ജി.എം.കടുക് ഉയര്‍ത്തുന്ന ഭീഷണികള്‍
August 9, 2024
എസ്. ഉഷ, തണല്‍
വന്‍കിട കുത്തക കമ്പനികളില്‍ നിന്നും നമ്മുടെ കര്‍ഷകനെ രക്ഷിക്കേണ്ട ഉത്തരവാദിത്വവും നമുക്കുണ്ട്. ബി.ടി.പരുത്തി ഇന്ത്യയില്‍ ക്യഷിതുടങ്ങിയതിനുശേഷം പരുത്തി കര്‍ഷകര്‍ കൂടുതല്‍ ദാരിദ്ര്യത്തിലേക്കാണ് പോയതെന്ന് നമുക്കിന്നു അറിയാം. പ്രക്യതിക്കും നമ്മുടെ ആരോഗ്യത്തിനും ജി.എം വിളകള്‍ ഒരു ഭീഷണിയാണെന്നും പല പഠനങ്ങളും ചൂണ്ടികാണിക്കുന്നു. ഈ ഒരു സാഹചര്യത്തിലാണ് ജി.എം വിളകള്‍ക്കെതിരെ ഒരു ദേശീയ കൂട്ടായ്മ 2006 ല്‍ രൂപം കൊണ്ടത്. ഒരുപാട് വിദഗ്ധര്‍ ഈ കൂട്ടായ്മ്മയിലുണ്ട്. ഇവര്‍ നിരന്തരം പഠനങ്ങള്‍ നടത്തുകയും അത് ജനങ്ങളെ അറിയിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട.്
എന്നാല്‍ ഈ അടുത്ത കാലത്തായി ജി.എം കടുക് ക്യഷി ചെയ്യാനുളള അനുമതിക്ക് വേണ്ടി ഇത് വികസിപ്പിച്ച ശാസ്ത്രജ്ഞന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുകയും സര്‍ക്കാര്‍ ഒരു അനുകൂല സമീപനം കാണിക്കുകയും ചെയ്തപ്പോള്‍ ഇത് അപകടമാണെന്ന് ജി.എം ഫ്രീ ഇന്ത്യ കൂട്ടായ്മ ശക്തമായി പറയുകയും അതിനെതിരെ ദേശീയതലത്തില്‍ ഒരു ബോധവത്കരണം നടത്തി വരുകയുമാണ്.
ജി.എം കടുക് ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍
ജനിതക മാറ്റം സാങ്കേതിക വിദ്യ സുരക്ഷിതമല്ല. അസ്വഭാവികവും സൂക്ഷ്മമല്ലാത്തതുമായ ഒരു സാങ്കേതിക വിദ്യയാണ് ജനിതക എന്‍ജീനിയറിംഗ്. ഉറപ്പില്ലാത്തതും എന്നാല്‍ തിരിച്ച്മാറ്റാന്‍ കഴിയാത്തതുമായ സ്വഭാവ വ്യത്യാസങ്ങള്‍ ജീവികളില്‍ വരുത്താനും ഈ ടെക്‌നോളജിക്കു കഴിയും. ക്യഷിയിലും ഭക്ഷണത്തിലുമെല്ലാം വരുത്തുന്ന ഈ മാറ്റങ്ങള്‍ നമ്മുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഗുണകരമല്ല. കര്‍ഷകര്‍ക്കും, ഉപഭോക്താവിനും നല്ല വിത്തും ഭക്ഷണവും തിരഞ്ഞെടുക്കാനുള്ള അവസരവും ഇതിലൂടെ ഇല്ലാതാകും. ലോകത്ത് ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
ജനിതകമാറ്റം വരുത്തിയ കടുക് ഒരു ട്രോജന്‍ ഹോഴ്‌സ് മാത്രമാണ്:. ഡല്‍ഹി സര്‍വ്വകലാശാല വികസിപ്പിച്ചെടുത്തതാണ് ജനിതകമാറ്റം വരുത്തിയ കടുക്. ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ വികസിപ്പിച്ചു എന്നതുകൊണ്ട് അപകടം പിടിച്ച ഒരു സാങ്കേതിക വിദ്യയുടെ അപകടം കുറയുന്നില്ല. ഇക്കാര്യത്തില്‍ ജൈവസുരക്ഷ ഒരു പ്രശ്‌നം തന്നെയാണ്. മോണ്‍സാന്റോ പോലുള്ള വിത്ത് കമ്പനികള്‍ ഒരുപാട് ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ തയ്യാറാക്കി വച്ചിരിക്കുകയാണ്. കളനാശിനികളെ പ്രതിരോധിക്കുന്ന, കുപ്രസിദ്ധമായിക്കൊണ്ടിരിക്കുന്ന എച്ച്.ടി ചോളം ഇവയിലൊന്നാണ്. ബി.ടി.വഴുതനങ്ങക്കെതിരെ ഉയര്‍ന്ന ജനവികാരം കണ്ട് അവര്‍ തല്‍ക്കാലം മിണ്ടാതെയിരിക്കുകയാണ്. പൊതുമേഖലാ സര്‍വ്വകലാശാലയില്‍ വികസിപ്പിച്ചെടുത്തതിന്റെ പേരില്‍ ജി.എം. കടുകിന് അനുമതി കിട്ടിയാല്‍ അതിനു തൊട്ടുപുറകെ തങ്ങളുടെ വിത്തുകള്‍ക്കും അനുമതി ലഭിക്കാനുള്ള സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയും എന്ന ശുഭാപ്തി വിശ്വാസത്തിലാണവര്‍.അതായത് ജി.എം.കടുക് ഒരു ട്രോജന്‍ ഹോഴ്‌സ് മാത്രമാണ്.
2002ല്‍ ഇന്ത്യ നിരസിച്ച ബേയര്‍എന്ന കമ്പനിയുടെ ജി.എം. കടുകുമായിതിനു സാമ്യമുണ്ട്. ജി.എം.കടുകില്‍ മൂന്ന് തരം ജീനുകളാണ് സന്നിവേശിപ്പിച്ചിരിക്കുന്നത്. ബാര്‍, ബാര്‍നാസേ, ബാര്‍സ്‌ററാര്‍ എന്നിവയാണിവ. 2002ല്‍ ബേയര്‍ കൊണ്ടുവന്ന ജി.എം.കടുകിലും ഈ മൂന്ന് ജീനുകളാണ് ഉണ്ടായിരുന്നത്. ഈ ഉല്‍പ്പന്നം പരിശോധനക്കായി എത്തിയപ്പോള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് (ഐ സി എ ആര്‍) ഇതിന്റെ ജൈവസുരക്ഷ സംബന്ധിച്ച പഠനങ്ങളില്‍ ത്യപ്തരായില്ല.
കടുക് ഒരു എണ്ണക്കുരു വിള മാത്രമല്ല. ഉത്തരേന്ത്യയില്‍ കടുകിന്റെ ഇല പ്രധാന പച്ചക്കറിയാണ്. ഒരു പച്ചക്കറിയായി ഉപയോഗിക്കാന്‍ ജി.എം. കടുക് സുരക്ഷിതമാണോ എന്ന പഠനങ്ങളൊന്നും അവര്‍ നടത്തിയിട്ടില്ലായിരുന്നു.ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ഐ സി എ ആര്‍ ഇതിന് അനുമതി നിഷേധിച്ചത്. ജി.എം.കടുക് അത് ആവശ്യമില്ലാത്ത പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതിനെ എങ്ങിനെ തടയാന്‍ കഴിയും എന്നതിന് ക്യത്യമായ ഉത്തരവും അവര്‍ക്കുണ്ടായിരുന്നില്ല. ഈ വിത്തിന്റെ ഒരു പ്രത്യേകത ഇത് കളനാശിനികളെ പ്രതിരോധിക്കാന്‍ കഴിവുള്ള വിത്താണെന്നതാണ്.ഇത് നേരത്തെ വികസിപ്പിച്ചെടുത്ത ബേയറും(പ്രോ അഗ്രോ എന്ന ബേയറിന്റെ സബ്‌സിഡിയറി കമ്പനിയാണ് ഈ വിത്ത് വികസിപ്പിച്ചെടുത്തത്) ഇപ്പോള്‍ വികസിപ്പിച്ച ഡല്‍ഹി സര്‍വ്വകലാശാലയും പറയുന്നത് കളനാശിനിയെ പ്രതിരോധിക്കാന്‍ വേണ്ടിയല്ല ഈ ജീന്‍ നിക്ഷേപിച്ചിരിക്കുന്നത്,പകരം ഒരു മാര്‍ക്കര്‍ ആയിട്ടാണെന്നാണ്(വിത്തുകളില്‍ കൂട്ടിച്ചേര്‍ത്ത പുതിയ ജീന്‍ എവിടെ ഇരിക്കുന്നു എന്നുകാണിക്കുന്ന ജീനുകളാണ് മാര്‍ക്കറുകള്‍). ഇതും 2002ലെ തീരുമാനത്തിനു കാരണമായി.എന്നാല്‍ ഇതേ സാങ്കേതിക വിദ്യ തന്നെയാണ് ഡല്‍ഹി സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞനായ ഡോ.ദീപക് പെന്റലും ഉപയോഗിച്ചിരിക്കുന്നത്.
കടുക് ക്യഷിചെയ്യുന്ന പ്രധാന സംസ്ഥാനങ്ങള്‍ക്ക് ജനിതകമാറ്റം വരുത്തിയ വിളകളുടെ പരീക്ഷണം പോലും വേണ്ടെന്ന അഭിപ്രായമാണ്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ജി.എം കടുകിന്റെ പരീക്ഷണം പോലും അനുവദിച്ചിട്ടില്ല. ക്യഷി ഒരു സംസ്ഥാന വിഷയമായിരിക്കേ അവരുടെ അനുമതിയില്ലാതെ ഇത്തരം വിളകള്‍ക്ക് കേന്ദ്രം അനുമതി നല്‍കുന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. ബി.ടി. വഴുതനങ്ങ വേണ്ടെന്നു പറഞ്ഞതും സംസ്ഥാനങ്ങളാണ്. ബി.ടി. വഴുതനങ്ങക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയത് അതുകൊണ്ട് കൂടിയാണ്.
കടുകിന്റെ വൈവിധ്യത്തിന്റെ സെന്ററാണ് ഇന്ത്യ. വഴുതനങ്ങയുടെ കാര്യത്തിലെന്ന പോലെ കടുകിന്റെ കാര്യത്തിലും ഇന്ത്യയാണ് വൈവിധ്യത്തിന്റെ സെന്റര്‍. ചില ശാസ്ത്രജ്ഞര്‍ പറയുന്നത് കടുക് ഉണ്ടായതും ഇന്ത്യയിലാണെന്നാണ്.ഡോ.എം.എസ്. സ്വാമിനാഥന്‍ ചെയര്‍മാനായിരുന്ന ബയോടെക്‌നോളജി ടാസ്‌ക് ഫോഴ്‌സിന്റെ റിപ്പോര്‍ട്ട്(2004) മുതല്‍, 2013 ലെ സുപ്രീം കോടതി നിയോഗിച്ച സാങ്കേതിക വിദ്ഗധരുടെ കമ്മിറ്റി വരെ നിര്‍ബന്ധമായും നിര്‍ദ്ദേശിച്ച കാര്യം ഇന്ത്യയില്‍ ഉണ്ടായതോ,ഇന്ത്യ വൈവിധ്യത്തിന്റെ സെന്റര്‍ ആയതോ ആയ വിളകളില്‍ ജനിതകമാറ്റ പരീക്ഷണങ്ങള്‍ നടത്തിക്കൂടാ എന്നതാണ്. ബി.ടി. വഴുതനങ്ങക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്താനുണ്ടായ കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒരു കാരണം ഇതായിരുന്നു.
ജി.എം.കടുകിനെ ഒതുക്കി നിര്‍ത്താന്‍ കഴിയില്ല മലിനീകരണം സുനിശ്ചിതമാണ്. ജി.എം. വിളകളെപ്പറ്റി ലോകത്ത് പലഭാഗത്തും നിന്നുള്ള തെളിവുകളും,ജി.എം.കടുക് വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞന്‍ പറഞ്ഞ കാര്യങ്ങളും നോക്കുമ്പോള്‍ ജി.എം കടുകിനെ ഒതുക്കിനിര്‍ത്തുന്നത് അസാദ്ധ്യമാണ് എന്നു തന്നെയാണ് മനസ്സിലാക്കാന്‍ കഴിയുക. മലിനീകരണം അനിവാര്യമായിരിക്കും. ജൈവപരമായും വിത്തുകളുടെ കൈമാറ്റത്തിലൂടെ ഭൗതികപരമായുമുള്ള മലിനീകരണമായിരിക്കും ജി.എം. കടുക് ക്യഷി ചെയ്യാന്‍ അനുവദിച്ചാല്‍ സംഭവിക്കുക.ഇത് ജൈവകര്‍ഷകര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കും. കൂടാതെ കളകളുടെ വ്യാപനം, സൂപ്പര്‍ കളകളുടെ വര്‍ദ്ധന, തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഇത് ഇടയാക്കും .ഈ അവസരത്തില്‍ 2007 ല്‍ സുപ്രീം കോടതി സര്‍ക്കാരിനോട് ജനിതക മലിനീകരണം തടയണമെന്ന് നിര്‍ദ്ദേശിച്ചത് ശ്രദ്ധേയമാണ്.
ഡല്‍ഹി സര്‍വകലാശാല വികസിപ്പിച്ചെടുത്ത ഈ ജി.എം.കടുക് കളനാശിനികളെ പ്രതിരോധിക്കുന്ന സ്വഭാവ വിശേഷങ്ങള്‍ ഉള്ളതാണ്.എന്നാല്‍ വിളവ് വര്‍ദ്ധിപ്പിക്കുന്ന വിത്തെന്നു പറഞ്ഞാണ് പ്രചാരണം നടക്കുന്നത്. ജി.എം. കടുകിന്റെ ഈ പ്രത്യേക സ്വഭാവത്തെ അവഗണിക്കാന്‍ നിയന്ത്രണ ഏജന്‍സിക്കു കഴിയില്ല. കര്‍ഷകര്‍ ഈ വിത്ത് ക്യഷിചെയ്യാന്‍ തുടങ്ങുമ്പോള്‍ കളനാശിനികള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ കഴിയില്ല.ഇന്ത്യയിലെ പല ഏജന്‍സികളും വിദ്ഗധരും ഇവിടെ കളനാശിനികളെ പ്രതിരോധിക്കുന്ന എച്ച്.ടി വിളകള്‍ അനുവദിക്കരുതെന്ന് പറഞ്ഞിരുന്നു. ഈ വിളകളുണ്ടാക്കുന്ന ആരോഗ്യ-പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ മാത്രമല്ല ഇതിനു കാരണം ഇതുണ്ടാക്കുന്ന സാമൂഹ്യ-സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കൂടിയാണ്. പ്രത്യേകിച്ചും കളകള്‍ പറിക്കുന്ന ജോലി പ്രധാ നമായും ചെയ്യുന്ന സ്ത്രീകള്‍ക്ക്.ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ അതിനാല്‍ എച്ച്.ടി. വിളകള്‍ക്ക് യാതൊരു സ്ഥാനവുമില്ല.
ജി.എം കടുകില്‍ ഉപയോഗിച്ചിരിക്കുന്ന ജീന്‍ ഇതിനെ ഏഡഞഠ (ജനിറ്റിക് യൂസ് റെസ്ട്രിക്ഷന്‍ ടെക്‌നോളജി) ആക്കുന്നു. ജി.എം കടുക് ഒരു സങ്കരയിനം കടുകാണ്. ക്യഷിചെയ്യാനായി തയ്യാറെടുത്ത് കൊണ്ടിരിക്കുന്ന ഈ കടുകിന്റെ മാതാപിതാക്കളില്‍ ഒന്നില്‍ ബാര്‍നാസേ എന്ന ജീന്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് പുരുഷവന്ധ്യത ഉണ്ടാക്കുന്ന ജീനാണ്.
ഇന്ത്യന്‍ നിയമം (കാര്‍ഷിക വിളകളെയും കര്‍ഷകരുടെ വിത്തിന്‍മേലുള്ള അവകാശത്തെയും സംരക്ഷിക്കുന്ന നിയമം) ഈ സാങ്കേതിക വിദ്യയെ വിശദീകരിക്കുന്നത് ജീവനും ജീവജാലങ്ങളുടെ ആരോഗ്യത്തിനും അപകടകരമായ സാങ്കേതിക വിദ്യയെന്നാണ്.
കടുക് ആയുര്‍വേദ ചികില്‍സയിലെ ഒരു പ്രധാന ഘടകമാണ്. കടുക് ഭക്ഷണവും മരുന്നുമാണ്. ആയുര്‍വേദ മരുന്നുകളില്‍ പലതിനും കടുകും കടുകെണ്ണയും ഉപയോഗിക്കുന്നുണ്ട്. ജി.എം കടുക് ഇത്തരം മരുന്നുകളില്‍ ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങള്‍ പഠന വിധേയമായിട്ടില്ല.
ജി.എം കടുക് തേനീച്ചകളെയും തേനീച്ച വ്യവസായത്തെയും മോശമായി ബാധിക്കും. ഇപ്പോള്‍ വികസിപ്പിച്ചെടുത്തിട്ടുള്ള ജി.എം കടുക് തേനീച്ചകളെ പ്രതികൂലമായി ബാധിക്കാനിടയുള്ള വിളയാണ്. മറ്റു സ്ഥലങ്ങളില്‍ നടത്തിയിട്ടുള്ള പഠനങ്ങള്‍ പലതും ഇത് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് വിളകളുടെ ഉത്പാദനത്തെയും തേനിന്റെ ഉത്പാദനത്തെയും മോശമായി ബാധിക്കും. തേനീച്ച വ്യവസായം ഇന്ത്യയിലെ ഒരു പ്രധാന വ്യവസായമായി വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതില്‍ തേനീച്ച വളര്‍ത്തുകാര്‍ക്ക് തേന്‍ നല്‍കുന്ന ഒരു പ്രധാന വിള കടുകാണ്. കടുക് കൃഷിയും തേനീച്ച വളര്‍ത്തലും ഒരുമിച്ച് നടത്താനായാല്‍ കടുകിന്റെ ഉത്പാദനം 20-25% വര്‍ദ്ധിക്കുമെന്ന് മാത്രമല്ല, തേനിന്റെ ഉത്പാദനത്തിലൂടെ ഈ കര്‍ഷകര്‍ക്ക് കൂടൂതല്‍ വരുമാനം ലഭിക്കുകയും ചെയ്യും.
ജി.എം കനോല (കടുകിന്റെ ബന്ധുവാണ് കനോല) യുടെ വിസ്തൃതി ലോകത്ത് കുറഞ്ഞു കൊണ്ടിരിക്കുന്നു. അപ്പോഴാണ് ജി.എം കടുക് ക്യഷിചെയ്യാന്‍ ഇന്ത്യ ആലോചിക്കുന്നത്. കളനാശിനികളുണ്ടാക്കുന്ന ആരോഗ്യ-പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ക്യത്യമായ തെളിവുകള്‍ ഇന്ന് ലഭ്യമാണ്. ബി.ടി.വഴുതന മൊറട്ടോറിയത്തിനു ശേഷം ജനിതകമാറ്റം വരുത്തിയ വിളകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരുപാട് തെളിവുകള്‍ അടുത്തകാലത്തായി പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ ജി.എം കടുകിന്റെ ജൈവസുരക്ഷയെക്കുറിച്ച് പൊതുജനങ്ങള്‍ക്കായി യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല. ഇതു വേണമെന്ന് സുപ്രീം കോടതി ഉത്തരവ് ഇട്ടിട്ടു പോലും. സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് വികസിപ്പിച്ചെടുത്ത ജി.എം വിളകള്‍ക്ക് നേരത്തെയും ചില ഇളവുകള്‍ നിയന്ത്രണ ഏജന്‍സികള്‍ നല്‍കിയിരുന്നതായി കണ്ടിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്ന ഒരു നടപടിയും തുടര്‍ന്ന് ഇവരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.
ഇന്ത്യയില്‍ ഇത് വരെ കിട്ടി കൊണ്ടിരിക്കുന്ന കടുകെണ്ണയ്ക്കു യാതൊരു തകരാറുമില്ല. വടക്കേ ഇന്ത്യയിലും പാരമ്പര്യമായി ഉപയോഗിക്കുന്ന എണ്ണയാണിത്. എണ്ണ മാത്രമല്ല കടുകിന്റെ ഇലയും ഇവിടങ്ങളില്‍ പച്ചക്കറിയായി ഉപയോഗിക്കുന്നുണ്ട്. ആയുര്‍വേദ എണ്ണകളിലെ ഒരു പ്രധാന ഘടകമാണ് കടുകെണ്ണ. അത് കൊണ്ട് തന്നെ വളരെ പഠിച്ചു തീരുമാനിക്കേണ്ട ഒന്നാണ് ജി.എം കടുക് സുരക്ഷിതമാണോ അല്ലയോ എന്നത്. 2010 ല്‍ ബി.ടി വഴുതനങ്ങക്കു മോറട്ടോറിയം ഏര്‍പ്പെടുത്തിയത് ഇത് പോലെ സുരക്ഷാ കാരണങ്ങള്‍ കൊണ്ടായിരുന്നു. അതിനു ശേഷം വന്ന സ്റ്റാന്റിംഗ് കമ്മിറ്റിയും സുപ്രീം കോടതി നിയോഗിച്ച ടെക്‌നിക്കല്‍ കമ്മിറ്റിയും ജി.എം വിളകളുടെ സുരക്ഷയെ പറ്റി ഉത്കണ്ഠ രേഖപ്പെടുത്തിയിരുന്നു. ഇത് നമ്മള്‍ കാണാതിരുന്നുകൂടാ.നമ്മള്‍ മനസ്സിലാക്കേണ്ടുന്ന ഒരു പ്രധാന കാര്യം ഇന്ത്യയെ പോലെ ഭക്ഷ്യ എണ്ണ ഉല്പ്പാദിപ്പിക്കാന്‍ കഴിവുളള മറ്റൊരു രാജ്യം ഇല്ല എന്നാതാണ.് അത് അളവിന്റെ കാര്യത്തില്‍ മാത്രമല്ല, വൈവിദ്ധ്യത്തിന്റെ കാര്യത്തിലും നമ്മള്‍ വളരെ മുന്‍പിലാണ്. എന്നാല്‍ തെറ്റായ ആഗോള കച്ചവട നയങ്ങള്‍ നമ്മുടെ കര്‍ഷകരെ തളര്‍ത്തി യിരിക്കുകയാണ്. കേരളത്തിലെ തെങ്ങു കര്‍ഷകരുടെ കാര്യം നമുക്ക് അറിയാം. അത് പോലെ മറ്റു സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ സ്ഥിതിയും വ്യത്യസ്തമല്ല. സര്‍ക്കാര്‍ വാസ്തവത്തില്‍ ചെയ്യേണ്ടത് ഇവരെ പ്രോത്സാഹിപ്പിക്കുകയും, നല്ല ഗുണ നിലവാരമുളള എണ്ണ മാര്‍ക്കറ്റില്‍ ലഭ്യമാക്കുകയുമാണ്. അതിനു പകരം അപകടം പിടിച്ച ജി. എം കടുക് പോലുളള വിത്തുകള്‍ക്ക് അനുമതി കൊടുത്തു ഉത്പാദനം കൂട്ടാന്‍ നോക്കിയാല്‍ കടുക് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് നമ്മള്‍ കാണേണ്ടി വരും. ഇപ്പോള്‍ തന്നെ മോശം ഭക്ഷ്യ ഉത്പന്നങ്ങള്‍ വാങ്ങി കഷ്ടപ്പെടുന്ന ഉപഭോക്താവിനെ ഒന്ന് കൂടി കഷ്ടപ്പെടുത്തേണ്ടി വരും. നമ്മുടെ എണ്ണ കയറ്റുമതിയെയും ഈ ഉത്പന്നം ബാധിക്കും.
Posted by vincent