വിമോചനത്തിന്റെ സമരൂപമാകുന്ന സിനിമ
August 7, 2024
മുഹമ്മദ് റംഷാദ്
മുംബൈയിലെ ചേരികളില്‍ താമസിക്കുന്ന അടിസ്ഥാന ജനത അവരുടെ ഭൂമിക്കായി സമരത്തിനിറങ്ങുന്ന കഥയാണ് പാ രഞ്ജിത് സംവിധാനം ചെയ്ത രജനികാന്ത് ചിത്രമായ ‘കാലാ’ പറയുന്നത്. സിനിമയുടെ പേരില്‍ തന്നെയുള്ള കറുപ്പ്, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ പോരാട്ടങ്ങള്‍ക്ക് വീര്യം പകരുന്ന പ്രതീകമായി ചിത്രത്തിലുടനീളമുണ്ട്. ആശയങ്ങള്‍ക്കും നിലപാടുകള്‍ക്കും പ്രാധാന്യം നല്കുന്ന പ്രതിഭാശാലിയായ ഒരു ചലച്ചിത്രകാരന്‍ ഇന്ത്യയില്‍ നിലനില്ക്കുന്ന ജാതിയുടെ സാമൂഹികയാഥാര്‍ത്ഥ്യങ്ങലിലേക്ക് ജനശ്രദ്ധതിരിക്കാന്‍ മുഖ്യധാരാ നിമിയുടെ നായക ബോധ്യങ്ങളെത്തന്നെ തന്ത്രപരമായി ഉപയോഗിക്കുന്നതാണ് ‘കാലാ’ എന്ന സിനിമ. ഇന്ത്യയിലെ ദലിതുകള്‍ കാലങ്ങളായി അനുഭവിച്ച് കൊണ്ടിരിക്കുന്ന ജാതീയവും രാഷ്ട്രീയവും സ്വത്വപരവുമായ അകറ്റി നിര്‍ത്തലുകള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധം തീര്‍ക്കുന്ന സ്ത്രീകളുടെയും യുവാക്കളുടെയും വലിയ ആള്‍ക്കൂട്ടങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് ഓരോ ദൃശ്യങ്ങളും. തുണിയലക്കുന്ന പണി കുലത്തൊഴിലാക്കിയ ചുണയുള്ള പെണ്ണുങ്ങള്‍ കറുത്ത ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് നഗരത്തിലെ അവരുടെ ചേരി കൈക്കലാക്കാന്‍ വരുന്ന അധീശശക്തികള്‍ക്കും അവരുടെ കങ്കാണിമാര്‍ക്കും നേരേ വിരള്‍ ചൂണ്ടുന്ന കാഴ്ചകള്‍ ഇന്ത്യന്‍ മുഖ്യധാരാ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെ സംബന്ധിച്ച പരമ്പരാഗത ധാരണകളെയും ലാവണ്യ യുക്തികളെയും ചോദ്യം ചെയ്തുകൊണ്ട് അനീതിക്കെതിരെ ശബ്ദമുയര്‍ത്താനും പോരാടാനുമുള്ള കരുത്തുള്ളവളാകണം പെണ്ണ് എന്ന ആശയം ശക്തമായി അവതരിപ്പിക്കുകയും ചെയ്യുന്നു.
ജാതിയുടെയും മണ്ണിന്റെയും രാഷ്ട്രീയം പറയുമ്പോള്‍ കാലങ്ങളായി ചേരികളിലും പുറം പോക്കുകളിലും റെയിലോരങ്ങളിലും ഒതുക്കപ്പെട്ട മനുഷ്യരുടെ സ്വത്വ പ്രതിസന്ധികള്‍ക്ക് പരിഹാരമായി അംബേദ്കര്‍ ഉയര്‍ത്തിയ സാമൂഹ്യ ദര്‍ശനങ്ങളും മാക്‌സിസത്തിന്റെ രാഷ്ട്രീയ ദര്‍ശനവും ചേര്‍ത്തുവച്ചുകൊണ്ടുള്ള പുതിയ മുന്നേറ്റത്തിന്റെ സമര രൂപങ്ങള്‍ ഈ സിനിമയില്‍ വായിച്ചെടുക്കാനാവും. അടിസ്ഥാന ജനങ്ങളുടെ ജീവിതം പറയുന്ന സിനിമകള്‍ക്ക് വാണിജ്യ വിജയം കൈവരിക്കാനാവാത്ത സമകാലിക സാഹചര്യത്തിലാണ് ജനപ്രിയ മാധ്യമമായ സിനിമയിലൂടെ അത്രയേറെ ജനപ്രിയമാകാനിടയില്ലാത്ത ചേരിയിലെ മനുഷ്യരുടെ ഭൂമിപ്രശ്‌നം പറയാന്‍ പാ രഞ്ജിത്ത് എന്ന ചലച്ചിത്രകാരന്‍ തയ്യാറാവുന്നത് എന്ന പ്രത്യേകതയും ‘കാലാ’ എന്ന സിനിമയ്ക്കുണ്ട്. അതോടൊപ്പംതന്നെ വര്‍ത്തമാന കാല ഇന്ത്യന്‍ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന സവര്‍ണ മൂല്യങ്ങളെയും മനുഷ്യ വിരുദ്ധമായ ബ്രാഹ്മണിക്കല്‍ പാരമ്പര്യങ്ങളെയും ചോദ്യം ചെയ്തുകൊണ്ട് അടിസ്ഥാന ജനവിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും രാഷ്ട്രീയമായും ബുദ്ധിപരമായ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള ഒരു സാംസ്‌കാരികമായ ഇടപെടല്‍ കൂടിയാകുന്നുണ്ട് ‘കാലാ’ എന്ന സിനിമ.
രജനീകാന്ത് എന്ന അഭിനേതാവില്‍ ആരോപിതമായ അമാനുഷികമായ വീരപരിവേഷങ്ങളും താരപ്പൊലിമയും അദൃശ്യരായ മനുഷ്യരുടെ ജീവിതാവസ്ഥകളെ പ്രശ്‌നവല്‍ക്കരിക്കാന്‍ ഉപയോഗപ്പെടുത്തുമ്പോള്‍ ചില ഒത്തുതീര്‍പ്പുകള്‍ക്ക് ചലച്ചിത്രകാരന്‍ വഴങ്ങുന്നുണ്ടോ എന്ന സന്ദേഹത്തിനുമുപരി സിനിമ ആവിഷ്‌കരിക്കുന്ന വിഷയത്തിന്റെ സത്യസന്ധത കൊണ്ട് അതിന്റെ വാണിജ്യ താത്പര്യങ്ങള്‍ക്കുമപ്പുറം ആശയപരമായി അത് വിജയം വരിക്കുന്നതും കാണാം.കഥാപാത്രങ്ങളുടെ പേരുകളുടെ തെരഞ്ഞെടുപ്പിലും പാത്രങ്ങളുടെ മാനറിസങ്ങളിലും അവരുപയോഗിക്കുന്ന വാഹനങ്ങളിലും വസ്ത്രങ്ങളിലുമൊക്കെ മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തിലെ ജനാധിപത്യ വിരുദ്ധമായ വരേണ്യമൂല്യങ്ങളെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും പൗരോഹിത്യത്തെയും ചേര്‍ത്ത് നിര്‍ത്തിക്കൊണ്ട് അധികാരം കൈപ്പിടിയിലൊതുക്കുന്ന സ്വയം പ്രഖ്യാപിത യജമാനനായ ‘ഹരിദാദ’ എന്ന കഥാപാത്രത്തെ ചോദ്യം ചെയ്യുന്നത് യുവാവും കാലായുടെ രണ്ടാമത്തെ പുത്രനുമായ ‘ലെനിന്‍’ ആണ്. തന്റെ കാലുതൊട്ട് വന്ദിക്കാന്‍ സെറിന എന്ന കഥാപാത്രത്തോട് ആവശ്യപ്പെടുന്ന ഹരിദാദക്ക് നേരേ ഹസ്തദാനത്തിന് കൈനീട്ടുന്ന സെറീന കാലഹരണപ്പെട്ട പഴഞ്ചന്‍ പാരമ്പര്യത്തെ തുറന്നെതിര്‍ക്കുന്നു. ഇന്ത്യനവസ്ഥയില്‍ ഇടതുപക്ഷങ്ങള്‍ പരിഗണിക്കാതെപോയ ‘ജാതി’യെയാണ് ഇവിടെ ലെനിന്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നത്. ജാതിയമായ ഉച്ചനീചത്വങ്ങളും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉപജാതി വര്‍ഗ്ഗീയതകളും മത വൈര്യങ്ങളും വൈര്യൂദ്ധ്യങ്ങളും ഒക്കെ ചേര്‍ന്ന് സങ്കീര്‍ണമായ ആന്തരിക സംഘര്‍ഷം അതിരൂക്ഷമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ജനത അനുഭവിക്കുന്ന പ്രശ്‌നങ്ങളെ വര്‍ഗപരമായി മാത്രം വിശകലനം ചെയ്യാന്‍ ശ്രമിച്ചു പരാജയപ്പെടുന്ന കമ്മ്യൂണിസത്തിന് പകരം മൂര്‍ത്തമായ സാഹചര്യത്തില്‍ ജാതി എന്ന സാമൂഹ്യ ഘടന ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ ഉതകും വിധം പുനരാവിഷ്‌കരിക്കപ്പെട്ട കമ്മ്യൂണിസമാണ് ഇനി ഉണ്ടാകേണ്ടത് എന്ന അനിവാര്യതയിലേക്കാണ് ലെനിനും കൂട്ടുകാരി തീവ്ര നിലപാടുകാരിയായ ചാരുമതിയുടെയും നടപടികള്‍ വിരല്‍ ചൂണ്ടുന്നത്.
കഥാഘടനയിലുടനീളം സ്വീകരിച്ചിട്ടുള്ള പുരാണ ബന്ധമായ സന്ദര്‍ഭങ്ങളും രൂപകങ്ങളും നടപ്പ് രാഷ്ട്രീയത്തിന്റെ തിരഞ്ഞെടുപ്പ് യുക്തികളിലേക്കും മൂല്യച്യുതികളിലേക്കും ശ്രദ്ധക്ഷണിക്കുന്നുണ്ട്. രാമ-രാവണ യുദ്ധത്തിന്റെ സത്യസന്ധതയില്ലായ്മയുടെയും ചതിയുടെയും തനി ആവര്‍ത്തനമാണ് നമുക്ക് ചുറ്റും ജനാധിപത്യമെന്ന പേരില്‍ നടമാടുന്നതെന്നും ഉച്ചത്തില്‍ വിളിച്ച് പറയുകയാണ് ഇതിന് മുന്‍പും അധീശത്വ രാഷ്ട്രീയത്തിനെതിരെ തന്റെ സിനിമകളിലൂടെ നിലപാടുകള്‍ അറിയിച്ചിട്ടുള്ള പാ രഞ്ജിത് എന്ന സംവിധായകന്‍. ദലിതുകളുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് അവതരിപ്പിക്കുമ്പോള്‍ ഹൈന്ദവ ദേശിയതയും ഫാസിസവും മണ്ണിന്റെ മക്കള്‍ വാദവും തൊഴിലാളി വിരുദ്ധതയും ‘കാലാ’യില്‍ കൃത്യമായി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഭൂമിയുടെ മേലുള്ള അവകാശങ്ങളെ മുന്‍നിര്‍ത്തി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സമീപകാലത്ത് ഉയര്‍ന്ന് വന്ന ദലിത് മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ഉണ്ടായ കാലാ രജനികാന്ത് എന്ന നടന്റെ രാഷ്ട്രീയ നിലപാടുകളോട് ചേര്‍ത്ത് വായിക്കാതെ യഥാര്‍ത്ഥ ഇന്ത്യന്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന, അതിഭാവുകത്തിന്റെ അതിപ്രസരം അത്രയൊന്നും ഇല്ലാതെ ജാതി നശീകരണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ചേരിയിലെ കറുത്ത മനുഷ്യരുടെ ഉള്ളില്‍ വിങ്ങുന്ന വികാരങ്ങളുടെയും സ്വപ്‌നങ്ങളുടെയും ആവിഷ്‌കാരമെന്ന നിലയില്‍ ഈ സിനിമ അതിന്റെ ധര്‍മ്മം നിറവേറ്റുന്നുണ്ട്. അങ്ങനെ ചെറുത്തു നില്‍പ്പുകളിലൂടെ ഇനിയും കൈവരിക്കേണ്ട സമത്വത്തിലേക്കും അധികാര പങ്കാളിത്തത്തിലേക്കും ഉയര്‍ന്നുവരാനുള്ള പ്രചോദനമാകുവാന്‍ ‘കാലാ’-യ്ക്ക് കഴിയുന്നുണ്ട്. തന്നോട് സന്ധി സംഭാഷണത്തിനെത്തുന്ന മന്ത്രിയെ നോക്കി ‘ഇവര്‍ യാര്’ എന്നുള്ള കാലായുടെ ചോദ്യം ചില ബിംബങ്ങളില്‍ കൃത്യമായി ചെന്നു തറയ്ക്കുന്നുണ്ട്. അതു തന്നെയാണ് കാലാ പ്രേക്ഷകനിലേക്ക് തൊടുത്തുവിടുന്ന രാഷ്ട്രീയമായ ഉത്തരം കിട്ടേണ്ട യഥാര്‍ത്ഥ ചോദ്യം.
Posted by vincent