ഭൂമുഖത്ത് 17.5 ദശലക്ഷം ആളുകളെ വര്‍ഷം പ്രതി കൊന്നൊടുക്കുകയാണ് ഹൃദയധമനീ രോഗങ്ങള്‍. ഇന്ന് ഹൃദ്രഗോ ചികിത്സാ രംഗത്ത് പ്രബലമായിരിക്കുന്ന ഒരു ചികിത്സാരീതിയും ഈ ഭീഷണാവസ്ഥക്ക് പരിഹാരമാര്‍ഗ്ഗമല്ല എന്ന് അറിയണം. ഹൃദയാരോഗ്യത്തിന്റെ പരമവും സമ്പൂര്‍ണ്ണവുമായ സുരക്ഷ, രോഗകാരണങ്ങള്‍ പ്രതിരോധിക്കുന്നതിനലൂടെ മാത്രമാണ് സാധ്യമാകുന്നത്.
ഹൃദ്രോഗം എണ്‍പത് ശതമാനംവരെ പ്രതിരോധിക്കാവുന്നതാണെന്ന് പല നൂതന ഗവേഷണ ഫലങ്ങളും സ്ഥിരീകരിക്കുന്നു. എന്നാല്‍ ഈ അറിവ് സമ്പന്ന രാഷ്ട്രങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് പ്രയോജനം ലഭിക്കത്തക്കവിധം ബോധവത്കരണ പരിപാടികള്‍ വ്യാപിച്ചിട്ടില്ല. അതിനുള്ള യത്‌നമാണ് ഇനി സജീവമാകേണ്ടത്.
ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന പല ആപത് ഘടകങ്ങളുടെയും അതിപ്രസരം ഇന്ന് ഇന്ത്യയില്‍ ഭീതിദമാം വിധം പ്രകടമാണ്. വര്‍ദ്ധിച്ച കൊളസ്‌ട്രോളും അമിതവണ്ണവും രക്താതിമര്‍ദ്ദവും പുകലവലിയും വ്യായാമരാഹിത്യവും തന്നെ പ്രധാന കാരണങ്ങള്‍. അശാസ്ത്രീയവും വികലവുമായ ഭക്ഷണ ശൈലി ഇതിന്റെ തലപ്പത്ത് നില്‍ക്കുന്നു. ഇന്ത്യില്‍ ജനസംഖ്യയുടെ 30-40 ശതമാനം പേര്‍ക്കും അമിത രക്തസമ്മര്‍ദ്ദമുണ്ട്, കൂടാതെ 40-50 ശതമാനം പേര്‍ക്കും ഉയര്‍ന്ന കൊളസ്‌ട്രോളുമുണ്ട്. അമിത വണ്ണം ഹൃദ്രോഗകാരണങ്ങളുടെ മുന്‍പന്തിയിലാണ്. ഈയിടെ അമിത വണ്ണമുള്ള രാജ്യങ്ങളുടെ കണക്ക് പരിശോധിച്ചപ്പോള്‍ ഇന്ത്യക്ക് ലഭിച്ചത് മൂന്നാം സ്ഥാനമാണ്. അമേരിക്കയും ചൈനയും മാത്രമാണ് നമുക്ക് മുന്നിലുള്ളത്.
ഹൃദയാരോഗ്യത്തിന് കരുത്ത് പങ്കുവയ്ക്കാം എന്നതാണ് ഈ വര്‍ഷത്തെ ഹൃദയദിന സന്ദേശം. അപഥ്യമായ ഭക്ഷണ ശൈലി ഉപേക്ഷിച്ചും സ്ഥിരമായി വ്യായാമപദ്ധതികളില്‍ ഏര്‍പ്പെട്ടും പുകവലി വര്‍ജ്ജിച്ചും ജീവിതത്തെ സമ്പൂര്‍ണ്ണമായി ശാക്തീകരിക്കുക. ഒപ്പം മറ്റു ആപത്ഘടകങ്ങളും നിയന്ത്രണവിധേയമാകണം.
ഹൃദയത്തിനുണ്ടാകുന്ന രോഗങ്ങളെല്ലാം തന്നെ മാരകമാണ്. അതുകൊണ്ടുതന്നെ രോഗി കിടപ്പാടം വിറ്റോ മറ്റെന്തെങ്കിലും തരത്തിലോ പണം കണ്ടെത്തി ചെലവേറിയ ആന്‍ജിയോപ്ലാറ്റിയും ബൈപ്പാസ് ശസ്ത്രക്രിയയും ചെയ്യും. അതുകഴിഞ്ഞ് നേരെ വീട്ടിലേക്ക് പോകും. തുടര്‍ പരിശോധനകളോ കൃത്യമായ ഔഷധസേവയോ ഉണ്ടാകാറില്ല. ചികിത്സയുടെ ഫലം ദീര്‍ഘനാളത്തെക്ക് ലഭിക്കാതെ പോകുന്നതിന്റെ പ്രധാന കാരണം ഇതാണ്. സാമ്പത്തിക പ്രശ്‌നങ്ങളും അറിവില്ലായ്മയുമൊക്കെയാകും ഇതിന് പിന്നില്‍.
ഹൃദയാരോഗ്യ പരിരക്ഷയുടെ കാര്യത്തില്‍ വെറും ചികിത്സകൊണ്ട് മാത്രം ഗുണമുണ്ടാകില്ല. ആശുപത്രി വിട്ടതിനുശേഷമുള്ള കൃത്യമായ പരിശോധനകളും ജീവിതശൈലിക്രമീകരണവും ഔഷധ സേവയുമെല്ലാം പ്രധാനമാണ്. രോഗിക്ക് നല്‍കുന്ന മരുന്നുകള്‍ കൃത്യമായ അളവില്‍ കഴിക്കണം. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ മരുന്നുകള്‍ നിര്‍ത്തുന്നതും അപകടമുണ്ടാക്കും. ആന്‍ജിയോപ്ലാസ്റ്റിയും ബൈപ്പാസ് സര്‍ജറിയും കഴിഞ്ഞാല്‍ രോഗിക്ക് നല്‍കുന്ന പ്രത്യേക മരുന്നുകളുണ്ട്. എന്നാല്‍ പല രോഗികളും അവ നിര്‍ദ്ദേശിച്ചകാലം ഉപയോഗിക്കാറില്ല. ഇത് സ്‌റ്റെന്റുകളും ഗ്രാഫ്റ്റുകളുമെല്ലാം അടഞ്ഞു പോകുന്നതിന് കാരണമാകുന്നു.
അഞ്ചു ഭൂഖണ്ഡങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 22 രാജ്യങ്ങളിലെ 663 ഗ്രാമ-നഗര പ്രദേശങ്ങളില്‍ നടത്തിയ പ്യൂവര്‍ പഠനത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഏതാണ്ട് 80 ശതമാനം രോഗികളും കൃത്യമായി മരുന്ന് കഴിക്കാറില്ല എന്ന് കണ്ടെത്തി. ആന്‍ജിയോപ്ലാസ്റ്റി, ബൈപ്പാസ് ശസ്ത്രക്രിയ തുടങ്ങിയ സുപ്രധാന ചികിത്സാ വിധികള്‍ക്കു ശേഷം വെറും 25.3 ശതമാനം പേര്‍ മാത്രം രക്തം നേര്‍പ്പിക്കുന്ന ആന്റി-പ്ലേറ്റ്‌ലറ്റ് മരുന്നുകള്‍ കഴിക്കുന്നു എന്ന് കണ്ടെത്തി. ബീറ്റ-ബ്ലോക്കര്‍ മരുന്നുകള്‍ 17.4 ശതമാനം പേരും കൊളസ്‌ട്രോള്‍ ക്രമപ്പെടുത്തുന്ന സ്റ്റാറ്റിന്‍സ് 14.6 ശതമാനം പേര്‍ മാത്രം കഴിക്കുന്നതായി കണ്ടു. എ സി ഇ ഇന്‍ഹിബിറ്റര്‍, എ ആര്‍ ബി ഔഷധങ്ങളും 19.5 ശതമാനം പേര്‍ മാത്രം കഴിക്കുന്നു.
ആന്‍ജിയോപ്ലാസ്റ്റിക്കും ബൈപ്പാസിനും ശേഷം ആവശ്യം വേണ്ട തുടര്‍മരുന്നുകള്‍ കഴിക്കുന്നതിലെ വീഴ്ച രോഗിയെ ദുരിതത്തിലാക്കുന്നുണ്ട്. ഈ തിരിച്ചറിവില്‍ നിന്നാണ് പോളിപില്‍ പിറന്നത്. ധാരാളം മരുന്നുകള്‍ കഴിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി ഒരൊറ്റ മരുന്ന്-അതാണ് പോളിപില്‍. അതില്‍ പ്രധാനപ്പെട്ട എല്ലാ ചേരുവകളും ഉള്‍പ്പെടുന്നു.
ഇനി കേരളത്തിലേക്ക് കടന്നാല്‍ മലയാളികള്‍ ഹൃദ്രോഗത്തിന്റെ പിടിയിലാണെന്നു പറയാം. ശരാശരി മലയാളിയുടെ ശരീരം ജീവിതശൈലി രോഗങ്ങളുടെ കൂടാരമാണ്. തെറ്റായ ജീവിത ശൈലിയും ഭക്ഷണരീതിക്കും മലയാളിയെ പല രോഗങ്ങളിലേയ്ക്കും കൊണ്ടെത്തിക്കുന്നു. അവയില്‍ പ്രധാനമാണ് ഹൃദ്രോഗം. മുമ്പ് മധ്യവയസ്സ് കഴിഞ്ഞവരില്‍ മാത്രം കണ്ടിരുന്ന ഈ രോഗം ഇന്ന് യുവാക്കളില്‍പ്പോലും സാധാരണമാണ്. മലയാളിക്ക് എവിടെയാണ് പിഴച്ചത്? ഹൃദയ ധമനി രോഗങ്ങള്‍കൊണ്ട് കേരളം പൊറുതിമുട്ടുകയാണ്. 1993-ന് ശേഷം കേരളീയരില്‍ ഹൃദ്രോഗ ബാധ്യത ഇരട്ടിയായിട്ടുണ്ട്. 1960 മുതല്‍ 2002 വരെയുള്ള കണക്കനുസരിച്ച് നഗര വാസികളില്‍ ഹൃദ്രോഗം ആറിരട്ടിയും ഗ്രാമവാസികളില്‍ മൂന്നിരട്ടിയുമായി. കേരള ജനസംഖ്യയുടെ 12.5 ശതമാനവും ഹൃദ്രോഗ ബാധിതരാണ്.
കേരളത്തില്‍ 15 ശതമാനം പേര്‍ക്കും പ്രമേഹമുണ്ട്. ജനസംഖ്യയില്‍ 59 ശതമാനത്തിനും അമിത ഭാരമുണ്ട്. 57 ശതമാനം പേര്‍ക്കും കുടവയറുണ്ട്. 30 വയസ്സിന് മുകളിലുള്ള 40 ശതമാനം പേരും അമിത രക്തസമ്മര്‍ദ്ദം മൂലം ബുദ്ധിമുട്ടുന്നു. 45-50 ശതമാനത്തിനും വര്‍ദ്ധിച്ച കൊളസ്‌ട്രോളുണ്ട്.
ശരാശരി മലയാളിയുടെ ഭക്ഷണത്തിന്റെ സമയവും ക്രമവുമെല്ലാം തെറ്റിയിട്ടും കാലമേറെയായി. മലയാളിയുടെ ഇറച്ചി തീറ്റയുടെ കണക്ക് കേട്ടാല്‍ ഞെട്ടും. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ രേഖകള്‍ പ്രകാരം 5000 ടണ്‍ ഇറച്ചിയാണ് ഒരു ദിവസം മലയാളി അകത്താക്കുന്നത്. ബേക്കറി വിഭവങ്ങളും ഫാസ്റ്റ് ഫുഡുമെല്ലാം നമ്മുടെ തീന്മേശ കീഴടക്കി, ഫലമോ അമിതവണ്ണവും കുടവയറും.
മക്കളെ എത്രയും പെട്ടെന്ന് വലുതാക്കണമെന്ന് വാശിപിടിക്കുകയാണ് മാതാപിതാക്കള്‍. അതിനായി എന്തും അവര്‍ക്ക് വാങ്ങി നല്‍കും. കുട്ടികള്‍ക്ക് കായികാദ്ധ്വാനവും നന്നേ കുറവാണ്. സ്‌കൂളുകള്‍ക്ക് ചുറ്റും ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകളാണ്. ഇങ്ങനെ ആഹരിക്കുന്ന കുട്ടികള്‍ ഇരുപത് വയസ്സ് കഴിയുന്നതോടെ രോഗങ്ങളുടെ പിടിയിലമരുന്നു. പ്രഷറും പ്രമേഹവും കൊളസ്‌ട്രോളും ശരീരഭാരവും അതിരുകവിഞ്ഞ് അവര്‍ രോഗങ്ങള്‍ക്ക് അധീനമാകുന്നു.
രോഗം വരട്ടെ, എന്നിട്ട് നോക്കാം എന്ന ധാര്‍ഷ്ഠ്യമാണ് വിദ്യാസമ്പന്നരായ മലയാളികള്‍ക്ക്. ഹൃദയത്തിന് എന്തു പ്രശ്‌നം വന്നാലും ആന്‍ജിയോപ്ലാസ്റ്റിയോ ബൈപ്പാസോ ചെയ്ത് ശരിയാക്കിക്കളയാം എന്നാണ് പലരും കരുതുന്നത്. ഈ മനോഭാവം മാറിയേ തീരു. ഹൃദ്രോഗത്തിന് കാരണമാകുന്ന ആപത് ഘടകങ്ങളെ കണ്ടെത്തണം, പ്രതിരോധിക്കണം.
ഉപദേശിക്കുന്നത് ഒട്ടും ഇഷ്ടമില്ലാത്തവരാണ് മലയാളികള്‍, ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകിച്ചും. ശരീരത്തില്‍ കുമിഞ്ഞു കൂടിയ അപകടഘടകങ്ങളുടെ കണക്കനുസരിച്ച് താമസിയാതെ ഹാര്‍ട്ടറ്റാക്കോ മരണമോ സംഭവിച്ചേക്കാമെന്നു പറഞ്ഞാല്‍പ്പോലും കൂസാത്തവരായി മാറി ശരാശരി മലയാളി. പിന്നെ ഹാര്‍ട്ടറ്റാക്കുമായി തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുമ്പോള്‍ ആണ് ഭയവും കരച്ചിലും, എങ്ങനെയെങ്കിലും ജീവന്‍ രക്ഷിച്ചെടുക്കണം. അതിനായി നെട്ടോട്ടമാണ്. ചിലര്‍ക്ക് എത്ര പണം ചെലവാക്കാനും മടിയില്ല.
എന്നാല്‍ പ്രതിരോധമാണ് ചികിത്സയേക്കാള്‍ നല്ലത് എന്ന സത്യം മനസ്സിലാക്കണം. 80 ശതമാനം വരെ ഹൃദ്രോഗത്തെ പടിപ്പുറത്ത് നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ഗവേഷണങ്ങളിലൂടെ തെളിയപ്പെട്ടിട്ടുണ്ട്. അവ പ്രാവര്‍ത്തികമാക്കുക മാത്രമാണ് മലയാളി ചെയ്യേണ്ടത്.