Mar 17 2025, 3:57 PM +91 94476 83169 arogyappachamasika@gmail.com

Arogyappacha

സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രരാകുമ്പോള്‍ ലോകം മാറും

സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രരാകുമ്പോള്‍ ലോകം മാറും

August 7, 2024

ഡോ. എ കെ ജയശ്രീ/സുജിത്കുമാര്‍

കേരളത്തിലെ സാമൂഹിക വിഷയങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുകയും സ്ത്രീകളും കുട്ടികളും നേരിട്ടുകൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞുകൊണ്ട് തുല്യത ഉറപ്പുവരുന്ന സമൂഹത്തിനായി സാംസ്‌കാരിക ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്ന ഡോ. എ കെ ജയശ്രീ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവിയും പ്രൊഫസറുമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വ്യക്തിപരവും സാമൂഹികവുമായ സ്വാതന്ത്ര്യത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും സാമൂഹികാരോഗ്യം ഉറപ്പ് വരുത്തുന്നതില്‍ വ്യക്തികള്‍ക്കുള്ള പങ്കിനെക്കുറിച്ചും ഡോ. എ കെ ജയശ്രീ ആരോഗ്യപ്പച്ചയുമായി സംസാരിക്കുന്നു
പീഡനങ്ങള്‍ വര്‍ധിച്ചുവരുന്ന കാലമാണിത്. കൊച്ചുകുഞ്ഞുങ്ങള്‍ പോലും ഇരയാവുന്നു…
സാധാരണ മനുഷ്യര്‍ക്ക് കുഞ്ഞുങ്ങളോട് വാത്സല്യമല്ലേ തോന്നുക അങ്ങനെയല്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാരമായ രോഗമോ മറ്റെന്തോ തകരാറോ ഉണ്ടായിരിക്കണം. അവരെ ചികിത്സിക്കുകയാണ് വേണ്ടത്. കുട്ടിക്കാലം മുതലേ അത്തരം രീതികളിലേക്ക് പോകാതിരിക്കാനുള്ള വഴികള്‍ കണ്ടുപിടിക്കുകയാണ് വേണ്ടത്. ജനിറ്റിക് അല്ല ഇത്. തലച്ചോറിലൊക്കെ വളരുമ്പോഴുണ്ടാകുന്ന വൈകല്യമാണിത്. സൈക്കോപാത്തുകളായിട്ടുള്ള അത്തരം ആള്‍ക്കാര്‍ കുട്ടികളെ മാത്രമല്ല വലിയവരെയും ഉപദ്രവിക്കാറുണ്ട്. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് നമുക്ക് ബോധ്യമുണ്ടാവണം. കുട്ടികളെ വിദ്യാഭ്യാസം ചെയ്യാനും ഹയര്‍സ്റ്റഡീസിനു പോവാനും അനുവദിക്കണം. കുട്ടിയായാലും വലിയവരായായാലും ഇഷ്ടമില്ലാതെ അവരെ സ്പര്‍ശിക്കരുത്. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ഇപ്പോള്‍ പൊതുവില്‍ ബോധ്യമുണ്ട്. കുട്ടികളെ ഉപദ്രവിക്കുന്നത് എല്ലാക്കാലത്തുമുണ്ട്. ഇപ്പോള്‍ കുട്ടികള്‍ അത് തുറന്നുപറയുന്നുണ്ട്. കുട്ടികളെ അധ്യാപകര്‍ ഉപയോഗിക്കുന്നതും വീടുകളിലുള്ളവര്‍ ഉപയോഗിക്കുന്നതും മുമ്പുമുണ്ട്. കുട്ടികള്‍ ഇന്നത്തെപ്പോലെ ബോധവാന്മാരായിരുന്നില്ല അന്ന്.
മനോവൈകല്യമാണ് അത് അല്ലേ…
കൊച്ചുകുഞ്ഞുങ്ങളെയൊക്കെ ഉപയോഗിക്കുന്നത് തീര്‍ച്ചയായും മനോവൈകല്യമാണ്. രണ്ടും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളെ നോര്‍മലായിട്ടുള്ള ഒരാള്‍ക്ക് അങ്ങനെ കാണാന്‍ പറ്റില്ലല്ലോ. പക്ഷേ, 18 വയസ്സ് കൃത്യമായി തികയുമ്പോഴാണ് ഒരാള്‍ക്ക് ലൈംഗിക താത്പര്യമുണ്ടാവുക എന്നൊന്നും പറയാന്‍ പറ്റില്ല. 12 വയസ്സു മുതല്‍ 13 വയസ്സു മുതലൊക്കെ ലൈംഗിക താല്‍പര്യമുണ്ടാവാം. ചിലപ്പോള്‍ ഉണ്ടാകണമെന്നുമില്ല. കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതോ അവരുടെ അറിവില്ലായ്മ ചൂഷണം ചെയ്യുന്നതോ തീര്‍ത്തും കുറ്റകരമാണ്.
ലൈംഗികതയെക്കുറിച്ചുള്ള അറിവില്ലായ്മ ഒരു വിഷയമല്ലേ?
വലിയവര്‍ കുട്ടികളെ ഉപയോഗിക്കുന്നത് വ്യാപകമായി നിലനിന്നിരുന്ന ഒരു വ്യവസ്ഥയാണ് ഇവിടത്തേത്. അതുകൊണ്ടാണ് അത് ഇപ്പോഴും തുടരുന്നത്. പ്രായമായവര്‍ കുട്ടികളെ ഉപയോഗിക്കുന്നത് അധികാരഘടനയുമായി ബന്ധപ്പെട്ടതാണ്. പുരുഷന്മാര്‍ക്ക് എന്തും ചെയ്യാനുള്ള അധികാരമുണ്ട് എന്ന ധാരണയിലാണ് അവരങ്ങനെ ചെയ്യുന്നത്. ശിക്ഷിക്കപ്പെടും എന്നു വരുമ്പോഴാണ് ചെയ്യുന്നതില്‍ പേടിയുണ്ടാവുന്നത്. പലപ്പോഴും വീട്ടിനകത്തും സ്‌കൂളുകളിലുമൊക്കെ നടക്കുന്ന ലൈംഗിക ചൂഷണങ്ങള്‍ ചീത്തപ്പേരുണ്ടാവുമെന്നു കരുതി പുറത്തു പറയാതെ അടക്കിവെക്കുകയാണ് ചെയ്യുന്നത്. പുറത്തു പറഞ്ഞാലല്ലേ കുറ്റവാളികളെ ശിക്ഷിക്കാന്‍ പറ്റുകയുള്ളൂ. സെക്‌സായിട്ട് നമുക്കതിനെ കാണാന്‍ കഴിയില്ല. അതൊരു അക്രമം തന്നെയാണ്. ആക്രമിക്കാനുള്ള ലൈസന്‍സുള്ളതുകൊണ്ടാണ് ആളുകളങ്ങനെ ചെയ്യുന്നത്. പേടി ഉണ്ടെങ്കില്‍ കൃത്യമായ ശിക്ഷ കിട്ടുമെന്നുണ്ടെങ്കില്‍ ഇത്തരം അക്രമം ചെയ്യാന്‍ ധൈര്യപ്പെടില്ല. കുട്ടികള്‍ പുറത്തു പറയാന്‍ ധൈര്യപ്പെടുമ്പോഴാണ് കൂടുതല്‍ ആളുകള്‍ കാര്യം ബോധ്യപ്പെടുക. രണ്ടുപേര്‍ ഒരുമിച്ച് ഇഷ്ടത്തോടെ ചെയ്യുന്നതാണ് സെക്‌സ്. സെക്‌സ് എന്നത് അക്രമമാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നതുകൊണ്ടാണ് അതങ്ങനെ സംഭവിക്കുന്നത്. സെക്‌സ് എന്നത് പരസ്പരം ഇഷ്ടത്തോടെ ചെയ്യേണ്ടുന്ന ഒന്നാണെന്ന് പഠിപ്പിക്കുന്ന വിദ്യാഭ്യാസം ആവശ്യമാണ്. അത്തരം വിദ്യാഭ്യാസത്തിന്റെ അപര്യാപ്തത നിലവിലുണ്ട്. വീടുകളില്‍ അച്ഛന്‍ അമ്മയെ അടിക്കുന്നതൊക്കെയല്ലേ കാണുന്നത്. രണ്ടുപേര്‍ പരസ്പരം തുല്യതയോടെ, ബഹുമാനത്തോടെ ഇടപെടുന്ന സമൂഹത്തില്‍ അക്രമം ഉണ്ടാവില്ല.
ലൈംഗികാവിഷ്‌കാരത്തിന് സാധ്യതകളില്ലാത്തതുകൊണ്ടാണോ കുഞ്ഞുങ്ങളുടെ നേരേ ഇത്തരം അതിക്രമങ്ങള്‍ക്ക് ആളുകള്‍ തയ്യാറാവുന്നത്?
ഒരിക്കലുമല്ല. അത് മനോരോഗമാണ്. മൂന്നോ നാലോ വയസ്സുള്ള കുഞ്ഞിനെ ഉപയോഗിക്കുന്നതിന് സെക്‌സുമായി യാതൊരു ബന്ധവുമില്ല. അത് മനോരോഗം മാത്രമാണ്. പുരുഷന്മാര്‍ക്ക് സ്ത്രീകളെയോ, സ്ത്രീകള്‍ക്ക് പുരുഷന്മാരെയോ സെക്‌സിന് ലഭ്യമാവാത്ത അവസ്ഥയൊന്നും ഇന്നില്ല. അത്തരം ബന്ധങ്ങളുണ്ടാക്കിക്കൊണ്ടുതന്നെയാണ് സമൂഹം കടന്നുപോകുന്നത്. അത് പരസ്യമാക്കുന്നില്ലെന്നേയുള്ളൂ. നമുക്ക് എത്ര സെക്‌സില്ലെങ്കിലും കുട്ടികളെ ഉപയോഗിക്കാന്‍ പറ്റുമോ? കുട്ടികളോട് നമുക്ക് വാത്സല്യമല്ലേ തോന്നുകയുള്ളൂ.
സ്ത്രീകളെ ലൈംഗിക വസ്തുക്കളായി കാണുന്നവരാണ് ഭൂരിപക്ഷം പുരുഷന്മാരും. ‘മീ റ്റൂ’ കാമ്പയിനില്‍ സ്ത്രീകള്‍ സംസാരിച്ചപ്പോള്‍ മനസ്സിലാവുന്നത് മിക്ക സ്ത്രീകളും ഇത്തരം ചൂഷണത്തിന് വിധേയമായിട്ടുണ്ടെന്നാണ്. സ്ത്രീകളുടെ താത്പര്യങ്ങള്‍ക്ക് വിലകൊടുക്കാത്ത ഒരു സമൂഹമാണിത്. അതിനാണ് പുരുഷമേധാവിത്തം എന്നു പറയുന്നത്. അത് തിരിച്ചറിഞ്ഞാല്‍ മാത്രമേ പുരുഷന്മാര്‍ക്ക് അതില്‍നിന്ന് പുറത്തു കടക്കാന്‍ പറ്റുകയുള്ളൂ. അത്തരം ബോധം ഒരു വശത്തുകൂടി ഉണ്ടായിവരുന്നുണ്ട്.
പീഡനം അനുഭവിക്കാത്ത സ്ത്രീകള്‍ ആരാണുള്ളത്. കുട്ടിക്കാലം മുതല്‍ തള്ളലോ, നുള്ളലോ തുടങ്ങി ഏതെങ്കിലും തരത്തിലുള്ള ലൈംഗിക പീഡനം അനുഭവിക്കാത്ത ഒരു സ്ത്രീയുമുണ്ടാവില്ല. 
വളരെച്ചെറിയ ശതമാനം സ്ത്രീകള്‍ മാത്രമേ പീഡനം അനുഭവിക്കാത്തവരായി ഉണ്ടാവുകയുള്ളൂ. സ്ത്രീയെ ശരീരമായി മാത്രം കാണുമ്പോഴുള്ള പ്രശ്‌നമാണത്; അത് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ഇപ്പോഴുമുള്ള കാര്യം. ഭര്‍ത്താക്കന്മാരാണെങ്കില്‍ പോലും അവരുടെ ഭാര്യയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ അനുവാദം ചോദിക്കണം. ഭാര്യാഭര്‍ത്തൃബന്ധമാവട്ടെ, കാമുകീകാമുക ബന്ധമാവട്ടെ ഏതു ബന്ധത്തിലായാലും അത് വേണം, അത് സ്ത്രീയായാലും പുരുഷനായാലും. സ്ത്രീകള്‍ എപ്പോഴും ഇതിന് തയ്യാറാണെന്ന വിധത്തിലാണ് പൊതുവേ ഉള്ള കാഴ്ചപ്പാട്. ബസ്സിലായാലും ട്രെയിനിലായാലും ഇത്തരം അനുഭവം ഉണ്ടാകുന്നു.
പുരുഷന്മാരും ഇത്തരം സാമൂഹ്യ വ്യവസ്ഥയുടെ ഇരകളാകുന്നുണ്ടോ?
അവിടെയാണ് വിദ്യാഭ്യാസത്തിന്റെ ആവശ്യം. എന്തുകൊണ്ടാണ് നല്ല സ്ത്രീയെന്നും ചീത്ത സ്ത്രീയെന്നുമുള്ള സങ്കല്പമുണ്ടാവുന്നത്… പുരുഷന്മാരെ സംബന്ധിച്ച് അങ്ങനെയില്ലല്ലോ. മോറലി നല്ല പുരുഷന്‍, മോറലി ചീത്ത പുരുഷന്‍ എന്ന സങ്കല്പം നമ്മുടെ സമൂഹത്തിലില്ലല്ലോ. ഒരു തരത്തിലുമുള്ള അക്രമം നടത്താത്ത പുരുഷന്റെയും ഉള്ളില്‍ നല്ല സ്ത്രീ എന്ന സങ്കല്പമുണ്ടാവും. എല്ലാവര്‍ക്കും കല്യാണം കഴിക്കേണ്ട നേരത്ത് നല്ല സ്ത്രീ തന്നെ വേണമല്ലോ. നല്ല സ്ത്രീ എന്ന സങ്കല്പം എപ്പോള്‍ വന്നോ അവിടെ തുടങ്ങി കാപട്യം. അത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. എല്ലാ സ്ത്രീകളെയും ഒരുപോലെ കാണാന്‍ കഴിയണം. അവിടെ ചാരിത്ര്യം വെച്ചു നോക്കിയാവരുത് ഒരു സ്ത്രീ നല്ലതോ ചീത്തയോ എന്നു പറയുന്ന അവസ്ഥയുണ്ടാവുന്നത്. അപ്പോള്‍ മാത്രമേ ഒരു സ്ത്രീയുടെ ശരീരത്തെ ബഹുമാനത്തോടെ പ്രാപിക്കാന്‍ പറ്റുകയുള്ളൂ. സ്ത്രീയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് അനുവാദത്തോടെയെ ആകാവൂ എന്ന ബോധം അപ്പോഴേ വരികയുള്ളൂ. അത്തരത്തിലുള്ള അറിവില്ലായ്മ സമൂഹത്തില്‍ പൊതുവെ ഉണ്ട്. സ്ത്രീയും പുരുഷനും ഒരുപോലെ മാറേണ്ടതാണ്. അത്തരത്തിലുള്ള വിദ്യാഭ്യാസമാണ് വേണ്ടത്.
അറിവില്ലായ്മ മാത്രമാണോ വിഷയം?
അറിവില്ലായ്മ മാത്രമല്ല. അധികാരം വിട്ടുനല്‍കാന്‍ ആരും തയ്യാറല്ല. അധികാരമുള്ളവരോട് നിങ്ങളതില്‍ നിന്ന് വിമോചിതരാവണമെന്നു പറഞ്ഞാല്‍ അവര്‍ തയ്യാറാവുമോ! അത് സ്ത്രീപുരുഷ ബന്ധത്തില്‍ മാത്രമല്ല, ഏത് അധികാരബന്ധത്തിലും അങ്ങനെ തന്നെയാണ്. നമ്മള്‍ എത്ര ബോധവത്കരണം നടത്തിയാലും അധികാരമുള്ളവര്‍ അധികം പേരും മാറാന്‍ തയ്യാറാവില്ല. കുട്ടികള്‍ മാറുമായിരിക്കും ചിലപ്പോള്‍. സ്ത്രീകള്‍ മാറുമ്പോള്‍ പുരുഷന്മാരും തനിയെ മാറും. പുരുഷന്മാര്‍ക്ക് ദാസ്യപ്പണി ചെയ്യാന്‍ തയ്യാറല്ല എന്നു പറഞ്ഞ് സ്ത്രീകള്‍ മാറുമ്പോള്‍ പുരുഷന്മാര്‍ക്കും സ്വാഭാവികമായും മാറേണ്ടിവരും. വേറെ നിവൃത്തി ഇല്ല.
ഭരണകൂടത്തിന് എന്താണ് ചെയ്യാന്‍ പറ്റുക?
ഗവണ്‍മെന്റുകള്‍ ഒരുപാട് പ്രോഗ്രാമുകള്‍ ചെയ്യുന്നുണ്ടല്ലോ. ഗവണ്‍മെന്റ് സ്ത്രീകള്‍ക്കുവേണ്ടിയും കുട്ടികള്‍ക്കുവേണ്ടിയും എത്രയോ പ്രോഗ്രാമുകള്‍ ചെയ്യുന്നുണ്ട്. നിര്‍ഭയ, കുടുംബശ്രീ അങ്ങനെ പലതുമുണ്ടല്ലോ. ഗവണ്‍മെന്റിന് ചെയ്യാവുന്നതിനും പരിമിതികളുണ്ടല്ലോ. ആളുകളാണ് മാറേണ്ടത്. ഗവണ്‍മെന്റ് എല്ലാം ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, സ്ത്രീധനനിരോധന നിയമം സര്‍ക്കാര്‍ മുമ്പേ കൊണ്ടുവന്നതാണ്. പക്ഷേ ആളുകള്‍ അത് നടപ്പാക്കുന്നില്ലല്ലോ. സ്ത്രീധനം നല്‍കുകയും വാങ്ങുകയും അത് മറച്ചുവെക്കുകയുമാണല്ലോ ആളുകള്‍ ചെയ്യുന്നത്. സര്‍ക്കാര്‍ ചെയ്യുന്നതുകൊണ്ടുമാത്രം കാര്യമില്ല. ആളുകള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ട്. ജനങ്ങളുടെ റപ്രസന്റേഷനല്ലേ ഗവണ്‍മെന്റ്. ചുരുങ്ങിയ ആള്‍ക്കാരെയാണ് ജനപ്രതിനിധികളായെടുക്കുന്നത്. അവരുടെ മെഷീനറി അവിടുണ്ടെന്നല്ലാതെ പൗരസമൂഹത്തില്‍ മാറ്റം വന്നാലേ മൊത്തത്തിലുള്ള മാറ്റമുണ്ടാവൂ.
എങ്ങനെയാണ് വലിയ മാറ്റങ്ങള്‍ സമൂഹത്തിലുണ്ടാവുക?
ഭൗതിക സാഹചര്യം മാറണം. സ്ത്രീകള്‍ക്കെല്ലാം ഉപജീവനത്തിന് തൊഴിലുണ്ടെങ്കില്‍ത്തന്നെ പ്രശ്‌നങ്ങള്‍ കുറയും. ഈയടുത്ത് നോര്‍വെയിലുള്ള ഒരു സ്ത്രീയെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞത്; അവിടെ സ്ത്രീകള്‍ ജോലിക്കാണ് പ്രാധാന്യം നല്‍കുന്നത് എന്നാണ്. വിവാഹം, കുട്ടികളെ പ്രസവിക്കല്‍-അതിനൊന്നും വലിയ പ്രാധാന്യം നല്‍കുന്നില്ല. അവിടെ കുട്ടികള്‍ തന്നെ കുറവാണ്. അതുകൊണ്ടുതന്നെ ഗവണ്‍മെന്റ് വലിയ ആശങ്കയിലാണ്. പുതിയ തലമുറ വേണമല്ലോ അതുകൊണ്ടു കുട്ടികളുള്ളവര്‍ക്ക് ഗവണ്‍മെന്റ് പല ആനുകൂല്യങ്ങളും നല്‍കും. കൂടുതല്‍ ബഹുമാനം നല്‍കുന്നു. ജോലി സ്ഥലത്ത് കുട്ടികളെ വളര്‍ത്താനുള്ള ക്രഷ് പോലുള്ള സൗകര്യങ്ങളും വിദ്യാഭ്യാസ ആനുകൂല്യങ്ങളുമൊക്കെ ചെയ്തുകൊടുക്കുന്നു. സ്ത്രീകള്‍ക്കെല്ലാം സ്വന്തമായി ഉപജീവനമാര്‍ഗ്ഗമുണ്ടെങ്കില്‍ത്തന്നെ കാര്യങ്ങള്‍ മാറും. ഇവിടെ അതില്ലല്ലോ. ഇവിടെ വിവാഹമാണ് സ്ത്രീകളെ സംബന്ധിച്ച് ഉപജീവന മാര്‍ഗമായിട്ടുള്ളത്. അതേ സമയം കൂലിവേലക്ക് പോകുന്നവര്‍ക്ക് കുറഞ്ഞ വേതനമേ കിട്ടൂ എന്ന അവസ്ഥ ഉണ്ട്. മധ്യവര്‍ഗം പലപ്പോഴും സ്ത്രീകള്‍ ജോലി ചെയ്യുന്നതില്‍ താല്‍പര്യം കാണിക്കുന്നില്ല. ഇത്തരം സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ടാണ് ഇന്ത്യയില്‍ സ്ത്രീ പുരുഷ ബന്ധം താറുമാറാവുന്നത്. യൂറോപ്പിലൊക്കെ തൊഴില്‍ സുരക്ഷിതത്വമുള്ളതുകൊണ്ടാണ് സ്ത്രീകള്‍ക്ക് പുരുഷനെ ആശ്രയിക്കാതെ ജീവിക്കാന്‍ കഴിയുന്നത്. മറ്റുള്ളവരെ ആശ്രയിക്കേണ്ടതില്ല എന്ന അവസ്ഥ സ്ത്രീകള്‍ക്കുണ്ടായാല്‍ത്തന്നെ വ്യവസ്ഥിതി മാറും. അങ്ങനയേ മൊത്തത്തിലുള്ള മാറ്റവുമുണ്ടാവൂ.
സമത്വം എത്രത്തോളമുണ്ട് ഇന്ത്യനവസ്ഥയില്‍?
എല്ലാ അവസരങ്ങളിലുമുള്ള തുല്യത, എല്ലാ വിവേചനങ്ങളില്‍ നിന്നുമുള്ള മോചനം എന്നാണ് സമത്വം എന്നതുകൊണ്ട് നമ്മള്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇവിടെ പരമ്പരാഗതമായ ആശയങ്ങളാണ് നിലനില്‍ക്കുന്നത്. അതിലൊരു വൈരുധ്യമുണ്ട്. ഈ വൈരുധ്യത്തിലാണ് പ്രശ്‌നം വരുന്നത്. കുടുംബം, സാദാചാരം, നൈതികത തുടങ്ങിയ വിഷയങ്ങള്‍ കൊണ്ടുവരുമ്പോള്‍ നമ്മളിത് മറന്നുപോവുകയാണ്. ഭരണഘടനയില്‍ പറയുന്ന തുല്യത എന്ന ആശയത്തോട് നമുക്ക് പൊരുത്തപ്പെടാനാവുന്നില്ല. പുരുഷന്മാരുടെ ലൈംഗിക ഉപഭോഗവസ്തു, കുട്ടികളെ പ്രസവിച്ചു വളര്‍ത്താനുള്ളവള്‍ എന്ന നിലയിലാണ് മനുസ്മൃതിയിലൊക്കെ സ്ത്രീയെ പറയുന്നത്. ഒരു വ്യക്തിത്വമുള്ള മനുഷ്യനായിട്ടല്ല. എന്നാല്‍, നമ്മുടെ ഭരണഘടന തുല്യതയാണ് ഓരോ വ്യക്തിക്കും വിഭാവനം ചെയ്യുന്നത്.
കുടുംബത്തിനകത്ത് സ്ത്രീകള്‍ എത്രത്തോളം സുരക്ഷിതരാണ്? അരക്ഷിതരാണ്?
സുരക്ഷിതത്വം എന്നത് വളരെ അയഥാര്‍ത്ഥമായ ഒന്നാണ്. വളരെ കുറച്ച് സ്ത്രീകള്‍ മാത്രമാണ് സ്വാതന്ത്ര്യവും സുരക്ഷിതത്വവും അനുഭവിക്കുന്നത്. സ്ത്രീകള്‍ കുടുംബത്തില്‍ പരിനെട്ടോ ഇരുപതോ മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ട്. പക്ഷേ അതിന് സാമൂഹികമായ പരിഗണന ലഭിക്കില്ല.
വിവാഹം തൊഴില്‍ ഇവ തമ്മില്‍ പൊരുത്തക്കേടുണ്ടോ?
വിവാഹത്തെ പലപ്പോഴും ജീവിക്കാനുള്ള ഒരു മാര്‍ഗ്ഗമായിട്ടാണ് കാണുന്നത്. അല്ലാതെ രണ്ടുപേരും തമ്മിലുള്ള വിനിമയമാണെന്ന് കരുതുന്നില്ല. സ്ത്രീയുടെ അധ്വാനമെന്നത് സാമൂഹിക അധ്വാനമായി തിരിച്ചറിയണം. വിദേശത്ത് സ്ത്രീകള്‍ വിവാഹമെന്നതിനേക്കാള്‍ ജോലിക്ക് പ്രാധാന്യം നല്‍കുന്നത് അതുകൊണ്ടാണ്. പ്രത്യുല്‍പാദനത്തിന് തയ്യാറാവുന്നവര്‍ക്ക് പ്രത്യേക ഇന്‍സെന്റീവ് നല്‍കുന്നുണ്ട്. കുട്ടികളെ വളര്‍ത്തല്‍പോലുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതുണ്ട്. കുടുംബം നിലനിര്‍ത്താന്‍ പ്രത്യേക ഇന്‍സെന്റീവുകള്‍ നല്‍കേണ്ടിവരും.
വിവാഹം സാമൂഹിക ശാസ്ത്രജ്ഞര്‍ പോലും ഇപ്പോഴും തള്ളിക്കളയാത്ത ഘടനയാണ്. ഏകപക്ഷീയമായി അത് നിലനില്‍ക്കുകയും ചെയ്യുന്നു. എന്തു പറയുന്നു?
സാമ്പത്തികമായി സ്ത്രീകള്‍ക്ക് പുരുഷന്മാരെ ആശ്രയിക്കേണ്ടി വരരുത്. സ്ത്രീയുടെ അധ്വാനം സാമൂഹിക അധ്വാനമായി കരുതണം. അപ്പോള്‍ എല്ലാ വീട്ടിലും അടുക്കള വേണ്ടിവരില്ല. കുട്ടികളെ വളര്‍ത്തുന്നതിനും ഭക്ഷണമുണ്ടാക്കുന്നതിനും വേണ്ടിവരുന്ന സമയം തിരിച്ചറിയണം. സര്‍ക്കാര്‍ അതിന് ഇന്‍സെന്റീവ് നല്‍കണം. കുട്ടികളെ വളര്‍ത്തി വലുതാക്കുക എന്നത് ഒരു സാമൂഹ്യ ഉത്തരവാദിത്തം കൂടിയാണ്. ഇവിടെ അത് സ്വകാര്യമായ ഒന്നായി കരുതുന്നതുകൊണ്ട് അതില്‍ ഒരുപാട് വികാരപരമായ ഇന്‍വെസ്റ്റ്‌മെന്റ് ഉണ്ട്. അതില്‍ കാര്യമില്ല. കുട്ടികള്‍ എന്ത് തിരിച്ചുകൊടുക്കുന്നു? പ്രായമായവര്‍ ഒറ്റപ്പെടുന്നു. അവര്‍ വളരെയധികം ഇന്‍വെസ്റ്റ് ചെയ്തിട്ടും അവര്‍ക്ക് ഒന്നും തിരിച്ചുകിട്ടുന്നില്ല. രക്ഷിതാക്കള്‍ ഇമോഷണലായി ഒത്തിരി ഇന്‍വെസ്റ്റ് ചെയ്യുന്നുണ്ട്. അത് ആരുടെയും കുറ്റമല്ല. അതാണ് യാഥാര്‍ത്ഥ്യം.
കുടുംബം എന്നത് പരാജയപ്പെട്ട ഒരു ഘടനയാണോ? എന്താണ് വ്യക്തിക്ക് അത് നല്‍കുന്നത്?
 
കുടുംബത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നതനുസരിച്ച് വ്യത്യസ്ഥമായിരിക്കുമത്. രക്ഷിതാക്കളെ വൃദ്ധസദനത്തിലാക്കുന്നത് കുട്ടികളുടെ കുഴപ്പം കൊണ്ടാണെന്നാണ് നമ്മള്‍ കരുതുന്നത്. വാസ്തവത്തില്‍ നമ്മളങ്ങനെ പ്രതീക്ഷിക്കേണ്ടതില്ല. പൗരനെ ഉണ്ടാക്കുക എന്നത് സാമൂഹ്യമായി ചെയ്യുന്ന ഒരു പ്രവൃത്തിയാണ്. കുട്ടികള്‍ വലുതായിക്കഴിഞ്ഞാല്‍ നമ്മളെ നോക്കും എന്ന് നമ്മള്‍ പ്രതീക്ഷിക്കയാണ്. ജോലി കിട്ടാന്‍ തന്നെ മനുഷ്യര്‍ പാടുപെടുകയാണ്. ചിലപ്പോള്‍ വിദേശത്ത് പോവേണ്ടിവരുന്നു. അവര്‍ക്ക് രക്ഷിതാക്കളുടെ കൂടെ നില്‍ക്കാനാവുന്നില്ല. അയഥാര്‍ത്ഥമായത് സ്വപ്‌നം കാണുകയാണ് നമ്മള്‍. അവിടെയാണ് പ്രശ്‌നം. നമ്മള്‍ വിചാരിക്കുന്നത് ഇത് നമ്മുടെ കുഴപ്പമാണെന്നാണ്. ഇന്ന് ഓരോ വീട്ടിലും ഇങ്ങനെ തന്നെയാണ്. നമ്മള്‍ വിചാരിക്കുന്നത് കുടുംബം എന്നത് വളരെ ഐഡിയലായ ഒന്നാണെന്നാണ്; പക്ഷേ എന്റെ വീട്ടില്‍ മാത്രം എന്തോ കുഴപ്പമുണ്ടെന്നാണ്. വ്യക്തിപരമായ പ്രശ്‌നമായി നമ്മളതിനെ കാണുകയാണ്. എന്നാല്‍ അത് സാമൂഹികമാണ്. കുടുംബത്തെയും സമൂഹത്തെയും വേറിട്ടുകാണുന്നതാണ് നമ്മുടെ കുഴപ്പം.
ഇതൊക്കെ വ്യക്തിപരമായ വിഷയമായി നമ്മള്‍ കാണും. പക്ഷേ, കല്ല്യാണം കഴിക്കാത്ത ഒരു സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്നാല്‍ സമൂഹം ഇടപെടും. വ്യക്തിപരമായ കാര്യങ്ങളില്‍ ആളുകള്‍ കടന്നുവരും. അതേ സമയം ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കില്‍ ഭര്‍ത്താവ് ഭാര്യയെ അടിച്ചാല്‍ അത് അവരുടെ വ്യക്തിപരമായ കാര്യമാണ്, കുടുംബകാര്യമാണ് എന്നു പറഞ്ഞ് സമൂഹം അതില്‍ ഇടപെടാതിരിക്കുകയാണ് ചെയ്യുന്നത്. ജാതിപരവും വര്‍ഗ്ഗപരവുമായ അത്തരം ഒരു ബന്ധം നിലനിര്‍ത്താനാണ് സമൂഹം അത്തരം ഘടനകള്‍ സ്വീകരിക്കുന്നത്. ഇന്നത്തെ സമൂഹത്തിന് അനുസരിച്ചുള്ള കുടുംബമാണ് ആവശ്യം ഈ വ്യവസ്ഥയെ മനസ്സിലാക്കിയ ഒരാള്‍ വിവാഹം കഴിക്കാന്‍ പോവാതിരിക്കുന്നു പലപ്പോഴും.
സാമൂഹികപ്രവര്‍ത്തക റേപ് ചെയ്യപ്പെട്ടപ്പോള്‍ അവര്‍ താഴ്ന്ന ജാതിയിലുള്ള സ്ത്രീയാണെന്നും താഴ്ന്ന ജാതിയിലുള്ള സ്ത്രീകളെ ഉയര്‍ന്ന ജാതിയിലുള്ള പുരുഷന്മാര്‍ ശാരീരികമായി ഉപയോഗിക്കില്ലെന്നും പറഞ്ഞ് ഒരു സംഘടന തന്നെ വന്നിരുന്നു ഒരിക്കല്‍ അത്രയ്ക്ക് യുക്തി രഹിതമായ ലോകമാണിത്. അതിനു ശേഷമാണ് അത്തരം റേപ്പുകള്‍ക്കെതിരെ നിയമം തന്നെ വന്നത്.
ഈയിടെ സിനിമാതാരത്തിന് നേരെയുണ്ടായ അതിക്രമത്തില്‍ സ്ത്രീ ഒരു ശരീരം മാത്രമാണ് എന്ന ഉറപ്പാക്കലില്ലേ. സ്ത്രീ ശരീരത്തെ അപമാനിക്കുന്നതിലൂടെ അവളെ ഇല്ലാതാക്കാം എന്ന പുരുഷന്റെ അഹന്ത? പുരുഷ ശരീരത്തിന് ഇത്തരം വെല്ലുവിളി ഇല്ലല്ലോ?
അതിനെ സ്ത്രീകള്‍ തന്നെയാണ് അട്ടിമറിക്കേണ്ടത്. പലയിടത്തും സ്ത്രീകളുടെ അത്തരം സമരങ്ങളുണ്ടായിട്ടുണ്ട്. സ്ത്രീകള്‍ നഗ്നരായി ശരീരം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങള്‍. സ്ത്രീകള്‍ തങ്ങള്‍ക്കേല്‍ക്കുന്ന അപമാനത്തെ പലപ്പോഴും തുറന്നു പറയാന്‍ മടിക്കുന്നു. ആക്രമിക്കപ്പെട്ടതാരം വലിയ സംഭാവനയാണ് തുറന്നുപറച്ചിലിലൂടെ നടത്തിയിരിക്കുന്നത്. പല സ്ത്രീകള്‍ക്കും അവര്‍ ഒരു ധൈര്യമാവുകയാണ്. ഒരു സ്ത്രീയുടെ ശരീരം മറ്റുള്ളവര്‍ കാണുന്നത് കൊലപാതകത്തേക്കാള്‍ പോലും വലിയ അപകടമായിട്ടാണ് ആളുകള്‍ കാണുന്നത്. അതാണ് മാറേണ്ടത്. പുരുഷ ശരീരം കാണുന്നതുപോലെയേ ഉള്ളു സ്ത്രീ ശരീരം കാണുന്നതും. ഡെല്‍ഹി
റേപ് കേസില്‍ പൊതുസമൂഹം ഒന്നായി ഉണര്‍ന്നതും വലിയൊരു മാറ്റമായി കാണണം.
വിദേശങ്ങളിലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടല്ലോ. അവിടെയും സ്ത്രീകള്‍ക്ക് തുല്യത ഇല്ല എന്നതല്ലേ യാഥാര്‍ഥ്യം?
യഥാര്‍ത്ഥ തുല്യത, അധികാരം എന്നു പറയുന്നത് രാഷ്ട്രീയമായി ഉണ്ടാവേണ്ടതാണ്. അത്തരം അധികാരമൊന്നും വിദേശത്തും സ്ത്രീകള്‍ക്ക് വേണ്ടത്ര ലഭിക്കുന്നില്ല. തുല്യതയുള്ള സമൂഹങ്ങള്‍ ഉണ്ടാവണമെങ്കില്‍ അത് വിദേശത്താണെങ്കിലും സ്വദേശത്താണെങ്കിലും സ്ത്രീകള്‍ സാമ്പത്തികമായി സ്വാതന്ത്രരാവുകയും ചിന്താപരമായി ഉയരുകയും വേണം.

Posted by vincent