Mar 17 2025, 3:51 PM +91 94476 83169 arogyappachamasika@gmail.com

Arogyappacha

സാമൂഹികാരോഗ്യത്തിന്റെ മനശാസ്ത്രം

സാമൂഹികാരോഗ്യത്തിന്റെ മനശാസ്ത്രം

സാമൂഹികാരോഗ്യത്തിന്റെ മനശാസ്ത്രം

August 6, 2024

ഡോ. ജയപ്രകാശ് ആര്‍/വിന്‍സന്റ് പീറ്റര്‍

കേരളത്തിലെ ജനങ്ങളുടെ വ്യക്തിപരവും സാമൂഹികവുമായ ശാരീരിക-മാനസിക ആരോഗ്യാവസ്ഥകളെ ആഴത്തില്‍ വിശകലനം ചെയ്താല്‍ മാത്രമേ സാമൂഹികാരോഗ്യത്തിന്റെ മനശാസ്ത്രതലം വിലയിരുത്താനാകു. സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന അനാരോഗ്യകരമായ പലപ്രവണതകളുടെയും അടിസ്ഥാന കാരണം വികലമായ മാനസിക വ്യാപാരങ്ങളാണെന്ന് കണ്ടെത്താനാവും. കുട്ടികളുടെയും കൗമാരക്കാരുടെയും മനശാസ്ത്ര വിഷയങ്ങളില്‍ ഗവേഷണം നടത്തുന്ന എഴുത്തുകാരനും ചിന്തകനും ശിശുമാനസികാരോഗ്യ ചികിത്സകനുമായ ഡോ. ജയപ്രകാശ് ആര്‍ സാമൂഹികാരോഗ്യത്തിന്റെ മനശാസ്ത്ര തലത്തെപ്പറ്റി
ആരോഗ്യപ്പച്ചയുമായി സംസാരിക്കുന്നു. 2016 ല്‍ അമേരിക്കയില്‍ നടന്ന സൈക്കാട്രിസ്റ്റുകളുടെയും സൈക്കോളജിസ്റ്റുകളുടെയും അന്തര്‍ദേശീയ സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നുമുള്ള പ്രത്യേക ക്ഷണിതാവുമായിരുന്ന ഡോ. ജയപ്രകാശ് ആര്‍ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ അഡീഷണല്‍ പ്രൊഫസറും ശിശുമാനസികാരോഗ്യ വിദഗ്ദ്ധനും ബിഹേവിയറല്‍ പീഡിയാട്രിക്‌സ് യൂണിറ്റ് മേധാവിയുമാണ്. കുട്ടികളിലെ കുറ്റവാസന എന്ന വിഷയത്തില്‍  പിഎച്ച്ഡിയും കുട്ടികളിലെ വികാസവൈകല്യങ്ങള്‍ നേരത്തെക്കൂട്ടി കണ്ടെത്തി ഇടപെടുന്ന പ്രക്രിയയില്‍ ഐസിഎംആര്‍ വിദേശ ഫെലോഷിപ്പും (യു എന്‍ എസ് ഡബ്യൂ, സിഡ്‌നി, ഓസ്‌ട്രേലിയ) നേടിയിട്ടുണ്ട്.

ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ സാമൂഹികവും മാനസികവുമായ ഒരുപാട് ഘടകങ്ങളുണ്ട്. വ്യക്തിഗത ആരോഗ്യം സാമൂഹികാരോഗ്യത്തെയും സാമൂഹികാരോഗ്യം വ്യക്തിഗത ആരോഗ്യത്തെയും സ്വാധീനിക്കുന്നുണ്ട്. വിശദമാക്കാമോ?

ആരോഗ്യത്തിന്റെ സാമൂഹിക നിര്‍മ്മിതിയെ ആണ് സാമൂഹികാരോഗ്യം എന്ന് പറയുന്നത്. ഇന്നത്തെ രീതിയില്‍ ഏറ്റവും നല്ല ചികിത്സ എന്ന് പറഞ്ഞാല്‍ ഏറ്റവും വിലകൂടിയ ചികിത്സ എന്നാണര്‍ത്ഥം. ഏറ്റവും വിലകൂടിയ പരിശോധനകളൊക്കെ നടത്തി രോഗത്തെ ചികിത്സിച്ച് ആരോഗ്യം ഉണ്ടാക്കുന്നു. അത് കൃത്രിമമായ ആരോഗ്യ സങ്കല്‍പമാണ്. അതേസമയത്തുതന്നെ മെച്ചപ്പെട്ട ജീവിതനിലവാരം, വിദ്യാഭ്യാസം, തൊഴില്‍ അങ്ങനെ അടിസ്ഥാന ജീവിതനിലവാരമാര്‍ജിക്കുന്ന ചുറ്റുവട്ടവും പ്രകൃതിയുമായി ഒത്തുപോകുന്ന ആരോഗ്യകരമായ ജീവിതവുമുണ്ട്. മനുഷ്യന്റെ ആധുനിക ജീവിതവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാലിന്യങ്ങളുടെ നിര്‍മാര്‍ജനം, പ്രകൃതി വിഭവങ്ങളുടെ അമിതമായ ചൂഷണം തുടങ്ങിയവ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. സാമൂഹികാരോഗ്യം സാമൂഹികപുരോഗതിയിലൂടെ നേടുക എന്നത് ആഗോളതലത്തില്‍ത്തന്നെ മനുഷ്യര്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് പൈസകൊടുത്ത് ചികിത്സ നേടി ഉണ്ടാക്കുന്ന ആരോഗ്യ നിര്‍മ്മിതി എന്ന കൃത്രിമമായ ആരോഗ്യ കാഴ്ചപ്പാടിന് പകരം മുഴുവന്‍ ജനതയുടെയും മെച്ചപ്പെട്ട ജീവിത നിലവാരമുയര്‍ത്തുക എന്നതിലധിഷ്ഠിതമായ ആരോഗ്യകാഴ്ചപ്പാടും സങ്കല്പവും ഉണ്ടായാല്‍ മാത്രമേ വ്യക്തിഗത ആരോഗ്യവും സാമൂഹികാരോഗ്യവും നിലനിര്‍ത്താനാവൂ. ഓരോരോ പ്രദേശത്തെയും ജനങ്ങളുടെ ആരോഗ്യനിലവാരം അവിടുത്തെ ഭരണകൂടത്തിന്റെ വര്‍ഗ്ഗസ്വഭാവത്തെ ആശ്രയിച്ചിരിക്കും. അതുകൊണ്ട് ആരോഗ്യ നിര്‍മ്മാണപ്രക്രിയ എന്നത് ഒരു സാമൂഹികപ്രക്രിയയാണ്. സാമൂഹികമായ എല്ലാ കാര്യങ്ങളും ആരോഗ്യത്തെ സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ ഉയര്‍ന്നു വരികയും പരിശോധിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും തിരുത്തപ്പെടുകയും വേണം. സെല്ലുലാര്‍ പാത്തോളജിയുടെ പിതാവായ റുഡോള്‍ഫ് വിര്‍ഷോ പറഞ്ഞിട്ടുള്ളത് വൈദ്യശാസ്ത്രം ഒരു സാമൂഹിക ശാസ്ത്രമാണ്. അതുപോലെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് രാഷ്ട്രീയം എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആരോഗ്യം= രോഗം+മരുന്ന് എന്നതാണ് പൊതുവില്‍ സമൂഹത്തില്‍ പ്രയോഗിക്കപ്പെടുന്ന രീതി. ഇത് പലപ്പോഴും വിമര്‍ശന വിധേയമായിട്ടുള്ളതുമാണ്. യഥാര്‍ത്ഥത്തില്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ത്തന്നെ രോഗത്തെ സംബന്ധിച്ച് ജൈവികമായ ഘടകങ്ങളും മനശാസ്ത്രപരമായ ഘടകങ്ങളും സാമൂഹികമായ ഘടകങ്ങളും പരിഗണിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇത് പ്രയോഗത്തില്‍ വരുമ്പോള്‍ കേവലമായ മരുന്നു ചികിത്സമാത്രമായി ചുരുക്കപ്പെടുന്നു.

രോഗങ്ങള്‍ക്ക് മനശാസ്ത്രപരവും സാമൂഹികശാസ്ത്ര പരവുമായ കാരണങ്ങളുണ്ടെന്ന് പറയാമോ?

ഓരോ രോഗത്തിന്റെയും കാരണത്തെ സംബന്ധിച്ച സിദ്ധാന്തത്തെ ‘സൈക്കോ ബയോ സോഷ്യല്‍ തിയറി ഓഫ് ഡിസീസ്’ എന്നാണ് പറയുന്നത്. ജോര്‍ജ് ഏംഗല്‍സ് എന്ന മാനസികാരോഗ്യ-വൈദ്യ ചിന്തകനാണ് ഈ കാഴ്ചപ്പാട് മുന്നോട്ട് വച്ചത്. ഇവിടെ ആധുനിക വൈദ്യശാസത്രം രോഗത്തെ സംന്ധിച്ച് മനശാസ്ത്രപരവും സാമൂഹികപരവുമായ ഘടകങ്ങളെ തള്ളിപ്പറയുന്നില്ല എന്ന് കാണാം. അടിസ്ഥാന ദര്‍ശനത്തിലതുണ്ടെങ്കിലും പ്രയോഗത്തില്‍ വരുമ്പോള്‍ മരുന്നുകളെക്കൊണ്ട് മാത്രം ചികിത്സിക്കുക എന്ന യാന്ത്രിക സ്വഭാവത്തിലേക്കെത്തുന്നുണ്ട്. അത് നിരന്തരമായ പുനഃപരിശോധനയ്ക്കും വിമര്‍ശനത്തിനും വിധേയമാകേണ്ടതുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഡോക്ടര്‍മാര്‍ക്കും ഇതില്‍ പുനര്‍വിചിന്തനം നടത്താനുള്ള ഉത്തരവാദിത്തമുണ്ട്. ഏറ്റവും അടിസ്ഥാന ചികിത്സ നടത്തുന്ന എംബിബിഎസ് ഡോക്ടര്‍ക്കും ഏറ്റവും വിലകൂടിയ ചികിത്സ നടത്തുന്ന സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍ക്കും (ഇത് ഏറ്റവും ഉന്നതമെന്ന് ഞാന്‍ പറയുന്നില്ല) ഈ ഉത്തരവാദിത്തമുണ്ട്. ഇത്തരമൊരു ചിന്തയിലേക്ക് അവരെ കൊണ്ടുവരുന്നതിന് ഇവിടുത്തെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ നടത്തിപ്പുകാര്‍ക്ക് ഉത്തരവാദിത്തമുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ സ്വത്വബോധത്തിലും ഇത്തരമൊരു
റീഇന്‍വെന്‍ഷന്‍ ഉണ്ടാകേണ്ടതുണ്ട്. വിപണിയില്‍ ലഭ്യമായ ഏറ്റവും നല്ല മരുന്ന്
എഴുതിക്കൊടുക്കുന്നതുകൊണ്ട് ഒരു രോഗിയുടെയും അസുഖം പൂര്‍ണ്ണമായി ഭേദപ്പെടില്ല. നമ്മള്‍ ആ രോഗിയുടെ സാമൂഹികമായ പരിസരവും മാനസികവും സാമ്പത്തികവുമായ നിലവാരവുമൊക്കെ മനസിലാക്കി അയാള്‍ക്ക് താങ്ങാന്‍കഴിയുന്ന (അഫോര്‍ഡബിലിറ്റി) മരുന്നാണ് എഴുതി നല്‌കേണ്ടത്. ഒരു രോഗിക്ക് വിപണിയിലെ ഏറ്റവും നല്ലതും വില കൂടിയതുമായ മരുന്ന് കുറിച്ച് കൊടുത്താല്‍ അയാള്‍ക്കത് വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലെങ്കില്‍ എന്റെ ചികിത്സ പരാജയപ്പെടും. ഓരോ രോഗിയെയും വ്യക്തിഗതമായി പഠിച്ച് അയാള്‍ക്ക് യോജിച്ചതും പ്രാപിക്കാന്‍ കഴിയുന്നതുമായ ചികിത്സക്കുവേണ്ടി
അയാളെ സഹായിക്കുക എന്നതാണ് ഡോക്ടറുടെ കടമ. രോഗം നേരിടുന്ന വ്യക്തിയെ സംബന്ധിച്ച് രോഗം ഒരു പ്രശനമാണ്. ആ പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് ഡോക്ടറുടെ ജോലി. അയാളുടെ സാമൂഹികമായ ഘടകങ്ങളില്‍ കൂടി ഇടപെട്ടുകൊണ്ടേ പരിഹാരം കാണാന്‍ കഴിയൂ. അപ്പോള്‍ രോഗത്തിനുള്ള പരിഹാരം കാണല്‍ എന്നാല്‍ അയാളുടെ ചുറ്റുവട്ടവുമായിട്ടുള്ള ഒരു ഇടപെടല്‍ കൂടിയാണ്. (എന്‍വയോണ്‍മെന്റല്‍ മാനിപ്പുലേഷന്‍) അതുകൊണ്ട് രോഗ ചികിത്സ എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണ്. വിശാലമായ അര്‍ത്ഥത്തിലുള്ള ഇടപെടല്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ അന്യമല്ല. പക്ഷേ രോഗചികിത്സ കേവലമായ മരുന്നെഴുത്ത് മാത്രമായി യാന്ത്രികവത്കരിക്കപ്പെട്ടുപോകുന്ന ഘട്ടത്തില്‍ പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് അങ്ങനെ വിമര്‍ശിക്കാനുള്ള അവസരങ്ങള്‍ ആധുനിക വൈദ്യസമൂഹം ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്.

ആവശ്യത്തിനും അനാവശ്യത്തിനും കൂടുതല്‍ മരുന്നുകളും അതിലേറെ ടെസ്റ്റുകളും നടത്തുന്നു എന്ന ആക്ഷേപം പരക്കെ ഉയര്‍ന്നുവരുന്നുണ്ട്.

ശരിയാണ്. ആ വിമര്‍ശനങ്ങളെ എതിര്‍ക്കുന്നതുകൊണ്ടോ പ്രതിരോധിക്കുന്നതുകൊണ്ടോ ഒന്നും കാര്യമില്ല. സ്വയം നവീകരിക്കുകയോ കൂടുതല്‍ ശാസ്ത്രീയവത്കരിക്കുകയോ ചെയ്യാതെ കുറേ മരുന്നുകളും അതിലേറെ സ്‌കാനിംഗുകളും കൊണ്ട് താനൊരു വിദഗ്ദനാണെന്ന് ഒരു ഡോക്ടറും കരുതാന്‍ പാടില്ല. സമൂഹവും അങ്ങനെ കാണാന്‍ പാടില്ല. അമിത വൈദ്യവത്കരണത്തിന്റെ തോത് സമൂഹത്തിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. മനോരോഗ ചികിത്സക്കായി കൊണ്ടുവന്ന കുട്ടിയോട് ഒരു മണിക്കൂര്‍ വിശദമായി സംസാരിച്ച് ചില നിര്‍ദേശങ്ങള്‍ കൊടുത്ത് അവര്‍ പോകാന്‍ തുടങ്ങുമ്പോള്‍ കുട്ടിയുടെ അമ്മ ചോദിക്കും സാറേ മരുന്നൊന്നും ഇല്ലേ എന്ന്. മരുന്ന് എഴുതുന്നതിന് ഒരു മിനിറ്റ് മതി. കുട്ടിക്ക് ആവശ്യമായ സൈക്കോ സോഷ്യല്‍ ഇന്റര്‍വെന്‍ഷന്‍ കൊടുക്കുന്നതിന് കൂടുതല്‍ സമയമാവശ്യമാണ്. അമ്മയെയും കുട്ടിയെയും അവരുടെ സാഹചര്യത്തേയും പുതിയ രീതിയില്‍ പ്രവര്‍ത്തിപ്പിക്കുകയാണ് ഇത്തരം ചികിത്സയില്‍ വേണ്ടത്. പക്ഷേ അമിത വൈദ്യവത്ക്കരണത്തിന്റെ ഭാഗമായി അവര്‍ ഒരുപാട് മരുന്നുകള്‍, ഒരുപാട് ടോണിക്കുകള്‍ ഒക്കെ പ്രതീക്ഷിക്കുന്നു. ബുദ്ധിമരുന്നുകള്‍ പ്രതീക്ഷിക്കുന്നു. വൈറ്റമിന്‍ പ്രതീക്ഷിക്കുന്നു. കൂടുതല്‍ പരിശോധനകള്‍-സിടി സ്‌കാന്‍, എംആര്‍ഐ തുടങ്ങിയവയൊക്കെ പ്രതീക്ഷിക്കുന്നു. ഇതിനൊക്കെ കാരണം അമിത സാമ്പത്തികതാത്പര്യങ്ങളുള്ള ഒരു കൂട്ടം ഡോക്ടര്‍മാര്‍ മാത്രമാണെന്ന് കേവലമായി കുറ്റപ്പെടുത്തുന്നത് ശരിയല്ല. ജനങ്ങളത് പ്രതീക്ഷിക്കുന്നതുകൊണ്ട് ഞങ്ങളത് കൊടുക്കുന്നു എന്ന നിലപാടും ഒട്ടും ശരിയല്ല. ജനങ്ങള്‍ അങ്ങനെ നിര്‍ബന്ധിച്ചാല്‍ അവരെ ബോധവത്കരിക്കാനുള്ള ഉത്തരവാദിത്തം ഡോക്ടര്‍മാര്‍ക്കുണ്ട്. കാരണം വിജ്ഞാനത്തിന്റെ മേധാവിത്വം ആധുനിക വൈദ്യശാസ്ത്രം കൈകാര്യം ചെയ്യുന്നവര്‍ക്കാണ്. അതുപയോഗിച്ചുകൊണ്ട് മറുവശത്ത് നില്‍ക്കുന്ന ആളുകളുടെ അജ്ഞതയെ മുതലെടുക്കുന്നതു ശരിയല്ല. അമിത വൈദ്യവത്കരണത്തില്‍ ഒരു പ്രധാന പങ്ക് ഡോക്ടര്‍മാര്‍ വഹിക്കുന്നുണ്ട്. തലവേദനയുമായി വരുന്ന രോഗി സിടി സ്‌കാന്‍ എടുക്കണ്ടേ എന്ന് ഡോക്ടറോട് ചോദിക്കുന്ന സ്ഥിതിയുണ്ട്. അപ്പോള്‍ ഒരു സിടി എഴുതുമ്പോള്‍ രോഗിക്ക് സന്തോഷവും ഡോക്ടര്‍ക്ക് കമ്മീഷനും ലഭിക്കും.

അമിത വൈദ്യവത്കരണം സൃഷ്ടിക്കുന്നതില്‍ സമൂഹവും ഒരു പങ്കുവഹിക്കുന്നുണ്ട്. കേവലമായ തലവേദനയ്ക്ക് സിടി സ്‌കാന്‍ നിര്‍ബന്ധിക്കുക, മരുന്ന് ആവശ്യമില്ലെന്ന് ഡോക്ടര്‍ പറഞ്ഞാലും നിര്‍ബന്ധിച്ച് എഴുതിക്കുക തുടങ്ങിയ പ്രവണതകളുണ്ട്. അതുകൊണ്ട് അമിത വൈദ്യവത്കരണം ഡോക്ടര്‍മാര്‍ ഏകപക്ഷിയമായി സൃഷ്ടിക്കുന്നതാണെന്ന് പറയാന്‍ കഴിയില്ല. പക്ഷേ അന്തിമ വിശകലനത്തില്‍ പ്രതിസ്ഥാനത്ത് വരുന്നത് ഡോക്ടര്‍മാര്‍ തന്നെയാണ്. വൈദ്യസമൂഹത്തെ ഒന്നാകെയല്ല ഞാന്‍ പറയുന്നത്. എന്നാല്‍ ഗണ്യമായ ഒരു വിഭാഗം ഡോക്ടര്‍മാര്‍ ഇത്തരം നൈതിക വിരുദ്ധ പ്രവണതകള്‍ക്ക് അടിപ്പെട്ടു പോകുന്നുണ്ട്. അവര്‍ വൈദ്യസമൂഹത്തിന്റെ മേലാകെ കരിവാരിത്തേക്കുകയാണ് ചെയ്യുന്നത്.

ഒരു ഡോക്ടറുടെ വീടിന്റെ മുറ്റത്ത് ധാരാളമാളുകള്‍ കൂടി നില്‍ക്കുന്നതുകൊണ്ട് അയാളൊരു മിടുക്കനായ ഡോക്ടറാണെന്ന് പറയാന്‍ കഴിയില്ല. പക്ഷേ സമൂഹം അങ്ങനെ കരുതുന്നു. അയാള്‍ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ അടിസ്ഥാന വിവരത്തെപ്പറ്റി ഒരു എക്‌സ്പര്‍ട് ടീം പരിശോധിച്ചാല്‍ ചിലപ്പോള്‍ അയാള്‍ ശരാശരിയിലും താഴെയായിരിക്കും. അതുകൊണ്ട് ആളുകള്‍ കൂടി നില്ക്കുന്നത് മാത്രം നോക്കി ഡോക്ടറെ വിലയിരുത്തരുത്. അറ്റന്റര്‍മാര്‍, മരുന്നുകടക്കാര്‍, ഓട്ടോറിക്ഷക്കാര്‍ തുടങ്ങിയവരടങ്ങിയ ഒരു വലിയ ശൃംഖല ഒരു യുവഡോക്ടറുടെ പ്രവര്‍ത്തന മണ്ഡലം വികസിപ്പിക്കുന്നതിന്റെ കണ്ണികളാണ്. അങ്ങനെയാണ് ജനപ്രിയനായ ഡോക്ടറുണ്ടാകുന്നത്. ജാതിസംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവരെല്ലാം ചേര്‍ന്ന് ജനകീയനായ ഡോക്ടറെ സൃഷ്ടിക്കുന്നു. അവര്‍ നല്ല ഡോക്ടര്‍ക്കുള്ള അവാര്‍ഡുകള്‍ നല്കുന്നു. അങ്ങനെ അയാള്‍ ആ പ്രദേശത്തെ പ്രധാന ദിവ്യനായി മാറുന്നു. മേക്കിംഗ് ഓഫ് മഹാത്മ എന്ന് പറയും പോലെ. ജനപ്രിയനായ ഡോക്ടര്‍ കേവലമായി ഉണ്ടാകുന്നതല്ല. കണക്ക് കൂട്ടിയുള്ള പ്രവര്‍ത്തനം അതിന് പിന്നിലുണ്ട്. ഇതൊന്നുമറിയാതെയാണ് ജനങ്ങള്‍ അയാളെ ദിവ്യനാക്കി മാറ്റുന്നത്. ഏറ്റവും നല്ല ഡോക്ടര്‍ ഏറ്റവും കുറച്ച് പരിശോധനകളും കുറച്ച് മരുന്നും മാത്രം എഴുതുന്ന ആളായിരിക്കും. ചില പ്രിസ്‌ക്രിപ്ഷന്‍ എടുത്തു നോക്കിയാല്‍ 10 മരുന്ന് എഴുതിയിട്ടുണ്ടെങ്കില്‍ 4 എണ്ണം നിര്‍ബന്ധമായിരിക്കില്ല. ആ ഡോക്ടര്‍ ഒരു മരുന്നേ എഴുതിയുള്ളു. പൈസകൊടുക്കേണ്ട കാര്യമില്ല എന്ന് പറയുന്ന ജനങ്ങളുമുണ്ട്.
സാമൂഹികാരോഗ്യത്തെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങളുണ്ട്.

ദേശീയത, മതം, ആചാരങ്ങള്‍ അതിന്റെയൊക്കെ മനശാസ്ത്രതലം വിശദീകരിക്കാമോ?

ഒരിക്കല്‍ എന്റെയടുത്ത് എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ കൊണ്ടുവന്നു. ആ കുട്ടിയുടെ പ്രശ്‌നം എന്തെന്നാല്‍ രാത്രി ഏഴു-എട്ടുമണിയൊക്കെയാകുമ്പോഴേക്കും പഠിച്ച് കൊണ്ടിരിക്കുമ്പോള്‍ ജനലിന്റെ പുറത്തൊരു രൂപം വന്ന് നോക്കുന്നു എന്നതായിരുന്നു. ഇത് കണ്ട് പേടിച്ച കുട്ടി അമ്മേ എന്ന് വിളിച്ചുകൊണ്ട് ഇരിപ്പിടത്തില്‍ നിന്നും അടുക്കളയിലേക്കോടി പടിയില്‍ തട്ടി ബോധം കെട്ട് വീണു. പല ദിവസങ്ങളിലും വൈകുന്നേരം ഇതുസംഭവിച്ചു. തുടര്‍ന്ന് സ്‌കൂള്‍ സമയത്തും ബോധക്കേട് വന്നു തുടങ്ങി. ആശുപത്രിയില്‍ പീഡിയാട്രിഷ്യന്‍-ന്യൂറോളജിസ്റ്റ് വഴിയാണ് ഞങ്ങളുടെ അടുത്തേക്ക് കുട്ടി എത്തിയത്. ന്യൂറോളജിസ്റ്റ് സി ടി, ഇ ഇ ജി ഒക്കെ എടുത്തു നോക്കിയെങ്കിലും ഒന്നും കണ്ടില്ല. ഞങ്ങള്‍ കുട്ടിയുടെ വീടും പശ്ചാത്തലവും വിലയിരുത്തി. മരിച്ചുപോയ അപ്പുപ്പന്റെ കല്ലറ കാടുപിടിച്ച് കിടക്കുന്നു. കാട് വെട്ടിത്തെളിച്ച് കുട്ടിയെക്കൊണ്ട് വിളക്ക് വെയ്പ്പിക്കണം. അപ്പുപ്പന്റെ ആത്മാവ് കുട്ടിയില്‍ പരകായ പ്രവേശം നടത്തുന്നതുകൊണ്ടാണ് കുട്ടിക്ക് ബോധക്ഷയം ഉണ്ടാകുന്നതെന്ന് അമ്മുമ്മ പറഞ്ഞുതായി കുട്ടിയുടെ കൊച്ചച്ഛന്‍ ഞങ്ങളെ അറിയിച്ചു. അന്ധവിശ്വാസിയായ അമ്മുമ്മയ്ക്കായിരുന്നു
ആ വീട്ടില്‍ പ്രാമുഖ്യം. കുട്ടിയെയും കുടുംബത്തെയും വിലയിരുത്തിയ ശേഷം ഞാന്‍ കൊച്ചച്ഛനെ ഒറ്റയ്ക്ക് വിളിച്ചു പറഞ്ഞു, ”ഇത് കുട്ടിയുടെ ദേഹത്ത് അപ്പുപ്പന്‍ വരുന്നതല്ല. രണ്ട് സാധ്യതയാണുള്ളത്. ഒന്ന് കുട്ടിയുടെ പേടി, രണ്ട് യഥാര്‍ത്ഥത്തില്‍ ഒരാള്‍ വരുന്നുണ്ടാകാം. ഇനിമുതല്‍ ഇരുട്ടാകുമ്പോള്‍ നിങ്ങള്‍ അടുത്ത വാഴത്തോട്ടത്തില്‍ ഒളിച്ചിരിക്കണം.” അങ്ങനെ കൊച്ചച്ഛന്‍ വാഴത്തോട്ടത്തില്‍  ഒളിച്ചിരുന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ കണ്ടത് രണ്ട് വീടപ്പുറത്തുനിന്നും ഒരാള്‍ കുട്ടിയുടെ ജനലിന്റെ അടുത്തുവന്ന് നിന്ന് നോക്കുന്നതാണ്.  കൊച്ചച്ഛന്‍ പുറകിലൂടെ ചെന്ന് അയാളെ അടക്കം പിടിച്ച് നോക്കിയപ്പോള്‍ അയലത്തെ വീട്ടിലെ പയ്യന്‍. വര്‍ക്ക്‌ഷോപ്പില്‍ ജോലിക്ക് പോകുന്ന പയ്യനാണ്. അയാള്‍ ഈ കുട്ടിയെ കാണാന്‍ വരുന്നതാണ്. എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ്. പെണ്‍കുട്ടികളെ അവരറിയാതെ അവരുടെ ശരീരഭാഗങ്ങള്‍ നോക്കി രസിക്കുന്നത് ഒരുതരം മാനോവൈകല്യമാണ്. അയാള്‍ പീഢകനല്ല. ചില ലേഡീസ് ഹോസ്റ്റലിന്റെ മുന്നിലൊക്കെ വന്ന് നില്ക്കുന്നവരുണ്ടല്ലോ, അത്തരം മനോവൈകല്യമുള്ളവരുടെ കൂട്ടത്തില്‍ പെടുന്ന പയ്യന്‍. ശവക്കല്ലറ വെട്ടിത്തെളിച്ചു, പുല്ല് പറിച്ചു, മന്ത്രവാദം നടത്തി, വിളക്ക് വെയ്പ്പിച്ചു, ചരട് കെട്ടി ഒരു രക്ഷയുമില്ല. കൊച്ചച്ഛന്റെ സഹായത്തോടെ അയലത്തെ മെക്കാനിക്ക് പയ്യനെ പിടികൂടിയപ്പോള്‍ പെണ്‍കുട്ടിയുടെ രോഗം മാറി. ഇതൊരു സോഷ്യല്‍ സൈക്കിയുടെ, പാരമ്പര്യമായി തുടര്‍ന്നുവരുന്ന സാമൂഹിക മനശാസ്ത്രതലത്തിന്റെ അപകടകരമായ അവസ്ഥയാണ്.

കുട്ടിക്കാലത്ത് ജന്നിവരുമ്പോള്‍ മന്ത്രവാദിയുടെ അടുത്ത് കൊണ്ട് പോയിട്ടുണ്ടെങ്കില്‍ ആ കുട്ടി വളര്‍ന്ന്, അയാളുടെ കുട്ടിക്ക് ജന്നിവന്നാലും, അയാളൊരു ഡോക്ടറാണെങ്കില്‍പ്പോലും ആദ്യം ആലോചിക്കുക മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോകുന്നതിനെപ്പറ്റിയായിരിക്കും. കാരണം അയാളുടെ മനസില്‍ -കള്‍ച്ചറല്‍സൈക്കിയില്‍- അതുകിടപ്പുണ്ട്. പിന്നീടാണ് ഞാനൊരു ഡോക്ടറാണല്ലോ എന്നൊക്കെ ചിന്തിക്കുകയും യഥാര്‍ത്ഥ്യബോധത്തിലേക്കെത്തുകയുമൊക്കെ ചെയ്യുന്നത്. മണ്ടേല എന്ന മനശാസ്ത്രവിവക്ഷ ഇവിടെ പ്രസക്തമാണ്. പ്രതികരണ രീതികള്‍, പ്രശ്‌നത്തെ നേരിടുന്നതിനുള്ള കഴിവ്, വിശ്വാസപ്രമാണങ്ങള്‍ ഇവയൊക്കെ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ആധുനിക ചിന്തയുടെ അടിസ്ഥാനത്തില്‍ ഒരു ബദല്‍ കാഴ്ചപ്പാട് സാമൂഹികാരോഗ്യം സൃഷ്ടിക്കുന്നതിനും നിലനിര്‍ത്തുന്നതിനും കഴിയും വിധം രൂപപ്പെടുത്തിയെടുക്കാന്‍ നമുക്കായിട്ടില്ല. പുരോഗമന പ്രസ്ഥാനങ്ങള്‍ സൃഷ്ടിച്ച നവോത്ഥാനത്തിന്റെ ഭാഗമായി ജാതിയും മതവുമൊക്കെ ഉപേക്ഷിച്ചവരുടെ മൂന്നാം തലമുറക്കാര്‍ക്ക് ഇപ്പോള്‍ ജാതിവാല്‍ മുളച്ചിട്ടുണ്ട്. ഇതൊക്കെ അന്ധവിശ്വാസങ്ങളിലേക്ക് സമൂഹത്തിന്റെ മനശാസ്ത്രപരമായ പിന്മടക്കമാണെന്ന് കാണാന്‍ കഴിയും. അതുകൊണ്ടാണ് ചരട് കെട്ട് കൂടുന്നതും അന്ധവിശ്വാസങ്ങളും തുള്ളല്‍ ചികിത്സകളും ധ്യാന കേന്ദ്രങ്ങളും ഒക്കെ കൂടുന്നത്. പള്ളികളും അമ്പലങ്ങളും അമ്പല ചികിത്സകളും കൂടുന്നു. വിശ്വാസ സംരക്ഷണ റാലികള്‍, കൂട്ടായ്മകള്‍, ഒക്കെ കൂടുന്നു. ഇതിനൊക്കെ അനുസൃതമായി കുട്ടികളിലും മുതിര്‍ന്നവരിലും പല വിധത്തിലുള്ള മനോരോഗാവസ്ഥകളും കൂടിവരുന്നു. നമ്മള്‍ ആരോഗ്യത്തെപ്പറ്റിപ്പറഞ്ഞ് ഇപ്പോള്‍ രാഷ്ട്രീയത്തിലെത്തി. അതിന് കാരണം ആരോഗ്യവും രാഷ്ട്രീയവും രണ്ടല്ല എന്നതാണ്. ഇത് ആരോഗ്യത്തിന്റെ രാഷ്ട്രീയമാണ്, വിശ്വാസത്തിന്റെ രാഷ്ട്രീയമാണ്. ഒപ്പം സമൂഹത്തിന്റെ മനശാസ്ത്രത്തെപ്പറ്റിയുള്ള നിരീക്ഷണവുമാണ്.

ആളുകളുടെ വിശ്വാസം പലപ്പോഴും രോഗാവസ്ഥയിലെത്തുന്നുണ്ട്. അതിനൊക്കെ സമൂഹത്തില്‍ സ്വീകാര്യത കിട്ടുന്നുമുണ്ട്. ഡോക്ടറുടെ അഭിപ്രായമെന്താണ്?

ഒരിക്കല്‍ പത്ത് പതിനൊന്ന് വയസുള്ള ഒരു കുട്ടിയെ കൊണ്ടുവന്നു. കുടുംബക്ഷേത്രവും പൂജയുമൊക്കെയുള്ള കുടുംബമാണ്. ഇപ്പോള്‍ അമ്മാവനാണ് പൂജാരി. അമ്മാവന് ശേഷം ആരാവും പൂജാരി എന്നൊരു സംസാരമവിടെയുണ്ട്. ഈ കുട്ടിയുടെ ചേട്ടന്‍ എന്‍ജിനീയറിംഗിന് പഠിക്കുന്നു. അത്രവലിയ സാമ്പത്തികമുള്ളവരൊന്നുമല്ല. കുട്ടിയുടെ അച്ഛനൊരു പ്രസ് നടത്തുന്നു. എന്റെടുത്ത് കുട്ടിയെയും കൊണ്ടുവരുന്നതിന് രണ്ടുവര്‍ഷം മുന്‍പ് കുട്ടി അമ്മയോട് പറഞ്ഞു. അമ്മേ ഞാന്‍ അടുത്ത പൂജാരി ആയിക്കൊള്ളാമെന്ന്. അമ്മയ്ക്ക് സന്തോഷമായി. പിന്നീട് അവന്‍ പറഞ്ഞു അമ്മേ എനിക്ക് ഇന്ന ഇന്ന ക്ഷേത്രങ്ങളില്‍ പോകണമെന്ന്. അമ്മ വളരെ സന്തോഷത്തോടെ കൊണ്ടുപോയി. അവന്‍ ക്രമേണ വീട്ടില്‍ വിളക്ക് വച്ച് തുടങ്ങി. അമ്മക്ക് നല്ല സന്തോഷമായി. ഒരു വര്‍ഷമൊക്കെ കഴിഞ്ഞപ്പോള്‍ അവന്‍ ഭയങ്കരമായി ദേഷ്യപ്പെടാന്‍ തുടങ്ങി. ദേഷ്യം, ഉപദ്രവം, സാധനങ്ങള്‍ വലിച്ചെറിയല്‍ ഒക്കെത്തുടങ്ങി. അമ്മ വിചാരിച്ചു ദൈവികത എന്തൊ ഉള്ളതുകൊണ്ടാണ് മകന്‍ ഇങ്ങനെയൊക്കെ പെരുമാറുന്നതെന്ന്. പിന്നീട് അമ്മയുമായി പുറത്ത് പോകുമ്പോള്‍ റോഡില്‍ കിടക്കുന്ന പേപ്പറുകളൊക്കെ എടുത്ത് പോക്കറ്റിലിട്ടു തുടങ്ങി. രണ്ട് പോക്കറ്റിലെയും പേപ്പറുകള്‍ വീട്ടില്‍ വന്നു പുറത്തിടും. അവരുടെ കുടുംബത്തില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനുണ്ട്. അയാള്‍ പറഞ്ഞു ഇത് ദൈവികതയൊന്നുമല്ല, ഇവനെന്തോ അസുഖമാണ്. സൈക്കാട്രിസ്റ്റിനെ കൊണ്ടുകാണിക്കണമെന്ന്. അയാള്‍ എന്നെ അറിയുന്നയാളാണ്. ഇത് അക്യൂട്ട് പ്രോബ്ലമായതുകൊണ്ട് പെട്ടെന്നുതന്നെ വരുത്തി. അമ്മക്ക് ഇപ്പോള്‍ അല്പം പരിഭ്രമമുണ്ട്. അച്ഛന്‍ ഒരു സാധാരണമനുഷ്യന്‍. കുട്ടിയുമായി ഒറ്റയ്ക്ക് ഞാന്‍ കുറേ സംസാരിച്ചതിന് ശേഷം ചോദിച്ചു, ”മോനേ നീ എന്തിനാണ് റോഡില്‍ കിടക്കുന്ന പേപ്പറുകള്‍ എടുത്ത് പോക്കറ്റിലിടുന്നത്?” അതിനുത്തരം വിചിത്രമായിരുന്നു. ”ദൈവം പറഞ്ഞാല്‍ ഞാന്‍ കേള്‍ക്കേണ്ടേ” എന്നായിരുന്നു ദേഷ്യത്തിലുള്ള അവന്റെ മറുപടി. അവന്റെ മനസില്‍ ദൈവം പറയുന്നു പേപ്പറുകള്‍ പെറുക്കി പോക്കറ്റിലിടണമെന്ന്! ‘ഓഡിറ്ററി ഹാല്യൂസിനേഷന്‍’ എന്ന ഗൗരവമായ മാനസികരോഗ ലക്ഷണമാണിത്. കുട്ടിയില്‍ ഉന്മാദരോഗമോ ചിത്തഭ്രമമോ കഴിഞ്ഞ കുറച്ച് കാലമായി വികസിച്ച് വരികയായിരുന്നു. ഇങ്ങനെയുള്ളവരില്‍ ചിലരാണ് മതിയായ മാനസിക രോഗ ചികിത്സ സമയത്തിന് ലഭിക്കാതെ വരുമ്പോള്‍ ആള്‍ദൈവങ്ങളും ദിവ്യന്മാരുമൊക്കെയായിമാറുന്നത്. തുടര്‍ന്ന് ഞാന്‍ കുട്ടിയുടെ അമ്മയേയും അച്ഛനെയും മുറിയില്‍ വിളിച്ചിരുത്തി പറഞ്ഞു, ”അമ്മയ്ക്ക് രണ്ട് വഴിയുണ്ട് ഒന്നാമതായി ഞാന്‍ നിര്‍ദ്ദേശിക്കുന്നതുപോലെ മൂന്ന് വര്‍ഷം തുടര്‍ച്ചയായി മരുന്ന് കഴിക്കുകയും ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും ചെയ്താല്‍ അമ്മയ്ക്ക് മകനെ തിരിച്ച് കിട്ടും. ചികിത്സിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ഒരു ആള്‍ ദൈവത്തെ കിട്ടും. ഈ ദൈവം ലോകം അറിയപ്പെടുന്ന ആളായി മാറുകയും ചെയ്യും. അമ്മക്ക് പഴയ മകനെ വേണോ, പുതിയ ദൈവത്തിനെ വേണോ എന്ന് ചോദിച്ചു. മകനെ വേണമെങ്കില്‍ ഞാന്‍ ചികിത്സ തുടങ്ങാം. മരുന്നു മുടങ്ങാതെ കൃത്യമായി കഴിക്കണം. ചികിത്സക്കിടയില്‍ സിദ്ധന്മാരുടെയോ വൈദ്യന്മാരുടെയോ ചികിത്സ തേടിപ്പോയി മരുന്നു മുടക്കരുതെന്നും പറഞ്ഞു. അമ്മയും അച്ഛനും ചികിത്സയ്ക്ക് സമ്മതിച്ചു. ചികിത്സ തുടങ്ങി ഒന്നരമാസം കഴിഞ്ഞപ്പോള്‍ പേപ്പര്‍ എടുത്തു പോക്കറ്റില്‍ വയ്ക്കുന്നതൊക്കെ നിര്‍ത്തി. മൂന്ന് കൊല്ലം ചികിത്സ തുടര്‍ന്നു. ഒരു വര്‍ഷം മരുന്നൊന്നുമില്ലാതെ നിരീക്ഷിച്ചു. അവന്‍ ഇപ്പോള്‍ നല്ല സുമുഖനും സുന്ദരനുമാണ്. ”മോനേ നീ പോയി വല്ല ന്യൂജന്‍ സിനിമയിലും അഭിനയിക്കെടാ” എന്നു പറഞ്ഞാണ് ഞാന്‍ അവനെ മടക്കി വിട്ടത്. ഇപ്പോള്‍ രണ്ട് വര്‍ഷമായി. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ തിരിച്ച് വരുമായിരുന്നു. കൃത്യമായി ചികിത്സ ലഭിച്ചിരുന്നില്ലെങ്കില്‍ സ്വന്തമായി അമ്പലമൊക്കെയുള്ള സ്ഥിതിക്ക് അവനൊരു ആള്‍ ദൈവമായേനെ. ഇത് മനശാസ്ത്രത്തിന്റെ സാമൂഹികമായൊരു തലമാണ്. അന്ധവിശ്വാസത്തിനനുകൂലമായതരത്തിലും മനശാസ്ത്രത്തെ വിശദീകരിക്കാന്‍ പറ്റും. അത് ചെയ്യുന്ന സൈക്കാട്രിസ്റ്റുകളുമുണ്ട്.
അവിടെയും ആള് കൂടും. അന്ധവിശ്വാസവും കൂടി ചേര്‍ത്താല്‍ മനശാസ്ത്ര ചികിത്സക്ക് നല്ല മാര്‍ക്കറ്റാണ്. ഒരു പള്ളീലച്ചന്റെയോ, ഒരു സ്വാമിയുടെയോ ഭാവം സ്വീകരിക്കുക, രുദ്രാക്ഷമോ, കൊന്തയോ എന്തെങ്കിലുമൊക്കെ ധരിച്ച് അധികം സംസാരിക്കുകയൊന്നും ചെയ്യാതെ കുറച്ച് ദൈവികതയുമായി ഒറ്റ ഇരിപ്പിരുന്നാല്‍ ധാരാളം ആള് കൂടും. നമ്മുടെ സമൂഹത്തിന്റെ മാനസികാവസ്ഥ ഇത്രമേല്‍ ദുര്‍ബലമാണെന്ന് സൂചിപ്പിക്കാനാണ് ഇത്രവിശദമായിപ്പറയുന്നത്.
സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള പച്ചമരുന്ന് നേരിട്ട് കാട്ടില്‍ നിന്ന് ശേഖരിക്കുന്നതാണ്, അത് യഥാവിധി പൂജിച്ചതാണ് എന്നും കൂടി ഏതെങ്കിലും ഒരു ആയുര്‍വേദ മരുന്ന് കമ്പനിക്കാരന്‍ പറഞ്ഞാല്‍ കച്ചവടം പൊടിപൊടിക്കും. സമൂഹത്തില്‍ ശാസ്ത്രീയമായ നേട്ടങ്ങളൊരുപാടുണ്ടായിട്ടുണ്ടെങ്കിലും ശാസ്ത്രത്തിന്റെ അതേ സങ്കേതങ്ങളുപയോഗിച്ച് കൊണ്ട് അന്ധവിശ്വാസങ്ങളുടെ പ്രചരണവും അതുവഴിയുണ്ടാകുന്ന കച്ചവടങ്ങളും പൊടിപൊടിക്കുന്നുണ്ട്. അന്ധവിശ്വാസത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളൊന്നും സമൂഹം കാര്യമായി ഏറ്റെടുത്തിട്ടില്ല എന്നതാണ് സത്യം.

ആള്‍ദൈവങ്ങള്‍ക്കടിപ്പെടുന്നതും കരിസ്മാറ്റിക് ധ്യാനങ്ങളുമൊക്കെ പലപ്പോഴും കുടുംബ കലഹങ്ങള്‍ക്കും വൈവാഹിക ജീവിതത്തിലെ ഇടര്‍ച്ചകള്‍ക്കും കാരണമാകുന്നില്ലേ?

ഉണ്ട്. ഒരിക്കല്‍ കിഴക്കന്‍ മേഖലയില്‍ നിന്ന് മോന്‍ പഠിക്കുന്നില്ല എന്നു പറഞ്ഞ് ഒരമ്മ വന്നു. പഠനം കുട്ടിയുടെ മാത്രം കാര്യമല്ല. കുട്ടിയുടെ ശേഷി കുറച്ച് മാത്രമേ അതിലുള്ളൂ ഞങ്ങള്‍ കുടുംബത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിന്റെ ഭാഗമായി രണ്ടാമത്തെ വിസിറ്റിന് അച്ഛനെയും വരുത്തിച്ചു. അയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട്. അദ്ദേഹം ഗള്‍ഫിലായിരുന്നു. പോകുമ്പോള്‍ കുടുംബത്തില്‍ പ്രശനമൊന്നുമില്ലായിരുന്നു. അവധിക്ക് നാട്ടില്‍വന്നപ്പോള്‍ കാണുന്നത് ഭാര്യ എപ്പോഴും പ്രാര്‍ത്ഥിക്കുന്നതാണ്. കൂട്ടപ്രാര്‍ത്ഥനയും പരിപാടിയുമൊക്കെയായി ഭാര്യ തുടര്‍ന്നു! ഭര്‍ത്താവ് അവധിക്ക് നാട്ടില്‍ വന്നപ്പോഴും സ്‌നേഹപ്രകടനമോ അനുരാഗമോ ഒന്നുമില്ല. എപ്പോഴും പ്രാര്‍ത്ഥനതന്നെ. ഭര്‍ത്താവെന്ന പരിഗണനയോ സ്‌നഹമോ ഒന്നുമില്ല. അയല്‍പക്കത്തെ സ്ത്രീക്ക് കാര്യം മനസിലായി. ഭര്‍ത്താവ് സ്ഥലത്തില്ലാത്ത അവര്‍ വൈകുന്നേരം അയാളെ വീട്ടില്‍വിളിച്ച് ഇറച്ചിയും കപ്പയും കുഴച്ച് കൊടുത്തു സല്‍ക്കരിച്ചു. പിന്നീട് അവര്‍ തമ്മിലടുത്തു. ക്രമേണ അത് ശാരീരിക ബന്ധത്തിലുമെത്തി. അപ്പോള്‍ ഭാര്യ അതുകണ്ടുപിടിച്ചു. വഴക്കായി. അയാള്‍ അയാളുടെ വീട്ടിലേക്ക് പോയി. ഇതാണ് കുടുംബ സാഹചര്യം. ഇവിടെ കുട്ടി പഠിക്കുന്നില്ല എന്നത് കുട്ടിയുടെ മാത്രം കുഴപ്പമാണോ. കല്ല്യാണം കഴിഞ്ഞ് ഭര്‍ത്താവും കുട്ടിയുമൊക്കെയുള്ളവര്‍ എപ്പോഴും പ്രാര്‍ത്ഥനയും പരബ്രഹ്മത്തില്‍ ലയിക്കലുമൊക്കെയായാല്‍ കുടുംബം എങ്ങനെ നേരെയാകും. ഭാര്യ പരബ്രഹ്മത്തില്‍ ലയിക്കാന്‍ പോയാല്‍ ഭര്‍ത്താവ് വേറേ എവിടെയെങ്കിലും സന്തോഷിക്കാന്‍ പോകും. ഭര്‍ത്താവ് ഭാര്യയുടെ വഴിതന്നെ സ്വീകരിക്കണമെന്നില്ല. ഇത്തരം കാര്യങ്ങള്‍ കുടുംബത്തിനകത്ത് താളപ്പിഴകളുണ്ടാക്കും. ഇത്തരം പ്രശ്‌നങ്ങള്‍ ഹൈന്ദവ കുടുംബങ്ങളിലുമുണ്ട്. പുരുഷന്മാര്‍ അദ്ധ്യാത്മികതയിലേക്ക് തിരിയുന്നതുകൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളാണവിടെ കൂടുതലും. ഹിന്ദുമതത്തില്‍ പൊതുവേ പുരുഷാധിപത്യ പ്രവണത കൂടുതലുണ്ട്. ആചാരനുഷ്ഠാനങ്ങളില്‍ സ്ത്രീകള്‍ പലപ്പോഴും പുറത്തുതന്നെയാണ്. അവര്‍ക്ക് മാസമുറ വരുന്നതാണ് അതിന് കാരണമായിപ്പറയുന്നത്. ഭക്തിയുടെ പാരമ്യതയില്‍ സ്ത്രീകള്‍ക്ക് തുല്യസ്ഥാനമില്ല. വാദിക്കപ്പെടുന്ന അശുദ്ധിയുടെ പ്രശനമുണ്ട്. പൂ പറിച്ച് കൊണ്ട് വന്ന് വെളിയില്‍ വെയ്ക്കാനെ പാടുള്ളു. അകത്തു കയറുന്നതിന് കഴിയില്ല. പിന്നെ സ്ത്രീകള്‍ക്ക് ഒരു ശങ്കയുമില്ലാതെ ആശ്രയിക്കാവുന്നത് കൃഷ്ണനയാണ്. ‘അശുദ്ധി’യുടെ കാലത്തും കൃഷ്ണനോട് അകല്‍ച്ച പാലിക്കാന്‍ ആരെങ്കിലും പറയുന്നതായി കാണുന്നില്ല. ക്രിസ്തുമതത്തില്‍ കരിസ്മാറ്റിക്കിന്റെ തീവ്രത കൂടിയ 1980 കളില്‍ പെന്തക്കോസ്തു വിഭാഗങ്ങളില്‍ ആളുകൂടുന്നതുകണ്ടിട്ട് മറ്റ് സഭകളും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ കരിസ്മാറ്റിക് ധ്യാനകേന്ദ്രങ്ങള്‍ തുടങ്ങുകയും വിജയകരമായി നടത്തിക്കൊണ്ട് പോകുകയും ചെയ്യുന്നുണ്ട്. സംഘടിത ആത്മീയരൂപങ്ങള്‍ എല്ലാമതങ്ങളിലും ജാതി സംഘടനകളിലുമൊക്കെ സജീവമാകുന്നുണ്ട്. ചികിത്സക്കായെത്തുന്ന പല
അമ്മമാരും ഇത്തരം കാര്യങ്ങള്‍ പറയാറുണ്ട്.

ആള്‍ക്കൂട്ടമനസ് പലപ്പോഴും അക്രമാസക്തമാകുന്നതിന്റെ മനശാസ്ത്രമെന്താണ്?

ആള്‍ക്കൂട്ടത്തിന് കേവലമായ ഒരു മനസില്ലെന്നതാണ് ശരി. ആള്‍ക്കൂട്ടത്തില്‍ സ്വാധീനമുള്ള ഒരാളോ ഒന്നിലധികമോ ആളുകള്‍ പറയുന്നത് അംഗീകരിക്കുകയാണ് പലപ്പോഴും ഉണ്ടാകുന്നത്. എതിര്‍പ്പുകളുണ്ടെങ്കിലും പറയാന്‍ ധൈര്യമില്ലാതെ ഫോളോ ചെയ്യാനുള്ള ഒരു മനസ്സാണ് പലര്‍ക്കും. ഇത് കൃത്രിമമായ ജനാധിപത്യ രൂപീകരണ പ്രക്രിയയാണ്. കണ്‍സള്‍ട്ടിംഗ് റൂമില്‍ അന്‍പതുപേരിരിക്കുന്നു എന്ന് കരുതുക. ഡോക്ടര്‍ വരാന്‍ ലേറ്റായി. അപ്പോള്‍ അതില്‍ ഒരാളെണീറ്റ് നിന്ന് പറയുകയാണെന്നിരിക്കട്ടെ. ”എത്രനേരമായി നമ്മളിരിക്കുന്നു. രണ്ട് മണിക്കൂറായി. ഡോക്ടറെവിടെപ്പോയതാ” അപ്പോള്‍ ബാക്കി നാല്പത്തിഒന്‍പതുപേരും അതിലേക്ക് ചായും. അതാണ് സ്റ്റൂജിന്റെ റോള്‍. കൂട്ടത്തില്‍ സ്വാധീനിശേഷിയുള്ള ആളുകളുടെ അഭിപ്രായത്തിന് പരിഗണനകിട്ടുകയും കാര്യമായ എതിര്‍പ്പില്ലാതെ അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. ഭക്തിയുള്ളവര്‍ക്ക് അത് പ്രദര്‍ശിപ്പിക്കാനുള്ള അവകാശം പോലെ തന്നെ ഭക്തിയില്ലാത്തവര്‍ക്ക് അത് പ്രകടിപ്പിക്കാതിരിക്കാനുള്ള അവകാശവുമുണ്ട്. ഇത് രണ്ടും പൗരാവകാശമാണ്. ദൈവങ്ങള്‍ക്ക് തൊഴാന്‍ ചെല്ലുന്നവരുടെ വസ്ത്രങ്ങളില്‍ ശ്രദ്ധയുണ്ടെന്ന് സങ്കല്പിക്കുകയും അത് അടിച്ചേല്പിക്കുകയും ചെയ്യുന്ന തരത്തില്‍ കോടതി വിധികള്‍ വരെയുണ്ടാകുന്നു.

മതതീവ്രവാദത്തിലേക്ക് ആളുകള്‍ പോകുന്നതിന്റെ മനശാസ്ത്രമെന്താണ്?

ഏറ്റവും ചെറിയ കുട്ടിക്കാലത്തുതന്നെ മതമാമൂലുകള്‍ പിന്‍തുടരാന്‍  പ്രേരിപ്പിക്കുകയും അത് അടിച്ചേല്പിക്കുകയും ചെയ്യുന്ന രീതിയാണ് നമ്മുടെ മത ആചാരങ്ങളിലുള്ളത്. കുട്ടിക്കാലത്ത് തന്നെ അതില്‍പ്പെടുന്നവരില്‍ ചിലര്‍ തീവ്രചിന്താഗതികളിലേക്ക് തിരിയുന്നു.
ഭക്തി നിര്‍ബന്ധമാക്കുന്ന മാതാപിതാക്കള്‍ പക്ഷേ അതാഗ്രഹിക്കുന്നില്ല
എന്നതാണ് സത്യം. മത തീവ്രവാദത്തില്‍ നിന്നും രക്ഷനേടാനുള്ള ഏകപോംവഴി സ്വയം ചിന്തിക്കാന്‍ പാകമാകുന്നതുവരെയെങ്കിലും തീവ്രമതപരമായ കാര്യങ്ങള്‍ അനുദിനം കുഞ്ഞുമനസ്സുകളില്‍ അടിച്ചേല്പിക്കാതിരിക്കലാണ്. ഓരോമതങ്ങള്‍ക്കും എന്തിനും തയ്യാറാകുന്ന ഒരു തീവ്രവാദ സേനയെ ആവശ്യമുണ്ട്. അങ്ങനെയുള്ളവരാണ് അധ്യാപകന്റെ കൈവെട്ടുന്നതും പള്ളിപൊളിച്ച് അമ്പലം പണിയുന്നതും. ഭീകരരുടെ പിടിയിലകപ്പെട്ട പുരോഹിതന്റെ രക്ഷക്കായി ഒരു മെഴുക് തിരിപോലും കത്തിക്കാത്തവര്‍ ഒരു മാസികയിലച്ചടിച്ച ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുവരുന്നു. സെമിറ്റിക് മതങ്ങളുടെ മിറര്‍ ഇമേജ് സൃഷ്ടിച്ച്‌കൊണ്ട് ഹൈന്ദവ മത സമൂഹങ്ങളും അവയെ അനുകരിക്കുകയാണ് ചെയ്യുന്നത്. ഒരിക്കല്‍ ചികിത്സക്കായി കൊണ്ടുവന്ന അഞ്ചു വയസുകാരി കുട്ടിയോട് ഞാന്‍ ചോദിച്ചു മോളെ ചേച്ചിയുടെ പേരെന്താണ്. ആ കുട്ടി പറഞ്ഞു ഞങ്ങള്‍ മുസ്ലീമുകളാണ്. ഞങ്ങള്‍ക്ക് ചേച്ചിയല്ല താത്തയാണെന്ന്. ഇത്തരം മതബോധ്യങ്ങള്‍ കുട്ടികളില്‍ വളരെ ചെറുപ്പത്തിലേ അടിച്ചേല്പിക്കുകയാണ്. ഇങ്ങനെവളരുന്ന കുട്ടികളില്‍ ചിലരാണ് കൗമാരഘട്ടത്തില്‍ അന്ധമായ ആത്മീയതയിലേക്കും തീവ്രവാദത്തിലേക്കുമൊക്കെ തിരിയുന്നത്. എല്ലാവിധ മതതീവ്രചിന്താഗ്രൂപ്പുകള്‍ക്കും നിശ്ചിതശതമാനം കൗമാരക്കാരെ ഒപ്പം നിര്‍ത്താന്‍ കഴിയുന്നുണ്ട്. തീവ്രമത ഗ്രൂപ്പുകളുടെ ഫോട്ടോ എടുത്തു നോക്കിയാല്‍ കൗമാരക്കാരാണ് അതില്‍ കൂടുതലെന്ന് കാണാന്‍ കഴിയും.

എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ വീട്ടില്‍ വലിയ ഒരു പ്ലാവുണ്ടായിരുന്നു. ഇഷ്ടം പോലെ ചക്കയുണ്ടാകും. പക്ഷെ എല്ലാം പാകമാകാതെ താഴെ വീഴും. ഒരിക്കല്‍ വീട്ടില്‍ മാമന്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞു, ”എല്ലാ ചക്കയും വീണു പോകുന്നു. അമ്മ പറഞ്ഞു അയല്‍പക്കക്കാരുടെ കണ്ണ്‌പെട്ടതാണെന്ന്.” മാമന്‍ പറഞ്ഞു അത് കണ്ണ് പെട്ടതൊന്നുമല്ല. അങ്ങനെയാണെങ്കില്‍ ഇന്ധിരാഗാന്ധിയൊട് എത്രപേര്‍ക്ക് എതിര്‍പ്പുണ്ട്. അവരെല്ലാം കൂടി നോക്കി കണ്ണുപെടുമെങ്കില്‍ ഇന്ധിരാഗാന്ധി ഇങ്ങനെ ജീവിച്ചിരിക്കുമോയെന്ന്. ആ ഒരു ചോദ്യം എന്റെ മനസില്‍ ഇപ്പോഴും ഉണ്ട്. മറിച്ച് പറയാനും ചിന്തിക്കാനുമുള്ള ചില ചോദ്യങ്ങള്‍ നേരിടാനുള്ള സാഹചര്യങ്ങള്‍ കുട്ടിക്കാലത്ത് ലഭിക്കണം.

പുരോഗമനപരമായ കാര്യങ്ങള്‍ പൊതുവേ സമൂഹത്തെ സ്വാധീനിക്കുന്നില്ല എന്നത് സാമൂഹികാരോഗ്യത്തെ ബാധിക്കുന്ന ഘടകമാണെന്ന് പറയാന്‍ കഴിയുമോ?

ഞങ്ങള്‍ പഠിക്കുന്ന കാലത്ത് കാമ്പസുകളില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സ്ത്രീധന വിരുദ്ധ പ്രതിഞ്ജയെടുക്കുകയും അതിനെതിരെ നിലപാടെടുക്കുകയും ചെറിയ തോതില്‍ മതരഹിത-ആര്‍ഭാട രഹിത കല്ല്യാണണങ്ങളൊക്കെ നടക്കുകയും ചെയ്തിരുന്നു. ഇന്നത്തെ സ്ഥിതി വ്യത്യസ്ഥമല്ലേ. കാമ്പസുകളില്‍ നിന്നും ആര്‍ജിക്കുന്ന ശേഷികളാണ് പിന്നീട് ജീവിതത്തെ സ്വാധീനിക്കുന്നത്. സര്‍ഗാത്മകമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ കാമ്പസുകളിലുണ്ടാകണം. നല്ല സിനിമകള്‍ കാണണം. ചര്‍ച്ചകള്‍ ഉണ്ടാകണം. നല്ല കലാരൂപങ്ങളില്‍ നിന്നും അതിന്റെ നന്മകള്‍ സ്വീകരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടാകണം. ഇന്ന് ആഘോഷിക്കപ്പെടുന്നത് വാലന്റൈന്‍സ് ഡേയും കയ്യില്‍ ചരട് കെട്ടലുകളുമൊക്കെയാണ്. ഞാന്‍ ആലപ്പുഴ മെഡിക്കല്‍കോളേജിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുമൊക്കെയായി പത്ത് കൊല്ലത്തിലധികം സ്റ്റാഫ് അഡൈ്വസറായിരുന്നയാളാണ്. കുട്ടികള്‍ ബാച്ച് തിരിഞ്ഞ് ഗ്യാങ്ങുകളായി കള്ള് കുടിച്ച് അടികൂടുന്നതാണ് ഇപ്പോള്‍ കാമ്പസുകളില്‍ കാണുന്നത്. ആശയപരമായ ഏറ്റുമുട്ടലുകള്‍ക്ക് പകരം കായികമായ ഏറ്റ് മുട്ടലുകളുണ്ടാകുന്നു. ഏറ്റവും പോപ്പുലറായ സിനിമാതാരത്തെ കൊണ്ടുവരുന്നതിനാണ് ഇന്നത്തെകുട്ടികള്‍ സ്റ്റാഫ് അഡൈ്വസറെ സമീപിക്കുന്നത്. ഇതര കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും ക്യാമ്പസുകള്‍ അന്യമാകുന്നു.പ്രൈവറ്റ് സ്‌കൂളുകളിലെയും സര്‍ക്കാര്‍ സ്‌കൂളുകളിലെയും ഇന്നത്തെ പഠന രീതികള്‍ വാസ്തവത്തില്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ ശക്തിപ്പെടുത്താന്‍ സഹായകമാണോ?
കുട്ടികള്‍ക്ക് ചിന്തിക്കാനുതകുന്ന ചില ടോപ്പിക്കുകള്‍ പ്രൈവറ്റ് സ്‌കൂളുകളിലുണ്ടെങ്കിലും അവിടെയൊന്നും കുട്ടികള്‍ക്ക് സ്വയം നിര്‍ണയാവകാശമില്ല. മാനേജ്‌മെന്റ് സ്വന്തമായി കാര്യങ്ങള്‍ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു. ടീച്ചര്‍മാര്‍ക്ക് പോര്‍ഷന്‍ പഠിപ്പിക്കുകമാത്രമാണ് പണി. പിടിഎ വിളിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് മാനേജ്‌മെന്റാണ്. പത്തുവര്‍ഷമായി പിടിഎ വിളിക്കാത്ത വലിയ പേരുള്ള സ്‌കൂളുകളുണ്ട്. ആകെ വിളിക്കുന്നത് കുട്ടികളുടെ മാര്‍ക്ക് പറയാന്‍ മാത്രം. എല്‍കെജി യുകെജി കഴിയുമ്പോള്‍ പ്രൈവറ്റ് സ്‌കൂളില്‍ നിന്നും കുറച്ച് പേരെ പുറം തള്ളും. അതേപോലെ നാലാം ക്ലാസില്‍ നിന്നും ഏഴാം ക്ലാസില്‍ നിന്നും. അപ്പോള്‍ പത്താം ക്ലാസില്‍ നിന്നും പുറത്ത് വരുന്നവര്‍ നല്ല റിസള്‍ട്ട് ഉണ്ടാക്കുന്നുണ്ടെങ്കില്‍ അതില്‍ വലിയ കാര്യമില്ലെന്ന് കാണാം. ഈ പുറം തള്ളുന്ന കുട്ടികള്‍ ഒന്നുകില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലോ അല്ലെങ്കില്‍ ഗ്രാമങ്ങളിലെ അണ്‍ എയ്ഡഡ് സ്‌കൂളുകളിലോ ചേര്‍ന്നോ പഠിക്കേണ്ടിവരും.കുട്ടികളുടെ തലച്ചോറിന്റെ വികാസത്തെപ്പറ്റിയും ഓരോ ഘട്ടത്തിലും അവരാര്‍ജിക്കേണ്ട കഴിവുകളെപ്പറ്റിയുമുള്ള കണ്ടെത്തലുകള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പ്രയോഗിക്കുന്നതിന് കഴിയേണ്ടതുണ്ട്. പഠന ബോധന രീതികള്‍ വിദ്യാര്‍ത്ഥി സൗഹൃദവും വികാസാധിഷ്ഠിതവുമാകണം. പത്തുകൊല്ലം പഠിച്ചിട്ടും അക്ഷരങ്ങള്‍ പോലുമറിയാത്ത കുട്ടിയെയും ജയിപ്പിച്ച് വിടുന്നു. ഇത്തരം പഠന പിന്നോക്കാവസ്ഥയുള്ള കുട്ടികളുടെ പ്രശ്‌നങ്ങള്‍ വ്യത്യസ്ഥവും സങ്കീര്‍ണവുമാണ്. ഇത് പ്രീപ്രൈമറി-നാലാം ക്ലാസ് ഘട്ടങ്ങളില്‍ കണ്ടെത്തി വ്യക്തിഗത പഠനബോധന രീതിയിലൂടെ പരിശീലിപ്പിച്ചാല്‍ പകുതിയിലേറെ കുട്ടികളുടെ പ്രശ്‌നങ്ങളും വിജയകരമായി പരിഹരിക്കാന്‍ കഴിയുന്നതാണ്. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒന്നും ചെയ്യാതെ പത്താം ക്ലാസില്‍ ജയിപ്പിക്കുന്ന പരിപാടി ശരിയല്ല. ഓരോ ഘട്ടത്തിലും കുട്ടി ആര്‍ജിച്ചിരിക്കേണ്ട അടിസ്ഥാന ശേഷികളെക്കുറിച്ച് നിഷ്‌കര്‍ഷയും ബോധപൂര്‍വ്വമായ ഇടപെടലും ഉണ്ടാകണം. പഠന പിന്നോക്കാവസ്ഥയുള്ള കുട്ടികളുടെ പരിമിതികള്‍ കണ്ടെത്തുന്നതിന് ആധുനിക ശിശു മാനസിക വൈദ്യശാസ്ത്രത്തില്‍ ഉപാധികളുണ്ട്. ഇത് പ്രയോഗിക്കുന്നതിന് നമുക്ക് സ്‌കൂള്‍ തലത്തില്‍ കഴിയേണ്ടതുണ്ട്. ഏകദേശം ഇരുപത്തി അഞ്ച് ശതമാനം കുട്ടികള്‍ വിവിധകാരണങ്ങള്‍ കൊണ്ട് പഠനത്തില്‍ പുറകില്‍ നില്കുന്നവരാണ്. ആലപ്പുഴ തെക്ക് മാരാരിക്കുളം ഗ്രാമ പഞ്ചായത്തില്‍ മാനസ പദ്ധതിയുടെ ഭാഗമായി അപ്പര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലെ പഠന പിന്നോക്കാവസ്ഥ കണ്ടെത്തി അവര്‍ക്ക് വ്യക്തിഗത പഠന ബോധന ഇടപെടല്‍ നല്കിയപ്പോള്‍ അതില്‍ അമ്പത്തിമൂന്ന് ശതമാനം കുട്ടികള്‍ അവരുടെ തൊട്ടടുത്ത മെച്ചപ്പെട്ട പഠന അവസ്ഥയിലേക്ക് പുരോഗതിപ്രാപിച്ചു. മാനസ മോഡല്‍ വിദ്യാഭ്യാസ ഇടപെടല്‍ മറ്റു പ്രദേശങ്ങളിലേ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, എസ്എസ്എ എന്നിവര്‍ക്ക് ശ്രമിക്കാവുന്നതാണ്. സാര്‍വ്വത്രിക വിദ്യാഭ്യാസം സാധ്യമായ സാഹചര്യത്തില്‍ ഇനി നമ്മള്‍ ശ്രദ്ധിക്കേണ്ടത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിലായിരിക്കണം.

അമേരിക്കയില്‍ വച്ച് നടന്ന സൈക്കാട്രിസ്റ്റുകളുടെയും സൈക്കോളജിസ്റ്റുകളുടെയും സമ്മേളനത്തില്‍ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിച്ചിരുന്നല്ലോ. എന്തായിരുന്നു വിഷയം?

കുട്ടികളിലെ കുറ്റവാസനയെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധമാണ് ഞാന്‍ അമേരിക്കയിലെ സാന്‍അന്റോണിയയിലെ ‘സൈക്യാട്രിസ്റ്റ്-2016’ ല്‍ അവതരിപ്പിച്ചത്. എന്റെ പിഎച്ച്ഡി വിഷയമാണിത്. അമേരിക്ക, ബ്രിട്ടന്‍, ചൈന, ഈജിപ്ത്, കൊറിയ, ആഫ്രിക്ക, പാകിസ്ഥാന്‍, ഇന്ത്യ തുടങ്ങി 22 രാജ്യങ്ങളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട സൈക്കാട്രിസ്റ്റുകളും സൈക്കോളജിസ്റ്റുകളും പങ്കെടുത്തു.
കുട്ടികളിലെ കുറ്റവാസനകളെക്കുറിച്ചുള്ള പഠനമായിരുന്നു അത്. 300 കുട്ടികളില്‍ പഠനം നടത്തിയതില്‍ 64.5 ശതമാനം കുട്ടികള്‍ അവരുടെ നിലവിലെ അവസ്ഥയിലുള്ള കുറ്റവാസനയില്‍ നിന്ന് തൃപ്തികരമായി പുരോഗതി നേടിയതായി കണ്ടെത്തി. അതേ സമയം പാശ്ചാത്യ സമൂഹത്തില്‍ അത് 50 ശതമാനം മാത്രമാണ്. ഇവിടെ 80 ശതമാനത്തിലധികം പേരും മാതാപിതാക്കളുമൊത്തുള്ള കുടുംബജീവിതം നയിക്കുന്നവരാണ്. ഗാര്‍ഹിക പീഠനം, ആല്‍ക്കഹോളിസം, കുടുംബ മാനസിക രോഗാതുരത, അച്ഛനുപേക്ഷിച്ച കുടുംബങ്ങള്‍ എന്നീ ഘടകങ്ങള്‍ ഉള്ള കുട്ടികളുടെ കുറ്റവാസനയില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. തീവ്രമായ സ്വഭാവ വൈകൃതമുള്ള കുട്ടികള്‍, ദീര്‍ഘകാലമായി സ്വഭാവ വൈകൃതമുള്ള കുട്ടികള്‍, തുടക്കത്തില്‍ത്തന്നെ വളരെ കൂടുതല്‍ തീവ്രവൈകൃതമുള്ള കുട്ടികള്‍, ഇവരില്‍ കാര്യമായ പുരോഗതികണ്ടെത്താനായില്ല. സ്വഭാവ വൈകൃതങ്ങളെക്കുറിച്ചുള്ള ഇത്തരമൊരു പഠനം ഇന്ത്യയിലാദ്യത്തേതാണ്. ഈ ഗവേഷണ പ്രബന്ധത്തിന്റെ ഒരു സോഷ്യല്‍ ഇംപാക്ട് എന്താണെന്നാല്‍ ഇത്തരം സ്വഭാവ വൈകൃതമുള്ള നിശ്ചിത ശതമാനം കുട്ടികള്‍ സ്‌കൂളുകളില്‍ നിന്നും പുറത്താക്കപ്പെടുകയും മദ്യം-മയക്കുമരുന്ന്-മാഫിയ തുടങ്ങിയ കൂട്ടുകെട്ടിലേക്ക് ആനയിക്കപ്പെടുകയും ചെയ്യപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള മുതിര്‍ന്ന കുട്ടികളുമായി ചങ്ങാത്തത്തിലേര്‍പ്പെടുകയും തുടര്‍ന്ന് അവരുടെ ഭാഗമാവുകയും ചെയ്യും. കൗമാരകാലത്ത് ഒരു കുട്ടിയെ പ്രശ്‌ന സ്വഭാവത്തിന്റെ പേരില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കുകയെന്നായാല്‍ അവനെ അവന്റെ ജീവിതത്തില്‍ നിന്നു തന്നെ പറത്താക്കുകയാണെന്നാ ണര്‍ത്ഥം. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് സ്‌കൂളില്‍ കൗമാര മാനസികാരോഗ്യ പദ്ധതി കൊണ്ടുവരണം. അതാണ് ഈ പഠനത്തിന്റെ സാമൂഹിക പ്രാധാന്യം. തിരുവനന്തപുരത്ത് ജില്ലാ പഞ്ചായത്തിന്റെ മുന്‍കയ്യില്‍ ഉണര്‍വ് എന്ന കൗമാര മാനസികാരോഗ്യ പദ്ധതി കഴിഞ്ഞ ഒന്‍പത് കൊല്ലമായി വിജയരമായി നടത്തിവരുന്നു. തിരുവനന്തപുരം ജില്ലയിലെ എല്ലാ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലും കൗമാര മാനസനികാരോഗ്യ-കൗണ്‍സിലിങ്ങില്‍ പരിശീലനം ലഭിച്ച അദ്ധ്യാപകരുണ്ട്. അവരെക്കൊണ്ട് സ്‌കൂള്‍ തലത്തില്‍ പ്രാഥമിക ഇടപെടല്‍ നടത്തിയിട്ടും വിജയകരമായി പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്ത കുട്ടികളെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ എല്ലാ ചൊവ്വാഴ്ചയും ഉച്ചക്ക് രണ്ട് മണി മുതല്‍ പ്രവര്‍ത്തിക്കുന്ന കൗമാര മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് റഫര്‍ ചെയ്യുന്നു. അവിടെ ഒരു ശിശു-കൗമാര മാനസികാരോഗ്യ വിദഗ്ദ്ധന്റെ സേവനം ഉറപ്പ് വരുത്തപ്പെടുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കൊപ്പം മാനസിക രോഗങ്ങള്‍ക്കും ഇവിടെ ചികിത്സ ലഭിക്കുന്നുണ്ട്. തുടര്‍ന്ന് കുട്ടിയെ സ്‌കൂളിലേക്ക് വിടുകയും ചെയ്യുന്നു. മുതിര്‍ന്നവരില്‍ ഉണ്ടാകുന്ന മാനസിക രോഗങ്ങളുടെ ഏകദേശം പകുതിയും ആരംഭിക്കുന്നത് കുട്ടി-കൗമാരകാലത്താണ്. ഇതും കൗമാര മാനസികാരോഗ്യ പദ്ധതിയുടെ പ്രാധാന്യത്തെക്കുറിക്കുന്നു.


Posted by vincent