ലിവര്‍കാന്‍സര്‍ ആയുര്‍വേദ സാധ്യതകള്‍
August 5, 2024
ഡോ. രാജഗോപാല്‍ കെ
കേരളീയന്റെ കരള്‍ ഇന്ന് കാന്‍സര്‍ റിസര്‍ച്ച് ശാഖയില്‍ ഏറ്റവും .കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. മലയാളിയുടെ കരള്‍ ദിനംപ്രതി മോശമായിക്കൊണ്ടിരിക്കുന്നതായാണ് കണ്ടുവരുന്നത്. ഇതിന് പല കാരണങ്ങള്‍ പറയാം എങ്കിലും നമ്മുടെ ആഹാര-വിഹാരങ്ങളില്‍ വന്ന മാറ്റവും, കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന മാരകമായ വിഷാംശങ്ങളും ഇതില്‍ പ്രധാന ഘടകങ്ങളാണ്. മദ്യപാനം മൂലം മലയാളിയുടെ കരളില്‍ സിറോസിസ് വരുകയും പിന്നീട് അത് ലിവര്‍ കാന്‍സര്‍ ആയി പരിണമിക്കുന്നതും സ്വാഭാവികമാണ്. എന്നാല്‍ ജീവിതത്തില്‍ മദ്യം കഴിക്കാത്ത ആളുകളില്‍ സിറോസിസും കരള്‍ അര്‍ബുദവും ക്രമാതീതമായി വര്‍ധിക്കുന്നത് ആശങ്കാജനകമാണ്.
ലിവര്‍ സിറോസിസ്
ഏതു പ്രായത്തിലും മനുഷ്യന് പിടിപെടാവുന്നതും, ദീര്‍ഘകാലം നിലനില്‍ക്കുകയും കാലക്രമേണ മരണത്തിലേക്ക് നയിക്കുന്നതുമായ രോഗാവസ്ഥയാണ് സിറോസിസ്. ഇന്ന് ലിവറില്‍ വരുന്ന അര്‍ബുദത്തിന്റെ പ്രധാന കാരണവും സിറോസിസ് തന്നെ. ലിവര്‍ കോശങ്ങള്‍ കാലക്രമേണ നശിച്ച് അവയ്ക്ക് പകരം അവിടെ പ്രവര്‍ത്തന രഹിതമായ സ്‌കാര്‍ ടിഷ്യു രൂപപ്പെടുന്നു. ഈ പ്രക്രിയ മൂലം ലിവറിന്റെ പ്രവര്‍ത്തനക്ഷമത നശിക്കുകയും തുടര്‍ന്ന് ദഹനപ്രക്രിയക്ക് ബുദ്ധിമുട്ടുണ്ടാവുകയും രക്തസ്രാവം, മഞ്ഞപിത്തം തുടങ്ങിയ ലക്ഷണങ്ങളും കാണിക്കുന്നു. രോഗം മൂര്‍ഛിക്കുന്ന അവസ്ഥയില്‍ വയറില്‍ വെള്ളക്കെട്ട് (ഉദര രോഗം) ഉണ്ടാവുക, ലിവര്‍ കോശങ്ങള്‍ക്ക് മ്യൂട്ടേഷന്‍ സംഭവിച്ച് അവ അര്‍ബുദമായി മാറുകയും ചെയ്യുന്നു. സിറോസിസ് രോഗം വരാനുള്ള ചില കാരണങ്ങള്‍ കുറിക്കുന്നു.
- മദ്യപാനം
- ഹെപ്പറ്റൈറ്റിസ്
- നോണ്‍ അല്‍കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്
- ബൈലറി സിറോസ് (പിത്താശയ രോഗം)
- ലിവറില്‍ ഇരുമ്പ് അധികമായി അടിയുന്ന അവസ്ഥ
പല കാരണങ്ങള്‍ ഉണ്ടെങ്കിലും മലയാളിയെ സംബന്ധിച്ച് പ്രധാനമായ 2 ഘടകങ്ങള്‍ – മദ്യപാനവും നോണ്‍ അല്‍ക്കഹോളിക്ക് ഫാറ്റി ലിവര്‍ എന്ന അവസ്ഥയുമാണ്. ഇതില്‍ അമിത കൊഴുപ്പുള്ള ഭക്ഷണം, അമിത വണ്ണം, പ്രമേഹം തുടങ്ങിയ അവസ്ഥകളില്‍ ലിവറിന്റെ പുറത്ത് കൊഴുപ്പ് അടിഞ്ഞ് കൂടുകയും കാലക്രമേണ കോശങ്ങള്‍ നശിച്ച് സിറോസിസ് ആയി മാറുകയും ചെയ്യുന്നു. ഇന്ന് സ്ത്രീകളില്‍ സ്ഥിരമായി കാണാറുള്ള രോഗങ്ങളാണ് തൈറോയ്ഡ് പ്രശ്‌നവും പോളി സിസ്റ്റിക്ക് ഓവറി എന്ന അസുഖവും. ഇവയില്‍ രണ്ടിലും ഫാറ്റ് മെറ്റാബോളിസം തകരാറിലാവുന്നു. അതുമൂലം കൊഴുപ്പ് ശരീരത്തില്‍ അടിയാന്‍ ഉള്ള സാധ്യതയും കൂടുന്നു. ഈ പ്രക്രിയ ലിവറില്‍ കൊഴുപ്പ് അടിഞ്ഞ് സിറോസിസ് ഉണ്ടാക്കാന്‍ ഉള്ള സാധ്യത കൂട്ടുന്നു. മദ്യപാനിക്ക് സിറോസിസ് വരുന്നത് അവന്റെ കര്‍മ്മഫലം എന്നപോലെയാണ് ആഹാര-വിഹാരങ്ങളുടെ പാളിച്ചകൊണ്ട് ഫാറ്റി ലിവര്‍ ഉണ്ടാകുന്നത്. പത്തുവര്‍ഷമോ അതിലധികമോ സ്ഥിരമായി 2-3 ഡ്രിങ്ക്‌സ് കഴിക്കുന്നവരില്‍ 20 ശതമാനം ആള്‍ക്കാര്‍ സിറോസിസ് രോഗികളാകും എന്നാണ് കണക്ക്. ദിവസവും കുപ്പികണക്കിന് മദ്യം കുടിക്കുന്ന മലയാളിയുടെ കരളിന്റെ അവസ്ഥ പിന്നെ പറയേണ്ടതില്ലല്ലോ!
സിറോസിസ് രോഗം വര്‍ഷങ്ങളോളം യാതൊരു രോഗ ലക്ഷണങ്ങളും കാണിക്കാതെ നില കൊള്ളുന്നു. ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോഴേക്കും കരളിന്റെ പകുതിയിലേറെ കോശങ്ങള്‍ നശിച്ചിട്ടുണ്ടാവും, പിന്നീട് ഒരു തിരിച്ച് പോക്ക് അസാധ്യമാവും. ഈ നിശബ്ദ കൊലയാളിയുടെ ചില പ്രധാന ലക്ഷണങ്ങള്‍.
- ക്ഷീണം
- അരുചി
- വിശപ്പില്ലായ്മ
- രക്തസ്രാവം
- വയറിലും പാദത്തിലും നീര്
- ചൊറിച്ചില്‍, കണ്ണിന്റെ വെള്ളയിലും തൊലിക്കും മഞ്ഞനിറം
- പെണ്ണുങ്ങളില്‍ ആര്‍ത്തവം നില്‍ക്കുക
- ആണുങ്ങളില്‍ മുല വളര്‍ച്ച, വൃഷണം ചുരുങ്ങല്‍
ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പൊഴേക്കും സിറോസിസ് രോഗം വളരെ പുരോഗമിച്ചിട്ടുണ്ടാവും. കൃത്യമായ വൈദ്യ പരിശോധനയും ആഹാരക്രമവും പാലിച്ച് മുന്നോട്ട് പോവുക എന്നതാണ് പ്രധാനം. മദ്യം ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ അധികം സേവിക്കുക, അമിത വണ്ണവും കൊഴുപ്പും കുറയ്ക്കുക തുടങ്ങിയവ രോഗവ്യാപ്തിക്ക് തടയിടാന്‍ സഹായകരമാകും. ഈ അവസ്ഥയില്‍ സ്വയം ചികിത്സിക്കാതെ കൃത്യമായ വൈദ്യപരിശോധനയ്ക്കു വിധേയമായി ചികിത്സയും ആഹാരക്രമവും ചിട്ടപ്പെടുത്തുന്നത് അത്യന്താപേക്ഷിതമാണ്.
കരള്‍ രോഗം
ഹൃദയത്തിന്റെ അധോ ഭാഗത്ത് വലതുവശത്തായി കോഷ്ഠത്തില്‍ സ്ഥിതി ചെയ്യുന്ന അവയവമാണ് കരള്‍ (യകൃത്). ആയുര്‍വേദമത പ്രകാരം നമ്മള്‍ കഴിക്കുന്ന ആഹാര രസത്തെ പാകം വരുത്തി രക്തമാക്കി ധാതു പോഷണത്തെ ചെയ്യുന്ന പ്രധാന അവയവം. രക്ത രൂപീകരണത്തില്‍ സഹായിക്കുന്ന രഞ്ജക പിത്തസ്ഥാനവും രക്തവാഹിനികളായ സ്രോതസ്സുകളുടെ മൂല സ്ഥാനമായും പറഞ്ഞിരിക്കുന്നു. ആഹാരത്തില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളെ ദഹന പ്രക്രിയ വഴി വിഭജിച്ച ശേഷം അവ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കുന്നത് രക്തമാണ്. ഒരു വ്യക്തിക്ക് ആഹാരം ദഹിപ്പിക്കാനുള്ള ശക്തിയെ ആയുര്‍വേദത്തില്‍ ‘അഗ്നി’ എന്ന് പറയുന്നു. ആധുനിക ശാസ്ത്രത്തില്‍ ഇതിനെ മെറ്റാബോളിക്ക് റേറ്റ് എന്ന് വിശേഷിപ്പിക്കാം. അഗ്നി വര്‍ദ്ധിച്ചിരിക്കുന്ന വ്യക്തിക്ക് ഏത് ആഹാരവും കൃത്യമായി ദഹിപ്പിച്ച് പോഷണ വിഭജനം നടത്തി എല്ലാ ധാതുക്കളെയും ശരീര അവയവങ്ങളെയും പോഷിപ്പിക്കാന്‍ സാധിക്കും. അഗ്നി മാന്ദ്യം ഉള്ള വ്യക്തികളിലാകട്ടെ ലഘുവായ ആഹാരങ്ങള്‍ പോലും ദഹിപ്പിക്കാനോ കൃത്യമായി പോഷണ വിഭജനം നടത്തുവാനോ സാധിക്കില്ല. രക്തരൂപീകരണത്തിലും അഗ്നിയെ സമാവസ്ഥിയില്‍ നിലനിര്‍ത്തുന്നതിനും കരള്‍ പ്രധാന പങ്കുവഹിക്കുന്നു. ആധുനിക ശാസ്ത്രത്തില്‍ രക്തഘടകങ്ങളായ ഡബ്ലിയു ബി സി, ആര്‍ ബി സി തുടങ്ങിയവ പ്രധാനമായും ഉണ്ടാകുന്നത് മജ്ജയില്‍ നിന്നാണ്. എന്നാല്‍ ആധുനിക ഭ്രൂണശാസ്ത്രത്തില്‍ രക്തം ഉണ്ടായിത്തുടങ്ങുന്ന പ്രധാന അവയവം കരള്‍ ആകുന്നു. ഗര്‍ഭസ്ഥ ശിശുവില്‍ 2 മുതല്‍ – 7-ാം മാസം വരെ ശരീരത്തില്‍ രക്തഘടകങ്ങളെ ഉണ്ടാക്കുന്നത് കരള്‍ – പ്ലീഹ ആണ്. ജനന ശേഷം ഈ പ്രക്രിയ മജ്ജയിലുള്ള കോശങ്ങള്‍ ഏറ്റെടുക്കുന്നു. പിന്നീട് ചില രോഗാവസ്ഥയില്‍ യകൃത് – പ്ലീഹ അവയവങ്ങള്‍ മുതിര്‍ന്നവരില്‍ രക്തഘടകങ്ങളെ ഉണ്ടാക്കി കാണുന്നു. എന്നിരുന്നാലും മനുഷ്യനില്‍ രക്തത്തിന്റെ ഗുണനിലവാരം നിലനിര്‍ത്തുന്നതിന് യകൃത് – പ്ലീഹ അവയവങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നു. ആയുര്‍വേദത്തില്‍ ഉദര രോഗം (അസൈറ്റിസ്) വിവരിക്കുമ്പോള്‍ ആണ് യകൃത് വൃദ്ധി മൂലം ഉണ്ടാകുന്ന ഉദരത്തെ കുറിച്ച് പറയുന്നത്. ഭാവമിശ്രന്‍ പഞ്ചവിധ പ്ലീഹ – യകൃത് വൃദ്ധിയെ വിശാലമായി വിവരിക്കുന്നു. യകൃത് വൃദ്ധി ഉണ്ടാകുന്ന കാരണങ്ങളും ഭിന്നമായ ലക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇവയെ അഞ്ചായി പറഞ്ഞിരിക്കുന്നത്. യകൃത് വൃദ്ധി കാലക്രമേണ ഉദരരോഗം ആയി മാറുന്ന രോഗ പ്രക്രിയയാണ് ചരകനും സുശ്രുതനും ഉദരരോഗ വിവരണത്തില്‍ പറയുന്നത്. യകൃത് വൃദ്ധി മൂലം ഉണ്ടാകുന്ന ഉദരത്തിന്റെ ഹേതു – ലക്ഷണങ്ങള്‍ താഴെ വിവരിക്കാം.
ആഹാരം
- അമ്ലം, ലവണം, മദ്യം എന്നിവയുടെ അമിത ഉപയോഗം
- വിഷ പദാര്‍ത്ഥങ്ങള്‍ കഴിക്കുക
- വിരുദ്ധമായ ആഹാരം
- മാംസാഹാരം അധികമായി കഴിക്കുക
- വിദാഹത്തെ ഉണ്ടാക്കുന്ന ആഹാരം കഴിക്കുക.
അഭിഘാതം
കരള്‍ – പ്ലീഹസ്ഥാനങ്ങളില്‍ ഉണ്ടാകുന്ന അഭിഘാതം അവയ്ക്ക് സ്ഥാന ച്യൂതി നിമിത്തം വൃദ്ധി ഉണ്ടാകുന്നു.
മറ്റു രോഗങ്ങള്‍
- പ്ലീഹരോഗം
- അര്‍ശസ്സ്
- ഗ്രഹണി
മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൂടാതെ അര്‍ശസ്സ്, ഗ്രഹണി തുടങ്ങിയ രോഗങ്ങള്‍ മൂലമോ രൂക്ഷമായ ആഹാരാദികള്‍ കൊണ്ടുമോ ഉണ്ടാകുന്ന ദീര്‍ഘകാലം നിലനില്‍ക്കുന്ന മലരോധം കാലക്രമേണ കരള്‍ രോഗമായി പരിണമിക്കാന്‍ സാധ്യത പറയുന്നു.
ഉദരരോഗം ഉണ്ടാകാനുള്ള പ്രധാന കാരണം ‘അഗ്നി’ മാന്ദ്യം ആണെന്ന് മനസ്സിലാക്കണം. കൊഴുപ്പുള്ളതായ ആഹാരങ്ങള്‍ അധികം സേവിക്കുന്നതുകൊണ്ടും, വ്യായാമ ശീലം ഇല്ലാതാകുന്നതു മൂലവും മനുഷ്യന്റെ അഗ്നി കുറയാന്‍ കാരണമാകുന്നു. ഇതിന് പുറമെ മദ്യപാന ശീലം, അര്‍ശസ്സ്, പ്രമേഹം, ഗ്രഹണി തുടങ്ങിയ അനുബന്ധ രോഗങ്ങള്‍ യകൃത് വികാരം മൂര്‍ഛിക്കാന്‍ ഇടവരുത്തുന്നു. ഇന്ന് കേരളീയന്റെ ആഹാര പദാര്‍ത്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന വിഷാംശം (ഗര വിഷം) നിത്യം സേവിക്കുന്നത് യകൃത് വൃദ്ധിയില്‍ നിന്നും അര്‍ബുദമായി പരിണമിക്കാന്‍ ഉള്ള കാലയളവ് കുറയ്ക്കുന്നു. വരാനിരിക്കുന്ന ഉദര രോഗത്തെ മനസ്സിലാക്കാന്‍ ചരകസംഹിതയില്‍ അവയുടെ പൂര്‍വ്വരൂപങ്ങള്‍ വ്യക്തമായി വിവരിക്കുന്നു. ഇന്നത്തെ കാലഘട്ടത്തില്‍ ഈ പൂര്‍വ്വ രൂപ ജ്ഞാനം സമൂഹത്തില്‍ വളരെ പ്രായോഗികമായി ഉപയോഗപെടുത്താം എന്നു കരുതുന്നു.
- വിശപ്പ് കുറയുക
- കൊഴുപ്പ് കൂടിയ ആഹാരം, മധുര പലഹാരങ്ങള്‍ എന്നിവ ദഹിക്കാന്‍ കൂടുതല്‍ സമയം / ദഹിക്കാതെ ഇരിക്കുക
- കഴിച്ച ശേഷം അമിതമായ പുളിച്ച് തികട്ടല്‍
- ദഹനം നടന്നോ ഇല്ലയോ എന്ന തിരിച്ചറിവ് നഷ്ടപ്പെടുക
- അമിതാഹാരത്തോട് അസഹിഷ്ണുത
- കാലില്‍ നീര് കെട്ടിക്കിടക്കുക,
- ബലക്ഷയം
- അല്പ വ്യായാമത്തില്‍ ശ്വാസ തടസം ഉണ്ടാവുക
- വയറ് വീര്‍ക്കുക
- അര്‍ശസ്സ് – ഉദാവര്‍ത്തം നിമിത്തം ഉണ്ടാകുന്ന വേദന സ്ഥിരമായി ബുദ്ധിമുട്ടിക്കുക
- അല്‍പാഹാര സേവയില്‍ തന്നെ വയറ് വീര്‍ക്കുക
- കലശലായ മലബന്ധം / മലത്തിന് നിറ വ്യത്യാസം
ഈ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് എല്ലാം കരള്‍ രോഗം ഉണ്ടാകും എന്നല്ല, മറിച്ച് ഈ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാര – വിഹാരങ്ങളില്‍ മാറ്റം വരുത്താതെ വൈദ്യ സഹായം തേടാതെ ഇരുന്നാല്‍ കാലക്രമേണ ഗൗരവമായ രോഗാവസ്ഥയിലേക്ക് നീങ്ങും എന്ന് വേണം മനസ്സിലാക്കാന്‍.
ഇന്ന് മലയാളികളില്‍ പ്രത്യേകിച്ചും യൗവന-മധ്യ വയസ്‌കരില്‍ വര്‍ദ്ധിച്ചു വരുന്ന രോഗങ്ങളാണ് അര്‍ശസ്സ്, ഗ്രഹണി, പ്രമേഹം മുതലായവ. പണ്ട് കാലത്ത് 45-50 വയസ്സിനു ശേഷം കണ്ടുവരുന്ന ഈ രോഗങ്ങള്‍ ചെറുപ്പക്കാരില്‍ വര്‍ദ്ധിച്ചു കാണുന്നത് ഭാവിയില്‍ അര്‍ബുദ സാധ്യത കൂട്ടുന്നു. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍, വ്യായാമക്കുറവ്, മലബന്ധം, മലം പലവട്ടം അയഞ്ഞ് പോവുക, നിരന്തരം നിലനില്‍ക്കുന്ന ഗ്യാസ്‌റ്റൈറ്റിസ് ഇവയെല്ലാം മുമ്പ് പറഞ്ഞ രോഗങ്ങള്‍ കാരണമോ, കൊഴുപ്പുള്ള മാംസം, മൈദ, ഗോതമ്പ്, മദ്യം തുടങ്ങിയവ കുടല്‍ ഭിത്തിയില്‍ ഉണ്ടാക്കുന്ന താപം നിമിത്തമൊ ആകാം. നിരന്തരം ഈ ഹേതുക്കള്‍ നിലകൊള്ളുമ്പോള്‍ കുടലിലെ കോശങ്ങള്‍ക്ക് മ്യൂട്ടേഷന്‍ സംഭവിച്ച് അര്‍ബുദത്തിന് കാരണമാകുന്നു. ഇങ്ങനെ മലാശയത്തില്‍ വരുന്ന അര്‍ബുദം കരളിലേക്ക് പടര്‍ന്ന് മരണകാരിയായി തീരുന്നു.
മലബാര്‍ മേഖലയില്‍ പ്രധാനമായി കാണുന്ന അര്‍ബുദങ്ങളാണ് ഗുദം, വന്‍കുടല്‍, ചെറുകുടല്‍, വയറ് എന്നീ അവയവങ്ങളില്‍ വരുന്നവ. മലബാര്‍ മേഖലയിലെ ചെറുപ്പക്കാരില്‍ അര്‍ശസ്സ്, ഫിസ്റ്റുല, ഗ്രഹണി രോഗങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നതും കാണാം. ഭാവിയില്‍ വരാനിരിക്കുന്ന അര്‍ബുദ സൂചകമായി ഇതിനെ കാണേണ്ടിവരും. വളര്‍ന്നു വരുന്ന ഫാസ്റ്റ് ഫുഡ് രീതി, റെഡ് മീറ്റ് (ആട്, പോത്ത്), അമിതമായ കൊഴുപ്പ് (ഡാല്‍ഡ, എണ്ണ) എന്നിവയുടെ ഉപയോഗം മലബാറുകാരുടെ ദഹന-വിസര്‍ജന പ്രക്രിയയ്ക്ക് വലിയ പ്രശനങ്ങള്‍ ഉണ്ടാക്കുന്നതായി പഠനങ്ങളുണ്ട്. ഇന്ന് ആര്‍ സി സിയില്‍ വരുന്ന മലാശയ – വയറ്, ലിവര്‍ കാന്‍സറുകിളില്‍ വലിയ ശതമാനം ഇവരാണ്. 20-40 വയസ്സ് പ്രായമുള്ളവരില്‍ പലര്‍ക്കും അര്‍ശസ്, ഗ്രഹണി തുടങ്ങിയ അസുഖങ്ങള്‍ ദീര്‍ഘകാലമായി നിലകൊള്ളുന്ന ഗ്യാസ്, മലബന്ധം എന്നിവ നിസാരവല്‍കരിച്ച് പിന്നീട് അവ അര്‍ബുദ രോഗമായും ലിവര്‍ സിറോസിസ് ആയും പരിണമിക്കുന്നതായാണ് ഇന്ന് കാണുന്നത്. ഭാവമിശ്രന്‍ യകൃത് രോഗം വര്‍ണ്ണിക്കുമ്പോഴും, സുശ്രുതനും ചരകനും യകൃത് ഉദര രോഗി ലക്ഷണം പറയുമ്പോഴും ഈ വസ്തുത സ്പഷ്ഠമാക്കുന്നു. വാതിക യകൃത് രോഗത്തില്‍ നിത്യം വയറു വീര്‍പ്പ് നിത്യമായ ഉദാവര്‍ത്ത പീഡ എന്നിവ ലക്ഷണങ്ങളായി പറയുന്നു. ഉദാവര്‍ത്തം എന്നത് അര്‍ശോ രോഗത്തിന്റെ ഉപദ്രവ വ്യാധിയാണ്. അര്‍ശസ്സ് മൂലം മലതടസം ഉണ്ടായി വായുവും മലവും തടഞ്ഞ് നിന്ന് വേദനയെ ഉണ്ടാക്കുന്ന അവസ്ഥയാണ് ഇത്. ഈ രോഗ പ്രക്രിയ അര്‍ബുദ രോഗം ഉണ്ടാക്കുന്നതിനും യകൃത് വികാരങ്ങളെ ജനിപ്പിക്കുന്നതിനും സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്ന് മാത്രമല്ല ഇവ ഈ രോഗങ്ങളില്‍ പ്രധാന ലക്ഷണങ്ങളായും നിലകൊള്ളുന്നു.
ലിവര്‍ കാന്‍സര്‍
കരളില്‍ വരുന്ന അര്‍ബുദങ്ങള്‍ ഹെപാറ്റൊ സെല്ലുലര്‍ കാര്‍സിനോമ (എച്ച് സി സി), കൊളാന്‍ജിയൊ കാര്‍സിനോമ, പിത്താശയ അര്‍ബുദം തുടങ്ങി പല വിഭാഗമായി കാണാം, കരളില്‍ അര്‍ബുദം വരുന്ന സ്ഥാനത്തെയും അര്‍ബുദ കോശങ്ങളുടെ വ്യത്യാസമനുസരിച്ചും ആണ് ഈ വിഭജനം. ഇതില്‍ എച്ച് സി സി എന്ന വിഭാഗമാണ് ഇന്ന് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതും മരണ കാരണമാകുന്നതും. 80 ശതമാനം ലിവര്‍ കാന്‍സറുകളും എച്ച് സി സി എന്ന വിഭാഗത്തില്‍ പെടുന്നു. ഇവ പ്രധാനമായും കാണപ്പെുടന്നത് സിറോസിസ് രോഗികളില്‍ ആണ് (80 ശതമാനം). ഈ കാരണത്താല്‍ തന്നെ ഒരേ സമയം രണ്ടു രോഗങ്ങള്‍ കരളിനെ ബാധിക്കുന്നു, സിറോസിസ് കരളിന്റെ പ്രവര്‍ത്തനം നശിപ്പിക്കുന്നത് തുടരുകയും പുറമേ വളരുന്ന അര്‍ബുദം ഇതിന് ആക്കം കൂട്ടുകയും ചെയ്യുന്നു. ഈ പറഞ്ഞ രണ്ടു രോഗങ്ങളും മരണകാരിയായി തീരും. ചികിത്സ അത്യന്തം ദുഷ്‌കരമാക്കുകയും മരണ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
എച്ച് സി സി
ഹെപ്പറ്റൊ സെല്ലുല്‍ കാര്‍സിനോമ ഇന്ന് ലോകത്ത് വര്‍ദ്ധിച്ചു വരുന്ന മരണകാരിയായ കാന്‍സറുകളില്‍ പ്രധാനിയാണ്. ശരീരത്തില്‍ വരുന്ന മറ്റു പല അര്‍ബുദങ്ങളും മരണകാരിയായി തീരുന്നത് അവ കരളിനെ ബാധിക്കുമ്പോഴാണ്. ഇവ പ്രധാനമായി രണ്ടു വിധത്തില്‍ പറയുന്നു.
പ്രൈമറി എച്ച് സി സി
ശരീരത്തില്‍ മറ്റെവിടെയും അര്‍ബുദ ബാധ ഇല്ലാതിരിക്കെ കരളിലെ കോശങ്ങള്‍ക്ക് മ്യൂട്ടേഷന്‍ സംഭവിച്ച് അവ അര്‍ബുദ കോശങ്ങളായി പരിണമിക്കുന്നതിനെ പ്രൈമറി എച്ച് സി സി എന്ന് വിശേഷിപ്പിക്കുന്നു. ഇതിന്
പ്രധാന കാരണങ്ങള്‍ താഴെ പറയുന്നു.
- സിറോസിസ് മൂലം ആണ് 80 ശതമാനം എച്ച് സി സിയും ഉണ്ടായി കാണുന്നത്.
- വൈറല്‍ ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കില്‍ സി
- അമിത മദ്യപാനം
- നോണ്‍ അല്‍കഹോളിക് സ്റ്റിയാറ്റൊ ഹെപ്പറ്റൈറ്റിസ്
- അഫ്‌ളറ്റോക്‌സിന്‍ തുടങ്ങിയ വിഷ പദാര്‍ത്ഥം
മേല്‍ പറഞ്ഞവ സിറോസിസിനും എച്ച് സി സിക്കും ഒരുപോലെ കാരണമാണ്. ഇതുകൂടാതെ പിത്താശയത്തില്‍ വരുന്ന സിറോസിസ്, കരളില്‍ ഇരുമ്പിന്റെ അംശം അടിഞ്ഞു കൂടുക തുടങ്ങി പല കാരണങ്ങളാലും ഇവ ഉണ്ടായിക്കാണുന്നു. ഹെപ്പറ്റൈറ്റിസ് രോഗം, വൈറസ് ബാധ മൂലം ഉണ്ടാകുന്നതാണ്. ഇവയില്‍ ഹെപ്പറ്റൈറ്റിസ് സി വിഭാഗത്തില്‍ പെടുന്നവ മൂലം ഉണ്ടാകുന്ന എച്ച് സി സിയില്‍ സിറോസിസ് കൂടുതല്‍ നിബിഡമായും പുരോഗമിച്ച അവസ്ഥയിലും കാണപ്പെടുന്നു. ബി വിഭാഗത്തില്‍ നിന്നും ഉണ്ടാകുന്ന എച്ച് സി സില്‍ 50 ശതമാനം സിറോസിസ് കാണപ്പെടുന്നു.
മേല്‍ പറഞ്ഞ കാരണങ്ങള്‍ കൂടാതെ പ്രമേഹ രോഗം എച്ച് സി സി വരാന്‍ ഉള്ള സാധ്യത കൂട്ടുന്നു. ഒരു പ്രമേഹ രോഗിക്ക് ലിവര്‍ കാന്‍സര്‍ വരാന്‍ ഉള്ള സാധ്യത 3-7 മടങ്ങ് കൂടുതലാണ്, പ്രമേഹ രോഗത്തിന്റെ കാലയളവും രക്തത്തില്‍ ഇന്‍സുലിന്റെ അളവ് കൂടുന്നതും അര്‍ബുദ പരിണാമത്തിനുള്ള സാധ്യത കൂട്ടുന്നതായി കാണുന്നു. എച്ച് സി സി ചികിത്സിക്കാന്‍ വളരെ ദുഷ്‌കരവും വേഗത്തില്‍ മരണത്തിലെത്തിക്കുന്നതുമാണ്. സിറോസിസ് അനുബന്ധമായി നില്‍ക്കുന്നു എന്നത് തന്നെയാണ് ഇതിന് പ്രധാന കാരണം. ഇത് കൂടാതെ രോഗം വളരെ മൂര്‍ച്ഛിച്ചതിന് ശേഷം മാത്രം കണ്ടെത്തുന്നു എന്നതും മരണ സംഖ്യ വര്‍ദ്ധിപ്പിക്കുന്നു. എച്ച് സി സിയില്‍ കാണപ്പെടുന്ന പ്രധാന ലക്ഷണങ്ങള്‍ കുറിക്കുന്നു.
- വയറു വേദന
- ശരീര ഭാരം കുറയുക
- ക്ഷീണം
- ശരീരത്തില്‍ നീര് കെട്ടുക
- മഞ്ഞപിത്തം
- ഉദര രോഗം
- ആഹാരത്തില്‍ വെറുപ്പ്
- ഛര്‍ദ്ദി
- മലം അധികമായി ഇളകുക/പോകാതിരിക്കുക
- മലത്തിന് നിറ വ്യത്യാസം (കറുപ്പ്, ചുവപ്പ്)
ഇവ കൂടാതെ ലിവര്‍ – പ്ലീഹ തുടങ്ങിയ അവയവങ്ങള്‍ പ്രത്യക്ഷത്തില്‍ വലുതാവുക, വൃഷ്ണം ചുരുങ്ങുക/നീര്‍കെട്ട് ഉണ്ടാവുക, ചൊറിച്ചില്‍, അര്‍ശസ്സ് വലുതാവുക – വേദന തുടങ്ങിയ ബുദ്ധിമുട്ടുകള്‍ കൂടുക എന്നിവയും കാണാം. രോഗം മൂര്‍ഛിക്കുമ്പോള്‍ രക്തം തുപ്പുക, മറ്റു സ്രോതസ്സുകളിലൂടെ രക്തം പോവുക എന്ന ലക്ഷണങ്ങള്‍ കലശലായി കാണാം. എച്ച് സി സി മരണകാരിയായി മാറുന്നത് പൊതുവെ ലിവര്‍ പ്രവര്‍ത്തനം നിലയ്ക്കുക, അണുബാധ, അമിതമായ രക്തസ്രാവം തുടങ്ങിയ കാരണങ്ങള്‍ മൂലമാണ്. വയറില്‍ വെള്ളക്കെട്ട് ഉണ്ടാവുകയും തന്‍ നിമിത്തം വയറു വീര്‍പ്പ്, വയറില്‍ രക്തകുഴലുകള്‍ തെളിഞ്ഞ് കാണുകയും ക്രമേണ ആന്തരികമായ രക്തസ്രാവം നിമിത്തം രോഗി മരണപ്പെടുന്നു.
സെക്കണ്ടറി / മെറ്റസ്റ്റാറ്റിക്ക് എച്ച് സി സി
ശരീരത്തില്‍ മറ്റു ഭാഗങ്ങളില്‍ വരുന്ന അര്‍ബുദം, രക്തവാഹിനികള്‍വഴി കരളില്‍ വന്ന് അടിഞ്ഞ് രക്തപോഷണം വഴി വളരുകയും അര്‍ബുദമായി തീരുകയും ചെയ്യുന്നു. ഇന്ന് കാണുന്ന എച്ച് സി സികളില്‍ ഭൂരിഭാഗവും ഈ ഇനത്തില്‍ പെടുന്നവയാണ്. മറ്റു പല അര്‍ബുദങ്ങളുടെ മരണ കാരണം പലപ്പോഴും മെറ്റസ്റ്റാറ്റിക്ക് എച്ച് സി സി ആണ്. ആമാശയത്തിലും മലാശയത്തിലും വരുന്ന അര്‍ബുദങ്ങള്‍ എല്ലാം തന്നെ കരളിനെ ബാധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഘടനാപരമായ സാന്നിദ്ധ്യവും അന്നോന്യമായ രക്തപ്രവാഹവുമാണ് ഇതിന് കാരണം. താഴെ പറയുന്ന അവയവങ്ങളില്‍ വരുന്ന അര്‍ബുദങ്ങള്‍ കരളിലേക്ക് പടരാന്‍ അധികം സാധ്യത കല്‍പ്പിക്കുന്നു.
- അന്നനാളം
- വയറ്
- വന്‍കുടല്‍
- ഗുദം
- ചെറുകുടല്‍
- പാന്‍ക്രിയാസ്
- വൃക്ക
- സ്തനം
- ശ്വാസകോശം
- അണ്ഡാശയം
- ഗര്‍ഭാശയം
എന്നീ ശരീരഭാഗങ്ങളില്‍ ആദ്യം അര്‍ബുദം ഉണ്ടാകുകയും പിന്നീട് അത് ലിവറിലേക്ക് പരിണമിക്കുകയും ചെയ്യുന്നു. ഈ അവയവങ്ങളില്‍ വന്ന അര്‍ബുദങ്ങള്‍ ശസ്ത്രക്രിയ ചെയ്തു മാറ്റുകയോ ചികിത്സിച്ച് ഭേദമാക്കുകയോ ചെയ്താലും കാലക്രമേണ ലിവറില്‍ അര്‍ബുദം ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെ സംഭവിച്ചാല്‍ ചികിത്സ വളരെ ദുഷ്‌കരവും പെട്ടെന്നുതന്നെ മരണം സംഭവിക്കുകയും ചെയ്യും. ഈ അവയവങ്ങളില്‍ അര്‍ബുദം ചികിത്സിച്ച് ഭേദമായ രോഗികള്‍ കൃത്യമായി പരിശോധന നടത്തുകയും താഴെ പറയുന്ന ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടനെ വൈദ്യ സഹായം തേടേണ്ടതുമാണ്.
- നിരന്തരം ഛര്‍ദ്ദിക്കുക
- ഒന്നിലധികം ദിവസം പലതവണ ഛര്‍ദ്ദിക്കുക
- ഛര്‍ദ്ദിയില്‍ രക്താംശം കാണുക
- പെട്ടെന്ന് ശരീര ഭാരം കുറയുക
- മലം കറുത്ത നിറത്തില്‍ പോകുക
- കാലിലും വയറിലും നീര് കെട്ടുക
- കണ്ണിന്റെ വെള്ളയിലും തൊലിക്കും മഞ്ഞ നിറം കാണുക
കാന്‍സറിനെ അതിജീവിക്കുന്ന എല്ലാവരും കൃത്യമായി രക്തപരിശോധന, സ്‌കാനിംഗ്, വൈദ്യ പരിശോധന എന്നിവ സമയാനുസൃതമായി ചെയ്യേണ്ടതാണ്. ഇതു നിമിത്തം ലിവര്‍ മെറ്റാസ്റ്റാസിസ് മുന്‍കൂട്ടി അറിയാനും അതനുസരിച്ച് ആഹാര-ജീവിത ശൈലി തിട്ടപ്പെടുത്താനും, രോഗഗതിക്ക് തടയിടുവാനും സാധിക്കും.
സുശ്രുതാചാര്യന്‍ അര്‍ബുദ രോഗം പറയുമ്പോള്‍ അവ 6 തരത്തില്‍ ഉണ്ടെന്ന് പറഞ്ഞിരിക്കുന്നു. ഈ വിഭജനം അവയുടെ ഭൗതിക ഘടന, ലക്ഷണം, സ്വഭാവം എന്നിവയുടെ അടിസ്ഥാനത്തിലാണ് പറഞ്ഞിരിക്കുന്നത്. മദ്യം, അമ്ലം തുടങ്ങിയ വിഭാഹി ആഹാരങ്ങളും മാംസാദികളും അധികമായി സേവിക്കുന്നതുകൊണ്ട് രക്തവാഹി സിരകള്‍ക്ക് ദുഷ്ടി ഉണ്ടാക്കുകയും കാലക്രമേണ രക്ത കഫങ്ങള്‍ക്ക് അധികമായി ദുഷ്ടി സംഭവിക്കുകയും ചെയ്യുന്നു. ഇങ്ങനെ ദുഷിച്ച രക്ത കഫങ്ങള്‍ കരള്‍ കോശങ്ങളില്‍ ബുദ്ധിമുട്ടുണ്ടാക്കി കരള്‍ വീക്കം ഉണ്ടാക്കുന്നു. യകൃതിന് കൂര്‍മ്മ സദൃശമായ വൃദ്ധി ഉണ്ടാകും എന്ന് പറയുന്നു. യകൃത് വൃദ്ധി കാലക്രമേണ മാംസദുഷ്ടി ഉണ്ടാക്കി യകൃത് അര്‍ബുദമായും ഉദരമായും പരിണമിക്കുന്നു. കരള്‍ രക്തവാഹ സ്രോതസ്സുകളുടെ മൂലസ്ഥാനം ആയതുകൊണ്ടുതന്നെ അവിടെ രൂപപ്പെടുന്ന അര്‍ബുദത്തിന് രക്തജ അര്‍ബുദ ലക്ഷണങ്ങള്‍ പറയുന്നു.
- ഇവ രക്തവാഹി സിരകള്‍ക്ക് സങ്കോചമുണ്ടാക്കുന്നു
- മാംസ പിണ്ഡരൂപത്തോടു കൂടിയതും മാംസാങ്കുരങ്ങള്‍ നിറഞ്ഞതും ആകുന്നു
- രക്തസ്രാവം അധികമായി ഉണ്ടാകുന്നു
- രക്തക്ഷയം കൊണ്ടും മറ്റു ഉപദ്രവങ്ങള്‍ മൂലവും രോഗിക്ക് പാണ്ഡുത്വം ഉണ്ടാകുന്നു.
കരള്‍ അര്‍ബുദത്തില്‍ രക്തവാഹിനികള്‍ വേഗം രൂപംകൊള്ളുന്നത് നിമിത്തം അര്‍ബുദ വളര്‍ച്ച പെട്ടെന്നാവുന്നു അവയുടെ സ്രാവ സ്വഭാവം നിമിത്തം വയറിലും കാലിലും നീര്‍ക്കെട്ട് സംജാതമാകുന്നു. കരളിന്റെ പുറമെ അവ ഏകമാംസപിണ്ഡമായോ പല മാംസാങ്കുരങ്ങളായോ കാണപ്പെടുന്നു. രക്തവാഹിനികളുടെ അതിപ്രസരണം കൊണ്ടും രക്തത്തിന് കട്ടി കുറയുന്നത് കൊണ്ടും അധികമായി രക്തസ്രാവം ഉണ്ടാകുന്നു. രക്തസ്രാവം നിമിത്തവും മറ്റു ഉപദ്രവങ്ങള്‍ കാരണവും രോഗിക്ക് പണ്ഡുത്വം ഉണ്ടാകുന്നു. യകൃത് വൃദ്ധി രോഗത്തില്‍ തന്നെ ‘ക്ഷീണ ബലോ അതി പാണ്ഡു’ എന്ന് ലക്ഷണം പറഞ്ഞു കാണുന്നു.
ആഹാരത്തിന്റെ പ്രാധാന്യം
ആഹാരത്തെ ‘മഹാഭൈഷജ്യ’മായി കാണുന്ന ശാസ്ത്രം ആണ് ആയുര്‍വേദം. നമ്മള്‍ കഴിക്കുന്ന ഭക്ഷണവും ശ്വസിക്കുന്ന വായുവിന്റെയും ഗുണം അനുസരിച്ചാവും ശരീരത്തില്‍ ഓരോ ഘടകവും രൂപാന്തരപ്പെടുക. മാനസികമായും ശാരീരകമായും ഉള്ള ആരോഗ്യത്തിന് പ്രധാന കാരണം നമ്മുടെ ഭക്ഷണ രീതി തന്നെയാണ്. ആയുര്‍വേദ മതപ്രകാരം ദിവസവും ശീലിക്കാന്‍ പാടില്ലാത്ത ഭക്ഷണം.കൂര്‍ച്ചിക, കിലാടം (പാല്‍ പിരിച്ച് ഉണ്ടാക്കുന്നവ), പന്നിമാംസം, ഗോ മാംസം, മത്സ്യം, തൈര്, ഉഴുന്ന്, തുവര.ദിവസവും ശീലിക്കാവുന്നവ ചെന്നല്ലരി, നവരയരി, ചെറുപയറ്, ഇന്ദുപ്പ്, നെല്ലിക്ക, യവം, വെള്ളം, പാല്‍, നെയ്യ്, ജാംഗല മാസം (ഉദാ: കാട)ഏതൊരു ആഹാര-വിഹാരാദികള്‍ കൊണ്ട് ആരോഗ്യത്തെ നിലനിര്‍ത്തുവാന്‍ കഴിയുന്നവയെയും ഏതൊന്ന് രോഗങ്ങളെ ഉണ്ടാക്കാതിരിക്കുന്നുവോ അതിനെയും ശീലിക്കണം. ഓരോ മനുഷ്യന്റെയും ദഹന ശക്തി, സാത്മ്യം തുടങ്ങിയവ നോക്കി വേണം നിത്യം ശീലിക്കേണ്ടത്. ഇവിടെ ചെറുപയര്‍ ഉപയോഗിക്കാന്‍ പറഞ്ഞിരിക്കുന്നു. എന്നാല്‍ അത് കഴിച്ച് വയര്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നവര്‍ അത് ശീലിക്കരുത് എന്ന് സാരം. നെയ്യ് ശീലിക്കാന്‍ പറയുന്നതും അതുപോലെയാണ്. മാത്ര അനുസരിച്ച് സേവിച്ചാല്‍ അതീവ ഗുണങ്ങള്‍ ചെയ്യുന്നതും അധികം ആയാല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും ആകുന്നു. ശുദ്ധമായ നെയ്യ് ദഹന ശക്തിക്ക് അനുസരിച്ച് സേവിച്ചാല്‍ ശരീരത്തിലെ ദുഷ്ടമേദസ്സ് കുറയ്ക്കുന്നതിനും ഹൃദ്രോഗം അകറ്റുന്നതിനും സാധിക്കും എന്നതാണ് പുതിയ റിസര്‍ച്ചുകള്‍ തെളിയിക്കുന്നത്.
ചികിത്സാനുഭവം
സൈബാന്‍ എന്ന 30 വയസ്സുള്ള ചെറുപ്പക്കാരന്‍ മലപ്പുറം – വേങ്ങര സ്വദേശി ഒരു വര്‍ഷം മുമ്പ് ദയനീയ മുഖത്തോടെ എന്നെ കാണാന്‍ വന്നു. 3 വര്‍ഷമായി തന്റെ അസുഖമെന്താണെന്ന് കïുപിടിക്കാന്‍ ആശുപത്രികളില്‍ കയറി ഇറങ്ങി തളര്‍ന്ന ചെറുപ്പക്കാരന്‍. ശരീരത്തിലെ എല്ലാ പേശികളിലും വലിഞ്ഞ് നോവ്, വേദന, ശ്വാസകോശ പേശികളും വയറിലെ പേശികള്‍ വലിഞ്ഞ് ശ്വാസം എടുക്കാന്‍ പറ്റാത്ത അവസ്ഥ. കൈ-കാലുകള്‍ പേശി വലിവും വേദനയും കാരണം ഒടിഞ്ഞു മടങ്ങി വരുന്നു. ഈ അവസ്ഥ 20-30 മിനിട്ടു വരെ തുടരും. ഒരു ദിവസം 8-10 തവണ വേദനയും വലിവും കൊï് അലറുന്ന സ്ഥിതി. സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനോ സ്വസ്ഥമായി ഉറങ്ങാനൊ പറ്റാത്ത ഭയാനകമായ അവസ്ഥ. അദ്ദേഹത്തോടു ഞാന്‍ ആദ്യം ആവശ്യപ്പെട്ടത് കഴിക്കുന്ന ഭക്ഷണത്തിന്റെ ചാര്‍ട്ട് ഉïാക്കിയ ശേഷം മുകളില്‍ പറഞ്ഞ അസ്വസ്ഥതകള്‍ വരുന്ന സമയം രേഖപ്പെടുത്താനാണ്. അതു ചെയ്ത ശേഷം അദ്ദേഹം വന്നു, മാംസാഹാരം കഴിക്കുന്ന ദിവസങ്ങളില്‍ വലിച്ചിലും വേദനയും കലശലാവുകയും ശ്വാസ തടസം കൂടുന്നതായും കïു. പിന്നീട് അവ ഒഴിവാക്കാന്‍ പറഞ്ഞ് മരുന്നു കൊടുത്തു. രക്തപരിശോധനയും മസില്‍ കണ്‍ഡക്ഷന്‍ സ്റ്റഡി മുതലായവ നടത്തിവന്നപ്പോള്‍ ലോകത്തില്‍ തന്നെ വളരെ ചുരുക്കമായി കാണപ്പെടുന്ന ക്രാംപ് ഫിസികുലേഷന്‍ സിന്‍ഡ്രോം എന്ന ഗൗരവതരമായ അസുഖം ആണെന്നു മനസ്സിലായി. ഭക്ഷണ ക്രമീകരണത്തിലൂടെയും മരുന്നു സേവയിലൂടെയും ദിവസം 8-10 തവണ ഉïായിരുന്ന ബുദ്ധിമുട്ടുകള്‍ 3 മാസം കൊï് തീരെ ഇല്ലാതെയായി. ഇന്ന് ചിലപ്പോള്‍ ഉïാകുന്ന തലവേദനയും ക്ഷീണവും മാറ്റി നിര്‍ത്തിയാല്‍ പേശി വലിവും തുടിപ്പും മറ്റു ഉപദ്രവങ്ങളും മുഴുവന്‍ മാറി കാണുന്നു. മാംസാഹാരം, ഗ്ലൂട്ടന്‍ (മൈദ, ഗോതമ്പ്) എന്നിവ ഒഴിവാക്കിയപ്പോള്‍തന്നെ പ്രശ്‌നത്തിന്റെ ഗൗരവം കുറഞ്ഞ് തുടങ്ങി, മരുന്നു കൃത്യമായി ചെന്നതോടെ അവന്‍ പത്തിമടക്കി. എങ്കിലും സൂക്ഷിച്ചില്ലെങ്കില്‍ സുശക്തിയോടെ തിരിച്ചുവരാം. സൈബാന്‍ ഇന്ന് സുഖമായി ജീവിക്കുന്നു, ജോലിക്ക് പോവുന്നു, നന്നായി ഉറങ്ങുന്നു. ഇത്രയും അപൂര്‍വ്വമായതും ചികിത്സിക്കാന്‍ പ്രയാസമുള്ളതുമായ രോഗം ആയുര്‍വേദത്തിലൂടെയും ആഹാരക്രമീകരണത്തിലൂടെയും നിയന്ത്രിക്കാന്‍ സാധിച്ചതിലും, ഈ രോഗം ചികിത്സിക്കാനായി എന്നെ ഏല്‍പ്പിച്ച പുലാമന്തോള്‍ ഡോ. ശങ്കരന്‍ മൂസ് സാറിനും രോഗി പരിചരണത്തില്‍ നിസ്വാര്‍ത്ഥം പ്രയത്‌നിച്ച ഡോ. ആല്‍ബിന്‍ ജോണിക്കും എന്റെയും സൈബാന്റെയും ഹൃദയം നിറഞ്ഞ നന്ദി.
Posted by vincent