കൃഷിയോടും അതിന്റെ ഉല്പന്നമായ ഭക്ഷണത്തോടും ബന്ധപ്പെട്ടാണ് ജനങ്ങളുടെ ആരോഗ്യം നിലനില്ക്കുന്നത്. മനുഷ്യന്റെ ആരോഗ്യകമായ ജീവിതത്തിന് ശുദ്ധമായ ഭക്ഷണവും വെള്ളവും വായുവും അനിവാര്യമാണ്. രാസരഹിതമായ കൃഷിയിലൂടെ മാത്രമേ മണ്ണിന്റെയും വായുവിന്റെയും പ്രകൃതിയുടെയും വീണ്ടെടുപ്പ് സാധ്യമാകുകയുള്ളൂ. പൗരന്മാരുടെ ആരോഗ്യത്തിന് ഹാനികരമല്ലാത്ത രീതിയില്‍ നമ്മുടെ കാര്‍ഷിക മേഖലയെ പുനഃസംഘടിപ്പിക്കേണ്ടതിനെപ്പറ്റിയും നെല്‍കൃഷി വ്യാപിപ്പിക്കേണ്ടതിനെപ്പറ്റിയും കേരളത്തിന്റെ പതിനാലാം മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പ്രശാന്ത് പി നായരുമായി സംസാരിക്കുന്നു.
ആരോഗ്യം എന്നത് കൃഷിയെയും അതിന്റെ ഉല്പന്നമായ ഭക്ഷണത്തെയും ആശ്രയിച്ചാണല്ലോ നിലനില്ക്കുന്നത്. വിപണിയുടെ താത്പര്യങ്ങള്‍ ക്കനുസരിച്ചുള്ള ഉല്പ്പന്നങ്ങളുല്പ്പാദിപ്പിക്കുക എന്നതില്‍നിന്ന് മാറി ജനങ്ങളുടെ ആരോഗ്യത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു കൃഷി ദര്‍ശനം ഇനിയും രൂപപ്പെടേണ്ടതുണ്ട്. അതിനുതകുന്ന എന്തെല്ലാം പദ്ധതികളാണ് ഗവണ്‍മെന്റ് തലത്തില്‍ നടപ്പിലാക്കുക?
കൃഷിയെ കാര്‍ഷിക ഉല്പ്പന്നങ്ങള്‍ ഉല്പ്പാദിപ്പി ക്കുക എന്ന നിലയില്‍ മാത്രമല്ല വളര്‍ത്തിക്കൊണ്ട് വരാനുദ്ദേശിക്കുന്നത്. ആരോഗ്യകരവും ഇക്കോസിസ്റ്റത്തിന്റെ നിലനില്പിന് ഉതകുന്ന കൂടിയാകണം കൃഷി. അതുകൊണ്ട് കൃഷിയുടെ വികസനം പരിസ്ഥിതിയുടെ നിലനില്പിനെക്കൂടി മുന്നില്‍ കണ്ടുകൊണ്ടുള്ള വികസനമാകണം. വികസനം എന്ന് പറയുന്നത് ജനങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളുമുള്ള നഗരങ്ങളുണ്ടാക്കുക, ആധുനിക ടെക്‌നോളജികള്‍ ഉണ്ടാവുക, വിമാനത്താവളങ്ങളുണ്ടാവുക വലിയ വലിയ ഫഌറ്റുകളുണ്ടാവുക സഞ്ചാരങ്ങളുടെ വേഗത വര്‍ദ്ധിക്കുക എന്നിവ മാത്രമാവരുത്. മനുഷ്യന്‍ എന്നനിലയില്‍ അവന്റെ മാനസികാരോഗ്യവും ശാരീരികാരോഗ്യവും വളരെ നല്ല നിലയില്‍ നിലനിര്‍ത്തിക്കൊണ്ട് പോകുമ്പോഴാണ് മനുഷ്യ വിഭവശേഷി സമൂഹത്തിന് ഗുണകരമായി ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. ലോകത്ത് അഞ്ച് കോടി കെമിക്കല്‍സുണ്ട്. ഈ കെമിക്കല്‍സ് മനുഷ്യന്‍ ഉപയോഗിക്കാന്‍ തുടങ്ങിയതു മുതല്‍ മനുഷ്യന്റെ ആയുര്‍ ദൈര്‍ഘ്യം കൂടിയോ കുറഞ്ഞോ എന്ന് പരിശോധിച്ചാല്‍ കുറഞ്ഞതായിട്ടാണ് കാണാന്‍ കഴിയുക. രാസവസ്തുക്കുളുടെ ഉപയോഗത്തിന് മുന്‍പ് മനുഷ്യര്‍ 120 വയസുവരെ ആരോഗ്യവാന്മാരായി ജീവിച്ചിരുന്നു. ഇന്ന് ആള്‍ക്കാര്‍ എഴുപതും എണ്‍പതും വയസു വരെയൊക്കെ ജീവിക്കുന്നതുപോലും പൂര്‍ണമായ ആരോഗ്യത്തോടെയല്ല. മനുഷ്യന്‍ ആരോഗ്യത്തോടെ ജീവിക്കാനുള്ള അടിസ്ഥാന ഘടകങ്ങള്‍ അവന്റെ ഭക്ഷണം, അവന്‍ കുടിക്കുന്ന വെള്ളം അവന്‍ ശ്വസിക്കുന്ന വായു അവന്റെ പ്രകൃതിയുമായി ബന്ധപ്പെട്ട അന്തരീക്ഷം ഇവയൊക്കെയാണ്. ഇപ്പോള്‍ ജനിക്കാന്‍ വേണ്ടിയും ജനിക്കുമ്പോള്‍ത്തന്നെയും ഇന്‍ജക്ഷനുകളാണ്. ഇന്‍ജക്ഷനടക്കമുള്ള കെമിക്കലുകളുടെ ലോകത്തേക്കാണ് കുട്ടികള്‍ പിറന്ന് വീഴുന്നത്. ഏറ്റവും കൂടുതല്‍ രാസപഥാര്‍ത്ഥങ്ങളുപയോഗിക്കുന്നത് കൃഷിയിലാണ്. നമ്മുടെ നാട്ടില്‍ പ്രകൃതിയെ കേന്ദ്രീകരിച്ച് കൊണ്ടുള്ള വികസനമല്ല നടക്കുന്നത്.
മനുഷ്യന് ആവശ്യമായ നല്ല ഭക്ഷണ പഥാര്‍ത്ഥങ്ങള്‍ എങ്ങനെ ഉല്പ്പാദിപ്പിക്കാം എന്നതിനുപരിയായി എത്രത്തോളം ഉല്പാദിപ്പിക്കാം എന്നത് പ്രധാനലക്ഷ്യമായി മാറി. പ്രകൃതിയുമായി ഇണങ്ങി നില്ക്കുന്ന ജൈവകൃഷിയിലേക്ക് വന്നാല്‍ മാത്രമേ ആരോഗ്യകരമായ ജീവിതം സാധ്യമാകൂ. ഇന്ന് പടര്‍ന്ന് പിടിക്കുന്ന രോഗങ്ങള്‍ മരുന്ന് കഴിച്ച് ചികില്‍സിക്കുക മാത്രമാണ് ചെയ്യുന്നത്. രോഗം ഭേദപ്പെടുകയല്ല ചെയ്യുന്നത്. രോഗമില്ലാതെ ജീവിക്കാനാകണമെങ്കില്‍ നമ്മുടെ കൃഷിയിലൂടെ ഉണ്ടാകുന്ന ഭക്ഷണ പഥാര്‍ത്ഥങ്ങള്‍ ആരോഗ്യകരമായിരിക്കണം. അവ വിഷരഹിതമായിരിക്കണം. അതുകൊണ്ട് കൃഷിയെ സമ്പൂര്‍ണ്ണമായി ജൈവരീതിയില്‍ പുനസംഘടിപ്പിക്കേണ്ടതുണ്ട്. ജൈവ അവ ബോധവും ജൈവകൃഷിയും വര്‍ദ്ധിച്ചിട്ടുള്ള ഒരു കാലഘട്ടമാണിത്. എന്നാല്‍ രാസ കീടനാശിനികളുടെ ഉപയോഗത്തിന്റെ കണക്ക് പരിശോധിച്ചാല്‍ വില്പനയുടെ തോത് വര്‍ദ്ധിച്ചതായി കാണാന്‍ കഴിയും. ഇതിലൊരു വൈരുദ്ധ്യമുണ്ട്. അതുകൊണ്ട് ഒരു ‘ഗുഡ് പ്രാക്ടീസ് ഓഫ് അഗ്രിക്കള്‍ച്ചര്‍’ ഇവിടെ വരേണ്ടതുണ്ട്. രാസരഹിതമായ കൃഷിയിലേക്ക് എത്തുക എന്നതാണ് ഇതുകൊണ്ടര്‍ത്ഥമാക്കുന്നത്. രാസവളങ്ങളും രാസ കീടനാശിനികളും ഉപയോഗിച്ച് ഉല്പ്പാദനം വര്‍ദ്ധിപ്പിക്കുമ്പോള്‍ ആ ഉല്പ്പന്നങ്ങള്‍ മനുഷ്യന്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും മറ്റ് ജീവജാലങ്ങള്‍ക്കും എത്രത്തോളം ദോഷകരമാണെന്ന് നമ്മള്‍ തിരിച്ചറിഞ്ഞേ തീരൂ. ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ ആരോഗ്യത്തെയും വരും തലമുറകളെയും എത്രത്തോളം ദോഷകരമായി ബാധിക്കുമെന്ന് നമ്മള്‍ പഠിക്കണം. എങ്ങിനെയും ഉല്പ്പാദനം വര്‍ദ്ധിപ്പിക്കുക എന്നത് മാത്രമാകരുത് ലക്ഷ്യം. മനുഷ്യ വിഭവശേഷിയെ സമൂഹത്തിന് ഗുണകരമായി ഉപയോഗപ്പെടുത്താനാവും വിധമായിരിക്കണം നമ്മുടെ ഭക്ഷ്യോല്പ്പാദനം. കാന്‍സര്‍, പ്രമേഹം, പ്രഷര്‍, കൊളസ്‌ട്രോള്‍, കരള്‍ രോഗങ്ങള്‍ തുടങ്ങി എല്ലാ അസുഖങ്ങളും വര്‍ദ്ധിച്ച് വരികയാണ്. അതുകൊണ്ട് ആരോഗ്യത്തിലധിഷ്ടിതമായ കൃഷിയുടെ പുനസംഘടന പുതിയ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്.
വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്ക ണമെന്നും തരിശിട്ടിരിക്കുന്ന കൃഷിയോഗ്യമായ മുഴുവന്‍ ഭൂമിയിലും കൃഷിയിറക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ദീര്‍ഘകാലമായി ഉയര്‍ന്നുവരു ന്നതാണ്. ഇത്തരം കാര്യങ്ങളില്‍ നടപടിയു ണ്ടാകുമോ?
അതില്‍ വളരെ കൃത്യമായ കാഴ്ചപ്പാട് ഈ സര്‍ക്കാറിനുണ്ട്. കൃഷി ഭൂമിയുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കുക എന്നുള്ളത് നമ്മുടെ ലക്ഷ്യമാണ്. ഇപ്പോള്‍ മൂന്ന് ലക്ഷം ഹെക്ടര്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. നെല്‍വയല്‍ ഉള്‍പ്പെടെ ഒരു ലക്ഷം ഹെക്ടര്‍ കൃഷിയോഗ്യമായ ഭൂമി തരിശ് കിടക്കുന്നുണ്ട്. ഇത് പൂര്‍ണ്ണമായും കൃഷിയോഗ്യമാക്കിമാറ്റുകയും നെല്‍കൃഷി യുടെ വര്‍ദ്ധനവിനായി കരക്കൃഷി വ്യാപിപ്പി ക്കുകയും ചെയ്യും. ഒരു ലക്ഷം ഹെക്ടറിലേക്ക് അഞ്ച് കൊല്ലം കൊണ്ട് നെല്‍കൃഷി എത്തി ക്കുവാനുള്ള ഒരു പദ്ധതി കൊണ്ട് വരും. അതിന്റെ വിശദാംശങ്ങള്‍ പിന്നീട് പറയും. നിലവിലുള്ള കൃഷിഭൂമിയുടെ ഉല്പാദനക്ഷമത വര്‍ദ്ധിപ്പി ക്കുന്നതിനായി ഒരു തവണ കൃഷി ചെയ്യുന്നിടത്ത് സാധ്യതകള്‍ക്കനുസരിച്ച് രണ്ട് തവണ കൃഷി ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ നടത്തണം. പിന്നെ കൃഷി ഭൂമിക്ക് നിയമപരമായ പരിരക്ഷ നല്കുക എന്നതാണ്. തണ്ണീര്‍ത്തട നിയമത്തെ ശക്തിപ്പെടുത്താന്‍ വേണ്ടി ഡാറ്റാ ബാങ്ക് ആറുമാസം കൊണ്ട് പ്രസിദ്ധീകരിക്കും.
കൃഷി, പ്രകൃതി, ആരോഗ്യം എന്നിവ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള പ്രചാരണ പരിപാടികള്‍ നടത്തിക്കൊണ്ട് ജനങ്ങളെ പരി സ്ഥിതി സൗഹാര്‍ദ്ദപരമായ കൃഷിയിലേക്ക് കൊണ്ട് വരും.
നല്ല പ്രതിരോധ ശേഷിയുള്ള ധാരാളം നാടന്‍ നെല്‍വിത്തിനങ്ങള്‍ കേരളത്തിലുണ്ടായിരുന്നു. ജനിതമാറ്റം വരുത്തിയതും അത്യുല്പാദന ശേഷിയുള്ളതുമായ വിത്തുകള്‍ വന്നപ്പോള്‍ നമ്മുടെ തനതുവിത്തുകളും നമ്മുടെ മണ്ണിന്റെ ജൈവ സംപുഷ്ടതയും നഷ്ടമായി. ഇത് തിരിച്ച് പിടിക്കുന്നതിനുള്ള എന്ത് നടപടികളാണ് കൈക്കൊള്ളാന്‍ പോകുന്നത്?
നമ്മുടെ തനത് നെല്‍വിത്തുകളെ സംരക്ഷി ക്കുന്നതിനുള്ള ‘വിത്ത് ബാങ്കുകള്‍’ രൂപീകരിച്ച് ലഭ്യമാവുന്ന മുഴുവന്‍ നാടന്‍ വിത്തുകളും സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യും. ആധുനിക സൗകര്യത്തോടെ കൃഷിവകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാ ക്കുകയും വിത്തുകള്‍ വര്‍ഷാവര്‍ഷം കൃഷി ചെയ്ത് സംരക്ഷിക്കുകയും ചെയ്യും. കേരളത്തിലുണ്ടായിരുന്ന മുന്നൂറോളം വിത്തു കളാണ് ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. സ്ഥിരമായി കരകൃഷിചെയ്യുന്ന വിത്തുകള്‍ മാത്രമല്ല ഔഷധ മൂല്യമുള്ള അനേകം വിത്തിനങ്ങളുണ്ട്. രക്തശാലി, കയമ, നവര യൊക്കെ നല്ല ഔഷധ മൂല്യമുള്ള വിത്തുകളാണ്. അവയുടെ ഉല്പാദനം താരതമ്യേന കുറവാണെങ്കിലും മൂല്യം കൂടുതലുള്ളവയാണ്. ഇത്തരം വിത്തുകള്‍ കൂടുതല്‍ പ്രചരിപ്പിക്കുന്നതു വഴി മോണോക്രോപ്പിന് പകരം വൈവിധ്യമുള്ള അരികള്‍ ഉല്പാദിപ്പിക്കാം. നഷ്ടപ്പെട്ട് പോയിട്ടുള്ള ധാരാളം വിത്തുകളുണ്ട്. കാന്‍സറൊക്കെ പെരുകുന്നതിന് കാരണമി താവാം. കാച്ചില്‍, ചേമ്പ്, ചേന, ചെറുകിഴങ്ങ്, മധുരകിഴങ്ങ്, നനകിഴങ്ങ് തുടങ്ങി പരമ്പരാഗത ഭക്ഷ്യ ശീലത്തിന്റെ ഭാഗമായിരുന്ന കിഴങ്ങ് വര്‍ഗങ്ങളുടെ ഉല്പാദനം ഗണ്യമായി കുറഞ്ഞു. പരമ്പരാഗത പച്ചക്കറികളും കിഴങ്ങ് വര്‍ഗങ്ങളും തിരിച്ച് കൊണ്ട് വരുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കും.
നമുക്ക് വേണ്ടത് ജനിതകമാറ്റം വരുത്തിയ വിത്തുകളല്ല. ഇന്ത്യയില്‍ത്തന്നെ 22000 വിത്തുകളുണ്ടായിരുന്നു. ഒരു നെല്ലില്‍ത്തന്നെ രണ്ട് അരിമണികളുണ്ടായിരുന്ന ഇനങ്ങ ളുമുണ്ടായിരുന്നു. ഹരിതവിപ്ലവത്തിന്റെ കാലത്താണ് ഇതൊക്കെപ്പോയത്. നമ്മുടെ തനത് വിത്തുകള്‍ക്ക് പകരം സങ്കരയിനം വിത്തുകളും കെമിക്കലുപയോഗിച്ചുള്ള കൃഷിയും കൊണ്ട് വന്നു. അത് മറികടക്കാന്‍ ഗവണ്‍മെന്റ് ഒരു പോളിസി തന്നെ നടപ്പിലാക്കാന്‍ പോവുകയാണ്.
അട്ടപ്പാടിയിലേതുള്‍പ്പെടെയുള്ള ആദിവാസികള്‍ അവരുടെ തനത് കൃഷിയായിരുന്ന കടലയും തിനയും ചാമയും കൂവരകുമൊക്കെ കൃഷി ചെയ്തിരുന്നു. അത്തരം നാടന്‍ കൃഷി രീതികളെയും ഭക്ഷണ സംസ്‌കാരത്തെയും തിരിച്ച് കൊണ്ട് വരുന്നതിനുള്ള പദ്ധതികളെന്തെങ്കിലുമുണ്ടോ?
വട്ടവള, കന്തള്ളൂര്‍, അട്ടപ്പാടി, വയനാട് തുടങ്ങിയ മേഖലകളില്‍ അവരുടേതായ പരമ്പരാഗത ഭക്ഷണ രീതികള്‍ പ്രോല്‍സാഹിപ്പിക്കും. അവരുടെ തനത് ഭക്ഷണത്തില്‍ നിന്ന് മാറി റേഷനരി തീറ്റിച്ച് തുടങ്ങിയതു മുതല്‍ക്കാണ് അവരില്‍ പോഷകാഹാരക്കുറവും വിളര്‍ച്ചയുമൊക്കെ കണ്ട് തുടങ്ങിയത്. നിയമസഭാകമ്മിറ്റി ചെയര്‍മാനായി അട്ടപ്പാടിയില്‍ ചെന്നപ്പോള്‍ അവര്‍ പറഞ്ഞത് ഞങ്ങള്‍ക്കിതൊന്നും വേണ്ട ഞങ്ങള്‍ക്ക് ഞങ്ങളുടെ പഴയ തിനയും ചാമയുമൊക്കെ മതിയെന്നാണ്. ഗവണ്‍മെന്റ് അത് വാങ്ങിക്കൊടുക്കുന്നുണ്ട്. അവിടെത്തന്നെ കൃഷി ചെയ്ത് അവര്‍ക്കുള്ള ഭക്ഷണം അവര്‍ തന്നെ ഉല്പാദിപ്പിക്കുന്ന ഒരു രീതി ഉണ്ടാക്കിക്കൊണ്ട് വരണമെന്ന് ഉദ്ദേശിക്കുന്നുണ്ട്. പിന്നെ നമ്മുക്ക് ജൈവകൃഷിയിലേക്ക് പോകണമെങ്കില്‍ കന്നുകാലികളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. നമ്മുടെ വീടുകളില്‍ തൊഴുത്തിന് പകരം പട്ടിക്കൂടുകളായി. റെട്രിവര്‍ പട്ടിയെ വളര്‍ത്തണമെങ്കില്‍ ദിവസവും നല്ല തുക ചെലവാകും. അതിനെ മാനേജ് ചെയ്യണമെങ്കില്‍ ഒരു ട്രയിനറെത്തന്നെ വയ്ക്കണം. പശുവിനെയും ആടിനെയും കോഴിയെയുമൊക്കെ വളര്‍ത്തുമ്പോഴാണ് ചാണകവും കാഷ്ടവും മൂത്രവുമൊക്കെ പ്രശ്‌നമാകുന്നത്. പട്ടി വീടിനകത്ത് കയറി മൂത്രമൊഴിച്ചാലും പ്രശ്‌നമില്ല. ഇത് നമ്മുടെ സംസ്‌കാരത്തില്‍ വന്ന മാറ്റമാണ്. അത് നമ്മള്‍ തിരിച്ചറിയുകയും തിരുത്തുകയും വേണം. ഇത് കൃഷി വകുപ്പ് ചെയ്യേണ്ടതല്ല. ജനങ്ങള്‍ സ്വയം തിരിച്ചറിയേണ്ട വസ്തുതയാണ്. നമ്മള്‍ കെമിക്കല്‍ കുത്തിവെച്ച ഇറച്ചിയും ഹോര്‍മോണ്‍ കുത്തിവച്ച കോഴിയുടെ മുട്ടയും ഇറച്ചിയും, രാസസംപുഷ്ടവും മാംസാവശിഷ്ടങ്ങടങ്ങിയതുമായ കാലിത്തീറ്റ കൊടുത്തു വളര്‍ത്തുന്ന പശുവിന്റെ പാലും കുടിച്ച് രോഗം വന്ന് മരിക്കുന്നതിനേക്കാള്‍ നല്ലത് നമുക്ക് പറ്റുന്നവ സ്വയം ഉല്പാദിപ്പിക്കുകയല്ലേ. ഇതില്‍ ഒരു സാമൂഹിക ഉത്തരവാദിത്തമുണ്ട്.
അടുത്തതലമുറക്ക് വേണ്ടി മലിനമല്ലാത്ത വായുവും, മലിനമല്ലാത്ത ജലവും രാസരഹി തമായ ഭക്ഷ്യോല്പന്നങ്ങളും നിലനിര്‍ത്തേണ്ട സാമൂഹികമായ ഉത്തരവാദിത്തം നമ്മള്‍ക്കുണ്ട്. അതിന് നല്ല മണ്ണ് വേണം. ഇക്കാര്യത്തില്‍ സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ട്. ഇത്തരം കാര്യങ്ങള്‍ കാര്യക്ഷമമായി എങ്ങനെ നടപ്പിലാക്കാം എന്നതിനെപ്പറ്റി ഈ ഗവണ്‍മെന്റ് ഗൗരവമായി ചിന്തിക്കും.