കടുത്ത വേനല്‍ക്കാലത്ത് ശരീരത്തിന്റെ ബലം ഏറ്റവും കുറയുന്നു. ശരീര ഊഷ്മാവ് നിയന്ത്രിക്കുന്നതിനായി ഉപാപചയ പ്രവര്‍ ത്തനങ്ങളുടെ തോത് ശരീരം സ്വയം കുറയ്ക്കുന്നതിന്റെ ഫലമായി വിശപ്പ് കുറയുകയും എന്നാല്‍ സ്വേദപ്രവര്‍ത്തനം കൂടുതലായതിനാല്‍ ജലദ്രവ്യനഷ്ടം സംഭവി ക്കുകയും ചെയ്യും. അത്യുഷ്ണം മൂലം സൂര്യാഘാതം, ശരീരക്ഷീണം, മൂക്കിലൂടെ രക്തം പോകുക എന്നിവയും ചൂടുകുരു, ചെങ്കണ്ണ്, മഞ്ഞപ്പിത്തം, ചിക്കന്‍പോക്‌സ്,മൂത്രത്തില്‍ പഴുപ്പ് എന്നീ അസുഖങ്ങളും ഉണ്ടാകാനിടയുണ്ട്.
സൂര്യാഘാതം
ഒരാള്‍ക്ക് പെട്ടെന്ന് സൂര്യാഘാതമേല്‍ക്കുകയാണെങ്കില്‍ തണുപ്പുള്ള പ്രദേശത്ത് കിടത്താന്‍ അനുവദിക്കണം. ശീതീകരിച്ച മുറികളോ വൃക്ഷത്തിന്റെ തണലോ തിരഞ്ഞെടുക്കാം, തണുത്ത കാറ്റ് (ഫാന്‍/തണുത്ത വിശറി) ഏല്പിക്കണം. ദേഹത്ത് തണുത്ത ജലം തളിക്കണം. പൊള്ളലേറ്റിട്ടുണ്ടെങ്കില്‍ മഞ്ഞള്‍പ്പൊടി വിതറുകയോ കറ്റാര്‍വാഴ പുരട്ടുകയോ ചെയ്യുന്നത് നല്ലതാണ്.
ഗുളുച്യാദി ഗണപാനകം, ദ്രാക്ഷാദി കഷായം എന്നിവ കുടിക്കാനായി നല്‍കാം.
മോര് കുടിക്കുന്നത് സൂര്യാഘാതത്തെ പ്രതിരോധിക്കുവാന്‍ സഹായിക്കുന്നു.
മധുരപ്രദാനമായ ദ്രവ്യങ്ങളിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും, മോര് കുടിക്കുന്നതും ശരീരത്തിലെ ജലനഷ്ടവും ക്ഷീണവും തടയുന്നതിനും സൂര്യാഘാതം പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതുകൊണ്ട് ഉദരരോഗങ്ങളും, വയറിളക്കവും തടയാനാകും. കട്ടികുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതും രണ്ട് നേരം കുളിക്കുന്നതും ചര്‍മ്മരോഗങ്ങള്‍ തടയുന്നതാണ്.
വേനല്‍ക്കാലത്ത് ശീലിക്കേണ്ട
ആഹാരങ്ങള്‍
- നറുനീണ്ടി, ശതാവരി, മുത്തങ്ങ, രാമച്ചം, ഇരുവേലി ഇവ തിളപ്പിച്ച് വെള്ളം കുടിക്കാം. ലഘുവും ശീതവും സനിഗ്ദവും മധുരരസമുള്ളതുമായ ആഹാരങ്ങളാണ് ഉചിതം.
- പഞ്ചസാര ചേര്‍ത്ത് നേര്‍പ്പിച്ച പാല്‍, കൂജവെള്ളം, മാങ്ങ, ചക്ക, കരിക്കിന്‍വെള്ളം, സംഭാരം, തണ്ണിമത്തന്‍, കക്കരിക്ക, വാഴപ്പഴം, മുന്തിരി, തക്കാളി, വെണ്ടയ്ക്ക എന്നിവ ധാരാളമായി ഉപയോഗിക്കാം.
- നെയ്യ് ചേര്‍ത്ത കഞ്ഞി/മലര്‍ക്കഞ്ഞി.
- എരുമപ്പാല്‍ പഞ്ചസാര ചേര്‍ത്ത് ഉപയോഗിക്കാം.
- മലര് പഞ്ചസാര ചേര്‍ത്ത് കഴിക്കാം. കരിക്കിന്‍ വെള്ളം, മാംസരസം (സൂപ്പ്) എന്നിവ ഉപയോഗിക്കാം.
- ദഹിക്കാന്‍ എളുപ്പമുള്ളതും തണുത്തതും മധുരമുള്ളതും ദ്രവരൂപത്തിലുള്ളതും അല്പം എണ്ണമയമുള്ളതുമായ ഭക്ഷണങ്ങള്‍ കഴിക്കാം.
- അരി, ഗോതമ്പ്, ചെറുപയര്‍ ഇവകൊണ്ടുള്ള ആഹാരം ഉപയോഗിക്കാം.
ഒഴിവാക്കേണ്ട ആഹാരങ്ങള്‍
- ഉപ്പ്, പുളി, മസാല, എരിവ് അധികമായി ചേരുന്ന ആഹാരങ്ങള്‍, മാംസാഹാരങ്ങള്‍.
- കാപ്പി, അച്ചാറ്, ഫാസ്റ്റ് ഫുഡ്, കൂള്‍ ഡ്രിംഗ്‌സ്, തൈര്, മൈദ.
- അധികം ഉപ്പുചേര്‍ത്ത പാനീയങ്ങള്‍, മദ്യം, അധികം ചൂടുള്ളതും ദഹിക്കാന്‍ പ്രയാസമുള്ളതുമായ ഭക്ഷണങ്ങള്‍, ശീതികരിച്ച പാനീയങ്ങളും ഭക്ഷണങ്ങളും.
ശീലിക്കേണ്ട വിഹാരങ്ങള്‍
- കട്ടി കുറഞ്ഞതും, വായുസഞ്ചാരം ലഭിക്കുന്നതും ഇളം നിറത്തിലുള്ളതുമായ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
- ശൗചകര്‍മ്മത്തിനും സ്‌നാനത്തിനും തണുത്ത വെള്ളം ഉപയോഗിക്കാം. സ്‌നാനം രണ്ടു തവണയാക്കാം.
- ഉച്ചവിശ്രമം (പകലുറക്കം) അല്പമാക്കാം. മൃദുവായ കിടക്കകള്‍.
- ഉച്ചനേരത്ത് പുറത്തിറങ്ങുമ്പോള്‍ കുട ചൂടണം.
- യാത്ര ചെയ്യുമ്പോള്‍ കുടിവെള്ളം കരുതണം.
ഒഴിവാക്കേണ്ട വിഹാരങ്ങള്‍
- ചൂടുവെള്ളത്തിലുള്ള കുളി, രാത്രിയിലെ ഉറക്കമിളപ്പ്, അമിത വ്യായാമം, വെയില്‍കൊള്ളല്‍, മദ്യം, മൈഥുനം.
- ചൂട് കൂടുതലുള്ള ഉച്ചസമയത്ത് പുറത്തിറങ്ങാതെ വിശ്രമിക്കുക.