Mar 17 2025, 2:35 PM +91 94476 83169 arogyappachamasika@gmail.com

Arogyappacha

ദയാവധം: വൈദ്യനൈതികതയും മാനവിക പ്രതിസന്ധികളും

ദയാവധം: വൈദ്യനൈതികതയും മാനവിക പ്രതിസന്ധികളും

ദയാവധം: വൈദ്യനൈതികതയും മാനവിക പ്രതിസന്ധികളും

August 7, 2024

ഡോ. ആര്‍ ജയപ്രകാശ്

സുദീര്‍ഘമായ വാദത്തിനൊടുവില്‍ സൂപ്രീംകോടതി ഇന്ത്യയില്‍ നിഷ്‌ക്രിയ ദയാവധം അനുവദിച്ചിരിക്കുന്നു! ഇനി ഒരിക്കലും ഭേദമാക്കാന്‍ കഴിയാത്ത രോഗത്തിന് അടിപ്പെട്ടു മരണാസന്നനായി അബോധാവസ്ഥയില്‍ കഴിയുന്ന രോഗിക്ക് നല്‍കിവരുന്ന ചികിത്സയും ജീവന്‍രക്ഷാ ഉപകരണങ്ങളും പിന്‍വലിച്ചു അവരെ മരണത്തിലേക്ക് വിടുന്ന നിഷ്‌ക്രിയ ദയാവധമാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് അനുവദിച്ചിരിക്കുന്നത്. ഭരണഘടയുടെ മൗലിക അവകാശത്തില്‍ അന്തസോടെ മരിക്കുന്നതിനുള്ള അവകാശവും പെടുമെന്നതിനാലാണ് സുപ്രീംകോടതി ഇങ്ങനെ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പ്രസിദ്ധമായ അരുണാഷാന്‍ബാഗ് കേസ് ഈ വിധിയുടെ പ്രക്രിയയെ സ്വാധീനിച്ചിട്ടുണ്ട്. ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍, ഡിഎംഒ, മജിസ്‌ട്രേറ്റ്, ഹൈക്കോടതി എന്നിവര്‍ അടങ്ങിയ ഭരണഘടനാപരമായ നടപടി ക്രമവും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരമൊരു രോഗ സാഹചര്യത്തില്‍പെട്ട് പോകുന്ന രോഗിക്ക് സ്വബോധത്തോടെ ചികിത്സ നിഷേധിക്കുന്നതിന് ഒരു ചികിത്സാവില്‍പ്പത്രം തയ്യാറാക്കി സൂക്ഷിക്കുന്നതിനും അത് നടപ്പിലാക്കിക്കുന്നതിനും അവകാശമുണ്ടായിരിക്കും.
ഈ വിധിയുടെ പശ്ചാത്തലത്തില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ട്. സമൂഹത്തില്‍ അന്തസോടെ ജീവിക്കുന്നതിനുള്ള ഭൗതിക സാഹചര്യം രാജ്യം ഉറപ്പ് വരുത്തിയിട്ടുണ്ടോ? ഒരു പൗരന്റെ ആരോഗ്യം അയാളുടെ മൗലികാവകാശമായി നമ്മള്‍ അംഗീകരിക്കുന്നുണ്ടോ? മതിയായ ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ ജനങ്ങള്‍ക്ക് ഉറപ്പ് വരുത്തിയിട്ടുണ്ടോ? ഇത്തരം അടിസ്ഥാനപരമായ ചോദ്യങ്ങള്‍ക്കൊപ്പം പൊതുവില്‍ സമൂഹത്തിലും വിശിഷ്യാ വൈദ്യനൈതികതയിലും വലിയ വെല്ലുവിളികള്‍ ഉണ്ടാക്കുന്ന വിധിയാണിതെന്നു പ്രത്യക്ഷത്തില്‍ പറയാം. മത സമൂഹങ്ങളില്‍ നിന്ന് ഇതിനകം പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദയാവധത്തെക്കുറിച്ച് ഒരു അക്കാദമിക് വിശകലനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
ദയാവധത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ ലോകത്തെല്ലായിടവും സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. ദയാവധം നടത്തുന്നതിന് അനുമതി തേടി നിയമവ്യവസ്ഥയെ സമീപിക്കുന്ന പ്രവണത ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്നതായി കാണാം. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയുടെ ഫലമായി നൂതനസാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടുകൂടി കൃത്രിമ ജീവന്‍രക്ഷാ മാര്‍ഗ്ഗങ്ങളിലൂടെ ജീവനെ കേവലമായി നിലനിര്‍ത്തുന്നതിനുള്ള സാദ്ധ്യതയും പ്രയോഗവും വര്‍ദ്ധിച്ചുവന്നിട്ടുണ്ട്. അതുകൊണ്ട് സാങ്കേതികമായി എപ്പോള്‍ മരിക്കണമെന്ന് തീരുമാനിക്കുന്നതിനും നമുക്ക് കഴിയുന്ന സ്ഥിതിയാണിന്നുള്ളത്. സ്വാഭാവികമായും മരണം എപ്പോള്‍ പ്രഖ്യാപിക്കണമെന്നതും ഒരു തര്‍ക്ക വിഷയമായിട്ടുണ്ട്. ഇതിന്റെ മറുവശമാണ് ദയാവധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എന്ന് കാണാം.
ചികിത്സിച്ച് രക്ഷപ്പെടുത്തുന്നതിന് കഴിയാത്തവിധം രോഗാതുരതയുടെ തീവ്രമായ അന്തിമഘട്ടത്തില്‍ കഴിയുന്ന ഒരു രോഗിയുടെ കൃത്രിമ ശ്വാസോച്ഛ്വാസ സംവിധാനങ്ങളുടെ പ്രവര്‍ത്തനം എപ്പോള്‍ അവസാനിപ്പിക്കണമെന്ന തീരുമാനം ഒരു ഭിഷഗ്വരന് അന്തിമമായി എടുക്കേണ്ടിവരും. ഇവിടെ അയാള്‍ക്ക് നൈതിക, മാനവിക, സാമ്പത്തിക ഘടകങ്ങള്‍ക്കൊപ്പം രോഗിയുടേയും ബന്ധുക്കളുടേയും അഭിപ്രായവും സമ്മതവും പരിഗണിക്കേണ്ടതുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം രോഗിയുടെ സമ്മതം തന്നെയാണ്. എന്നാല്‍ രോഗി അബോധാവസ്ഥയിലാണെങ്കിലോ? തീര്‍ച്ചയായും ഏറ്റവും അടുത്തബന്ധുക്കളുടെ സമ്മതമാണ് പ്രധാനം.
മറ്റൊരു പ്രധാന വിഷയം രോഗിയോ അടുത്ത ബന്ധുക്കളോ രോഗാതുരതയുടെ അന്തിമഘട്ടത്തില്‍ വൈദ്യശാസ്ത്രത്തിന്റെ പരിമിതി മനസിലാക്കി തനിക്ക് വേദനയും കഷ്ടതയും അകറ്റുന്നതിന് വേദനരഹിതമായ ഒരു മരണം തരണമെന്ന് ഭിഷഗ്വരനോട് ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ അയാള്‍ എന്തുചെയ്യണം? മരുന്ന് കുത്തിവെച്ച് മരണം സമ്മാനിക്കുന്നതിന് ഭിഷഗ്വരന്‍ വഴങ്ങിയാല്‍ അത് കൊലപാതകമോ ആത്മഹത്യാപ്രേരണയോ? എല്ലാറ്റിനുമുപരി ഒരു രോഗിയെ സംബന്ധിച്ച് വൈദ്യശാസ്ത്രം പരാജയപ്പെട്ടു കഴിഞ്ഞാല്‍ ഉടന്‍തന്നെ ആ രോഗിയെ മരുന്ന് കുത്തിവെച്ച് വേദനരഹിതമായ ദയാവധം സമ്മാനിക്കുന്നതോ അഭികാമ്യം. ഇത് നൈതികവിരുദ്ധമെന്നതിനേക്കാളുപരി മാനുഷികപരമോ? ചികിത്സയുടെ ഏത് ഘട്ടത്തില്‍വെച്ച് വേണം ഭിഷഗ്വരന്‍ ചികിത്സ നിര്‍ത്തി ദയാവധത്തെക്കുറിച്ച് ചിന്തിക്കേണ്ടത്? ദയാവധത്തെ സംബന്ധിച്ച് ഉയരുന്ന നിരവധി ചോദ്യങ്ങളില്‍ ചിലത് മാത്രമാണിവ. ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിക്കൊണ്ട് മാത്രമേ ദയാവധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് മുന്നോട്ട് പോകുവാനാകുകയുള്ളൂ. ദയാവധം അതിസങ്കീര്‍ണമായ ഒരു പ്രക്രിയയാണെന്നത് തന്നെ ഇതിന് കാരണം.

എന്താണ് ദയാവധം?

വൈദ്യശാസ്ത്രത്തിന് ഒരിക്കലും ചികിത്സിച്ച് ഭേദമാക്കുന്നതിന് കഴിയാത്തവിധം രോഗാവസ്ഥയുടെ അന്തിമമായ ഘട്ടത്തിലുള്ള ഒരുരോഗിക്ക് തന്റെ അതികഠിനമായ വേദനയില്‍ നിന്നും വിശിഷ്യാ തീവ്രമായ രോഗാവസ്ഥയില്‍ നിന്നും മോചനം നേടുന്നതിന് വേദനരഹിതമായ മരണം സമ്മാനിക്കുന്ന വൈദ്യപ്രക്രിയയെ ദയാവധം എന്ന് വിളിക്കാം. വൈദ്യശാസ്ത്രം പരാജയപ്പെടുന്നിടത്താണ് ദയാവധത്തെക്കുറിച്ചുള്ള ചിന്തകള്‍ ആരംഭിക്കുന്നതെന്നര്‍ത്ഥം. ബെല്‍ജിയം, ഹോളണ്ട്, സ്വിറ്റ്‌സര്‍ലന്റ്, ലക്‌സംബര്‍ഗ്, ഒറിഗോണ്‍ (ഒരു അമേരിക്കന്‍ പ്രവിശ്യ) എന്നിവിടങ്ങളില്‍ നിയമപരമായി ദയാവധം അനുവദിച്ചിട്ടുണ്ട്. അന്തര്‍ദ്ദേശീയമായി മറ്റിടങ്ങളിലൊന്നും ദയാവധം നിയമവിധേയമായി അംഗീകരിച്ചിട്ടില്ല. എന്നാല്‍ തീവ്രപരിചരണവിഭാഗത്തില്‍ അബോധാവസ്ഥയിലുള്ള രോഗിയെ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സിക്കുന്ന ഭിഷഗ്വരന് കൃത്രിമ ജീവന്‍രക്ഷാസംവിധാനങ്ങളുടെ പ്രവര്‍ത്തനം ചികിത്സയുടെ ഏത് ഘട്ടത്തില്‍ നിര്‍ത്തിവെക്കണമെന്ന് നിരന്തരമായി തീരുമാനമെടുക്കേണ്ടിവരുന്നുണ്ട്. അടുത്ത ബന്ധുക്കളുടെ ബോധ്യത്തോടെയുള്ള സമ്മതം തേടിയതിന് ശേഷം ഈ തീരുമാനം ചികിത്സിക്കുന്ന ഡോക്ടര്‍, ഒരു ഫിസിഷ്യന്‍ തുടങ്ങിയവര്‍ അടക്കം കുറഞ്ഞത് മൂന്ന് ഡോക്ടര്‍മാരുടെ ഒരു ടീമിന് കൂട്ടായി എടുക്കാവുന്നതാണ്. ഇത് നിയമവിധേയമാണ്. കൂടാതെ ഇത് നൈതിക വിരുദ്ധമോ മതവിരുദ്ധമോ മാനവിക വിരുദ്ധമോ അല്ല. ഇത്തരം സാഹചര്യങ്ങളില്‍ എടുക്കുന്ന ഈ വൈദ്യതീരുമാനത്തെ ദയാവധമെന്ന് വിളിക്കാമോയെന്നും സംശയമാണ്. കൃത്രിമ ജീവന്‍രക്ഷാസംവിധാനങ്ങളുടെ സഹായത്തോടെ ജീവന്‍ സാങ്കേതികമായി എത്രകാലം പിടിച്ചു നിര്‍ത്തണമെന്ന് ആധുനിക വൈദ്യശാസ്ത്രം ധാരണയിലെത്തിയിട്ടില്ല. കൂടാതെ നൂതന സാങ്കേതിക സംവിധാനങ്ങള്‍ പരിമിതമായി മാത്രം പ്രാപ്യമായിട്ടുള്ള വിഭവദരിദ്രമായ ചുറ്റുപാടില്‍ ഓരോ രോഗിയുടേയും രോഗാതുരതയുടെ പ്രത്യേകമായ സാഹചര്യത്തിന്റെ പ്രാധാന്യം നോക്കിയായിരിക്കും ഈ തീരുമാനം എടുക്കേണ്ടിവരിക. പാമ്പുകടിയേറ്റ് വരുന്ന രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതിന് വെന്റിലേറ്ററിന്റെ സഹായം ഉടന്‍ തന്നെ വേണ്ടി വന്നേക്കാം. തീര്‍ച്ചയായും രക്ഷപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത നാളുകളായി അബോധാവസ്ഥയില്‍ കിടക്കുന്ന രോഗിയുടെ വെന്റിലേറ്റര്‍ ഈ ഘട്ടത്തില്‍ വേര്‍പെടുത്തി അത് പാമ്പ് വിഷബാധയേറ്റ രോഗിക്ക് നല്‍കേണ്ടിവരും. ഇത്തരം പ്രശ്‌നങ്ങള്‍ നിരന്തരമായി നേരിട്ടുകൊണ്ടാണ് ഡോക്ടര്‍മാര്‍ ദൈനംദിന വൈദ്യവൃത്തിയില്‍ മുന്നോട്ട് പോകുന്നത്.
ദയാവധം വൈദ്യശാസ്ത്രത്തിന്റെ പരിമിതിയെ കുറിക്കുന്നു. എങ്കിലും വൈദ്യനൈതികത ദാര്‍ശനികമായി ദയാവധത്തെ അംഗീകരിക്കുന്നില്ല. രോഗിയുടെ ജീവന്‍ രക്ഷിച്ച് കഴിയുന്നത്രയും കാലം നിലനിര്‍ത്തുകയെന്നതാണ് ഒരു ഭിഷഗ്വരന്റെ പ്രാഥമിക ചുമതല. അതിന് വേണ്ടി അവസാന നിമിഷം വരെയും പ്രവര്‍ത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം അയാള്‍ക്കുണ്ട്. എന്നാല്‍ കൃത്രിമ ജീവന്‍ രക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെ അബോധാവസ്ഥയിലുള്ള ഒരു രോഗിയുടെ ജീവന്‍ എത്രനാള്‍ പിടിച്ചു നിര്‍ത്തണമെന്ന ചോദ്യം പ്രസക്തമാണ്.

ദയാവധം: ചരിത്രത്തിലൂടെ

ദയാവധത്തെക്കുറിച്ചുള്ള ചിന്തകള്‍ സോക്രട്ടീസിന്റേയും പ്ലാറ്റോയുടേയും കാലം (ബി സി 300-400) മുതല്‍ക്കു തന്നെ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. പുരാതന ഗ്രീക്ക് റോമാ സാമ്രാജ്യങ്ങളുടെ കാലത്ത് ദയാവധം പ്രാബല്യത്തിലുണ്ടായിരുന്നതായി കാണാം. പുരാതന ഗ്രീക്ക് നഗരത്തില്‍ (ഗ്രേറ്റ് സിറ്റി ഓഫ് സ്പാര്‍ട്ടാക്) ജന്മനാവൈകല്യമുള്ള കുഞ്ഞുങ്ങളെ കുന്നിന് മുകളില്‍ നിന്ന് താഴേക്ക് എറിഞ്ഞ് കൊന്നുകളയുന്ന രീതി നിലവിലുണ്ടായിരുന്നു. എന്നാല്‍ ക്രിസ്തുമതം വികസിക്കുകയും ശക്തിപ്പെടുകയും അത് പാശ്ചാത്യലോകത്തെ വലിയ തോതില്‍ സ്വാധീനിക്കുവാനും തുടങ്ങിയ ഘട്ടത്തില്‍ മറ്റെല്ലാറ്റിലുമെന്നപോലെ ദയാവധത്തെക്കുറിച്ചുള്ള ചിന്തകളിലും മാറ്റം വന്നുതുടങ്ങി. ജീവന്‍ തന്ന ദൈവത്തിന് മാത്രമേ അത് തിരിച്ച് എടുക്കുന്നതിനും അധികാരമുള്ളുവെന്ന വാദം ശക്തമായി. അതിനാല്‍ ദയാവധം ദൈവവിരുദ്ധമായ നടപടിയായി വ്യാഖ്യാനിക്കപ്പെട്ടു. വിവിധ ക്രിസ്തുമത വിഭാഗങ്ങള്‍, ജൂതര്‍, ഇസ്ലാം തുടങ്ങിയ ഒരു മതവിഭാഗങ്ങളും ഇന്ന് ദയാവധത്തെ അംഗീകരിക്കുന്നില്ല. തീര്‍ച്ചയായും മതവും സംസ്‌കാരവും ഒരു ജനതയുടെ നിയമവ്യവസ്ഥയെ രൂപപ്പെടുത്തുന്നതിലും നിര്‍ണായകമായ പങ്ക് വഹിക്കുന്നുണ്ട്. ചുരുക്കത്തില്‍ ലോകത്ത് ഭൂരിഭാഗം ഇടങ്ങളിലും ദയാവധം നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു.
ആധുനിക ലോകത്ത് ദയാവധത്തെക്കുറിച്ചുള്ള ചിന്തകള്‍ ഉയര്‍ന്ന് വന്നത് 1900 ത്തോടെയാണ്. 1906 ല്‍ ആദ്യമായി ദയാവധം നിയമവിധേയമാക്കുന്നതിന് വേണ്ടി ഒരു കരട് അമേരിക്കയില്‍ (ഒഹിയോ) തയ്യാറാക്കിയെങ്കിലും എതിര്‍പ്പുകളെ തുടര്‍ന്ന് അത് നിയമമാക്കുന്നതിന് കഴിഞ്ഞില്ല. ലോകത്ത് ആദ്യമായി ദയാവധത്തിന് വേണ്ടി വാദിക്കുന്ന ഒരു സൊസൈറ്റി 1935 ല്‍ ഇംഗ്ലണ്ടില്‍ രൂപീകരിക്കപ്പെട്ടു. ചികിത്സിച്ച് ഭേദമാക്കുന്നതിന് കഴിയാതെ വരുന്ന രോഗിയുടെ ജീവന്‍ അയാള്‍ക്ക് ആഗ്രഹമില്ലെങ്കിലും അര്‍ത്ഥരഹിതമായി നീട്ടിക്കൊണ്ട് പോകുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന വാദമാണ് മുന്നോട്ട് വെക്കപ്പെട്ടത്. തുടര്‍ന്ന് സമാനമായ സംഘടനകള്‍ ലോകത്ത് മറ്റിടങ്ങളിലും ഉണ്ടായി. 1976 ല്‍ ലോകത്ത് ആദ്യമായി ദയാവധവും ജീവിക്കുന്നതിന് പോലെ തന്നെ മരിക്കുന്നതിനുമുള്ള അവകാശവും അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തിക്കൊണ്ട് ഒരു അന്താരാഷ്ട്രസമ്മേളനം നടക്കുകയുണ്ടായി. തുടര്‍ന്ന് 1980 ല്‍ പോപ്പ്
ജോണ്‍പോള്‍ രണ്ടാമന്‍ ദയാവധത്തെ എതിര്‍ത്തുകൊണ്ട് ഒരു പ്രഖ്യാപനം നടത്തി (ഡിക്ലറേഷന്‍ ഓഫ് യൂത്തനേസിയ, 1980). എന്നാല്‍ ജീവന്‍ നിലനിര്‍ത്തുന്നതിനുവേണ്ടിയുള്ള കൃത്രിമ സംവിധാനങ്ങളുടെ ഉപയോഗം നിരസിക്കുന്നതിന് വ്യക്തിക്ക് അവകാശമുണ്ടായിരിക്കും.
അന്തസായി ജീവിക്കുന്നതിനുള്ള അവകാശം പോലെ തന്നെ അന്തസായി മരിക്കുന്നതിനുമുള്ള അവകാശം (ഡെത്ത് വിത്ത് ഡിഗ്നിറ്റി ആക്റ്റ്, 94) ഒറിഗോണില്‍ ലോകത്ത് ആദ്യമായി നിയമവിധേയമാക്കി (1997). തുടര്‍ന്ന് ബെല്‍ജിയം, ഹോളണ്ട്, സ്വിറ്റ്‌സര്‍ലണ്ട് എന്നിവിടങ്ങളില്‍ ദശാബ്ദങ്ങളായി അനധികൃതമായി നിലനിന്നിരുന്ന ദയാവധം 2002 ല്‍ നിയമവിധേയമാക്കുകയുണ്ടായി. സ്വിറ്റ്‌സര്‍ലണ്ടില്‍ ഡിഗിനിറ്റാസ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ രോഗാവസ്ഥയുടെ അന്തിമ ഘട്ടത്തിലുള്ള രോഗികള്‍ക്ക് അന്തസോടെ മരിക്കുന്നതിനുള്ള അവസരം നിയമപരമായി ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടില്‍ ദയാവധം അനുവദിച്ചിട്ടില്ലാത്തതിനാല്‍ ഇത്തരത്തിലുള്ള രോഗികള്‍ അതിര്‍ത്തികടന്ന് സ്വിറ്റ്‌സര്‍ലണ്ടിലെത്തി ‘അന്തസോടെ’ മരിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. മരിക്കുന്നതിന് തനിക്ക് ഇഷ്ടമുള്ള മാര്‍ഗ്ഗം സ്വീകരിക്കുന്നതിനുള്ള വ്യക്തിപരമായ അവകാശം (ലീവിംഗ് വില്‍) അമേരിക്കയില്‍ ഭരണഘടനാപരമായിത്തന്നെയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൃത്രിമ ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ വഴിയുള്ള സേവനം നിരസിക്കുന്നതിന് ഒരു രോഗിക്ക് നിയമപരമായ അവകാശമുണ്ട്. അതേസമയം നിയമപരമായി ദയാവധം നിലനില്‍ക്കുന്നില്ല. എന്നാല്‍ പോലും ഈ അവകാശം നടപ്പിലാക്കുന്നതിന് നിശ്ചിതമായ നിയന്ത്രണവും നിലനില്‍ക്കുന്നു.

ദയാവധം പലവിധം

ദയാവധം മുന്‍പ് സൂചിപ്പിച്ച രാജ്യങ്ങളില്‍ ഔദ്യോഗികമായും മറ്റ് ചിലയിടങ്ങളില്‍ അനൗദ്യോഗികമായും നടപ്പിലാക്കപ്പെടുന്നുണ്ട്. ദയാവധം വിവിധ തരത്തില്‍ നടപ്പിലാക്കപ്പെടുന്നു.രോഗിയുടെ ബോധ്യത്തോടെയും പൂര്‍ണ്ണസമ്മതത്തോടെയും ദയാവധം നടപ്പിലാക്കുന്ന രീതി (വോളന്ററി യുത്തനേസിയ) ബെല്‍ജിയം, ഹോളണ്ട്, സ്വിറ്റ്‌സര്‍ലന്റ് ഒറിഗോണ്‍ എന്നിവിടങ്ങളില്‍ നിലനില്‍ക്കുന്നു. ഇവിടെ രോഗി പൂര്‍ണ്ണബോധാവസ്ഥയിലായിരിക്കും. തന്റെ രോഗാവസ്ഥ വൈദ്യശാസ്ത്രത്തിന് വിജയകരമായി ചികിത്സിച്ച് ഭേദമാക്കുവാനാകുകയില്ലെന്ന പരിപൂര്‍ണബോധ്യം അയാള്‍ക്ക് ഉണ്ടായിരിക്കും. ഇത് അയാള്‍ ഡോക്ടറില്‍ നിന്ന് നേടിയിട്ടായിരിക്കും ദയാവധത്തിന് ആവശ്യപ്പെടുന്നത്. ഒരാളെ സമ്മതത്തോടെയുള്ള ദയാവധത്തിന് വിധേയമാക്കുമ്പോള്‍ പാലിച്ചിരിക്കേണ്ട ചില തത്വങ്ങളുണ്ട്. രോഗിയുടെ രോഗാവസ്ഥ ചികിത്സിച്ച് ഭേദമാക്കുവാനാകാത്ത വിധം സങ്കീര്‍ണ്ണമായിരിക്കണം, രോഗിക്ക് ഈ അവസ്ഥ അനുഭവിക്കുവാന്‍ കഴിയാത്തവിധം ബുദ്ധിമുട്ടുള്ളതായിരിക്കണം, രോഗാവസ്ഥ അന്തിമമായിരിക്കണം, രോഗി പൂര്‍ണമനസോടെ ദയാവധത്തിന് സമ്മതം നല്‍കിയിരിക്കണം. എന്നിങ്ങനെ നീളുന്നു നിബന്ധനകള്‍.
രോഗിയുടെ സമ്മതത്തോടെയല്ലാതെയും ദയാവധം (നണ്‍ വോളന്ററി) നടപ്പിലാക്കപ്പെടുന്നുണ്ട്. ഇവിടെ ദയാവധത്തിന് സമ്മതം നല്‍കുന്നതിനു ശേഷി – സ്വബോധം രോഗിക്ക് ഉണ്ടായിരിക്കുകയില്ല. തീവ്രമായ ജന്മവൈകല്യമുള്ള കുട്ടികളെ ദയാവധത്തിന് വിധേയമാക്കുന്ന രീതി ഹോളണ്ടില്‍ അംഗീകരിച്ചിട്ടുണ്ട്. കൃത്രിമ ശ്വാസോച്ഛ്വാസ ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിക്കൊണ്ടിരിക്കുന്ന അബോധാവസ്ഥയിലുള്ള രോഗിയുടെ കാര്യത്തില്‍ നിശ്ചിത സേവനരീതി തുടരണമോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്ന പ്രക്രിയയെ സാങ്കേതികമായി ഈ കൂട്ടത്തില്‍ പെടുത്താവുന്നതാണ്.
രോഗിയുടെ സമ്മതമില്ലാതെ വേദനരഹിതമായ ദയാവധത്തിന് വിധേയമാക്കുന്ന രീതിയും (ഇന്‍വോളന്ററി) പരാമര്‍ശിക്കപ്പെടുന്നുണ്ട്. നിയമപരമായി വധശിക്ഷനടപ്പിലാക്കുമ്പോള്‍ വേദനയറിയാതെ വേഗത്തില്‍ മരണം സമ്മാനിക്കുന്നതിനായി ഹൈഡ്രജന്‍ സയനൈഡ് ഗ്യാസ്‌ചേമ്പറുകള്‍ അമേരിക്കയില്‍ പ്രാബല്യത്തിലുണ്ട്.
ദയാവധം നടപ്പിലാക്കുന്ന പ്രക്രിയാരീതി രണ്ട് തരത്തിലാകാം. നിഷ്‌ക്രിയദയാവധവും സക്രിയ ദയാവധവും.
നിഷ്‌ക്രിയ ദയാവധത്തില്‍ (പാസീവ് യുത്തനേസിയ) ചികിത്സിച്ച് ഭേദമാക്കുന്നതിന് കഴിയാത്തവിധം രോഗാവസ്ഥയുടെ അന്തിമഘട്ടത്തിലുള്ള രോഗിയുടെ ജീവന്‍ അവസാനിപ്പിക്കുന്നതിനായി മുന്‍കയ്യെടുത്ത് ഭിഷഗ്വരന്‍ സജീവമായി ഒന്നും ചെയ്യുകയില്ല. എന്നാല്‍ രോഗിക്ക് നല്‍കിക്കൊണ്ടിരിക്കുന്ന കൃത്രിമ ജീവന്‍ രക്ഷാസംവിധാനങ്ങള്‍, നല്‍കിക്കൊണ്ടിരിക്കുന്ന ആന്റിബയോട്ടിക്കുകള്‍ തുടങ്ങിയവ നിര്‍ത്തിവെക്കുക എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. തുടര്‍ന്ന് രോഗി സ്വാഭാവികമായ മരണത്തെ പ്രാപിക്കും. ഇവിടെ മരണകാരണം രോഗിയുടെ രോഗം തന്നെയായിരിക്കും. മറിച്ച് കൃത്യവിലോപമല്ല. എന്നാല്‍ ഇത്തരമൊരു പ്രക്രിയയിലേക്ക് പോകുന്നതിന് മുന്‍പ് ചികിത്സകന്‍ പാലിച്ചിരിക്കേണ്ടുന്ന തത്വങ്ങള്‍ തുടക്കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മുന്‍പ് സൂചിപ്പിച്ച രാജ്യങ്ങളില്‍ നിഷ്‌ക്രിയ ദയാവധം നിയമവിധേയമാണ്. നിഷ്‌ക്രിയ ദയാവധം ഇന്ത്യയില്‍ ഇതേവരെ അനുവദിച്ചിരുന്നില്ല. എന്നാല്‍ സാങ്കേതിക അര്‍ത്ഥത്തില്‍ നിഷ്‌ക്രിയ ദയാവധമെന്ന പേരിലല്ലെങ്കിലും മുന്‍പ് സൂചിപ്പിച്ചതുപോലെയുള്ള രോഗിയുടെ സാഹചര്യത്തില്‍ ഇതേ തത്വത്തിലാണ് തീരുമാനമെടുക്കുന്നതും നടപ്പിലാക്കുന്നതും. പ്രായോഗികമായി ഈ പ്രക്രിയതന്നെയാണ് ഇവിടെയും നടന്നു വരുന്നതെന്നര്‍ത്ഥം. ഇത് നിയമവിധേയമാണ്.
സക്രിയദയാവധത്തില്‍ (ആക്ടീവ് യുത്തനേസിയ) നിര്‍ദ്ദിഷ്ട അവസ്ഥയിലുള്ള രോഗിയുടെ ജീവന്‍ അവസാനിപ്പിച്ച് വേദനരഹിതമായ മരണം സമ്മാനിക്കുന്നതിനായി ഭിഷഗ്വരന്‍ മുന്‍കയ്യെടുത്ത് മരുന്ന് കുത്തിവെക്കുക. തുടങ്ങിയ സജീവമായ പ്രക്രിയകളിലേര്‍പ്പെടുന്നു. ഇവിടെ തീവ്രമായ രോഗാവസ്ഥയും അതികഠിനമായ വേദനയും സഹിച്ച് മുന്നോട്ട് പോകുവാനാകാതെ രോഗിതന്നെ ഡോക്ടറോട് തനിക്ക് ഈ ജീവിതം എങ്ങിനെയെങ്കിലും അവസാനിപ്പിച്ചു തരണമെന്ന് ആവശ്യപ്പെടും. ഇവിടെ ഡോക്ടര്‍ ഒരു നൈതിക പ്രതിസന്ധിയിലെത്തപ്പെടും. സ്വാഭാവികമായും വലിയ ഡോസില്‍ മോര്‍ഫിന്‍ കൊടുത്താല്‍ രോഗിയുടെ രണ്ട് ആവശ്യങ്ങളും (വേദനയകറ്റലും മരണവും) നിറവേറ്റപ്പെടും. എന്നാല്‍ വേദനയകറ്റല്‍ ഉത്തരവാദിത്വവും (നൈതികപരവും) മരണം സമ്മാനിക്കല്‍ നൈതികവിരുദ്ധവുമാണ്. ഈ സാഹചര്യത്തെ സംബന്ധിച്ചാണ് ലോകത്തെല്ലായിടത്തും ചര്‍ച്ചകള്‍ നടക്കുന്നതും പരസ്പരവിരുദ്ധമായ അഭിപ്രായങ്ങള്‍ ഉയര്‍ന്ന് വരുന്നതും. ബെല്‍ജിയം, ഹോളണ്ട്, സ്വിറ്റ്‌സര്‍ലണ്ട്, ഒറിഗോണ്‍ എന്നിവിടങ്ങളില്‍ ഇത് നിയമപരമായി നിലനില്‍ക്കുകയും ചെയ്യുന്നു.

ദയാവധം മാനുഷികപരമോ?

മതദര്‍ശനങ്ങള്‍ ദയാവധത്തെ അംഗീകരിക്കുന്നില്ല. ഇതിന്റെ കാരണവും യുക്തിയും ഇതിനകം വെളിവാക്കപ്പെട്ടിട്ടുണ്ട്. വൈദ്യനൈതികതയും ദയാവധത്തെ അംഗീകരിക്കുന്നില്ല. ഇതും ഇതിനകം വിശദീകരിച്ച് കഴിഞ്ഞിട്ടുണ്ട്. മാത്രവുമല്ല അവികസിത രാജ്യങ്ങളില്‍ ഗുണനിലവാരമുള്ള ചികിത്സ എല്ലാവിധ സാമൂഹിക വിഭാഗങ്ങള്‍ക്കും പ്രാപ്യമായ വിധത്തില്‍ സാര്‍വ്വത്രികമായിട്ടില്ല. അതുകൊണ്ട് ദയാവധം പൊതുവില്‍ ഇപ്പോള്‍ അംഗീകരിക്കുവാന്‍ കഴിയുന്നതല്ല. ദയാവധം മാനുഷികപരമോയെന്ന അടിസ്ഥാന ചോദ്യമാണ് ഇവിടെ ഉയര്‍ത്തപ്പെടേണ്ടത്. ദയാവധത്തെ മതേതരമായ മാനവികതയുടെ കാഴ്ചപ്പാടില്‍ പരിശോധിച്ച് നോക്കാം. ദയാവധത്തിന് വേണ്ടി വാദിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രധാനമായി രണ്ട് പ്രശ്‌നങ്ങളാണ് ഇവിടെ ഉയര്‍ത്തിയിട്ടുള്ളത്. അന്തസോടെ ജീവിക്കുന്നതിനുള്ള അവകാശത്തില്‍ അന്തസോടെ മരിക്കുന്നതിനുള്ള അവകാശവും അന്തര്‍ലീനമായിട്ടുണ്ട് എന്നതാണ് ഒരു വാദം. അന്തസോടെ ജീവിക്കുന്നതിനുള്ള അവകാശത്തിനര്‍ത്ഥം അന്തസുകെട്ടാല്‍ ജീവിക്കാതെ അന്തസോടെ മരിച്ചുകൊള്ളണമെന്നല്ല. മറിച്ച് എല്ലാവര്‍ക്കും അന്തസോടെ ജീവിക്കുന്നതിനുള്ള അവകാശമുണ്ടെന്ന പ്രഖ്യാപനമാണിത്. ഈ ഉത്തരവാദിത്തം നിറവേറ്റുന്നതിനുവേണ്ടി സമ്പ്രദായത്തോടുള്ള ആഹ്വാനവും ഓര്‍മ്മപ്പെടുത്തലും ആണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. പകരം അന്തസുകെട്ടവര്‍ മരിച്ചുകൊള്ളണമെന്ന വാദമാണ് മാനവിക വിരുദ്ധം. മാത്രവുമല്ല അന്തസുകെട്ട അവസ്ഥ ആരാണ് തീരുമാനിക്കുന്നത്. ഇത് ആപേക്ഷികമല്ലേ? ആത്മവിശ്വാസം നഷ്ടപ്പെട്ട് ആത്മപീഡയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഒരാളെ സ്വയം ജീവനൊടുക്കുന്നതില്‍ നിന്ന് പിന്‍തിരിപ്പിച്ച് സജീവമായ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതല്ലേ മാനവികതക്ക് ചേര്‍ന്നത്? ജീവിക്കുന്നതിന് വേണ്ടി ഭിക്ഷ തെണ്ടുന്നവരുടെയും മറ്റ് ഗത്യന്തരമില്ലാതെ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നവരുടേയും അന്തസ് കെട്ടുപോയോ? എങ്കില്‍ അവര്‍ ആത്മഹത്യ ചെയ്യുകയോ ദയാവധത്തിന് ആവശ്യപ്പെടുകയോ ചെയ്യുകയല്ലെ വേണ്ടത്? അവരോട് അതിന് ആവശ്യപ്പെടണമോ?
അന്തസോടെ ജീവിക്കുന്നതിന് സമാനമായി അന്തസോടെ മരിക്കുന്നതിനുള്ള അവകാശവും അനുവദിക്കണമെന്നതാണ് മറ്റൊരു വാദം. അര്‍ത്ഥരഹിതമായി ജീവിതം നീട്ടിക്കൊണ്ട് പോകുന്നതിന് ഇഷ്ടമില്ലാത്ത ഒരാളെ എന്തിന് അതില്‍ നിന്ന് പ്രേരിപ്പിക്കണമത്രെ? മരിക്കുന്നതിനുള്ള അവകാശം അംഗീകരിച്ചുവെന്നിരിക്കട്ടെ. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കപ്പുറം സങ്കീര്‍ണമായ കുടുംബ ബന്ധങ്ങളും
കുടുംബ ബലതന്ത്രങ്ങളും കാര്യങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥയാണ് നമ്മുടെ സംസ്‌കാരത്തില്‍ നിലനില്‍ക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ മരിക്കുന്നതിനുള്ള അവകാശം സ്വയം മരിച്ചുകൊണ്ട് കുടുംബത്തെ രക്ഷപ്പെടുത്തുന്നതിനുള്ള ഉത്തരവാദിത്തമായി മാറും. നിത്യരോഗിയായി കിടക്കയില്‍ പരസഹായത്തോടെ ജീവിക്കേണ്ടിവരുന്ന ഒരാള്‍ക്ക് അയാള്‍ ചെറുപ്പമായാലും മുതിര്‍ന്നവരായാലും എത്രനാള്‍ മാതാപിതാക്കളേയും മക്കളേയും മറ്റ് ബന്ധുക്കളേയും അവരുടെ തിരക്കേറിയ ജീവിതത്തില്‍ നിന്ന്, അവരുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് അകറ്റി തനിക്ക് വേണ്ടി പിടിച്ച് നിര്‍ത്തുവാന്‍ കഴിയും? അത് സ്വാര്‍ത്ഥതയല്ലേ? തുടങ്ങിയ ചിന്തകള്‍ അയാളെ അലട്ടുന്നുണ്ടാകും. (എംടിയുടെ ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന ചിത്രം ഓര്‍ക്കുക) ഈ സാഹചര്യത്തില്‍ തീര്‍ച്ചയായും മരിക്കുന്നതിനുള്ള അവകാശം മരിക്കുന്നതിനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്തമായി മാറും. മാത്രവുമല്ല ഈ ഉത്തരവാദിത്തം നിര്‍വഹിക്കാതെ ജീവിതം മുന്നോട്ട് നീക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് ‘അയാളെന്തിനാണ് മനുഷ്യരെ മിനക്കെടുത്താന്‍ ഇങ്ങനെ കിടക്കുന്നത്? ആവത് കാലത്ത് കുറെ വിലസിയതല്ലെ? ഇനി ഒന്ന് മരിച്ചുകൂടെ? മരിക്കുന്നതിനുള്ള അവകാശമൊക്കെയുണ്ടല്ലൊ?’ എന്നിങ്ങനെയുള്ള ഇടനാഴി തര്‍ക്കങ്ങള്‍ കേട്ടുകൊണ്ട് കിടക്കേണ്ടിവരും. ഇത്തരം സാഹചര്യങ്ങളെ നേരിട്ടുകൊണ്ട് പരസഹായത്തോടെ എത്രനാള്‍ കിടക്കേണ്ടിവരും. ഇത്തരം സാഹചര്യങ്ങളെ നേരിട്ടുകൊണ്ട് പരസഹായത്തോടെ എത്രനാള്‍ ഒരാള്‍ക്ക് പിടിച്ചുനില്‍ക്കുവാന്‍ കഴിയും? ചുരുക്കത്തില്‍ മരിക്കുന്നതിനുള്ള അവകാശം മരിച്ചുകൊണ്ട് ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിനുള്ള ബാധ്യതയായി മാറും. ഇത് നമ്മുടെ സങ്കീര്‍ണമായ കുടുംബ സാഹചര്യത്തില്‍ ചെലുത്തിയേക്കാവുന്ന സ്വാധീനം ഇപ്പോള്‍ ഊഹിക്കാവുന്നതിനും അപ്പുറമാണ്.നിഷ്‌ക്രിയ ദയാവധമാണെങ്കിലും അത് ഉയര്‍ത്തിവിടുന്ന പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാണ്. നിഷ്‌ക്രിയ ദയാവധത്തിന് സ്വയം വില്‍പ്പത്രം എഴുതിവെക്കാന്‍ ഇനി എത്രപേര്‍ കുടുംബ സാഹചര്യത്തില്‍ നിര്‍ബന്ധിതരാകും? ചിന്തിക്കുക.

Posted by vincent