ഡോ. ഹരി എം
മൈനാഗപ്പള്ളി
ചിക്കന്‍പോക്‌സ് വന്നാല്‍ അസിക്ലോവിര്‍ എന്ന ആന്റിവൈറല്‍ മരുന്നു കഴിച്ചില്ലെങ്കില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിക്കാന്‍ സാദ്ധ്യതയുണ്ട് എന്ന് പറഞ്ഞു കേട്ടാല്‍ ഭയക്കുന്നവരായി നമ്മള്‍ കേരളീയര്‍ മാറിയിട്ടുണ്ട്. വിശപ്പിനനുസരിച്ച് ലഘുവായി മാത്രം ഭക്ഷണം കഴിച്ച് പത്തു ദിവസം വിശ്രമിച്ചാല്‍ ശമിക്കുന്ന വൈറസേ ഇതിലുള്ളൂ എന്ന നമ്മുടെ ‘നാട്ടറിവ്’ ഇപ്പോഴും കുറേപ്പേരിലെങ്കിലും ബാക്കിയുണ്ട്. കേരളം പോലെ ജനസാന്ദ്രതയുള്ള ഒരു സ്ഥലത്ത് ഇതുപോലെ ആന്റിവൈറല്‍ മരുന്നുകള്‍ ഉപയോഗിച്ചാല്‍ ഈ മരുന്നുകള്‍ക്കെതിരേ പ്രതിരോധ ശേഷി കൈവന്ന സൂക്ഷ്മജീവികള്‍ മറ്റു മാരകരോഗങ്ങള്‍ വരും തലമുറകളില്‍ ഉണ്ടാക്കില്ലെന്ന് മരുന്നുകള്‍ എഴുതുന്ന കൈകള്‍ക്ക് എന്തെങ്കിലും ഉറപ്പുണ്ടോ? ഇപ്പോള്‍ത്തന്നെ ഔഷധ പ്രതിരോധ ശേഷി (ഡ്രഗ് റസിസ്റ്റന്‍സ്) ആര്‍ജ്ജിച്ച ടിബി എത്ര പേരുടെ ജീവനാണ് അകാലത്തില്‍ കളഞ്ഞുകൊണ്ടിരിക്കുന്നത് എന്നതിന് എന്തെങ്കിലും കണക്കുകള്‍ നമ്മുടെ ആരോഗ്യസംരക്ഷകരുടെ കൈവശമുണ്ടോ? ലോകത്താകമാനം അഞ്ച് ലക്ഷം പേര്‍ ആന്റിബ യോട്ടിക്കുകള്‍ക്കെതിരെ പ്രതിരോധശേഷിയാര്‍ജ്ജിച്ച ബാക്ടീരിയകള്‍ ഉണ്ടാക്കുന്ന അസുഖങ്ങള്‍ കൊണ്ട് പ്രതിവര്‍ഷം കൊല്ലപ്പെടുന്നു എന്ന് ഡബ്ലിയു എച്ച് ഒയുടെ പുതിയ കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇവിടെ മരുന്നു കച്ചവടം, ചികിത്സാ കച്ചവടം എന്നതെല്ലാം അതിന്റെ സകലമാന ചമയ ങ്ങളുമായി നിറഞ്ഞാടുന്നതായാണ് നാം കേരളത്തിന്റെ ആരോഗ്യചിത്രമായി കണ്ടുകൊണ്ടിരിക്കുന്നത്.
ആറേഴുവര്‍ഷങ്ങള്‍ക്കു മുമ്പുവരെ കൈവിരലിലെണ്ണാവുന്ന അലോപ്പതി മെഡിക്കല്‍ കോളേജുകളാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ മുപ്പതിലധികം അലോപ്പതി മെഡിക്കല്‍ കോളേജുകളാണ് ഈ ചെറു കേരളത്തില്‍ തുറന്നു വച്ചിരിക്കുന്നത്. ഇതില്‍ പത്തെണ്ണം ഒഴിച്ചാല്‍ ബാക്കിയെല്ലാം സ്വകാര്യ സ്വാശ്രയമേഖലയിലാണ്. ഇവ കൂടാതെ സര്‍ക്കാര്‍ മേഖലയില്‍ നാലെണ്ണത്തിന്റെ പണികള്‍ നടന്നുവരുന്നു. അവ ഉടനെ തുറക്കും. സ്വകാര്യമേഖലയില്‍ പല വന്‍കിട ആശുപത്രികളും മെഡിക്കല്‍ കോളേജിനുള്ള ക്യൂവിലുമാണ്. ചുരുക്കത്തില്‍ താമസംവിനാ കേരളത്തിലെ അലോപ്പതി മെഡിക്കല്‍ കോളേജുകളുടെ എണ്ണം നാല്പതു കവിയും. ഇത്രയും അലോപ്പതി മെഡിക്കല്‍ കോളേജുകള്‍ നമുക്ക് ആവശ്യമുണ്ടോ എന്ന ചോദ്യം ആരോടാണ് ചോദിക്കേണ്ടത്? കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പുത്തന്‍ നയങ്ങളുടെ ഭാഗമായി ആര്‍ക്കും ഈ രംഗത്തു കടന്നുവരാന്‍ കഴിയുമെന്നതിനാല്‍ വന്‍കിട കച്ചവട ഗ്രൂപ്പുകളും വ്യക്തികളുമാണ് ഇന്ന് കേരളത്തില്‍ അലോപ്പതി രംഗത്ത് വന്‍തോതില്‍ മുതല്‍ മുടക്കിക്കൊണ്ടിരിക്കുന്നത്. ലാഭം ഒന്നുമാത്രമാണിവരുടെ ലക്ഷ്യം. ആരോഗ്യരംഗത്ത് എന്തെങ്കിലും സംഭാവന നല്കിയവരോ ഈ രംഗത്തോട് താല്പര്യമോ, ഉത്തരവാദിത്വമോ, പ്രതിബദ്ധതയോ, സേവനമനോഭാവമോ തൊട്ടുതീണ്ടിയിട്ടുള്ളവരോ അല്ല ഇവരാരും. ഏറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ കഴിയുന്ന കച്ചവടമേഖല എന്നനിലയില്‍ മാത്രമാണ് സ്വകാര്യ സംരംഭകര്‍ ഈ മേഖലയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്.
വിവിധ തലങ്ങളിലെ ശക്തമായ പരസ്യ പ്രചരണങ്ങള്‍ക്കൊപ്പം നടത്തിവരുന്ന ആരോ ഗ്യകച്ചവടം തന്നെയാണ് രോഗികളില്‍ നിന്നും പണം പിടിച്ചെടുക്കാന്‍ സഹായകമായി വര്‍ത്തിക്കുന്നത്. അത്യാവശ്യം ചൂടുവെള്ളവും വിശപ്പിനനുസരിച്ചു മാത്രം കഞ്ഞിയും കുടിച്ചുകൊണ്ട് വിശ്രമിച്ചാല്‍ മാറുന്ന പനിയെ മഹാവ്യാധിയാക്കി മാറ്റിയത് ഇവരൊക്കെത്തന്നെയാണ്. ആഫ്രിക്കയിലെ ദരിദ്ര മേഖലകളില്‍ വ്യാപകമായി പടര്‍ന്നുപിടിക്കാറുള്ള ‘ഡെങ്കുപ്പനി’ എന്ന പേര് സ്വപ്‌നത്തില്‍ കേട്ടാണ് കേരളത്തില്‍ പലരും ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണരുന്നത്. സന്നിപാതജ്വരചികിത്സ വേണ്ടതുപോലെ വിജയിപ്പിക്കാന്‍ സാധിക്കാത്തത് ആധുനിക വൈദ്യസിദ്ധാന്തത്തിന്റെ പരിമിതിയാണെന്ന് ഇനിയും ഇവര്‍ സമ്മതിക്കാന്‍ തയ്യാറല്ല. മാത്രമല്ല ഇംഗ്ലീഷ് അക്ഷരങ്ങള്‍ പോരാഞ്ഞ് അക്കങ്ങള്‍ കൂടിക്കൂട്ടിച്ചേര്‍ത്ത് പുതിയ പനികളെ പൊതുജനമദ്ധ്യത്തില്‍ ഭീതിദമാംവിധത്തില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇതിന്റെയെല്ലാം പിറകില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന വഴിപിഴച്ച മാദ്ധ്യമ വിളയാട്ടം മാത്രമല്ല, വ്യക്തമായ ദുരുദ്ദേശ്യങ്ങളുമുണ്ടെന്ന് തിരിച്ചറിയാന്‍ കരിങ്കല്‍ മതിലുകളുടെ തണലില്‍ ഗാര്‍ഹസ്ഥ്യം കൊണ്ടാടുന്ന കേരളീയ സമൂഹത്തിനു കഴിയുന്നില്ല. ഇവിടെ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ കൊണ്ടു മരിക്കുന്നതിന്റെ ഒരു ചെറിയ ശതമാനം ആളുപോലും ഈ വിധമുള്ള രോഗങ്ങള്‍ കൊണ്ട് മരിക്കുന്നില്ല എന്ന് നാം തിരിച്ചറിയണം. വേണ്ടവിധം നടത്തപ്പെടുന്ന പഠനങ്ങള്‍, സ്ഥിതിവിവരക്കണക്കുകള്‍ എന്നിവകൊണ്ടു മാത്രം ഇതിന്റെയൊക്കെ നിജസ്ഥിതി പുറത്തുകൊണ്ടു വരാവുന്നതേയുള്ളു. എന്നാല്‍ ഇതിനൊക്കെ ഉത്തരവാദിത്തപ്പെട്ടവര്‍തന്നെ വിളവുതിന്നു തീര്‍ത്താലോ.
ലോകത്തിലെ പതിനൊന്നുതരം ഫലഭൂയിഷ്ഠമായ മണ്ണുകളില്‍ എട്ടും ഉള്ള ഇടമാണേ്രത കേരളം. മാങ്ങയുടെയും ചക്കയുടെയും കാച്ചിലിന്റെയും ചേനയുടെയും മത്തിയുടെയും മഞ്ഞളിന്റെയും എല്ലാം ഗുണഗണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. മിക്‌സിയോ, ഗ്രൈന്‍ഡറോ ചേര്‍ന്ന് പുളിപ്പിച്ചെടുത്ത്, എരുവും പുളിയും ചുവപ്പിക്കുന്ന സാമ്പാറില്‍ കുളിച്ച ഇഡ്ഢലിപ്രഭാതങ്ങള്‍ക്ക് ഡോക്ടര്‍ മാഹാന്റെ പരിപൂര്‍ണ്ണ ആശീര്‍വാദവുമുണ്ട്. ആവിയില്‍ വെന്തതാണു പോലും. പയറുവര്‍ഗ്ഗങ്ങളില്‍ ഏറ്റവും മോശമായ ഉഴുന്നും തവിടു കളഞ്ഞ് ഷണ്ഡമായ പച്ചരിയും കുതിര്‍ത്ത് വിദാഹമുണ്ടാക്കുന്ന രൂപത്തില്‍ വേവിച്ച് അതിനെ മൂര്‍ച്ഛിപ്പിക്കുന്ന സാമ്പാറോ ചമ്മന്തിയോ ചേര്‍ത്ത് അകത്താക്കുന്നത് വല്ലപ്പോഴും മതി എന്ന് പറഞ്ഞു കൊടുക്കേണ്ടവര്‍ അത് പഥ്യാഹാരമാക്കിക്കൊളൂ എന്ന് അനുഗ്രഹിക്കുമ്പോള്‍ ആരോഗ്യം ഏതു കിളിവാതിലില്‍ കൂടി പറന്നുപോയി എന്ന് അന്വേഷിക്കേണ്ടിപ്പോലും വരില്ല. ഇതുപോലെ പൊറോട്ടയും, വറുത്ത ഇറച്ചികളും ബിരിയാണികളും പാല്‍പ്പായസങ്ങളും, ഫ്രൂട്ട്‌സാലഡും എല്ലാം നിറഞ്ഞുനില്‍ക്കുന്ന ഭക്ഷണരംഗത്തെ അശാസ്ത്രീയതകള്‍ ചൂണ്ടിക്കാട്ടാന്‍ അവബോധമുള്ളവര്‍ ചികിത്സാരംഗത്ത് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. വിപണി കൈയ്യടക്കിയ ബേക്കറി വിഭവങ്ങളും ലെയ്‌സും കോളകളും കെന്‍ടെക്കിചിക്കനും ബര്‍ഗറും ന്യൂഡില്‍സും ഷവര്‍മയും ഒക്കെകൂടി ആയാലോ? നാവും രുചിയും നരകത്തിലേക്കുള്ള സുഗമമായ പാതയാണെന്ന് മലയാളി എത്രവേഗമാണ് പഠിക്കുന്നത്. മാറിയ ആഹാര രീതികള്‍, ശരീര അദ്ധ്വാനത്തിന്റെ ഭാഷകള്‍ ഇവയൊക്കെ തിരുത്താന്‍ കാന്‍സര്‍ ദേവാലയങ്ങള്‍ ഇതാ തുറന്നു കഴിഞ്ഞു. അവിടെ കാന്‍സര്‍ നുള്ളിക്കളയുന്ന ദേവതകളും പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. നഗര ജീവക്കെടുതികളില്‍ ഉഴലുന്ന സായിപ്പിന് ‘മരുന്ന്’ പരീക്ഷണം മനുഷ്യരില്‍ നടത്താന്‍ ഇന്‍ഡ്യപോലുള്ള രാജ്യമുള്ളത് അവരുടെ മഹാഭാഗ്യം!
ഗര്‍ഭം ധരിക്കുക, പ്രസവിക്കുക എന്നതെല്ലാം പ്രകൃതിയില്‍ ഏറ്റവും സുഗമമായി നടന്നു വരുന്ന കാര്യമാണ്. എന്നാല്‍ ഇവിടെ ഈ കേരളത്തില്‍ അത് ഏറ്റവും പ്രയാസമുള്ള ഒരു കടമ്പയായി മാറിയിരിക്കുന്നു എന്ന് നമ്മള്‍ക്കറിയാം. കൗമാരപ്രായത്തിലെ പെണ്‍ കുട്ടികള്‍ക്ക് രാവിലെയും ഉച്ചയ്ക്കും അത്യാവശ്യം നല്ല ഭക്ഷണം നല്‍കാന്‍ കഴിഞ്ഞാല്‍ സാധിക്കുന്ന കാര്യം ഇരുമ്പും ഫോളിക്ക് ആസിഡും കൊണ്ട് സാധിക്കാം എന്ന് വെറുതെ പ്രചരിപ്പിക്കുന്ന മെഡിക്കല്‍ കമ്യൂണിറ്റിക്ക് എന്ത് പ്രതിബദ്ധതയാണുള്ളത്? രാവിലത്തെ ഭക്ഷണവുമായി സ്‌കൂളില്‍ എത്തുന്ന പെണ്‍കുട്ടികളെ അത് സ്‌കൂളില്‍ ഇരുത്തി കഴിപ്പിച്ചിട്ടു മാത്രമേ ക്ലാസ്സുകള്‍ തുടങ്ങുകയുള്ളു എന്ന് ഒരൊറ്റ നിബന്ധന പാലിച്ചാല്‍ത്തന്നെ കേരളത്തിലെ സ്ത്രീകളിലെ പ്രജനന പ്രശ്‌ന ങ്ങള്‍ അന്‍പതു ശതമാനത്തില്‍ അധി കവും പരിഹരിക്കപ്പെടും എന്ന സത്യത്തെ ഒരു വെല്ലുവിളിയായി മുന്നോട്ടു വയ്ക്കുന്നു.
എന്നാല്‍ ഇങ്ങനെയുള്ള കാര്യങ്ങളില്‍ ആര്‍ക്കും താല്പര്യമില്ല. ഒറ്റ വിധത്തില്‍ മാത്രം ചിന്തിക്കുന്ന, ചിന്തതന്നെ കോര്‍പ്പറേറ്റ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് പണയം വെച്ച, മണ്ണിന്റെ ഗുണവും ജൈവ സമ്പത്തിന്റെ സാദ്ധ്യതകളും മനുഷ്യന്റെ പ്രകൃതി നിഷ്ഠതയെയും എല്ലാം കുറിച്ച് ആ ലോചിക്കാന്‍ പോലും തയ്യാറാകാത്ത, തലക്കനം ബാധിച്ച, പ്രതിബദ്ധതയെന്നത് യാന്ത്രിക സംവിധാനങ്ങളോടും തങ്ങളോടും മാത്രമുള്ള കൂറാണെന്നു ധരിക്കുന്ന, മറ്റുള്ളവരെല്ലാം നിസ്സാരരെന്ന് എണ്ണുന്ന അല്‍പ്പബുദ്ധികളായ ഒരു കൂട്ടം ആളുകളാണ് ഇവിടെ ആരോഗ്യ രംഗത്തിന്റെ കുത്തക കൈവശം വച്ചിരിക്കുന്നത് എന്നതു തന്നെയാണ് ഇതിനെല്ലാം തടസ്സമായി നില്‍ക്കുന്നത്. ഗര്‍ഭം ധരിച്ചു കഴിഞ്ഞാല്‍ത്തന്നെ ഇപ്പോള്‍ ഇരുമ്പും ഫോളിക് ആസിഡും ഒക്കെ കടന്ന് പ്രൊജിസ്റ്റിറോണ്‍ ഗുളിക കൂടി കഴിച്ചാല്‍ മാത്രമേ ഗര്‍ഭം അലസാതിരിക്കുകയുള്ളു പോലും. ഇപ്പോള്‍ അതും കടന്ന് ക്ലോപിഡോഗ്രില്‍ കഴിച്ചാല്‍ മാത്രമേ ഭ്രൂണത്തിലേക്ക് രക്തം ഒഴുകിയെത്തുകയുള്ളുവത്രേ! കഞ്ഞിവെ ള്ളവും കപ്പയും മീനും കഴിച്ച് സന്തതികളെ പെറ്റുവളര്‍ത്തിയ പഴയകാല അമ്മമാരേ, നിങ്ങള്‍ ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും മൂക്കത്തു വിരല്‍ വയ്ക്കില്ലേ?
എത്ര വികലമായിത്തീര്‍ന്നിരിക്കുന്നു നമ്മുടെ ആരോഗ്യ കല്‍പ്പനകള്‍! പ്രകൃതിയുടെ അവിഭാജ്യഘടകമായി കഴിഞ്ഞിരുന്ന മനുഷ്യനെ ഈ വിധം ബുദ്ധിശൂന്യതകളിലേക്ക് തള്ളിവിടുന്നതിനെ പരിഷ്‌ക്കാരം എന്നാണോ വിളിക്കേണ്ടത്? സ്വന്തം വീട്ടുമുറ്റത്തെ വാഴക്കുലയും, കപ്പയും, മാങ്ങയും, ചക്കയും, നാളികേരവും ഒക്കെ കഴിച്ച് ആരോഗ്യത്തോടെ ജീവിക്കാമെന്നു തെളിയിച്ച കേരളീയര്‍ ഈ തരത്തിലുള്ള ആപല്‍ക്കരമായ അവസ്ഥയിലേക്ക് കുതിക്കുന്നത് തിരിച്ചറിഞ്ഞ് അതിന് മറുവഴി നിര്‍ദേശിക്കേണ്ട പ്രധാന ചുമതല ഇവിടുത്തെ ആയുര്‍വേദ ചികിത്സകര്‍ക്കുണ്ട്. കാരണം ആരോഗ്യപൂര്‍ണ്ണജീവിതം എങ്ങനെ സാധി ക്കാം എന്നതാണ് ഈ ശാസ്ത്രത്തിന്റെ മുഖ്യ വിഷയം. യുക്തിയും അനുഭവവുമാണ് അതിന്റെ ഉരകല്ലുകള്‍. പ്രകൃതിനിഷ്ഠമായ ശാസ്ത്രത്തിന്റെ കൊടിയേന്തുന്നവരെവിടെയെന്ന് കാര്യബോധമുള്ളവര്‍ ഈ ഘട്ടത്തില്‍ ഉറക്കെ വിളിച്ചു ചോദിക്കുന്നത് നമ്മള്‍ ഇനിയും കേള്‍ക്കാന്‍ വൈകിക്കൂട. അവിടെയാണ് ആയുര്‍വേദം നിര്‍ദ്ദേശിക്കുന്ന സ്വാഭാവി കതയിലേക്ക് മടങ്ങി വരാന്‍ നാം തയ്യാറാ കേണ്ടത്.
ഏതൊരാളില്‍ ഉണ്ടാകുന്ന ഏതൊരു രോഗത്തെയും അടുത്തു പരിശോധിച്ചാല്‍ അതില്‍ ആ വ്യക്തിയുടെ ജീവിതചര്യകള്‍ക്കും, പ്രകൃതത്തിനും കാലത്തിനും ഏറ്റക്കു റച്ചിലുകളോടെ പ്രസക്തി ഉണ്ടായിരിക്കും. അണുബാധാജന്യ രോഗങ്ങള്‍ക്കും (ഇന്‍ഫെ ക്ഷ്യസ് ഡിസീസസ്) അപചയജന്യരോഗങ്ങള്‍ക്കും ഇതു ബാധകമാണ്. അതിനാല്‍ ‘ജീവിതശൈലി’ രോഗങ്ങള്‍ എന്ന പേരു തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. വാസ്തവം ഈ വിധ ത്തിലായിരിക്കെ നമ്മുടെ നാട്ടില്‍ ഈയിടെ ഉണ്ടായ ഒരു പരിഷ്‌ക്കാരമാണ് ‘ജീവിത ശൈലിരോഗങ്ങള്‍’ എന്ന പേരില്‍ പ്രചരണം വ്യാപിപ്പിക്കുകയും അതിനായി മരുന്നുകള്‍ വിതരണം ചെയ്യുക എന്നതും. ‘ജീവിതശൈലീ രോഗങ്ങളുടെ’ ചികിത്സയുടെ ആദ്യ പടി ജീവിത ശൈലി തിരുത്തുക എന്നതായിരിക്കണം. എന്നാല്‍ അതിന് യാതൊരു ശ്രമവുമില്ലാ തെയാണ് ‘മരുന്നു’ വിതരണം എന്നുകൂടി ഓര്‍ക്കണം. അമേരിക്ക പോലെ ഒരു രാജ്യത്ത് തിരക്ക് പിടിച്ച വന്‍ നഗരത്തില്‍ ജീവിക്കുന്ന ഒരാള്‍ക്കും നമ്മുടെ നാട്ടിന്‍ പുറത്തെ ഒരാള്‍ക്കും രക്തസമ്മര്‍ദ്ദം അള ക്കുമ്പോള്‍ ഒരേ നില കണ്ടാല്‍ ഒരേതരം ‘മരുന്ന്’ ആജീവനാന്തം കഴിക്കണം എന്ന് നിര്‍ബന്ധിക്കുന്നതില്‍ എന്ത് യുക്തി യാണുള്ളത്? ജീവിത ഘടകങ്ങളിലെ പുനഃക്രമീകരണം കൊണ്ട് ആരോഗ്യം തിരിച്ചുപിടിക്കാനുള്ള സാധ്യതയെ അവഗ ണിക്കുന്നതെന്തിനാണ്? പ്രമേഹ രോഗികളെ ‘മരുന്ന്’ കൊടുത്ത് മഹാരോഗിയാക്കി മാറ്റുമ്പോള്‍ ചികിത്സകൊണ്ട് സാധിക്കു ന്നതെന്താണ്? ഈ രാസപരമായ സമീപ നത്തിനുപരി ശരീരസാമ്യത്തെ സാധിക്കാന്‍ മറ്റു പല പ്രകൃതിനിഷ്ഠമായ രീതികള്‍ കൂടി ചികിത്സയില്‍ കൂട്ടിച്ചേര്‍ക്കണം എന്നത് ഇതിലൊക്കെ വ്യക്തമല്ലേ? ഹൃദ്രോഗത്തിന് കൊടുക്കുന്ന ‘മരുന്നുകള്‍’ രോഗിയുടെ ഹൃദയാരോഗ്യത്തെ തിരിച്ചു പിടിക്കാന്‍ – ചെറുപ്പക്കാരില്‍ പോലും – പര്യാപ്തമല്ലാത്തത് അത് ശരീരത്തിന് അനുഗുണമാകാ ത്തതുകൊണ്ടല്ലേ?
ഈ ചോദ്യങ്ങള്‍ക്കെല്ലാം കൂടി ഒരൊറ്റ ഉത്തരമേയുള്ളു. ‘അങ്ങനെയുള്ള ഉത്തര വാദിത്തങ്ങള്‍ ഒന്നും ഏറ്റെടുക്കാന്‍ ഞങ്ങള്‍ വൈദ്യസമൂഹം തയ്യാറല്ല. വൈദ്യ പുസ്തകത്തില്‍ പറയുന്നത് ഞങ്ങള്‍ ചെയ്യുന്നു. അതിന്റെ പ്രയോക്താക്കള്‍ മാറ്റിപ്പറയുമ്പോള്‍ ഞങ്ങള്‍ മാറ്റിച്ചെയ്യും. കാലവും ദേശവും ഒന്നും ഞങ്ങള്‍ക്ക് പ്രശ്‌നമല്ല. പ്രകൃതിയും ജീവിത താളവും ഒന്നും ഞങ്ങള്‍ക്ക് ബാധകമല്ല. ഇതുപോലെ യാന്ത്രികമായ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന പരിപാടിയാണ് ഇനിയുള്ള കാലം ചികിത്സ. ആരോഗ്യമല്ല ധനസമ്പാദനമാണ് പ്രധാനകാര്യം, കട്ടിലിന് അനുസരിച്ച് കാലിന് നീളം നിശ്ചയിക്കുന്ന പഴയ ഗ്രീക്ക് കഥയിലെ രാക്ഷസ സമീപനമായി ആരോഗ്യ സമീപനം രൂപാന്തരപ്പെട്ടിരിക്കുന്നു എന്ന് ചുരുക്കം.
കേരളീയരെ നോക്കൂ, കഴിഞ്ഞ മുപ്പതുകൊല്ലമായി നമ്മുടെ ആഹാര ജീവിത ക്രമങ്ങള്‍ എത്ര അശാസ്ത്രീയമായി തീര്‍ന്നിരിക്കുന്നു! പച്ചരി യും മൈദയും ഉഴുന്നും അനാവശ്യ അളവില്‍ ശരീരത്തില്‍ ചെല്ലുന്ന ഉപ്പ്, മോശമായ എണ്ണകള്‍, പ്രിസര്‍വേറ്റിവുകളുടെ രൂപ ത്തില്‍ രാസവസ്തുക്കള്‍, പച്ചക്കറികളിലും പഴങ്ങളിലൂടെയും ഉള്ളില്‍ ചെല്ലുന്ന കീടനാശിനികള്‍, വായുവും ജലവും മണ്ണും അശുദ്ധമാകുന്നതിലൂടെ ആഹരിക്കപ്പെടുന്ന മാലിന്യങ്ങള്‍ തുടങ്ങിയവ എല്ലാം ശരീരപ്രക്രിയകളെ കാര്യമായ കുഴപ്പങ്ങളിലേക്ക് കൊണ്ടുപോകുന്നു. മാത്രമല്ല ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന, പനിക്കും വേദനയ്ക്കും എല്ലാം അകത്താക്കുന്ന രാസമരുന്നുകളുടെ വിഷാംശം കൂടിയായാലോ? എന്നാല്‍ ഒരു നേരത്തെ ഭക്ഷണം ദഹിച്ചു കഴിഞ്ഞു മാത്രം അടുത്ത നേരം ആഹാരം കഴിക്കുക, ശരീരാദ്ധ്വാനത്തിനനുസരിച്ച് ഭക്ഷണക്രമം ചിട്ടപ്പെടുത്തുക-അതായത് വിശപ്പുണ്ടെങ്കില്‍ ഭക്ഷണം കഴിക്കുക എന്ന ആരോഗ്യപരമായ ശൈലി വിട്ട് ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദമായി ഭക്ഷണശീലത്തെ മാറ്റിയെടുക്കാന്‍ കേരളീയന് കഴിഞ്ഞു. ചാനലുകളിലെ പാചക പരിപാടികളില്‍ വേണ്ടതും വേണ്ടാത്തതും ചേര്‍ത്ത് നിറം പിടിപ്പിച്ചു കാട്ടുന്ന കോപ്രായങ്ങളുടെ നിലവാരത്തിലായി കേരളീയരുടെ ഭക്ഷണ ക്രമം. നാം മുന്‍പ് സൂചിപ്പിച്ചതുപോലെ ചോറും ചപ്പാത്തിയും ഇറച്ചികളും മത്സ്യവും പാല്‍പായസവും ഫ്രൂട്ട് സലാഡും ഐസ്‌ക്രീമും എല്ലാം ചേര്‍ന്നാല്‍ മാത്രമേ കേരളീയന് സദ്യയാകുകയുള്ളു. അവന്റെ ആരോഗ്യ ചിത്രത്തിന്റെ നേര്‍പതിപ്പായി ഇതു മാറിയിരിക്കുന്നു! ഇനി മറ്റൊരുദാഹരണം, വൈക്കോലും പുല്ലും കൊടുത്ത് വെയിലും കാറ്റും കൊണ്ട് വളര്‍ന്ന പശുക്കളുടെ പാലിനു പകരം ഹോര്‍മോണുകള്‍ (ഈസ്ട്രജനും പ്രൊലാക്ടിനും സമാനമായ സ്ത്രീ ഹോര്‍മോണുകള്‍) ചേര്‍ന്ന കാലിത്തീറ്റ നല്കി പാലുല്പാദനം വര്‍ദ്ധിപ്പിക്കുകയാണത്രെ! മാത്രമല്ല നമ്മുടേതുപോലുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ പ്രത്യേകിച്ചും പുരുഷന്മാരില്‍ പാല് ദഹിപ്പിക്കുന്ന എന്‍സൈമുകള്‍ അന്ന പഥത്തില്‍ സജീവമല്ല എന്ന കണ്ടെത്തലുമുണ്ട്. അതിനാല്‍ പാല്‍ കഴിവതും ഒഴിവാക്കി മോര് അത്യാവശ്യം ഉപയോഗിക്കുന്നതാണ് നല്ലത്. ഇങ്ങനെയുള്ള ചെറുതെന്ന് തോന്നുന്ന അനവധി കാര്യങ്ങള്‍ ആഹാരക്രമത്തില്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇതിലെല്ലാം ഉള്ള വേണ്ടതും വേണ്ടാത്തതും രോഗികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ട ചുമതല ഡോക്ടര്‍മാര്‍ക്ക് അല്ലാതെ മറ്റാര്‍ക്കാണുള്ളത്?
ശ്രദ്ധയോടും ഉത്തരവാദിത്തത്തോടും ആരോ ഗ്യപരിപാലനത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ രോഗികള്‍ക്കും മറ്റുള്ളവര്‍ക്കും പറഞ്ഞുകൊടുക്കേണ്ട ചികിത്സകര്‍ മരുന്ന് കമ്പനികളുടെ ദല്ലാളന്മാരായി തീര്‍ന്നിരിക്കുന്നു. നിങ്ങള്‍ എന്തുവേണമെങ്കിലും കഴിയ്ക്കൂ, എങ്ങനെയും കഴിഞ്ഞോളൂ, ഞങ്ങള്‍ കരളും വൃക്കകളും ഹൃദയവും തലച്ചോറും ഒക്കെ മാറ്റിവച്ചുതരാം എന്ന് പറയുന്നത് പുരോഗതിയുടെ ലക്ഷണമാണോ? പാര്‍ട്ട്‌സുകള്‍ മാറ്റിവയ്ക്കുന്ന യന്ത്രമായി മനുഷ്യന്‍ മാറിയിട്ടുണ്ടെങ്കില്‍ മനുഷ്യ ജീവന് എന്ത് മൂല്യമാണുള്ളത്? നമ്മുടെ വായുവും മണ്ണും വെള്ളവും എല്ലാം മലിനമാക്കാന്‍ ഒരു കൂസലും ആളുകള്‍ക്കില്ലാതെ പോകുന്നതും ഈ ഒരു ചിന്തയോടെ ശക്തമായിരിക്കുന്നു എന്നു വേണം കരുതാന്‍. കാരണം ഇവയുടെയൊക്കെ മഹത്വം അവയവം മാറ്റിവയ്ക്കല്‍ ഉത്സവത്തില്‍ പണം സ്വരൂ പിക്കുമ്പോള്‍ തീരെ അപ്ര സക്തമാണല്ലോ.
ഹോര്‍മോണ്‍ എന്ന വാക്ക് അക്ഷരപരിജ്ഞാ നമില്ലാത്ത കേരളീയനും പരിചിതമാണ്. ഹോര്‍മോണ്‍ എന്നതും ശരീര പ്രവര്‍ത്തനം എന്നതും ഒന്നിന്റെ തന്നെ ഇരുമുഖങ്ങളാണെന്ന വിജ്ഞാനം വൈദ്യജ്ഞന്മാര്‍ മാനിക്കുന്നില്ല. തൈറോക്‌സിനും പ്രൊജിസ്റ്റിറോണുമെല്ലാം വേണ്ടതിലധികം വിളമ്പിക്കൊണ്ടാണ് ഈ മേഖല സജീവമാക്കിയിരിക്കുന്നത്. അത്യാവശ്യം കൈകാലുകള്‍കൊണ്ട് വ്യായാമം ഉണ്ടാകുകയും (അരകല്ലുപയോഗിക്കുക, വെള്ളം കോരുക തുടങ്ങിയ പഴയ വ്യായാമ മുറകള്‍ ഓര്‍ക്കുക) വേണ്ട ഭക്ഷണം കഴിക്കുകയും, പരസ്പരം സഹകരിച്ച് കഴിയുകയും (അത്യാവശ്യം ശാന്തതയും സന്തോഷവും ഉള്ള മനസ്സ്) ചെയ്താല്‍ ബഹുഭൂരിപക്ഷം സ്ത്രീകളിലും ഒഴിവാക്കാന്‍ കഴിയുന്ന പ്രശ്‌നമാണ് ആജീവനാന്തം തൈറോക്‌സിന്‍ കഴിപ്പിക്കുന്നതിലേക്ക് നീങ്ങുന്നത്. ഈ ഒരു പ്രയോഗം കൊണ്ട് വ്യക്തിയില്‍ ആരോഗ്യം വീണ്ടുകിട്ടുന്നുണ്ടോ എന്നതും പരിഗണിക്കേണ്ടതാണ്. ദീര്‍ഘ കാലോപയോഗം കൊണ്ട് ശരീരത്തിനുണ്ടാകുന്ന ദോഷങ്ങള്‍ വേണ്ടതുപോലെ ഇതിലെല്ലാം വിലയിരുത്തപ്പെട്ടിട്ടുണ്ടോ? സ്ത്രീകള്‍ കൂട്ടായി ഓണം പോലുള്ള ആഘോഷാവസരങ്ങളില്‍ പാട്ടുപാടിയും തിരുവാതിരകളിച്ചും ഊഞ്ഞാ ലാടിയും സന്തോഷിച്ച പഴയകാലം ഓര്‍മ്മയില്‍ വരുന്നു. ‘ഹോര്‍മോണ്‍ പ്രശ്‌നം’ തീരാന്‍ ഇതുപോലെ ദിവ്യൗഷധങ്ങളില്ല. പൊതുജനാരോഗ്യത്തെ സമഗ്ര പരിപാടിയായി കാണാന്‍ തയ്യാറുള്ളവര്‍ ഈ വിധത്തില്‍ മനുഷ്യന്റെ ഓജസ്സുറ്റ ജീവിതത്തിന് അനുപേ ക്ഷണീയമായ മാനസി കവും ശാരീരികവുമായ ഘടകങ്ങളെ തിരിച്ചറി യുകയും കാലാനുസൃതമായി പുന രാവിഷ് കരിക്കുകയുമാണ് വേണ്ടത്. അവിടെ യൊക്കെ ഇരുളുകൊണ്ട് ഓട്ട അടയ്ക്കുന്ന ഈ ആധുനിക വൈദ്യ പരിപാടി തിരിച്ച റിയപ്പെടണം. ഇതിലെല്ലാം മരുന്ന് കച്ചവടവും ലാഭസമ്പാ ദനവുമാണ് പ്രധാന മായിട്ടുള്ളത് എന്ന് നാം മനസ്സിലാക്കണം.
ഈയൊരവസരത്തില്‍ ഇ എഫ് ഷൂമാക്കറുടെ അഭിപ്രായം പ്രസക്തമാണ്. ആധുനിക ശാസ്ത്ര ത്തിന് രണ്ട് മുഖങ്ങളുണ്ട്. അതില്‍ ഒന്ന് ചൂഷണപരമാണ് (സയന്‍സ് ഓഫ് മാനിപ്പുലേഷന്‍). മറുവശം അവബോധപരമാണ് (സയന്‍സ് ഓഫ് അന്‍ഡര്‍സ്റ്റാന്‍ഡിംഗ്). ഇതില്‍ രണ്ടാമ ത്തേതായ, അവബോധപരവും മൂല്യവത്തുമായ അതിന്റെ ശേഷികളെ വേണ്ടതു പോലെ ഉപയോ ഗപ്പെടുത്തി ആരോഗ്യം പോലുള്ള വിഷയങ്ങളില്‍ മറ്റു പ്രകൃതിപരമായ സമീപന വുമായി ഇണക്കി മനുഷ്യ നന്മയെയും വരും തലമുറ കളേയും ഈ ഭൂമിയുടെ തന്നെ ജൈവാരോഗ്യത്തെയും പരിപാലിക്കാനാണ് നാം കൂട്ടായി ശ്രമിക്കേണ്ടത്.
ഇവിടെ ഒരു കൂട്ടം പ്രഫൊഷണലുകള്‍ ആധുനിക വൈദ്യത്തിന്റെ പേരില്‍ നിലകൊള്ളു കയും അവരുടെ ഇടപെടലുകളും സമീപനങ്ങളും മാത്രമാണ് ശരി എന്ന് സ്ഥാപിക്കാനും വിശ്വസിപ്പിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ പരിണിതഫലം എന്നവണ്ണം സമൂഹം കൂടുതല്‍ രോഗാതുരമായിതീര്‍ന്നിരിക്കുന്നു. സങ്കീര്‍ണ്ണമായ നഗരജീവിതത്തിന് മാത്രം അനുയോജ്യമായ ചികിത്സാപരിപാടികള്‍ അതേപടി ഈ സമൂഹത്തിലും അടിച്ചേല്പിക്കപ്പെടുന്നു. ഇത്രയധികം ഡോക്ടര്‍മാരും ആശുപത്രികളും ഉള്ള കേരളം തന്നെയാണ് രോഗികളുടെ എണ്ണത്തിലും മുന്‍പന്തിയില്‍ എന്ന് ദേശിയ സര്‍വേയിലെ കണക്കുകള്‍ പറയുന്നതും മറ്റൊന്നുംകൊണ്ടല്ല.
നമ്മുടെ സമൂഹം രോഗാതുരമായി തുടരുന്നതിന്റെ കാരണങ്ങള്‍ നിഷ്പക്ഷമായി വിലയിരുത്താന്‍ ഇവിടുത്തെ വൈദ്യസമൂഹം തയ്യാറാകണം. പൗരബോധം എന്നത് ഇനിയും വേണ്ടവിധം മുളച്ചിട്ടില്ലാത്ത ഒരു സമൂഹത്തില്‍, ജനാധിപത്യം അതിന്റെ കൗമാരദശയുടെ പാകത പോലും കാണിച്ചുതുടങ്ങാത്ത ഈ സമൂഹത്തില്‍, വൈദ്യ സമൂഹത്തിന് വളരെ പ്രധാനമായ പങ്കാണ് നിര്‍വ്വഹിക്കാനുള്ളത്. ആഗോ ളവല്‍ക്കരണത്തിന്റെ ഈ കാലത്ത് എല്ലാത്തരം കച്ചവട തന്ത്രങ്ങള്‍ക്കും അപ്പുറം നമ്മുടെ സഹജീവികളുടെ ആരോഗ്യം കഴിയും വിധം കാത്തുസൂക്ഷിക്കാനായി, ആരോഗ്യ നിയമങ്ങളുടെ പ്രാഥമിക പാഠങ്ങളിലെങ്കിലും പൗരന്മാര്‍ക്ക് അവബോധം ഉണ്ടാക്കുന്ന വിധം ചികി ത്സാവൃത്തിയെയും അനുബന്ധ സംവിധാനങ്ങളെയും പുനഃക്രമീകരിക്കേണ്ട അടിയന്തിര ഉത്തരവാദിത്തം ചികിത്സകര്‍ ഏറ്റെടുത്തേ മതിയാകൂ. യഥാര്‍ത്ഥ മരുന്ന് അതായിരിക്കണം.
ആയുര്‍വേദം കൈകാര്യം ചെയ്യുന്നവര്‍ക്ക് ഇതില്‍ പ്രധാനമായ പങ്കാണുള്ളത്. ആധുനിക വൈദ്യത്തിന് അനുകൂലവും ശക്തവുമായ ഈ രീതീവിധാനമാണ് (മെതഡോളജി) ആയുര്‍വേദത്തില്‍ വികസിപ്പിച്ചിരിക്കുന്നത്. ഈ ശാസ്ത്രത്തിന്റെ മൗലികത വേണ്ടതുപോലെ പഠിക്കുകയോ പഠിപ്പിക്കപ്പെടുകയോ പ്രയോജ നപ്പെടുത്തുകയോ ചെയ്യുന്നില്ല. പകരം ആധുനിക വൈദ്യത്തിന്റെ ശൈലി അനുകരിക്കാന്‍ ശ്രമിച്ച് വലിയ പരാജയമായി മാറിക്കൊണ്ടിരിക്കുന്നു. ഉദാഹരണമായി കുപ്പിക്കഷായങ്ങള്‍ കൊണ്ട് രോഗശാന്തി വരുത്താം എന്നത് വലിയ ഒരു വ്യാമോഹം മാത്രമാണ്. തല്കാല ബിസിനസ്സ് മാത്രമേ ഇതില്‍ സാധിക്കുന്നുള്ളൂ. ഔഷധ സസ്യങ്ങള്‍ നട്ടുവളര്‍ത്തുക, അവയുടെ ഗുണങ്ങള്‍ തിരിച്ചറിയുക, കഴിവതും മായവും മാലിന്യവും കലരാതെ ഉപയോഗപ്പെടുത്തുക എന്നതിന് പ്രമുഖ പരിഗണന ഇനിയുള്ള കാലം നല്കിയേ മതിയാകൂ. അതിനൊപ്പം നമ്മുടെ ചുറ്റുപാടുമുള്ള ഭക്ഷ്യയോഗ്യമായ വസ്തുക്കളെ നമ്മുടെ ആഹാരത്തില്‍ പ്രധാനമായി ഉള്‍പ്പെടുത്തുക, കൃത്രിമ ഭക്ഷ്യവസ്തുക്കളുടെ ദോഷവശങ്ങള്‍ പൊതുജന മധ്യത്തില്‍ ചര്‍ച്ചയാക്കുക, ഇപ്പോഴുള്ള ഭക്ഷണക്രമത്തിലെ അശാസ്ത്രീയതകളും ആപത്തുകളും തുറന്നുകാട്ടുക, മാത്രമല്ല ആരോഗ്യപൂര്‍ണ്ണമായ മനുഷ്യരുടെ സഹകരണം എത്രത്തോളം ആരോഗ്യജീവിതത്തിന് പ്രധാനമാണെന്ന് പൊതുജനത്തെ ബോധവത്കരിക്കുക എന്നതിലെല്ലാം ആയുര്‍വേദ പഠിതാക്കളുടെയും ചികിത്സകരുടെയും ശ്രദ്ധ പതിയുക തന്നെ വേണം. ഒരിളം കാറ്റിന്റെ തലോടല്‍ മുതല്‍ സര്‍വ്വാധാരമായിരിക്കുന്ന സത്യദര്‍ശനം വരെ വ്യാപ്തിയുള്ളതാണ് ആയുര്‍വേദത്തിലെ ‘ഔഷധം’ എന്ന കല്പനയ്ക്ക് എന്നത് നാം ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.