August 7, 2024
ഷിജു ഏലിയാസ്
ഉപഭോഗ സംസ്‌കാരത്തിന്റെ തിരത്തള്ളലില്‍ പഴയതെല്ലാം ഉപേക്ഷിക്കുന്ന മലയാളി അങ്ങനെ വേണ്ടെന്നു വയ്ക്കുന്ന നന്മകളുടെ കൂട്ടത്തിലാണ് ഇന്ന് മണ്‍പാത്രങ്ങളുടെ സ്ഥാനം. വിഷമയമായ നോണ്‍ സ്റ്റിക്ക് പാത്രങ്ങളിലും അനാരോഗ്യകരമെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞ അലൂമിനിയം പാത്രങ്ങളിലുമാണ് ഇന്ന് നമ്മുടെ പാചകം. പരമ്പരാഗതമായി മണ്‍പാത്ര നിര്‍മാണത്തെ ആശ്രയിക്കുന്ന ആയിരക്കണക്കിനു കുടുംബങ്ങളുടെ ജീവിതവും അതോടൊപ്പം വഴിമുട്ടുകയാണ്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയതിനു ശേഷം ജീവിതമാര്‍ഗമായി കുലത്തൊഴില്‍ തെരഞ്ഞടുത്ത മണ്‍പാത്ര നിര്‍മാണ തൊഴിലാളിയും കളിമണ്‍ ചുമര്‍ ചിത്രകാരനുമായ മനോജ് മാമ്പറ്റ ചരിത്രത്തോളം പഴക്കമുള്ള ഈ തൊഴിലിന്റെയും കലയുടെയും പ്രചാരകന്‍ കൂടിയാണ്. കോഴിക്കോട് ജില്ലയിലെ മുക്കം സ്വദേശിയായ മനോജ് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍നിന്നും ബിഎ കഴിഞ്ഞ് മണ്‍പാത്ര നിര്‍മാണ രംഗത്തേക്ക് വരുമ്പോള്‍ ഈ തൊഴിലിന്റെ പാരമ്പര്യമോ മഹത്വമോ ശരിയായി മനസ്സിലാക്കിയിരുന്നില്ല. അച്ഛനെ തൊഴിലില്‍ സഹായിക്കുക മാത്രമായിരുന്നു ഉദ്ദേശ്യം.
ഒരു കളിമണ്‍ പാത്ര -കരകൗശല വസ്തു നിര്‍മ്മാണ സൊസൈറ്റി രൂപീകരിച്ചുകൊണ്ടായിരുന്നു തുടക്കം. അച്ഛന്‍ മരിച്ചതോടെ കുലത്തൊഴിലില്‍ പിടിച്ചുനില്‍ക്കാന്‍ മനോജ് നിര്‍ബന്ധിതനായി. തുച്ഛമായ ആനുകൂല്യങ്ങള്‍ മാത്രമുള്ള ആ സംരംഭം മാസങ്ങള്‍ക്കുള്ളില്‍ നഷ്ടത്തിലായി കടം കയറി. സ്വന്തം അറിവും അധ്വാനവും മാത്രമാണ് ഇതില്‍നിന്ന് കരകയറാന്‍ തന്റെ പക്കല്‍ ഉണ്ടായിരുന്നതെന്ന് മനോജ് ഓര്‍മിക്കുന്നു. രാത്രികളില്‍ ഏറെ സമയം ചെലവഴിച്ചാണ് മനോജ് തൊഴിലില്‍ വൈദഗ്ധ്യം നേടിയത്. കുട്ടിക്കാലത്തു തൊഴില്‍ പഠിച്ചവരല്ലാതെ അധികമാരും ഈ തൊഴിലില്‍ ഇപ്പോഴില്ല. മുതിര്‍ന്നതിനു ശേഷം പഠനത്തിന് കൈ വഴങ്ങിക്കിട്ടാന്‍ എളുപ്പമല്ല. കൂജകളും ജഗുകളും ഫ്‌ളവര്‍ പോട്ടുകളും മറ്റുമാണ് ആദ്യം ഉണ്ടാക്കിയത്. ആ ഉല്‍പ്പന്നങ്ങള്‍ ഐ ആര്‍ ഡി പി മേളയില്‍ പ്രദര്‍ശിപ്പിച്ചു. അവിടെ വെച്ചു കോഴിക്കോട് ആകാശവാണിയിലെ വയലും വീടും പരിപാടിയിലേക്ക് ഒരു അഭിമുഖം നടത്തി. പിന്നീട്, പത്രങ്ങളും ചാനലുകളും പ്രോത്സാഹിപ്പിച്ചു. ഈ പിന്തുണയും സുഹൃത്തുക്കളുടെ പ്രോത്സാഹനവും തന്ന ആത്മവിശ്വാസം കൊണ്ടു മാത്രമാണ് കളിമണ്‍ ചുമര്‍ചിത്ര രചനയിലേക്ക് കടന്നുവന്നതെന്ന് മനോജ് വ്യക്തമാക്കുന്നു . ചരിത്രത്തിലെ ഏറ്റവും ദീര്‍ഘവും സമ്പന്നവുമായ പാരമ്പര്യമുള്ള കലകളിലൊന്നാണ് കളിമണ്‍ ചിത്രനിര്‍മാണമെന്ന് മനോജ് ഓര്‍മിപ്പിക്കുന്നു. ഗാന്ധിജിയുടെ ദണ്ഡിയാത്ര മുതല്‍ ക്രിസ്തുവിന്റെ ലാസ്റ്റ് സപ്പര്‍ വരെ ഈ കലാകാരന്‍ കളിമണ്ണില്‍ ചെയ്തിട്ടുണ്ട്. വീടുകളുടെ സ്വീകരണമുറികളിലും ഹോട്ടലുകള്‍ മുതലായ സ്ഥാപനങ്ങളിലുമാണ് മനോജ് ചെയ്ത ‘വര്‍ക്കു’ കളില്‍ കൂടുതലും. മണ്ണില്‍ തൊടാന്‍ അറപ്പുള്ള ഒരു തലമുറയാണ് കേരളത്തില്‍ വളര്‍ന്നുവരുന്നതെന്ന് മനോജ് പറയുന്നു. ‘ഒരു നാടിന്റെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണ് മണ്ണ്. മണ്ണില്‍നിന്ന് അകലുമ്പോള്‍ മനുഷ്യന് അവന്റെ സംസ്‌കാരം കൂടിയാണ് നഷ്ടപ്പെടുന്നത്. പുതിയ തലമുറയ്ക്ക് മണ്ണുതൊടാന്‍ അറപ്പാണ്’. പുതിയ തലമുറ ഈ തൊഴിലിലേക്കു വരാത്തത് ഇതിലെ അമിത അധ്വാനവും ഈ തൊഴിലിലുള്ള അപകര്‍ഷതാ ബോധവും കൊണ്ടാണെന്ന് മനോജ് പറയുന്നു.
‘ആരോഗ്യത്തോടെ ജീവിക്കാന്‍ ആരോഗ്യകരമായ ജീവിത ശീലങ്ങളിലേക്ക് തിരികെ പോയേ മതിയാവൂ. നമ്മുടെ ശീലങ്ങളും രീതികളും പ്രകൃതിസൗഹൃദപരമാവണം. പരമ്പരാഗത തൊഴിലുകളും കുടില്‍ വ്യവസായങ്ങളും പുതിയ കാലത്ത് പ്രസക്തമല്ലെന്ന ധാരണ തിരുത്തണം. മനോജ് പറയുന്നു. ജൈവ കൃഷിയിലേക്കും പ്രകൃതി സൗഹൃദ ജീവിതത്തിലേക്കും തിരിച്ചുപോകാനുള്ള പ്രവണത ലോകം മുഴുവന്‍ പ്രകടമാണ്. മണ്‍പാത്രങ്ങളെയും മണ്ണുല്‍പ്പന്നങ്ങളെയും മറന്നുകൊണ്ട് പ്രകൃതി സൗഹൃദ ജീവിതത്തെക്കുറിച്ച് പറയുന്നത് വെറുതെയാണ്. ‘മണ്‍പാത്ര നിര്‍മാണത്തെ പ്രോത്സാഹിപ്പിക്കണമെന്ന് പറയുന്നത് കുറച്ചു പേരുടെ അന്നം ഉറപ്പാക്കാന്‍ വേണ്ടി മാത്രമല്ല. അത് കാര്യത്തിന്റെ ഒരു വശം മാത്രമാണ്. വിഷരഹിത പച്ചക്കറി ഉല്‍പ്പാദിപ്പിച്ചാല്‍ മാത്രം പോരാ. ആരോഗ്യകരമായ രീതിയില്‍ അത് പാചകം ചെയ്യുകയും വേണം. മണ്ണുല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത് ഒരു തൊഴിലും, അതോടൊപ്പം, ഉദാത്തമായ കലയുമാണ്. കലയും സംസ്‌കാരവും ആരംഭിച്ചത് മനുഷ്യന്‍ മണ്ണില്‍ പെരുമാറാന്‍ തുടങ്ങിയപ്പോഴാണ്. മണ്ണില്‍നിന്ന് അകലുന്നതോടെ സംസ്‌കാരവുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം മുറിയുന്നു.’ മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്നതുപോലെ, മണ്‍പാത്ര നിര്‍മാണം ആധുനികവല്‍ക്കരിക്കാനുള്ള കാര്യമായ യാതൊരു ശ്രമവും കേരളത്തിലില്ല. സര്‍ക്കാരിന്റെ ചെറിയ തോതിലുള്ള പ്രോത്സാഹനം കൂടിയുണ്ടെങ്കില്‍, മണ്‍പാത്രങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ ഇപ്പോഴുള്ള പ്രയാസം ഇല്ലാതാവുമെന്ന് മനോജ് പറയുന്നു. ചെറിയ കൂജകള്‍ മുതല്‍ ഫ്രിഡ്ജ് വരെയുള്ള സാധനങ്ങള്‍ മണ്ണുകൊണ്ട് ഉണ്ടാക്കാം. ഫ്രിഡ്ജിന്റെ തണുപ്പിലാണ് കാന്‍സറുണ്ടാക്കുന്ന കാര്‍സിനോമ വൈറസുകള്‍ അധികവും വളരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫ്രിഡ്ജ് വേണ്ടെന്നു വയ്ക്കുകയോ കളിമണ്ണു കൊണ്ടുണ്ടാക്കുന്ന ശീതീകരണികള്‍ അടക്കമുള്ളവ ഉപയോഗിക്കുകയോ അല്ലാതെ ഇതിനെ നേരിടാന്‍ മറ്റുവഴികളില്ല. മണ്ണിന്റെയും മണ്‍പാത്രങ്ങളുടെയും മഹിമയറിയാതെ വിഷം വിളയിച്ച്, വിഷമയമായ പാത്രത്തില്‍ പാകം ചെയ്ത് ഭക്ഷിച്ച് ഒരു തലമുറ ഒന്നടങ്കം രോഗികളായി മാറുമ്പോള്‍, മണ്‍പാത്ര നിര്‍മാണം കുലത്തൊഴിലാക്കിയ ആയിരക്കണക്കിനു കുടുംബങ്ങള്‍ ജീവിതം തള്ളിനീക്കാന്‍ പാടുപെടുകയാണ്. അജന്തയുടെയും എല്ലോറയുടെയും പാരമ്പര്യം അതിജീവനത്തിന് കേഴുകയാണ്. സംരക്ഷിക്കണം ഈ തൊഴിലിനെ, മണ്ണിനോടിണങ്ങിയ ജീവിത ശൈലിയെ- അതിലൂടെ നമ്മെത്തന്നെ.
Posted by vincent