കാലവര്‍ഷമാണല്ലോ വരാന്‍ പോകുന്നത് എല്ലാ വര്‍ഷത്തേയുമെന്നപോലെ പകര്‍ച്ചവ്യാധികളുടെ സാധ്യതകള്‍ തള്ളിക്കളയാനുമാവില്ല. മഴക്കാല പൂര്‍വ്വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ എങ്ങനെ പുരോഗമിക്കുന്നു?
ഗവണ്‍മെന്റ് അധികാരമേറ്റ ശേഷം ചേര്‍ന്ന ആദ്യ ക്യാബിനറ്റില്‍ മഴക്കാല രോഗ പ്രതിരോ ധത്തിനുള്ള സംവിധാനങ്ങളെക്കുറിച്ചാണ് ആലോചിച്ചത്. ഈ മഴക്കാലത്ത് 10% സാംക്രമിക രോഗങ്ങള്‍ കൂടുതലാകാനിടയു ണ്ടെന്നാണ് ആരോഗ്യരംഗത്തെ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഒന്നാമത്തെ ക്യാബനറ്റില്‍ത്തന്നെ ഈ വിഷയം ചര്‍ച്ചക്കെടുത്തു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി യുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം വിളിച്ച് ചേര്‍ത്തു. വിവിധ വകുപ്പ് മന്ത്രിമാര്‍, ശുചീകരണവും രോഗപ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടുന്ന മേഖലകള്‍ അതു കൈകാര്യം ചെയ്യുന്ന വിവിധ വകുപ്പ് മന്ത്രിമാര്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ മീറ്റിംഗ് നടന്നത്. അതില്‍ ഇറിഗേഷന്‍, പൊതുമരാമത്ത്, ധനകാര്യവകുപ്പ് മന്ത്രിമാര്‍, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തി രുന്നു. ആ മീറ്റിംഗില്‍ എടുത്ത പ്രധാന തീരുമാനം വളരെപ്പെട്ടെന്നു തന്നെ ശുചീക രണ പ്രവര്‍ത്തനങ്ങളും രോഗപ്രതിരോധ സംവിധാനങ്ങളുടെ ഏകോപനവും, അതുപോലെ തന്നെ പ്രകൃതിക്ഷോഭ ദുരന്തങ്ങളുണ്ടാകുമ്പോള്‍ അത് നേരിടുവാനുള്ള സംവിധാനങ്ങളുണ്ടാവും എന്നതാണ്. അതിനെത്തുടര്‍ന്നാണ് 30, 31 തീയതികളില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ജില്ലാ കളക്ടര്‍ യോഗം വളിക്കണമെന്ന് തീരു മാനിച്ചത്. കളക്ടര്‍ വിളിച്ച് ചേര്‍ക്കുന്ന മീറ്റിംഗിന് ഓരോ മന്ത്രിമാരെ ചുമതലപ്പെടുത്തി. 14 ജില്ലകളിലും മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ആ മീറ്റിംഗുകള്‍ നടന്നു. ഞാന്‍ കണ്ണൂരാണ് പങ്കെടുത്തത്. ഇതില്‍ പ്രധാനമായും പരി ശോധിച്ചത് ആരോഗ്യമേഖലയില്‍ എല്ലാ സംവിധാനങ്ങളുമുണ്ടോ, പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുതല്‍ എല്ലാ ആശുപ്ത്രികളിലും മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനത്തി നുള്ള മരുന്നുകളുടെ സ്റ്റോക്കുണ്ടോ എന്ന് പരിശോധിച്ചു. അതുപോലെ തന്നെ ജില്ലയുടെ ഏതെങ്കിലും ഭാഗത്ത് എലിപ്പനി, ഡങ്കുപ്പനി തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ, അവയുടെ വ്യാപനത്തിന് സാധ്യതയുണ്ടോ എന്നുള്ള പരിശോധനയും നടത്തിയിട്ടുണ്ട്. രണ്ടാമതായി പരിശോധിച്ചിട്ടുള്ളത് ജില്ലകളില്‍ ആശുപത്രികളില്‍ നിര്‍ദ്ദേശിപ്പക്കപ്പെട്ടിട്ടുള്ള രീതിയിലുള്ള ഡോക്ടര്‍മാരടക്കമുള്ള സ്റ്റാഫുകള്‍ ഉണ്ടോ എന്നതാണ്. ചില പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ ഒരു ഡോക്ടര്‍ പോലും ഇല്ലാത്ത സാഹചര്യമുണ്ട്. അവിടെ ഉടന്‍ തന്നെ ഡോക്ടറെ നിയമിക്കേണ്ടതുണ്ട്. നിര്‍ദ്ദിഷ്ട സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള മുഴുവന്‍ നിയമനങ്ങളും പെട്ടെന്ന് നടത്താന്‍ കഴിഞ്ഞു എന്ന് വരില്ല. പക്ഷേ തീരെ ആളില്ലാത്ത അവസ്ഥ ഒഴിവാക്കാന്‍ വേണ്ടി ഇപ്പോള്‍ തന്നെ പോസ്റ്റിംഗ് നടത്താന്‍ തീരുമാനിച്ചു. ബഹു മാനപ്പെട്ട മുഖ്യമന്ത്രി തന്നെ അടിയന്തിരമായി പി.എസ്.സിയുമായി ബന്ധപ്പെട്ട് നിയമനം നടത്തുന്നതിനുള്ള നടപടി ആരംഭിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഞങ്ങള്‍ പി.എസ്.സി ചെയ ര്‍മാനുമായി ബന്ധപ്പെട്ട് നിലവിലുള്ള ഒഴിവുകളില്‍ നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മഴക്കാലത്തിന് മുന്‍പ്തന്നെ അടിയന്തിര നിയമനം നടപ്പിലാക്കും. മുന്‍പ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് കുറവായിരുന്നു. എല്ലാ ജില്ലകളില്‍ നിന്നും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചതനുസരിച്ച് റിപ്പോര്‍ട്ടുകള്‍ കിട്ടിത്തു ടങ്ങിയിട്ടുണ്ട്. അവിടെയും അടിയന്തിര നിയമനം നടത്തും. എല്ലാ പി.എച്.സികളിലും ഒരു ഡോക്ടറെങ്കിലും ഉണ്ടാകും. സി.എച്ച്.സി കളിലും താലൂക്ക് ആശുപത്രികളിലും ആവശ്യ മായ ഡോക്ടര്‍മാരെ നിയമിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. അപ്പോള്‍ ഈ കാര്യങ്ങളും ആരോഗ്യവകുപ്പ് കൃത്യമായി ശ്രദ്ധിക്കുന്നുണ്ട്. ഒന്ന് ആവശ്യത്തിന് മരുന്നുകള്‍ സ്റ്റോ ക്കുണ്ടോ എന്നതും രണ്ട് ആവശ്യത്തിന് ഡോക്ടര്‍മാരും ആവശ്യത്തിന് മറ്റ് സ്റ്റാഫുകളും ആവശ്യത്തിനനുസരിച്ചുള്ള മുഴുവനാളുകളെയും പെട്ടെന്ന് കൊടുക്കാന്‍ പറ്റില്ലെങ്കിലും അത്യാവശ്യത്തിനുള്ള ആളുകളെ എല്ലായിടത്തും വിന്യസിക്കാന്‍ കഴിയുമെന്നുതന്നെയാണ് കരുതുന്നത്. രണ്ടാമത്തെ കാര്യം രോഗം വരാതെ പ്രതിരോധിക്കുക എന്നതാണ്. അതില്‍ മാലിന്യ നിര്‍മാര്‍ജനമാണ് പ്രധാനമായും എടുത്തിട്ടുള്ളത്. ജൂണ്‍ 1 മുതല്‍ അഞ്ചുവരെയുള്ള തീയതികളില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്താന്‍ തീരുമാനിച്ചു. അതില്‍ ആരോഗ്യവകുപ്പും മറ്റ് വകുപ്പുകളും പങ്കാളികളാവും. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ വാര്‍ഡ് മെമ്പര്‍ ചെയര്‍മാനായുള്ള സമിതികളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഇരുപത്തയ്യായിരം രൂപ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും ഇതിന്റെ ചെലവിലേക്കായി നല്കും. ഈ തുക കൊണ്ട് മതിയാവില്ല. ബാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളിലൂടെ നടത്തേണ്ടിവരും. ഇരുപത്തയ്യായിരത്തില്‍ പതിനായിരം ശുചിത്വമിഷനും പതിനായിരം എന്‍.എച്ച്.എമ്മും അയ്യായിരം പഞ്ചായത്തും എടുക്കും. എന്‍.എച്ച്.എമ്മിന്റെയും ശുചിത്വമിഷന്റെയും ഫണ്ട് എത്തിയിട്ടില്ലെങ്കില്‍ പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ചെലവഴിക്കാവുന്നതാണ്. പിന്നീട് ഇത് റീകൂപ്പ് ചെയ്യാനുള്ള അനുവാദം തദ്ദേശ സ്വയം ഭരണ വകുപ്പ് കൊടുത്തിട്ടുണ്ട്. ഈ തുകകൊണ്ട് ഈ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കില്ല. അതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തന്നെ മുഴുവന്‍ പൗരന്മാരെയും അണി നിരത്തിക്കൊണ്ടുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. യുവജന സന്നദ്ധസംഘടനകള്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍, മഹിളാ സംഘടനകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ എല്ലാവരെയും ഒന്നിച്ച് ചേര്‍ത്തുകൊണ്ടുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്യണം. അഞ്ചാം തീയതി ആകുമ്പോഴേക്കും ഈ പ്രവര്‍ത്തനം അതിന്റെ പൂര്‍ണതയിലെത്തണം. കൊതുക് നിവാരണമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ അഞ്ചാം തീയതി പൂര്‍ത്തിയാകണം. കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുക, പ്ലാസ്റ്റിക്കുകള്‍ ഒഴിവാക്കുക, റബര്‍ത്തോട്ടങ്ങളിലെ ചിരട്ടകളില്‍ വെള്ളം കെട്ടിക്കടക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കര്‍ഷകര്‍ തന്നെ മുന്‍കൈയ്യെടുക്കണം. അതുപോലെ കൈതച്ചക്കത്തോട്ടങ്ങളില്‍ ചെടികളുടെ തണ്ടുകള്‍ക്കിടയില്‍ വെള്ളം കെട്ടിനിന്ന് കൊതുക് വര്‍ദ്ധിക്കാനിടയുണ്ടെന്നുള്ള ആശങ്ക ആ മേഖലയിലുള്ളവര്‍ പറയുന്നുണ്ട്. അതും പരിശോധിക്കേണ്ടതായിട്ടുണ്ട്. ഇത്തരം ചെറിയ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് ഫോഗിംഗ്, ക്ലോറിനേഷന്‍ തുടങ്ങിയ പരിപാടികളൊക്കെ ചെയ്യണം. അതിനാവശ്യമായ ഉപകരണങ്ങള്‍ ഡി.എം.ഒയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുകയും പഞ്ചായത്തുകളുമായി ചേര്‍ന്ന് ഈ പ്രവര്‍ത്ത നങ്ങള്‍ ഏകോപ്പിക്കുകയും ചെയ്യും. ഇവയൊക്കെയാണ് ശുചീകരണ പ്രവര്‍ത്ത നങ്ങളുമായി ബന്ധപ്പെട്ട് ചെയ്തിട്ടുള്ളത്.
‘പകര്‍ച്ചവ്യാധികളില്ലാത്ത മഴക്കാലം’ എന്നതാണ് നമ്മുടെ മുദ്രാവാക്യം. പകര്‍ച്ച വ്യാധികള്‍ എന്തായാലും വന്നുകൊണ്ടിരിക്കും. പക്ഷേ ഈ മുദ്രാവാക്യത്തിലുള്ള ആശയം ഒരാള്‍ പോലും പകര്‍ച്ച വ്യാധികൊണ്ട് മരണപ്പെടരുത് എന്നതാണ്. പനി കണ്ടെത്തിയാലുടനെ പി.എച്ച്.സിയിലോ സി.എച്ച്.സിയിലോ ചികിത്സ തേടണം. ഉന്നതമായ ചികിത്സ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചവര്‍ മാത്രമേ ഉയര്‍ന്ന ആശുപത്രികളിലേക്ക് പോകേണ്ടതുള്ളു. അല്ലെങ്കില്‍ അത്തരം ആശുപത്രികളില്‍ ജനബാഹുല്യമുണ്ടാകും. അത് ഉന്നത ചികിത്സ ആവശ്യമായി വരുന്ന രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ബുദ്ധിമുട്ടു ണ്ടാക്കും. പനിബാധിച്ച രോഗിക്ക് മരുന്നും ഭക്ഷണവും വിശ്രമവും ഉറപ്പ് വരുത്തണം. ഇതാണ് രോഗ പ്രതിരോധത്തിനായി നട ത്തിയിട്ടുള്ള പ്രാഥമിക മുന്‍കരുതലുകള്‍.
ആരോഗ്യ മേഖല ഒരു സേവന മേഖലയാണ്. പൊതുജനങ്ങളും ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥരും ഒരുമിച്ച് ചേര്‍ന്നുള്ള നല്ല ആത്മബന്ധത്തോട് കൂടിയുള്ള ഒരു പ്രവര്‍ ത്തനമാണ് നടക്കേണ്ടത്. ത്യാഗപൂര്‍ണ്ണമായി 24 മണിക്കൂറും സേവനസന്നദ്ധരായ ആരോ ഗ്യപ്രവര്‍ത്തകര്‍ ആരോഗ്യവകുപ്പിലുണ്ട്. എന്നാല്‍ അപൂര്‍വ്വം ചിലയിടങ്ങളില്‍ സേവന താത്പര്യമില്ലായ്മ പ്രകടമാകുന്നുണ്ട്. കേവലം ഒരു ജോലി എന്ന രീതിയില്‍ മാത്രം കാണുകയും കൂടുതല്‍ രോഗികളെ പരിശോധിക്കാനും മറ്റും ഡോക്ടര്‍മാര്‍ തയ്യാറാകാത്ത അവസ്ഥ ചില മേഖലകളിലുണ്ട്. അത്തരം കാര്യങ്ങള്‍ പ്രത്യേക പരിശോധനക്ക് വിധേയമാക്കും. ഡ്യൂട്ടി സമയത്ത് പോലും രോഗികളെ പരിശോ ധിക്കാനും പരിചരിക്കാനും തയ്യാറാകാത്ത വര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
ജില്ലയൊന്നിന് ഓരോ മെഡിക്കല്‍കോളേജ് എന്ന നിലയിലുള്ള വര്‍ദ്ധനവും നഗര ഗ്രാമഭേദമില്ലാതെ ഉയര്‍ന്ന് വരുന്ന പഞ്ചനക്ഷത്ര ആശുപത്രികളും കേരളീയരുടെ ആരോഗ്യം അപകടകരമാണെ ന്നതിനുള്ള തെളിവല്ലേ?
സര്‍ക്കാറിന്റെ നയം രോഗം വരാതെ ജനങ്ങളെ സംരക്ഷിക്കുക എന്നതാണ്. കേരളത്തില്‍ ഇന്ന് രോഗാതുരത കൂടുതലാണ്. ജീവിതശൈലി രോഗങ്ങളും കൂടുതലാണ്. സര്‍ക്കാര്‍ ഒരു പുതിയ പദ്ധതി ആരോഗ്യമേഖലയില്‍ കൊണ്ടു വരാന്‍ ഉദ്ദേശിക്കുന്നുണ്ട്. അതൊരു സമഗ്ര ആരോഗ്യ പദ്ധതിയാണ്. ഗ്രാമീണമേഖലയില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയും ആശുപത്രിക്ക് കീഴിലുള്ള മുഴുവന്‍ കുടുംബങ്ങളെയും അതിലെ അംഗങ്ങളെയും കൃത്യമായി നിരീ ക്ഷിക്കുന്നതിനും അവരുടെ ആരോഗ്യ സ്ഥിതി യെക്കുറിച്ചുള്ള റെക്കോര്‍ഡ് സൂക്ഷിക്കുന്നതിനും പദ്ധതിയുണ്ടാകും. ആ മേഖലയില്‍ ജീവിത ശൈലീരോഗങ്ങള്‍ നിയന്ത്രിക്കാന്‍ ആവശ്യ മായിട്ടുള്ള ഭക്ഷണക്രമവും വ്യായാമരീതിയുമൊക്കെ പിന്‍തുടരാന്‍ പ്രേരിപ്പിക്കുന്ന പദ്ധതിയായി രിക്കുമത്. പകര്‍ച്ചവ്യാധികള്‍ വരാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ മഴക്കാലത്തിന് തൊട്ട് മുമ്പുമാത്രമല്ല മുഴുവന്‍ സമയങ്ങളിലും സ്വീകരിക്കാനുള്ള നടപടിയും ഈ പദ്ധതി മൂലം ഉണ്ടാകും. അതിന്റെ വിശദാംശങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്ത് അറിയിക്കും. ഈ പദ്ധതിയിലൂടെ നഗരങ്ങളിലെ ആശുപ ത്രികളിലേക്കുള്ള തള്ളിക്കയറ്റം ഒഴിവാ ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമഗ്രമായ ഒരു ആരോഗ്യനയം ഗവണ്‍മെന്റ് രൂപീകരിക്കുന്നതാണ്.
ആയുര്‍വേദമടക്കമുള്ള ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍സിന്റെ വളര്‍ച്ചയ്ക്കായി എന്തൊക്കെ പദ്ധതികളുണ്ടാകും?
എല്ലാ സമ്പ്രദായങ്ങളിലുമുള്ള ചികില്‍സാരീതികള്‍ ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് ലഭ്യമാക്കുക എന്നതാണ് ഗവണ്‍മെന്റിന്റെ കാഴ്ചപ്പാട്. അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, പ്രകൃതി-യോഗ തുടങ്ങിയവയില്‍ ജനങ്ങളുടെ താത്പര്യവും വിശ്വാസവുമനുസരിച്ച് പ്രയോഗിക്കാനും ചികിത്സ തേടാനുമുള്ള സൗകര്യങ്ങള്‍ ഉണ്ടാകണം. ഗുരുതരമായ രോഗങ്ങള്‍ക്ക് പ്രത്യേക പരിശോധനയും ചികിത്സയും എവിടെ ലഭ്യമാക്കണമെന്നത് സംബന്ധിച്ച് സമഗ്രാരോഗ്യ പദ്ധതി നിര്‍ദ്ദേശം നല്കും. എല്ലാ ചികിത്സാ സമ്പ്രദായങ്ങളെയും പ്രോ ത്സാഹിപ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്.
സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ ശ്രദ്ധയാവശ്യമുള്ളതായി ഈ രംഗത്തെ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പോഷകാഹാരക്കുറവ് മൂലമുള്ള വിളര്‍ച്ചയും മറ്റ് രോഗങ്ങളും വ്യാപകമാണ്.
കേരളത്തില്‍ പോഷകാഹാരക്കുറവ് ഒരു പ്രധാന പ്രശ്‌നമായി നിലനില്ക്കുകയാണ്. 60 ശതമാനത്തിലേറെ സ്ത്രീകള്‍ക്ക് വിളര്‍ച്ചയുള്ളതായി കണക്കാക്കപ്പെട്ടിടുന്നുണ്ട്. പോഷകാഹാര ലഭ്യതക്കുറവും ആഹാര രീതികളുടെ അശാസ്ത്രീയതയും അതിന് കാരണമാകുന്നുണ്ട്. ഇത് പരിഹരിക്കാനുള്ള നടപടികള്‍ ഗവണ്‍മെന്റ് ആരംഭിക്കും. കുട്ടികളുടെ പോഷകാഹാരക്കുറവ് പരി ഹരിക്കുന്നതിനും ശാരീരികവും മാനസിക വുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികള്‍ ഗവണ്‍മെന്റ് ആവിഷ്‌കരി ക്കുന്നുണ്ട്.
ആദിവാസി മേഖലയിലെ ആരോഗ്യപ്രശ്‌നങ്ങള്‍?
ആദിവാസി മേഖലയിലെ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് മുന്‍ഗണന നല്കുന്ന താണ്. ആദിവാസി ഊരുകളിലേക്ക് ചികിത്സ എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിനാവശ്യമായ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും മറ്റും കൂടുതല്‍ സജ്ജമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ആദിവാസി ക്ഷേമ വകുപ്പും ഐ.സി.ഡി.എസ് പദ്ധതിയുമായി ചേര്‍ന്ന് കമ്മ്യൂണിറ്റി കിച്ചണ്‍ പ്രാവര്‍ത്തികമാക്കുന്ന കാര്യം പരിഗണിക്കും.