Mar 17 2025, 2:14 PM +91 94476 83169 arogyappachamasika@gmail.com

Arogyappacha

കേരളത്തിന്റെ ആരോഗ്യ മാതൃക തകര്‍ന്നതെങ്ങനെ?

കേരളത്തിന്റെ ആരോഗ്യ മാതൃക തകര്‍ന്നതെങ്ങനെ?

കേരളത്തിന്റെ ആരോഗ്യ മാതൃക തകര്‍ന്നതെങ്ങനെ?

August 6, 2024

സി.ആര്‍.നീലകണ്ഠന്‍

കേരളം സാമൂഹ്യവികസന സൂചകങ്ങളില്‍ അത്ഭുതമാതൃക സൃഷ്ടിച്ച സംസ്ഥാനമാണല്ലോ. വിദ്യാഭ്യാസത്തോടൊപ്പം ആരോഗ്യനിലവാരവും ഈ മാതൃകയുടെ പ്രധാന ഘടകമാണ്. ഏറ്റവും കുറഞ്ഞ ശിശുമരണനിരക്ക്, പ്രസവത്തില്‍ മരിക്കുന്ന സ്ത്രീകളുടെ എണ്ണം എന്നിവയ്‌ക്കൊപ്പം സ്ത്രീപുരുഷന്മാരുടെ ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യവും ഇതില്‍ പെടുന്നു. ഇന്ത്യയിലെ ഒരു സംസ്ഥാനവും നമ്മുടെ തൊട്ടടുത്തുണ്ടായിരുന്നില്ല. വളരെ കുറഞ്ഞ പ്രതിശീര്‍ഷവരുമാനമുണ്ടായിട്ടും വികസനസൂചകങ്ങള്‍ ഉയര്‍ന്നതായിരിക്കുന്നതെങ്ങെനെ എന്ന ചോദ്യം ലോകത്തിന്റെ പല ഭാഗത്തുമുള്ള സാമ്പത്തിക സാമൂഹ്യശാസ്ത്ര പഠിതാക്കളുടെ സജീവ ശ്രദ്ധാവിഷയമായി. ഇതിനെ ഒരു  മാതൃകയെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ ഡോക്ടര്‍ അമര്‍ത്യാസെന്‍ പോലും ഇത് പ്രത്യേകമായ ഒരനുഭവമാണെന്നു സമ്മതിച്ചു. ഇതിനു നിരവധി സാഹചര്യങ്ങള്‍  ഉണ്ടെന്ന് വാദിക്കാമെങ്കിലും ഏറ്റവും പ്രധാന കാരണമായി അമര്‍ത്യാസെന്‍ ചൂണ്ടിക്കാട്ടിയത് ഇവിടെ നടന്ന പൊതു ഇടപെടലുകളാണ്. സമൂഹത്തിന്റെ താഴെത്തട്ടില്‍ വരെ എത്തുന്ന സാമൂഹ്യനവോത്ഥാനപ്രസ്ഥാനങ്ങള്‍ ആരോഗ്യമേഖലയുടെ സംരക്ഷണവലയം വളരെ വിപുലമാക്കി. ഇവിടെ വളര്‍ന്നുവന്ന പൊതുബോധവും പൊതു ആരോഗ്യസംവിധാനങ്ങളും ആരോഗ്യരക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു ശക്തി പകര്‍ന്നു. ഏതു വിഭാഗത്തില്‍പ്പെട്ട മനുഷ്യര്‍ക്കും ആരോഗ്യരക്ഷ നല്‍കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ തുടങ്ങി പലതട്ടുകളില്‍ ആ സംവിധാനങ്ങള്‍ പടര്‍ന്നു കിടന്നു.
എന്നാല്‍ ഇന്നത്തെ കേരളത്തില്‍ നിന്ന് നോക്കുമ്പോള്‍ നമ്മുടെ മുന്നിലുള്ള ചിത്രം എന്താണ്?  അത്യന്താധുനിക സംവിധാനങ്ങളോട് കൂടിയ  ആശുപത്രികള്‍ ഇന്ന് കേരളത്തിലെങ്ങും കാണാം. ചായക്കടകളെക്കാള്‍ മരുന്നുകടകള്‍  വ്യാപകമായവയാണ് നമ്മുടെ ഗ്രാമങ്ങള്‍ പോലും. ഇംഗ്ലീഷ്ചികിത്സ മാത്രമല്ല ആയുര്‍വേദം, ഹോമിയോ, യുനാനി, സിദ്ധ തുടങ്ങി അംഗീകാരമുള്ളവയും ഇല്ലാത്തവയുമായ ഒട്ടനവധി ആരോഗ്യരക്ഷാസ്ഥാപനങ്ങള്‍ നാട്ടിലാകെ ഉണ്ട്. ആതുരാലയങ്ങള്‍ വര്‍ധിക്കുന്നത് ഒരു സമൂഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നതിന്റെ സൂചനയാണോ? ഇന്ത്യയിലാകെ ഉപയോഗിക്കുന്ന ഇംഗ്ലീഷ് മരുന്നുകളുടെ 25 ശതമാനത്തോളം 3 ശതമാനം പോലും ജനസംഖ്യയില്ലാത്ത കേരളത്തിലാണ്. ഇന്ത്യയില്‍ ഏറ്റവും അധികം ആയുര്‍വേദ മരുന്നുകള്‍ ഉണ്ടാക്കുന്നവരും ഉപയോഗിക്കുന്നവരും നമ്മള്‍ തന്നെ. ഇന്ന് ഒട്ടു മിക്ക കുടുംബങ്ങളുടെയും ആരോഗ്യരക്ഷണച്ചിലവ് ഭക്ഷണച്ചിലവിന്റെ പലമടങ്ങാണ് എന്ന് കാണാം. ഇതും വികസനസൂചികയായി കാണാന്‍ കഴിയുമോ? നമ്മുടെ ചികിത്സ ചെലവ് ഇത്രയും വര്‍ധിച്ചതിനുള്ള ഒരു പ്രധാന കാരണം പൊതു ആരോഗ്യസംവിധാനങ്ങളുടെ തകര്‍ച്ചയാണെന്നുള്ള സത്യം മറച്ചുവക്കാന്‍  കഴിയില്ല. അങ്ങേയറ്റം വ്യാപാരവല്‍ക്കരിക്കപ്പെട്ട ഒന്നാണ് ഇന്ന് നമ്മുടെ ആരോഗ്യസംവിധാനം. അതില്‍ നടക്കുന്ന വഞ്ചനകളും തട്ടിപ്പുകളും വിവരിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നില്ല.

ലോകത്തിലെ മുന്നോക്ക രാജ്യങ്ങളെന്നറിയപ്പെടുന്ന വ്യവസായവത്കൃത സമൂഹങ്ങളില്‍ വ്യാപകമായിക്കാണുന്ന ഏതാണ്ടെല്ലാരോഗങ്ങളും കേരളത്തില്‍ വ്യാപകമാണ്. പ്രമേഹം ഇന്ന് 30 വയസ്സിനു മേലുള്ളവരില്‍ അഞ്ചിലൊന്നിനുണ്ട്. ഹൃദ്രോഗം, കൊഴുപ്പ്, അമിതവണ്ണം, രക്തസമ്മര്‍ദ്ദം, കിഡ്‌നി സംബന്ധമായ രോഗങ്ങള്‍, ഇവക്കെല്ലാം പുറമെ അര്‍ബുദം അല്‍ഷിമേഴ്‌സ്, എയ്ഡ്‌സ്, പാര്‍ക്കിസണ്‍സ് … സമ്പന്നരുടെ എല്ലാ രോഗങ്ങളിലും നാം മുന്നിലാണ്. ഇതും വികസനസൂചകമായി കരുതാമെന്ന്   വാദിക്കുന്നവര്‍ ഒരു നിമിഷം കാത്ത് നില്‍ക്കുക. ഇതോടൊപ്പം തന്നെ അതി ദരിദ്രസമൂഹങ്ങളില്‍ മാത്രം കാണുന്ന ഒട്ടനവധി പകര്‍ച്ചപ്പനികളും വയറിളക്കരോഗങ്ങളും മറ്റു ജലജന്യരോഗങ്ങളും മലമ്പനിയും ചില പ്രദേശങ്ങളിലെങ്കിലും രക്തക്കുറവും എല്ലു തേയ്മാനവും ഗോയ്റ്റര്‍ തുടങ്ങിയ രോഗങ്ങളും വ്യാപകമാണ്. അപ്പോള്‍ കേരളം വികസിത സമൂഹമെന്ന് പറയുന്നതെങ്ങനെ? എങ്ങനെ സമ്പന്ന ദരിദ്രസമൂഹങ്ങളിലെ രോഗങ്ങള്‍ക്കെല്ലാം വിളനിലമായി കേരളം മാറി? ഇത്തരമൊരന്വേഷണം ഇവിടെ ആരും നടത്തുന്നില്ല. പ്രത്യേകിച്ചും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് അവരെ ഭരിക്കാന്‍ നിയോഗിക്കപ്പെടുന്നവര്‍. വസ്തുനിഷ്ഠമായി ഈ പ്രശനം പരിഹരിക്കാന്‍ അവര്‍ ശ്രമിക്കാത്തതെന്തുകൊണ്ട്? ഇത്തരമൊരു സങ്കീര്‍ണാവസ്ഥ തങ്ങള്‍ക്കു ലാഭകരമായതിനാലാണോ? അല്ലെന്നു വാദിക്കാന്‍ ബുദ്ധിമുട്ടാണ്. ഇത് പരിഹരിക്കാന്‍ നാം ചില ത്യാഗങ്ങള്‍ ചെയ്യേണ്ടിവരും. ഇന്നും വികസനമെന്ന് നാം കരുതുന്ന പലതും വിനാശമാണെന്നു അംഗീകരിക്കേണ്ടിവരും. രോഗം വരുന്നത് തടയലാണ് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതെന്ന ഇംഗ്ലീഷ് പഴമൊഴി നാമെല്ലാം ആവര്‍ത്തിക്കും. പക്ഷെ പഴമൊഴി ആയതിനാല്‍ ഇന്ന് അംഗീകരിക്കില്ല എന്ന് മാത്രം.

ചികിത്സാ ചെലവ് കൂടാനുള്ള  കാരണം നമുക്കിന്നറിയാം. പക്ഷെ മലയാളി ഇത്രമാത്രം രോഗാതുരമായതെങ്ങനെ? കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും ജലസമൃദ്ധിയും ജൈവ വൈവിദ്ധ്യവും നമ്മുടെ നാടിനെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റിയിരുന്നു. അത് നമ്മുടെ ആരോഗ്യത്തെ സംരക്ഷിച്ചിരുന്നു. ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യവും അതുവഴി പോഷകമൂല്യമുള്ള ശുദ്ധഭക്ഷണവും ഒരു സമൂഹത്തിന്റെ ആരോഗ്യത്തിനു എത്രമാത്രം പ്രധാനമാണെന്ന് ഇന്ന് ആരും പഠിപ്പിക്കേണ്ടതില്ല. വായു മലിനമായാല്‍ അത് ആസ്ത്മയടക്കമുള്ള നിരവധി ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്നു. കുട്ടികളെയും വൃദ്ധരെയുമാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. നഗരങ്ങളില്‍ ഇത് വളരെ മോശമായ അവസ്ഥയിലാണ്. ദില്ലിയും മറ്റു നിരവധി വടക്കേ ഇന്ത്യന്‍ നഗരങ്ങളും നേരിടുന്നത്രക്കു നമ്മള്‍ എത്തിയിട്ടില്ല എന്നേയുള്ളു. വാഹനങ്ങളും ചൂളകളും താപനിലയങ്ങളും ഫാക്ടറികളും മറ്റും പുറത്തുവിടുന്ന വിഷവാതകങ്ങളും പൊടിയും സൂക്ഷ്മ പദാര്‍ഥങ്ങളുമാണ് വായുവിനെ മലിനമാക്കുന്നത്. നിര്‍മാണമേഖലയുടെ വളര്‍ച്ചക്കനുസരിച്ച് പൊടിപടലങ്ങളുടെ അളവും കൂടുന്നു.
ജലത്തിന്റെ വിഷയം എടുത്താല്‍ ഇതിനേക്കാള്‍ ദുരന്തപൂര്‍ണമായ ചിത്രമാണ് ലഭിക്കുക. 3000 മി.മി. മഴ ശരാശരി വര്‍ഷം തോറും ലഭിച്ചിരുന്ന കേരളത്തില്‍ ഇന്ന് ഏറ്റവും വില്പന ഉറപ്പുള്ള ഒരു ഉല്പന്നമായി ശുദ്ധജലം മാറിയിരിക്കുന്നു. കാല്‍ നൂറ്റാണ്ട് മുമ്പ് കുടിവെള്ളം കുപ്പിയിലാക്കി വ്യാപകമായി വില്‍ക്കുന്ന ഒരു സംസ്ഥാനമായി കേരളം മാറുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ ജനങ്ങള്‍ പുച്ഛിക്കുമായിരുന്നു. തിരുവാതിര ഞാറ്റുവേലയില്‍ നമുക്കുണ്ടായിരുന്ന ഉറച്ച വിശ്വാസമാണല്ലോ പണ്ട് പറങ്കികളോട് വെല്ലുവിളി നടത്താന്‍ സാമൂതിരിക്കു ധൈര്യം നല്‍കിയത്. എന്നാല്‍ ഇന്ന് കേരളത്തിലെ എല്ലാ നദികളും ഭൂരിപക്ഷം കിണറുകളും കുളങ്ങളും വറ്റിയും മലിനമായും കയ്യേറ്റം ചെയ്യപ്പെട്ടും  നശിച്ചിരിക്കുന്നു. വനനശീകരണം, അണക്കെട്ടുകള്‍, നഗരവല്‍ക്കരണം, കെട്ടിട നിര്‍മാണം, കയ്യേറ്റങ്ങള്‍… നീണ്ട വികസനപട്ടികകളാണ് നമ്മുടെ കുടിവെള്ളം   മുട്ടിച്ചത്. ഫാക്ടറികള്‍ തുടങ്ങി ആരാധനാലയങ്ങളും കടന്നു അറവുശാലകള്‍ വരെ ജലസ്രോതസ്സുകള്‍ മലിനമാക്കുന്നതില്‍ മത്സരിക്കുന്നു. നദിക്കരയിലുള്ള പാടങ്ങള്‍ നികത്തുന്നതും കുന്നിടിക്കുന്നതും നദിയെയും ചുറ്റുമുള്ള പ്രദേശങ്ങളെയും വരള്‍ച്ചാബാധിതമാക്കുന്നു. അനേക കാലം മുമ്പ് പ്രകൃതി തന്നെ ശേഖരിച്ചുവച്ചിരിക്കുന്ന ഭൂഗര്‍ഭജലം കൂടി നാം ഊറ്റിക്കഴിഞ്ഞിരിക്കുന്നു. ജലം വില്പനച്ചരക്കാകുമ്പോള്‍, പൊതുസ്രോതസ്സുകള്‍ എന്നത് അര്‍ത്ഥമില്ലാത്തതാകുന്നു. സമ്പത്ത് കുറഞ്ഞവര്‍ക്ക് ലഭിക്കാവുന്ന ജലത്തിന്റെ അളവും ശുദ്ധിയും കുറയുന്നു. ജലവില്പന പ്രകൃതിയില്‍ ഉണ്ടാക്കുന്ന ദുരന്തങ്ങള്‍ വേറെ. ജലജന്യരോഗങ്ങള്‍, വയറിളക്കമടക്കമുള്ളവ പകരുന്നതിന്റെ കാരണം ജലക്ഷാമവും മലിനീകരണവുമാണ്. കിഡ്‌നി തകരാറുകള്‍ക്കും ഇത് വഴിവെയ്ക്കുന്നു. ഭൂഗര്‍ഭജലനിരപ്പു താഴ്ന്നാല്‍ പലവിധ പ്രശ്‌നങ്ങള്‍ ഉണ്ടാകും. കടലില്‍ നിന്നും അനേക കിലോമീറ്റര്‍ ഉപ്പുവെള്ളം അകത്തേക്ക് കയറി മൊത്തം ജലാശയങ്ങളെയും ഉപ്പുവെള്ളമാക്കുന്നു. ഒപ്പം ഭൂമിയുടെ അടിത്തട്ടിലുള്ള ഖനലോഹങ്ങള്‍ ( ആഴ്‌സെനിക് മുതലായ) വിഷ ലോഹങ്ങള്‍ ജലത്തില്‍ കലര്‍ന്നാല്‍ പിന്നെ അത് ശുദ്ധീകരിക്കാന്‍ കഴിയില്ല. തലച്ചോറിനടക്കം മാരകരോഗങ്ങള്‍ പടരാന്‍ ഇത് വഴിവെയ്ക്കുന്നു. പക്ഷെ മേല്പറഞ്ഞ വിനാശകരമായ വികസനപദ്ധതികളോ ഫാക്ടറികളോ വാഹനങ്ങളോ വേണ്ടെന്നു പറഞ്ഞാല്‍, ഒരു വികസനവും വേണ്ടേ എന്ന ചോദ്യം വരും. എന്നാല്‍ വികസനം എന്നതില്‍ മനുഷ്യര്‍ക്ക് ശുദ്ധജലവും ശുദ്ധവായുവും ഉറപ്പാക്കുന്നതിന് എന്തെങ്കിലും സ്ഥാനമുണ്ടോ?  ഇവ നഷ്ടമായാല്‍ പിന്നെ മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും നിലനില്‍പ്പ് തന്നെ അപകടത്തിലാകില്ലേ? നിലനില്‍ക്കാത്തവര്‍ക്കു എന്ത് വികസനം? ഇത്തരം ചോദ്യങ്ങളെ നാം അവഗണിക്കുന്നു. പക്ഷെ ഇത്തരം ഇടപെടലുകള്‍ വഴി ഒട്ടനവധി പേര്‍ക്ക് നാശം ഉണ്ടാകുമെങ്കിലും ചെറിയൊരു വിഭാഗത്തിന് വലിയ ലാഭം നേടാന്‍ അവസരമൊരുങ്ങുന്നു. ഹരിതകേരളം, പരിസ്ഥിതി സംരക്ഷണം എന്നൊക്കെ വലിയവായില്‍ പ്രസംഗിക്കുന്നു. എന്നാല്‍ പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം പരിസ്ഥിതിയെ നശിപ്പിക്കുന്നവയുമാകുന്നു.

കേരളത്തിന്റെ പാരിസ്ഥിതിക ദുരന്തങ്ങളെപ്പറ്റിയും അവയ്ക്കുള്ള പരിഹാരങ്ങളെപ്പറ്റിയും ഗഹനമായ ശാസ്ത്രീയ പഠനങ്ങള്‍ നടത്തിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോട് നമ്മുടെ അധികാര കേന്ദ്രങ്ങള്‍ (മതവും രാഷ്ട്രീയവുമടക്കം) എടുത്ത നിലപാട് നാം മറന്നു കൂടാ. കേരളത്തിന്റെ ജലഗോപുരമാണ് പശ്ചിമഘട്ടം എന്ന് അതില്‍ പറഞ്ഞതിനെ പുച്ഛത്തോടെ ഇവരെല്ലാം തള്ളി. നമ്മുടെ കാലാവസ്ഥ, ജലലഭ്യത, പുഴ, കൃഷി, കയറ്റുമതി പ്രാധാന്യമുള്ള ചായ, കാപ്പി, സുഗന്ധദ്രവ്യങ്ങള്‍ മുതലായവയുടെ ഉത്പാദനം, വൈദ്യുതി, ഭക്ഷണം, ടൂറിസം, മത്സ്യോത്പാദനം തുടങ്ങി ആയുര്‍വേദം വരെ ആ മലനിരകളെ ആശ്രയിച്ചാണ് നിലനില്ക്കുന്നതെന്ന വസ്തുത അറിയാത്തവരൊന്നുമല്ല ഗാഡ്ഗിലിന്റെ കാലു തല്ലി ഓടിക്കണം എന്ന് വരെ അലറി വിളിച്ചത്. ഏതു കര്‍ഷകരുടെ പേരില്‍ ഇവര്‍ അക്രമസമരം നടത്തിയോ അവര്‍ തന്നെ ആയിരിക്കും പശ്ചിമഘട്ട മലനിരകള്‍ നശിച്ചാല്‍ അതിന്റെ പ്രധാന ഇരകളും എന്ന സത്യം സമര്‍ത്ഥമായി മറച്ചു പിടിക്കപ്പെട്ടു. ആ മലനിരകളെ തകര്‍ക്കുന്ന ഖനന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അല്പമൊന്നു നിയന്ത്രിക്കണമെന്ന ആവശ്യം പോലും തള്ളപ്പെട്ടു. പാടം  നികത്തുന്നതിനെതിരായ നിയമങ്ങള്‍ ഉണ്ടാക്കി എന്നത് ശരി. എന്നാല്‍ അത് നടപ്പാക്കാന്‍ വേണ്ട ഡാറ്റ ബാങ്ക് ഉണ്ടാക്കാന്‍ എട്ടു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും  കഴിയാത്തതെന്തുകൊണ്ട് എന്ന് ചിന്തിച്ചാല്‍ തന്നെ ഒരു പ്രതീക്ഷയും ഇല്ലെന്നു ബോധ്യപ്പെടും. ഏതു സമഗ്ര സമീപനങ്ങളെയും ഒറ്റപ്പെട്ട ചില ഉദാഹരങ്ങള്‍ കാട്ടി പരാജയപ്പെടുത്താന്‍  നമുക്കാകുന്നു. എന്നാല്‍ പാരിസ്ഥിതിക സംതുലനം എന്നത് ഒരു സമഗ്രവീക്ഷണം കൊണ്ട് മാത്രം സാധ്യമാകുന്ന ഒന്നാണ്. ഇതെല്ലാം സമൂഹത്തെ രോഗാതുരമാക്കുന്നു.

ഇനി നമുക്ക് ഭക്ഷണത്തിലേക്കു വരാം. മലയാളിയുടെ ഭക്ഷണശീലങ്ങളില്‍  വന്ന മാറ്റം, ഉദരം വ്യഥിമന്ദിരം എന്ന ആയുര്‍വേദ സൂക്തത്തിന്റെ നല്ല ഉദാഹരണമാണ്. ഇന്ന് നാം കഴിക്കുന്ന ഭക്ഷണത്തിന്റെ അവസ്ഥ എന്താണ്? മണ്ണിന്റെ നാശം കൃഷിയെ തകര്‍ത്തിരുന്നു. ഭക്ഷ്യക്ഷാമം പരിഹരിക്കാനെന്നപേരില്‍ നാം നടപ്പിലാക്കിയ ഹരിതവിപ്ലവം ഇന്ന് അതിന്റെ ഉപജ്ഞാതാക്കളാല്‍ തന്നെ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. മണ്ണും വെള്ളവും വായുവും ഭക്ഷ്യ ശൃംഖലയും തുടങ്ങി മനുഷ്യരുടെയും മറ്റു ജന്തുക്കളുടെയും ശരീരമാകെ വിഷമയമാക്കിയിരിക്കുന്നു. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഒരു ദുരന്തം തന്നെയായി മുന്നില്‍ നില്‍ക്കുമ്പോള്‍ ആറ് പതിറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ റേച്ചല്‍ കാഴ്‌സണ്‍ , നിശബ്ദമാക്കപ്പെടുന്ന വസന്തങ്ങള്‍  എന്നെഴുതിയത് അര്‍ഥപൂര്‍ണമാക്കുന്നു. വിഷമയമല്ലാത്തതെന്നു ഉറപ്പിച്ചു ഒരമ്മക്ക് കുഞ്ഞിന് സ്വന്തം മുലപ്പാല്‍ പോലും കൊടുക്കാന്‍ കഴിയുന്നില്ല. എന്‍ഡോസള്‍ഫാനും കാസര്‍കോടും മാത്രമല്ല പ്രശനം എന്ന് നാം തിരിച്ചറിയുന്നില്ല. കുടല്‍ രോഗങ്ങളും അര്‍ബുദങ്ങളും അല്‍ഷിമേഴ്‌സും തുടങ്ങി വന്ധ്യത വരെ ഉണ്ടാകുന്നതിനു കാരണമാകുന്നു എന്ന് പറയുന്ന പഠനങ്ങളെ നമ്മില്‍ ചിലരെങ്കിലും പുച്ഛിച്ചു തള്ളുന്നു.
പകര്‍ച്ചപ്പനികള്‍ക്കെതിരെ നാം പ്രയോഗിക്കുന്ന പല ആന്റിബയോട്ടിക്കുകളും ഇന്ന് ഫലപ്രദമാകാത്തതെന്തുകൊണ്ട്? മനുഷ്യന്‍ ചെടികളില്‍ പ്രയോഗിക്കുന്ന കീടനാശിനികളില്‍ അഞ്ച് ശതമാനം മാത്രമേ കീടങ്ങളില്‍ എത്തുന്നുള്ളു. ബാക്കി ഇലകളും പൂക്കളും കായ്കളും ജലവും ജലജീവികളും മറ്റുമൃഗങ്ങളും പക്ഷികളുമെല്ലാംവഴി നമ്മിലേക്കുത്തന്നെ തിരിച്ചു വരുന്നു. കീടനാശിനികള്‍ക്കനുസരിച്ചു ജനിതകമായി സ്വയം രൂപഭേദം വരുത്തപ്പെട്ട കീടങ്ങളെ കീഴടക്കാന്‍ നാം പുതിയ കീടനാശിനികള്‍  തേടുന്നു. കീടങ്ങള്‍ക്ക് രൂപഭേദം വരാന്‍ ആഴ്ചകള്‍ മതി. എന്നാല്‍ അവയെ കണ്ടെത്തി പുതിയ കീടനാശിനികള്‍ നിര്‍മ്മിക്കാന്‍ പല മാസങ്ങളെങ്കിലും എടുക്കുന്നു. ഇന്ന് കീടങ്ങളും കീടനാശിനികളും തമ്മിലുള്ള മത്സരത്തില്‍ പ്രകൃതിയുടെ പിന്തുണയുള്ള കീടങ്ങള്‍ വിജയിക്കുന്നു. കീടനാശിനിയുടെ ദുരന്തങ്ങള്‍ നാം പേറുന്നു.  ഈ ശക്തമായ കീടനാശിനിയുടെ അന്തരീക്ഷത്തില്‍ വളര്‍ന്നു വരുന്ന പുതിയ തരം വൈറസ്സുകളോടും മറ്റും നാം പ്രയോഗിക്കുന്ന  ശക്തി കുറഞ്ഞ ആന്റിബയോട്ടിക്കുകള്‍ പരാജയപ്പെടുന്നതില്‍ എന്തത്ഭുതം? ചികിത്സ തന്നെ ഫലപ്രദമല്ലാതാകുന്നു. നാമിപ്പോള്‍ ജൈവകൃഷിയെപ്പറ്റി  വാചാലരാകുന്നു. ഭക്ഷ്യകൃഷിയില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ ശ്രമിക്കുന്നു. അതുകൊണ്ടായില്ല. പക്ഷെ സോപ്പും തുണികളും പാത്രങ്ങളും  തറയും മറ്റും വൃത്തിയാക്കുന്ന രാസവസ്തുക്കളെല്ലാം തന്നെ കീടനാശിനിയുടെ അംശം ഉള്ളവയാണ്. അവയും മണ്ണിലേക്കും വെള്ളത്തിലേക്കും ഒഴുകി എത്തുന്നു.

ജൈവവൈവിധ്യത്തിന്റെ നാശം നമ്മുടെ ആഹാരത്തിലെ പോഷകമൂല്യം വളരെയേറെ കുറച്ചു. കാലാവസ്ഥക്കും ഭൂപ്രകൃതിക്കും പാരമ്പര്യത്തിനും ചേര്‍ന്ന ഭക്ഷണം കിട്ടാതായി. എന്നാല്‍ ഇതിനപ്പുറം പലവിധ ദോഷങ്ങളും ഇതുകൊണ്ടുണ്ടാകുന്നു.കേരളത്തില്‍ ആയുര്‍വേദവും നാട്ടുപാരമ്പര്യ ചികിത്സയും സിദ്ധയും മറ്റും വ്യാപകമായത് ഇവിടത്തെ ജൈവവൈവിധ്യം മൂലമാണല്ലോ. എത്രായിരം  സസ്യങ്ങളാണ് നമുക്ക് ചുറ്റും ധാരാളമായി ഉണ്ടായിരുന്നത്? ചെലവ് കുറഞ്ഞതും (പലപ്പോഴും ഒട്ടും ചിലവില്ലാത്തതും) താരതമ്യേന അപകടസാധ്യത കുറഞ്ഞതുമായ തദ്ദേശീയമായ ചികിത്സ രീതികള്‍ ഇന്നില്ലാതായതിനുള്ള ഒരു കാരണം ജൈവസമൃദ്ധി ഇല്ലാതായതാണ്. ഇപ്പോള്‍ കിട്ടുന്ന പല ചെടികളും അവയുടെ സ്വാഭാവിക അന്തരീക്ഷത്തിലല്ല തോട്ടങ്ങളിലാണ് വളരുന്നത്. ഇത് ആ സസ്യങ്ങളുടെ ഔഷധഗുണത്തെ ബാധിക്കുമെന്നുറപ്പാണ്. വനത്തിലും പുഴയോരത്തും മറ്റു പല സസ്യങ്ങളുടെ കൂടെയും വളര്‍ന്നുവന്ന ചെടികള്‍ തോട്ടച്ചെടികളെക്കാള്‍ മെച്ചപ്പെട്ടതായിരിക്കും എന്ന് തീര്‍ച്ച. ഇതിന്റെ എല്ലാം ഫലമായി മരുന്നുകള്‍ക്ക് പ്രതീക്ഷിതഫലം കിട്ടാതാകുന്നു. ചിലവും അത് വഴി വിലകൂടുകയും  ചെയ്യുന്നു.
പൊതുഇടങ്ങളില്‍ മലമൂത്രവിസര്‍ജനം നടക്കാത്ത സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ വിസര്‍ജ്യം നിരവധി പകര്‍ച്ചവ്യാധികള്‍ വ്യാപിപ്പിക്കാന്‍ സഹായിക്കുന്നു എന്നതിനാല്‍ ഈ നടപടി സ്വാഗതാര്‍ഹം തന്നെയാണ്. എന്നാല്‍ മനുഷ്യമലത്തേക്കാള്‍ വളരെ അധികം പ്രകൃതിയെ നശിപ്പിക്കുന്ന മാലിന്യക്കൂമ്പാരങ്ങളാണ് പലരും പൊതു തെരുവുകളിലോ ജലാശയങ്ങളിലോ കൊണ്ട് തട്ടുന്നത്. അതില്‍ കേവലം ഗാര്‍ഹിക ജൈവമാലിന്യങ്ങള്‍ മാത്രമല്ല ഉള്ളത്. പ്ലാസ്റ്റിക് പോലുള്ള പല വിഷവസ്തുക്കളും അജൈവമാലിന്യങ്ങളും ചിലപ്പോള്‍ അത്യന്തം അപകടകരമായ ആശുപത്രി മാലിന്യങ്ങള്‍ വരെ ഉണ്ടാകും. പലരുടെയും സെപ്റ്റിക് ടാങ്കുകള്‍ തന്നെ പൊതു ഓടകളിലേക്കു തുറന്നു വച്ചിരിക്കുന്നു. അറവുശാലകള്‍,  ഹോട്ടലുകള്‍ അടക്കമുള്ള വാണിജ്യസ്ഥാപനങ്ങള്‍ തുടങ്ങി ആരാധനാലയങ്ങള്‍ വരെ മാലിന്യം പുറത്ത് തള്ളുന്നുണ്ട്. പുതിയ കാലത്ത് അതിവേഗം വര്‍ധിക്കുന്ന ഇ-മാലിന്യങ്ങള്‍ അങ്ങേയറ്റം വിഷമയമായ നിരവധി ലോഹങ്ങളും പ്ലാസ്റ്റിക്കുകളും അടങ്ങിയവയാണ്. സ്വാഭാവികമായി പ്രകൃതിയില്‍ നടക്കുന്ന സംസ്‌കരണം പോലും നടക്കാതാക്കുന്നവയാണ് ഇ-മാലിന്യങ്ങള്‍. ഇത്തരം മാലിന്യങ്ങള്‍ ഗ്രാമങ്ങളുടെ ഏതെങ്കിലും മൂലയില്‍ കൊണ്ടിടുന്നതു മൂലം  തദ്ദേശീയവാസികള്‍ക്ക് ആരോഗ്യപ്രശ്‌നം ഉണ്ടായപ്പോള്‍ അത് തടയപ്പെടുന്ന നിരവധി സന്ദര്‍ഭങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്.  ഇപ്പോള്‍ ഉറവിട മാലിന്യ സംസ്‌കരണം എന്ന ആശയത്തിലെങ്കിലും കുറേപ്പേര്‍ എത്തിയിട്ടുണ്ട്. നല്ലത്. പക്ഷെ എത്രമാത്രം നടപ്പിലാകും എന്ന് കണ്ടറിയണം. പുതുവര്‍ഷത്തില്‍ ഇത്ര നിരാശനാക്കാമോ എന്ന് ചോദിച്ചേക്കാം. അനുഭവങ്ങള്‍ അതാണ് കാണിക്കുന്നത്.

കടലിന്റെയും കായലിന്റെയും വനങ്ങളുടെയും നാശങ്ങള്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വളരെ വലുതാണ്. മല്‍സ്യസമ്പത്തെന്നതു ഒരു വരുമാനമാര്‍ഗമെന്നതിനപ്പുറം കോടിക്കണക്കിനു മനുഷ്യര്‍ക്ക് കുറഞ്ഞ ചിലവില്‍ കിട്ടുന്ന പോഷകാഹാരം കൂടിയാണ്.കടലുകളും കായലുകളും നശിപ്പിക്കപ്പെടുന്നതിന്റെ ഫലങ്ങള്‍ ഇതുവരെ കാര്യമായ ചര്‍ച്ചകള്‍ക്ക് പോലും വിധേയമായിട്ടില്ല.

സമാനമാണ് വനനാശം മൂലം ആദിവാസികള്‍ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളും. ആദ്യം പറഞ്ഞ  കേരളത്തിന്റെ മഹത്തായ സാമൂഹ്യ വികസന സൂചകങ്ങള്‍ ഒരിക്കലും ബാധകമാകാത്തവരാണ് ആദിവാസികള്‍.  പോഷകാഹാരക്കുറവ് മുതല്‍  നിരവധിയായ രോഗങ്ങള്‍ക്കു അടിമപ്പെടുന്നു. അവരുടെ തനതു ചികിത്സാചെലവ് പലമടങ്ങാകുന്നു. ഇതോടെ  ദരിദ്രര്‍ ചികിത്സ തന്നെ കിട്ടാത്തവരാകുന്നു. ഇനിയും നിരവധി അനുബന്ധ വിഷയങ്ങള്‍ ചര്‍ച്ചയാകേണ്ടതുണ്ട്.  കലണ്ടറില്‍ വര്‍ഷം സൂചിപ്പിക്കുന്ന ഒരക്കം മാറിയതുകൊണ്ട് യാതൊരു പ്രയോജനങ്ങളും ഉണ്ടാകാന്‍ പോകുന്നില്ല. കാലാവസ്ഥാമാറ്റം എന്നത് പ്രത്യക്ഷാനുഭവമായ ഇക്കാലത്ത് അതുണ്ടാക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വളരെ വലുതായിരിക്കും എന്ന് മാത്രം തല്‍ക്കാലം പറഞ്ഞു വെക്കട്ടെ. വരും വര്‍ഷം മെച്ചപ്പെട്ടതാകുമെന്ന വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെ തന്നെ പുതുവത്സരം നേരുന്നു.


Posted by vincent