Mar 17 2025, 2:02 PM +91 94476 83169 arogyappachamasika@gmail.com

Arogyappacha

മുളകളില്‍ നിന്നും പ്രകൃതിയുടെ താളം വീണ്ടെടുക്കുമ്പോള്‍

മുളകളില്‍ നിന്നും പ്രകൃതിയുടെ താളം വീണ്ടെടുക്കുമ്പോള്‍

മുളകളില്‍ നിന്നും പ്രകൃതിയുടെ താളം വീണ്ടെടുക്കുമ്പോള്‍

August 9, 2024

രഞ്ജിത് പുത്തന്‍ചിറ

മനുഷ്യന്റെ ആവശ്യങ്ങള്‍ക്കുള്ളവ പ്രകൃതിയില്‍ നിന്നും കണ്ടെത്തിയിരുന്ന പ്രാക്തമായ എല്ലാ അറിവുകളും തമസ്‌കരിച്ചുകൊണ്ട് ജീവിതത്തിന്റെ എല്ലാ മേഖലയിലും പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ ഇടം പിടിച്ച് മനുഷ്യന്റെയും പ്രകൃതിയുടെതന്നെയും ആരോഗ്യത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുമ്പോഴാണ് നമുക്കിടയിലൊരാള്‍ മുളകളില്‍ നിന്ന് ആരോഗ്യകരമായ ജീവിതത്തിന്റെ പ്രകൃതിദത്തമായ താളം വീണ്ടെടുക്കുന്നത്. അന്യമായിക്കൊ ണ്ടിരിക്കുന്ന പരമ്പരാഗത അറിവുകള്‍ക്കൊപ്പം പത്തനംതിട്ട ജില്ലയിലെ ശശി ജനകല വീണ്ടെടുക്കുന്നത് പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന ഒരു നല്ല കാലത്തെകൂടിയാണ്.
ബാംബുസോയിഡിയ എന്ന ശാസ്ത്രീയ നാമത്തില റിയപ്പെടുന്ന മുള പുരാതനകാലം മുതല്‍ ലോകത്തെല്ലായിടത്തും മനുഷ്യജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങളിലും കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും കേരളത്തിലുമൊക്കെ എല്ലാക്കാലവും മുളകള്‍ക്ക് ജനജീവിതവുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്കപ്പുറം വരെ വീടുണ്ടാക്കുന്നതിനും വീട്ടുപകരണങ്ങളായ കുട്ട, വട്ടി, മുറം, തവി, പനമ്പ് തുടങ്ങിയവയ്ക്കായും വ്യാപകമായി മുളകള്‍ ഉപയോഗിച്ചിരുന്നുവെങ്കില്‍ ആധുനിക കാലത്തിന്റെ അബന്ധധാരണകള്‍ മലയാളികളെ മുളയുടെ ഉപയോഗത്തില്‍ നിന്നകറ്റി. മുളങ്കൂമ്പ് തോരന്‍ കറിയായും അച്ചാറായും അലുവയായുമൊക്കെ ഭക്ഷണത്തില്‍ എല്ലാ വിഭാഗം ആളുകള്‍ ഉപയോഗപ്പെടുത്തിയിരുന്ന ആരോഗ്യകരമായ ഒരു കാലമുണ്ടായിരുന്നു കേരളത്തില്‍. മുളയരികൊണ്ടുള്ള അടയും പായസവും ഇപ്പോഴും ഭക്ഷ്യമേളകളിലെ വിലകൂടിയ ഇനങ്ങളാണ്.കുട്ട, വട്ടി, മുറം, പനമ്പ്, ഉള്‍നാടന്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടുള്ള മീന്‍കൂടുകളുടെ അന്‍പതോളം വ്യത്യസ്ഥ ഇനങ്ങള്‍, വസ്ത്രങ്ങള്‍ സൂക്ഷിക്കാന്‍ മുണ്ട് വട്ടി, ഇടുക്കി ജില്ലയിലെ മന്നാന്മാര്‍ മാത്രം നെയ്യുന്ന മന്നാടിപ്പായ തുടങ്ങിയവയൊക്കെ പരമ്പരാഗത നെയ്ത്തു വിദ്യയിലൂടെ ഉണ്ടാക്കിയിരുന്ന ഉല്പന്നങ്ങളാണ്.
1980 കളില്‍ കോട്ടയം ജില്ലയിലെ മുട്ടപ്പള്ളി മുക്കൂട്ടുതറ മേഖലകളിലെ സാധാരണജനങ്ങളുടെ പ്രധാന ജീവനോപാധി ഇത്തരം മുളയുല്പന്നങ്ങള്‍ ഞായറാഴ്ച ചന്തയിലെത്തിച്ച് വില്‍ക്കുന്നതായിരുന്നു. ആ മേഖലയിലെ ചിലരുടെ ഇടപെടലുകള്‍ ഞായറാഴ്ച ചന്ത അവസാനിപ്പിക്കുന്നതിലെത്തിയപ്പോള്‍ അവിടുത്തെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതം വഴിമുട്ടിപ്പോകുന്ന ഘട്ടത്തിലാണ് ശശിജനകല ആ വിഷയത്തിലിടപെടുന്നതും പ്രതിരോധ സമരത്തിനായി രൂപം കൊണ്ട ജനകീയ സമിതിക്ക് നേതൃത്വപരമായ പങ്ക് വഹിക്കുന്നതും. അത്തരം ഇടപെടലുകളുകളാണ് മുളകൊണ്ടുള്ള മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ കണ്ടെത്തുന്നതിലേക്കെത്തിക്കുന്നത്. പ്രസിദ്ധ നാടന്‍പാട്ടുകലാകാരനും ഫോക് ലോര്‍ അക്കാഡമി ചെയര്‍മാനുമായ സി ജെ കുട്ടപ്പന്റെ കലാട്രൂപ്പില്‍ അംഗമായിരുന്ന ശശി മനസില്‍ സൂക്ഷിച്ചിരുന്ന സംഗീതവും നാടകവും സാഹിത്യവും പുതിയ അന്വേഷണങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു. അങ്ങനെയാണ് വ്യത്യസ്ഥയിനം മുളകളെ വിവിധ രീതിയില്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള സംഗീത ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലേയ്‌ക്കെത്തുന്നത്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍ മുളകൊണ്ട് താന്‍ നിര്‍മ്മിച്ച വാദ്യോപകരണങ്ങളും സുഷിരോപകരണങ്ങളും മാത്രമുള്‍ക്കൊള്ളുന്ന ‘കരിംപൊളി’ ബാന്റിന് രൂപം നല്കി. പ്രകൃതി വിരുദ്ധമായ പ്ലാസ്റ്റിക് ഉപകരണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് മുളയുല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം കൊടുക്കുന്നതിനുള്ള ശ്രമമെന്നനിലയില്‍ സമാനചിന്താഗതിക്കാരായ ആളുകളുടെ കൂട്ടായ്മയായ ‘ഹ്യൂമസ്’ ല്‍ സജീവ സാന്നിദ്ധ്യമായി മാറി.നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമായി ബന്ധപ്പെട്ട് കേരളത്തിലെ അന്‍പതോളം കോളനികളില്‍ മുളയുല്‍പ്പന്നങ്ങളുണ്ടാക്കുന്ന പരിശീലന സെന്ററുകളാരംഭിച്ചു. പീച്ചി വനഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട് മുള സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങളിലും ഇദ്ദേഹം സജീവമാണ്. അറുപതോളം ഇനം മുളകളുള്ള കേരളത്തില്‍ തൃശ്ശൂര്‍ പീച്ചി വനമേഖലയിലും തിരുവനന്തപുരം പാലോട് വനമേഖലയിലുമാണ് മുളകള്‍ കൂടുതലുള്ളത്. മനുഷ്യന്റെ പ്രകൃതി ബോധമില്ലായ്മയും കാട്ടുതീയും ഒക്കെച്ചേര്‍ന്ന് പ്രകൃതിയുടെ സംതുലനാവസ്ഥ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഏറ്റവും വലിയ പുല്ലിനമായ മുളകളുടെയും ഈറയുടെയും ഇല്ലിയുടെയുമൊക്കെ വംശനശം വരുത്തിക്കൊണ്ടിരിക്കുമ്പോള്‍ പ്രകൃതിയിലേക്കും അതിന്റെ സഹചമായ താളത്തിലേക്കും സംഗീതതത്തിലേക്കുമൊക്കെയുള്ള ശശി ജനകലയുടെ അന്വേഷണങ്ങള്‍ ഭാവി തലമുറയുടെ അതിജീവനത്തിന്റെ ഉണര്‍ത്തുപാട്ടുകളാവുകതന്നെ ചെയ്യും.

Posted by vincent