മീനില്‍ വിളയുന്ന രോഗങ്ങള്‍
August 7, 2024
വിന്‍സന്റ് പീറ്റര്‍
മലയാളിയുടെ ഭക്ഷണത്തില്‍ ഒഴിച്ചു കൂടാനാവാത്ത വിഭവമാണ് മീന്‍. കടല്‍വിഭവങ്ങള്‍ കേരളീയരുടെ ആരോഗ്യത്തെയും സാമ്പത്തിക രംഗത്തെയും പരിപോഷിപ്പിച്ചിരുന്ന ചാകരക്കാലത്തിനന്ത്യമാവുകയാണോ എന്ന് സംശയിച്ചുപോകുംവിധം മീനില്‍ ഫോര്‍മാലിനും സോഡിയം ബെന്‍സോയേറ്റും മറ്റ് വിഷപഥാര്‍ത്ഥങ്ങളും അനുവദനീയമായതിലും കൂടിയ അളവില്‍ ചേര്‍ക്കുന്നു എന്ന വാര്‍ത്തകള്‍ നമ്മെ ഭയപ്പെടുത്തുന്നു. പൂര്‍ണ സസ്യാഹാരികള്‍ ഒഴികെയുള്ള മലയാളികളില്‍ ബഹുഭൂരിപക്ഷത്തിനും മത്സ്യവിഭവങ്ങള്‍ എല്ലാ ദിവസവും നിര്‍ബന്ധമായിരിക്കെ മണ്‍സൂണ്‍ കാലത്തെ ട്രോളിംഗ് നിരോധനവും മുന്‍കാലങ്ങളെ അപേക്ഷിച്ച് കേരള തീരത്തുള്ള അയലയുടെയും മത്തിയുടെയുമൊക്കെ, ലഭ്യതക്കുറവും കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൂടിയ തോതില്‍ മീന്‍ കൊണ്ടുവരുന്നതിന് കാരണമായി. ഗുജറാത്ത്, ഒഡിഷ, കര്‍ണാടകം, ഗോവ, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന വിവിധയിനം മീനുകളാണ് ഇപ്പോള്‍ നമ്മുടെ തീന്‍മേശകളെ വിഭവസമൃദ്ധമാക്കുന്നത്. ഒരു മാസം മുന്‍പ് തിരുവനന്തപുരത്തെ അമരവിളയിലും പാലക്കാട്ടെ വാളയാറിലും കൊല്ലത്തെ ആര്യങ്കാവ് ചെക്‌പോസ്റ്റുകളില്‍ പരിശോധിക്കപ്പെട്ട ആയിരക്കണക്കിന് കിലോഗ്രാം മീനുകളില്‍ കണ്ടെത്തിയ ഫോര്‍മാലിന്‍ സാന്നിധ്യമാണ് അത്യന്തം അപകടകരവും അനാരോഗ്യകരവുമായ മത്സ്യക്കച്ചവടത്തിന്റെ ഭീതിതമായ മായം ചേര്‍ക്കലുകള്‍ വെളിച്ചത്ത് കൊണ്ടുവന്നത്. ഫോര്‍മാല്‍ഡിഹൈഡ് എന്ന രാസവസ്തുവില്‍ 35-40 ശതമാനം വെള്ളം ചേര്‍ത്തലായനിയാണ് ഫോര്‍മാലിന്‍. അണുബാധ തടഞ്ഞ് കോശകലകള്‍ക്ക് കട്ടികൂട്ടുന്ന ഫോര്‍മാലിന്‍ പ്രധാനമായും ഉപയോഗിക്കുന്നത് മോര്‍ച്ചറിയിലും മെഡിക്കല്‍കോളേജ് ലാബുകളിലും മൃതദേഹങ്ങള്‍ കേടുകൂടാതെ സംരക്ഷിക്കുന്നതിനും ശസ്ത്രക്രിയാ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നതിനുമൊക്കെയാണ്. ഫോര്‍മാലിന്‍ തളിക്കുമ്പോള്‍ മീനുകള്‍ക്ക് കൃത്രിമമായ തിളക്കം ഉണ്ടാവുകയും കേടായ മീന്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ പറ്റാതാവുകയും ചെയ്യും. വാങ്ങുന്നവര്‍ക്ക് മുന്‍പില്‍ കേടാവാത്തതാണ് എന്ന രീതിയില്‍ മീനിനെ അവതരിപ്പിച്ച് കൊണ്ട് വില്‍പന നടത്താനും ബാക്കിവന്നവ വരും ദിവസങ്ങളിലേക്ക് സൂക്ഷിച്ച് വയ്ക്കാനും ഫോര്‍മാലിന്‍ പ്രയോഗിക്കുന്നു. ഭക്ഷ്യവസ്തുക്കളിലെ ബാക്ടീരിയയുടെ വളര്‍ച്ചയും അവ പെരുകുന്നതും തടയുന്നതിനായി ഉപയോഗിക്കുന്ന സോഡിയം ബെന്‍സോയേറ്റ് എന്ന അന്നസംരക്ഷക രാസവസ്തുവും തോന്നിയപടി അമിതമായ അളവില്‍ മീനില്‍ കലര്‍ത്തുന്നു. മീന്‍ അഴുകാതിരിക്കാനായി ഉപയോഗിക്കുന്ന ഐസ് കട്ടകളുടെ നിര്‍മാണ ഘട്ടത്തിലും ഫോര്‍മാലിനും സോഡിയം ബെന്‍സോയേറ്റും അമോണിയയുമൊക്കെ ചേര്‍ക്കുന്നു. ആഴക്കടല്‍ മത്സ്യബന്ധനത്തിനായി കടലില്‍ വലവീശുന്ന ഭീമന്‍ ബോട്ടുകളില്‍ അവര്‍ ശേഖരിച്ച മീനുമായി കരയ്ക്കണയുന്നത് ആഴ്ചകള്‍ക്കും മാസങ്ങള്‍ക്കും ശേഷമാണ്. മതിയായ ശീതികരണ സംവിധാനങ്ങളുണ്ടെങ്കിലും മീന്‍ പുതിയതായി തോന്നിക്കാനായി വന്‍കിടമീന്‍ പിടുത്ത ബോട്ടുകള്‍ കടലിലേക്ക് പോകുമ്പോള്‍ തന്നെ ഇത്തരം പ്രിസര്‍വേറ്റീവ്‌സുകള്‍ കരുതുന്നുണ്ട്. കരയ്ക്കടുക്കുന്ന ബോട്ടില്‍ നിന്നും ശേഖരിക്കുന്ന മീനുകളില്‍ തരംതിരിച്ച് കയറ്റി അയക്കുന്ന സമയത്താണ് അനുവദനീയമായ അളവിലുമധികം ആരോഗ്യത്തിന് ഹാനീകരമായ ഇത്തരം രാസവസ്തുകള്‍ ചേര്‍ക്കുന്നത്. ഇത്തരം മത്സ്യങ്ങളാണ് കേരളത്തിലെ അറുപതോളം മേജര്‍ മാര്‍ക്കറ്റുകളിലെത്തുന്നത്. മൊത്തവില്പനക്കാരുടെ അമിതമായ പണക്കൊതി മത്സ്യം മാര്‍ക്കറ്റുകളില്‍ നിന്നും വാങ്ങി ഭക്ഷിക്കുന്നവരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതിന്റെ നേര്‍ അനുഭവങ്ങളാണ് കേരളത്തില്‍ വര്‍ദ്ധിച്ച് വരുന്ന കാന്‍സറുകളും മറ്റ് ആമാശയരോഗങ്ങളും.
പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സ്വയം തിരുത്തി നിരന്തരം നവീകരിക്കുന്ന ശാസ്ത്രത്തിന്റെ ആധികാരികത ഉയര്‍ത്തുന്ന ജ്ഞാന സങ്കല്പത്തിന്റെ എല്ലാ പരിധികളും ലംഘിച്ചുകൊണ്ടുള്ള മായം ചേര്‍ക്കല്‍ മത്സ്യത്തിലും പച്ചക്കറിയിലും ആയുര്‍വേദ മരുന്നുകളില്‍പോലും നടത്തുമ്പോള്‍ അതുണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വരും തലമുറകളെയും രോഗബാധിതരാക്കുകയുംേ ഷണ്ഡീകരിക്കുകയും ചെയ്യുന്നതാണെന്ന് നമ്മുടെ ഭരണാധികാരികളും ഉദ്യോഗസ്ഥവൃന്ദവും തിരിച്ചറിയുകയും കൂടുതല്‍ ജാഗ്രതയോടെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും വേണം. ഉന്നത ബന്ധങ്ങളുള്ള, വന്‍സാമ്പത്തിക ശേഷിയുള്ളവരാണ് മാരകവിഷം തളിച്ച മീനുകള്‍ മാര്‍ക്കറ്റിലെത്തിക്കുന്ന സാമൂഹ്യദ്രോഹികള്‍ എന്നതിനാല്‍ നിയമനടപടികള്‍ ചില്ലറ വില്പനക്കാരില്‍ ഒതുങ്ങിപ്പോകുന്ന ചരിത്രമാണ് നമ്മുടെ കുറ്റാന്വേഷണ സംവിധാനങ്ങള്‍ക്കുള്ളത്. സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളില്‍ മായം കലര്‍ത്തിയ കേരളത്തിലെ ഇരുപതോളം പ്രമുഖബ്രാന്റുകള്‍ക്കും ഇകോളിബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ കുപ്പിവെള്ള കമ്പനി ഉടമകള്‍ക്കുമെതിരെയുള്ള നിയമനടപടികളും ദുര്‍ബലപ്പെട്ടുപോകുന്നതാണ് നാം കാണുന്നത്. കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍, സ്പിരിറ്റ് തുടങ്ങിയ മയക്കുമരുന്നുകള്‍ വേട്ടയാടുമ്പോഴും ഏറ്റവും താഴേത്തട്ടിലുള്ള ചില്ലറ വില്പനക്കാരില്‍ അന്വേഷണം അവസാനിക്കുകയും ഉറവിടത്തിലേക്കെത്താന്‍ കഴിയാതെ വരുന്നതും കാലങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്ന വസ്തുതയാണ്. സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍റാണിയുടെ മൂന്നാം ഘട്ടത്തിലാണ് ഫോര്‍മാലിന്‍ കലര്‍ത്തിയ ഉപയോഗ ശൂന്യമായ മീനുകള്‍ പിടികൂടിയത്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി വികസിപ്പിച്ച പേപ്പര്‍ സ്ട്രിപ്പ് ഉപയോഗിച്ച് നടത്തിയ പ്രാഥമിക പരിശോധനയിലാണ് മത്സ്യത്തില്‍ ഫോര്‍മാലിന്‍ സാന്നിധ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ ലാബില്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഒരു കിലോ മത്സ്യത്തില്‍ 63 മില്ലി ഗ്രാം ഫോര്‍മാലിന്‍ കണ്ടെത്തി. കഴിക്കുന്ന മീനിനൊപ്പം ഫോര്‍മാലിന്‍ ശരീരത്തിനുള്ളിലെത്തിയാല്‍ കാന്‍സറടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാവും. വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ് ഫോര്‍മാലിന്‍, അമോണിയ, സോഡിയം ബെന്‍സോയേറ്റ് തുടങ്ങിയവ. ഇവ ആദ്യം ബാധിക്കുക ദഹനേന്ദ്രിയ വ്യവസ്ഥയെ ആയിരിക്കും. ഇത് ആമാശയവ്രണങ്ങള്‍ക്കും രക്തസ്രാവത്തിനും കാരണമാകാം. എല്ലാ ദിവസവും മീന്‍ നിര്‍ബന്ധമാക്കിയ മലയാളിയുടെ ആമാശയത്തില്‍ ഈ രാസവസ്തുക്കള്‍ എല്ലാ ദിവസവും എത്തുന്നു. ഇത്തരം രാസവസ്തുക്കളെ വിഘടിപ്പിക്കുന്നത് കരളിനും തകരാറുകളുണ്ടാക്കും. ഒന്നു ഡയല്‍ ചെയ്താല്‍ വീട്ടിലെത്തുന്ന ശീതികരിച്ച മീനിനൊപ്പം നമ്മള്‍ പൊരിച്ചും കറിവച്ചും കഴിക്കുന്നത് കാന്‍സറിനും കരള്‍ രോഗത്തിനും വൃക്കതകരാറിനുമൊക്കെ കാരണമായേക്കാവുന്ന മാരകവിഷമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ആരോഗ്യകരമായ ഭക്ഷണ രീതികളിലേക്കും നല്ല ഉല്പന്നങ്ങള്‍ തെരഞ്ഞെടുക്കുന്നതിലേക്കും നമ്മുടെ ശീലങ്ങള്‍ മാറേണ്ടതുണ്ട്. മീന്‍ വിപണി സജീവമായിക്കൊണ്ടിരിക്കുന്നതനുസരിച്ച് നിലച്ചുപോകേണ്ടതല്ല ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകളും നിയമനടപടികളും. വിഷം കലര്‍ത്തിയ മീനുകള്‍ അതിര്‍ത്തികടക്കാന്‍ അനുവദിക്കാതിരിക്കുന്നതിനൊപ്പം വിഷം കലര്‍ത്തുന്നവരെ കണ്ടെത്തുകയും വേണം. ഗുണനിലവാരമില്ലാത്ത ഉല്പന്നങ്ങള്‍ വില്ക്കില്ല എന്ന നിലപാടെടുക്കാന്‍ ചെറുകിട കച്ചവടക്കാരെ പ്രാപ്തരാക്കും വിധം ബോധവത്ക്കരണമടക്കമുള്ള ഇടപെടലുകളിലൂടെ മുന്നേറാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സന്നദ്ധരാവണം. ഇടനിലക്കാരില്‍ നിന്നും മീന്‍വാങ്ങി കച്ചവടം നടത്തുന്ന ചില്ലറ വില്പനക്കാരെ പീഢിപ്പിക്കുന്നതാവരുത് നമ്മള്‍ കൈക്കൊള്ളുന്ന നിയമനടപടികള്‍. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ സമുദ്രമത്സ്യോല്പാദനത്തില്‍ മൂന്നാം സ്ഥാനത്താണ് കേരളമെങ്കിലും സംസ്ഥാനത്തിന് മൊത്തം ആവശ്യമുള്ളതിന്റെ 40 ശതമാനവും അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. അതുകൊണ്ട് മീന്‍ കേടാകാതിരിക്കാനും പഴകിയതാണെന്ന് മനസിലാകാതിരിക്കാനും കൂടുതല്‍ ലാഭം ഉറപ്പ് വരുത്താനും മുതലാളിമാര്‍ വിഷം കലര്‍ത്തും. നമ്മുടെ ആരോഗ്യം ഉറപ്പ് വരുത്തേണ്ടത് നമ്മുടെ മാത്രം ബാധ്യതയാണ്. കേടായതോ വിഷം കലര്‍ന്നതോ ആയ മീന്‍ ഉപയോഗിക്കില്ല എന്ന് നാം തീരുമാനിച്ചാല്‍, വിഷം കലര്‍ന്ന മീന്‍ വില്‍ക്കില്ല എന്ന് ചെറുകിട കച്ചവടക്കാര്‍ തീരുമാനിച്ചാല്‍, വന്‍കിടക്കാര്‍ക്ക് നല്ല മത്സ്യം എത്തിക്കാതിരിക്കാനാവില്ല. നമ്മുടെ സംവിധാനങ്ങളെ നേര്‍വരയിലാക്കാന്‍ അത്തരമൊരു സമരത്തിന്റെ പാത നാം തെരഞ്ഞെടുക്കുകതന്നെ വേണം.
ഫോര്‍മാലിന്‍ ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകാം
ഡോ. ബി പദ്മകുമാര്‍
മെഡിസിന്‍ വിഭാഗം മേധാവി
ഗവ. മെഡിക്കല്‍ കോളേജ്, കൊല്ലം
ഫോര്‍മാല്‍ ഡി ഹൈഡ് എന്ന രാസപദാര്‍ത്ഥം ലയിപ്പിച്ചുണ്ടാക്കുന്ന മിശ്രിതമാണ് ഫോര്‍മാലിന്‍. മൃതദേഹങ്ങള്‍ കേട്കൂടാതിരിക്കുന്നതിനും പതോളജിലാബില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തിനായി ആന്തരികാവയവങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനും ശസ്ത്രക്രിയാ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നതിനുമൊക്കെയാണ് ഫോര്‍മാലിന്‍ ഉപയോഗിക്കുന്നത്. പഴകിയതും കേടായതുമായ മീന്‍ ഫ്രഷാണെന്ന് തോന്നിപ്പിക്കാനാണ് മീനില്‍ ഫോര്‍മാലിന്‍ ഉപയോഗിക്കുന്നത്. ഫോര്‍മാലിന്‍ മീനിലൂടെ ആമാശയത്തിലെത്തിയാല്‍ ഉദരസംബന്ധമായ നിരവധി അസുഖങ്ങള്‍ക്ക് കാരണമാകാം. ആമാശയത്തില്‍ വൃണങ്ങളുണ്ടാവുക ആമാശയത്തിലെ ശ്ലേഷ്മ സ്തരത്തില്‍ വിള്ളലുണ്ടാവുക, ഉദര രക്തസ്രാവം തുടങ്ങിയവക്ക് കാരണമാകും. ശരീരത്തിലെത്തുന്ന ഇത്തരം രാസഘടകങ്ങള്‍ വിസര്‍ജിക്കപ്പെടുന്നത് കരളിലൂടെയും വൃക്കയിലൂടെയുമാണ്. ഇത് കരളിന്റെയും വൃക്കയുടെയുമൊക്കെ പ്രവര്‍ത്തനം തകരാറിലാക്കും. കേരളത്തിന്റെ പ്രത്യേകതയനുസരിച്ച് 50 വയസിന് മുകളില്‍ പ്രായമുള്ള നല്ല ശതമാനം ആളുകള്‍ രക്തം കട്ടപിടിക്കാതിരിക്കുന്നതിനായ് ആസ്പിരിന്‍ പോലുള്ള ഗുളികകള്‍ കഴിക്കുന്നവരാണ്. അങ്ങനെയുള്ളവര്‍ക്ക് ഫോര്‍മാലിന്‍ സ്ഥിരമായി ഉള്ളില്‍ ചെല്ലുമ്പോഴുണ്ടാകുന്ന മുറിവുകള്‍ ആന്തരിക രക്തസ്രാവത്തിന് കാരണമാകും. ദീര്‍ഘകാലം ഫോര്‍മാലിന്‍ വയറ്റിലെത്തിയാല്‍ കാന്‍സറിനും കാരണമാകും.
കേരളത്തിലേക്കുള്ള മത്സ്യവരവ്
കേരള സംസ്ഥാനത്തിന് ഒരു ദിവസം ആവശ്യമായ മത്സ്യവിഭവത്തിന്റെ 40 ശതമാനവും വരുന്നത് അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ്. ദിനംപ്രതി 1000 ടണ്‍ മത്സ്യമാണ് അതിര്‍ത്തികടന്ന് കേരളത്തിലെത്തുന്നത്. 60 മേജര്‍ മാര്‍ക്കറ്റുകളുള്ള കേരളത്തില്‍ ആകെ 2500 ലധികം മാര്‍ക്കറ്റുകളുണ്ട്. ഈ മേജര്‍ മാര്‍ക്കറ്റുകളിലാണ് സംസ്ഥാനത്തിന് പുറമെ നിന്നുള്ള മീനുകള്‍ എത്തിക്കുന്നത്. ഇവിടങ്ങളിലൊരിടത്തും വരുന്ന മീനുകളിലെ വിഷാംശങ്ങള്‍ പരിശോധിക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്ഥിരം പരിശോധനാ സംവിധാനങ്ങളില്ല. മലയാളികളുടെ ഇഷ്ട ഇനങ്ങളായ അയല, നത്തോലി, ചാള, ആവോലി, ചൂര, കരിമീന്‍ തുടങ്ങി ഇരുപതിലധികം ഇനം മീനുകള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് നമ്മുടെ മാര്‍ക്കറ്റിലെത്തുന്നുണ്ട്. കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും ചാളമീന്‍ കേരളത്തിലെത്തുന്നത്. ഗോവയില്‍ നിന്ന് വറ്റയും ചൂരയും ഗുജറാത്തില്‍ നിന്നും ഒഡീഷയില്‍ നിന്നും ഉള്‍നാടന്‍ മത്സ്യ ഇനങ്ങളും കൊണ്ടുവരുന്നു. ഭക്ഷ്യ സുരക്ഷാരംഗത്ത് കണിശത പുലര്‍ത്തുന്ന അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന മത്സ്യത്തില്‍ കിലോഗ്രാമിന് 0.2 മൈക്രോഗ്രാം എന്നനിലയില്‍ ഫോര്‍മാലിന്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. സ്വാഭാവികമായും മത്സ്യത്തിലുണ്ടായേക്കാവുന്ന രാസ സാന്നിധ്യം കൂടി പരിഗണിച്ചാണിത്. മത്സ്യത്തില്‍ ഫോര്‍മാലിന്‍ ഉപയോഗിക്കുന്നതായി ആദ്യം കണ്ടെത്തിയത് ബംഗ്ലാദേശിലാണ്. ഫോര്‍മാലിന്‍ കലര്‍ത്തിയ മീന്‍ കേരളത്തിലേക്ക് കൂടുതലായും എത്തുന്നത് അന്യ സംസ്ഥാനങ്ങളില്‍ നിന്നുമാണെങ്കിലും ഇവിടുത്തെ ഹാര്‍ബറുകളിലും ഐസില്‍ ഫോര്‍മാലിന്‍ കലര്‍ത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. എറണാകുളത്ത് ഇത്തരം ഫോര്‍മാലിന്‍ കലര്‍ന്ന ഐസ് പിടിച്ചെടുത്തിട്ടുണ്ട്.
വരുന്നത് വിഷരഹിതമായ മീനുകളാണന്ന് ഉറപ്പ് വരുത്തണം
ജോണ്‍
ചെറുകിട വില്പനക്കാരന്‍
കണ്ണിമേറ മാര്‍ക്കറ്റ്, തിരുവനന്തപുരം
കഴിഞ്ഞ പതിനേഴ് വര്‍ഷമായി മീന്‍ വില്‍പ്പന നടത്തുന്ന ഞാന്‍ പ്രധാനമായും മീനെടുക്കുന്നത് നീണ്ടകരയില്‍ നിന്നും തൂത്തുക്കുടിയില്‍ നിന്നും കന്യാകുമാരിയില്‍ നിന്നുമാണ്. തമിഴ്‌നാട്ടിലെ മീന്‍ വിശ്വസിക്കാം. അവിടെ രാവിലെ നാലുമണിക്ക് കടലില്‍ പോയി രാത്രി 11നും പന്ത്രണ്ടിനുമിടയില്‍ തിരിച്ചെത്തണമെന്ന് നിയമമുണ്ട്. അത് ഉറപ്പ് വരുത്താന്‍ അവിടെ സംവിധാനങ്ങളുമുണ്ട്. കടലില്‍ ദിവസങ്ങളോളം തങ്ങി മീന്‍പിടിക്കാന്‍ പാടില്ല. ഇവിടെ അങ്ങനെയല്ല. തങ്ങി മീന്‍ പിടിക്കാം. ഇവിടെ ബോട്ടില്‍ കൊണ്ടുവരുന്ന മീനിലൊക്കെ ഒരു ചുവന്ന പൊടി ചേര്‍ത്ത് വരുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. എന്ത് പൊടിയാണെന്ന് ഞങ്ങള്‍ക്കറിയില്ല. മീന്‍ കണ്ടാല്‍ നല്ല ഫ്രഷായിരിക്കും.
ബോട്ടില്‍ കൊണ്ട് വരുന്ന മീനുകള്‍ പരിശോധിക്കാനുള്ള നടപടി കൈക്കൊള്ളണം. ആഴ്ചകള്‍ കഴിഞ്ഞ് വരുന്ന ബോട്ടുകളിലെ മീനുകള്‍ കമ്മീഷന്‍ ഏജന്റുമാര്‍ മേടിച്ചാണ് വിഷം കലര്‍ത്തുന്നത്. അവരില്‍നിന്നും പണം കൊടുത്തുവാങ്ങുന്ന ചില്ലറ വില്‍പനക്കാര്‍ മീന്‍ കേടായാലും വില്‍ക്കാന്‍ നിര്‍ബന്ധിതരാകും. ഇത് കേരളത്തിലുടനീളം സംഭവിക്കുന്നുണ്ട്. വില്‍ക്കാതെ വരുന്ന ഇത്തരം മീനുകള്‍ കോഴിത്തീറ്റക്ക് ഉണക്കി പൊടിക്കുന്നതിനായി തമിഴ്‌നാട്ടിലെ നാമക്കലിലേക്കും ചെന്നൈയിലേക്കും കൊണ്ടു പോകും. അവിടെ അതിനുള്ള മില്ലുകളുണ്ട്. അപ്പോഴും ഈ വിഷം കോഴിയിലൂടെ കേരളത്തിലേക്ക് തിരിച്ച് വരും. ഇതിലൊക്കെ നിയമപരമായ ഇടപെടലുകളുണ്ടാകണം. ഞാന്‍ നീണ്ടകരയിലോ തൂത്തുക്കുടിയിലോ കന്യാകുമാരിയിലോ മീനെടുക്കാന്‍ പോകുന്നത് മീന്‍വില കൂടാതെ വണ്ടിക്കൂലിയടക്കം എണ്ണായിരം രൂപ മുടക്കിയാണ്. അവിടെ നിന്നും ഞാന്‍ കൊണ്ടുവരുന്ന മത്തി കിലോ 120 രൂപക്ക് വില്‍ക്കുമ്പോള്‍ ആന്ധ്രയില്‍ നിന്നും കൊണ്ടുവരുന്ന മത്തി 100 രൂപക്ക് വില്‍ക്കും. ആളുകള്‍ വിലക്കുറവുള്ള മീന്‍ വാങ്ങും. എനിക്ക് നഷ്ടം വരും. ഇതാണ് മാര്‍ക്കറ്റിലെ അവസ്ഥ. ലാഭക്കൊതിയന്മാരായ ചെറുകിടകച്ചവടക്കാരുണ്ട്. അവര്‍ ഇത്തരം മീനുകള്‍ ഹോട്ടലുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിലകുറച്ച് വിറ്റ് ലാഭമുണ്ടാക്കും. അതുകൊണ്ട് അന്യസംസ്ഥാനങ്ങളില്‍ നിന്നായാലും കടലില്‍ നിന്നായാലും ഗുണനിലവാരമുള്ള മീനുകളാണ് ഇവിടെ എത്തുന്നത് എന്ന് ഉറപ്പ് വരുത്താനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇവിടെ കാര്യക്ഷമമാവണം. മീനില്‍ ഫോര്‍മാലിന്‍ വ്യാപകമായി ഉപയോഗിക്കുന്നതായുള്ള ചാനലുകളിലും പത്രമാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നതിനെത്തുടര്‍ന്ന് മീന്‍ വില്‍പന കാര്യമായി കുറഞ്ഞതിനാല്‍ കടപ്പുറത്തുനിന്ന് നേരിട്ട് മീന്‍ കൊണ്ട് വരുന്ന സ്ത്രീകളുള്‍പ്പെടെയുള്ളവരുടെ വീടുകള്‍ പട്ടിണിയിലായ ദിവസങ്ങളാണ് കഴിഞ്ഞ് പോയത്.
ഇനി സിഫ്‌ടെസ്റ്റിലൂടെ മായം കണ്ടുപിടിക്കാം
പേപ്പര്‍ സ്ട്രിപ്പുകള്‍ വികസിപ്പിച്ച ശാസ്ത്രജ്ഞരായ പ്രിയ ഇ ആറും ലാലി എസ് ജെ യും
മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ പോലുള്ള മായം ചേര്‍ക്കുന്നത് പ്രധാനമായും കണ്ടുവരുന്നത് തിനാല്‍ബന്ധനയിടങ്ങളില്‍ നിന്നും മത്സ്യ കൃഷിയിടങ്ങളില്‍ നിന്നും വളരെ ദൂരെയുള്ള വിപണികളിലാണ്. ദേശീയ – അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ചു നിര്‍മ്മിച്ച ഐസ് അല്ലതെ മറ്റു മാര്‍ഗ്ഗങ്ങളൊന്നും സ്വീകരിക്കാന്‍ പാടില്ല. ഐസ് അല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളൊന്നും സ്വീകരിക്കാന്‍ പാടില്ല. ഐസ് അല്ലാത്ത മറ്റു പദാര്‍ത്ഥങ്ങള്‍ മത്സ്യത്തില്‍ നേരിട്ടോ (ഫോര്‍മാല്‍ഡിഹൈഡ് പോലുള്ളവ) അല്ലാതെയോ ഉപയോഗിക്കുന്നത് (ഐസ് കൂടുതല്‍ നേരം ഖര രൂപത്തില്‍ നിലനിര്‍ത്താന്‍ അമോണിയ പോലുള്ള രാസവസ്തുക്കള്‍ ചേര്‍ക്കുന്നത്) ഉപഭോക്താക്കളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. അമോണിയ വെള്ളത്തില്‍ ലയിക്കുമ്പോള്‍ ഉണ്ടാകുന്ന അമോണിയം ഹൈഡ്രോക്‌സൈഡ് എന്ന ക്ഷാരലായനിയും ശരീരത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. ഇത്തരത്തിലുള്ള രാസവസ്തുക്കളുടെ രഹസ്യ ഉപഭോഗങ്ങള്‍ക്കു വിരാമമിട്ട് മത്സ്യത്തിന്റെ സംഭരണം, വിതരണം, വിപണനം തുടങ്ങിയ വേളകളില്‍ കാര്യക്ഷമമായ ശീതീകരണ ശൃംഖലകളുടെ ഉപയോഗം ഉറപ്പുവരുത്തേണ്ടതാണ്. ഇതുവഴി മത്സ്യത്തില്‍ മായം ചേര്‍ക്കല്‍ ഫലപ്രദമായി ഒഴിവാക്കാന്‍ സാധിക്കും.
മത്സ്യത്തില്‍ ചേര്‍ത്തിട്ടുള്ള ഹാനികരങ്ങളായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടുപിടിക്കാനുള്ള പരിശോധന രീതികള്‍ നിലവിലുണ്ടെങ്കിലും ഇവയ്ക്ക് കൂടുതല്‍ സമയം ആവശ്യമായി വരുന്നതുകൊണ്ട് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം അത്രപ്രായോഗികമല്ല. ഇതിനു പരിഹാരമെന്ന നിലയിലാണ് കൊച്ചിയിലെ കേന്ദ്ര മത്സ്യ സാങ്കേതിക സ്ഥാപനം, ഫോര്‍മാല്‍ഡിഹൈഡും അമോണിയയും മത്സ്യത്തില്‍ ചേര്‍ത്തിട്ടുണ്ടോയെന്നു പെട്ടെന്ന് തിരിച്ചറിയാനുള്ള രണ്ടു പരിശോധന കിറ്റുകള്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഈ കിറ്റുകള്‍ ഉപയോഗിച്ച് സാധാരണ ഉപഭോക്താക്കള്‍ക്ക് പോലും നേരിട്ട് മേല്‍പറഞ്ഞ രാസ വസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയാന്‍ സാധിക്കും. ചെറിയ പേപ്പര്‍ സ്ട്രിപ്പുകള്‍, രാസ ലായനി, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ട് എന്നിവ അടങ്ങിയതാണ് ഈ കിറ്റുകള്‍.
Posted by vincent