രോഗിയുടെ വേദന മാറ്റുക മാത്രമല്ല ഡോക്ടറുടെ കടമ പത്മശ്രീ ഡോ. എം ആര് രാജഗോപാല്‍/വിന്‍സന്റ് പീറ്റര്‍
August 7, 2024
പത്മശ്രീ ഡോ. എം ആര് രാജഗോപാല്‍/വിന്‍സന്റ് പീറ്റര്‍
അനസ്‌ത്യേഷ്യോളജിയിലും പാലിയേറ്റീവ് മെഡിസിനിലും സ്‌പെഷ്യലൈസ് ചെയ്ത പത്മശ്രീ ഡോ. എം ആര് രാജഗോപാല് ഇന്ത്യയിലെ പാലിയേറ്റീവ് ചികിത്സാ മേഖലയുടെ തുടക്കക്കാരനാണ്. വേദനയനുഭവിക്കുന്ന രോഗികള്ക്ക് സാന്ത്വന ചികിത്സയുമായി അവരുടെ അടുത്തേക്ക് പോകുന്ന ഡോക്ടറുടെ പ്രവര്ത്തനങ്ങള് ഇന്ത്യാഗവണ്മെന്റിന്റെ ഹെല്ത്ത് മിനിസ്റ്ററി നാഷണല് പ്രോഗ്രാം ഫോര് പാലിയേറ്റീവ് കെയര് എന്ന പദ്ധതി തയ്യാറാക്കുന്നതിന് കാരണമായി. രോഗത്തിന് കാരണമായ സാമൂഹിക സാഹചര്യങ്ങളെ പരിഗണിച്ചുകൊണ്ടും വൈദ്യനൈതികതയിലടിയുറച്ച് നിന്നുകൊണ്ടും അവയ്ക്ക് തന്നാലാവും വിധം പരിഹാരം കാണാന് ശ്രമിക്കുന്ന ഡോ. എം ആര് രാജഗോപാല് സാന്ത്വന ചികിത്സയാവശ്യമുള്ള കോടിക്കണക്കിന് രോഗികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ സ്വാസ്ഥ്യത്തിനുവേണ്ടിയുള്ള പരിശ്രമത്തിലാണ്. വേദനയകറ്റിക്കൊണ്ട് രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന് നടത്തുന്ന ശ്രമങ്ങളെപ്പറ്റിയും ആരോഗ്യത്തെപ്പറ്റിയും ഡോ. എം ആര് രാജഗോപാല് ആരോഗ്യപ്പച്ചയുമായി സംസാരിക്കുന്നു.
അതി കഠിനമായ വേദനയനുഭവിക്കുന്ന രോഗികളെയാണ് ഡോക്ടര് ചികിത്സിക്കുന്നത്. ഡോക്ടര് നല്കിവരുന്ന സാന്ത്വന ചികിത്സ അനേകമാളുകള്ക്ക് ആശ്വാസമാകുന്നുണ്ട്. രോഗങ്ങള്ക്കും വേദനയ്ക്കും കാരണങ്ങള് പലതാകാം. ഇന്ത്യയിലെ സാന്ത്വന ചികിത്സാ പ്രവര്ത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് സാന്ത്വന ചികിത്സാരംഗത്ത് മുന്നേറ്റം നടത്തുന്ന ഡോക്ടറുടെ അഭിപ്രായത്തില് എന്തായിരിക്കണം ചികിത്സ?
വേദനയെയാണ് ഞാന് ചികിത്സിച്ച് തുടങ്ങിയത്. അനസ്‌തേഷ്യസ്റ്റാണ് ഞാന്. നെര്വ്വ് ബ്ലോക്ക് ചെയ്താല് വേദനയും അതുവഴിയുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും താത്കാലിക മായി മാറ്റാന് കഴിയും. ഇത് ഞാന് പഠിച്ചതും പ്രായോഗികമായി ചെയ്തുവരുന്നതുമായ ചികിത്സയാണ്. പക്ഷേ എന്റെ കയ്യിലുള്ളത് കൊടുക്കുന്നതും ആളുകള്ക്ക് ആവശ്യമുള്ളത് കൊടുക്കുന്നതും തമ്മില് വ്യത്യാസമുണ്ടെന്ന് ഞാന് വിചാരിക്കുന്നു.
വേദനയ്ക്ക് പല കാരണങ്ങളുണ്ടെന്നും അവയ്ക്ക് പരിഹാരം കാണുന്നതിലൂടെയേ ചികിത്സ പൂര്ണ്ണമായും ഫലപ്രദമാകൂ എന്നും എന്നെ പഠിപ്പിച്ചത് രോഗികളാണ്. തീവ്രമായ വേദനയനുഭവിക്കുന്ന ഓരോ രോഗിയുടെയും അവസ്ഥ വ്യത്യസ്ഥമാണ്. കാന്സര് പോലുള്ള ഗുരുതരമായ രോഗം മൂലം കഠിനമായ വേദന അനുഭവിക്കുന്നവരുണ്ട്. ശ്വാസം മുട്ടോ, ഉണങ്ങാത്ത വൃണമോ ഉള്ള ഒരാള്ക്ക് അയാളുടെ ബോഡി ഇമേജിനെപ്പറ്റിയുള്ള ചിന്തകള് വിഷാദരോഗത്തിലേക്ക് വഴിമാറാം. ഞാന് ആ സമയത്ത് ഇന്നത് ചെയ്തില്ലല്ലോ, എന്റെ കുടുംബം അതുകൊണ്ട് ബുദ്ധിമുട്ടുന്നല്ലോ എന്നൊക്കെയുള്ള കുറ്റബോധം വേദനയനുഭവിക്കുന്ന രോഗികളുടെ ജീവിതത്തെ ബാധിക്കുന്ന കാര്യമാണ്. കൂടാതെ ഞാന് ജീവിച്ചിട്ടെന്താകാര്യം, ദൈവം എന്നോട് ഇത് ചെയ്തല്ലോ എന്നൊക്കെയുള്ള ആത്മീയ പ്രശ്‌നങ്ങളും ഉണ്ടാകാം. ഇതൊക്കെ ആ വ്യക്തിയുടെ സഫറിംഗിന്റെ ഭാഗമാണ്. ഇത്തരം സഫറിംഗ്‌സ് മുഴുവന് എന്റെ ഫോക്കസാണ്. ഒരുപാട് രോഗങ്ങളുടെ മുഖമാണ് വേദന. അത് പലപ്പോഴും തടുക്കാന് കഴിയാത്ത അവസ്ഥയിലായിരിക്കും. അത് പരിഹരിക്കാതെ ആ മനുഷ്യന്റെ മറ്റ് മാനസിക സാമൂഹിക പ്രശ്‌നങ്ങളൊന്നും പരിഹരിക്കാന് പറ്റിയെന്ന് വരില്ല. വേദന പരിഹരിച്ചതിന് ശേഷം ബാക്കിയുള്ള കാര്യങ്ങളിലേക്ക് കൂടി ഇറങ്ങിച്ചെന്ന് അവയ്ക്ക് കൂടി പരിഹാരം കാണുമ്പോള് മാത്രമാണ് ചികിത്സ അര്ത്ഥവത്താകുന്നത്.
അഭിമുഖം പൂര്ണ്ണരൂപത്തില് വായിക്കാന് ഈ ലിങ്കില് ക്ലിക്ക് ചെയ്യുക.
Posted by vincent