ജിഷയുടെ കൊലപാതകം സ്ത്രിപീഢനം ലൈംഗിക അതിക്രമം എന്നീ അര്ത്ഥങ്ങളില് മാത്രമല്ല ചര്ച്ചചെയ്യപ്പെടുന്നത്. ജിഷയ്ക്കും കുടുംബത്തിനും ഭരണഘടനാപരമായി അനുവദിക്കപ്പെട്ടിട്ടുള്ള സാമൂഹ്യസുരക്ഷ സര്ക്കാര് സംവിധാനങ്ങളില് നിന്നും ലഭ്യമായിട്ടില്ല എന്ന് മനസിലാക്കാം. ഇത് നമ്മുടെ ജനാധിപത്യ ഭരണകൂടത്തിന്റെ ഏറ്റവും വലിയ പരാജയമാണ്. ക്രിമിനോളജിയില് ഗവേഷണം നടത്തിയിട്ടുള്ള ആള് എന്ന നിലയില് ഈ കൊലപാതകത്തില് ലൈംഗിക പീഢനം ലക്ഷ്യമായിരുന്നു എന്ന് ഉറപ്പിക്കാവുന്ന തെളിവുകള് ഉള്ളതായി മനസിലാക്കാം. വിവസ്ത്രയാക്കിയതും ബലപ്ര യോഗങ്ങളും കടിയുടെ പാടുകളും അക്രമിയുടെ ലക്ഷ്യം കൊലപാതകം മാത്രമായിരുന്നില്ല എന്നതിന് തെളിവാണ്. വീട്ടിലിരിക്കുമ്പോഴാണ് ജിഷ കൊല്ലപ്പെട്ടത്. പുറത്തിറങ്ങി നടക്കരുത്, ജീന്സ് ധരിക്കരുത്, കാമുകനോടൊപ്പം പോകരുത് എന്നൊക്കെ വിലക്കുന്ന നമ്മുടെ സദാചാരവാദികള് ജിഷയുടെ കൊലപാതകത്തെ ഇതിലേതുകൊണ്ട് ന്യായീകരിക്കും. കഴിഞ്ഞ രണ്ട് ദശകങ്ങ ളിലായി ലൈംഗിക കുറ്റകൃത്യങ്ങള് വര്ദ്ധിച്ച് വരുന്നു. ഇതിന്റെ സാഹചര്യങ്ങള് നാം പരിശോധിക്കണം.
1980 കളില് ദൃശ്യമാധ്യമങ്ങള് വ്യാപകമായതോടെ ആഗോളവത്കരണം അതിന്റെ ആസുരത കാണിച്ചു തുടങ്ങി. 1990 കളാകുമ്പോള് ഇരട്ടക്കുട്ടികളെപ്പോലെ ഇവര് പരസ്പരം സഹായിച്ച് മുന്നേറി. മാധ്യമങ്ങളില് നിയന്ത്ര ണമില്ലാതെ നഗ്നതയുടെ പ്രദര്ശനമുണ്ടായി. ഇത് ലൈംഗിക കുറ്റവാസനകള്ക്ക് പ്രേരകമായ കാരണങ്ങളില് പ്രധാന പങ്ക് വഹിച്ചുകൊണ്ട് ഇപ്പോഴും തുടരുന്നു. സിവില് സമൂഹത്തിലെ സിവില് റൈറ്റ്‌സിനെക്കുറിച്ച് മനസിലാക്കുന്നതില് സമൂഹം പരാചയപ്പെട്ടിട്ടുണ്ട്. 1990 കളില് ഞങ്ങളുടെയടുത്തുകൊണ്ടുവന്നിരുന്ന കുട്ടികളെക്കുറിച്ച് രക്ഷിതാക്കളുടെ പരാതി എന് ഡി ടി വി, വി ചാനലുകളിലെ അശ്ലീലം കാണുന്നു എന്നതായിരുന്നു. നമ്മുടെ ചാനലുകളില് ഇത്തരം നഗ്നതാപ്രദര്ശന പരിപാടികള് സാര്വത്രികമായതിനാല് ഇപ്പോള് അതു പറയുന്നില്ല. അമ്മയുടെ സ്മാര്ട്ട് ഫോണില് പോര്ണോഗ്രാഫി കാണുന്നതുമൂലം പഠനത്തില് പിന്നോക്കം പോകുന്ന എന്ജിനീയറിംഗ് വിദ്യാര്ത്ഥിനികളും എട്ടാംക്ലാസിലും ഒന്പതാം ക്ലാസിലും പഠിക്കുന്ന കുട്ടികളുമാണ് ഇപ്പോള് ഞങ്ങളുടെ അടുത്ത് സേവനത്തിനായി എത്തുന്നവര്. മാധ്യമങ്ങളിലൂടെ എപ്പോഴും സജീവമായി നില്ക്കുന്ന അതിലൈംഗികതയുടെ അന്തരീക്ഷത്തില് ടിവി പരസ്യങ്ങള് കണ്ടുകൊണ്ടിരിക്കുന്ന അപ്പുപ്പന് പെട്ടെന്ന് മുന്പില് വരുന്ന കൊച്ച് മോളെ അല്പ വസ്ത്രധാരിയായ പരസ്യ മോഡലായി തെറ്റിദ്ധരിച്ച് പീഢിപ്പിച്ച സംഭവങ്ങളുണ്ട്. എന്നാല് ഭൂരിപക്ഷം പേര്ക്കും അത് കൊച്ചുമകളാണെന്ന് ബോധ്യപ്പെടും. ചിലര്ക്കതുണ്ടാകില്ല. അങ്ങനെയാണ് കൊച്ചുമകളെ പീഢിപ്പിച്ചു എന്ന വാര്ത്തകള് ഉണ്ടാകുന്നത്. ഉച്ചപ്പടങ്ങളെ തോല്പിക്കും വിധം അതിലൈംഗികതയുടെ അതിപ്രസരമായിരുന്നു 90 കളിലെ റിയാലിറ്റിഷോകള് മുതല് ഇപ്പോഴും തുടരുന്നത്. സുഗതകുമാരി ടീച്ചര് മാത്രമാണ് അന്ന് അതിനെപ്പറ്റി തുറന്ന് വിമര്ശിച്ചത്.
അത്തരമൊരു സാമൂഹിക സാഹചര്യം ഇപ്പോഴും നിലവിലുണ്ട്. ആഗോളവത്കരണത്തിന്റെയും ദൃശ്യമാധ്യമങ്ങളുടെയും ഇന്റര്നെറ്റിന്റെയും ആധുനിക സാങ്കേതിക വിദ്യകളുടെയും ഫലമായി സ്മാര്ട്ട് ഫോണുകളിലുടെ അശ്ലീല ദൃശ്യങ്ങള് സാര്വത്രികമായ സാഹചര്യം ഇത്തരം കുറ്റകൃത്യങ്ങള്ക്ക് കാരണമായിട്ടുണ്ട്. ഹൈസ്‌കൂള്കുട്ടികള് അടക്കം ഇത്തരം അശ്ലീല ചിത്രങ്ങള് പരക്കെ കാണുന്നുണ്ട്. ഭ്രമിപ്പിക്കലിന്റെയും പ്രലോഭിപ്പിക്കലിന്റെയും ഒപ്പം ഒഴുകിപ്പോകണോ, സ്വയം സംസ്‌ക്കരിക്കപ്പെടണോ എന്നത് ഓരോ വ്യക്തിയുടെയും ജീവിതത്തില് വലിയ വെല്ലുവിളിയായി തീര്ന്നിരിക്കുന്നു. ഇതിന് എല്ലാവര്ക്കും ഉത്തരവാദിത്തമുണ്ട്. ആഗോളികരണത്തിന്റെയും ദൃശ്യമാധ്യമങ്ങളുടെയും നിരന്തര സാന്നിധ്യത്തിനുമുമ്പ് താരതമ്യേന അടഞ്ഞ സമൂഹമായിരുന്ന നമ്മള് തുറന്ന സമൂഹമായി മാറിയ സാഹചര്യത്തില് ജനതയെ പുതിയ പൗരബോധവും പൗരധര്മ്മവും ഉത്തരവാദിത്തങ്ങളും പഠിപ്പിക്കുന്നതിന് ഭരണകൂടങ്ങള്ക്കും മാധ്യമങ്ങള്ക്കും ഉത്തരവാദിത്വമുണ്ട്. എല്ലാത്തിനും ഉപരിയായി പുരുഷാധിപത്യമൂല്യത്തില് അധിഷ്ഠിതമായ കുടംബസാഹചര്യത്തെയും ശിശുപരിപാലന രീതികളെയും തുല്യതിയില് അധിഷ്ഠിതമായി പുനഃസൃഷ്ടിക്കേണ്ടതുണ്ട്. ആധുനിക വസ്ത്രം ധരിച്ച് റോഡിലൂടെ നടന്നുപോകുന്ന ഒരു പെണ്കുട്ടിയെ കാണുമ്പോള് അത് തങ്ങളെ ആകര്ഷിക്കാനാണ് ഇത്തരത്തില് വസ്ത്രം ധരിക്കുന്നത് എന്ന് വശായി ആ കുട്ടിയുടെ പുറകേ കൂടുന്ന സമീപനമാണ് പൊതുവായ പുരുഷ മനശാസ്ത്രം. എന്നാല് ഓരോരുത്തര്ക്കും തങ്ങള്ക്ക് ഇണങ്ങുന്നതോ ഇഷ്ടപ്പെട്ടതോ ആയ രീതിയില് വസ്ത്രം ധരിച്ച് സ്വതന്ത്രമായി ജീവിക്കുന്നതിനുള്ള അവകാശമുണ്ടെന്നും, ഒരാളുടെ ഇഷ്ടത്തോടെയും അനുവാദത്തോടെയും മാത്രമേ അയാളെ സമീപിക്കുവാന് പാടുള്ളു എന്ന പൗരബോധം നമ്മുടെ ശരാശരി പുരുഷ സമൂഹം ഇനിയും സ്വായത്തമാക്കേണ്ടിയിരിക്കുന്നു. പുതിയ സാഹചര്യത്തില് ദൃശ്യമാധ്യമങ്ങള് തങ്ങളുടെ ദൈനംദിന പരിപാടികളില് സമൂഹത്തെ ഇത്തരത്തില് പുനഃസൃഷ്ടിക്കുന്നതിനുള്ള പ്രവര്ത്തനങ്ങള് കൂടി ഉള്പ്പെടുത്തേണ്ടതാണ്. ഇത് പുതിയ കാലത്തിലെ മാധ്യമ ധര്മ്മമാണ്. ചുരുക്കത്തില് ലൈംഗിക കുറ്റകൃത്യങ്ങള് വര്ദ്ധിക്കുകയാണ്. ഇത് വളരെ സങ്കീര്ണമായ വിഷയമാണ്. കേവലമായ മുദ്രാവാക്യം വിളികളിലൂടെയും പ്രതിഷേധത്തിലൂടെയും ഇത് പരിഹരിക്കാനാവില്ല. പക്ഷേ, സമൂഹത്തിന് പ്രതികരിക്കാതിരിക്കാനാവില്ല. തോല്ക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ പുരുഷാധിപത്യമൂല്ല്യങ്ങള്ക്ക് അരുനില്ക്കുന്ന ഭരണകൂട നിംസഗതയെ നമ്മള് എതിര്ത്തേ തീരൂ.
ക്രൂരമായ ഒരു കൊലപാതകത്തിന് മുന്നില് നമ്മുടെ നാട് പകച്ച് നില്ക്കുകയാണ്. പെരുമ്പാവൂര് സ്വദേശിനിയായ ജിഷ നമ്മുടെ രാജ്യം കണ്ടിട്ടുള്ളതില് വച്ച് ഏറ്റവും ക്രൂരമായ രീതിയില് ബലാല്സംഗത്തിനിരയാവുകയും കൊലചെയ്യപ്പെടുകയും ചെയ്തിരിക്കുന്നു. ചെറുപ്പത്തില്ത്തന്നെ അച്ഛനുപേക്ഷിച്ച് പോയ, സഹോദരിയോടും അമ്മയോടുമൊപ്പം പുറമ്പോക്കിലെ ഒറ്റമുറി വീട്ടില് താമസിച്ച് വരുകയായിരുന്നു ജിഷ. ജീവിതവുമായി സന്ധിയില്ലാതെ സമരം ചെയ്തുകൊണ്ട് പഠിച്ച് വളരാനുള്ള അശ്രാന്തപരിശ്രമത്തിലായിരുന്നു അവള്. സ്ത്രീത്വത്തെ എത്രമാത്രം അപമാനിക്കാമോ, അടിച്ചമര്ത്താമോ അത്രമാത്രം പകയും വിദ്വേഷപ്രകടനവും ഈ കൊലപാതകത്തില് കാണാവുന്നതാണ്. എന്നാല് സമൂഹത്തില് നിലനില്ക്കുന്ന അനാരോഗ്യകരമായ പ്രവണതകളായ ജാതി വിവേചനം, സ്വജനപക്ഷപാതം, അധികാരപ്രമത്തത തുടങ്ങി മനുഷ്യ ജീവിതത്തിന് വിലകല്പിക്കാതെയുള്ള പ്രവര്ത്തനങ്ങളുടെ ബാക്കി പത്രമെന്ന നിലയില് അല്പം വ്യത്യസ്തമായ ആഴത്തിലുള്ള വിശകലനങ്ങള്ക്കുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഇത്രമാത്രം ആക്രമണത്തിനും അവഹേളനത്തിനും തുടര്ന്നുണ്ടായ നീതി, നിയമ പരിരക്ഷകളുടെ നിഷേധത്തിനും പാത്രമാകുവാന് ജിഷയും കുടുംബവും ചെയ്ത തെറ്റെന്താണ്?
ഒരു വയ്ക്തിയുടെ സന്തുഷ്ടമായ ജീവിതത്തിന് അത്യാന്താപേക്ഷിതമാണ് ആരോഗ്യം. എന്നാല് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ തുലനാവസ്ഥയില് അയാള് ജീവിച്ചുവരുന്ന സമൂഹം രോഗാതുരമാണെങ്കിലോ?
ശാരീരികമായ ആരോഗ്യം സംരക്ഷിക്കുന്നതില് നാമെല്ലാവരും ബദ്ധശ്രദ്ധ ചെലുത്തുന്നവരാണ്. എന്നാല് കഠിനമായ മാനസിക സംഘര്ഷങ്ങളിലൂടെ നിരന്തരം കടന്നു പോകുന്ന സഹജീവികളെ നാം ശ്രദ്ധിക്കാറില്ല. ശാരീരികമായ ലക്ഷണങ്ങള് ഇല്ലാതെ തന്നെ ഒരാളുടെ മാനസിക സംഘര്ഷങ്ങളുടെ ആഴത്തെയും, പ്രശ്‌നങ്ങളെയും മനസിലാ ക്കണമെങ്കില് ക്ഷമയും, ബൗദ്ധിക ശേഷിയും, സവിശേഷജ്ഞാനവും ആവശ്യമാണ്. ഈ കഴിവുകളുടെ അഭാവമാണ് മറ്റുള്ളവരുടെ പ്രശ്‌നങ്ങളെ മനസിലാക്കുന്നതിനുള്ള മുഖ്യ തടസം. സംഘര്ഷങ്ങളിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിയുടെ മാനസിക ആരോഗ്യപ്രശ്‌നങ്ങള് ശാരീരികമായ അസ്വസ്തതകളായി പ്രത്യക്ഷ പ്പെടുന്നതുപോലെതന്നെ സാമൂഹ്യമായ രോഗാവസ്ഥ വെളിവാകുന്നത് വിവിധ സാമൂഹ്യ വിഭാഗങ്ങള്ക്കിടയില് നിലനില്ക്കുന്ന അസന്തു ലിതാവസ്ഥകളുടെയും, ചില പ്രത്യേക സാമൂഹ്യ വിഭാഗങ്ങളുടെ ജീവിതങ്ങളില് മാത്രം പ്രകടമാകുന്ന യാതനകളുടേയും രൂപങ്ങളിലാണ്. സ്ത്രീകള്, കുട്ടികള്, വൃദ്ധര്, ദലിതര്, ലൈംഗിക ന്യൂനപക്ഷങ്ങള്, ആദിവാസികള്, മത ന്യൂനപക്ഷങ്ങള് മുതലായ സാമൂഹ്യ വിഭാ ഗങ്ങള്ക്കും പരിസ്ഥിതിയ്ക്കും നേരിടേണ്ടിവരുന്ന യാതനകള് മാനുഷിക ബന്ധങ്ങളിലെയും, മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധങ്ങളിലെയും അധികാരപ്രയോഗങ്ങളിലെ അസന്തുലിതാവസ്ഥയും മൂലമാണ്.
സമൂഹ മനസാക്ഷിയെ സ്തബ്ദമാക്കിക്കൊണ്ട് ജിഷ എന്ന നിയമവിദ്യാര്ത്ഥിനി പൈശാചികമായി കൊല ചെയ്യപ്പെട്ടിട്ട് ആഴ്ച ഒന്നു തികയുന്നു. എന്നാല് പട്ടിക ജാതി വിഭാഗത്തില് പെട്ട ഒരു പെണ്കുട്ടി എന്ന നിലയില്, രാജ്യത്ത് നിലവിലുള്ള നിയമങ്ങള്ക്കനുസരിച്ചുള്ള പരിരക്ഷകള് ലഭ്യമാവുകയോ, നടപിടക്രമങ്ങള് പാലിക്കപ്പെടുകയോ ചെയ്തില്ല. ചില സംഭവങ്ങളില് കാണാറുള്ളതുപോലെ നാട്ടുകാര് സംഘടിക്കുകയോ ആര് ഡി ഒ പോലുള്ള ഉന്നത ഉദ്യോഗസ്ഥര് വരുന്നതുവരെ മൃതദേഹം മാറ്റുന്നതിനെ തടയുകയോ ചെയ്തില്ല. ആവശ്യമായ തെളിവകുള് പോലും സംരക്ഷി ക്കുകയോ ചെയ്യാതെ തിടുക്കപ്പെട്ട് മൃതദേഹം ദഹിപ്പിച്ചു കളയുകയാണുണ്ടായത്. എന്തുകൊ ണ്ടാണ് സ്ത്രീ എന്ന പരിഗണനയോ, ‘പട്ടിക ജാതി’ പരിരക്ഷകളോ, പൗരന് ലഭ്യമാകേണ്ട നിയമപരിരക്ഷകളോ മരണ ശേഷം പോലും ജിഷയ്ക്ക് ലഭിക്കാതെ പോയത്?
ചരിത്രപരമായി അത്യന്തം അസന്തുലിതാവസ്ഥകള് നിറഞ്ഞ ഒരു സമൂഹമാണ് നമ്മുടേത്. മതം, ലിംഗം എന്നിവയ്ക്ക് പുറമേ ‘ജാതി’ ഇതില് നിര്ണായകമായ പങ്ക് വഹിക്കുന്ന ഒന്നാണ്. ഒന്നിനു മുകളില് ഒന്നായി അടുക്കി വച്ച കല്ലുകള് കണക്കെ ശ്രേണീബദ്ധമായ അസമത്വമാണ് നമ്മുടെ സമൂഹത്തിന്റെ അനാരോഗ്യത്തിന് അടിസ്ഥാനം. നൂറ്റാണ്ടുകളായി പിന്തുടര്ന്നു പോന്ന ഈ സാമൂഹ്യ വ്യവസ്ഥയില് മുകളിലെക്ക് പോകുന്തോറും അന്തസും, അഭിമാനവും, പ്രത്യേക പദവികളും കൂടിവരികയും, താഴേത്ത ട്ടിലേക്ക് പോകുന്തോറും അപമാനവും, അരക്ഷിതാവസ്ഥയും കൂടിവരികയും ചെയ്യുന്ന സാമൂഹ്യ വ്യവസ്ഥ. സാമൂഹ്യമായ ശക്തി പ്രയോഗത്തിലൂടെയാണ് ഇത്തരമൊരു വ്യവസ്ഥ സാധ്യമാക്കിത്തീര്ത്തത്. ഈ വ്യവസ്ഥയെ ആരോഗ്യകരമായ ഒരു സാമൂഹ്യാവസ്ഥയിലേക്ക് പരിവര്ത്തിപ്പിക്കുന്നതിന് നിര്ണായകമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നത് തുല്യത, ജനാധിപത്യം, സാമൂഹ്യനീതി മുതലായ ആധുനിക സംഹിതകളുടെ പിന്ബലത്തില് സ്ഥാപിക്കപ്പെട്ടിട്ടുള്ള ഇന്ത്യന് ഭരണഘടനയാണ്. അടിച്ചമര്ത്തലുകളുടെയും, വിവേചനങ്ങളുടെയും, ചൂഷണങ്ങളുടെയും പരമ്പരാഗത ശക്തികള്ക്കെതിരെ സര്ക്കാര് ഇടപെടേണ്ടതുണ്ട്. എന്നാല് ഈ ശക്തികള് ഭരണ പ്രക്രിയയെ തടസപ്പെടുത്തിയും വഴിതിരിച്ചുവിട്ടും പുത്തന് രൂപങ്ങളിലുള്ള ശക്തിപ്രയോഗങ്ങള് നടത്തിയും സാമൂഹ്യ സന്തുലിതാവസ്തയെ ചെറുത്തു നില്ക്കുന്നതാണ് ജിഷയുടെ കൊലപാതകം പോലുള്ള സംഭവങ്ങളില് നമുക്ക് കാണുവാന് സാധിക്കുന്നത്.
പുതിയ സാമൂഹ്യ ബലതന്ത്രങ്ങളുടെ ഇത്തരം സാഹചര്യത്തിലാണ് ജാതി ശ്രേണിയിലെ താഴേത്തട്ടിലെ സ്ത്രീകളുടെ ജീവിതം യാതന കളുടേതും അരക്ഷിതാവസ്തകളുടേതുമായി മാറുന്നത്. പുറമ്പോക്കില് സ്ഥിതി ചെയ്യുന്ന കെട്ടുറപ്പില്ലാത്ത, ഒറ്റമുറിയുള്ള വീട്ടില് അച്ചന്റെയോ സഹോദരന്റെയോ സംരക്ഷണമില്ലാത്ത ജീവിതം. എന്തു കൊണ്ടാണ് ജാതി ശ്രേണിയിലെ താഴേത്തട്ടുകാര് മാത്രം ഇത്തരത്തില് പുറമ്പോക്കിലും, ഇരുപത്തിയാറായിരത്തിലധികം വരുന്ന കോളനികളിലുമായി അരക്ഷിത ജീവിതം നയിക്കേണ്ടിവരുന്നത്? വികസിതമെന്ന് പുളകം കൊള്ളുന്ന കേരള സമൂഹത്തില് എന്തുതരം സമത്വമാണ് പുലരുന്നത്?
സമൂഹത്തിലെ താഴെത്തിട്ടിലെ സ്ത്രീകളെക്കുറിച്ച് പൊതുസമൂഹത്തിനുള്ള ധാരണകള് അസംബന്ധജഡിലങ്ങളാണ്. ജാതിയില് താഴ്ന്നവരും വ്യവസ്ഥാപിത സൗന്ദര്യ സങ്കല്പ്പ ങ്ങള്ക്ക് പുറത്തുള്ളവരും അടിസ്ഥാന സൗകര്യങ്ങള് തീരെയില്ലാത്ത ചുറ്റുപാടുകളില് ജീവിക്കുന്നവരുമായ സ്ത്രീകള് പലപ്പോഴും നിഷേധ സ്വഭാവത്തില് പെരുമാറുന്നത് തങ്ങളുടെ പ്രതിരോധത്തിന്റെ ഭാഗമായാണെന്ന വസ്തുത മനസിലാക്കാത്തതാണ് തെറ്റ്. മഹാരാഷ്ട്രയില് നടന്ന ഒരു പഠനത്തില് താഴ്ന്ന ജാതി സ്ത്രീകളെ സംബന്ധിച്ച് ഉയര്ന്ന ജാതിക്കാര് വെച്ച് പുലര്ത്തുന്ന ധാരണകളെ സംബന്ധിച്ച് പരാമര്ശിക്കുന്നത് നമ്മുടെ നാടിനെ സംബന്ധിച്ചും പലപ്പോഴും ശരിയാണ്. ഇവര് വൃത്തിയില്ലാത്തവരാണ്, മടിയുള്ളവരാണ്, വഴക്കാളികളാണ്, വിശ്വസിക്കാന് കൊള്ളാ ത്തവരാണ്, ഉയര്ന്നജാതി സ്ത്രീകളെക്കാള് അധികമായി സ്വാതന്ത്ര്യമനുഭവിക്കുന്നവരാണ്, ഈ സ്ത്രീകള് സദാചാര ബോധമില്ലാത്തവരാണ്, അതുകൊണ്ട് തന്നെ ബലാല്സംഗം ചെയ്യപ്പെടാന് അര്ഹരായുള്ളവരാണ് എന്നിങ്ങനെ. എന്നാല് ഈ ധാരണകള് യാഥാര്ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് ഈ പഠനങ്ങള് (അംബേദ്‌ക്കേഴ്‌സ് ഡോട്ടേഴ്‌സ്, എ സ്റ്റഡി ഓഫ് മഹര് വിമന് ഇന് അഹമ്മദ് നഗര് ഡിസ്ട്രിക്ട് ഓഫ് മഹാരാഷ്ട്ര-വെഷേര) തെളി യിക്കുന്നു. മറ്റൊരു പ്രധാന പ്രശ്‌നം എപ്ര കാരമാണ് ഒരു ജനത റോഡരുകിലും പുറം പോക്കിലും കോളനികളിലുമായി പാര്ശ്വ വല്ക്കരിക്കപ്പെട്ടത് എന്നതാണ്. സ്ഥലപരമായ അസമത്വം നഗരങ്ങളില് മാത്രമുള്ള പ്രതിഭാസമല്ല, കേരള സമൂഹത്തില് പരക്കെ ഉണ്ടെന്നതാണ് വസ്തുത. ഭൂപരിഷ്‌കരണ നിയമങ്ങള് ദളിത് വിഭാഗങ്ങള്ക്ക് ഭൂമിലഭ്യമാക്കാതെ കോളനി കളിലേക്കും പുറംപോക്കുകളിലേക്കും ഇവരെ കൊണ്ടുചെന്നെത്തിക്കുകയായിരുന്നു. ഇത്തരം സാഹചര്യങ്ങളെയെല്ലാം അതിജീവിച്ച് കൊണ്ടു ള്ള ഉയര്ത്തെഴുന്നേല്പ് വിദ്യാഭ്യാസ പ്രക്രി യയിലൂടെയും സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക മൂലധനങ്ങളുടെ കയ്യടക്കലിലൂടെയും മാത്രമേ സാധ്യമാകൂ എന്ന തിരിച്ചറിവാണ് ജിഷയെ വിദ്യാഭ്യാസമെന്ന സമരം ഏറ്റെടുക്കുവാന് പ്രാപ്തയാക്കിയത്. എന്നാല് പ്രസ്തുത ഇച്ഛാ ശക്തിക്കും മേലെ വ്യവസ്ഥിതി നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശമാണ് നാമിപ്പോള് കണ്ടുകൊ ണ്ടിരിക്കുന്നത്.