മണ്ണറിഞ്ഞ് വിത്തെറിയുന്ന യുവകര്‍ഷകന്‍
August 7, 2024
കെ ബിനോയ് പ്രസാദ്
നമ്മുടെ ഗ്രാമീണ മേഖലയില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന 150 ഓളം നാടന്‍ നെല്‍വിത്തിനങ്ങളേയും അപൂ ര്‍വ്വമായ ഔഷധ ചെടികളുടെയും വ്യത്യസ്ഥയിനം ആടുമാടുകളുടേയും സംരക്ഷകനാണ് കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്ത് തില്ലങ്കേരി പഞ്ചായത്തിലെ കാഞ്ഞിരാട് ഷര്‍ളി നിവാസിലെ യുവകര്‍ഷകനായ കെ എം ഷിംജിത്ത് കഴിഞ്ഞ 20 വര്‍ഷമായി അഞ്ചേക്കറോളം സ്ഥലത്ത് ജൈവകൃഷി നടത്തി മാതൃകയായ ഷിംജിത്ത് അച്ഛനില്‍ നിന്നുമാണ് കൃഷിയേക്കുറിച്ച് പഠിക്കുന്നത്. നമ്മുടെ അശ്രദ്ധമായ കൃഷി രീതിയും വളപ്രയോഗങ്ങളും കൊണ്ട് വയലുകളിലും കുളങ്ങളിലുമുണ്ടായിരുന്ന വിവിധയിനം മത്സ്യങ്ങളുടെ വംശനാശം ശ്രദ്ധയില്‍പ്പെട്ട ഷിംജിത്ത് രാസവളപ്രയോഗം പൂര്‍ണ്ണമായും ഉപേക്ഷിച്ചു. നാടന്‍ നെല്ലിനമായ രക്തശാലി, ബസുമതി, കൊത്തന്‍ബാരികയമ, തുളസി ബോഗ്, വരിനെല്ല്, ജീരകശാല, ആസാംബ്ലാക്ക്, ചോമാല, കൊയ്യോള, റെഡ്ജാസ്മിന്‍, കുഞ്ഞിനെല്ല് തുടങ്ങി 150-ഓളം നെല്ലിനങ്ങള്‍ ഷിംജിത്തിന്റെ കൃഷിയിടത്തില്‍ സുലഭമായി വളരുന്നു. ഇതില്‍ രക്തശാലി ഏറ്റവും വിലകൂടിയ ഇനമാണ്. മലര് വറുക്കുവാന്‍ ഉപയോഗിച്ചിരുന്ന ചോമാല ആസാമിലെ നാടന്‍ നെല്‍വിത്തിനമാണ്. ഏറ്റവും ഉയരം കൂടിയ നെല്ലായ കൊച്ചോള പുനം കൃഷിക്ക് ഉപയോഗിക്കുന്നു. ഓരോ നെല്‍വിത്തിന്റെയും ശേഖരങ്ങള്‍ പ്രത്യേകം കവറുകളിലാക്കി സൂക്ഷിക്കുകയും ചെയ്തിരിക്കുന്നു.

കൃഷിവകുപ്പിന്റെ നെല്‍കൃഷിരീതികളോട് ഷിംജിത്തിന് വിയോജിപ്പുകളുണ്ട്. പല വിത്തിനങ്ങളേകുറിച്ചും കൃഷി വകുപ്പ് തെറ്റായ ധാരണകള്‍ കര്‍ഷകരിലുണ്ടാക്കുന്നുവെന്നും ഈ വിത്തുസംരക്ഷകന് അഭിപ്രായമുണ്ട്. കൃഷി പരിപാലനത്തിന് കൃഷിവകുപ്പ് അവലംബിക്കുന്ന രീതി പ്രകൃത്യനുകൂലമല്ലെന്ന് തന്റെ കൃഷിയിലൂടെ ഷിംജിത്ത് ഇതിനോടകം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. 2016 ലെ അക്ഷയശ്രീ അവാര്‍ഡ് (1 ലക്ഷം രൂപ) ദേശാഭിമാനി (കേരളം വിളയട്ടെ) തുടങ്ങിയ 70 ല്‍ അധികം അവാര്‍ഡുകള്‍ ഷിംജിത്തിനെ തേടിയെത്തി. ജൈവവളത്തിനായി കാസറഗോഡന്‍ കുള്ളന്‍ പശുക്കള്‍ നാടന്‍ കോഴികള്‍, യമു, മുയല്‍, താറാവ്, വിവിധയിനം ആടുകള്‍ തുടങ്ങിയവയും ഷിംജിത്തിന്റെ കൃഷിയിടത്തിലെ കാഴ്ചകളാണ്. യമുവിന്റെ ഒരു മുട്ടയ്ക്ക് 800 രൂപവരെ തനിക്ക് കിട്ടുമെന്നും ഷിംജിത്ത് പറയുന്നു.
തൃശൂര്‍ കാര്‍ഷിക സര്‍വ്വകലാശാല ശാസ്ത്രീയമായി നിര്‍മ്മിച്ച ആട്ടിന്‍ കൂട്ടില്‍ ആട്, മുയല്‍, കോഴി തുടങ്ങിയവയെ പലതട്ടുകളിലായി വളര്‍ത്തുവാനും ഇതിന്റെ പുറം ഭാഗത്ത് നിര്‍മ്മിച്ചിരിക്കുന്ന ബര്‍ത്തുകളില്‍ പോളിത്തീന്‍ ബാഗുകളില്‍ ചീരയും മറ്റ് പച്ചക്കറികളും വളര്‍ത്തുവാനുമുള്ള പ്രത്യേക സൗകര്യം ഒരുക്കിയിരിക്കുന്നു. കൂടാതെ കരിയിഞ്ചി മഞ്ഞളിന്റെ വിവിധയിനങ്ങളായ കറുത്ത മഞ്ഞള്‍, കസ്തുരി മഞ്ഞള്‍, പ്രതിഭമഞ്ഞള്‍ തുടങ്ങിയവയും യൗവ്വനം നിലനിര്‍ത്തുന്ന മുള്ളന്‍ കക്കിരി (കിബാനോ), പതിമുഖം, രാമച്ചം, അഗത്തിച്ചീര, കുന്തിരിക്കം, ചന്ദനം, ബട്ടര്‍ഫ്രൂട്ട്, അണലിവേഗം, സോമലത, കമണ്ഡലു, കൃഷ്ണ തുളസി, മസാല തുളസി, മധുരതുളസി, വട്ടത്തുളസി, കാട്ടുതുളസി, സൂര്യ തുളസി, കരിതുളസി തുടങ്ങിയവയും ഇതില്‍പ്പെടുന്നു. വിവിധയിനം വാഴകള്‍ കദളി, തണലോട്ടുപൂവന്‍, ചെങ്കദളി, മാമ്പില്ലാപൂവന്‍, അടുക്കന്‍ റോബസ്റ്റ് തുടങ്ങിയവയും ഷിംജിത്തിന്റെ വാഴ ശേഖരത്തില്‍പ്പെടുന്നു.

റെഡ്‌ലേഡി പപ്പായ, ഉരുളക്കിഴങ്ങ്, ചെറിയ ഉള്ളി, നിലക്കടല, ചെറുകടല, ചൈനീസ് കാബേജ്, കോളിഫ്‌ളവര്‍, ആഫ്രിക്കന്‍ മല്ലി, മല്ലിച്ചപ്പ്, പൊതിന, വിവിധയിനം പച്ചമുളക് തുടങ്ങിയവയും ചെറുതേന്‍, കാട, താറാവ്, മത്സ്യ കൃഷി എന്നിവയുമുണ്ട് ഷിംജിത്തിന് മത്സ്യകൃഷിക്കായി സ്വന്തം കൃഷിയിടത്തിലെ പാറപ്പൊടിച്ചെടുത്ത സ്ഥലം പ്രകൃതിദത്തമായ രീതിയില്‍ ഒരുക്കിയിരിക്കുന്നു. വേനലില്‍ ഒരിക്കലും വറ്റാത്ത വെള്ളവും ഇവിലെ ലഭ്യമാണെന്നും ഷിംജിത്ത് പറയുന്നു. ഇവിടെ കട്‌ല, രോഹു, കാര്‍പ്പ് തുടങ്ങിയ ഇനത്തില്‍പെട്ട മത്സ്യങ്ങളും താറാവുകളും നീന്തിതുടിക്കുന്നതും ആരേയും ആകര്‍ഷിക്കുന്ന കാഴ്ചയാണ്. തന്റെ കൃഷിയിടത്തില്‍ വിളയുന്ന പച്ചക്കറികളും നെല്ലും മുട്ടയുമെല്ലാം വില്‍ക്കുന്നത് കണ്ണൂരിലെ ജൈവസംസ്‌കൃതിയിലൂടെയാണ്. കൃഷിയിടത്തിനുപുറമേ വീട്ടുമുറ്റത്തും ടെറസിലും ചാക്കുകളിലും കൃഷിചെയ്തും തനിക്ക് നല്ല വരുമാനം ലഭിക്കുന്നുണ്ടെന്നും ഷിംജിത്ത് പറയുന്നു.യുവാക്കള്‍ തൊഴില്‍ ഇല്ലെന്നു പറഞ്ഞ് അന്യസംസ്ഥാനങ്ങളിലും രാജ്യങ്ങളിലും തുച്ഛമായ വരുമാനത്തിന് പണിയെടുക്കുമ്പോള്‍ അവനവന്റെ കൃഷിയിടത്തില്‍ ആത്മാര്‍ത്ഥമായി അധ്വാനിച്ചാല്‍ നമ്മുടെ വിഷാംശംകലര്‍ന്ന ആഹാര സാധനങ്ങള്‍ക്ക് ഒരുപരിധിവരെ കടിഞ്ഞാണിടാമെന്നും ഷിംജിത്ത് കരുതുന്നു. വിഷമയമില്ലാത്ത ആഹാരം കഴിക്കുന്നതുകൊണ്ടായിരിക്കാം ഇതുവരെയാതൊരുവിധ അസുഖങ്ങളും വന്നിട്ടില്ലെന്നും ഷിംജിത്ത് അഭിപ്രായപ്പെടുന്നു.
ഭാര്യ അനിലയും മക്കളായ ആദികിരണും ആദിസൂര്യയും കൃഷിയില്‍ ഒപ്പമുണ്ട്. ജൈവബോധത്തിന്റെയും മൃഗപരിപാലനത്തിന്റെയുമൊക്കെ പ്രകൃതിപരമായ പാരസ്പര്യം പഠിക്കാനും കൃഷി പാഠങ്ങള്‍ മനസിലാക്കാനും വിദ്യാര്‍ത്ഥികള്‍ ഷിംജിത്തിന്റെ കൃഷിയിടത്തിലെത്തുന്നു. സ്‌കൂളുകളില്‍ തന്റെ കൃഷിയറിവുകള്‍ പങ്കുവയ്ക്കാനും ഈ യുവകര്‍ഷകന്‍ 2017 ലെ സദാ സന്നദ്ധനാണ്. സംസ്ഥാനസര്‍ക്കാരിന്റെ ജൈവവൈവിധ്യ സംരക്ഷകനുള്ള അവാര്‍ഡ് ജേതാവ് കൂടിയാണ് ഷിംജിത്ത്.
Posted by vincent