August 7, 2024
ജിജി ലൂക്കോസ്
ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ”
ഡല്‍ഹിയില്‍ ജീവിക്കുന്ന ഓരോരുത്തരും ചോദിക്കുന്നത് ഇതാണ്. ഡല്‍ഹിയുടെ അവസ്ഥയെ കുറിച്ച് അറിയുന്നവരും ഇത് ചോദിച്ചു പോകുന്നു. മനുഷ്യന്‍ ഉണ്ടാക്കിവെച്ചിരിക്കുന്ന അരക്കില്ലത്തില്‍ വിഷപ്പുക തിങ്ങിനിറയുന്നതും അകത്തു പെട്ടു കിടക്കുന്നവര്‍ ഇറ്റു ശ്വാസം കിട്ടാതെ കണ്ണുചുവന്ന് നെഞ്ചുനീറി ചുമയ്ക്കുന്നതും കണ്ടുകൊണ്ടിരിക്കാന്‍ ഒരുപക്ഷേ മനുഷ്യത്വം തീരെ നശിച്ചവര്‍ക്കേ കഴിയൂ. പുകവലി ശീലമല്ലാത്തവര്‍ക്കുപോലും ശ്വാസകോശം സ്‌പോഞ്ചു പോലെയാക്കുന്ന അവസ്ഥയാണ് ഡല്‍ഹി എന്ന പുകപ്പുരയ്ക്കുള്ളത്. ഒരു ആരോഗ്യ വിദഗ്ധന്റെ വാക്കുകളിലാണെങ്കില്‍ 50 സിഗരറ്റ് ഒരു ദിവസം വലിക്കുന്ന ഒരാളുടെ ശ്വാസകോശത്തിന്റെ അവസ്ഥ. പുകവലിക്കുന്നവന്‍ പുക മാത്രമാണ് വലിച്ചു കയറ്റുന്നതെങ്കില്‍, ഡല്‍ഹിയിലുള്ളവര്‍ സൂക്ഷ്മകണങ്ങളായി അന്തരീക്ഷത്തില്‍ ലയിച്ചുചേര്‍ന്നിട്ടുള്ള പല തരത്തിലുള്ള വിഷകണങ്ങള്‍ കൂടി ശ്വസകോശങ്ങളില്‍ നിറച്ചുവെക്കുന്നു.
കുറേ കാലമായി ഡല്‍ഹി ഒരു പുകപ്പുരയാണ്. വിഷാണുക്കളും പൊടിയും പുകയും ചേര്‍ന്ന അന്തരീക്ഷം നിറഞ്ഞുനില്‍ക്കുന്ന അരക്കില്ലം. അതില്‍ മഞ്ഞുകൂടി ചേരുന്നതോടെ ശുദ്ധവായു ഇല്ലാതാകുന്നു. ശുദ്ധവായു കൂടുതല്‍ ലഭിക്കുന്ന സമയമെന്നു കരുതപ്പെടുന്ന പുലര്‍കാലത്തുപോലും കണ്ണു നീറുകയും ഓരോ ശ്വാസനിശ്വാസത്തിനും നെഞ്ചു പറിച്ച് ചുമയ്ക്കുന്നവരുമായി ഡല്‍ഹിക്കാര്‍ മാറിയിരിക്കുന്നു. ഒരു സാധാരണ പുകവലിക്കാരന്റെ ശ്വാസകോശം സ്‌പോഞ്ചു പോലെയാണെന്നാണ് സര്‍ക്കാര്‍ പരസ്യം. അപ്പോള്‍ 50 സിഗരറ്റ് ഒരു ദിവസം വലിക്കുന്നതിനു സമാനമായ ശ്വാസോച്ഛ്വാസം ഏതവസ്ഥയിലായിരിക്കും എത്തുക? ഇടപെടാന്‍ ഇനിയാരും ബാക്കിയില്ല. സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍, ദേശീയ ഹരിതട്രൈബ്യൂണല്‍, മനുഷ്യാവകാശ കമ്മീഷന്‍, ഹൈക്കോടതി, സുപ്രീംകോടതി…. ഇനിയാരെന്ന ചോദ്യം മാത്രം ബാക്കിയാവുമ്പോള്‍ വിഷപ്പുകയില്‍ കണ്ണുനീറിയും ശ്വാസംമുട്ടിയും നഗരവാസികള്‍ വിങ്ങുകയാണ്. ഓരോ വര്‍ഷവും പുതിയ ഉത്തരവുകളും പുതിയ നിയന്ത്രണങ്ങളും. എന്നിട്ടും കാലങ്ങളായി നെരിപ്പോടു പോലെയായ തലസ്ഥാന നഗരത്തിന്റെ ശാപം മാറ്റാന്‍ എന്തു ചെയ്തു എന്ന ചോദ്യം മാത്രം ബാക്കി. അന്തരീക്ഷ മലിനീകരണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്തു നിന്നിരുന്ന ബെയ്ജിംഗ് നഗരം അതിജീവനത്തിനായി പോരാടുന്നതിന്റെ മാതൃക കാണിക്കുമ്പോള്‍, ശ്വസിക്കുന്നതിനായി നഗരം വിട്ടോടുന്ന ഡല്‍ഹിയെ കാണിച്ച് ഇന്ത്യക്കാര്‍ എന്താകും പറയുക? ഇനിയും ഇവിടെ ജീവിതം സാധ്യമാവില്ലെന്നോ ?
ശ്വാസകോശത്തിലേക്ക് കടന്നുചെല്ലാനും ദോഷമുണ്ടാക്കാനും കഴിയുന്ന വിധം വളരെ ചെറിയ വിഷകണങ്ങളാണ് അന്തരീക്ഷത്തില്‍ നിറഞ്ഞിരിക്കുന്നത്. നൈട്രജന്‍ ഡയോക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവയ്ക്ക് പുറമെ അപകടകാരികളായ വിഷകണങ്ങള്‍ പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ (പിഎം) 2.5, പിഎം 10 എന്നീ രൂപങ്ങളില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഒരു ക്യുബിക് മീറ്ററില്‍ അടങ്ങിയിരിക്കുന്ന അതിസൂക്ഷ്മ വിഷകണങ്ങളാണ് പിഎം 2.5, പിഎം 10 എന്നിങ്ങനെ തരംതിരിച്ചു കണക്കാക്കുന്നത്. വായുവില്‍ പിഎം2.5ഉം പിഎം 10ഉം 60 മുതല്‍ 100 വരെ അന്താരാഷ്ട്ര ഗുണനിലവാരമായി കണക്കാക്കുമ്പോള്‍ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ഈ വര്‍ഷം ശരാശരി പിഎം അളവ് 600-800 വരെ ഉയര്‍ന്നിരുന്നു. ശുദ്ധവായു കണക്കാക്കുന്ന എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എക്യുഐ) കണക്കാക്കിയപ്പോള്‍ അപകടനിലയില്‍നിന്നുയര്‍ന്ന് 500 വരെ എത്തി. എക്യുഐ 300 വരെ എത്തുന്നതുപോലും ഗുരുതരമായ രോഗമുണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുമ്പോഴാണ് അപകടത്തിന്റെ അതീവ ഗുരുതരമായ അവസ്ഥയില്‍ ഡല്‍ഹി എത്തി എന്ന് മനസിലാകുന്നത്. സ്ഥിതി കണക്കിലെടുത്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സുപ്രീം കോടതി സമാനമായ സാഹചര്യമാണെന്നു വിലയിരുത്തുകയും ചെയ്തു.
പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ വയലുകളില്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് ഡല്‍ഹിയില്‍ പുക തിങ്ങാന്‍ കാരണമെന്നാണ് അന്തരീക്ഷ മലിനീകരണ പ്രശ്‌നം ഉയര്‍ന്നു വരുമ്പോഴുള്ള പ്രധാന ആരോപണം. മുന്‍ വര്‍ഷങ്ങളില്‍ ആരോപണം ഉന്നയിച്ച് തടിയൂരിയെങ്കില്‍ ഇത്തവണ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറുമായി ചര്‍ച്ച നടത്തുകയും ചെയ്തു ഡല്‍ഹി സര്‍ക്കാര്‍. പക്ഷേ, ഇതു മാത്രമാണ് മലിനീകരണം വര്‍ധിപ്പിക്കുന്നതെന്നു വിശ്വസിക്കാന്‍ പ്രശ്നത്തെ കുറിച്ചു മനസിലാക്കുന്ന ആര്‍ക്കും കഴിയില്ല. നിയന്ത്രണങ്ങളോ നിബന്ധനകളോ ഇല്ലാതെ നിര്‍മാണങ്ങളും പൊളിക്കലുകളുമാണ് ഡല്‍ഹിയിലേറെയും. ബഹുനില കെട്ടിടങ്ങളും വീടുകളും നിറഞ്ഞുനില്‍ക്കുന്ന ഡല്‍ഹിയില്‍ നാലെണ്ണത്തില്‍ ഒരെണ്ണം പൊളിക്കുകയോ പണിയുകയോ ചെയ്യുന്നു. ഇവയുടെ അവശിഷ്ടങ്ങള്‍ റോഡരികിലോ തുറന്ന പ്രദേശങ്ങളിലോ വലിച്ചെറിയുന്നു. മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും ഹരിത കോടതിയും സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയും ഇവയ്ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും പേരിനു പോലും നടപ്പിലായില്ല. അന്തരീക്ഷ മലിനീകരണം രൂക്ഷമായി, ആരോഗ്യ അടിയന്തരാവസ്ഥ എന്നു പറഞ്ഞപ്പോള്‍ പോലും ഒരു നിര്‍മാണ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചതുമില്ല. മലിനീകരണം കണക്കിലെടുത്ത് ദീപാവലി ആഘോഷത്തിനു പടക്കങ്ങള്‍ വില്‍ക്കുന്നതു സുപ്രീം കോടതി നിരോധിച്ചു. പക്ഷേ, പൊട്ടിക്കുന്നതു നിരോധിക്കാത്തതിനാല്‍ ആഘോഷക്കാര്‍ മറ്റിടങ്ങളില്‍നിന്നു കൊണ്ടുവന്ന് വ്യാപകമായി പൊട്ടിച്ചു. കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ഒറ്റ- ഇരട്ട അക്ക വാഹന നിയന്ത്രണം വീണ്ടും കൊണ്ടുവരാനായിരുന്നു മറ്റൊരു ശ്രമം. എന്നാല്‍, പരീക്ഷണം നടത്തിയപ്പോള്‍ എത്രമാത്രം മലിനീകരണം കുറച്ചെന്നു ദേശീയ ഹരിത ട്രൈബ്യൂണല്‍ ചോദിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ ആ പരിപാടിയും മുടക്കി. പിന്നീട്, ആ നിയന്ത്രണത്തിലെ ഇളവുകളെ ചൊല്ലിയുള്ള വാഗ്വാദം മാത്രമായിരുന്നു ജനങ്ങള്‍ കണ്ട തുടര്‍ നടപടികള്‍. ഒപ്പം ഫയര്‍ ഫോഴ്സിന്റെ വാഹനങ്ങളിലും ട്രക്കുകളിലുമായി സര്‍ക്കാര്‍ ഓഫീസുകള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ മാത്രം വെള്ളം ചീറ്റിച്ച നടപടിയും കണ്ടു.
മലിനീകരണത്തിനു ശമനമുണ്ടാകണമെങ്കില്‍ മഴ പെയ്‌തെങ്കിലേ മതിയാകൂ എന്നാണ് വിദഗ്ധര്‍ നല്‍കുന്ന പരിഹാര നിര്‍ദേശം. മാലിന്യവും പുകയും നിറഞ്ഞ് ഊഷര ഭൂമിയായിക്കൊണ്ടിരിക്കുന്ന ഡല്‍ഹിയില്‍ എന്നു മഴ പെയ്യും എന്നതാണ് ഉത്തരമില്ലാത്ത ചോദ്യം. ഭൂമിയുടെ ആവാസ വ്യവസ്ഥ ആകെ നശിപ്പിച്ചിട്ടുള്ള ഡല്‍ഹിയിലെ അന്തരീക്ഷ സ്ഥിതിയില്‍ കാര്‍മേഘം രൂപപ്പെട്ട് തനതു രീതിയില്‍ മഴയുണ്ടാകുമെന്നു പറയാന്‍പോലുമാവില്ല. കാരണം, ഡല്‍ഹിയിലെ മാത്രമല്ല ഉത്തരേന്ത്യയിലെ കാലാവസ്ഥ നിര്‍ണയിക്കുന്നത് ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ഹിമാലയന്‍ മലകളിലും രാജസ്ഥാന്‍ മരുഭൂമിയിലുമുണ്ടാകുന്ന മാറ്റങ്ങളാണ്.
ഈ സാഹചര്യത്തില്‍ കൃത്രിമ മഴ പെയ്യിക്കാനാകുമോയെന്നാണ് ഡല്‍ഹി- കേന്ദ്ര സര്‍ക്കാരുകള്‍ ആലോചിക്കുന്നത്. ഏതാണ്ട് രണ്ടു പതിറ്റാണ്ടിലെ ഏറ്റവും മോശമായ യുനിലവാരത്തിലെത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷമാണ് കൃത്രിമ മഴയെക്കുറിച്ച്
ചിന്തിച്ചത്. ക്ലൗഡ് സീഡിംഗ് വഴി കൃത്രിമമായി മഴ പെയ്യിക്കുന്നതിന്റെ സാധ്യതകള്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞ വര്‍ഷം ഡല്‍ഹി സര്‍ക്കാര്‍ ആലോചിച്ചു. ആലോചന മാത്രം നടന്നു.
ജനസാന്ദ്രത നിറഞ്ഞ രാജ്യത്തെ രണ്ടാമത്തെ നഗരമായ ഡല്‍ഹി ഇനി അറിയപ്പെടാന്‍ പോകുന്നത് ക്ഷയരോഗികളും ആസ്ത്മാ രോഗികളും നിറഞ്ഞ ഏറ്റവും വലിയ നഗരമെന്ന പേരിലാവും. അല്ലെങ്കില്‍ ശ്വാസത്തിനായി പലായനം ചെയ്ത ജനങ്ങളുടെ പേരില്‍. ഡല്‍ഹിയില്‍ ജീവിക്കാനാവുന്നില്ലെന്നു വ്യക്തമാക്കി ജോലി ഉപേക്ഷിച്ച് മടങ്ങിയ വിദേശ ഇന്ത്യക്കാരുടെ എണ്ണവും കണക്കില്ലാതെ ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ മറ്റു വഴികളില്ലാതെ ഡല്‍ഹിയില്‍ അകപ്പെട്ടുപോയവരുടെ ഗതിയോ? ക്ഷയരോഗികളും ശ്വാസകോശ രോഗികളും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എത്രമാത്രം വര്‍ധിച്ചിട്ടുണ്ടെന്ന് പരിശോധിച്ചാല്‍ ഇതിന്റെ ഗുരുതരാവസ്ഥ വ്യക്തമാകും.
വിഷപ്പുകയുടെ മുഖ്യ കാരണമായി പറയുന്നത് അയല്‍ സംസ്ഥാനങ്ങളിലെ വയലുകളിലുള്ള വയ്‌ക്കോല്‍ കത്തിക്കലുകളാണ്. ഇവയെ എങ്ങനെ നിയന്ത്രിക്കുമെന്നറിയാതെ വലയുകയാണ് അധികൃതര്‍. കര്‍ഷകരോട് അവര്‍ വര്‍ഷങ്ങളായി ചെയ്തുവരുന്ന കാര്യം അരുതെന്ന് പറയാനാവില്ല. അടുത്ത വിളയിറക്കുന്നതിന്റെ മുന്നോടിയായാണ് അവര്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത്. അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന് പകരം മറ്റെന്തെങ്കിലും സംവിധാനം വേണമെന്ന് കാര്‍ഷിക ശാസ്ത്രജ്ഞനായ എം.എസ് സ്വാമിനാഥനെപ്പോലുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍, ഇത്തരം അവശിഷ്ടങ്ങള്‍ നശിപ്പിക്കാതെ കര്‍ഷകര്‍ക്ക് വീണ്ടും വിളയിറക്കാനാകില്ല. എന്നാല്‍ കത്തിക്കുന്നതിനു പകരം അവയെ വാണിജ്യപരമായി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ചിന്തിക്കണമെന്നാണ് വിദഗ്ധര്‍പറയുന്ന നിര്‍ദേശം. കാലിത്തീറ്റ നിര്‍മ്മാണത്തിന് ഇത് ഉപയോഗിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും ഇതു സംബന്ധിച്ച് ഒരു പദ്ധതിയും ഇതുവരെ മുന്നോട്ടു വെച്ചിട്ടില്ല.
സര്‍ക്കാര്‍ ഇടപെടലുകള്‍ക്ക് പരിമിതികളുണ്ടാകുമ്പോള്‍ ജനം സ്വയം പ്രതിരോധത്തിനിറങ്ങിയിരിക്കുന്നതാണ് ഡല്‍ഹിയിലെ പ്രധാന കാഴ്ചകള്‍. അതിലൊന്നാണ് മാസ്‌ക് ധരിക്കല്‍. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ മാസ്‌കുകള്‍ ധരിച്ചാണ് പുറത്തിറങ്ങുന്നത്. ഇതോടൊപ്പം ഓഫീസുകളിലും മാളുകളിലും ചില വീടുകളിലും എയര്‍ പ്യൂരിഫയറുകള്‍ വെക്കുന്നുമുണ്ട്. തലസ്ഥാന മേഖലയില്‍ എയര്‍ പ്യൂരിഫയറുകളുടെ വില്‍പ്പന വന്‍തോതില്‍ വര്‍ധിച്ചതായി അസോച്ചത്തിന്റെ (അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ) സര്‍വെയില്‍ പറയുന്നു. എന്നാല്‍, എയര്‍ പ്യൂരിഫയ
Posted by vincent