Mar 17 2025, 3:05 PM +91 94476 83169 arogyappachamasika@gmail.com

Arogyappacha

ശാസ്ത്രത്തെ പ്രതിയാക്കുമ്പോള്‍

ശാസ്ത്രത്തെ പ്രതിയാക്കുമ്പോള്‍

ശാസ്ത്രത്തെ പ്രതിയാക്കുമ്പോള്‍

August 9, 2024

സുരേന്ദ്രന്‍ ചുനക്കര
പി ആര്‍ ഒ
റീജിയണല്‍ കാന്‍സര്‍ സെന്റര്‍

തെ! അങ്ങനെയാണ് ശാസ്ത്രം വളര്‍ന്നു വികസിച്ച് ഇങ്ങനെയായത്. മാറ്റമില്ലാതെ സ്ഥിര പ്രതിഷ്ഠ നേടിയവയല്ല ശാസ്ത്ര സിദ്ധാന്തങ്ങള്‍. മനുഷ്യ ബുദ്ധി, ചിന്ത, അനുഭവം എന്നിവയുടെ അടിസ്ഥാനത്തില്‍ ആപേക്ഷിക സത്യമെന്നു ബോധ്യപ്പെടുന്നവയെ ശാസ്ത്രതത്വമായി അംഗീകരിക്കുകയാണ് പതിവ്. ഇന്നത്തെ ശാസ്ത്ര സത്യം ഭാവിയില്‍ കെട്ടുകഥയോ അസംബന്ധമോ ആയേക്കാം.
വൈദ്യശാസ്ത്ര പിതാവ് ഹിപ്പോക്രാറ്റസ് കാന്‍സറിനെക്കുറിച്ച് ആവിഷ്‌കരിച്ച ഹ്യൂമറല്‍ സിദ്ധാന്തം ഇന്നു കേട്ടാല്‍ കുട്ടികള്‍ പോലും ചിരിക്കും. കറുത്ത പിത്തരസം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെട്ടിക്കിടക്കുന്നതാണ് കാന്‍സറിന് കാരണമെന്നാണ് ഈ സിദ്ധാന്തം പറയുന്നത്. 1300 വര്‍ഷം ഈ സിദ്ധാന്തം ചോദ്യം ചെയ്യപ്പെടാത്ത ശാസ്ത്രമായിരുന്നു എന്നോര്‍ക്കണം.
പറഞ്ഞുവന്നത് ഓരോ കാലഘട്ടത്തിലും ലഭ്യമായ വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ്ശാസ്ത്രസിദ്ധാന്തങ്ങളും അതിന്റെ പ്രായോഗിക പാഠങ്ങളും ഉണ്ടാകുന്നത്. 1984 വരെ എച്ച് ഐ വിയാണ് എയ്ഡ്‌സിനു കാരണമെന്നത് അജ്ഞാതമായിരുന്നു.
അനുദിനം വളരുകയും തെറ്റുകള്‍ തിരുത്തി പുതുക്കിപ്പണിയുകയുമാണ് ശാസ്ത്രം ചെയ്യുന്നത്. അത് ശാസ്ത്രത്തിന്റെ സ്വഭാവമാണ്. ലഭ്യമായ അറിവുകള്‍ വച്ചുകൊണ്ടു മാത്രമേ ശാസ്ത്രത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയൂ. ശാസ്ത്രത്തിന്റെ ഈ വഴക്കമുള്ള സ്വഭാവത്തെ തെറ്റായി വ്യാഖ്യാനിക്കുകയും അതിന്റെ പേരില്‍ പ്രതിക്കൂട്ടിലാക്കുകയും ചെയ്യാറുണ്ട്. ഈ ദൗര്‍ബല്യത്തിന്റെ പേരില്‍ ശാസ്ത്രത്തെ കുരിശില്‍ തറയ്ക്കാനുള്ള ശ്രമങ്ങള്‍ എന്നും ഉണ്ടായിരുന്നു. പക്ഷേ അതൊക്കെ അതിജീവിച്ച് നിരന്തരമായ പുതുക്കലിലൂടെ ശാസ്ത്രം ദാ ഇവിടെ എത്തിനില്‍ക്കുന്നു.
കേരളത്തിന്റെ അഭിമാന സ്ഥാപനമായ റീജിയണല്‍ കാന്‍സര്‍ സെന്ററില്‍, രക്തദാനത്തിലൂടെ ഒരു കുട്ടിക്ക് എച്ച് ഐ വി ബാധിച്ചു എന്ന വാര്‍ത്തയെ തുടര്‍ന്നുണ്ടായ പ്രതികരണങ്ങളാണ് ശാസ്ത്രത്തെക്കുറിച്ച് ഇത്രയും ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
ശാസ്ത്ര ബോധമുണ്ടാകേണ്ട മാധ്യമങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമൊക്കെ ഇതിന്റെ പേരില്‍ ശാസ്ത്രവസ്തുതകളെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയും നിഴല്‍ യുദ്ധം നടത്തുകയും ചെയ്തു. കുട്ടിക്ക് എച്ച് ഐ വി ബാധിക്കാനിടയായ സംഭവത്തില്‍ കുറ്റവാളികളെ ശിക്ഷിക്കണമെന്നും പുറത്താക്കണമെന്നുമായിരുന്നു ഈ ചര്‍ച്ചകളുടെ പ്രധാന അജണ്ട.
എന്നാലിവിടെ ആരാണ് കുറ്റവാളികള്‍? ആരാണ് പ്രതികള്‍? അതറിയണമെങ്കില്‍ നമുക്ക് രക്തദാനശാസ്ത്രത്തെക്കുറിച്ച് അറിയേണ്ടതുണ്ട്.
സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ കണക്ക് പ്രകാരം ലൈസന്‍സുള്ള 2535 രക്തബാങ്കുകളാണ് ഇന്ത്യയില്‍ ഉള്ളത്. കഴിഞ്ഞവര്‍ഷം 82 ലക്ഷം യൂണിറ്റ് രക്തമാണ് ഈ രക്തബാങ്കുകളില്‍ ശേഖരിച്ച് വിതരണം നടത്തിയത്. 1998 ലെ സുപ്രീം കോടതി ഉത്തരവു പ്രകാരം രക്തദാനം തൊഴിലാക്കിയവരില്‍ നിന്നു രക്തം സ്വീകരിക്കാന്‍ പാടില്ല.
നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ,നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍, ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ തുടങ്ങിയ ഏജന്‍സികളുടെ നിയന്ത്രണത്തിലും മാര്‍ഗനിര്‍ദ്ദേശത്തിലുമാണ് രക്തബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്.
സുരക്ഷിത രക്തം രോഗികള്‍ക്ക് ലഭിക്കുന്നതിനുവേണ്ടി രക്തബാങ്കുകള്‍ നിരവധി നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. ദാതാവിന്റെ രോഗചരിത്രം, പ്രായം, പൊതുവായ ആരോഗ്യം, നടത്തിയിട്ടുള്ള ശസ്ത്രക്രിയകള്‍ തുടങ്ങിയവ ചോദിച്ച് അറിയുകയും ഈ പ്രസ്താവനകള്‍ ഒപ്പിട്ടുവാങ്ങുകയും ചെയ്യും. അതിനുശേഷം നിര്‍ദ്ദിഷ്ട പരിശോധനകള്‍ നടത്തിയാണ് ദാതാവില്‍ നിന്നും രക്തം സ്വീകരിക്കുന്നത്. രക്തഗ്രൂപ്പ് മഞ്ഞപ്പിത്തം, മലേറിയ, സിഫിലിസ്, എയ്ഡ്‌സ് എന്നിവയുടെ പരിശോധന നിര്‍ബന്ധമാണ്. അതിനു ശേഷം ഇത് രോഗിയുടെ രക്തവുമായി ചേരുന്നുണ്ടോ എന്നറിയാനുള്ള ക്രോസ്മാച്ച് പരിശോധനയും നടത്തും. ഇത്രയുമൊക്കെ കടമ്പകള്‍ കടന്നാണ് ഒരു രോഗിക്ക് ജീവജലമായ രക്തം ലഭിക്കുന്നത്.
രക്തദാനത്തിലൂടെ എച്ച് ഐ വി മാത്രമല്ല, മലേറിയ, സിഫിലിസ് വെസ്റ്റ് നൈല്‍ വൈറസ്, സൈറ്റോമെഗാലോ വൈറസ്, ഹ്യൂമന്‍ ടി സെല്‍ ലിംഫോ ട്രോപിക് വൈറസ്, പാര്‍വോ വൈറസ് എന്നിവയും മറ്റൊരാള്‍ക്ക് നല്‍കാന്‍ കഴിയും. 1989 ലാണ് ഇന്ത്യയില്‍ രക്തദാനത്തിനു മുമ്പ് ദാതാവിന് എച്ച്. ഐ വി പരിശോധന കര്‍ശനമാക്കിയത്. 2001 ല്‍ ഹെപ്പറ്റൈറ്റിസ് സി വൈറസിന്റെ പരിശോധനയും കര്‍ശനമാക്കി.
ഇത്രയുമൊക്കെ കര്‍ശനമായ പരിശോധനകള്‍ നടത്തിയിട്ടും കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍ രക്തദാനം മൂലം ഇന്ത്യയില്‍ എച്ച് ഐ വി ബാധിച്ചവര്‍ 2234 പേരാണത്രേ. ഒരു പക്ഷേ മറ്റു മാര്‍ഗങ്ങളിലൂടെ എച്ച് ഐ വി ബാധിച്ചവര്‍ കൂടി ഈ കണക്കില്‍ ഉള്‍പ്പെട്ടിരിക്കാം. എങ്കില്‍ത്തന്നെയും രക്തദാനത്തിലൂടെ എച്ച് ഐ വി പകരുന്നു എന്നത് ഒരു വസ്തുതയാണ്. ഇത്രയൊക്കെ മുന്‍കരുതലും പരിശോധനകളും ഉണ്ടായിട്ടും ഇതെങ്ങനെ സംഭവിക്കുന്നു? അതാണ് വിന്‍ഡോ പീരീഡ് അഥവാ ജാലകഘട്ടം എന്ന ശാസ്ത്ര സത്യം.
അതായത് എച്ച് ഐ വി അണുബാധ ഉണ്ടായതിനുശേഷം അത് സാധ്യമായ പരിശോധനകളിലൂടെ രക്തത്തില്‍ കണ്ടെത്താന്‍ എടുക്കുന്ന കാലദൈര്‍ഘ്യമാണ് വിന്‍ഡോ പീരീഡ്. എച്ച് ഐ വി അണുബാധ കണ്ടുപിടിക്കാന്‍ സാര്‍വ്വത്രികമായി ഉപയോഗിക്കുന്ന സീറോളജി പരിശോധനയാണ് എലിസാ ടെസ്റ്റ്. ലോകാരോഗ്യ സംഘടന, നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡാര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ തുടങ്ങിയ ഏജന്‍സികള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പരിശോധനയാണിത്. വൈറസ് ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രതിവസ്തുക്കള്‍ അഥവാ ആന്റിബോഡികളെ കണ്ടെത്തുകയാണ് ഈ പരിശോധനയില്‍.വ്യക്തിയുടെ പ്രതിരോധ ശക്തിയനുസരിച്ച് അണുബാധയ്ക്ക് ശേഷം രണ്ടു മുതല്‍ നാലു മാസം വരെയാണ് രക്തത്തില്‍ ഈ ആന്റി ബോഡികള്‍ പ്രത്യക്ഷപ്പെടാനെടുക്കുന്ന സമയം. ഇതാണ് വിന്‍ഡോ പീരിഡ്. നിലവിലുള്ള ശാസ്ത്ര സാങ്കേതിക വിദ്യപ്രകാരം, അണുബാധയേറ്റ ഉടന്‍ തന്നെ അതു കണ്ടെത്താന്‍ കഴിയില്ല. രണ്ടു മുതല്‍ നാലു മാസം കഴിഞ്ഞു മാത്രമേ എലിസ ടെസ്റ്റ് വഴി രോഗ നിര്‍ണയം നടത്താനാവൂ.
എന്നാല്‍ ഈ കാലയളവിനുള്ളില്‍ ഈ വ്യക്തിക്ക് മറ്റൊരാള്‍ക്ക് രോഗം പകര്‍ന്നു നല്‍കാന്‍ കഴിയും. ഇത് ശാസ്ത്രത്തിന്റെ ഒരു പരിമിതിയാണ്. ടെസ്റ്റ് നടത്തുന്നവരുടെ പിഴവല്ല.രക്തബാങ്കില്‍ സ്‌ക്രീനിംഗ് ടെസ്റ്റു നടത്തുമ്പോള്‍ ‘നോണ്‍ റിയാക്ടീവ്’ എന്ന റിസള്‍ട്ടു കിട്ടിയാല്‍ ആ രക്തം മറ്റൊരാള്‍ക്ക് നല്‍കാനുള്ള ‘ഗ്രീന്‍ സിഗ്നല്‍’ ആയി. ഇത് ആരുടെയെങ്കിലും അനാസ്ഥയോ, അശ്രദ്ധയോ, മനുഷ്യ സഹജമായ പിശകോ അല്ല. സാങ്കേതിക വിദ്യയുടെ പരിമിതി ആണ്. ഇവിടെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് ശാസ്ത്രസാങ്കേതിത വിദ്യയാണ്. അതു കൈകാര്യം ചെയ്യുന്ന മനുഷ്യരെ കുറ്റവാളികള്‍ എന്നു മുദ്രകുത്തി ആത്മവിശ്വാസം തകര്‍ക്കുന്നത് അധാര്‍മ്മികമാണ്.എന്നാല്‍ കേവലം 33 രാജ്യങ്ങളില്‍ മാത്രം നടപ്പിലാക്കിയ മറ്റൊരു പരിശോധനയുണ്ട്. ചഅഠ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ന്യൂക്ലിക് ആസിഡ് ആംപ്ലിഫിക്കേഷന്‍ ടെസ്റ്റ്. വൈറസിന്റെ ആന്റിബോഡിയല്ല മറിച്ച് വൈറസിന്റെ ജനിതക ദ്രവ്യമായ ആര്‍ എന്‍ എയിലുള്ള ന്യൂക്ലിക് ആസിഡ് കണ്ടെത്തുകയാണ് ചെയ്യുക. അണുബാധയുണ്ടായി 10-15 ദിവസങ്ങള്‍ക്കുള്ളില്‍ രക്തത്തില്‍ നിന്നും ഇത് കണ്ടെത്താം. നേരത്തേ സൂചിപ്പിച്ച വിന്‍ഡോ പീരിഡ് 10-15 ദിവസമായി കുറയുന്നു എന്നര്‍ത്ഥം. ഉയര്‍ന്ന സാങ്കേതിത പരിജ്ഞാനം ആധുനിക പശ്ചാത്തല സൗകര്യങ്ങള്‍ ഉയര്‍ന്ന ചെലവ് എന്നിവയാണ് ഇതിന്റെ പരിമിതികള്‍.
വിന്‍ഡോ പീരിഡ് 10-15 ദിവസമായി കുറയ്ക്കാന്‍ കഴിയും എന്ന കാര്യം കണക്കിലെടുക്കുമ്പോള്‍ ഈ പരിശോധന കൂടുതല്‍ രക്തബാങ്കുകളില്‍ ഏര്‍പ്പെടുത്തേണ്ടതാണ്. പക്ഷേ അവിടെയും പ്രശ്‌നം തീരുന്നില്ല. വിന്‍ഡോ പീരിഡ് 10-15 ദിവസമായി കുറയുന്നു എന്നു പറയുമ്പോള്‍ രക്തദാനത്തിലൂടെയോ മറ്റ് മാര്‍ഗങ്ങളിലൂടെയോ ഈ വ്യക്തി 10-15 ദിവസത്തിനുള്ളില്‍ അണുസംക്രമണം നടത്തിയാല്‍ അതു കണ്ടുപിടിക്കാന്‍ കഴിയില്ല. അതായത് ആപേക്ഷിക അപകടസാധ്യത പൂര്‍ണ്ണമായും ഇല്ലാതാകുന്നില്ല. മറിച്ച് അത് 10-15 ദിവസമായി കുറയുന്നു എന്നു മാത്രം.
മറ്റൊരു എച്ച് ഐ വി പരിശോധനയായ വെസ്‌റ്റേണ്‍ ബ്ലോട്ട് സ്‌ക്രീനിംഗിനായി ഉപയോഗിക്കാറില്ല. സീറോളജി പരിശോധനയിലൂടെ റിയാക്ടീവ് ആകുന്ന രക്തസാമ്പിളുകളില്‍ എച്ച് ഐ വി സ്ഥിരീകരിക്കാന്‍ മാത്രമാണ് ഇതുപയോഗിക്കുക. രക്തദാതാക്കള്‍ക്ക് സ്‌ക്രീനിംഗിന്റെ ഭാഗമായി ചെയ്യാന്‍ കഴിയുന്നതല്ല ഈ പരിശോധന.
ഇതില്‍ നിന്നും ഒരു കാര്യം വ്യക്തം. ഇന്ന് നിലവിലുള്ള ശാസ്ത്രസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി എച്ച് ഐ വി അണുബാധ 10 ദിവസത്തിനു മുമ്പ് കിറുകൃത്യമായി കണ്ടുപിടിക്കാന്‍ കഴിയുകയില്ല. ഈ വസ്തുത ശാസ്ത്രമാണ്. ഈ ശാസ്ത്രസത്യത്തെയാണ് കുറ്റവാളിയുടെ കുപ്പായം ധരിപ്പിക്കുന്നത്.
കാന്‍സര്‍ രോഗിയായ ഒരു കുഞ്ഞിന് എച്ച് ഐ വി ബാധിച്ചു എന്ന വാര്‍ത്ത കുട്ടിയുടെ മാതാപിതാക്കളെപ്പോലെ തന്നെ കുഞ്ഞിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പൊതുസമൂഹത്തിനുമൊക്കെ അത്യധികം വേദനാജനകമാണ്. ആ കുഞ്ഞിന്റെ കുടുംബത്തിന്റെ വേദനയില്‍ എല്ലാവരും പങ്കാളികളുമാണ്. പക്ഷേ അതൊരു നിനച്ചിരിക്കാത്ത ആപത്തു മാത്രമാണ്. ആരും കുറ്റവാളികള്‍ അല്ല, ആരുടെയും നോട്ടപ്പിശകുമല്ല, അനാസ്ഥയുമല്ല. മറിച്ച് ശാസ്ത്രത്തിന്റെ അനിവാര്യമായ പരിമിതിയാണ്.ആര്‍ സി സിയില്‍ സ്റ്റാന്‍ഡാര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ (എസ് ഒ പി) ഉള്ളതുകൊണ്ടാണ് ഈ അണുബാധ കണ്ടുപിടിക്കാന്‍ കഴിഞ്ഞത് എന്നു മറക്കരുത്. ശരീരത്തില്‍ മുറിവുണ്ടാക്കുന്ന പരിശോധനയോ ചികിത്സയോ വേണ്ടിവരുമ്പോള്‍ മഞ്ഞപ്പിത്തം, എച്ച് ഐ വി എന്നിവ പരിശോധിക്കണമെന്നത് കര്‍ശന നിയമമാണ്. എല്ലാ രോഗികളുടെ കാര്യത്തിലും ഇതാണ് നടപടിക്രമം. മാസങ്ങള്‍ക്കു ശേഷം മറ്റൊരു ശസ്ത്രക്രിയ ആവശ്യമായി വന്നപ്പോള്‍ ഈ പരിശോധനകള്‍ ആവര്‍ത്തിച്ചു. അതും നിയമമാണ്. നേരത്തേ എച്ച് ഐ വി ടെസ്റ്റ് ചെയ്തിട്ടുള്ളതിനാല്‍ ഇനിയും ചെയ്യേണ്ട ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞില്ലല്ലോ? അതായത് ഏതു സാഹചര്യത്തിലും ശാസ്ത്രീയവും നിയമപരവുമായ നടപടിക്രമങ്ങള്‍ പാലിച്ചേ ചികിത്സ നല്‍കുകയുള്ളു എന്നര്‍ത്ഥം.ശാസ്ത്ര സാങ്കേതിക വിദ്യയുടെ പരിമിതികൊണ്ട് ഉണ്ടായ നിര്‍ഭാഗ്യകരമായ ഒരു ആപത്തിനെ ഊതിപ്പെരുപ്പിച്ച് രക്തദാനം എന്ന ജീവന്‍ രക്ഷാകര്‍മ്മത്തെ നിരുത്സാഹപ്പെടുത്താനാണ് ചില മാധ്യമങ്ങള്‍ ശ്രമിച്ചത്. രക്തം സ്വീകരിക്കുന്നതിനെക്കുറിച്ച് രോഗികള്‍ക്കിടയില്‍ ഉണ്ടാക്കിയ ഭീതിയാണ് അതിലും വലിയ പ്രശ്‌നം. ഭീതി വിതയ്ക്കാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ അതില്‍ നിന്നും മനുഷ്യരെ മോചിപ്പിക്കുക എളുപ്പമല്ല. ഇവിടെയാണ് സയന്‍സ് റിപ്പോര്‍ട്ടിംഗില്‍ പാലിക്കേണ്ട ശാസ്ത്രീയതയും നൈതികതയും ചര്‍ച്ച ചെയ്യപ്പെടേണ്ടത്. പൊതു സമൂഹത്തിന്റെ പ്രതിനിധികളുടെ പ്രതികരണങ്ങള്‍ പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതാവരുത്.
സുരക്ഷിതരക്തം എന്ന ആശയം സമൂഹത്തില്‍ വ്യാപിപ്പിക്കാനും അച്ചടക്കമുള്ള ജീവിതശൈലി സ്വായത്തമാക്കി എച്ച് ഐ വി ഒഴിവാക്കാന്‍ ആഹ്വാനം നല്‍കാനും ഈ സന്ദര്‍ഭം ഉപയോഗിക്കാമായിരുന്നു. വിന്‍ഡോ പീരിഡ് ഒരു ശാസ്ത്രസത്യമാണെന്നും രക്തദാതാക്കള്‍ അക്കാര്യം മനസ്സിലാക്കണമെന്നും പ്രചോദിപ്പിക്കുന്നതോടൊപ്പം വിന്‍ഡോ പീരിഡ് ഗണ്യമായികുറയ്ക്കുന്ന പരിശോധനാസങ്കേതങ്ങള്‍ സജ്ജമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യാം.
വിഷയത്തെ യുക്തിയും ശാസ്ത്രവും നൈതികതയും ചേര്‍ത്തു വായിച്ചെടുക്കാന്‍ നമ്മുടെ ചില മാധ്യമങ്ങള്‍ക്ക് കഴിയാതെ പോകുന്ന അവസ്ഥ ശ്രദ്ധിക്കണം. ഒരു മാധ്യമാധിഷ്ഠിത സമൂഹം സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ അടിസ്ഥാന ആശയങ്ങള്‍ നഷ്ടപ്പെടരുത്. അല്ലെങ്കില്‍ കൊടിയ വിപത്തിലേക്കും അരാജകത്വത്തിലേക്കുമായിരിക്കും നമ്മുടെ സമൂഹം കൂപ്പുകുത്തുക.

Posted by vincent