Mar 17 2025, 1:40 PM +91 94476 83169 arogyappachamasika@gmail.com

Arogyappacha

പുറ്റിങ്ങല്‍ കുരുതി എന്തിന്റെ മറുവില

പുറ്റിങ്ങല്‍ കുരുതി എന്തിന്റെ മറുവില

പുറ്റിങ്ങല്‍ കുരുതി എന്തിന്റെ മറുവില

August 12, 2024

തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ടെന്ന ഖ്യാതി രാജ്യം കണ്ട ഏറ്റവും ദാരുണമായ വെടിക്കെട്ട പകടമെന്ന അപഖ്യാതിക്കു വഴിമാറിയ പുറ്റിങ്ങല്‍ ദുരന്തം മലയാളിയെ കുറ്റകരമായ നിസ്സംഗതയില്‍നിന്ന് വിളിച്ചുണര്‍ ത്താന്‍ പോന്ന ആഘാതമാണ്. കമ്പക്കെട്ടിന്റെ ആഹ്ലാദാരവ ങ്ങള്‍ നിമിഷങ്ങള്‍കൊണ്ട് കടുത്ത സ്‌തോഭത്തിനും ആര്‍ത്ത നാദങ്ങള്‍ക്കും വഴിമാറി.

ചിന്നിച്ചിതറിയ മനുഷ്യശരീരങ്ങള്‍ക്കു മീതെ ദിവസങ്ങള്‍ ഇരുളുകയും വെളുക്കുകയും ചെയ്യുന്ന അഫ്ഗാനിസ്ഥാ നിലെയും ലിബിയയിലെയും ഇറാഖിലെയും ദൃശ്യങ്ങള്‍ വാര്‍ത്താചാനലുകളില്‍ കണ്ട് ചകിതരായിട്ടുള്ള മലയാ ളികള്‍, സ്വന്തം ഉറ്റവരുടെ ചിന്നിച്ചിതറിയ ശരീരഭാഗങ്ങള്‍ തിരിച്ചറിയാന്‍ പോലുമാവാതെ പഴമ്പായകളില്‍ പൊതിഞ്ഞു കെട്ടുന്ന ദൃശ്യം ഏറ്റവും ഭയങ്കരമായ പേക്കിനാവുകളില്‍ പോലും കണ്ടിരിക്കില്ല.

ആരും ആരെയും കുറ്റപ്പെടുത്താതെ എല്ലാവരും നടുക്കവും ദുഃഖവും പങ്കിടുന്ന അപൂര്‍വ്വതയ്ക്കും പുറ്റിങ്ങല്‍ ദുരന്തം അവസരമൊരുക്കി. മരിച്ചുകിടക്കുമ്പോള്‍ ദോഷം പറയരുതെന്ന മര്യാദ നല്ലതു തന്നെ. എന്നാല്‍, അപകടത്തിന്റെ കാരണങ്ങളന്വേഷിച്ചാല്‍ അതൊരിക്കലും ആരെയെങ്കിലും കുറ്റപ്പെടുത്താതെ അവസാനിക്കുകയില്ല. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, പുറ്റിങ്ങല്‍ ക്ഷേത്രമൈതാനത്തെ ശവപ്പറമ്പാക്കിയത് മേഘസ്‌ഫോടനമല്ല, ഒരു പരിഷ്‌കൃത സമൂഹത്തിന് ക്ഷമിക്കാ നാവാത്ത കൈക്കുറ്റം തന്നെയാണ്. വ്യവസ്ഥിതിയും സമൂഹം അപ്പാടെയും ഇവിടെ പ്രതിക്കൂട്ടിലാണെന്നു മാത്രം.

സ്ഥലം തഹസില്‍ദാരും ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗത്തിലെ ഉന്നതോദ്യോഗസ്ഥനും പരിസ്ഥിതി എന്‍ജിനീയറും ജില്ലാ പൊലീസ് മേധാവിയും അരുതെന്ന് റിപ്പോര്‍ട്ടെഴുതിയ മത്സരക്കമ്പമാണ് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതിയില്ലാതെ പുറ്റിങ്ങല്‍ ക്ഷേത്രമൈതാനത്ത് നടന്നത്. സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുള്ള ഒരധികാരിക്കും അനുമതി നല്‍കാന്‍ അധികാരമില്ലാത്തത്രയും വലിയ സ്‌ഫോടകവസ്തുശേഖരം രണ്ട് കമ്പപ്പുരകളില്‍ കൂട്ടിയിട്ടതിനു ശേഷമാണ് പുറ്റിങ്ങല്‍ മൈതാനത്തെ മരണക്കളിക്ക് തിരികത്തിയത്. 60 മീറ്റര്‍ ചുറ്റളവിനുള്ളില്‍ താമസിക്കുന്ന 10 ലേറെ കുടുംബങ്ങളില്‍ നിന്ന് അനുമതി വാങ്ങാതെയാണ് ടണ്‍കണക്കിന് സ്‌ഫോടകവസ്തു പൊട്ടിക്കുന്ന ക്രൂരവിനോദം ഇതേ മൈതാനത്ത് വര്‍ഷം തോറും അരങ്ങേറിപ്പോന്നത്. എത്രയെങ്കിലും വട്ടം തലനാരിഴക്ക് മാറിപ്പോയ ദുരന്തം എന്നും ഭാഗ്യം തുണയ്ക്കില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍പോലെ അന്ന് സംഭവിക്കുകയായിരുന്നു. മഴക്കോളുകണ്ട് വീടു പിടിച്ചവര്‍ക്കു ശേഷം അമ്പലപ്പറമ്പില്‍ ബാക്കിയുണ്ടായിരുന്നവരിലാണ് നൂറിലേറെ പേര്‍ കൊല്ലപ്പെട്ടത് പ്രകൃതിയുടെ ആ അടയാളം തുണച്ചില്ലായിരുന്നുവെങ്കില്‍, ഒരു പക്ഷെ, മരണസംഖ്യ നാലക്കത്തിലെത്തുമായിരുന്നു. അതും, മൂന്നു മണിക്കൂര്‍ പൊട്ടിച്ചതിനുശേഷം ബാക്കിയുണ്ടായിരുന്ന കരിമരുന്നാണ് 5000 ഡിഗ്രി വരെ അന്തരീക്ഷതാപമുയരുന്ന ഭീകര സ്‌ഫോടനമുണ്ടാക്കിയത്.

ആചാരം സംസ്‌കാരമായി വേഷം പകരുകയും സംസ്‌കാരം രാഷ്ട്രീയമായിത്തീരുകയും അത് ജനങ്ങളുടെ മനസ്സില്‍ ഉന്മാദം കുത്തിവയ്ക്കുകയും ചെയ്യുന്ന ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ആചാരങ്ങള്‍, പ്രത്യേകിച്ച് ഭൂരിപക്ഷമതാചാരങ്ങള്‍, ഒരു സമാന്തരഭരണകൂടമാണ്. ഈ അധികാരത്തെ തുറന്നെതിര്‍ക്കാന്‍ ആരും എളുപ്പത്തില്‍ ധൈര്യപ്പെടുകയില്ല. പുറ്റിങ്ങല്‍ ക്ഷേത്ര പരിസരത്തുള്ളവര്‍ ക്ഷേത്ര ഭാരവാഹികളുടെ ഭീഷണിയും പൊതുജനവികാരവും ഭയന്ന് പരാതികള്‍ പുറത്തുപറയാതെ പിന്‍വാങ്ങുകയായിരുന്നു. 80 വയസ്സുള്ള ഒരു പങ്കജാക്ഷിയമ്മ മാത്രമാണ് പരാതിയുമായി രംഗത്തുവരാന്‍ ധൈര്യം കാണിച്ചത്. അതിന് സ്ഥാനം കിട്ടിയതാവട്ടെ അധികാരികളുടെ ചവറ്റുകൊട്ടയിലും. ജനങ്ങളുടെ ജീവനും സ്വത്തിനും പുല്ലുവില കല്പിക്കുന്ന ഒരു ഭരണ സംവിധാനത്തിലല്ലാതെ അത്തരമൊരു പരാതി അവ ഗണിക്കപ്പെടുകയില്ല.

മുന്‍കൂര്‍ അനുമതിയില്ലാതെ സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ഒരിടത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോവുകയോ കൈവശം വയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന കര്‍ശന നിയമം നിലവിലുള്ളപ്പോഴാണ്, അനുമതിയില്ലാതെ അതും ജില്ലാ കളക്ടര്‍ക്ക് അനുമതി നല്‍കാന്‍ അധികാരമുള്ളതിന്റെ അനേകം ഇരട്ടി സ്‌ഫോടകവസ്തുക്കള്‍, കമ്പക്കെട്ടിനുപയോഗിച്ചത്. സര്‍ക്കാര്‍ സംവിധാനത്തെയാകെ നോക്കുകുത്തിയാക്കി, അതിനുമുകളില്‍ ഒരു സമാന്തരസര്‍ക്കാരായി മദം പൂണ്ട കാര്‍ണിവല്‍ സംസ്‌കാരത്തിന്റെ അധികാരം പ്രവര്‍ത്തിക്കുകയായിരുന്നു. പേരിനെങ്കിലും ഒരു പോലീസ് നടപടിക്ക് നൂറു ജീവന്റെ മറുവില വേണ്ടിവന്നു. വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും മറവില്‍ ഏതളവിലുള്ള നിയമലംഘനവും വകവച്ചുകൊടുക്കുന്ന ഭരണ സംവിധാനത്തിന്റെ നിസ്സംഗത വാട്ട്‌സാപ്പില്‍ ഷെയര്‍ ചെയ്യാന്‍ കൊള്ളാവുന്ന ഒരു ദുരന്തദൃശ്യത്തിനുവേണ്ടി സദാ പരതുന്ന പുതിയ യുഗത്തിലെ ശരാശരി മലയാളിയുടെ അരാഷ്ട്രീയ മനസ്സിന്റെ സ്ഥാപിത രൂപമാണ്. ഉത്സവപ്പറമ്പുകളിലും രാഷ്ട്രീയ പ്രകടനങ്ങളിലും കാണുന്ന ഉന്മാദം അതിന്റെ സ്വാഭാവികമായ മറുവശമാണ്. മഹാനഗരങ്ങളിലെ തിരക്കുപിടിച്ച നിരത്തുകളിലൂടെ കാതടപ്പിക്കുന്ന ശബ്ദത്തോടെ ഇരുചക്രവാഹനങ്ങളില്‍ മിന്നല്‍ വേഗത്തില്‍ പാഞ്ഞുപോകുന്ന ജീന്‍സിട്ട ‘ന്യൂജന്‍’ യുവാവും ടണ്‍ കണക്കിന് കരിമരുന്ന് ഉല്‍സവപ്പറമ്പിലിട്ട് കത്തിക്കാന്‍ മൗനാനുവാദം തേടി ഉപജാപങ്ങളിലേര്‍പ്പെടുന്ന കസവുമുണ്ടുടുത്ത ക്ഷേത്രം ഭാരവാഹിയും ഒരേ മനോഭാവത്തിന്റെ രണ്ടു വേഷപ്പകര്‍ച്ചകള്‍ മാത്രമാണ്.

പള്ളിമുറ്റത്ത് വെടിമരുന്ന് കത്തുമ്പോള്‍ ക്രിസ്ത്യാനിയുടെയും ക്ഷേത്രമുറ്റത്താവുമ്പോള്‍ ഹിന്ദുവിന്റെയും അഭിമാനബോധം വാനോളമുയരുമെന്നു പറയുന്നത്, മിതമായ ഭാഷയില്‍, ദൈവനിന്ദയാണ്. കിലോമീറ്ററുകള്‍ ദൂരെയുള്ള കെട്ടിടങ്ങള്‍പോലും വിണ്ടുപോകുമാറ് ഊക്കോടെ ഗുണ്ടുകള്‍ പൊട്ടുന്നതു കേട്ട് കുറച്ചധികം പേര്‍ രസിച്ചെന്നിരിക്കും. ഹൃദ്രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും കൊച്ചുകുട്ടികള്‍ക്കും ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന ഈ ക്രൂരമായ ആഹ്ലാദത്തിന്റെ മറുവിലയാണ് പുറ്റിങ്ങല്‍ ദുരന്തം.

നിയമപരമായി അനുശാസിക്കപ്പെട്ട മാനദണ്ഡങ്ങള്‍ പാലിച്ചും സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തിയും നടത്തിയാല്‍ മാനത്ത് വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന കരിമരുന്നു പ്രയോഗത്തെ എതിര്‍ക്കേണ്ട കാര്യമെന്തെന്നു ചോദിക്കുന്നവരുണ്ട്. ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കരിമ്പൂച്ച കയറുന്ന നാട്ടില്‍ ഈ നിയമങ്ങള്‍ ആരു നടപ്പിലാക്കാനാണ്. ക്ഷേത്രമെന്നും ആചാരമെന്നും പാരമ്പര്യമെന്നും ഏഴുവട്ടം ഉരുവിട്ടാല്‍ അനുമതിയില്ലാതെയും കമ്പം നടത്താമെന്ന് പുറ്റിങ്ങല്‍ ക്ഷേത്രം ഭാരവാഹികള്‍ ശരിയായി മനസ്സിലാക്കി. കളക്ടറും എഡിഎമ്മും അടക്കമുള്ളവരെ നോക്കുകുത്തിയാക്കി അവരുടെ തലയ്ക്കുമുകളിലൂടെ കമ്പത്തിനു മൗനാനുമതി നേടിക്കൊടുത്ത ഒരു കൂട്ടം രാഷ്ട്രീയ പ്രമാണിമാര്‍ മറുകൈയ്യില്‍ നീട്ടിപ്പിടിച്ച രാഷ്ട്രീയഭിക്ഷാപാത്രത്തില്‍ നാണയങ്ങള്‍ കിലുങ്ങുന്നുണ്ടായിരുന്നു. കക്ഷിയോ സമുദായമോ ഏതുമാകട്ടെ, ആചാരം പുലരണമെന്ന കാര്യത്തില്‍ ഇവിടെ മറുപക്ഷമില്ല. ഇടതുപക്ഷമോ പ്രതിപക്ഷമോ ഇല്ലാത്ത ഏകാധിപത്യം തന്നെയാണവിടെ. അത്രയുമോ, ഭൂരിപക്ഷ മതാചാരങ്ങളെ പുകഴ്ത്താന്‍ കൂട്ടാക്കാത്തവരെ രാജ്യദ്രോഹികളായി മുദ്രയടിക്കുന്ന വിദ്വേഷ പ്രചാരണമാണ് അഭിനവ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചെലവു കൂടിയ ക്യാമ്പെയിന്‍ ബ്രാന്റുകളിലൊന്ന്. തൃശൂര്‍പൂരം ഇല്ലാതാക്കാന്‍ ഗൂഢശക്തികള്‍ ആസൂത്രിതശ്രമം നടത്തുന്നുവെന്ന പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ആക്ഷേപം രാജ്യത്തിന്റെ സംസ്‌കാരം അപകടപ്പെടുത്താന്‍ രാജ്യദ്രോഹികള്‍ ശ്രമിക്കുന്നു എന്നതിന്റെ സമര്‍ത്ഥമായ കേരളീയ പരിഭാഷയല്ലാതെ മറ്റൊന്നുമല്ല.

കേരളത്തിന്റെ പകുതിഭാഗം കടലില്‍ താണുപോയാലും ആഴ്ചകള്‍ക്കുള്ളില്‍ അതും മറക്കാന്‍ മാത്രം ഭയാനകമാണ് ശരാശരി മലയാളിയുടെ നിസംഗത. മതത്തിന്റെ പേരിലാവുമ്പോള്‍ വെടിക്കെട്ടുപോലുള്ള മരണക്കളികള്‍ നടത്തിയും രാഷ്ട്രീയത്തിന്റെ പേരിലാകുമ്പോള്‍ പൊതുമുതല്‍ തല്ലിത്തകര്‍ത്തും പ്രതിയോഗികളെ വകവരുത്തിയും ഉന്മാദിയാകുന്ന മലയാളി അതേ നാണയത്തിന്റെ മറുവശമാണ്. ഏറ്റവും വലിയ അരാഷ്ട്രീയവാദിയുടെ വീട്ടില്‍ നിന്നാണ് ഏറ്റവും ഉന്മാദിയായ വിധ്വംസക പ്രവര്‍ത്തകനും വരുന്നത്. ചിന്താപരമായ സമചിത്തതയും ആരോഗ്യകരമായ പ്രതികരണശേഷിയും അന്യമാകുന്ന മുറയ്ക്ക് മലയാളി ദുരന്തങ്ങള്‍ക്ക് പ്രിയപ്പെട്ടവനായിത്തീര്‍ന്നുകൊണ്ടിരിക്കുന്നു. വിശ്വാസത്തിന്റെ പേലിലും കക്ഷിരാഷ്ട്രീയത്തിന്റെ പേരിലും പ്രാദേശിക ചിന്തയുടെ പേരിലും, അങ്ങനെ പലവിധ സങ്കുചിതവികാരങ്ങളുടെ പേരില്‍ നിയമലംഘനങ്ങള്‍ക്കു കുടപിടിക്കുന്നതിലും ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതിലും ശരാശരി മലയാളി കുറ്റക്കാരനാണ്.

യാതൊരു സുരക്ഷയുമില്ലാതെ, ജീവനോടെ തിരിച്ചുകയറുമെന്ന് യാതൊരുറപ്പുമില്ലാതെ, ബംഗാളിയെയും ബീഹാറിയെയും തമിഴനെയും മാന്‍ഹോളിലിറക്കിവിട്ടു വിഴുപ്പുകോരിക്കാന്‍ നമുക്ക് മടിയില്ല. നാല്പതു ശതമാനം തൂക്കായ പരിസ്ഥിതി ദുര്‍ബ്ബലമേഖലയില്‍ ബുള്‍ഡോസര്‍കൊണ്ട് മണ്ണുകോരി റബ്ബറിനു കുഴിയെടു ക്കുന്ന പ്രത്യേക ജനുസ്സില്‍പ്പെട്ട മനുഷ്യര്‍ നമ്മളേയുള്ളൂ. മുക്കാലേക്കര്‍ പോലും തികയാത്ത ചുറ്റുമതിലി നുള്ളില്‍ നൂറു മീറ്ററിലേറെ ഉയരമുള്ള ഫഌറ്റു സമുച്ഛയം പൊങ്ങുന്നത് കെട്ടിടനിര്‍മാണ ചട്ടങ്ങളും ഫയര്‍ ആന്റ് സേഫ്റ്റി നിയമങ്ങളും കാറ്റില്‍ പറത്തിയാണെന്ന് അറിയാത്തവരുണ്ടാകില്ല. സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ചു കൊണ്ടുള്ള നിര്‍മിതികള്‍ക്കെതിരെ നിയമനടപടികളുമായി രംഗത്തുവന്ന മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെ ഉരുട്ടിയ സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് രാഷ്ട്രീയ നേതാക്കള്‍ കൈയ്യടി നേടിയത് അടുത്തകാലത്താണ്. റോഡു സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിഷ്‌കര്‍ഷിച്ച മറ്റൊരു ഐപിഎസുകാരന്‍ ഇന്ന് ആ പദവിയിലില്ല. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിക്കാനുള്ള അവകാശത്തിനുവേണ്ടി ‘വാള്‍സ്ട്രീറ്റ്’ മാതൃകയില്‍ ഒരു സമരം സംഘടിപ്പിക്കാന്‍ കേരളത്തിലെ യുവാക്കള്‍ മനസ്സാ തയ്യാറാണ്. മനുഷ്യജീവന് വിലയിടുന്നതല്ല  ജനാധിപത്യമെന്നു മനസ്സിലാക്കാന്‍ മലയാളി വൈകിയി രിക്കുന്നു.

ദുരന്തങ്ങളെല്ലാം തനിക്ക് കാണാനുള്ളതാണെന്ന് ഓരോ മലയാളിയും കരുതുന്നു. മൊബൈല്‍ ഫോണ്‍ ക്യാമറ ഫോക്കസ് ചെയ്യാന്‍ കഴിയുന്ന അകലത്തില്‍ താന്‍ എപ്പോഴും സുരക്ഷിതനായിരിക്കുമെന്ന മിഥ്യാപ്രതീക്ഷ യോടെ ദുരന്തങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ അവന്‍/അവള്‍ കാത്തിരിക്കുന്നു. മറ്റൊരാള്‍ തന്റെ കഥാപാത്രമാ ണെങ്കില്‍ താന്‍ മറ്റൊരാളുടെ കഥാപാത്രമാണെന്ന് മനസ്സിലാക്കുന്നതിനുമുന്‍പാണ് ഒരാള്‍ക്ക് ഒന്നുമറിയാതെ കോടിപുതച്ച് ചമഞ്ഞ് കിടക്കേണ്ടിവരുന്നത്.

ഭൂമാഫിയകള്‍ക്കും മൂലധനശക്തികള്‍ക്കും അനുകൂലമായി വ്യാഖ്യാനിക്കാവുന്ന നിയമങ്ങള്‍ മറിച്ചുള്ള വ്യാഖ്യാനത്തിന് സമയം കിട്ടുന്നതിനു മുന്‍പേ നടപ്പിലാവുന്ന നാടാണിത്. തട്ടിപ്പുകാര്‍ക്കും ബലാല്‍സംഗ ക്കാരായ കള്ള സ്വാമിമാര്‍ക്കും വേണ്ടി വകുപ്പ് സെക്രട്ടറിമാരുടേയും  ചിലപ്പോഴെങ്കിലും വകുപ്പു മന്ത്രിമാരുടെയും തലയ്ക്കുമുകളിലൂടെ മണിക്കൂര്‍ വച്ച് ഉത്തരവായി നിയമമിറങ്ങുന്ന നാട്ടില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന നിയമങ്ങള്‍ ചവറ്റുകുട്ടകളില്‍ മാത്രം സ്ഥാനം പിടിക്കുന്നതിന് എത്രയെങ്കിലും ഉദാഹരണങ്ങളുണ്ട്. അതില്‍ ഏറ്റവും പുതിയ പലതിലൊന്നാണ് പുറ്റിങ്ങല്‍ മത്സരക്കമ്പം.

ക്ഷേത്രാചാരങ്ങളുടെയും വിശ്വാസത്തിന്റെയും സംരക്ഷകരായി വേഷമിടുന്ന നാട്ടുപ്രമാണിമാരും കൊല ച്ചോറുണ്ണുന്ന കമ്പക്കരാര്‍കാരും ഉത്സവത്തിനു കൊടികയറുമ്പോള്‍ മദമിളകുന്ന വിശ്വാസികളിലെ ഒരു വിഭാഗവും, നാടോടുമ്പോള്‍ നടുവേ ഓടി ഒന്നാമതെത്താന്‍ പരസ്പരം മത്സരിക്കുന്ന വോട്ടുരാഷ്ട്രീയക്കാരും ചേര്‍ന്നാണ് ഭരണിനാളില്‍ മലയാളിക്ക് കുരുതിക്കാഴ്ചയൊരുക്കിയത്.

കേരളത്തിലെ ഒരു പള്ളിയിലും അമ്പലത്തിലും വെടിക്കെട്ട് നടക്കുന്നത് സ്‌ഫോടകവസ്തു നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടല്ല. സംസ്ഥാനത്തെ നൂറുകണക്കിന് കരിങ്കല്‍ ക്വാറികളില്‍ ഈ നിയമങ്ങള്‍ നഗ്നമായി ലംഘിക്കപ്പെടുന്നത് ആര്‍ക്കാണറിയാത്തത്. ദുരന്തങ്ങള്‍ ഭാഗ്യവശാല്‍ ഒഴി ഞ്ഞുപോകുന്ന കാലത്തോളം ഒരുത്തര്‍ക്കുമെതിരെ നടപടിയുണ്ടാകുന്നില്ല.

മാരകമായി മുറിവേറ്റും അംഗഭംഗം വന്നും മരണത്തോട് മല്ലിടുന്ന മനുഷ്യരില്‍ ഒരാളെയെങ്കില്‍ ഒരാളെ രക്ഷിച്ചെടുക്കുകയാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ സ്പിരിറ്റെന്നിരിക്കെ, വിവിഐപികളുടെ സുരക്ഷാഭടന്മാര്‍ മരണക്കിടക്കകള്‍ക്കരികില്‍ നിന്ന് ഡോക്ടര്‍മാരെ തള്ളിമാറ്റുന്ന ലജ്ജാകരമായ കാഴ്ചയും നമുക്ക് കാണേണ്ടിവന്നു. നൂറോളം പേര്‍ മരിച്ചു വീഴുകയും അതിലേറെ പേര്‍ അര്‍ദ്ധപ്രാണനാവുകയും അതിന്റെ ഇരട്ടിയോളം പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു മാരക സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ മനുഷ്യര്‍ വിറങ്ങലിച്ചുപോയ ദുരന്തഭൂമിയിലെ യുദ്ധ സമാന സാഹചര്യത്തിലേക്കാണ് മരിച്ചവര്‍ക്കുവേണ്ടി യുള്ള തിരിച്ചിലും ജീവന്‍രക്ഷാ ആംബുലന്‍സുകളുടെ തിരക്കിട്ട ഓട്ടവും ഡോക്ടര്‍മാരുടെയും നഴ്‌സുമാരു ടെയും കൈമെയ് മറന്നുള്ള സമര്‍പ്പിത പരിചരണവും തടസ്സപ്പെടുത്തിക്കൊണ്ട് വിവിഐപികളുടെ സന്ദര്‍ശനമുണ്ടായത്. ഇസഡ് കാറ്റഗറി സുരക്ഷയുള്ള ഒരു വിവിഐപി സന്ദര്‍ശനത്തിനെത്തിയാല്‍ ഒരു നഗരത്തിന്റെ സാധാരണ ജീവിതം തടസ്സപ്പെടുന്ന ലജ്ജാകരമായ സ്ഥിതിവിശേഷം നിലവിലിരിക്കുമ്പോള്‍, നിമിഷാര്‍ദ്ധത്തിന് ജീവനുകളുടെ വിലയുള്ള ദുരന്ത ഭൂമിയിലേക്ക് കൂസലില്ലാതെ കയറിവരുന്ന ഈ നേതാക്ക ളുടെ ചേതോവികാരത്തെക്കാള്‍ ഭയപ്പെടുത്തേണ്ടതാണ് രാജ്യത്തെ പൊലീസ് സംവിധാനവും സുരക്ഷാക്രമീ കരണങ്ങളും നിയന്ത്രിക്കുന്നത് ഇവര്‍ തന്നെയാണെന്ന വസ്തുത.

കോടതിയുത്തരവിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിലെ വെടിക്കെട്ട് മുടങ്ങുമെന്ന ആശങ്ക ഒരു വിഭാഗത്തിന്റെ അഭിമാനം വൃണപ്പെടുത്തിയെന്ന് വരുത്താന്‍ ശ്രമങ്ങളുണ്ടായി. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷവേണമെന്നു പറഞ്ഞ കോടതിയും പുറ്റിങ്ങലില്‍ നടന്ന കുറ്റകരമായ നിയമലംഘനത്തെ വിമര്‍ശിച്ചവരും ജനങ്ങള്‍ക്കു മുമ്പില്‍ കുറ്റക്കാരായി. തൃശൂര്‍ പൂരം വെടിപൊട്ടിച്ചു തന്നെ നടത്തുമെന്ന് ഉറപ്പുവരും വരെ ഭരിക്കുന്നവര്‍ക്കും ഭരിക്കാനിരിക്കുന്നവര്‍ക്കും ഒരുകൂട്ടം മാധ്യമങ്ങള്‍ക്കും വിശ്വാസ സംരക്ഷണത്തിന്റെ അട്ടിപ്പേര്‍ അവകാശം ആവര്‍ത്തിച്ചുന്നയിക്കുന്ന ‘ആറടിമുളവടികുറുവടിക്കാര്‍ക്കും’ വല്ലാത്തൊരങ്കലാപ്പായിരുന്നു. തൃശൂര്‍ പൂരത്തേയും അതിലൂടെ നാടിന്റെ സംസ്‌കാരത്തെയും രക്ഷിക്കുന്നതില്‍ മറ്റാരേക്കാളും പിന്നിലല്ലെന്നു വരുത്താന്‍ ഇവര്‍ പരസ്പരം മത്സരിച്ചപ്പോള്‍ പുറ്റിങ്ങല്‍ ദുരന്തത്തിന്റെ ഇരകള്‍ ആശുപത്രിക്കിടക്കയില്‍ മരണത്തോട് മല്ലിടുകയായിരുന്നു.

ഉത്സവത്തിന്റെ ജനസ്വീകാര്യതെയും അതിന്റെ അധികാരത്തില്‍ നിന്നുമുണ്ടാകുന്ന ഉന്മാദവും അതിന്റെ മറുവശമായ നിസ്സംഗതയുടെ ചെലവില്‍ ഒരു സമാന്തര ഭരണകൂടമായിത്തീര്‍ന്നിരിക്കുന്നു. പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ മാത്രമല്ല മറ്റ് ഹൈന്ദവ ആരാധനാ കേന്ദ്രങ്ങളിലും മറ്റ് മതങ്ങളുടെ ആഘോഷങ്ങളിലും ചില കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കൂറ്റന്‍ പരിപാടികളിലും ഈ ഉന്മാദം ഇതുപോലെ ജനവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് കാണാം. ചിലപ്പോള്‍ കൊല്ലാന്‍ പ്രേരിപ്പിക്കുന്ന ഈ ഉന്മാദവും അതില്‍ നിന്നുണ്ടാകുന്ന ആളധികാരവും വേറെചിലപ്പോള്‍ ഇതുപോലെ മനുഷ്യ ജീവന്‍കൊണ്ട് കൂത്താടുന്നതും നാം കാണാറുണ്ട്. ഒരു സാര്‍വദേശിയ അമ്മയുടെ പരമ ഭക്തന്മാര്‍ അന്യസംസ്ഥാനക്കാരനായ ഒരു യുവാവിനെ ആള്‍ക്കൂട്ട ത്തിലിട്ട് അടിച്ച് കൊന്നത് നമ്മള്‍ മറന്നിട്ടില്ല. പൗരനെ ഇല്ലാതാക്കി ആള്‍ക്കൂട്ടത്തിലിട്ട് മദം വരുത്തുന്ന ഈ രീതിയുടെ ഒരു ദുരന്തമുഖമായി പുറ്റിങ്ങല്‍ എന്ന ചോരപ്പൊട്ട് ഭൂമി മലയാളത്തിന്റെ ചരിത്രപടത്തില്‍ ഇടം നേടിയിരിക്കുന്നു.

വാല്‍ക്കഷ്ണം: ക്ഷേത്രാരാധനയ്ക്ക് നരബലിയുടെ ദീര്‍ഘ ചരിത്രമുണ്ട്. അതിന് പകരമാണ് മൃഗബലി വ്യാപകമായത്. നിയമം മൂലം നിരോധിക്കപ്പെട്ടതോടെ അതും ചരിത്രമായി. രക്തം ചീറ്റുന്ന ബീഭത്സരംഗം സൃഷ്ടിക്കുന്ന ഉന്മാദമാണ് കുരുതിയുടെ മനശാസ്ത്രം. ദേവപ്രീതിയെന്ന വിശ്വാസവും അവികസിത യുഗത്തിലെ അപക്വമായ പ്രപഞ്ച വീക്ഷണവും അതിന് ആശയപരമായ സംരക്ഷണം നല്‍കി. മാറിയ കാലത്തിനും പുതിയ യുഗത്തിലെ നിയമങ്ങള്‍ക്കും സ്വീകാര്യമായ ഉന്മാദത്തിന്റെ പുതിയ മദപ്പാടിലാണ് ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും മറ്റും ക്ഷേത്രാചാരങ്ങളുടെ ഭാഗമായി മനസ്സിലാക്കപ്പെട്ടു തുടങ്ങിയത്. ആചാരങ്ങളെ കുറിച്ച് അവസാന വാക്കു പറയേണ്ടത് ആചരിക്കുന്നവരാണെന്ന വാദം സുപ്രീം കോടതി തള്ളിക്കളഞ്ഞപ്പോഴാണ് മഹാരാഷ്ട്രയിലെ ശനി ഷിംഗ്‌നാപൂര്‍ പോലുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീ പ്രവേശനം സാധ്യമായത്. ഇന്നല്ലെങ്കില്‍ നാളെ ഒരു കേസിലല്ലെങ്കില്‍ മറ്റൊരു കേസില്‍, ശബരിമലയുടെ കാര്യത്തിലും സമാനമായ വിധിയുണ്ടാകും. ജനാധിപത്യം പുലര്‍ന്നിട്ടും ഇന്നും ചില ക്ഷേത്രങ്ങളില്‍ ആചാരം പൂര്‍ണമാകണമെങ്കില്‍ രാജാവ് പള്ളിവാളുമായി എഴുന്നള്ളണം. നിയമത്തിനും സ്വാഭാവിക യുക്തിക്കും കൂടുതല്‍ പ്രാധാന്യം നല്കുന്ന ഒരു പുതിയ പൗര സമൂഹ സംസ്‌കാരമില്ലാതെ ആധുനിക ജീവിതം സാധ്യമല്ല. അതിന് വിഘാതമാകുന്ന ആചാരങ്ങളും കീഴ് വഴക്കങ്ങളും ആഘോഷങ്ങളും തടയേണ്ടത് സര്‍ക്കാര്‍ സംവിധാനത്തിന്റെ കടമയും നിയമപരമായ ബാധ്യതയുമാണ്. പുറ്റിങ്ങല്‍ ദേവി ക്ഷേത്രമായാലും തൃശൂര്‍ വടക്കും നാഥ ക്ഷേത്രമായാലും ഏതെങ്കിലും പള്ളിയോ ആള്‍ദൈവത്തിന്റെ ആശ്രമമോ ആയാലും രാഷ്ട്രീയ പൊതുയോഗങ്ങളായാലും അവയെല്ലാം മനുഷ്യര്‍ വ്യവഹരിക്കുന്ന ഇടങ്ങളാണ്. ഉന്മാദമല്ല വിവേകമാണ് ജനങ്ങളെ ഭരിക്കേണ്ടത്. വിവേകമുള്ള സര്‍ക്കാര്‍ സംവിധാനമുണ്ടെങ്കിലെ ആ സന്ദേശം ജനങ്ങളിലെത്തു. എല്ലാ മരണവീട്ടിലും പോയി കരയുകയും എല്ലാ വിവാഹ വീട്ടിലും മറക്കാതെ പോയി ചിരിക്കുകയും ഇഷ്ടക്കാര്‍ക്കുവേണ്ടി നിയമങ്ങള്‍ കാറ്റില്‍ പറത്തുകയും ചെയ്യുന്നവര്‍ക്കല്ല ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിവാശ്യമായ നിയമനിര്‍മാണങ്ങള്‍ക്ക് നേതൃത്വം നല്കുകയും അവ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തെ സജ്ജമാക്കുകയും ചെയ്യുന്നവര്‍ക്കാണ് വോട്ടു ചെയ്യേണ്ടതെന്ന് മലയാളികള്‍ മറന്നുപോയിരിക്കുന്നു. പുറ്റിങ്ങലില്‍ നടന്ന (മനപൂര്‍വ്വമല്ലാത്ത) നരഹത്യ അപകടം മാത്രമായിരുന്നു എന്ന് വരുത്തിത്തീര്‍ക്കുന്നതിലും കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകള്‍ ഒരുക്കുന്നതിലും ഭരണത്തിലിക്കുന്നവര്‍ കാണിക്കുന്ന വ്യഗ്രത മലയാളിയുടെ തെരഞ്ഞെടുപ്പ് എത്രവലിയ തെറ്റായിരുന്നുവെന്ന് തെളിയിക്കുന്നതാണ്! യുക്തി അനുസരിച്ച് ജീവിക്കുന്നവര്‍ക്കും ആധുനികമായി ചന്തിക്കുന്നവര്‍ക്കും കൂടിയുള്ളതാണ് മനുഷ്യര്‍ പാര്‍ക്കുന്ന ഈ ഇടങ്ങള്‍. അവര്‍ക്കും വോട്ടുണ്ടെന്ന് പള്ളിക്കമ്മറ്റിക്കാരും ക്ഷേത്രം ഭാരവാഹികളും രാഷ്ട്രീയ നേതാക്കളും മറക്കരുത്. ഇത്രയെങ്കിലും പറയാന്‍ കഴിയാത്തവര്‍ പുറ്റിങ്ങല്‍ ദുരന്തത്തെക്കുറിച്ച് മിണ്ടാതിരിക്കട്ടെ.


Posted by vincent