കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ആരോഗ്യ ബോധവത്കരണ മേഖലകളില്‍ സജീവസാന്നിദ്ധ്യമാണ് ഡോ. ബി പദ്മകുമാര്‍. പതിനഞ്ചിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഇദ്ദേഹം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആരോഗ്യവിഭാഗം ഗസ്റ്റ് എഡിറ്ററാണ്. നൂറിലേറെ പുസ്തകങ്ങള്‍ എഡിറ്റ് ചെയ്തിട്ടുള്ള ഡോ. പദ്മകുമാര്‍ ഇപ്പോള്‍ കൊല്ലം ഗവ. മെഡിക്കല്‍ കോളേജില്‍ ജനറല്‍ മെഡിസിന്‍ വിഭാഗം പ്രൊഫസറും വകുപ്പ് മേധാവിയുമാണ്. മെഡിസിനില്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നും പി എച്ച് ഡി ബിരുധം നേടിയിട്ടുള്ള ഡോ. ബി പദ്മകുമാര്‍ കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് ബാധയെപ്പറ്റിയും പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും പരിസര ശുചിത്വത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും ആവശ്യകതയെപ്പറ്റിയും ആരോഗ്യപ്പച്ചയുമായി സംസാരിക്കുന്നു.
വര്‍ദ്ധിച്ചുവരുന്ന ഭീതിയുടെ പശ്ചാത്തലത്തിലാണ് നാമിപ്പോള്‍. നിപ്പ സ്ഥിരീകരിച്ച 18 പേരില്‍ 16 പേരും മരിച്ചു. രോഗം കൂടുതല്‍ ആളുകളിലേക്ക് പകരുന്നില്ല എന്ന് ആശ്വസിക്കാനാകുമെങ്കിലും ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ?
ഇപ്പോഴത്തെ സ്ഥിതി ആശങ്കാജനകമാണെന്ന് പറയാന്‍ പറ്റില്ലെങ്കിലും അതീവ ഗൗരവത്തോടെ കാണണം. മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന വൈറസ് വന്നുവെന്നതും ഗൗരവത്തോടെ കാണണം. ചിക്കുന്‍ ഗുനിയ എച്ച് 1 എന്‍ 1 ഇന്‍ഫ്‌ളുവന്‍സ ഒക്കെ വന്നുവെങ്കിലും ഇതൊന്നും തന്നെ പെട്ടെന്ന് മാരകമാകാറില്ലായിരുന്നു. ഒരു പ്രദേശമാകെ പടര്‍ന്ന് പിടിക്കുന്ന സ്വഭാവമുണ്ടെന്നത് ശരിയാണ്. വ്യാപകമായി പടരുന്ന സ്വഭാവമില്ലെങ്കില്‍ പോലും മരണ സാധ്യതയുള്ള രോഗമാണ് നിപ്പ വൈറസ് മൂലമുണ്ടാകുന്നത്. നമ്മുടേത് പോലെ ജനസാന്ദ്രത കൂടിയ പ്രദേശത്ത് ഇങ്ങനെയൊരു വൈറസ് എങ്ങനെയെത്തി എന്നുള്ളത് വളരെ ആശങ്കയുളവാക്കുന്നതാണ്. മറ്റൊരു പ്രധാന പ്രശ്‌നം ഈ രോഗാണു പൊതുവേ ആക്രമിക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷി കുറഞ്ഞവരെയാണ്. നിപ്പ വൈറസിനെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ ആര്‍ക്കും തന്നെ ഇതിനെതിരായ പ്രതിരോധ ശക്തിയില്ല എന്നതാണ്. അതുകൊണ്ട് ആരുവേണമെങ്കിലും രോഗ ബാധിതരാകാം. കേരളത്തിലെ ഉയര്‍ന്ന പ്രമേഹ നിരക്ക്, ജീവിത ശൈലി രോഗങ്ങളുടെ സാന്നിധ്യം, വയോജനങ്ങളുടെ ഉയര്‍ന്ന ജനസംഖ്യ എല്ലാം തന്നെ ഇതുപോലെയുള്ള വൈറസ് ബാധകള്‍ വളരെയധികം വ്യാപിക്കുന്നതിനുള്ള അനുകൂല സാഹചര്യമാണൊരുക്കിയിട്ടുള്ളത്. നിപ്പ രോഗം ഒരു ചൂണ്ടുപലകയായെടുത്ത് നമ്മള്‍ അതില്‍ നിന്നും പാഠം പഠിക്കണം. ഇനിയും ഇതുപോലെയുള്ള പല വൈറസുകളും അതിര്‍ത്തിക്കപ്പുറം കാത്തിരിക്കുന്നുണ്ടെന്നുള്ള വസ്തുത നാം മനസിലാക്കണം. അവയെ പ്രതിരോധിക്കാനാവശ്യമായ സത്വര നടപടികള്‍ ഉണ്ടാകണം.
സാധാരണ ജനജീവിതത്തെ പ്രതികൂലമായി എല്ലാതലത്തിലും നിപ്പ ബാധിച്ചു കഴിഞ്ഞു. ശരിയായ ബോധവത്കരണത്തിന്റെ അഭാവം ഉണ്ടെന്ന് പറയുവാനാകുമോ?
നിപ്പ വൈറസ് ബാധയുടെ വെളിച്ചത്തില്‍ നമ്മള്‍ മനസിലാക്കിയ പ്രധാന കാര്യം മലയാളിക്ക് ഏറെ സാക്ഷരതയുണ്ടെങ്കില്‍
പോലും കിംവദന്തികളും അബദ്ധ പ്രചരണങ്ങളും നമ്മുടെ സമൂഹത്തില്‍ വളരെ പെട്ടെന്ന്
വ്യാപിക്കുന്നു എന്നുള്ളതാണ്. കോഴിക്കോടും സമീപ പ്രദേശങ്ങളും സാമൂഹികമായി ഒറ്റപ്പെട്ടിരിക്കുകയാണ്. യാത്രകള്‍, പൊതുപരിപാടികള്‍ എല്ലാം മാറ്റിവെച്ചിരിക്കുന്നു. രോഗ പ്രതിരോധത്തിനായി അവിടെ സ്വീകരിച്ചുവരുന്ന ഇത്തരം നടപടികള്‍ മനസിലാക്കാം. എന്നാല്‍ കേരളത്തിലാകമാനം ആ ഭീതിയുടെയും ജാഗ്രതയുടെയും ആവശ്യമില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രചരിച്ച അശാസ്ത്രീയമായിട്ടുള്ള വാര്‍ത്തകള്‍ ജനങ്ങളെ കൂടുതല്‍ ആശങ്കാകുലരാക്കിയിരിക്കുകയാണ്. ഇവിടെയാണ് യഥാര്‍ത്ഥ ബോധവത്കരണത്തിന്റെ പ്രാധാന്യവും പ്രസക്തിയും. ഒരു രോഗത്തെ നിയന്ത്രിക്കണമെങ്കില്‍ നമുക്ക് മൂന്ന് ഘടകങ്ങള്‍ ആവശ്യമാണ്. ചികിത്സ, പ്രതിരോധം, ബോധവത്കരണം. ജനങ്ങള്‍ക്ക് ശരിയായ അറിവ് പകര്‍ന്നു നല്‍കുവാനും ആ അറിവിലൂടെ രോഗത്തെ പ്രതിരോധിക്കുവാനും ശരിയായ ബോധവത്കരണം കൊണ്ട് സാധിക്കും. നമ്മുടെ മാധ്യമങ്ങള്‍ വളരെ മെച്ചപ്പെട്ട പ്രകടനമാണ് ഈ അവസരത്തില്‍ കാഴ്ചവെച്ചത്. അത് തുടരേണ്ടതുണ്ട്. അതൊടൊപ്പം അബദ്ധ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികളുമുണ്ടാകണം.
നിപ്പ സംശയിച്ച് 48 മണിക്കൂറിനുള്ളില്‍ രോഗ നിര്‍ണയം നടത്താനായത് പ്രശംസനീയമായ കാര്യം തന്നെയാണ്. എന്നാല്‍ ഇത്തരം വൈറസ് ബാധകളില്‍ അവ കണ്ടെത്താനുള്ള സംവിധാനങ്ങള്‍ സംസ്ഥാനത്തില്ല എന്നുള്ളതും പരിഹരിക്കപ്പെടേണ്ട വിഷയമല്ലേ?
തീര്‍ച്ചയായും കൃത്യസമയത്തുള്ള രോഗ നിര്‍ണയം എന്ന് പറയുന്നത് ചികിത്സയെ വളരെ സ്വാധീനിക്കുന്ന ഘടകമാണ്. നിപ്പ വൈറസിനെ സംബന്ധിച്ചിടത്തോളം നമ്മുടെ ഡോക്ടര്‍മാരുടെ അവബോധം മൂലം കൃത്യസമയത്ത് തന്നെ രോഗ നിര്‍ണയം നടത്തുവാനായി. പക്ഷേ, ഇപ്പോഴും രോഗ നിര്‍ണയത്തിന് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് നാം. സംസ്ഥാന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം വളരെ മന്ദഗതിയിലാണ്. ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ഫീല്‍ഡ് സ്റ്റേഷനും അതിന്റേതായിട്ടുള്ള പരിമിതികളുണ്ട്.
നമുക്ക് കുറ്റമറ്റ രോഗ നിര്‍ണ്ണയ നിരീക്ഷണ സംവിധാനം ഇനിയും ഉണ്ടാകേണ്ടിരിക്കുന്നു. രോഗാരംഭത്തില്‍ തന്നെ രോഗ നിര്‍ണ്ണയം നടത്താന്‍ പറ്റുന്ന രീതിയിലുള്ള അതിനൂതന സാങ്കേതിക വിദ്യകള്‍ ഇന്ന് വൈദ്യശാസ്ത്രം വികസിപ്പിച്ചു കഴിഞ്ഞു. സംസ്ഥാന തലത്തില്‍ ദേശിയ നിലവാരമുള്ള ഒരു വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള ശ്രമവുമായി ഗവണ്‍മെന്റ് മുന്നോട്ട് പോകുന്നുണ്ട്. ഒപ്പംതന്നെ മെഡിക്കല്‍ കോളേജുകളിലുള്ള മൈക്രോബയോളജി വിഭാഗത്തിന്റെയും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി രോഗ നിര്‍ണയപ്രക്രിയ കൂടുതല്‍ സുഗമമാക്കാന്‍ നമുക്ക് കഴിയണം.
നിപ്പ വൈറസിന്റെ വ്യാപന ശക്തി കുറഞ്ഞയതിനാല്‍ അധികം പകരാതെ 30-40 ദിവസങ്ങള്‍ക്കുള്ളില്‍ കെട്ടടങ്ങുന്ന രീതിയാണല്ലോ കണ്ടുവരുന്നത്?
നമുക്ക് ഈ വൈറസ് ബാധയെക്കുറിച്ച് ഇരുപത് വര്‍ഷത്തെ അനുഭവപരിചയം മാത്രമേയുള്ളു. 1998-99 കാലഘട്ടത്തിലാണ് ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്. അതിന് ശേഷം ബംഗ്ലാദേശില്‍ 2004 മുതല്‍ എല്ലാവര്‍ഷവും തുടര്‍ച്ചയായി നിപ്പ രോഗബാധയുണ്ടാകുന്നുണ്ട്. വൈറസിന്റെ സ്വഭാവം പരിശോധിച്ച് നോക്കുമ്പോള്‍ അതിവേഗം വ്യാപകമാകുന്നില്ലെങ്കില്‍ പോലും രണ്ട് തരത്തില്‍ നിപ്പ വൈറസ് പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. ഒന്ന് രോഗം ഭേദമായതിന് ശേഷം ഉണ്ടാകാനിടയുള്ള അനുബന്ധ ആരോഗ്യ പ്രശ്‌നങ്ങളാണ്. മലേഷ്യയില്‍ രോഗം ബാധിച്ചവരില്‍ 15 ശതമാനത്തോളം ആളുകള്‍ക്ക് പിന്നീട് മസ്തിഷ്‌ക സംബന്ധമായ വൈകല്യങ്ങളും നാഡിരോഗങ്ങളും പ്രത്യക്ഷപ്പെടുകയുണ്ടായി. കൈകാലുകളുടെ തളര്‍ച്ച, അനിയന്ത്രിതമായ ചലനങ്ങള്‍, ഓര്‍മ്മക്കുറവ്, അപസ്മാരം തുടങ്ങിയ പ്രശ്‌നങ്ങളായിരുന്നു കൂടുതലായി കണ്ടുവന്നത്. മറ്റൊന്ന് രോഗകാരിയായ വൈറസ് സുഷുപ്തിയില്‍ പോകുവാനുള്ള സാധ്യതയാണ്. മാസങ്ങളോളം ഇങ്ങനെ ഗുപ്താവസ്തയില്‍ കഴിയുന്ന വൈറസ് പിന്നീട് സജീവമാകുകയും രോഗ ലക്ഷണങ്ങള്‍ പ്രകടമാക്കുകയും ചെയ്യാനിടയുണ്ട്. അതുകൊണ്ടാണ് മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന നിരീക്ഷണം നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് ഉണ്ടാകണമെന്ന് പറയുന്നത്.
അതിജീവന ശേഷി ആര്‍ജിച്ച് പുതിയ രോഗങ്ങള്‍ ഉണ്ടാക്കുന്ന അണുക്കള്‍ മനുഷ്യര്‍ക്ക് ചില മുന്നറിയിപ്പുകള്‍ നല്‍കുന്നില്ലേ? പാരിസ്ഥിതികാവബോധത്തിലേക്കും പരിസര ശുചിത്വത്തിലേക്കുമൊക്കെ നാം കൂടുതല്‍ മുന്നേറണമെന്നുള്ള മുന്നറിയിപ്പ്?
നിപ്പ നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠമെന്നത് മനുഷ്യന്റെ ആരോഗ്യമെന്ന് പറയുന്നത് മണ്ണിന്റെയും ജീവജാലങ്ങളുടെയും ആരോഗ്യത്തില്‍ നിന്നും വേര്‍തിരിച്ച് കാണാവുന്ന ഒന്നല്ല എന്നതാണ്. പ്രകൃതിയുടെയും മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും ആരോഗ്യം പരസ്പര പൂരകമാണ്. മേലഷ്യയില്‍ രൂക്ഷമായ വനനശീകരണമുണ്ടായപ്പോഴാണ് വവ്വാലുകള്‍ പഴങ്ങള്‍ തേടി ജനവാസപ്രദേശങ്ങളിലേക്ക് കടന്നുകയറിയതും പന്നികളിലേക്കും തുടര്‍ന്ന് മനുഷ്യരിലേക്കും രോഗം പടര്‍ന്നതും. നിപ്പ പോലുള്ള പുതിയ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്നതിന്റെ കാരണങ്ങള്‍ കാലാവസ്ഥാവ്യതിയാനം, വനനശീകരണം, മൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം, അതിജീവനശേഷിയുള്ള രോഗാണുക്കളുടെ ആവിര്‍ഭാവം, രോഗാതുരത ഏറുന്ന പ്രതിരോധശേഷി കുറഞ്ഞ ഒരു സമൂഹം തുടങ്ങിയവയാണ്. പ്രകൃതിയുടെയും ജീവജാലങ്ങളുടെയും ആരോഗ്യം സംരക്ഷിച്ചുകൊണ്ടു മാത്രമേ മനുഷ്യന്റെ ആരോഗ്യം സംരക്ഷണം സാധ്യമാകു എന്നതാണ് നിപ്പ പഠിപ്പിക്കുന്ന പാഠം. അങ്ങനെയുള്ള ഒരു ഏക ആരോഗ്യ സമീപനം (വണ്‍ ഹെല്‍ത്ത് കണ്‍സെപ്റ്റ്) ആണ് രോഗ നിയന്ത്രണത്തിന് നമുക്കിനി ഉണ്ടാകേണ്ടത്. അതിനായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ആരോഗ്യവകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും പരിസ്ഥിതി വകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
എന്തുകൊണ്ട് കേരളം പുതിയ പകര്‍ച്ചവ്യാധികളുടെ വിളനിലമാകുന്നു? മറ്റു രാജ്യങ്ങളിലേക്കും ഇതരസംസ്ഥാനങ്ങളിലേക്കുമുള്ള ആളുകളുടെ പോക്കുവരവുകള്‍ ഇത്തരം രോഗങ്ങള്‍ പകരുന്നതിനും പടരുന്നതിനും കാരണമാകുന്നുണ്ടോ?
ഒരു പകര്‍ച്ചവ്യാധി ഒരു പ്രദേശത്ത് വ്യാപിക്കണമെങ്കില്‍ മൂന്ന് ഘടകങ്ങള്‍ ഒത്ത് ചേരണം. ഒന്ന് രോഗാണുക്കളുടെ സാന്നിധ്യം രണ്ട് രോഗമേറ്റുവാങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു സമൂഹം മൂന്ന് രോഗം പടര്‍ന്ന് പിടിക്കാന്‍ അനുകൂലമായ പരിതസ്ഥിതി. ഈ മൂന്ന് ഘടകങ്ങളും കേരളത്തില്‍ ഒരുപോലെ നിലനില്‍ക്കുന്നുവെന്നതാണ് കേട്ടുകേള്‍വി പോലുമില്ലാത്ത പുതിയ വൈറസ് രോഗങ്ങള്‍ അതിര്‍ത്തികള്‍ താണ്ടി കേരളത്തിലെത്താന്‍ കാരണമായത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ ഇവിടെയെത്തിയ ചിക്കുന്‍ഗുനിയ, ഡെങ്കുപ്പനി, കുരങ്ങ് പനി, പക്ഷിപ്പനി, ചെള്ളു പനി തുടങ്ങിയവയൊക്കെ കേരളത്തിലെ അനുകൂല സാഹചര്യങ്ങള്‍ മുതലെടുത്തുകൊണ്ട് വ്യാപകമായ രോഗങ്ങളാണ്. ഇവയിലേറെയും കൊതുകുകളും മറ്റു പ്രാണികളും പകര്‍ത്തുന്ന സാംക്രമിക രോഗങ്ങളുമാണ്. ഇനിയും പല പുതിയ പകര്‍ച്ച വ്യാധികളും നമ്മുടെ സംസ്ഥാനത്തെത്താന്‍ സാധ്യതയുണ്ട്. യൂറോപ്പിലും മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഭീതിയുണ്ടാക്കുന്ന മഞ്ഞപ്പനി ഉദാഹരണം.
മഞ്ഞപ്പനി പടര്‍ത്തുന്ന ഈഡിസ് കൊതുകുകള്‍ ഇവിടെയുണ്ട്. ഇവയ്ക്ക് പ്രജനനം നടത്താന്‍ അനുകൂലമായ പരിസ്ഥിതിയും ഇവിടെയുണ്ട്. ഇല്ലാത്തത് മഞ്ഞപ്പനിക്ക് കാരണമായ വൈറസുകള്‍ മാത്രം. അതിജാഗ്രതയോടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ശുചീകരണ പ്രവര്‍ത്തനത്തിലൂടെ, കുന്നുകൂടുന്ന മാലിന്യം വേണ്ട രീതിയില്‍ സംസ്‌കരിച്ച് നമ്മുടെ നഗരങ്ങള്‍ മാലിന്യ മുക്തമാക്കിയാല്‍ മാത്രമേ ഒരു ആരോഗ്യ കേരളത്തെക്കുറിച്ച് നമുക്ക് സ്വപ്‌നം കാണാനാകൂ. ഒപ്പം ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിച്ചും നല്ല ഭക്ഷണം കഴിച്ചും കൃത്യമായി വ്യായാമം ചെയ്തും ലഹരി വസ്തുക്കള്‍ ഉപേക്ഷിച്ചും മനുഷ്യന്റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്തേണ്ടതുണ്ട്. തീര്‍ത്ഥാടനം, പഠനം, ബിസിനസ് തുടങ്ങിയവയ്ക്കായി നമ്മള്‍ നടത്തുന്ന അന്താരാഷ്ട്ര യാത്രകളിലൂടെയും മറ്റും രോഗാണുക്കള്‍ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണം.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളുടെ സാന്നിധ്യം മലേറിയ പോലുള്ള രോഗങ്ങള്‍ തിരിച്ച് വരുന്നതിന് കാരണമായിട്ടുണ്ട്. അതില്‍ ജാഗ്രത പാലിക്കാന്‍ കഴിയണം. വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ഇവിടെ തൊഴില്‍ ചെയ്യുന്ന അന്യസംസ്ഥാ തൊഴിലാളികള്‍ താമസിക്കുന്നത്. അത്തരം കാര്യങ്ങള്‍ കൃത്യമായി മോണിറ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ തലത്തില്‍ ഒരു ഏജന്‍സിയുണ്ടാകണം.
ആഗോള വ്യാപകമായി പ്രകീര്‍ത്തിക്കപ്പെട്ട ഒന്നാണ് കേരള മോഡല്‍ ആരോഗ്യ മാതൃക. അതിന് ഭീഷണിയുയര്‍ത്തുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്? എങ്ങനെ മറികടക്കാം?
കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ചികിത്സ സാധാരണ ജനങ്ങള്‍ക്ക് നല്‍കാനായി എന്നതാണ് കേരള മോഡല്‍ ആരോഗ്യമാതൃകയുടെ പ്രധാന സവിശേഷത. ശിശു മരണ നിരക്ക്, മാതൃമരണ നിരക്ക് തുടങ്ങിയ ആരോഗ്യ സൂചികകളുടെ അടിസ്ഥാനത്തില്‍ കേരളം ആരോഗ്യ രംഗത്ത് വികസിത രാജ്യങ്ങള്‍ക്കൊപ്പമായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന പകര്‍ച്ചവ്യാധികളുടെ കൂട്ട ആക്രമണം കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് വന്‍ വെല്ലുവിളിയാണുയര്‍ത്തിയിരിക്കുന്നത്. അതോടൊപ്പം മലയാളിയുടെ ലൈഫ് സ്റ്റൈലായപ്പോള്‍ വ്യാപകമായ ലൈഫ് സ്റ്റൈല്‍ രോഗങ്ങളും കേരളത്തില്‍ ഒരു പകര്‍ച്ച വ്യാധിപോലെ പടര്‍ന്നു. ഈ ഇരട്ട രോഗങ്ങളുടെ സാന്നിധ്യമാണ് കേരള മോഡല്‍ ആരോഗ്യ മാതൃകയ്ക്കുള്ള ഏറ്റവും വലിയ ഭീഷണി. ചികിത്സയ്ക്ക് മാത്രം പ്രാധാന്യം നല്‍കാതെ ആരോഗ്യകരമായ ഒരു ജീവിതത്തെക്കുറിച്ചുള്ള വ്യക്തമായ ബോധവത്കരണം നമ്മുടെ നാട്ടിലുണ്ടാകണം. ശുദ്ധമായ വെള്ളവും ശുദ്ധമായ വായുവും മാലിന്യം കലരാത്ത മണ്ണും നമുക്ക് സ്വന്തമാകണം. മാലിന്യ സംഭരണവും സംസ്‌കരണവും ബഹുജന പങ്കാളിത്തത്തോടെ ഊര്‍ജിതമായി നടപ്പിലാക്കാന്‍ നമുക്ക് കഴിയണം. ഒപ്പം പ്രകൃതിയുടെയും മനുഷ്യന്റെയും ജീവജാലങ്ങളുടെയും ആരോഗ്യവും ഒന്നാണെന്ന ബോധവും നമുക്കുണ്ടാകണം. എങ്കില്‍ മാത്രമേ നഷ്ടപ്പെട്ടുപോയ കേരള മോഡല്‍ ആരോഗ്യ മാതൃകയെ നമുക്ക് വീണ്ടെടുക്കാനാകു.
ശുചിത്വം തന്നെ പ്രതിരോധം
മഴയോടൊപ്പം പതിവായി എത്താറുള്ള പനിക്കൂട്ടത്തെ പേടിച്ചിരിക്കുന്ന നമ്മുടെ മുന്നിലേക്ക് മഴയ്ക്കുമുന്‍പേ പനിയെത്തിയിരിക്കുകയാണ്. ഇത്തവണ നിപ വൈറസ് മൂലമുള്ള മസ്തിഷ്‌കജ്വരമാണ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. രോഗബാധിതരില്‍ 50 ശതമാനത്തിലേറെയാളുകളിലും മരണകാരണമായേക്കാമെന്നതും പനി മാറിയവരിലും മസ്തിഷ്‌ക സംബന്ധമായ അനുബന്ധ പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നതും സ്ഥിതി സങ്കീര്‍ണമാക്കുന്നു. ഫലപ്രദമായ മരുന്നും വാക്‌സിനും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ അതിജാഗ്രതയോടെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്.
മാരകമായ മസ്തിഷ്‌കജ്വരം
ജപ്പാന്‍ജ്വരം പോലെ നിപ വൈറസ് ഗുരുതരമായ മസ്തിഷ്‌കജ്വരത്തിന് കാരണമാകാം. മസ്തിഷ്‌കജ്വരബാധിതരില്‍ പകുതിയോളമാളുകള്‍ക്ക് ന്യൂമോണിയ പോലെയുള്ള ശ്വാസകോശ സംബന്ധമായ സങ്കീര്‍ണതകളും ഉണ്ടാകാം. മസ്തിഷ്‌കജ്വരം ഗുരുതരമാകുന്നതിനെത്തുടര്‍ന്ന് രോഗബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരില്‍ മരണസാധ്യത 40 ശതമാനത്തോളമാണെന്നുള്ള വസ്തുത രോഗത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നു.
രോഗം ഭേദമായതിനു ശേഷവും മസ്തിഷ്‌കസംബന്ധമായ അനുബന്ധ പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നതാണ് മറ്റൊരു പ്രത്യേകത. അപസ്മാരം, സ്വഭാവവ്യതിയാനം തുടങ്ങിയവയാണ് വീണ്ടും പ്രത്യക്ഷപ്പെടാനിടയുള്ള അനുബന്ധപ്രശ്‌നങ്ങള്‍. രോഗമുണ്ടാക്കുന്ന വൈറസുകള്‍ ശരീരത്തില്‍ ദീര്‍ഘനാള്‍ സുഷുപ്താവസ്ഥയില്‍ കഴിയും. മാസങ്ങള്‍ക്കുശേഷം വീണ്ടും സജീവമായി ഗുരുതരമായ എന്‍സിഫലൈറ്റിസിനു കാരണമാവുകയും ചെയ്തസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രോഗബാധ അകറ്റി നിര്‍ത്താന്‍
നിപ വൈറസിനെതിരെ ഫലപ്രദമായ ആന്റിവൈറല്‍ മരുന്നുകളും വാക്‌സിനും ലഭ്യമല്ലാത്തതുകൊണ്ട് പ്രതിരോധമാര്‍ഗങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്.
- മൃഗങ്ങളുമായി അടുത്തിടപഴകേണ്ടിവരുമ്പോള്‍ ശരിയായ വ്യക്തിസുചിത്വം പാലിക്കണം.
- രോഗിയെ പരിചരിക്കുമ്പോഴും അടുത്തിടപഴകുമ്പോഴും അതിശ്രദ്ധയുണ്ടാകണം.
- രോഗിയെ പരിചരിച്ചശേഷം കൈകള്‍ നന്നായി കഴുകണം.
- രോഗിയെ ശുശ്രൂഷിക്കുമ്പോള്‍ കൈയുറകള്‍ക്കും മാസ്‌കിനുമൊപ്പം കണ്ണിനും സംരക്ഷണം ലഭിക്കാനായി അതിനുള്ള കണ്ണടകളും ധരിക്കണം.
- പരിചരിക്കുന്നവരുടെ ശരീരത്തിലും മറ്റും രോഗിയുടെ ശരീരശ്രവങ്ങള്‍ പറ്റാന്‍ സാധ്യതയുള്ളതുകൊണ്ട് രോഗിയുമായി ഇടപെടുമ്പോള്‍ ഗൗണ്‍ ധരിക്കണം.
- വായുകണങ്ങളില്‍ നിന്ന് 95 ശതമാനം സംരക്ഷണം നല്‍കുന്ന എന്‍ 95 മാസ്‌കുകള്‍ തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം
- രോഗി പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ കൈയുറകള്‍ നീക്കം ചെയ്യുമ്പോള്‍ സോപ്പും വെള്ളവും ഉപയോഗിച്ചോ അണുനാശിനികളായ ക്ലോര്‍പോക്‌സിഡിന്‍, ആല്‍ക്കഹോള്‍ എന്നിവ അടങ്ങിയ ശുചികരണലായനികള്‍കൊണ്ടോ കൈകള്‍ വൃത്തിയാക്കണം.
- രോഗിയുടെ വസ്ത്രം, കിടക്കവിരി, ചികിത്സാ ഉപകരണങ്ങള്‍ തുടങ്ങിയവയൊക്കെ സുരക്ഷിതമായി കൈകാര്യം ചെയ്യണം.
- കഴിയുന്നതും ഒറ്റത്തവണ ഉപയോഗിച്ചശേഷം ഉപേക്ഷിക്കാവുന്നതരത്തിലുള്ള വസ്ത്രങ്ങളും ഉപകരണങ്ങളും ഉപയോഗിക്കുക.
- രോഗിയില്‍ നിന്ന് രോഗപകര്‍ച്ച ഒഴിവാക്കാനായി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടവല്‍ കൊണ്ട് മൂക്കും വായും അടച്ചുപിടിക്കണം.
- രോഗം പടര്‍ന്നുപിടിച്ചിരിക്കുന്ന സാഹചര്യങ്ങളില്‍ അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാം. പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സയ്ക്കു മുതിരാതെ വൈദ്യസഹായം തേടണം.