മലയാളികള്‍ കര്‍ശനമായ തിരുത്തലുകള്‍ക്ക് തയ്യാറാവണം
August 5, 2024
ഡോ. ജോര്‍ജ്ജ് തയ്യില്‍
കേരളത്തിന്റെ വിശിഷ്ടമായ ആരോഗ്യമാതൃക അന്താരാഷ്ട്രതലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. കേരള സംസ്ഥാനം രൂപവത്കരിച്ചിട്ട് ദശകങ്ങള്‍ പിന്നിടുമ്പോള്‍ ആരോഗ്യമേഖലയില്‍ കൈവരിച്ച നേട്ടങ്ങളെ ഓര്‍ത്ത് നമുക്ക് അഭിമാനിക്കാം. എന്നാല്‍ പ്രശംസകള്‍ ഏറ്റുവാങ്ങാന്‍ മാത്രം സമ്പന്നമാണോ കേരളത്തില്‍ ഈയടുത്തകാലത്ത് മാറിക്കൊണ്ടിരിക്കുന്ന ആരോഗ്യസംസ്‌കാരം. പരിതാപകരമായ പല പാളിച്ചകളും കേരളീയരുടെ ആരോഗ്യസുരക്ഷക്ക് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ മുഖ്യമാണ് പകര്‍ച്ചവ്യാധികളും ജീവിത ശൈലീ രോഗങ്ങളും നിയന്ത്രണവിധേയമാക്കുന്നതിലുണ്ടായ പരാജയങ്ങള്‍. ഇതിനുള്ള പ്രധാന കാരണം ചികിത്സ മാത്രം പ്രാമുഖ്യം കൊടുക്കുന്ന ഒരു വികല ആരോഗ്യസംസ്‌കാരം കേരളത്തില്‍ വളര്‍ന്നുവരുന്നു എന്നതാണ്. ഭക്ഷണത്തേക്കാള്‍ മരുന്നിനു പണം ചെലവഴിക്കുന്നവരാണ് മലയാളികളെന്നാണ് ഈയിടെ നടന്ന ചില കണക്കെടുപ്പുകളുടെയും ഫലം. സമഗ്രവും സമ്പൂര്‍ണ്ണവുമായ ആരോഗ്യസംരക്ഷണത്തിന് വലിയ ഒരാശുപത്രിയും മികച്ച ഡോക്ടര്‍മാരും അടുത്തുണ്ടായാല്‍ മതി എന്നതാണ് ശരാശരി മലയാളിയുടെ ചിന്ത. ഈ വീക്ഷണഗതി ശരിയല്ല. ആശുപത്രിയുടെ വലുപ്പത്തിലും ഡോക്ടര്‍മാരുടെ ബിരുദത്തിലും അമിത വിശ്വാസം പുലര്‍ത്തുന്ന നാം കാതലായ പല അടിസ്ഥാന സത്യങ്ങളും കാണാതെ പോകുന്നു. ആരോഗ്യപരിപാലനത്തിന്റെ വേരുകള്‍ ചികിത്സയിലല്ല രോഗത്തിന്റെ സമൂലമായ പ്രതിരോധ പ്രക്രിയയിലാണ് തഴച്ചുവളരേണ്ടത്. പ്രത്യേകിച്ച് രോഗവും ചികിത്സയും കൊണ്ട് ദാരിദ്രത്തിലേക്ക് അധപതിച്ച കുടുംബങ്ങളുടെ കഥകള്‍ കൂടി കേള്‍ക്കുമ്പോള്‍ ഇതിന്റെ പൊരുള്‍ കൂടുതല്‍ വ്യക്തമാകുന്നു.
എത്രയൊക്കെ മികച്ച ചികിത്സ ലഭിച്ചാലും പല രോഗബാധകളില്‍ നിന്നും രക്ഷപ്രാപിക്കാന്‍ സാധ്യമല്ലെന്ന് ഈയടുത്തകാലത്തുണ്ടായ പനിബാധകളുടെ വ്യാപനകഥ നമ്മെ പഠിപ്പിച്ചു. പകര്‍ച്ചവ്യാധികള്‍ മലയാളികളുടെ സ്വസ്ഥതകെടുത്തി. ജപ്പാന്‍ ജ്വരം, മസ്തിഷ്‌കജ്വരം, ഡെങ്കിപ്പനി, പന്നിപ്പനി, ചിക്കുന്‍ഗുനിയ, എലിപ്പനി, എബോള തുടങ്ങി നിപ്പ ബാധവരെ നമ്മുടെ നാടിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. നിപ്പ വൈറസ് മലയാളിക്ക് ഒരു ഗുണപാഠം നല്‍കി. മനുഷ്യന്റെ ആരോഗ്യം അവന്‍ വസിക്കുന്ന മണ്ണിനോടും പരിസ്ഥിതിയോടും ചുറ്റുമുള്ള ജീവജാലങ്ങളോടും അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന്. പ്രകൃതിയുടെയും പരിസ്ഥിതിയുടെയും അതില്‍ വിരാജിക്കുന്ന ജീവജാലങ്ങളുടെയും ആരോഗ്യവും സന്തുലിതാവസ്ഥയും മനുഷ്യാരോഗ്യത്തെ നിര്‍വ്വചിക്കുന്നു. അല്ലാതെ അവയെ നശിപ്പിച്ചുകൊണ്ട് മനുഷ്യകുലത്തിന് അസ്ഥിത്വമില്ല. മലേഷ്യയില്‍ കാടുകള്‍ നശിപ്പിച്ചപ്പോഴാണ് വവ്വാലുകള്‍ ആഹാരം തേടി ജനവാസ കേന്ദ്രങ്ങളിലെത്തിച്ചേര്‍ന്നത്. അങ്ങനെ മനുഷ്യരില്‍ നിപ്പ പിടിപെട്ടു. പകര്‍ച്ചവ്യാധികള്‍ നമ്മുടെ നാട്ടില്‍ പടരുന്നത് ഇവിടത്തെ അനുകൂലമായ അവസ്ഥകൊണ്ടുതന്നെ. എപ്പോഴും രോഗം ഏറ്റുവാങ്ങാന്‍ സന്നദ്ധമാണ് കേരളം. വീടും മുറ്റവും മാത്രം മനോഹരമാക്കാന്‍ വ്യഗ്രതകാട്ടുന്ന മലയാളി പരിസ്ഥിതിയെയും സ്‌നേഹിച്ചു തുടങ്ങണം. ആരോഗ്യസൂചികയില്‍ ഒന്നാമത് നില്‍ക്കുന്ന സിങ്കപ്പൂര്‍ അവിടത്തെ ശുചിത്വാവസ്ഥകൊണ്ടു മാത്രമാണ് അത് സാധിച്ചെടുത്തത്.
പൊടിയും പുകമഞ്ഞും നിറഞ്ഞ് ശ്വാസം മുട്ടുന്ന ഡല്‍ഹിയുടെ ചിത്രം നാം കണ്ടുകൊണ്ടിരിക്കുന്നു. ഡല്‍ഹിയില്‍ ജനിക്കുന്ന ശിശുക്കള്‍ ശ്വസിക്കുന്നത് 20 സിഗരറ്റ് വലിക്കുന്നതിനു തുല്യമായ വിഷപ്പുകയാണെന്ന് വിദഗ്ധര്‍ പ്രസ്താവിക്കുന്നു. മലിനീകൃത ഡല്‍ഹി ഇന്ത്യയുടെ ഇതര നഗരങ്ങള്‍ക്കുള്ള താക്കീതാണ്. കേരളത്തിലെ വാഹനപ്പെരുപ്പവും പ്ലാസ്റ്റിക്കിന്റെ അമിത വിനിയോഗവും അന്തരീക്ഷ ഖരമാലിന്യങ്ങളുടെ ആധിക്യവും ഒരിക്കലും വൃത്തിയാകാത്ത ഓടകളും ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന പല പുതിയ രോഗങ്ങള്‍ക്കും വിത്തുകള്‍ പാകുന്നു. തൂവാലയും മാസ്‌കും കൊണ്ട് മുഖം മറച്ച് നടന്നുനീങ്ങുന്ന ആളുകള്‍ കൊച്ചി നഗരത്തില്‍ ഇപ്പോള്‍ പതിവുകാഴ്ചയാണ്. ആസ്ത്മ, ബ്രോങ്കൈറ്റിസ്, വിട്ടുമാറാത്ത ചുമ തുടങ്ങിയവ കൊച്ചിയിലെ കുട്ടികളില്‍ കൂടുതലായി കണ്ടുവരികയാണ്. ആഹാരപദാര്‍ത്ഥ ങ്ങളിലെ മായവും വിഷചേരുവകളുമാണ് കേരളീയരെ അലട്ടുന്ന മറ്റൊരുവലിയ പ്രശ്‌നം. മലയാളികളുടെ ‘ഭക്ഷണഭ്രാന്ത്’ മനസ്സിലാക്കിയ അയല്‍ സംസ്ഥാനക്കാര്‍ ആവുംവിധം വ്യാജന്മാരെ ഇങ്ങോട്ടിറക്കുമതിചെയ്യുന്നു. ഹോര്‍മോണ്‍ കുത്തിവച്ച കോഴി, ഫോര്‍മാലിനും അമോണിയയും കലര്‍ത്തിയ മത്സ്യം, കീടനാശിനികള്‍ വിതറിയ പഴങ്ങളും പച്ചക്കറികളും. മറ്റ് വിലകുറഞ്ഞ എണ്ണകള്‍ കലര്‍ത്തിയ വെളിച്ചെണ്ണ, കൃത്രിമപാല്‍, മായം കലര്‍ന്ന തേയിലപ്പൊടിയും അശുദ്ധമായ കുടിവെള്ളവും, അങ്ങനെ പോകുന്നു നീണ്ടപട്ടിക. ഇപ്രകാരം വിഷപൂരിതമായ വായുവും ജലവും ഭക്ഷണവും ഉള്‍ക്കൊണ്ട് അര്‍ബുദം മുതല്‍ ഹൃദ്രോഗം വരെ ഉണ്ടാകുന്നവര്‍ ആശുപത്രികളിലേക്ക് നെട്ടോട്ടമാണ്. ഇപ്പോള്‍ വീട്ടില്‍ ശുദ്ധഭക്ഷണം പാകപ്പെടുത്തി കഴിക്കുന്നതിന് മലയാളികള്‍ക്ക് മടിയോ കുറച്ചിലോ സംഭവിച്ചിട്ടുണ്ട്. സമയമില്ലെന്ന് പറയുന്നത് സത്യമല്ല. ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണമുണ്ടാക്കാന്‍ സമയമില്ലെങ്കില്‍ പിന്നെന്ത് ജീവിതം? നാട്ടില്‍ റെസ്റ്ററന്റുകളുടെയും ബേക്കറികളുടെയും എണ്ണം ദിവസേന കൂടിക്കൊണ്ടിരിക്കുന്നതിന്റെ രഹസ്യവും ഇതുതന്നെ. തട്ടുകടകളും അനധികൃത ഭക്ഷണ-പാനീയ ശാലകളും വേറെയും സര്‍ക്കാര്‍ തലത്തില്‍ കൃത്യമായി യാതൊരുവിധത്തിലുള്ള ഗുണനിലവാരപരിശോധനയോ നിയന്ത്രണമോ ഇല്ലാതെയാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത്. ആഹാരവിഷബാധയോടനുബന്ധിച്ച് നിരവധിപേര്‍ മരണപ്പെടുമ്പോള്‍ മാത്രമാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണുതുറക്കുന്നത്. രാജ്യത്തെ 61.8 ശതമാനം മരണവും ജീവിതശൈലീ രോഗങ്ങള്‍ മൂലമാണ്. ഇതുതന്നെയാണ് കേരളവും അഭിമുഖീകരിക്കുന്ന ഇന്നത്തെ തീവ്രമായ പ്രശ്‌നം. അതില്‍ ഹൃദ്രോഗബാധയ്ക്കാണ് പ്രഥമസ്ഥാനം. വികലമായ ജീവിതശൈലിയും അപഥ്യമായ ഭക്ഷണക്രമവും വിഷലിപ്തമായ ആഹാരപദാര്‍ത്ഥങ്ങളും ഒക്കെ മലയാളികളെ വിവിധ ജീവിതശൈലി രോഗങ്ങളുടെ പിടിയിലമര്‍ത്തുന്നു. കേരളത്തില്‍ 40 ശതമാനം പേര്‍ക്ക് അമിതരക്തസമ്മര്‍ദ്ദമുണ്ട്. 30 ശതമാനം പേര്‍ക്ക് പ്രമേഹബാധയുമുണ്ട്. 45 ശതമാനം പേര്‍ക്ക് വര്‍ദ്ധിച്ച കൊളസ്‌ട്രോളുമുണ്ട്. ഇക്കൂട്ടരില്‍ ഏതാണ്ട് 15 ശതമാനം പേര്‍ മാത്രമാണ് ഈ രോഗാതുരതകളെ വേണ്ടവിധം നിയന്ത്രണവിധേയമാക്കുന്നത്. കൂടാതെ അമിതവണ്ണവും ദുര്‍മേദസ്സും കേരളീയരെ നശിപ്പിക്കാനെത്തിയ മറ്റൊരു രോഗാവസ്ഥയാണ്. ഇടം വലം നോക്കാതെ നാവിനു സ്വാദേറുന്ന എന്തും എത്രവേണമെങ്കിലും വെട്ടി വിഴുങ്ങുന്ന മലയാളികളുടെ അന്തകനാണ് അമിതവണ്ണം. ഇന്ത്യയില്‍ ഹൃദയധമനീ രോഗങ്ങള്‍ മൂലം മൃതിയടയുന്നത് 29 ശതമാനം പേരാണ്. എന്നാല്‍ കേരളത്തില്‍ ഇത് 40 ശതമാനമാണ്. ഇതില്‍ 26 ശതമാനം പേര്‍ ഹൃദ്രോഗം മൂലവും 9 ശതമാനം പേര്‍ മസ്തിഷ്‌ക്കാഘാതം മൂലവും മരണപ്പെടുന്നു. കേരളത്തില്‍ പ്രതിവര്‍ഷം 63,000 പേര്‍ ഹൃദയാഘാതത്തെത്തുടര്‍ന്നു മരിക്കുന്നു. ഹാര്‍ട്ടറ്റാക്കിന്റെ പ്രധാന ചികിത്സയായ ആന്‍ജിയോപ്ലാസ്റ്റി ചെയ്യാന്‍ സൗകര്യമുള്ള ആശുപത്രികളുടെ എണ്ണം സംസ്ഥാനത്ത് പെരുകുകയാണ്. ഇത് വികസിത രാജ്യങ്ങളിലുള്ളതിനേക്കാള്‍ കൂടുകയാണെന്നോര്‍ക്കണം. കേരളത്തില്‍ ഏതാണ്ട് എല്ലാ 20 കിലോമീറ്ററിലും ഒരു ‘കാത്ത് ലാബ്’ എന്നാണ് കണക്ക്. പണമുള്ള മലയാളികള്‍ ഹാര്‍ട്ടറ്റാക്ക് വന്നതിനുശേഷം ജീവന്‍ രക്ഷിക്കാന്‍ പണം വാരിക്കോരിക്കൊടുക്കുകയാണ്. കൂടാതെ സര്‍ക്കാര്‍ സഹായം ലഭിക്കുന്ന രോഗികളും വേറെ. എന്നാല്‍ ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ മാര്‍ഗ്ഗങ്ങളുണ്ടെന്നും അവ സ്വായത്തമാക്കണമെന്നും പറഞ്ഞാല്‍ കേള്‍ക്കാന്‍ ആര്‍ക്കം സമയമില്ല. പാരമ്പര്യ പ്രവണതയൊഴിച്ചാല്‍, ക്രിയാത്മകമായ ജീവിത-ഭക്ഷണക്രമീകരണങ്ങളിലൂടെ ഹൃദ്രോഗത്തെ 85 ശതമാനം വരെ പടിപ്പുറത്ത് നിര്‍ത്താം എന്ന യാഥാര്‍ത്ഥ്യം ഗവേഷണനിരീക്ഷണങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു. ഇനി ഹാര്‍ട്ടറ്റാക്കോ ആന്‍ജിയോപ്ലാസ്റ്റിയോ ബൈപ്പാസ് സര്‍ജറിയോ കഴിഞ്ഞും ഡോക്ടര്‍ നിഷ്‌ക്കര്‍ഷിക്കുന്ന മരുന്നുകള്‍ കൃത്യമായി സേവിക്കുന്നവര്‍ 25 ശതമാനത്തില്‍ താഴെ. രക്തം നേര്‍പ്പിക്കുന്ന മരുന്നുകള്‍ കഴിക്കാതിരുന്നാല്‍ ആന്‍ജിയോപ്ലാസ്റ്റിയുടെ സ്റ്റെന്റും ബൈപ്പാസ് സര്‍ജറിയുടെ ഗ്രാഫ്റ്റും അടഞ്ഞു പോകുമെന്നു പറഞ്ഞാല്‍ അതനുസരിക്കാത്തവര്‍ ഏറെ. ഒരു പ്രാവശ്യം അറ്റാക്കുവന്നവര്‍ പിന്നീടൊന്ന് വരാതിരിക്കുവാന്‍ ആവശ്യമായി കഴിക്കേണ്ട ദ്വതീയ പ്രതിരോധമരുന്നുകളുണ്ട്. അതും ലാഘവത്തോടെ സേവിക്കാതിരിക്കുന്നവര്‍ ധാരാളം. പ്രതിരോധത്തിനു യാതൊരുപ്രാധാന്യവും കൊടുക്കാതെ രോഗമുണ്ടാകുമ്പോള്‍ മാത്രം ജീവന്‍ രക്ഷിക്കാന്‍ നെട്ടോട്ടമോടുന്ന മലയാളികളെക്കൊണ്ട് നിറയുകയാണ് കേരളം. വരും കാലങ്ങളില്‍ കേരള സംസ്ഥാനത്തിന് ഏറ്റവും കൂടുതല്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കാന്‍ പോകുന്നതും ഹൃദ്രോഗബാധയുടെ ചികിത്സക്കുവേണ്ടിയാണെന്നോര്‍ക്കണം.
ഏതൊരു നാടിന്റെയും ആരോഗ്യസൂചിക വിലയിരുത്തുന്ന അടിസ്ഥാനപ്രമാണം അവിടെയുള്ള വയോനജങ്ങളുടെ സുസ്ഥിതിയും ആരോഗ്യനിലവാരവും തൃപ്തികരമാണോ എന്നറിയുകയാണ്. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ കേരളം നേരിടുവാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്‌നം വൃദ്ധജനസംഖ്യയാല്‍ ഉണ്ടാകുന്ന അഭൂതപൂര്‍വ്വമായ വര്‍ദ്ധനയാണ്. ജനനനിരക്ക് കുറയുകയും ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുകയും ചെയ്തതോടെ കേരളസമൂഹത്തില്‍ വയോധികരുടെ എണ്ണം കുതിച്ചുയരുകയാണ്. അവരുടെ സമഗ്രമായ ആരോഗ്യപരിപാലനത്തില്‍ കേരളം ഏത്രകണ്ട് വിജയിക്കും? അടുത്ത രണ്ടു ദശകങ്ങളില്‍ കേരള ജനതയില്‍ മൂന്നിലൊന്നും 60 വയസ്സ് കഴിഞ്ഞവരായിരിക്കും. സ്ത്രീകളുടെ ആയുസ്സ് പുരുഷന്മാരെക്കാള്‍ കൂടുതലായതുകൊണ്ടും വിവാഹം കഴിക്കുമ്പോഴുള്ള പ്രായവ്യത്യാസം മൂലവും വയോധികരില്‍ ഭൂരിഭാഗവും വിധവകളായിരിക്കും. വാര്‍ദ്ധക്യം ഇന്ന് പലര്‍ക്കും ഒരു ശാപമാണ്. സ്വന്തം മക്കള്‍ക്കുവേണ്ടി എന്തും ചെയ്യുന്നവര്‍ അവരുടെ മാതാപിതാക്കളെപ്പറ്റി ചിന്തിക്കാറേയില്ല. കിടക്കാനൊരിടമോ ഭക്ഷണമോ നല്‍കാതെ ഉപേക്ഷിച്ച് പെരുവഴിയിലിറക്കുന്ന എത്ര മാതാപിതാക്കളെ നാം കാണുന്നു. ഇക്കൂട്ടര്‍ക്കായി സര്‍ക്കാര്‍ തലത്തില്‍ നിയമപരിഷ്‌ക്കാരങ്ങളും സാമ്പത്തിക സഹായപദ്ധതികളും ഉണ്ടാവണം.
ഇന്നത്തെ ഡോക്ടര്‍മാരെല്ലാം രോഗികളെ സമുചിതമായി ചികിത്സിക്കുന്നതിന് പ്രാപ്തരാണോ? ഡോക്ടര്‍-രോഗീ ബന്ധം മനുഷ്യത്വപരമല്ലാതാവുന്നുവെന്ന് പരക്കെ പരാതിയുണ്ട്. രോഗിയെ സഹജീവിയായി കാണുന്നതിനുപകരം ഉപഭോഗവസ്തുവായോ യന്ത്രമായോ കണ്ട് മറ്റൊരു യന്ത്രം കൊണ്ട് ‘റിപ്പയര്‍’ ചെയ്യുന്ന പ്രവണത. സാങ്കേതിക വിദ്യകളുടെ കുതിച്ചുചാട്ടത്തിന് ഇങ്ങനെയൊരു മറുവശമുണ്ട്. ഡോക്ടര്‍മാര്‍ പലരും കൂടുതല്‍ പ്രതിരോധപരമായ പരിചരണ പദ്ധതികള്‍ സംവിധാനം ചെയ്യുന്നതിലും ഊന്നല്‍ നല്‍കുന്നു. അതായത് അസ്വാരസ്യങ്ങള്‍ക്ക് ഇടം നല്‍കാത്ത ചികിത്സാരീതി. ഇതിന് രോഗികളും ബന്ധുക്കളും തന്നെ കാരണക്കാര്‍. ചികിത്സയിലിരിക്കുന്ന രോഗികള്‍ മരിച്ചാല്‍ ഉടനെ ഡോക്ടര്‍ക്കും ആശുപത്രിക്കും എതിരായി ബന്ധുക്കള്‍ തിരിയുകയാണ്. എല്ലാ രോഗങ്ങള്‍ക്കും വൈദ്യശാസ്ത്രത്തില്‍ പ്രതിവിധികളില്ലെന്നും ചികിത്സിച്ച് നൂറുശതമാനം ഭേദപ്പെടുത്താവുന്നവയല്ല എല്ലാ രോഗങ്ങളെന്നുമുള്ള യാഥാര്‍ത്ഥ്യം പലരും മനസ്സിലാക്കുന്നില്ല.
രോഗിയുടെ ശാരീരിരകവും മാനസ്സികവും സാമൂഹികവുമായ ഘടകങ്ങള പരിഗണിച്ചുകൊണ്ടുള്ള ഒരു ‘ഹോളിസ്റ്റിക്’ ചികിത്സാരീതി ഇന്ന് പല യുവഡോക്ടര്‍മാര്‍ക്കുമറിയില്ല. അതിനു പ്രധാന കാരണം അവരെ പഠിപ്പിച്ച് ഡോക്ടര്‍മാര്‍ ആക്കിയ പഴയ മെഡിക്കല്‍ പാഠ്യപദ്ധതിതന്നെ. 1997-ല്‍ നിലവില്‍ വന്ന പഴയ പാഠ്യപദ്ധതി പരിഷ്‌കരിച്ച്, രോഗികളുമായി മാനുഷിക ബന്ധം സ്ഥാപിക്കാന്‍ കഴിവുള്ളവരും സാമൂഹ്യ സേവനതല്പരരുമായ ഡോക്ടര്‍മാരെ പരിശീലിപ്പിക്കുന്ന പുതിയ മെഡിക്കല്‍ സിലബസ് കഴിഞ്ഞവര്‍ഷം പ്രാബല്യത്തില്‍ വന്നത് ഏറെ സ്വാഗതാര്‍ഹം തന്നെ. പുതിയ പാഠ്യപദ്ധതി ഫലവത്തായി നടപ്പിലാക്കിയാല്‍ മാനുഷിക മൂല്യങ്ങളും ആധുനികവൈദ്യശാസ്ത്രവിജ്ഞാനവും നൈപുണ്യങ്ങളും കൈമുതലായിട്ടുള്ള ഡോക്ടര്‍മാരുടെ പുതിയൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയും. ഇവര്‍ പുതിയൊരു ആരോഗ്യകേരളം കെട്ടിപ്പെടുക്കുന്നതില്‍ നെടുംതൂണുകളായി പ്രവര്‍ത്തിക്കും.
Posted by vincent