈകാലുകളില്‍ വ്രണങ്ങളോടുകൂടിയ വിരൂപനായ മനുഷ്യനെയാണ്. അതുകൊണ്ടുതന്നെ ഈ രോഗത്തെക്കുറിച്ച് സമൂഹത്തില്‍ അറപ്പും വെറുപ്പും ഉണ്ടാവുക സ്വാഭാവികം. ചുരുങ്ങിയകാലത്തെ ചികിത്സകൊണ്ട് പരിപൂര്‍ണ്ണമായും ഭേദമാക്കാവുന്ന രോഗമാണ് കുഷ്ഠം എന്ന് നാം തിരിച്ചറിയണം. വായു വഴി പകരുന്ന ഈ രോഗത്തിന്റെ പകര്‍ച്ചാശേഷി വളരെ കുറവാണ്. അറ്റുപോയ കൈവിരലുകളും വ്രണങ്ങള്‍ നിറഞ്ഞ പാദങ്ങളും ചികിത്സ ലഭിക്കാത്ത രോഗികള്‍ക്കോ , വൈകി മാത്രം ചികിത്സ ആരംഭിച്ച രോഗികള്‍ക്കോ സംഭവിച്ചതാവാം.
മറ്റ് പകര്‍ച്ച വ്യാധികളെ പോലെ കൃത്യമായ ചികിത്സ കൊണ്ട് പൂര്‍ണ്ണമായി മാറ്റാവുന്ന രോഗമാണ് കുഷ്ഠരോഗം. മൈക്കോ ബാക്ടീരിയം ലെപ്രെ എന്ന ഒരിനം ബാക്ടീരിയയാണ് ഈ രോഗത്തിന് കാരണം. രോഗി തുമ്മുകയോ , ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ രോഗാണുക്കള്‍ വായുവില്‍ പ്രവേശിക്കുന്നു. ഇപ്രകാരം രോഗാണുക്കള്‍ അടങ്ങിയ വായു ശ്വസിക്കുന്ന ഒരാള്‍ക്ക് രോഗം വരാം. എന്നാല്‍ ഈ രോഗാണുക്കളുടെ രോഗസംക്രമണ ശക്തി വളരെ കുറവായതിനാലും സമൂഹത്തിലെ 90 % ആളുകളിലും ഈ രോഗത്തിനെതിരെയുള്ള പ്രതിരോധ ശേഷിയുള്ളതിനാലും ഈ രോഗം പെട്ടെന്ന് മറ്റുള്ളവര്‍ക്ക് പിടിപെടുകയില്ല. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ രോഗലക്ഷണം പ്രത്യക്ഷപ്പെടാന്‍ സാധാരണയായി 3 മുതല്‍ 5 വര്‍ഷം വരെ വേണ്ടിവന്നേക്കാം. സ്പര്‍ശന ശേഷി കുറഞ്ഞതോ ഇല്ലാത്തതോ ആയ നിറം മങ്ങിയതോ, ചുവന്നതോ ആയ പാടുകളാണ് കുഷ്ഠരോത്തിന്റെ പ്രാരംഭ ലക്ഷണം. ചൊറിച്ചിലോ വേദനയോ അനുഭവപ്പെടാത്തതുകൊണ്ട് മിക്കവാറും ഈ പാടുകള്‍ ശ്രദ്ധിക്കപ്പെടാറില്ല.
ത്വക്ക്, ഞരമ്പുകള്‍ എന്നീ ഭാഗങ്ങളെയാണ് കുഷ്ഠരോഗം പ്രധാനമായും ബാധിക്കുന്നത്. ചൂട് , തണുപ്പ് , വേദന ഇവ അറിയുവാനുള്ള കഴിവ് രോഗിക്ക് നഷ്ടപ്പെടുന്നു. മുറിവുകളും പരിക്കുകളും ശ്രദ്ധിക്കപ്പെടാതെ പോയാല്‍ അത് ക്രമേണ അംഗവൈകല്യത്തിനും വൈരൂപ്യത്തിനും കാരണമാകുന്നു.
കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന രംഗത്ത് നിര്‍ണ്ണായകമായ നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനമാണ് കേരളം. കുഷ്ഠരോഗത്തിന്റെ പ്രിവലന്‍സ് നിരക്ക് 1987 ല്‍ പതിനായിരത്തിന് 6.51 ആയിരുന്നു എങ്കില്‍ ഇന്ന് അത് 0.2 ആയി കുറക്കുവാന്‍ കഴിഞ്ഞു. എന്നാല്‍ 2016-17 ല്‍ പുതുതായി കണ്ടുപിടിച്ച 496 രോഗികളില്‍ 36 പേര്‍ കുട്ടികളും 65 പേര്‍ കുഷ്ഠരോഗം മൂലം ദൃശ്യമായ വൈകല്യം ബാധിച്ചവരും ആണെന്ന വസ്തുത വിസ്മരിക്കുക സാധ്യമല്ല. ഈ യാഥാര്‍ഥ്യബോധം ഉള്‍ക്കൊണ്ടുകൊണ്ട് സര്‍ക്കാര്‍ വ്യക്തമായ ദിശാബോധത്തോടെ കര്‍മ്മ പദ്ധതി ആസൂത്രണം ചെയ്ത് നടത്തിവരികയാണ്. കുഷ്ഠരോഗത്തിന്റെ പ്രിവലന്‍സ് നിരക്ക് കുറയ്ക്കുക , കുട്ടികളിലെ കുഷ്ഠരോഗത്തിന്റെ നിരക്ക് കുറയ്ക്കുക , കുട്ടികള്‍ക്ക് കുഷ്ഠരോഗം മൂലം ഉണ്ടാകാവുന്ന അംഗവൈകല്യത്തെ പ്രതിരോധിക്കുക തുടങ്ങിയവയാണ് പദ്ധതി ലക്ഷ്യങ്ങള്‍.
കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന രംഗത്ത് 2020 ഓടുകൂടി തന്നെ ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ആരോഗ്യവകുപ്പ് സമഗ്രമായ പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കിവരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളിലേയും അങ്കണവാടികളിലെയും കുട്ടികളെ ത്വക്ക് രോഗ പരിശോധനയ്ക്കു വിധേയമാക്കുകന്നതിനും ഒപ്പം തീരപ്രദേശങ്ങളിലും നഗരചേരികളിലും ഗോത്രവര്‍ഗ്ഗ മേഖലകളിലും താമസിക്കുന്നവരെയും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരെയും പരിശോധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. കൂടാതെ അന്യസംസ്ഥാന തൊഴിലാളികളെ പരിശോധിച്ച് ചികിത്സ ലഭ്യമാക്കുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി എസ് ഡി ജിയുടെ ഭാഗമായി നടപ്പിലാക്കിവരുന്നു. കുഷ്ഠരോഗം മൂലം അംഗവൈകല്യം സംഭവിച്ചവരുടെ വൈകല്യം കുറയ്ക്കുന്നതിനായി ഞലരീിേെൃൗരശേ്‌ല ടൗൃഴലൃ്യ(ഞഇട) തികച്ചും സൗജന്യമായി നടത്തുന്നു എന്ന് മാത്രമല്ല ഞഇടന് വിധേയരായുള്ള രോഗികള്‍ക്ക് സാമ്പത്തിക ആനുകൂല്യമായി 8000 രൂപയും നല്‍കിവരുന്നു.
കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന രംഗത്തെ ഏറ്റവും വലിയ വെല്ലുവിളി രോഗനിര്‍ണ്ണയം തന്നെയാണ് വളരെ സാവധാനം മാത്രം വ്യാപിക്കുന്നതും ചൊറിച്ചിലോ വേദനയോ ഇല്ലാത്തതുമായ പാടുകളെയും , സ്പര്‍ശന ശേഷി ഇല്ലായ്മ , മരവിപ്പ് എന്നിവയും രോഗിക്ക് പ്രാരംഭത്തില്‍ യാതൊരു അസൗകര്യവും ഉണ്ടാകുന്നില്ല എന്നതിനാല്‍ ഈ ലക്ഷണങ്ങളെ പലപ്പോഴും അവഗണിക്കുന്നതായാണ് സാധാരണ കണ്ടുവരുന്നത്. ഈ അലംഭാവം പ്രാരംഭത്തിലെ രോഗനിര്‍ണ്ണയം നടത്തുന്നത് അസാധ്യമാക്കുന്നു എന്ന് മാത്രമല്ല രോഗം അംഗവൈകല്യത്തിലേയ്ക്ക് നയിക്കുകയും രോഗപകര്‍ച്ചാ സാധ്യത സമൂഹത്തില്‍ നിലനില്‍ക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. തൊലിപ്പുറത്തുണ്ടാകുന്ന എല്ലാ നിറവ്യത്യാസങ്ങളെയും പാടുകളെയും മരവിപ്പുകളെയും പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണെന്ന ബോധം സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചാല്‍ കുറഞ്ഞകാലം കൊണ്ട് രോഗപ്പകര്‍ച്ച ഇല്ലാതാക്കാനും കുഷ്ഠരോഗത്തെ സമൂഹത്തില്‍ നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്യുവാനും സാധിക്കും. കുഷ്ഠരോഗനിര്‍ണ്ണയവും ചികിത്സയും സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളിലും തികച്ചും സൗജന്യമായാണ് ലഭ്യമാക്കുന്നത്.
സാമൂഹ്യ സാമ്പത്തിക പാരിസ്ഥിതിക മേഖലകളിലെ സുസ്ഥിരവികസന ലക്ഷ്യങ്ങളില്‍ ഏറ്റവും പ്രാധാന്യം നല്‍കിയിരിക്കുന്ന മേഖലകളിലൊന്നാണ് ആരോഗ്യമേഖല. യു.എന്‍.ഒ17 സുസ്ഥിരവികസന ലക്ഷ്യങ്ങളില്‍ മൂന്നാമത്തെ ലക്ഷ്യമായി പറഞ്ഞിരിക്കുന്നത് ആരോഗ്യമേഖലയുടെ പുരോഗതിയെക്കുറിച്ചാണ്. ഇവയില്‍ കേരളം കൈവരിക്കേണ്ട ലക്ഷ്യങ്ങള്‍ നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മുന്തിയ പരിഗണനയാണ് നല്‍കിയിരിക്കുന്നത്.
അതുകൊണ്ടുതന്നെ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്.
സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതിന് സംസ്ഥാനം പുലര്‍ത്തുന്ന പ്രതിബദ്ധതയ്ക്കുപരി ഒരു വികസിത രാജ്യമായി മാറുന്നതിനുള്ള തയ്യാറെടുപ്പിലായിരിക്കുന്ന നമ്മുടെ നാട്ടില്‍ കുഷ്ഠരോഗം മൂലം വൈകല്യമുള്ള തലമുറ ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് അഭിമാനാര്‍ഹമായ കാര്യമല്ല. ഈ യാഥാര്‍ഥ്യബോധം ഉള്‍ക്കൊണ്ട് ലക്ഷ്യബോധത്തോടെ സന്നദ്ധ സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും ആരോഗ്യവകുപ്പിനോടൊപ്പം കൈകോര്‍ക്കുകയാണെങ്കില്‍ വരും തലമുറയെ അലട്ടുന്ന രോഗങ്ങളില്‍ കുഷ്ഠരോഗം ഉള്‍പ്പെടുകയില്ല എന്ന് നിസംശയം നമുക്ക് പറയുവാന്‍ സാധിക്കും.
Posted by vincent