നാൽപതു വർഷത്തെ കാർഷികവൃത്തിയിലൂടെ മണ്ണിന്റെ മനസ്സറിഞ്ഞ കർഷകനാണ്
ആർ. ബാലചന്ദ്രൻ നായർ.
തിരുവനന്തപുരം നരുവാമൂട്ടിൽ ചിട്ടിക്കോട്, തൻറെ പതിനോന്നേക്കർ കൃഷിയിടത്തിൽ സമ്പൂർണ ജൈവ കൃഷിയിലൂടെ കാവേരി വാഴ മുതൽ കാന്താരിമുളക് വരെ ഇദ്ദേഹം കൃഷി ചെയ്യുന്നു. ചേന, ചേമ്പ്, വഴുതിന, കക്കിരി, വിവിധയിനം മുളകുകൾ, പപ്പായ, ചീര, മാങ്ങ, ചക്ക, വള്ളിപ്പയർ തുടങ്ങി വിഷം തീണ്ടാത്ത നാടൻ വിളകളെല്ലാം നിറഞ്ഞുനില്ക്കുന്ന കൃഷിയിടം ചൂണ്ടി ബാലചന്ദ്രൻ നായർ തനിക്കു പ്രചോദനം നല്കുന്ന തിരുവള്ളുവരുടെ തിരുക്കുറളിലെ വരികൾ ഉറക്കെ ചൊല്ലുന്നു.
“ഉഴുതുണ്ട് വാഴ്വോരെ വാഴ്വാർ
മറ്റല്ലാം തൊഴുതുണ്ട് പിൻസെൽവവർ”
കൃഷി കൊണ്ട് ജീവിക്കുന്നവനാണ് യഥാർത്ഥത്തിൽ ജീവിക്കുന്നത്. മറ്റുള്ളവർ അവരെ ആശ്രയിച്ചു ജീവിക്കുന്നവരും….
ഇത് പറയുമ്പോൾ ആദ്യം പട്ടാളത്തിലും പിന്നീട് പോലീസിലും സെലക്ഷൻ കിട്ടിയത് ഒഴിവാക്കി കൃഷിയാണ് തൻറെ തട്ടകമെന്ന് തിരിച്ചറിഞ്ഞ് മണ്ണിലേക്കിറങ്ങിയ ഈ യഥാർത്ഥ കർഷകന് അഭിമാനം.
ഫാം ജേർണലിസം പഠിച്ചിട്ടുള്ള ഈ കർഷകന്റെ വാക്കുകളിൽ സുരക്ഷിത ജീവിതത്തിൻറെ സാധ്യതകൾ തുറന്നിടുന്ന പാരമ്പര്യ ധാരയുടെ തുടർച്ചകൾ ഉള്ളടങ്ങിയിരിക്കുന്നു… രാജ്യത്തിൻറെ വിവധ മേഘലകളിൽ നിന്ന് ലഭിച്ച അങ്ങീകാരങ്ങളും അനുഭവങ്ങളുമാണ് ഇദ്ദേഹത്തെ സമ്പൂർണ്ണ ജൈവകർഷകനാക്കി മാറ്റിയത്.
മനുഷ്യൻ, മണ്ണ്, ജലം, പ്രകാശം ഇവയുടെ സമതുലിതാവസ്ഥ നിലനിർത്താൻ ജൈവകൃഷി തന്നെ വേണമെന്നും മണ്ണും, ജലവും സംരെക്ഷിക്കുക എന്നതാണ് തൻറെ പ്രഖ്യാപിത ലക്ഷ്യമെന്നും ബാലചന്ദ്രൻ നായർ ഉറപ്പിച്ചു പറയുന്നു. പ്രതിമാസം മൂന്നു ലക്ഷത്തിലധികം രൂപയുടെ കാർഷിക വിളകൾ ഇദ്ദേഹം ഉൽപ്പാദിപ്പിക്കുന്നു. അതിന്റെ വിതരണവും സംസ്കരണവും പള്ളിച്ചൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘമൈത്രി farmer producers കമ്പനി വഴിയാണ് നടത്തുന്നത്.
എണ്ണകുറവുള്ള ചിപ്സ്‌മേകിംഗ് മിഷീനും പാക്കിംഗ് യുണീറ്റും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഒന്നേകാൽകോടി രൂപ മുടക്കിയാണ് ഓട്ടോമാറ്റിക്കായ ഈ നൂതന സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നാച്ചുറൽ എത്തിനിൻ കൊടുത്തു- മാങ്ങ, വാഴക്ക, പപ്പായ ഇവയെല്ലാം പഴുപ്പിചെടുക്കാനുള്ള സംവിധാനവുമുണ്ട്. ധാരാളം ജൈവകർഷകർ അംഗങ്ങളായിട്ടുള്ള സംഘമൈത്രിയുടെ ചെയർമാനാണ് ബാലചന്ദ്രൻ നായർ ഇപ്പോൾ.
പാന്ക്രിയാസിനുണ്ടാകുന്ന തകരാറുകളകറ്റാൻ മരചീനിക്ക് ശേഷി ഉണ്ടെന്നും മാനസിക സംഘർഷമകറ്റാനും ഔജസുണ്ടാക്കാനും വാഴപ്പഴം അത്യുത്തമാമാണെന്നുമുള്ള പഠനങ്ങൾ ചൂണ്ടിക്കാട്ടി ആരോഗ്യത്തിന് മരുന്നല്ല നല്ല ഭക്ഷണമാണാവശ്യമെന്നും ആമാശയ ശുദ്ധിയുള്ള ഒരാൾക്കും രോഗം വരില്ലാ എന്നും ബാലചന്ദ്രൻ നായർ പറയുന്നു.
എല്ലുകളെ ബലപ്പെടുത്തുന്ന മഗ്നനീഷ്യം ഹൃദയപേശികളെ ബലപ്പെടുത്തുന്ന ബീട്ടാകരോട്ടിൻ തുടങ്ങിയവ പപ്പായയിലുണ്ട്.
കൊളസ്ട്രോൾ നിയന്ത്രിക്കാൻ മുരിങ്ങയില മതി. ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിനുള്ള ഇരുമ്പ്, കരിവേപ്പിലയിലുണ്ട്.
പൊട്ടാസിയം കരിക്കിൽ നിന്ന് കിട്ടും. ചേനയിൽ ഫൈബർ ധാരാളമുണ്ട്. മധുരക്കിഴങ്ങിൽ ബീട്ടാകരോട്ടിൻ ധാരാളമടങ്ങിയിരിക്കുന്നു. ഇവയെല്ലാമടങ്ങിയ ഭക്ഷണം കഴിച്ചു ആരോഗ്യവാന്മാരയിരുന്ന കർഷകന്മാരയിരുന്നു നമ്മുടെ പൂർവികർ.
അതുകൊണ്ട് ആവുന്നത്ര കൃഷി ഉള്ള ഭൂമിയിലും, ടെറസ്സി ലുമൊക്കെയായി കൃഷി ചെയ്യാൻ എല്ലാവരും തയ്യാറാകണം. കൃഷി ചെയ്യുന്നവർ ചിലന്തിയെ സംരക്ഷിക്കണം. ഇവ ആയിരക്കണക്കിന് കീടങ്ങളെ നശിപ്പിക്കും. പത്തു ചിലന്തിയുണ്ടെങ്കിൽ ഒരേക്കർ കൃഷി ചെയ്യാം. സംഗീതവും സ്നേഹവും കൊണ്ട് ചെടികളെ സംരെക്ഷിക്കാനാവും. കച്ചവടമാനസോടെ ഭൂമിയെ കാണാൻ പാടില്ലെന്നും ഭൂമിയിൽനിന്നു എടുക്കുകയും ഭൂമിക്കു തിരിച്ചു കൊടുക്കുകയും വേണമെന്നാണ് പൂർവികർ പഠിപ്പിച്ചിട്ടുള്ളത്.
അമ്മേ- ഉപജീവനാർത്ഥം ഞാൻ നിന്നെ മുറിവേൽപ്പിക്കുന്നു. ഈ മുറിവ് വേഗം ഉണങ്ങ്മാറാകട്ടെ എന്ന് പ്രാർഥിച്ചു കൊണ്ടാണ് പണ്ട് കർഷകർ ഭൂമിയിലേക്കിറങ്ങിയിരുന്നത്. അത്തരമൊരു പാരമ്പര്യത്തിന്റെ തുടർച്ചക്കായി പുലർച്ചേ ആറു മണിക്ക് തൂമ്പായുമെടുത്ത് ഇന്നും ബാലചന്ദ്രൻ നായർ കൃഷിയിടത്തിലിറങ്ങുന്നു….!