Mar 17 2025, 3:45 PM +91 94476 83169 arogyappachamasika@gmail.com

Arogyappacha

പുകയിലയും കാന്‍സറും

പുകയിലയും കാന്‍സറും

പുകയിലയും കാന്‍സറും

August 6, 2024

അഭിമുഖം
ഡോ. ആര്‍ ജയകൃഷ്ണന്‍/വിന്‍സന്റ് പീറ്റര്‍

രു ലോക കാന്‍സര്‍ദിനം കൂടി കടന്നുപോകുന്നു. കേരളത്തിലെ കാന്‍സര്‍ ബാധിതരുടെ എണ്ണം അനുദിനംവര്‍ദ്ധിച്ച് വരുകയാണ്. പുരുഷന്മാരിലെ കാന്‍സറിന് പ്രധാനകാരണം പുകയിലയുടെ ഉപയോഗമാണെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. പുകയില ഉല്പന്നങ്ങള്‍ അവ പലതും നിരോധിച്ചിട്ടുണ്ടെങ്കിലും അവയില്‍ കരിഞ്ചന്തയില്‍ ലഭ്യമാണ്. സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് പുകയില ഉല്പന്നങ്ങളുടെയും മറ്റ് മയക്ക്മരുന്നുകളുടെയും കച്ചവടം പൂര്‍വ്വാധികം ശക്തമായി നടന്നുവരുന്നു. സ്‌കൂള്‍ കുട്ടികളെ കേന്ദ്രീകരിച്ചുള്ള പുകയില ഉപയോഗവും കാന്‍സറും എന്നവിഷയത്തില്‍ പഠനം നടത്തിയ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആര്‍ ജയകൃഷ്ണന്‍ ആരോഗ്യപ്പച്ചയുമായി സംസാരിക്കുന്നു.

പുകയില ഉപയോഗം കാന്‍സറിനുകാരണമാകുന്നുവെന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ മുതിര്‍ന്നവരിലും കുട്ടികളിലുമുള്ള പുകയില ഉപയോഗത്തെപ്പറ്റിയും അതുണ്ടാക്കുന്ന ദുരന്തത്തെപ്പറ്റിയും പറയാമോ?
കേരളത്തില്‍ ഓരോ വര്‍ഷവും 55,000 മുതല്‍ 60,000 വരെ കാന്‍സര്‍ രോഗികള്‍ പുതുതായി ഉണ്ടാകുന്നുണ്ട്. ഇതിന്റെ മൂന്നിലൊന്നു പേരും ചികിത്സക്കായി ആര്‍സിസിയില്‍ എത്തുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ആര്‍സിസിയില്‍ വരുന്ന രോഗികളുടെ കണക്ക് നോക്കിയാല്‍ കാന്‍സര്‍ ബാധിതരായ പുരുഷന്‍മാരില്‍ നാല്പതുശതമാനത്തിനും പുകയിലയുടെ ഉപയോഗം മൂലമുണ്ടാകുന്ന കാന്‍സറാണെന്ന് കാണാന്‍ കഴിയും. ഇത്തരം കാന്‍സറുകളിലധികവും വായിലും ശ്വാസകോശത്തിലുമുണ്ടാകുന്നവയാണ്. 1980 കളിലൊക്കെ ആര്‍സിസി രജിസ്റ്റര്‍ പ്രകാരം പുകയില ചവയ്ക്കുന്നതുമൂലമുണ്ടാകുന്ന കാന്‍സറുകള്‍ വളരെകൂടുതലായിരുന്നു. ഇപ്പോള്‍ അത് ചുരുങ്ങിവന്നിട്ടുണ്ടെങ്കിലും കടലോരമേഖലയിലും ആദിവാസിമേഖലയിലും ചിലകോളനികളിലും പുകയില ഉപയോഗം കൂടിയ നിലയില്‍ തുടരുന്നുണ്ട്. 2009-2010 കാലത്തെ ഗ്ലോബല്‍ അഡല്‍ട്ട് ടുബാക്കോ സര്‍വ്വേ പ്രകാരം കേരളത്തില്‍ പുകയില ഉപയോഗം പുരുഷന്മാരില്‍ 35% ആയിരുന്നു. പുകവലിയാണ് പുരുഷന്മാരില്‍ കൂടുതലായി കണ്ട് വരുന്നത്. ഇത് 27% വരും. സ്ത്രീകളില്‍ ശരാശരി 8 ശതമാനം പേര്‍ പുകയില ചവയ്ക്കുന്നവരാണ്.

കൗമാരക്കാരുടെ ഇടയില്‍ പുകയില ഉല്പന്നങ്ങളുടെ ഉപയോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്ന് പറയാമോ?

കേരളത്തിലെ മൊത്തത്തിലുള്ള കൗമാരക്കാരെ കേന്ദ്രീകരിച്ചുള്ള പഠനം നടന്നിട്ടില്ല. ചില ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള പഠനങ്ങളാണുണ്ടായിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിലെ ഗ്രാമീണമേഖലയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള പഠനത്തില്‍ 7.4% പേരും അധ്യായനവര്‍ഷത്തിലൊരു പ്രാവശ്യമെങ്കിലും പുകയില ഉപയോഗിച്ചതായി കണ്ടെത്തി. അധ്യായനവര്‍ഷത്തില്‍ മദ്യം ഒരുതവണയെങ്കിലും ഉപയോഗിച്ചവര്‍ 5.6% വരും. ഒന്‍പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ ആണ്‍കുട്ടികളുടെയിടയിലെ പഠനമാണിത്. പാന്‍മസാല പോലുള്ള ഉല്പന്നങ്ങള്‍ നിരോധിച്ചതിന് ശേഷവും കരിഞ്ചന്തയിലൂടെ ഇവയുടെ വില്പന സ്‌കൂള്‍പരിസരങ്ങളില്‍ കൂടിയ അളവില്‍ നടന്നുവരുന്നുണ്ട്. അധികാരികളുടെ അടിയന്തരശ്രദ്ധ പതിയേണ്ട കാര്യമാണിത്.

കുട്ടികളിലെ ലഹരി ഉപയോഗവും പുകയില ഉല്പന്നങ്ങളുടെ ഉപയോഗവും പരിപൂര്‍ണമായി ഇല്ലാതാക്കാന്‍ എന്ത് നടപടികളാണ് കൈകൊള്ളാനാവുക?

ഇതുസര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമായി സമൂഹം നോക്കിക്കാണുന്നുണ്ട്. കുടുംബത്തിനും സമൂഹത്തിനും സര്‍ക്കാരിനും ഇക്കാര്യത്തില്‍ ഒരേ ഉത്തരവാദിത്തമാണുള്ളത്. കൗമാരപ്രായത്തിലാണ്  ബഹുഭൂരിപക്ഷം പേരും പുകയില ഉപയോഗിച്ചുതുടങ്ങുന്നത്. കൗമാരക്കാരോട് അവരുടെ കൂട്ടുകാരെപ്പറ്റി മാതാപിതാക്കള്‍ ചോദിച്ചറിയണം. അതിന് നല്ല ഒരു ഗൃഹാന്തരീക്ഷമുണ്ടാവണം. സ്‌കൂളില്‍നിന്ന് വരുന്ന കുട്ടിയോട് സ്‌നേഹത്തോടെ അന്നന്നത്തെ കാര്യങ്ങള്‍ ചോദിച്ചറിയാനുള്ള അന്തരീക്ഷമുണ്ടെങ്കില്‍ ഇതുപോലുള്ള ദുശ്ശീലങ്ങളില്‍നിന്ന് കുട്ടികളെ മോചിപ്പിക്കാന്‍ സാധിക്കും. പക്ഷേ, ഇന്ന് മനുഷ്യന്‍ ജോലിത്തിരക്ക് മൂലമുള്ള വെപ്രാളത്തില്‍ സ്വന്തം കുടുംബം മറക്കുമ്പോള്‍ അത് ഏറ്റവുമധികം ബാധിക്കുന്നത് കുട്ടികളെയാണ്. സ്‌കൂളില്‍ നൂറ് മീറ്റര്‍ അകലെ മാത്രമേ പുകയിലയും മദ്യവും വില്ക്കാന്‍ പാടുള്ളൂ. എന്നിട്ടുകൂടിയും കുട്ടികള്‍ക്കായി സ്‌കൂള്‍ പരിസരത്ത് പുകയില ഉല്പന്നങ്ങള്‍ വില്ക്കുന്നതായി ഞങ്ങള്‍ നടത്തിയ പഠനത്തില്‍ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറിതലത്തിലുള്ള അറുപത് ശതമാനവും ഹൈസ്‌കൂള്‍ തലത്തിലുള്ള അറുപത്തിരണ്ട് ശതമാനം കുട്ടികളും പറയുന്നത് നിരോധിച്ച പുകയില ഉല്പന്നങ്ങളായ പാന്‍മസാലയും മറ്റും അനധികൃത കച്ചവടം തകൃതിയായി നടക്കുന്നുണ്ട് എന്നാണ്.

കുട്ടികളുടെ ഇടയില്‍ നടത്തിവരുന്ന ബോധവല്‍ക്കരണ പരിപാടികള്‍ ഇത്തരം ദുശീലങ്ങള്‍ ഒഴിവാക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്നുണ്ടോ?

ഞങ്ങള്‍ നടത്തിയ പഠനത്തില്‍ പുകയിലയുടെ ദൂഷ്യഫലങ്ങളെപ്പറ്റിയുള്ള ബോധവത്കരണത്തിന്റെ അവലോകനത്തില്‍ ക്ലാസിന് മുന്‍പും ശേഷവും നടത്തിയ ഇവാല്യുവേഷനില്‍ മൊത്തത്തില്‍ ഗുണമുണ്ടായിട്ടുണ്ടെങ്കിലും ബോധവത്കരണം കൊണ്ടുണ്ടായ വ്യത്യാസം (നോളജ് സ്‌കോര്‍) കൂടുതല്‍ കണ്ടത് പുകയിലെ ഉപയോഗിക്കാത്തവരിലാണ്. അതുകൊണ്ട് മറ്റെന്തെങ്കിലും മാര്‍ഗ്ഗം  കണ്ടെത്തി പുകയില ഉപയോഗിക്കുന്നവരില്‍ മാറ്റമുണ്ടാക്കാന്‍ പുതിയ രീതിയിലുള്ള ബോധവത്കരണം കാര്യക്ഷമമായി നടപ്പാക്കണം.

നിയന്ത്രണങ്ങള്‍ ഇത്തരം ഉല്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ സഹായകമായിട്ടുണ്ടോ?

കേരളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി പുകയില ഉല്പന്നങ്ങളുടെ നികുതിയില്‍ ക്രമാനുഗതമായ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. കൂടുതല്‍ നിയന്ത്രണങ്ങളും നിബന്ധനകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ പുകയില ഉപയോഗത്തിനും വില്പനയ്ക്കുമെതിരെ നിയമങ്ങളുണ്ടെങ്കിലും കൂട്ടായ പ്രവര്‍ത്തനങ്ങളുണ്ടെങ്കില്‍ ആ രംഗത്ത് കൂടുതല്‍ മാറ്റം വരുത്താനാകും. നിന്ന്‌പോകാത്ത (സസ്‌സ്റ്റെയിനബിളായ) ബോധവത്കരണപരിപാടികള്‍ തുടരേണ്ടതുമുണ്ട്. മുന്‍പ് പറഞ്ഞ പഠനത്തില്‍ ആ അധ്യായനവര്‍ഷത്തില്‍ പുകയില ഉല്പന്നങ്ങള്‍ ഉപയോഗിച്ച കുട്ടികളുടെ കുടുംബത്തിലെ 63 ശതമാനം കുടുംബാംഗങ്ങളും പുകയില ഉപയോഗിക്കുന്നതായി കണ്ടെത്തി. അതിന്റെ സ്വാധീനമായിരിക്കാം കുട്ടികള്‍ അഡിക്റ്റാവുന്നതിന്റെ പ്രധാന കാരണം.

പാന്‍മസാല, പുകയില ഉല്പന്നങ്ങള്‍ ഇവസ്ഥിരമായി ഉപയോഗിക്കുന്നവരില്‍ ക്രമേണ വിവിധ അസുഖങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് അപ്പര്‍ പ്രൈമറി മുതലേ കൃത്യമായ ബോധവത്കരണം നടത്തണമെന്നാണ് എന്റെ അഭിപ്രായം.

പുകയിലയുടെ പരസ്യങ്ങള്‍ ആദ്യമായി നിരോധിച്ച സംസ്ഥാനം കേരളമാണ്. പുകവലിയും മറ്റ് പുകയില ഉല്പന്നങ്ങളും ശീലമാക്കിയവര്‍ക്ക് അത് കിട്ടാതെ വരുമ്പോഴുണ്ടാകുന്ന പിരിമുറുക്കവും തുടര്‍ന്നുള്ള പെരുമാറ്റവൈകല്യങ്ങളുമൊക്കെ വീട്ടുകാരെയും കുട്ടികളെയും ദോഷകരമായി ബാധിക്കും.

കാന്‍സര്‍ ചികിത്സ ഇപ്പോള്‍ കൂടുതല്‍ മുന്നേറിയിട്ടുണ്ടല്ലോ?

കാന്‍സര്‍ ചികിത്സയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. ശസ്ത്രക്രിയ, റേഡിയേഷന്‍, കീമോതെറാപ്പി എന്നീ ചികിത്സകള്‍ക്ക് പുറമേ ടാര്‍ഗറ്റഡ് തെറാപ്പി ഇന്ന് ചികിത്സയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. റേഡിയേഷനില്‍പോലും ഒട്ടേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. രോഗമുള്ള ഭാഗത്ത് മാത്രം സൂക്ഷ്മമായി റേഡിയേഷന്‍ നല്കാനുള്ള ആധുനിക യന്ത്രങ്ങള്‍ ഇന്ന് ഉണ്ട്. ഇതുവഴി ആരോഗ്യമുള്ള കോശങ്ങള്‍ക്ക് പാര്‍ശ്വഫലമേല്ക്കാതെ ചികിത്സിക്കാന്‍ സാധിക്കും.

കാന്‍സര്‍ പ്രതിരോധ നിയന്ത്രണത്തിനുള്ള താങ്കളുടെ നിര്‍ദ്ദേശം എന്താണ്?

ഇന്ന് സമൂഹത്തില് കൂടുതലായി കണ്ട് വരുന്ന പ്രധാനപ്പെട്ട കാന്‍സര്‍ രോഗങ്ങള്‍ നേരത്തേ കണ്ട് പിടിക്കാവുന്നവയാണ്. വായിലെ കാന്‍സര്‍, ഗര്‍ഭാശയഗളകാന്‍സര്‍, സ്തനാര്‍ബുദം ഇവയെല്ലാം നേരത്തേ കണ്ട് പിടിക്കാന്‍ കഴിയുന്ന ഗണത്തില്‍ പെട്ടവയാണ്. ഓരോ ജില്ലാ കേന്ദ്രങ്ങളിലും മുന്‍കൂര്‍ രോഗനിര്‍ണയ കേന്ദ്രങ്ങള്‍ ആരംഭിച്ച് വിദഗ്ധപരിശോധന നടത്തിയാല്‍ പല പ്രധാന കാന്‍സര്‍ രോഗങ്ങളും നേരത്തെ കണ്ടെത്തി ചികിത്സ എളുപ്പമാക്കാം. പുകയില ഉപയോഗം, വ്യായാമമില്ലായ്മ, ഭക്ഷണ രീതികള്‍, ചിലതരം അണുബാധകള്‍, അമിത മദ്യപാനം തുടങ്ങിയവ കാന്‍സറിന് കാരണമാകുന്നുണ്ട്. ആയുര്‍ദൈര്‍ഘ്യത്തിലുണ്ടായിട്ടുള്ള വര്‍ദ്ധനവും ഒരു പരിധിവരെ കാന്‍സറിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് ചിട്ടയായ ജീവിതക്രമീകരണത്തിന് ഊന്നല്‍ നല്കിക്കൊണ്ട് കാന്‍സര്‍ രഹിതമായ സമൂഹത്തിനായി ഈ വര്‍ഷത്തെ ലോക കാന്‍സര്‍ദിന ചിന്തകള്‍ പ്രയോജനപ്പെടുത്താം.


Posted by vincent