Mar 17 2025, 2:50 PM +91 94476 83169 arogyappachamasika@gmail.com

Arogyappacha

ബാല്യമില്ലാത്ത ബാലന്മാര്‍

ബാല്യമില്ലാത്ത ബാലന്മാര്‍

ബാല്യമില്ലാത്ത ബാലന്മാര്‍

August 12, 2024

സി ആര്‍ നീലകണ്ഠന്‍

‘ ഒരു സമൂഹത്തിന്റെ ആത്മാവ് സൂക്ഷ്മമായി കണ്ടെത്താന്‍ ആ സമൂഹം കുട്ടികളോട് എങ്ങനെ പെരുമാറുന്നു എന്നു നോക്കിയാല്‍ മതി ‘
                                                                    –നെല്‍സണ്‍ മണ്ടേല
ബാലവേല എന്ന ദുരവസ്ഥ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണു ഐക്യരാഷ്ട്രസഭയുടെ ഘടകങ്ങളായ യുണിസെഫ്, ഐ എല്‍ ഒ തുടങ്ങിയ സ്ഥാപനങ്ങള്‍ തന്നെ നടത്തിയ പഠനങ്ങളില്‍ നിന്നും വ്യക്തമാകുന്നത് ലോകത്തിലാകെ 25 കോടിയിലധികം കുട്ടികള്‍ ( 18 വയസ്സിനു താഴെയുള്ളവര്‍) സാമ്പത്തിക പ്രവര്‍ത്തനമെന്ന രീതിയില്‍ തൊഴിലെടുക്കുന്നവരാണെന്നാണ്. ഇതില്‍ 61 ശതമാനവും ഏഷ്യന്‍ രാജ്യങ്ങളിലാണ്. ആഫ്രിക്കന്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഏതാണ്ട് 35 ശതമാനവും. എവിടെ ദാരിദ്ര്യവും തൊഴിലില്ലായ്മയും ഉയര്‍ന്ന ജനപ്പെരുപ്പവും കൂടുതലുണ്ടോ അവിടെ ബാലവേലയും കൂടുമെന്നാണ്. ഏഷ്യയില്‍ത്തന്നെ ഏറ്റവു മധികമുള്ളത് ഇന്ത്യയിലുമാണ്. ജീവിതദശകളില്‍ ഏറ്റവും നിഷ്‌കളങ്കമായും ആശങ്കകളില്ലാതെയും സ്വാതന്ത്ര്യവും സ്‌നേഹവും അനുഭവിച്ചുകൊണ്ടും ജീവിക്കാന്‍ കഴിയുന്ന, അതിനവകാശപ്പെട്ട ഒന്നാണല്ലൊ ബാല്യം. ഇന്ത്യയിലെ കുട്ടികളില്‍ 12 ശതമാനമെങ്കിലും ഇതെല്ലാം നിഷേധിക്കപ്പെട്ടാണ് ജീവിക്കുന്നതെന്ന സത്യം എത്ര ഭീകരമാണ്.
ബാലവേല നിരോധിക്കുന്നതിനും ചില ഇള വുകളോടെ  നിയന്ത്രിക്കുന്നതിനും ഒട്ടനവധി നടപടികളും തീരുമാനങ്ങളും നിയമനിര്‍മ്മാണ ങ്ങളും അന്തര്‍ദ്ദേശീയ ദേശീയ തലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ദാരിദ്ര്യമടക്കമുള്ള സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ മൂലം ഇവയൊന്നും പലപ്പോഴും ഫലപ്രദമാകാറില്ലെന്നുമാത്രം. കുട്ടികള്‍ ഭാവിപൗരന്മാരാണെന്നും അവരുടെ ജീവിതം ഏറ്റവും നന്നായിരുന്നാല്‍ മാത്രമെ ഭാവി സമൂഹം നന്നായിരിക്കൂ എന്നും മറ്റുമുള്ള വായ്ത്താരികള്‍ നാം നിരന്തരം കേള്‍ക്കാറുണ്ട്. ‘ ഒരു സമൂഹത്തിന്റെ ആത്മാവ് സൂക്ഷ്മമായി കണ്ടെത്താന്‍ ആ സമൂഹം കുട്ടികളോട് എങ്ങനെ പെരുമാറുന്നു എന്നു നോക്കിയാല്‍ മതി’ എന്നു പറഞ്ഞത് നെല്‍സണ്‍ മണ്ടേലയാണ്. ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര കണ്‍ വന്‍ഷനുകള്‍ (138/182) അനുസരിച്ചു് 18 വയസ്സിനു താഴെയുള്ളവര്‍ സാമ്പത്തികപ്രവര്‍ ത്തന ങ്ങളുടെ ഭാഗമായി തൊഴിലെടുക്കാന്‍ പാടില്ല, വിശേഷിച്ചും ആരോഗ്യം, സുരക്ഷിതത്വം, സദാചാരം മുതലായവ അപകടപ്പെടുന്ന മേഖലകളില്‍.
ഇന്ത്യയിലാണെങ്കില്‍ 1986ല്‍ നടപ്പിലാക്കിയ ബാലവേല ( നിരോധനവും നിയന്ത്രണവും) നിയമം കര്‍ശനമാണ്. അത് 2012ല്‍ കൂടുതല്‍ കര്‍ശനമാകുകയും ചെയ്തു. 14 വയസ്സുവരെയുള്ള കുട്ടികളെ സ്വന്തം കുടുംബ സരംഭങ്ങളിലൊഴി കെ മറ്റൊരിടത്തും തൊഴിലെടുപ്പിക്കാന്‍ പാടില്ല. കുടുംബ സംരംഭങ്ങള്‍ക്ക് ഇളവു കൊടുത്തതു തന്നെ ഇന്ത്യയിലെ പ്രത്യേക സാമൂഹ്യാവസ്ഥ പരിഗണിച്ചാണു. കൃഷി, കുടില്‍ വ്യവസായം തുടങ്ങിയ സംരംഭങ്ങളില്‍ ചെറിയ തോതില്‍ കുട്ടികളുടെ അധ്വാനം ഉപയോഗിക്കുന്നത് നിയന്ത്രിച്ചാല്‍ അതു പല സംരംഭങ്ങളും നിലനിന്നുപോകുന്നതിനു തടസ്സമാകും എന്നതിനാലാണെന്ന് നിയമ നിര്‍മ്മാതാകള്‍ പറയുന്നു. ഈ അധ്വാനവും സ്‌കൂള്‍ വിദ്യാഭ്യാസത്തിനു തടസ്സമാകാത്ത വിധത്തിലാകണം.  എന്നാല്‍ കലാകായിക മേഖലകളിലെ പരിശീലനങ്ങള്‍ക്കു ഈ നിബന്ധനകള്‍ ബാധകമല്ല. സിനിമ, പരസ്യം, സീരിയല്‍, ഗാനം, സ്റ്റുഡിയോ റെക്കോര്‍ഡിങ് , കളികള്‍ ( സര്‍ക്കസ് ഒഴിച്ചു) എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. 14 വയസ്സിനു മുക        ളില്‍ 18 വയസ്സുവരെയുള്ള കുട്ടികളെ (കൗമാ രക്കാരെ) അപകടകരമായ വ്യവസായങ്ങളില്‍ തൊഴിലെടുപ്പിക്കാന്‍ പാടില്ല. 18 തൊഴിലുകളില്‍, 65 മേഖലകളില്‍ 18 വയ സ്സുവരെയുള്ളവരെ തൊഴിലെടുപ്പിക്കാന്‍ പാടില്ല. ഈ നിയമങ്ങള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്കുള്ള ശിക്ഷയും 2012ല്‍ വര്‍ധിപ്പിച്ചു. ആദ്യത്തെ തവണ ലംഘിച്ചാല്‍ 5,000 രൂപ പിഴ നല്‍കണം. രണ്ടാം തവണ മുതല്‍ തടവു ശിക്ഷയാണ്,1 മുതല്‍ 3 വര്‍ഷം വരെ. ഈ കുറ്റങ്ങള്‍ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാവുന്നവയാണ്. കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് ആദ്യതവണ ശിക്ഷയില്ല. അടുത്ത തവണ ലംഘിച്ചാല്‍ 10,000 രൂപ പിഴയൊടുക്കണം. ഇതോടൊപ്പം 2009 ലെ വിദ്യാഭ്യാസാവകാശനി യമവും വളരെ പ്രധാനമാണ്.
ഇത്രയൊക്കെ ഉണ്ടായിട്ടും ബാലവേല അവസാനിപ്പിക്കാന്‍ കഴിയാത്തതെന്തുകൊണ്ട്? ഇന്ത്യയടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങളായ ദാരിദ്ര്യവും തൊഴിലില്ലായ്മയും തന്നെ കാരണങ്ങള്‍. കുട്ടികള്‍ ജോലി ചെയ്തില്ലെങ്കില്‍ കുടും ബവരുമാനം കാര്യമായി കുറയും. ദാരിദ്ര്യം കൂടുന്നതനുസരിച്ച് കൂടുതല്‍ അപകടക രമായ തൊഴിലുകളിലേക്ക് കുട്ടികള്‍ പോകും. ഇന്ത്യയില്‍ കുട്ടികള്‍ പ്രധാനമായും ചെയ്യുന്ന ജോലികള്‍ കൃഷി, ബീഡി തെറുപ്പു, തീപ്പെട്ടി/ കരിമരുന്നു വ്യവസായങ്ങള്‍, പരവതാനി അടക്കമുള്ളവയുടെ നെയ്ത്ത്, ഖനനം  (കല്‍ക്കരി, ലോഹങ്ങള്‍, അതില്‍ തന്നെ വിഷമയമായവ), ആസ്‌ബെസ്റ്റോസ് തുടങ്ങിയ രാസവസ്തുക്കളുടെ നിര്‍മ്മാണ യൂണിറ്റുകള്‍ മുതലായവയിലാണ്.
എന്തെല്ലാമാണ് ബാലവേലയുടെ കുഴപ്പങ്ങള്‍? കുട്ടികള്‍ വലിയവര്‍ ചെയ്യുന്നതരം ജോലികള്‍ ചെയ്യുന്നതു അവരുടെ ആരോഗ്യത്തിനുണ്ടാ ക്കുന്ന പ്രശ്‌നങ്ങള്‍ ആദ്യം പരിശോധിക്കാം. മേല്‍പ്പറഞ്ഞവയില്‍ പലതും മുതിര്‍ന്നവര്‍ക്കു തന്നെ അപകടകരമായവയാണ്. അവര്‍ക്കു അപകടകരമല്ലാത്തവ പോലും കുട്ടികള്‍ക്ക് അപകടകരമാണ്. കുട്ടികളുടെ ശരീരം ചെറു താണല്ലൊ.  അവര്‍ താരതമ്യേന വലിയ സാമ ഗ്രികളും യന്ത്രങ്ങളും കൈകാര്യം ചെയ്യുന്നത് ഏറെ അപകടകരമാണ്. കുട്ടികള്‍ക്കു വലി യവരെ അപേക്ഷിച്ച് ഭക്ഷണം, വിശ്രമം മുതലായവയുടെ ആവശ്യങ്ങള്‍ കൂടുതലാണ് അവര്‍ വളരെ വേഗം ക്ഷീണിക്കും. ഇതും അപകടസാധ്യത വര്‍ദ്ധിപ്പിക്കും. കുട്ടികളുടെ എല്ലുകളും കോശങ്ങളും വേഗം വളരുന്നവയാണ്. വളര്‍ച്ചയുടെ ഓരോഘട്ടങ്ങളിലും പരിസര ഘടകങ്ങള്‍ അവരെ കൂടുതല്‍ ബാധിക്കും. അത് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. വിവിധ എല്ലുകളും കോശങ്ങളും വ്യത്യസ്ത രീതിയിലാകും വളരുന്നത്. തലച്ചോറിന്റെ വളര്‍ച്ച 18 വയസ്സിലും തുടരും. ആ കാലത്ത് രാസവസ്തുക്കള്‍ ഏറ്റാല്‍ തലച്ചോറിനു തകരാറുണ്ടാകും. വളര്‍ച്ചഘട്ടങ്ങളില്‍ രാസ വസ്തുക്കളുടെ ആഗിരണത്തോത് കൂടും. ഉയര്‍ന്ന ശബ്ദങ്ങള്‍ ഉണ്ടാകുന്ന അവസ്ഥകളില്‍ ജോലി ചെയ്താല്‍ കേള്‍വിക്കുറവുണ്ടാകും. ഉയര്‍ന്ന താപനില താങ്ങാനുള്ള സഹനശേഷി കുറയും. വിവിധ ഗ്രന്ഥികളുടെ വളര്‍ച്ചയെ ബാധിക്കും. ഒരു തൊഴിലിന്റെ അപകടസാധ്യത വിലയിരുത്താനുള്ള ശേഷി കുട്ടികള്‍ക്കു കുറവായിരിക്കും. ഐ എല്‍ ഒ യുടെ പഠന ങ്ങളനുസരിച്ച് തൊഴിലെടുക്കുന്ന കുട്ടികളില്‍ നാലിലൊന്നിനെങ്കിലും പരിക്കുകളോ രോഗ ങ്ങളോ ഉണ്ട്. അപകടസാധ്യത മുതിര്‍ന്നവ രേക്കാള്‍ ഇരട്ടിയാണ്. അവര്‍ ആരോഗ്യത്തോടെ ജീവിക്കുന്ന കാലം കാര്യമായി കുറയും.
ബാലവേല ചെയ്യുന്ന മേഖലകളില്‍ അവര്‍ക്ക് വേണ്ടത്ര പരിശീലനം കിട്ടാറില്ല. മിക്കപ്പോഴും ഉപകരണങ്ങള്‍ വൃത്തിയാകുന്നതുപോലുള്ള പണികളാകും അവര്‍ക്കു നല്‍കുക. ഇതിനായി നിരവധി രാസവസ്തുക്കള്‍ നിരന്തരം കൈകാര്യം ചെയ്യേണ്ടി വരും. പെയിന്റും മറ്റു നിര്‍മ്മാണസാമ ഗ്രികളും പണിസ്ഥലത്ത് എത്തിക്കുന്ന ജോലികളും കുട്ടികള്‍ ചെയ്യുന്നു. ഇവരുടെ ശേഷിക്കു താങ്ങാവുന്നതിനപ്പുറമുള്ള സമയം ജോലി ചെയ്യാന്‍ ഇവര്‍ പ്രേരി പ്പിക്കപ്പെടും.പകുതിയിലധികം കുട്ടിത്തൊഴി ലാളികള്‍ക്കും പരിശീലനമൊന്നുമില്ല. 12 ശതമാനം പേര്‍ക്കു മാത്രമേ ശരിയായ രീതി യില്‍ മേല്‍നോട്ടക്കാരുണ്ടാകൂ. തൊഴില പകടങ്ങളില്‍ 80 ശതമാനവും ശരിയായ മേല്‍ നോട്ടമില്ലാത്തതിനാലാണെന്നും ഐ എല്‍ ഒ പഠനങ്ങള്‍ കാണിക്കുന്നു. മിക്കപ്പോഴും ഇവര്‍ചെയ്യുന്നത് നിയമവിരുദ്ധമായതോ ശരി യല്ലാത്തതോ ആയിരിക്കും. അതുകൊണ്ടു തന്നെ ഇവയൊക്കെയും തൊഴിലില്‍നിന്നല്ലെന്നു കാണിക്കാനാകും തൊഴിലുടമകള്‍ ശ്രമിക്കുക. ഈ കുട്ടികളില്‍ പോഷകാഹാരക്കുറവ്, രക്ത ക്കുറവ്,ക്ഷീണം തുടങ്ങിയ രോഗങ്ങള്‍ സാധാ രണങ്ങളാണ്. അപകടങ്ങള്‍ വഴി അംഗവൈക ല്യങ്ങള്‍ ധാരാളമായുണ്ടാകുന്നു.
കാര്‍ഷിക മേഖലയിലാണ് ഇന്ത്യന്‍ ഗ്രാമങ്ങളിലെ കുട്ടികളില്‍ അധികവും ജോലി ചെയ്യുന്നത്.അവിടെ പ്രയോഗിക്കുന്ന രാസ കീടനാശിനികള്‍ ഇവരില്‍ വലിയ തോതില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ക്ഷീണം, തലവേദന, ഉറക്കക്കുറവ്, ഉല്‍ക്കണ്ഠ, ഓര്‍മ്മക്കുറവ്, അര്‍ബുദം, പ്രത്യുല്പാദന തകരാറുകള്‍,തലച്ചോറിലും നാഡീവ്യൂഹങ്ങളിലും തകരാറുകള്‍, കരള്‍, കിഡ്‌നി മുതലായവയിലെ തകരാറുകള്‍ എന്നിവക്ക്  സാധ്യതയേറുന്നു. തോട്ടം മേഖലയിലുള്ള കുട്ടികള്‍ക്ക് ഇതു സാധാരണമാണ്. യന്ത്രങ്ങള്‍, മൂര്‍ച്ചയേറിയ ഉപകരണങ്ങള്‍, കോവണി മുതലായവയും അപകടസാധ്യതയു ള്ളവയാണ്. മിക്കപ്പോഴും തൊഴിലിടങ്ങളില്‍ ശുദ്ധജല ലഭ്യത കുറവായിരിക്കും. രാസ വസ്തുക്കള്‍ ഉപയോഗിച്ച ശേഷം ശരീരം വൃത്തിയാക്കാതെ ഭക്ഷണം കഴിക്കേണ്ടി വരുന്നതിനാല്‍ അവ അകത്തു പോകുന്നതും രോഗകാരണമാകും. പലയിടത്തും ശരിയായ രീതിയിലുള്ള ശൗചാലയങ്ങള്‍ ഉണ്ടാകാറില്ലെ ന്നതു ആരോഗ്യ പ്രശ്‌നമാണ്.
മിക്കപ്പോഴും ഇവര്‍ ചെയ്യുന്നത് അനൗപചാരിക തൊഴിലുകളാണ്. അവിടെ സുരക്ഷിതത്വ നിയമങ്ങളൊന്നും പാലിക്കാറില്ല. പലപ്പോഴും റേഡിയോ ആക്ടീവതയുള്ള വസ്തുക്കള്‍ ഇവര്‍ക്കു കൈകാര്യം ചെയ്യേണ്ടി വരുന്നുണ്ട്. സംഭരണകേന്ദ്രങ്ങളില്‍ തൊഴിലെടുക്കുമ്പോള്‍ ആവശ്യത്തിനു ശുദ്ധവായു പോലും കിട്ടാറില്ല.ഖനന മേഖലയും ഏറെ അപകട സാധ്യതയുള്ളതാണ്. അറവുശാലകള്‍, മാംസ സംസ്‌ക്കരണകേന്ദ്രങ്ങള്‍ മുതലായവയും ആരോഗ്യകരമാകില്ല.
ശാരീരികപ്രശ്‌നങ്ങളോടൊപ്പമോ അതിലധികമോ മാനസിക വൈകാരിക പ്രശ്‌നങ്ങളുണ്ടാകുന്നു. ചെറിയ കുടുംബ സംരംഭങ്ങളില്‍ കുടും ബാംഗങ്ങളോടൊപ്പം വിദ്യാഭ്യാസാവശ്യങ്ങള്‍ കഴിഞ്ഞുള്ള സമയം തൊഴിലെടുക്കുന്ന കുട്ടികള്‍ക്ക് അത്ര മാനസികപ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ല. അല്പം ചുമതലാബോധം ഉണ്ടാകുകയും ചെയ്യും. എന്നാല്‍ വീട്ടില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അകന്നു നിന്ന് തൊഴിലെടുക്കുന്ന കുട്ടികള്‍ കടുത്ത മാനസിക വ്യഥ അനുഭവിക്കുന്നു. ഇതുണ്ടാക്കുന്ന ഭയം, ഉല്‍ക്കണ്ഠ, തുടങ്ങിയവ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പോന്നവയാണ്. നീണ്ട സമയത്തെ ബാലവേല കുട്ടികളുടെ വിദ്യാഭ്യാസത്തെ കാര്യമായി ബാധിക്കുന്നു. പലരും സ്‌കൂളില്‍ നിന്നും കൊഴിഞ്ഞു പോരുന്നു. അവിടെ പോകുന്നവര്‍ക്കു തന്നെ വേണ്ടത്ര പഠനശേഷി ഉണ്ടാകില്ല. ഉറക്കക്കുറവു തന്നെ സ്‌ക്കൂള്‍ പഠനത്തിനെ ദോഷകരമായി ബാധിക്കും. വിദ്യാഭ്യാസമടക്കമുള്ള അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. വാല്‍ സല്യമെന്നത് എന്താണെന്നറിയാതെ വളരുന്ന ഇവരുടെ മാനസികനില തകരാറാകുന്നതില്‍ എന്തത്ഭുതം?  ഇതു കുട്ടികളില്‍ അക്രമവാസന വര്‍ധിക്കുന്നു. മോഷണത്തിനും മറ്റും ഇവരെ  പ്രേരിപ്പിക്കുന്നു. പലരും കുട്ടിക്കുറ്റവാളികളായി മാറുന്നു. കുറേപ്പേരെ കടത്തുന്നു. പെണ്‍കുട്ടികള്‍ വ്യഭിചാരത്തിലേക്കു നയിക്കപ്പെടുന്നു. ഒരിക്കല്‍ ഈ രംഗത്തുവന്നാല്‍ അവര്‍ അനുഭവിക്കുന്ന ഈ അരാജക സ്വാതന്ത്ര്യം അവര്‍ തിരിച്ചു പോകുന്നതില്‍ നിന്നവരെ പിന്തിരിപ്പിക്കുന്നു. ചുരുക്കത്തില്‍ ഭാവിസമൂഹത്തിന്റെ സമ്പത്താ കേണ്ട ഇവര്‍ അതിനു നേര്‍വിപരീതമാകുന്നു.
ഇന്ത്യയിലും പുറത്തും ഇവരെ പുനരധിവസി പ്പിക്കാന്‍ പണവും സൗകര്യങ്ങളും പ്രഖ്യാപിക്കാറുണ്ട്. പക്ഷെ സാമൂഹ്യസാഹ ചര്യങ്ങള്‍ മാറാതെ ഇവ വിജയിക്കുക പ്രയാസമാണ്.

Posted by vincent