January 23, 2025
ഈ മാസം 28 മുതല്‍ ഫെബ്രുവരി 14 വരെ ഉത്തരാഖണ്ഡിലെ 11വേദികളിലായി നടക്കുന്ന 38-ാമത് ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിച്ച് 550 അംഗ സംഘം പങ്കെടുക്കും. ഇതില്‍ 437 കായിക താരങ്ങളും 113 ഒഫിഷ്യല്‍സുമാണുള്ളത്. 29 കായിക ഇനങ്ങളിലാണ് കേരള താരങ്ങള്‍ മാറ്റുരയ്ക്കുന്നത്. 52 കായിക താരങ്ങളും13 ഒഫിഷ്യല്‍സുമടങ്ങുന്ന അത്ലറ്റിക്‌സാണ് ഏറ്റവും വലിയ കായിക സംഘം.
അക്വാട്ടിക്‌സില്‍ 43 താരങ്ങളും 8 ഒഫിഷ്യല്‍സും അണിനിരക്കും.മുന്‍ അന്താരാഷ്ട്ര നീന്തല്‍ താരവും ഒളിമ്പ്യനും അര്‍ജുന അവാര്‍ഡ് ജേതാവുമായ സെബാസ്റ്റ്യന്‍ സേവ്യറാണ് ദേശീയ ഗെയിംസിനുളള കേരള ടീമിന്റെ ചെഫ് ഡി മിഷന്‍. സുഭാഷ് ജോര്‍ജ്, വിജു വര്‍മ്മ, ആര്‍. പ്രസന്നകുമാര്‍ എന്നിവര്‍ ഡെപ്യൂട്ടി ചെഫ് ഡി മിഷന്‍സാണ്.
ഉദ്ഘാടച്ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ കേരള സംഘത്തിന്റെ പതാകയേന്തുന്നത് അന്താരാഷ്ട്ര ബാസ്‌കറ്റ്ബാള്‍ താരം പി എസ് ജീനയാണ്. ഗെയിംസില്‍ മത്സരിക്കാനുള്ള കേരളത്തിന്റെ താരങ്ങളുടെ രജിസ്‌ട്രേഷന്‍ കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒഫിഷ്യല്‍സിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി വരികയാണ്. ഗെയിംസിനുള്ള കേരളത്തിന്റെ ആദ്യ സംഘം ഇന്ന് നെടുമ്പാശേരിയില്‍ നിന്ന് വിമാനമാര്‍ഗം പുറപ്പെട്ടു. കേരള ഒളിമ്പിക് അസോസിയേഷന്‍ ഭാരവാഹികള്‍ ടീമിനെ യാത്രയാക്കാന്‍ എത്തിയിരുന്നു.
ബാക്കിയുള്ള ടീമുകള്‍ മത്സരക്രമം അനുസരിച്ച് വിമാനമാര്‍ഗം യാത്രയാകും. ദേശീയ ഗെയിംസിനുള്ള കേരള ടീമിന്റെ യാത്ര, പരിശീലന ക്യാമ്പ്, സ്‌പോര്‍ട്‌സ് കിറ്റ് തുടങ്ങിയ ചെലവുകള്‍ വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കായിക വകുപ്പാണ്. കേരള ടീമംഗങ്ങള്‍ക്ക് കേരള ഒളിമ്പിക് അസോസിയേഷന്റെ വകയായി പ്രത്യേക ജഴ്‌സിയും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി ഉഷയാണ് തിരുവനന്തപുരത്ത് ഒളിമ്പിക് അസോസിയേഷന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജഴ്‌സി അനാവരണം ചെയ്തത്.
അദാനി ഗ്രൂപ്പാണ് ജഴ്‌സി സ്‌പോണ്‍സര്‍ ചെയ്തത്. കേരള ഒളിമ്പിക് അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ്, സെക്രട്ടറി ജനറല്‍,ട്രഷറര്‍ എന്നിവര്‍ ഗെയിംസിന് ഉണ്ടാകും. ജനുവരി 26 മുതല്‍ കേരള ഒളിമ്പിക് അസോസിയേഷന്റെ ഓഫീസ് ഉത്തരാഖണ്ഡില്‍ പ്രവര്‍ത്തനം ആരംഭിക്കും.
ദേശീയ ഗെയിംസിലെ കേരളത്തിന്റെ പ്രകടനവും മത്സരഫലങ്ങളും മറ്റ് വിശേഷങ്ങളും യഥാസമയം കായിക ആരാധകരിലേക്ക് എത്തിക്കാന്‍ കേരള ഒളിമ്പിക് അസോസിയേഷന്റെ മീഡിയ ടീമും ഉത്തരാഖണ്ഡിലെത്തുന്നുണ്ട്.
ഉത്തരാഖണ്ഡിലെ കേരള ഒളിമ്പിക് അസോസിയേഷന്‍ ഓഫീസില്‍ ഗെയിംസ് വിവരങ്ങള്‍ കൃത്യമായി മാദ്ധ്യമങ്ങളുമായി പങ്കുവയ്ക്കാന്‍ മീഡിയ കോ ഓര്‍ഡിനേറ്ററെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 9809988961 എന്ന നമ്പരില്‍ മീഡിയ കോ ഓര്‍ഡിനേറ്ററെ ബന്ധപ്പെടാനാകും. 2022ല്‍ ഗുജറാത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ 61 സ്വര്‍ണമടക്കം 128 മെഡലുകള്‍ നേടി സര്‍വീസസാണ് ജേതാക്കളായിരുന്നത്. 23 സ്വര്‍ണവും 18 വെള്ളിയും 13 വെങ്കലങ്ങളും അടക്കം 54 മെഡലുകള്‍ നേടി കേരളം ആറാം സ്ഥാനത്തായിരുന്നു. 2023ല്‍ ഗോവയില്‍ നടന്ന ഗെയിംസില്‍ 80 സ്വര്‍ണമടക്കം 228 മെഡലുകളുമായി മഹാരാഷ്ട്ര ഓവറാള്‍ ചാമ്പ്യന്മാരായി.
36 സ്വര്‍ണവും 24 വെള്ളിയും 27 വെങ്കലങ്ങളുമടക്കം 87 മെഡലുകളുമായി കേരളം അഞ്ചാം സ്ഥാനത്തായിരുന്നു. ഇക്കുറി കേരള ടീം മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ്. അതേസമയം കഴിഞ്ഞ ഗെയിംസില്‍ 19 സ്വര്‍ണമടക്കം 22 മെഡലുകള്‍ സമ്മാനിച്ച കരളരിപ്പയറ്റ് ഇക്കുറി മത്സരഇനമാക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നത് ആശങ്കയുമാണ്.
Posted by vincent