നിങ്ങളുടെ മക്കള്‍ ഭാവിയില്‍ ആരാവും
August 12, 2024
ഡോ. കെ വി മനോജ്
സീനിയര്‍ ഫിസിഷ്യന്‍,
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല,
കൊല്‍ക്കത്ത ബ്രാഞ്ച്
നമ്മുടെ മക്കള്‍ ഭാവിയില്‍ ആരായിത്തീരും? അല്ലെങ്കില്‍ എങ്ങനെയായിത്തീരും? ഒരിക്കലെങ്കിലും അതേക്കുറിച്ച് ആലോചിക്കുകയോ സ്വപ്‌നം കാണുകയോ ചെയ്യാത്ത അച്ഛനമ്മമാര്‍ ഉണ്ടാവുകയില്ലെന്ന് തന്നെ പറയാം. ആരായിത്തീരാനാണ് ആഗ്രഹമെന്ന് അവരോട് ഇടയ്ക്കിടെ അന്വേഷിച്ചുകൊണ്ടിരിക്കുന്നതും നമ്മളില്‍ പലരുടെയും പതിവാണ്. മക്കളും നമ്മുടെ പാതതന്നെ പിന്തുടരണമെന്ന് കടുംപിടിത്തം പിടിക്കുന്നവരും കുറവല്ല. അധ്യാപകന്റെ മകന്‍ അധ്യാപകന്‍ തന്നെയാവണമെന്ന് ആഗ്രഹിക്കുന്നതില്‍ അനൗചിത്യമൊന്നുമില്ല. അതിനുള്ള അഭിരുചി അവനുണ്ടോയെന്ന് കൂടി പരിശോധിക്കണമെന്നു മാത്രം. കാര്യങ്ങള്‍ കരതലാമലകം പോലെ പൂര്‍ണ്ണമായി കൈപ്പിടിയിലാവില്ല, ഭാവികാര്യങ്ങളാവുമ്പോള്‍ പ്രത്യേകിച്ചും. എങ്കിലും ചില ഇടപെടലുകള്‍ സാദ്ധ്യമാണ്. ഉദ്യോഗക്കാര്യത്തില്‍ മാത്രമല്ല, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിലും ചിലതെല്ലാം ചെയ്യാനുണ്ട്. അതെല്ലാം എത്രത്തോളം എന്നുള്ള ഒരന്വേഷണമാണ് ഈ കുറിപ്പിന്റെ ഉള്ളടക്കം.
പ്രകൃതിയെ അറിയുക
പ്രകൃതി എന്ന പദം ഇവിടെ പ്രകീര്‍ത്തിക്കപ്പെടുന്നത്, പരിസരം – പ്രപഞ്ചം – ഭൂമി എന്ന അര്‍ത്ഥത്തില്ല. മറിച്ച് നമ്മള്‍ ഓരോരുത്തരുടെയും ശാരീരികവും മാനസികവുമായ സ്വഭാവ സവിശേഷതകളെയാണ്. ഒരാള്‍ ജനിക്കുമ്പോഴേക്കും ആ വ്യക്തിയുടെ പ്രകൃതി തീരുമാനിക്കപ്പെട്ടു കഴിഞ്ഞിരിക്കും. മാതാപിതാക്കളുടെ ജനിതകം, ഭക്ഷണം, ജീവിത രീതികള്‍ മുതലായവയുടെ അടിസ്ഥാനത്തില്‍ പിന്‍തലമുറയുടെ പ്രകൃതി നിശ്ചയിക്കപ്പെടുന്നു. ആയുര്‍വേദത്തിന്റെ അടിസ്ഥാനത്തില്‍ പറയുമ്പോള്‍, പ്രാഥമികമായി മൂന്ന് പ്രകൃതികള്‍ ആണുള്ളത്. വാതം, പിത്തം, കഫം. ലോകത്തിലെ എല്ലാ മനുഷ്യരും ഈ പറഞ്ഞ മൂന്നെണ്ണത്തില്‍ ഏതെങ്കിലും ഒന്നില്‍ ഉള്‍പ്പെടും. എല്ലാവരിലും ഈ മൂന്നെണ്ണത്തിന്റേയും ലക്ഷണങ്ങള്‍ ഏറിയും കുറഞ്ഞും കാണപ്പെടും. എന്നാല്‍, ഏറ്റവും കൂടുതല്‍ ഗുണങ്ങള്‍ ഏത് പ്രകൃതിയുടേതാണോ, ആ വ്യക്തി, ആ പ്രകൃതിക്കാരനാണെന്ന് അനുമാനിക്കണം. അത് തിരിച്ചറിയുന്നതിനായി താഴെക്കൊടുത്തിരിക്കുന്ന ചാര്‍ട്ട് ശ്രദ്ധിക്കുക.
പ്രകൃതി പരിജ്ഞാനത്തിന്റെ പ്രയോജനങ്ങള്‍ -പ്രായോഗിക ജീവിതത്തില്‍
കുട്ടികളുടെ പ്രകൃതി ഏതാണെന്ന് ചെറുപ്രായത്തില്‍ത്തന്നെ തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനം. അങ്ങനെ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍, ആവശ്യമായ ഇടപെടലുകള്‍ നേരത്തേ തന്നെ നടത്താന്‍, മാതാപിതാക്കള്‍ക്ക് സാധിക്കും. ഇനി ഓരോ പ്രകൃതിയേയും പ്രത്യേകം പ്രത്യേകമായി പരിശോധിക്കാം.
പിത്തം
പിത്ത പ്രകൃതിക്കാരുടെ സ്വഭാവ സവിശേഷതകള്‍ ചാര്‍ട്ടില്‍ നിന്നും മനസ്സിലാക്കിയിരിക്കുമല്ലോ. കാര്യങ്ങള്‍ കൃത്യമായി ഓര്‍ത്തെടുക്കാനും, അളന്നു മുറിച്ച വാക്കുകളിലൂടെ അവ അവസരോചിതമായി വ്യക്തമാക്കുവാനും കഴിയുന്ന പിത്തപ്രകൃതിക്കാര്‍ക്ക് പ്രഭാഷണമെന്ന കല അനായാസേന വഴങ്ങും. വര്‍ത്തമാന കാലത്തെ വാര്‍ത്താ ചാനലുകളില്‍ അവതാരകരാകാന്‍ അവശ്യം വേണ്ട യോഗ്യതകളും അതൊക്കെത്തന്നെയാണല്ലോ! വാക്ചാതുരി വര്‍ദ്ധിപ്പിക്കാനാവശ്യമായ വൈവിദ്ധ്യമാര്‍ന്ന പുസ്തകങ്ങളും മറ്റും വാങ്ങികൊടുക്കുകയും, വായിച്ച് കേള്‍പ്പിക്കുകയും വായിക്കാന്‍ പ്രേരിപ്പിക്കുകയും, വായനാ ശീലം വളര്‍ത്തിയെടുക്കുകയും ചെയ്തുകൊണ്ട്, വളരെയേറെ സഹായിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയും. പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ കൃത്യമായും വ്യക്തമായും പറഞ്ഞു മനസ്സിലാക്കാന്‍ കഴിയുന്നതിനാല്‍, അധ്യാപക വൃത്തിയിലും അവര്‍ അഗ്രഗണ്യരായിരിക്കും. ആശയ വിനിമയം അയത്‌നലളിതമായി സാധിക്കുന്നതിനാല്‍ അങ്ങേയറ്റം തിരക്കേറിയ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെ ഫ്രണ്ട് ഓഫീസ് ജോലികള്‍, കോള്‍ സെന്ററിലെ ജോലികള്‍ തുടങ്ങിയവ അനായാസമായി ചെയ്ത് തീര്‍ക്കുവാന്‍ അവര്‍ക്ക് സാധിക്കും. കണിശമായ തീരുമാനങ്ങള്‍ എടുക്കാനും, മുഖം നോക്കാതെ നടപ്പിലാക്കാനും കഴിയുന്ന അവര്‍ക്ക്, നീതിപീഠങ്ങളിലെ ന്യായാധിപന്മാരുടെ കസേരകളും ന്യായമായും അനുയോജ്യമായിരിക്കും
.
പിത്ത പ്രകൃതിക്കാരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍
അസഹ്യമായ ഉഷ്ണവും അനുബന്ധ വികാരങ്ങളുമാണ് പിത്ത പ്രകൃതിക്കാരുടെ മുഖമുദ്ര. ജരാനരകളും കഷണ്ടിയും മറ്റും എളുപ്പത്തില്‍ ബാധിക്കുന്നു. തലയ്ക്ക് തണുപ്പുകൊടുക്കുന്ന തൈലങ്ങള്‍ (ഹിമസാഗരം, തുംഗദ്രുമാദി, ചന്ദ്രനാദി, ലാക്ഷാദി, ആറുകാലാദി എന്നിങ്ങനെ അനവധിയായ തൈലങ്ങളില്‍ നിന്ന് ഉചിതമായത് വൈദ്യ നിര്‍ദ്ദേശാനുസരണം തിരഞ്ഞെടുക്കുക) തേയ്ക്കുക, കുളിക്കുന്നതിന് മുമ്പായി ഉള്ളം കാലില്‍ ഉള്‍പ്പെടെ ശീതവീര്യമുള്ള തൈലങ്ങള്‍ തേച്ച് പിടിപ്പിക്കുക, ഭൂമധ്യത്തില്‍ (രണ്ട് പുരികങ്ങളുടേയും മധ്യത്തില്‍) ചന്ദനം തൊടുക, ഋതുഭേദങ്ങള്‍ക്കനുസരിച്ച് ആയുര്‍വേദം അനുശാസിക്കുന്ന ഭക്ഷണ ശീലങ്ങളും മറ്റും കൃത്യമായി പാലിക്കുക തുടങ്ങിയവയെല്ലാം ചെറുപ്പത്തില്‍ത്തന്നെ പരിശീലിപ്പിച്ചാല്‍, ഭാവിയില്‍ വരാനിടയുള്ള അവരുടെ ആരോഗ്യ പ്രശ്‌നങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സഹായകമാവും.
കായികം
അധികമായ ആയാസം ആവശ്യമില്ലാത്ത ബാള്‍ ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് തുടങ്ങിയവ പിത്ത പ്രകൃതിക്കാര്‍ക്ക് പറ്റിയ കായിക ഇനങ്ങളായിരിക്കും.
കഫം
കഫപ്രകൃതിക്കാര്‍ പൊതുവേ കാണാന്‍ കൊള്ളാവുന്നവരും, വെളുത്ത് വര്‍ണ്ണ പ്രസാദമുള്ളവരും ആയിരിക്കും. എങ്കിലും ചിന്തയിലും പ്രവൃത്തിയിലുമുള്ള മന്ദതയാണ് ഇവിടെ പ്രശ്‌നം. അതായത് ആരംഭ ശീഘ്രത്വം ഉണ്ടായിരിക്കുകയില്ല. കൃത്യമായ ഇടപെടലും പരിശീലനവും തുടക്കം മുതല്‍ ശീലിച്ചാല്‍ ഒരു പരിധിവരെ ഇതിനെ മറികടക്കാന്‍ സാധിക്കും.
മാന്‍ മാനേജ്‌മെന്റ് ഒരു കലപോലെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന കഫ പ്രകൃതിക്കാര്‍ക്ക്, അതിന് പ്രാമുഖ്യമുള്ള മേഖലകളില്‍ പ്രാവീണ്യം തെളിയിക്കാന്‍ എളുപ്പമായിരിക്കും. വി വി ഐ പികളുടെ സെക്രട്ടറിമാര്‍, കോര്‍പ്പറേറ്റ് കമ്പനികളുടെ പേഴ്‌സണല്‍ മാനേജര്‍മാര്‍, ലേബര്‍ വെല്‍ഫെയര്‍ ഓഫീസര്‍മാര്‍, വിവിധങ്ങളായ സര്‍ക്കാര്‍-സ്വകാര്യ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തുന്നവര്‍ തുടങ്ങിയവരെല്ലാം ഉദാഹരണങ്ങള്‍.
കായികം
ഭാരോദ്വഹനം, ബോക്‌സിങ്ങ്, ബോഡി ബില്‍ഡിംഗ്, ഷോട്ട്പുട്ട് തുടങ്ങിയവ കഫപ്രകൃതിക്കാര്‍ക്ക് എളുപ്പത്തില്‍ കഴിവ് തെളിയിക്കാന്‍ കഴിയുന്ന കായിക മേഖലകളാണ്.
വാതം
വാതപ്രകൃതിക്കാര്‍ പൊതുവില്‍, ശരീരം മെലിഞ്ഞും മൃദുത്വമില്ലാത്ത ചര്‍മ്മത്തോടു കൂടിയവുരം ആയിരിക്കും. വയസ്സായ ആളുകളുടെ ചര്‍മ്മം ശ്രദ്ധിച്ചിരിക്കുമല്ലോ. അത്തരത്തില്‍ മാര്‍ദ്ദവം കുറഞ്ഞ തൊലിയാണ് ഇവരുടെ പ്രത്യേകത. തണുപ്പു കാലത്ത് കാല്‍ വീണ്ടുകീറുന്നതും മറ്റും ഇത്തരക്കാരില്‍ താരതമ്യേന കൂടുതലാണ്. മൃദുത്വവും സ്‌നിഗ്ദ്ധതയും വര്‍ദ്ദിപ്പിക്കുന്ന പ്രയോഗങ്ങളാണ് ഇവിടെ പ്രയോജനപ്പെടുക. പുതിയ കാര്യങ്ങള്‍ പെട്ടെന്ന് ഗ്രഹിക്കുമെങ്കിലും അതേ വേഗതയില്‍ അവര്‍ മറന്നു പോവുകയും ചെയ്യുന്നു. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ ചര്യകള്‍, ചെറുപ്പം തൊട്ടേ ശീലിക്കുന്നത് നല്ലതാണ്.
ശാരീരികമായ അധ്വാനമോ നയപരമായ തീരുമാനങ്ങളോ അധികമൊന്നും ആവശ്യമില്ലാത്ത, താരതമ്യേന വേഗത മാത്രം കൈമുതലാവേണ്ട ജോലികള്‍ വാതപ്രകൃതിക്കാര്‍ക്ക് അനുയോജ്യമായിരിക്കും. റെയില്‍വേ സ്‌റ്റേഷനുകളിലെ തിരക്കേറിയ കൗണ്ടറുകളില്‍ ടിക്കറ്റ് വിതരണം ചെയ്യുന്നവര്‍ ഒരുദാഹരണം.
കായികം
ശാരീരിക ക്ഷമതയേക്കാള്‍ വേഗതയ്ക്ക് വളരെയേറെ വിലയുള്ള ഫുട്ബാളിലെ ഗോള്‍ക്കീപ്പര്‍, ക്രിക്കറ്റിലെ വിക്കറ്റ് കീപ്പര്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ കളിക്കുന്ന വാതപ്രകൃതിക്കാര്‍, പകരം വയ്ക്കാനാളില്ലാത്ത പ്രതിഭകള്‍ ആയിരിക്കും. അതുപോലെ വ്യക്തിഗത ഇനങ്ങളില്‍ ഹ്രസ്വദൂര ഓട്ടം, നീന്തല്‍ തുടങ്ങിയവ അവര്‍ക്ക് അനുയോജ്യമായിരിക്കും. ചെറുപ്പത്തില്‍ത്തന്നെ കണ്ടെത്തി പരിശീലനം കൊടുക്കണമെന്നു മാത്രം.
പ്രകൃതി പരിജ്ഞാനം – വിവാഹ ജീവിതത്തില്‍
കല്യാണത്തിന് മുമ്പ് ജാതകം നോക്കുന്ന ഏര്‍പ്പാട്, കാലങ്ങളായി നമ്മുടെ നാട്ടില്‍ നടന്നുവരികയാണല്ലോ. അതിന്റെ ശരി തെറ്റുകളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. പക്ഷേ, വധു-വരന്മാരുടെ പ്രകൃതി പരിശോധിക്കുന്നത് ഉത്തമമായിരിക്കും! വധു വരന്മാര്‍ വ്യത്യസ്ത പ്രകൃതിക്കാര്‍ ആയിരിക്കുന്നതാണ് എപ്പോഴും നല്ലതെന്ന്, ആയുര്‍വേദ ശാസ്ത്രവുമായി ചേര്‍ത്തുവെച്ച് ആലോചിക്കുമ്പോള്‍ അനുമാനിക്കാവുന്നതാണ്.
അതാത് പ്രകൃതിക്കാര്‍ക്കായി മുന്‍പ് പറഞ്ഞ മേഖലകളില്‍ മാത്രമേ അവര്‍ക്ക് ശോഭിക്കാന്‍ കഴിയൂ അല്ലെങ്കില്‍ അഭിരുചി ഉണ്ടാവുകയുള്ളു എന്നൊന്നും അര്‍ത്ഥമാക്കേണ്ടതില്ല. അഭിരുചിക്കനുസരിച്ച് ആര്‍ക്കും ഏതു മേഖലയും തിരഞ്ഞെടുക്കാം. എന്നാല്‍ പ്രകൃതിക്കനുസരിച്ച് പരിശീലനം നേരത്തേ നല്കിയാല്‍ അവരവരുടെ മേഖലകളില്‍ അങ്ങേയറ്റം സഹായകമാവും എന്നുമാത്രം. പ്രകൃതിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള വൈദ്യവിശാരദന്മാര്‍ക്ക് ഇക്കാര്യങ്ങളിലെല്ലാം കൂടുതല്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കാനുമാവും.
Posted by vincent