ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി ജീവിതം സമര്പ്പിച്ച വ്യക്തിത്വമാണ് സി കെ ജാനുവിന്റേത്. നിരവധി സമരങ്ങളിലൂടെയും ഇടപെടലുകളിലൂടെയുമാണ് കേരളത്തിന്റെ പൊതുമണ്ഡലത്തിലേക്ക് ജാനു ഉയര്ന്നു വരുന്നത്. ചെറുപ്പം മുതല് തീഷ്ണമായ ജീവിതാനുഭവങ്ങളിലൂടെ വളര്ന്നു വന്ന ജാനുവിന് മുത്തങ്ങയില് ഭൂമിക്കുവേണ്ടി ആദിവാസികള് നടത്തിയ സമരത്തിന് നേതൃത്വം നല്കിയതിന്റെ പേരില് പോലീസില്നിന്ന് ക്രൂരമര്ദ്ദനം ഏല്ക്കേണ്ടി വന്നു. എന്നാല് അത്തരം അടിച്ചമര്ത്തലുകളൊന്നും ജാനുവിനെ തളര്ത്തുന്നില്ല. മുഴുവന് സമയവും ആദിവാസികള്ക്കുവേണ്ടി പ്രവര്ത്തിക്കുന്ന സി കെ ജാനു ആദിവാസി മേഖലകളിലെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ആരോഗ്യപ്പച്ചയോട് സംസാരിക്കുന്നു.
കേരളത്തില് പൊതുവെയും വയനാട്ടില് പ്രത്യേകിച്ചും ആദിവാസികളുടെ ആരോഗ്യനിലവാരം അത്ര ആരോഗ്യകരമല്ല. അതിനു കാരണമെന്താണ്?
ആദിവാസികള് വയനാട്ടിലോ കേരളത്തിലോ മാത്രമല്ല ലോകത്തെമ്പാടും പരമ്പരാഗതമായിത്തന്നെ പ്രകൃതിയില്നിന്ന് പോഷക സമ്പുഷ്ടമായ ആഹാരം കഴിച്ചിരുന്നവരാണ്. അവര് ജൈവപരമായ ഭക്ഷ്യ വിഭവങ്ങള് ഉല്പാദിപ്പിച്ചിരുന്നു. പക്ഷേ ഇന്ന് കേരളത്തില് വയനാട്ടിലടക്കമുള്ള ആദിവാസികളുടെ സ്ഥിതി പരിശോധിച്ചാല് നമുക്ക് മനസിലാവുന്നത് പോഷകസമൃദ്ധമായ ആഹാരമില്ലെന്നതുമാത്രമല്ല ആവശ്യത്തിനുള്ള ഭക്ഷണം പോലും എല്ലാവര്ക്കും ലഭിക്കുന്നില്ല എന്നതാണ്. ഇതിന്റെ അടിസ്ഥാനകാരണം ആദിവാസികള് ക്ക് സ്വന്തമായി ഭൂമിയില്ല എന്നതുതന്നെയാണ്. ആദിവാസികളുടെ ഭൂമി കുടിയേറ്റക്കാരും മറ്റ് വന്കിട മുതലാളിമാരും ചേര്ന്ന് തട്ടിയെടുക്കുകയും അവരെ രണ്ടുസെന്റുകളിലേക്ക് ഒതുക്കുകയും ചെയ്തതാണ് ഇത്തരം അനാരോഗ്യകരമായ സാമൂഹികാസമത്വങ്ങള്ക്കും ആരോഗ്യപ്രശ്‌നങ്ങള്ക്കും മൂലകാരണം.
വനവും പുഴയുമൊക്കെ ആദിവാസികളുടെ ആരോഗ്യപൂര്ണമായ ജീവിതത്തെ സ്വാധീനിച്ചിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നല്ലോ, അത് എങ്ങനെയാണ് നശിച്ചുകൊണ്ടിരിക്കുന്നത്?
അതെ. ആദിവാസികള് വനവിഭവങ്ങ ളും പുഴവിഭവങ്ങളും (പ്രത്യേകിച്ചും മീനുകള്) ഉപയോഗിച്ച് ആരോഗ്യകരമാ യ ജീവിതം നയിച്ചിരുന്നു. പക്ഷേ വന നിയമം വന്നതോടെ ആദിവാസികള്ക്ക് വനം നഷ്ടമായി. അമിതമായ രാസവളപ്രയോഗവും രാസകീടനാശിനികളുടെ അപകടകരമായ പ്രയോഗവും കൃഷിഭൂമിയുടെ നാശത്തിനും പുഴകളെയും മറ്റ് ജലസ്രോതസുകളെയും മലിനമാക്കുകയും നിര്ജീവമാക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് വനവും പുഴയുമൊക്കെ ഉപജീവിച്ചുള്ള ആദിവാസികളുടെ ആരോഗ്യജീവിതം വെറും പറച്ചിലുകളില് മാത്രമൊതുങ്ങുന്നു. വനം വകുപ്പിന്റെ നേതൃത്വത്തില് നഗരത്തില് പ്ലാസ്റ്റിക് കാടുകളുണ്ടാക്കി ആദിവാസികളെക്കൊണ്ടുവന്ന് കാട്ടിക്കൂട്ടുന്ന ആഭാസങ്ങള് നാം കാണുന്നുണ്ടല്ലോ. അതുകൊണ്ട് ഇത്തരം ചൂഷണങ്ങളില്നിന്ന് ആദിവാസികള് രക്ഷപ്പെടണമെങ്കില് അവരില് നിന്നും തട്ടിയെടുത്ത അവര് ക്കവകാശപ്പെട്ട ഭൂമി തിരികെ നല്കണം. ആദിവാസികള് ഒരിക്കലും ഭൂമിയെയോ വനത്തെ യോ ലാഭക്കൊതികൊണ്ട് നശിപ്പിച്ചിട്ടില്ല. ജൈവപരമായി കൃഷിചെയ്ത് ജീവിക്കുന്ന പാരമ്പര്യമാണ് ആദിവാസികളുടേത്. അതുകൊണ്ട് കൃഷിചെയ്തു സ്വന്തം ഭക്ഷണം കണ്ടെത്താനും ഭരണഘടനാപരമായ അവകാശങ്ങള് അനുഭവിക്കുന്ന അന്തസ്സുള്ള ആരോഗ്യമുള്ള പൗരനായി മാറാനും കഴിയണമെങ്കില് സ്വന്തമായി ഭൂമി എന്ന മൗലിക അവകാശം സ്ഥാപിച്ചെടുക്കണം. അതാണ് ഞങ്ങളുടെ അതിജീവന സമരത്തിന്റെ കാതല്.
വിദ്യാഭ്യാസപരമായി ആദിവാസികള് ഉയരേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ് അധികാരികള് പറയുന്നത്. ഇത് യഥാര്ത്ഥത്തില് ചെയ്യേണ്ട കാര്യങ്ങളില്നിന്നുള്ള ഒളിച്ചോട്ടമല്ലേ?
വിദ്യാഭ്യാസം ആവശ്യമാണ്. പക്ഷേ കേരളത്തി ലെ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം ആദിവാസികളെ പടിക്ക് പുറത്താണ് നിര്ത്തിയിരിക്കുന്നത്. ആദിവാസികളുടെ ഭാഷ മലയാളമല്ല. മലയാളത്തിലെ പഠനം ഒരു അടിച്ചേല്പ്പിക്കലായി മാറുന്നുണ്ട്. അതുകൊണ്ടുതന്നെ സ്‌കൂ ളുകളില്നിന്ന് കൊഴിഞ്ഞുപോക്കും ഉണ്ടാകുന്നുണ്ട്. വിദ്യാഭ്യാസത്തിലൂടെ ഉയര്ന്ന ജോലി സമ്പാദിച്ച് ജീവിക്കാവുന്ന അവസ്ഥയിലേക്ക് ആദിവാസി സമൂഹം എത്തിയിട്ടില്ല. അതിന്റെ സാമൂഹ്യകാരണങ്ങള് പരിശോധിച്ചാല് നാം ചെന്നെത്തുന്നത് നേരത്തേ പറഞ്ഞതുപോലെ ഭൂമിയുടെ പ്രശ്‌നത്തിലാണ്. ആദിവാസികളുടെ ആരോഗ്യപ്രശ്‌നം ആഹാരത്തിന്റെ പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ അത് കൃഷിഭൂമിയുടെ പ്രശ്‌നമാണ്. ഇന്ന് ആദിവാസികള് അഭിമുഖികരിക്കുന്ന നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ട്. മദ്യപാനവും വെറ്റിലമുറുക്കുമാണ് കാരണമെന്ന് പറഞ്ഞ് അധികാരികള് അത് ലഘൂകരിക്കുന്നുമുണ്ട്.
ആരോഗ്യപ്രശ്‌നം ഇന്ന് ആദിവാസികളില് മാത്രം ഒതുങ്ങുന്ന ഒന്നല്ല, മറിച്ച് അതൊരു പൊതുപ്രശ്‌നമായി മാറിയിരിക്കുകയാണ്. എന്നാല് വേണ്ട പരിഹാരം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലല്ലോ?
ശരിയാണ്; വാസ്തവത്തില് ആദിവാസികള് ക്ക് മാത്രമായി ഒരു ആരോഗ്യപ്രശ്‌നവുമില്ല. ആദിവാസികള്ക്ക് മാത്രമായി പ്രത്യേകരോഗങ്ങളും ഇല്ല. ഇത്തരം കാര്യങ്ങളില് നമ്മള് മുഴുവന് സമൂഹത്തെയും കണക്കിലെടുക്കണം. ആദിവാസിക്കുട്ടികള്ക്ക് പകര്ച്ചവ്യാധികള് വന്നാല് അതു പടരുന്നത് ആദിവാസികള്ക്ക് മാത്രമല്ല. മറ്റുള്ളവര്ക്കു കൂടിയാണ്. അതുപോലെ മറ്റു സമുദായങ്ങളില്പ്പെട്ടവര്ക്ക് വരുന്ന പകര്ച്ചവ്യാധികളും മറ്റും ആദിവാസികളിലേക്കും പടര്ന്നേക്കാം. അതുകൊണ്ട് മുഴുവന് സമൂഹത്തെയും സമഗ്രമായിക്കാണുന്ന ഒരു ആരോഗ്യസമീപനമാണ് ഉണ്ടാകേണ്ടത്. രണ്ടു സെന്റുകളില് ഒതുങ്ങിക്കഴിയേണ്ടി വരുമ്പോള് ഇത്തരം സാംക്രമിക രോഗങ്ങള് പിടിപെടാനും പടരാനുമൊക്കെയുള്ള സാധ്യതകളുണ്ട്. മതിയായ സാനിട്ടറി സംവിധാനങ്ങളില്ലാതെ ഒരു ചെറിയ കൂരയ്ക്കുള്ളില് പത്തും ഇരുപ തും പേരൊക്കെ താമസിക്കേണ്ടിവരുന്നു. ഇതൊക്കെ പല ആരോഗ്യപ്രശ്‌നങ്ങള്ക്കും കാരണമാകുന്നുണ്ട്. ഇതിനൊക്കെയുള്ള ശാശ്വത പരിഹാരം ആദിവാസികള്ക്ക് കൃഷിഭൂമി തിരികെ നല്കുക എന്നതുമാത്രമാണ്.
ആദിവാസികളുടെ ഭൂമിയില് കൃഷി ചെയ്താല് അത് മറ്റുള്ളവര്ക്കും ഗുണകരമാവില്ലേ?
ആദിവാസികള്ക്ക് ഭൂമി ലഭിച്ചാല് ആദിവാസികള്ക്ക് മാത്രമല്ല പൊതു സമൂഹത്തിന് മുഴുവന് അതിന്റെ ഗുണം ലഭിക്കും. ആദിവാസി ഉല്പാദിപ്പിക്കുന്ന പച്ചക്കറികളും മറ്റു ഉല്പന്നങ്ങളും ആവശ്യത്തിനെടുത്തതിന് ശേഷം അത് വിപണിയിലെത്തിക്കും. അരിക്ക് ആന്ധ്രയെയും മുളകിന് മഹാരാഷ്ട്രയെയും പച്ചക്കറിക്ക് തമിഴ്‌നാടിനെയും ആശ്രയിക്കു ന്ന നട്ടെല്ലില്ലാത്ത ജനസമൂഹമായി അധഃപതിച്ച കേരള ജനത ലജ്ജിക്കണം. ആയിരക്കണക്കിന് ഏക്കര് ഭൂമി തരിശിട്ടിട്ടാണ് തമിഴരും തെലുങ്കരും മാരക കീടനാശിനികള് തളിച്ച് കൃഷിചെയ്ത പഴങ്ങളും പച്ചക്കറികളും മേടിച്ച് മലയാളികള് തിന്നുന്നത്. കേരളത്തിലെ ഭൂരഹിതരായ അര്ഹരായ മുഴുവന് ആദിവാസികള്ക്കും കൃഷിയോഗ്യമായ ഭൂമി ലഭിച്ചാല് അതുവഴി കേരളത്തിലെ ജനങ്ങളുടെ ഭക്ഷ്യസുരക്ഷയും ആരോഗ്യവും ഒരു പരിധിവരെ ഉറപ്പാക്കാനാവും. അതുകൊണ്ട് ആദിവാസികളുടെ ആരോഗ്യപ്രശ്‌നങ്ങളും ഭൂമിപ്രശ്‌നങ്ങളും സ്വത്വപ്രശ് നങ്ങളും അവരുടേതു മാത്രമായി കണക്കാക്കാതെ മൊത്തം സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നമെന്ന നിലയില് കണ്ടുകൊണ്ടുള്ള ജനകീയ ഇടപെടലുകള് ഈ പ്രശ്‌നങ്ങളില് ഉണ്ടാവണം. ആദിവാസികളുടെ ഇടയില് സംഭവിക്കുന്ന നവജാത ശിശുക്കളുള്പ്പെടെയുള്ള കുട്ടികളുടെ മരണം യഥാര്ത്ഥത്തില് പട്ടിണി മരണമാണ്. പട്ടിണി മരണത്തെയാണ് അധികാരികള് പോഷകക്കുറവ് കൊണ്ടുള്ള മരണം എന്ന് ലഘൂകരിക്കുന്നത്. ആഹാരം എല്ലാവര് ക്കും ഉറപ്പുവരുത്തുകയാണ് പരിഷ്‌കൃത സമൂഹം ചെയ്യേണ്ടത്. പോഷകം മാത്രമായി കഴിക്കുന്ന ഏതെങ്കിലും ജനസമൂഹം ലോകത്തെവിടെയെങ്കിലുമുണ്ടോ. നല്ല ആഹാരം കഴിച്ചാല് പോഷകാംശങ്ങള് ശരീരം ആഗിരണം ചെയ്‌തോളും.
ആദിവാസിക്കുട്ടികളെ ലൈഗികമായി പീഡിപ്പിക്കുന്നതടക്കമുള്ള അതിക്രമങ്ങള് ഇപ്പോഴും തുടരുന്നു. അതിനെതിരെ നടപടിയെടുക്കേണ്ട ഭരണസംവിധാനങ്ങള് നിഷ്‌ക്രിയരാവുകയല്ലേ?
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെതിരെ ശക്തമായ സമരം ഞങ്ങളാരംഭിക്കും. സ്വന്തമായി നിലനില്പ്പില്ലാത്ത അവസ്ഥയെയാണ് പലരും ചൂഷണം ചെയ്യുന്നത്. ഇത് ഉടന് അവസാനിപ്പിച്ചില്ലെങ്കില് അത്തരക്കാ രെ ഞങ്ങള്ക്ക് കൈകാര്യം ചേയ്യേണ്ടിവരും. അപ്പോള് മാവോയിസ്റ്റാണ് അതാണ് ഇതാണ് എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. ആറാം ക്ലാസില് പഠിക്കുന്ന കുട്ടിയെ കെട്ടിയിട്ട് വായില് മദ്യമൊഴിച്ച് കൊടുത്തിട്ട് ലൈഗികമായി പീഡിപ്പിക്കുകയാണുണ്ടായത്. എന്നിട്ട് ബന്ധപ്പെട്ട കുറ്റവാളികളും അവര്ക്ക് ഒത്താശ ചെയ്യുന്നവരും അധികാരികളും പറയുന്ന ത് ആദിവാസികളെ ബോധവത്കരിക്കണമെന്നാണ്. ഇതെന്ത് നീതിയാണ്. ഇതിനെതിരെ ആദിവാസികള് മാത്രമല്ല മുഴുവന് മനുഷ്യ രും രംഗത്തുവരണം. പ്രകൃതിയുടെമേലും മനുഷ്യന്റെമേലും കയ്യൂക്കുള്ളവര് നടത്തിക്കൊണ്ടിരിക്കുന്ന മുഴുവന് കയ്യേറ്റങ്ങള്ക്കെതിരെയും പ്രതികരിക്കുന്ന, പ്രതിരോധിക്കുന്ന, കാടും തോടും കുന്നും മണ്ണും കാക്കുന്ന മനുഷ്യരുടെ ഒരു കൂട്ടായ്മ ഉണ്ടാകണം എന്നാലേ സമഗ്രമായ ആരോഗ്യത്തിലേക്ക് എത്താനാകു. ഞങ്ങള് ആദിവാസികള്ക്ക് ഫാനില്ലാതെയും കറണ്ടില്ലാതെയും എത്ര ദിവസങ്ങള് വേണമെങ്കിലും ജീവിക്കാനാകും. നഗരത്തില് ജീവിക്കുന്നവര്ക്ക് കറണ്ടില്ലാതെ ഒരു മണിക്കൂര് സ്വസ്ഥമായി ജീവിക്കാനാവുമോ?. അതുകൊണ്ട് വനവും പുഴയും മലയും മണ്ണും സംരക്ഷിക്കപ്പെടണം. സ്വന്തമായി അസ്തിത്വമില്ലാത്ത ജനതയില്നിന്ന് വിവേകമുള്ള ജനതയിലേക്ക് കേരള സമൂഹം ഇനിയും പരിഷ്‌കരിക്കപ്പെടണം. അങ്ങനെ വന്നാല് എല്ലാ മനുഷ്യരും സമന്മാരാണന്ന തിരിച്ചറിവുണ്ടാകും. സമൂഹത്തിലെ എല്ലാത്തരം അനാരോഗ്യകരമായ പ്രവണതകളെയും രോഗങ്ങളെയും ആരോഗ്യപ്രശ്‌നങ്ങളെയും ഒന്നിച്ച് നിന്ന് ചെറുക്കാനാവും. അതിനു വേണ്ടിയുള്ള കൂട്ടായ പരിശ്രമങ്ങളാണുണ്ടാവേണ്ടത്.
ആറാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ കെട്ടിയിട്ട് വായിൽ മദ്യമൊഴിച്ചു കൊടുത്തിട്ട് ലൈംഗികമായി പീഡിപ്പിച്ചു. എന്നിട്ട് ബന്ധപെട്ട കുറ്റവാളികളും അവർക്ക് ഒത്താശ ചെയ്യുന്നവരും, അധികാരികളും പറയുന്നത് ആദിവാസികളെ ബോധവത്ക്കരിക്കണമെന്നാണ്….