Mar 17 2025, 3:18 PM +91 94476 83169 arogyappachamasika@gmail.com

Arogyappacha

വൃക്ക രോഗങ്ങള്‍

വൃക്ക രോഗങ്ങള്‍

വൃക്ക രോഗങ്ങള്‍

August 12, 2024

ഡോ. പി കെ മുഹമ്മദ് ബാപ്പു
ചീഫ് ഫിസിഷ്യന്‍
മര്‍മ്മ് ആയുര്‍വേദ ഹോസ്പിറ്റല്‍
കൊണ്ടോട്ടി

മ്മുടെ ശരീരത്തിലെ അരിപ്പകള്‍ എന്നറിയപ്പെടുന്ന ഒരു അവയവമാണ് കിഡ്‌നി അഥവാ വൃക്കകള്‍. നട്ടെല്ലുള്ള ജീവികളിലെല്ലാം നട്ടെലിനോട് ചേര്‍ന്ന് മുന്നിലായിട്ടുള്ള അവയവമാണ് വൃക്ക. എട്ട് മില്ലി മീറ്റര്‍ വലിപ്പമുള്ള കുഞ്ഞ് തവള മുതല്‍ 24 മീറ്റര്‍ വലിപ്പമുള്ള നീല തിമിംഗലത്തിന് വരെ ഈ അവയവം ഉണ്ട്. മനുഷ്യരില്‍ വാരിയെല്ലുകള്‍ അവസാനിക്കുന്ന (ലെവല്‍) നട്ടെല്ലിന്റെ ഇരുവശത്തുമായി അണ്ടിപരിപ്പിന്റെ ആകൃതിയിലാണ് ഇതുള്ളത്. രക്ത ശുദ്ധീകരണവും മാലിന്യങ്ങളെ ശേഖരിച്ച് പുറം തള്ളലുമാണ് മുഖ്യ ധര്‍മ്മം. അതോടൊപ്പം ശരീര പ്രവര്‍ത്തനത്തിനു സഹായിക്കുന്ന ചില ഹോര്‍മോണുകള്‍ ഉദ്പാദിപ്പിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ ഒരു വലിയ കെമിക്കല്‍ ഫാക്ടറിയുടെ പ്രവര്‍ത്തനത്തിനു തുല്യമാണ് വൃക്കയുടെ പ്രവര്‍ത്തനം.
വൃക്കയില്‍ എത്തുന്ന വളരെ ചെറിയ കണികകളായ രക്തത്തുള്ളികളെ നെഫ്‌റോണ്‍സ് എന്ന ഭാഗം ശുദ്ധീകരിക്കുകയും, മാലിന്യങ്ങളെ സംസ്‌ക്കരിച്ച് ജലാംശത്തെ നിയന്ത്രിച്ച് ആവശ്യത്തിന് അധികമുള്ളതിനെ ശേഖരിച്ച് മറ്റ് രാസപദാര്‍ത്ഥങ്ങളോടൊപ്പം പുറംതള്ളി യുറെട്ടര്‍ എന്ന കുഴല്‍ വഴി മൂത്രസഞ്ചിയില്‍ ശേഖരിച്ച് വെച്ച് നിറയുമ്പോള്‍ പുറം തള്ളുന്നു. ഇതാണ് മൂത്രം.
ആയിരക്കണക്കിന് നെഫ്രോണുകള്‍ വിശ്രമമില്ലാതെ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ഫാക്ടറിയാണ് ഇത്. ഇത് പണിമുടക്കിയാലുള്ള അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ.
രക്തസമ്മര്‍ദ്ദം (ഹൈ ബ്ലഡ് പ്രഷര്‍) നിയന്ത്രിക്കുന്നതും രക്തത്തിലെ ചുവന്ന അണുക്കളെ ഉത്തേജിപ്പിക്കുന്ന കാല്‍സ്യത്തേയും പൊട്ടാസ്യത്തേയും, പ്രോട്ടോണിനെയും നിയന്ത്രിക്കുന്നതും വൃക്കകളാണെന്ന് കൂടി ചേര്‍ത്ത് മനസ്സിലാക്കുമ്പോള്‍ നാം ഏറെ ശ്രദ്ധിക്കേണ്ടതും പരിപാലിക്കേണ്ടതുമായ ഒരവയവമാണ് ഇത് എന്ന് മനസിലാക്കാം.

വൃക്കരോഗങ്ങള്‍ എങ്ങനെ തിരിച്ചറിയാം

വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ ഇന്ന് പ്രായമായവരിലും കുട്ടികളിലും ഒരുപോലെ കാണുന്നുണ്ട്. ഇതില്‍ ചിലതാണ് മൂത്രക്കല്ല്, റീനല്‍ ഗ്ലൈസൂറിയ, നെഫ്രൈറ്റിസ്.
  • സാധാരണയായി കാണുന്നതില്‍ നിന്ന് വ്യത്യസ്തമായ് മൂത്രം കൂടുകയോ,     കുറയുകയോ ചെയ്യാം
  • മൂത്രം കടുത്ത നിറത്തില്‍ വരാം
  • മൂത്രം ഒഴിക്കാനുള്ള ധൃതിയുണ്ടെങ്കിലും മൂത്രം പോകുന്നില്ല
  • മൂത്രം ഒഴിക്കുന്ന ഇടവേള കുറയാം കൂടാം, ഇത് പ്രമേഹ രോഗികളിലും കാണാം, പ്രതേകിച്ചു രാത്രികാലങ്ങളില്‍ എണ്ണം കൂടിയാല്‍ ശ്രദ്ധിക്കണം പുരുഷ ഗ്രന്ധി വീക്കം വന്നാല്‍ (പ്രോസ്റ്റാറ്റോമെഗലി) ഇങ്ങനെ സംഭവിക്കാം. ഇതിനു പ്രത്യേക പരിശോധന നടത്തി ഇത് വൃക്കയെ ബാധിക്കുന്ന പ്രശ്‌നം ആണോ അല്ലയോ എന്ന് തിരിച്ചറിയണം. അല്ലെങ്കില്‍ വൃക്കയുടെ പ്രവര്‍ത്തന ക്ഷമത 80 ശതമാനം നഷ്ടപ്പെട്ടതിന് ശേഷമാവാം പലപ്പോഴും രോഗം തിരിച്ചറിയുന്നത്.
  • അടിവയറിനു വേദനയും, മൂത്രം ഒഴിക്കാന്‍ തടസ്സവും, മൂത്രത്തിനു കടച്ചിലും-ഇത് മൂത്രത്തില്‍ പഴുപ്പായിരിക്കും. ക്രമേണ ഇത് പടര്‍ന്ന് കിഡ്‌നിയെയും ബാധിക്കാം. ഇടയ്ക്കിടെ വിറച്ച് കുലുക്കിയ പനിയും, വേദനയും ഇതിന്റെ ലക്ഷണം കൂടിയാണ്.
  • മൂത്രത്തില്‍ അസാധാരണമായ പത വന്നാല്‍ ഇത് ശ്രദ്ധിക്കണം. പ്രൊട്ടീനും, ആല്‍ബൂമീനും, മൂത്രത്തിലൂടെ നഷ്ടപ്പെടുന്നു എന്നതാണ് ഇതിന്റെ സൂചന.
  • കിഡ്‌നിയുടെ പ്രവര്‍ത്തന ക്ഷമത കുറയുന്നു.
  • നീരും വീക്കവും കാല്‍പാദങ്ങളിലും, കൈപത്തിയിലും മുഖത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലും കാണാം.
  • ജലാംശവും, മാലിന്യവും പുറംതള്ളാനാവാതെ വൃക്ക ക്ഷീ ണിച്ചിരിക്കുന്നു എന്നതാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്.

ക്ഷീണവും, വിളര്‍ച്ചയും

രക്താണുക്കളില്‍ ഓക്‌സിജന്‍ വഹിക്കുവാന്‍ കഴിയുന്ന എറിത്രോപെയോറ്റിന്‍ എന്ന ഹോര്‍മോണ്‍ ഉദ്പാദിപ്പിക്കുന്നത് കിഡ്‌നിയാണ്. ആ ഉദ്പാദന പ്രവര്‍ത്തനം തടസ്സപ്പെട്ടാല്‍ രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറവ് കാണാം. ഇത് ഉന്മേഷകുറവ്, ശ്രദ്ധക്കുറവ് ബുദ്ധിമാന്ദ്യം, പനിക്കുന്നത് പോലെ തണുപ്പ്, വിറയല്‍ എന്നിവയുണ്ടാവും.
അലര്‍ജി പോലുള്ള ചൊറിച്ചിലും, കറുത്ത പാടുകളും കൈകാലുകളില്‍ ഉണ്ടാവും. രക്തത്തിലെ മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നതിലാണ് ഇത് സംഭവിക്കുന്നത്. ചിലരില്‍ ചീഞ്ഞ മുട്ട മണവും, ലോഹത്തിന്റെ രുചിയും വായില്‍ തോന്നുകയും ചെയ്യും. അത് കൊണ്ട് ഛര്‍ദ്ദിയും ഓക്കാനവും ഉണ്ടാവും. രക്തക്കുറവിനാല്‍ ശ്വാസ തടസ്സവും കിതപ്പും ഉണ്ടാവാം.

മൂത്രക്കല്ല്

ഇന്ന് വളരെ കൂടുതലായി കാണുന്ന ഒരു രോഗമാണ് റീനല്‍ കാല്‍ക്കുലി അഥവാ മൂത്രക്കല്ല്. ഇത് നമ്മുടെ ഭക്ഷണത്തില്‍ നിന്നും അടിഞ്ഞു കൂടന്ന കാല്‍സ്യം ഓക്‌സലേറ്റ് പോലുള്ള മിനറലുകള്‍ കാരണം ഉണ്ടാവുന്നതാണ്. സാധാരണയായി ഇത് കൂടുതല്‍ കാണപ്പെടുന്നത് വേനല്‍ക്കാലത്താണ്.
ഏതൊരാള്‍ക്കും വൃക്കരോഗങ്ങള്‍ പിടിപെടാവുന്നതാണ്. എന്നാല്‍ ഇത് കൂടുതലായും കാണപ്പെടുന്നത് ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ക്ക് അടിപ്പെട്ടവരിലൊ തുടര്‍ച്ചയായി മരുന്നു കഴിക്കുന്നവരിലൊ ആണ്.
മൂത്രവാഹിനികളിലുള്ള കല്ല് പുരുഷന്മാരിലാണ് കൂടുതലും കാണപ്പെടുന്നത്. 20 മുതല്‍ 50 വയസ്സിന് ഇടയ്ക്കുള്ളവരിലാണ് ഈ രോഗം കൂടുതലും കാണപ്പെടുന്നത്. ഒന്നോ, അതിലധികമോ കല്ലുകള്‍ ഉള്ളവരില്‍ വീണ്ടും കല്ല് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
വ്യാവസായിക നഗരങ്ങളില്‍ താമസമാക്കിയവരില്‍ മൂത്രാ ശയക്കല്ലിനേക്കാള്‍ ഏറെ കാണപ്പെടുന്നത് വൃക്കയിലെ കല്ല് ആണ്. വളര്‍ന്ന് കൊണ്ടിരിക്കുന്ന നഗരങ്ങളില്‍ ഈ സ്ഥിതിവിശേഷം നേരെ തിരിച്ച് ആണ്. അവിടെ മൂത്രാശയക്കല്ല് ആണ് കൂടുതല്‍ കാണപ്പെടുന്നത്. ഗ്രാമപ്രദേശങ്ങളില്‍ ഇവ രണ്ടും വളരെ കുറവാണ് ഇതിന് കാരണം അവരുടെ ഭക്ഷണരീതിയിലുള്ള വ്യത്യാസം ആണ്.

മൂത്രക്കല്ല് വരാനുള്ള കാരണങ്ങള്‍

  • പാരമ്പര്യം ഒരു പരിധിവരെ മൂത്രക്കല്ല് രൂപപ്പെടാന്‍ കാരണമാണ്.
  • ഗര്‍ഭകാലങ്ങളിലുണ്ടാവുന്ന ശാരീരിക വ്യതിയാനം മൂലം ഗര്‍ഭിണികളില്‍ കൂടുതലായ് മൂത്രാശയക്കല്ല് കാണ പ്പെടുന്നു. ഉയര്‍ന്ന പ്രൊജസ്റ്ററോണ്‍ ഹോര്‍മോണ്‍ മൂലവും മൂത്രനാളിയുടെ വലിപ്പത്തില്‍ കുറവു സംഭവിക്കുന്നതുകൊണ്ടും ഗര്‍ഭാശയത്തിന്റെ വലിപ്പം കൂടുന്നതുമൂലം മൂത്രാശയത്തിന്റെ കപാസിറ്റി കുറയുമ്പോള്‍ താരതമ്യേന വെള്ളം കുടിക്കുന്നതിന്റെ അളവു കുറയുന്നതു മൂലവുമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ സമയത്ത് അധികമായി കഴിക്കുന്ന കാല്‍സ്യം സപ്ലിമെന്റ്‌സും ഒരു പരിധി വരെ മൂത്രക്കല്ലിനു കാരണമാകുന്നുണ്ട്.
  • ഹൈപര്‍തൈറോയിഡിസം, സാര്‍കോയിഡോസിസ് മുതലായ അസുഖങ്ങള്‍ കാരണവും മൂത്രത്തില്‍ കല്ല് വരാനുള്ള സാധ്യത ഏറെയാണ്.

മൂത്രക്കല്ലിന്റെ ലക്ഷണങ്ങള്‍

  • പാര്‍ശ്വങ്ങളില്‍ കാണപ്പെടുന്ന വേദന
  • മൂത്രത്തില്‍ രക്തത്തിന്റെ അംശം
  • മൂത്രം ഒഴിക്കാനുള്ള ബുദ്ധിമുട്ട്
  • ഛര്‍ദ്ദി

റീനല്‍ ഗ്ലൈസൂറിയ

വൃക്കകളെ ബാധിക്കുന്ന ഒരു രോഗമാണ് റീനല്‍ ഗ്ലൈസൂറിയ. പ്രമേഹമില്ലാതെ തന്നെ മൂത്രത്തില്‍ പഞ്ചസാര കാണുന്നു. ഈ രോഗികള്‍ക്ക് ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതല്‍ ഉണ്ടാകില്ല. രക്തത്തില്‍ കൂടുതല്‍ പഞ്ചസാര ഇല്ലാതെ തന്നെ വൃക്കകള്‍ മൂത്രത്തിലേക്ക് കൂടുതല്‍ പഞ്ചസാര അരിച്ചെടുത്ത് വിടുന്ന രോഗാവസ്ഥയാണ് റീനല്‍ ഗ്ലൈസൂറിയ. ഇതിന് ഒരു പരിധിവരെ നമ്മുടെ ആഹാരരീതിക്കും ജീവിത രീതിക്കും പങ്കുണ്ട്. ക്രമമായ ആഹാരരീതിയും ഭക്ഷണ രീതിയും പാലിച്ചാല്‍ ഇതിനെ തടയാം.

നെഫ്രൈറ്റിസ്

രോഗാണു നിമിത്തം ഉണ്ടാകുന്ന വൃക്ക രോഗമാണ് നെഫ്രൈറ്റിസ്. വൃക്ക കോശങ്ങള്‍ക്ക് സംഭവിക്കുന്ന പഴുപ്പാണിത് . അമ്ലതയേറിയ കൃത്രിമ ഭക്ഷണങ്ങളുടെ ഉപയോഗം. അതായത് കാപ്പി, ചായ, മാംസം, മുട്ട, ശീതള പാനീയങ്ങള്‍, പഞ്ചസാര, രാസപ്രക്രിയക്കുവിധേയമായ ഭക്ഷണങ്ങള്‍, കൃത്രിമ ജീവകങ്ങള്‍, ഉപ്പ്, പുളി ഇവയുടെ ആധിക്യം വൃക്കയുടെ പ്രവര്‍ത്തനത്തെ താറുമാറാക്കുന്നു.
അലൂമിനിയം പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വിഷമയ പദാര്‍ത്ഥങ്ങള്‍ ശരീരത്തില്‍ നിന്ന് പുറം തള്ളുന്നത് വൃക്കയാണ്. അതിനായ് വൃക്ക അധികാധ്വാനം ചെയ്യേണ്ടി വരികയും വൃക്ക കോശങ്ങള്‍ക്ക് തകരാറുകള്‍ സംഭവിക്കുകയും ചെയ്യുന്നു.
അലോപ്പതി മരുന്നായ പാരസെറ്റമോള്‍ പോലുള്ള വേദന സംഹാരികളും മറ്റ് ആന്റിബയോട്ടിക് ആന്റിപൈറന്റിക്, ആന്റ് ഇന്‍ഫ്‌ളമേറ്ററി മരുന്നുകളുടെ ഉപയോഗം മൂലവും വൃക്കയുടെ പ്രവര്‍ത്തനം താറുമാറാകുന്നു. അതുകൊണ്ട് തന്നെ ജീവിതകാലം മുഴുവന്‍ ഡയാലിസിസില്‍ അഭയം പ്രാപിക്കേണ്ടിവരികയും ആരോഗ്യം നഷ്ടപ്പെടുകയും ചെയ്യുന്നു.
എന്നാല്‍ ആയുര്‍വേദ മരുന്നുകളുടെ ഉപയോഗം വൃക്കരോഗങ്ങള്‍ക്ക് കാരണമാവുന്നില്ലെന്ന് തെളിയിക്കപ്പെട്ടതായ് ഓര്‍ക്കുക.

ചികിത്സകള്‍

  • ലിതോട്രിപ്‌സി, ടണല്‍ സര്‍ജറി (പെര്‍ക്യൂറ്റേനിയസ് നെഫ്രോ ലിതോട്ടോമി), യുറെട്ടെറോസ്‌കോപ്പി തുടങ്ങിയവ ആധുനിക ചികിത്സാ രീതികള്‍ ആണ്.
  • ആയുര്‍വേദ ശാസ്ത്രം അനുസരിച്ച് കഷായരൂപത്തിലും, അരിഷ്ടാസവ രൂപത്തിലും, ഗുളിക രൂപത്തിലും, ഭസ്മരൂപത്തിലും, അര്‍ക്ക രൂപത്തിലും മരുന്നുകളും, ഇതുപയോഗിച്ചുള്ള ചികിത്സകളും ലഭ്യമാണ്.
  • മുതിരയും, വാഴപ്പിണ്ടിയും ആഹാരത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത്. മൂത്രക്കല്ല് രോഗികള്‍ക്ക് വളരെ നല്ലതാണ്.

ആഹാര രീതി

കഴിക്കാവുന്നവ
കുമ്പളങ്ങ, കക്കരിക്ക, അമരപ്പയര്‍, പച്ചമാങ്ങ, പച്ചപട്ടാണി, പടവലങ്ങ, മുള്ളങ്കി (പിങ്ക്), ബീറ്റ്‌റൂട്ട്, ഉലുവയില, ചുരയ്ക്ക, പിച്ചിങ്ങ, ആഴ്ചയില്‍ (2-3) ആപ്പിള്‍, 1 പേരയ്ക്ക, പപ്പായ (ഒരു ചെറിയ കഷ്ണം) പൈനാപ്പിള്‍ (2 ചെറിയ കഷ്ണം), പുഴുങ്ങിയ ഏത്തപ്പഴം, ഒലീവ്, ആപ്രിക്കോട്ട് (അത്തിപ്പഴം), കുരുമുളക്, വെളുത്തുള്ളി, അരി, ഗോതമ്പ്, വൈറ്റമിന്‍ ഡി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ കഴിക്കാം. വൈറ്റമിന്‍ ഡി കിട്ടാനായ് സൂര്യ പ്രകാശം കൊള്ളുകയും വേണം.
പാടില്ലാത്തവ
ചീര, മുരിങ്ങയില, മല്ലിയില, ചേമ്പ്, പച്ചപപ്പായ, ചേന, ഉരുളക്കിഴങ്ങ്, കപ്പ, മധുരക്കിഴങ്ങ്, സ്പിനാച്ച്, പാലക്ക്, മുരുങ്ങിക്കായ, തേങ്ങ, മുസംബി, ഓറഞ്ച്, മുന്തിരി, സപ്പോട്ട, ചക്ക, മാങ്ങ, നെല്ലിക്ക, നാരങ്ങ, ഇളനീര്‍, ശര്‍ക്കര, നട്‌സ്, ഇന്‍സ്റ്റന്റ് കോഫി പൗഡര്‍, കോക്കോ പൗഡര്‍, റാഗി, ജീരകം, പഴുത്ത തക്കാളി, ജാം, ജെല്ലി, മല്ലിപ്പൊടി, ഉണക്കിയ പഴവര്‍ഗങ്ങള്‍, സോയാബീന്‍, ഈത്തപ്പഴം, അനാര്‍, കൂണ്‍, കോളിഫഌര്‍, ബീറ്റ്‌റൂട്ട്, മത്സ്യം, മസാല, ഉപ്പ്, ചുവന്ന തവിടുള്ള അരി, തൈര്, പീസ, ബിസ്‌ക്കറ്റ്, പാല്‍പ്പൊടി, വെണ്ണ, അണ്ടിപ്പരിപ്പ്, ബദാം, ചെറുപയര്‍.
‘ആഹാരം ഔഷധം പോലെ കഴിച്ചിലെങ്കില്‍ ഔഷധം ആഹാരം പോലെ കഴിക്കേണ്ടി വരും’ എന്ന ആയുര്‍വേദ ആചാര്യന്‍ വാഗ്ഭടന്റെ വാക്കുകള്‍ എത്രയോ ശരിയാണെന്ന് കാലം തെളിയിക്കുന്നു.
ഇന്ന് പലര്‍ക്കും ആഹാരത്തെക്കാള്‍ ഏറയൊ അല്ലെങ്കില്‍ ആഹാരം പോലെയോ അലോപ്പതി മരുന്നുകള്‍ കഴിക്കേണ്ട അവസ്ഥയാണ്. പ്രമേഹം രക്തസമ്മര്‍ദ്ദം, തൈറോയിഡ് ഡിസോഡര്‍, ഹൃദ്രോഗം, മാനസികരോഗം മുതലായ അസുഖങ്ങള്‍ക്ക് മരുന്നുകള്‍ ജീവിതാവസാനം വരെ കഴി ക്കേണ്ടി വരുന്നത് വാഗ്ഭടന്റെ വാക്കു കളെ അന്വര്‍ത്ഥമാക്കുന്നു.
പഞ്ചായത്തുകള്‍തോറും ഡയാലിസിസ് സെന്ററുകള്‍ സ്ഥാപിക്കേണ്ട അവസ്ഥയിലേക്ക് ഈ കൊച്ചു കേരളം എത്തി ചേര്‍ന്നത് ഇത്തരം മരുന്നുകളുടെ അമിതോപയോഗവും ദുരുപയോഗവും കൊണ്ടല്ലേ?
ഈ ഇടയായി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച 400 ല്‍ പരം ഔഷധക്കൂട്ടുകള്‍ വൃക്ക രോഗങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത കൂടി യവയാണെന്ന് പഠനങ്ങള്‍ തെളിയിച്ചി ട്ടുള്ളതാണ്. ഇനിയും ഇത്തരം ഔഷധങ്ങള്‍ നിരോധിക്കാന്‍ സാധ്യതയും കാണുന്നു.
അതുകൊണ്ട് തന്നെ നിര്‍ദ്ദേശിക്കുന്ന ഡോക്ടര്‍മാരും ഉപയോഗിക്കുന്ന രോഗികളും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

Posted by vincent